യശയ്യ 44:1-28
44 “എന്റെ ദാസനായ യാക്കോബേ,ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലേ,+ കേൾക്കൂ!
2 നിന്നെ നിർമിച്ചവനും നിന്നെ രൂപപ്പെടുത്തിയവനും+നീ ഗർഭത്തിലായിരുന്ന കാലംമുതൽ* നിന്നെ സഹായിച്ചവനും ആയയഹോവ പറയുന്നു:
‘എന്റെ ദാസനായ യാക്കോബേ,+ഞാൻ തിരഞ്ഞെടുത്ത യശുരൂനേ,*+ പേടിക്കേണ്ടാ!
3 ദാഹിച്ചിരിക്കുന്നവനു* ഞാൻ വെള്ളം കൊടുക്കും,+ഉണങ്ങിവരണ്ട മണ്ണിലൂടെ ഞാൻ അരുവികൾ ഒഴുക്കും.
നിന്റെ സന്തതിയുടെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും;+നിന്റെ വംശജരുടെ മേൽ എന്റെ അനുഗ്രഹം ചൊരിയും.
4 പച്ചപ്പുല്ലിന് ഇടയിൽ എന്നപോലെ അവർ പൊട്ടിമുളയ്ക്കും,+അരുവികൾക്കരികിലെ വെള്ളില മരങ്ങൾപോലെ വളർന്നുപൊങ്ങും.
5 “ഞാൻ യഹോവയ്ക്കുള്ളവൻ”+ എന്ന് ഒരുവൻ പറയും,
മറ്റൊരുവൻ തനിക്കു യാക്കോബ് എന്ന പേര് വിളിക്കും,വേറൊരാൾ, “യഹോവയ്ക്കുള്ളവൻ” എന്നു തന്റെ കൈയിൽ എഴുതും.
അവൻ ഇസ്രായേലിന്റെ പേര് സ്വീകരിക്കും.’
6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു:
‘ഞാനാണ് ആദ്യവും അവസാനവും.+
ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
7 എന്നെപ്പോലെ മറ്റാരുണ്ട്?+
അവൻ അതു ധൈര്യത്തോടെ പറയട്ടെ; അതു പറയുകയും എനിക്കു തെളിയിച്ചുതരുകയും ചെയ്യട്ടെ.+
പുരാതനജനത്തെ നിയമിച്ച കാലംമുതൽ ഞാൻ ചെയ്യുന്നതുപോലെ,വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുംസംഭവിക്കാനിരിക്കുന്നവയെക്കുറിച്ചും അവർ പറയട്ടെ.
8 നിങ്ങൾ ഭയപ്പെടരുത്,പേടിച്ച് തളർന്നുപോകരുത്.+
ഞാൻ നിങ്ങൾ ഓരോരുത്തരോടും ഇതു മുന്നമേ അറിയിച്ചതല്ലേ, നിങ്ങളോടു പറഞ്ഞതല്ലേ?
നിങ്ങൾ എന്റെ സാക്ഷികൾ!+
ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ?
ഇല്ല, പാറയായ മറ്റാരുമില്ല;+ അങ്ങനെ ആരെയും എനിക്ക് അറിയില്ല.’”
9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+
അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+
10 ഒരു പ്രയോജനവുമില്ലാത്ത ഒരു ദൈവത്തെ+ ആരെങ്കിലും നിർമിക്കുമോ?അത്തരമൊരു ലോഹവിഗ്രഹം ആരെങ്കിലും വാർത്തുണ്ടാക്കുമോ?
11 അവന്റെ കൂട്ടാളികളെല്ലാം നാണംകെടും!+
ശില്പികൾ വെറും മർത്യരല്ലോ!
അവർ ഒരുമിച്ചുകൂടി സ്വസ്ഥാനങ്ങളിൽ നിൽക്കട്ടെ.
അവർ ഒന്നാകെ ഭയന്നുവിറയ്ക്കുകയും നാണംകെടുകയും ചെയ്യും.
12 കൊല്ലൻ തീക്കനലിൽവെച്ച് ഇരുമ്പു പഴുപ്പിക്കുന്നു; അതിൽ ആയുധംകൊണ്ട് പണിയുന്നു.ചുറ്റികകൊണ്ട് അടിച്ച് അതു രൂപപ്പെടുത്തുന്നു,
കരുത്തുറ്റ കരങ്ങളാൽ അതിനു രൂപം നൽകുന്നു.+അപ്പോൾ അയാൾക്കു വിശന്ന് അയാളുടെ ശക്തി ക്ഷയിക്കുന്നു;
വെള്ളം കുടിക്കാതെ അയാൾ ക്ഷീണിച്ച് തളരുന്നു.
13 കൊത്തുപണിക്കാരൻ തടിയിൽ അളവുനൂൽ പിടിക്കുന്നു, അതിൽ ചുവന്ന ചോക്കുകൊണ്ട് വരയ്ക്കുന്നു.
അയാൾ അതിൽ ഉളികൊണ്ട് കൊത്തുന്നു; കോമ്പസ്സുകൊണ്ട് അടയാളമിടുന്നു.
അയാൾ ഒരു മനുഷ്യരൂപത്തിൽ അത് ഉണ്ടാക്കുന്നു;+ഒരു ഭവനത്തിൽ* പ്രതിഷ്ഠിക്കാനായി+മനുഷ്യന്റെ ആകാരഭംഗിയോടെ അതു പണിയുന്നു.
14 ദേവദാരുക്കൾ വെട്ടുന്ന ഒരാൾ
ഒരു പ്രത്യേകതരം മരം, ഒരു ഓക്ക് മരം, കണ്ടുവെക്കുന്നു,കാട്ടിലെ മരങ്ങളോടൊപ്പം അതു തഴച്ചുവളരാൻ അയാൾ കാത്തിരിക്കുന്നു.+
അയാൾ ഒരു ലോറൽ വൃക്ഷം നടുന്നു; മഴ അതിനെ വളർത്തുന്നു.
15 പിന്നെ ഒരാൾ അതു വിറകായി എടുക്കുന്നു.
അതിൽ കുറച്ച് എടുത്ത് തീ കായുന്നു,അയാൾ തീ കൂട്ടി അപ്പം ചുടുന്നു.
അയാൾ അതുകൊണ്ട് ഒരു ദൈവത്തെയും ഉണ്ടാക്കുന്നു; എന്നിട്ട് അതിനെ ആരാധിക്കുന്നു.
ഒരു വിഗ്രഹം തീർത്ത് അതിനു മുന്നിൽ കുമ്പിടുന്നു.+
16 അതിൽ പകുതി എടുത്ത് അയാൾ തീ കത്തിക്കുന്നു,ആ പകുതികൊണ്ട് ഇറച്ചി ചുട്ട് വയറു നിറയെ തിന്നുന്നു.
തീ കാഞ്ഞുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു:
“ആഹാ, നല്ല തീ, എന്റെ തണുപ്പു മാറി.”
17 ബാക്കി പകുതികൊണ്ട് അയാൾ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, ഒരു വിഗ്രഹം പണിയുന്നു;
അതിന്റെ മുന്നിൽ കുമ്പിട്ട് അതിനെ ആരാധിക്കുന്നു.
“അങ്ങ് എന്റെ ദൈവമാണ്, എന്നെ രക്ഷിക്കൂ”+ എന്നു പറഞ്ഞ്
അതിനോടു പ്രാർഥിക്കുന്നു.
18 അവർക്ക് ഒന്നും അറിയില്ല, അവർ ഒന്നും ഗ്രഹിക്കുന്നില്ല,+അവരുടെ കണ്ണുകൾ മുറുക്കെ അടച്ചിരിക്കുന്നു, അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല,അവരുടെ ഹൃദയങ്ങൾക്കു തിരിച്ചറിവില്ല.
19 ആർക്കും അറിവോ വകതിരിവോ ഇല്ല;ആരും ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നില്ല:
“അതിൽ പകുതികൊണ്ട് ഞാൻ തീ കത്തിച്ചു,അതിന്റെ കനലിൽ ഞാൻ അപ്പം ഉണ്ടാക്കി, ഇറച്ചി ചുട്ടു.
ബാക്കികൊണ്ട് ഞാൻ ഒരു മ്ലേച്ഛവസ്തു ഉണ്ടാക്കുന്നതു ശരിയോ?+
ഞാൻ ഒരു മരക്കഷണത്തെ* ആരാധിക്കണമോ?”
20 അയാൾ ചാരം തിന്നുന്നു.
അയാളുടെ വഞ്ചിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിച്ചിരിക്കുന്നു.
സ്വയം രക്ഷിക്കാൻ അയാൾക്കു കഴിയില്ല,
“എന്റെ വലങ്കൈയിലിരിക്കുന്നത് ഒരു കള്ളമല്ലേ” എന്ന് അയാൾ പറയുന്നില്ല.
21 “യാക്കോബേ, ഇസ്രായേലേ, ഇക്കാര്യങ്ങൾ ഓർക്കുക,നീ എന്റെ ദാസനല്ലോ.
ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ദാസനാണ്.+
ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയില്ല.+
22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും.
എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+
23 ആകാശമേ, സന്തോഷിച്ചാർക്കുക,യഹോവ ഇതാ, പ്രവർത്തിച്ചിരിക്കുന്നു!
ഭൂമിയുടെ അന്തർഭാഗങ്ങളേ, ജയഘോഷം മുഴക്കുക!
പർവതങ്ങളേ, ആനന്ദിച്ചാർക്കുക,+കാനനങ്ങളേ, വൃക്ഷങ്ങളേ, ആർത്തുവിളിക്കുക!
യഹോവ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു,ഇസ്രായേലിൽ തന്റെ തേജസ്സു വെളിപ്പെടുത്തിയിരിക്കുന്നു.”+
24 നീ ഗർഭത്തിലായിരുന്ന കാലംമുതൽ നിന്നെ രൂപപ്പെടുത്തിയ,നിന്റെ വീണ്ടെടുപ്പുകാരനായ,+ യഹോവ പറയുന്നു:
“ഞാൻ യഹോവയാണ്, സകലവും ഉണ്ടാക്കിയവൻ!
ഞാൻ ആകാശത്തെ നിവർത്തി,+ഞാൻ ഭൂമിയെ വിരിച്ചു.+
അന്ന് ആരുണ്ടായിരുന്നു എന്റെകൂടെ?
25 പാഴ്വാക്കു പറയുന്നവരുടെ* അടയാളങ്ങൾ ഞാൻ നിഷ്ഫലമാക്കുന്നു,ഭാവിഫലം പറയുന്നവർ വിഡ്ഢികളാകാൻ ഇടവരുത്തുന്നു;+ബുദ്ധിമാന്മാരെ ഞാൻ കുഴപ്പിക്കുന്നു,അവരുടെ അറിവിനെ വിഡ്ഢിത്തമാക്കുന്നു.+
26 എന്റെ ദാസന്റെ വാക്കുകൾ സത്യമായിത്തീരാനുംഎന്റെ സന്ദേശവാഹകരുടെ പ്രവചനങ്ങൾ ഒന്നൊഴിയാതെ നിറവേറാനും ഞാൻ ഇടയാക്കുന്നു.+ഞാൻ യരുശലേമിനെക്കുറിച്ച്, ‘അവളിൽ ജനവാസമുണ്ടാകും’+ എന്നും
യഹൂദയിലെ നഗരങ്ങളെക്കുറിച്ച് ‘അവ പുനർനിർമിക്കപ്പെടും,+അവളുടെ നാശാവശിഷ്ടങ്ങൾ പുനരുദ്ധരിക്കപ്പെടും’+ എന്നും പറയുന്നു.
27 ഞാൻ ആഴമുള്ള വെള്ളത്തോട്, ‘നീരാവിയായിപ്പോകുക,ഞാൻ നിന്റെ എല്ലാ നദികളെയും വറ്റിച്ചുകളയും’+ എന്നു പറയുന്നു.
28 ഞാൻ കോരെശിനെക്കുറിച്ച്,*+ ‘അവൻ എന്റെ ഇടയൻ,അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും’+ എന്നുംയരുശലേമിനെക്കുറിച്ച്, ‘അവളെ പുനർനിർമിക്കും’ എന്നും
ദേവാലയത്തെക്കുറിച്ച്, ‘നിനക്ക് അടിസ്ഥാനം ഇടും’+ എന്നും പറയുന്നു.”
അടിക്കുറിപ്പുകള്
^ അഥവാ “നിന്റെ ജനനംമുതൽ.”
^ അർഥം: “നേരുള്ളവൻ,” ബഹുമാനസൂചകമായി ഇസ്രായേലിനെ സംബോധന ചെയ്യുന്ന പദം.
^ അഥവാ “ദാഹിച്ചിരിക്കുന്ന ദേശത്തിന്.”
^ അതായത്, വിഗ്രഹങ്ങൾ.
^ അഥവാ “ക്ഷേത്രത്തിൽ.”
^ അഥവാ “വിറകുകഷണത്തെ.”
^ അഥവാ “കള്ളപ്രവാചകന്മാരുടെ.”
^ അഥവാ “സൈറസിനെക്കുറിച്ച്.”