യശയ്യ 45:1-25
45 ജനതകളെ കോരെശിനു കീഴ്പെടുത്തിക്കൊടുക്കാനും+അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നിടാനുംഇരട്ടപ്പാളിയുള്ള വാതിലുകൾ അവനു തുറന്നുകൊടുക്കാനുംരാജാക്കന്മാരെ നിരായുധരാക്കാനും*യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.+എന്റെ അഭിഷിക്തനായ കോരെശിനോടു ഞാൻ പറയുന്നു:+
2 “ഞാൻ നിന്റെ മുമ്പേ പോകും,+കുന്നുകൾ ഞാൻ നിരപ്പാക്കും.
ചെമ്പുവാതിലുകൾ തകർത്ത് കഷണങ്ങളാക്കും,ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയും.+
3 നിന്നെ പേരെടുത്ത് വിളിക്കുന്നവനും+ ഇസ്രായേലിന്റെ ദൈവവും ആയയഹോവയാണു ഞാനെന്നു നീ അറിയേണ്ടതിന്,ഇരുട്ടിലെ നിധികൾ ഞാൻ നിനക്കു തരും,നിഗൂഢസ്ഥലങ്ങളിൽ മറഞ്ഞിരിക്കുന്ന നിധിശേഖരം നിനക്കു നൽകും.+
4 എന്റെ ദാസനായ യാക്കോബിനും ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനും വേണ്ടിനിന്നെ ഞാൻ പേരെടുത്ത് വിളിക്കുന്നു.
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്റെ പേര് മഹത്ത്വപൂർണമാക്കും.
5 ഞാൻ യഹോവയാണ്; വേറെ ഒരുവനുമില്ല.
ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+
നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.*
6 അങ്ങനെ, സൂര്യോദയംമുതൽ സൂര്യാസ്തമയംവരെ*ഞാനല്ലാതെ വേറെ ഒരുവനില്ലെന്ന്ആളുകൾ തിരിച്ചറിയും.+
ഞാനാണ് യഹോവ, വേറെ ഒരുവനില്ല.+
7 ഞാനാണ് ഇരുളും+ വെളിച്ചവും+ സൃഷ്ടിക്കുന്നത്,ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തുന്നത്,യഹോവ എന്ന ഞാനാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.
8 ആകാശമേ, മഴ പെയ്യിക്കുക,+മേഘങ്ങൾ നീതി വർഷിക്കട്ടെ.
ഭൂമി തുറക്കട്ടെ, അതിൽ രക്ഷ സമൃദ്ധമായി വിളയട്ടെ,രക്ഷയോടൊപ്പം നീതിയും കിളിർത്തുപൊങ്ങട്ടെ.+
യഹോവ എന്ന ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.”
9 തന്നെ നിർമിച്ചവനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!പൊട്ടിത്തകർന്ന മൺപാത്രത്തിന്റെ ഒരു കഷണം മാത്രമാണ് അവൻ;മറ്റു കഷണങ്ങളോടൊപ്പം അവൻ നിലത്ത് കിടക്കുന്നു!
കളിമണ്ണു കുശവനോട്,* “നീ എന്താണ് ഈ ഉണ്ടാക്കുന്നത്”+ എന്നു ചോദിക്കുന്നതു ശരിയോ?
നീ നിർമിച്ച വസ്തു നിന്നെക്കുറിച്ച്, “അവനു കൈകളില്ല” എന്നു പറയുന്നതു ശരിയോ?*
10 പിതാവിനോട്, “നീ എന്തിനെയാണു ജനിപ്പിക്കുന്നത്” എന്നും
സ്ത്രീയോട്, “നീ എന്തിനെയാണു പ്രസവിക്കുന്നത്”* എന്നും ചോദിക്കുന്നവന്റെ കാര്യം കഷ്ടം!
11 ഇസ്രായേലിന്റെ പരിശുദ്ധനും+ ഇസ്രായേലിനെ നിർമിച്ചവനും ആയ യഹോവ പറയുന്നു:
“വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ എന്നോടു ചോദിക്കുമോ?എന്റെ പുത്രന്മാരെക്കുറിച്ചും+ എന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ചും എനിക്കു പറഞ്ഞുതരുമോ?
12 ഞാൻ ഭൂമിയെ നിർമിച്ച്+ അതിൽ മനുഷ്യനെ സൃഷ്ടിച്ചാക്കി.+
എന്റെ സ്വന്തം കൈകൾകൊണ്ട് ആകാശത്തെ വിരിച്ചു,+അതിന്റെ സർവസൈന്യത്തിനും ഞാൻ ആജ്ഞകൾ നൽകുന്നു.”+
13 “ഞാൻ നീതിയോടെ ഒരു മനുഷ്യനെ എഴുന്നേൽപ്പിച്ചിരിക്കുന്നു,+ഞാൻ അവന്റെ പാതകളെല്ലാം നേരെയാക്കും.
കൈക്കൂലിയോ വിലയോ വാങ്ങാതെ+ അവൻ ബന്ദികളായ എന്റെ ജനത്തെ വിടുവിക്കും;+അവൻ എന്റെ നഗരം പണിയും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രസ്താവിക്കുന്നു.
14 യഹോവ ഇങ്ങനെ പറയുന്നു:
“ഈജിപ്തിന്റെ ലാഭവും* എത്യോപ്യയുടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നുചേരും;പൊക്കമുള്ളവരായ സെബായർ നിന്റെ സ്വന്തമാകും.
ചങ്ങലകളിൽ ബന്ധിതരായി അവർ നിന്റെ പിന്നാലെ നടക്കും.
അവർ നിന്റെ മുന്നിൽ വന്ന് കുമ്പിടും.+
അവർ പ്രാർഥനാസ്വരത്തിൽ പറയും: ‘ദൈവം അങ്ങയുടെകൂടെയുണ്ട്;+മറ്റൊരു ദൈവമില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’”
15 ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,+സത്യമായും അങ്ങ് മറഞ്ഞിരിക്കുന്ന ദൈവമാണ്.
16 അവരെല്ലാം നാണംകെടും, അപമാനിതരാകും;+വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ലജ്ജിച്ചുപോകും.
17 എന്നാൽ യഹോവ ഇസ്രായേലിനെ എന്നേക്കുമായി രക്ഷിക്കും,+
നീ എക്കാലവും നാണക്കേടും അപമാനവും സഹിക്കേണ്ടിവരില്ല.+
18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.
19 ഇരുട്ടുള്ള ദേശത്ത് മറഞ്ഞിരുന്നല്ല ഞാൻ സംസാരിച്ചത്;+‘വെറുതേ എന്നെ സേവിക്കുക’ എന്ന്ഞാൻ യാക്കോബിന്റെ സന്തതിയോടു* പറഞ്ഞിട്ടില്ല.
നീതിയോടെ സംസാരിക്കുകയും നേരായ കാര്യങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന യഹോവയാണു ഞാൻ.+
20 ഒരുമിച്ചുകൂടി അടുത്ത് വരൂ.
ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒത്തുകൂടൂ.+
വിഗ്രഹങ്ങൾ ചുമന്നുകൊണ്ട് നടക്കുന്നവർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവത്തോടു പ്രാർഥിക്കുന്നവർക്കും ഒന്നും അറിയില്ല.
21 പ്രശ്നം അവതരിപ്പിച്ച് നിങ്ങളുടെ വാദമുഖങ്ങൾ നിരത്തുക.
അവർ ഒന്നുചേർന്ന് കൂടിയാലോചിക്കട്ടെ.
ആരാണ് ഇതു പണ്ടുപണ്ടേ പ്രവചിച്ചത്,കാലങ്ങൾക്കു മുമ്പേ പ്രസ്താവിച്ചത്?
യഹോവ എന്ന ഞാനല്ലേ?
ഞാനല്ലാതെ വേറൊരു ദൈവവുമില്ല;ഞാൻ നീതിമാനായ ദൈവവും രക്ഷകനും+ ആണ്; ഞാനല്ലാതെ വേറെ ആരുമില്ല.+
22 ഭൂമിയുടെ അതിരുകളേ, എന്നിലേക്കു തിരിഞ്ഞ് രക്ഷ നേടുക,+ഞാനാണു ദൈവം; വേറെ ആരുമില്ല.+
23 ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു;എന്റെ വായിൽനിന്ന് വന്ന വചനം സത്യമാണ്,അതു നിറവേറാതിരിക്കില്ല:+
എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും,എല്ലാ നാവും എന്നോടു കൂറു പ്രഖ്യാപിക്കും.+
24 എന്നിട്ട് ഇങ്ങനെ പറയും: ‘യഥാർഥനീതിയും ശക്തിയും യഹോവയിലാണുള്ളത്.
ദൈവത്തോടു കോപിക്കുന്നവരെല്ലാം നാണംകെട്ട് തിരുമുന്നിൽ ചെല്ലും.
25 യഹോവയെ സേവിച്ചതു നന്നായെന്ന് ഇസ്രായേലിന്റെ സന്തതികളെല്ലാം* തിരിച്ചറിയും,+ദൈവത്തിൽ അവർ അഭിമാനംകൊള്ളും.’”
അടിക്കുറിപ്പുകള്
^ അക്ഷ. “രാജാക്കന്മാരുടെ അരക്കച്ച അഴിക്കാനും.”
^ അക്ഷ. “നിന്റെ അര മുറുക്കും.”
^ അഥവാ “കിഴക്കുമുതൽ പടിഞ്ഞാറുവരെ.”
^ അഥവാ “നിർമിച്ചവനോടു കലഹിക്കുന്നവന്റെ.”
^ അഥവാ “അതിനെ രൂപപ്പെടുത്തിയവനോട്.”
^ മറ്റൊരു സാധ്യത “‘നീ ഉണ്ടാക്കിയതിനു കൈപ്പിടിയില്ല’ എന്നു കളിമണ്ണു പറയുന്നതു ശരിയോ?”
^ അഥവാ “എന്തിനെ പ്രസവിക്കാനാണു നീ വേദന അനുഭവിക്കുന്നത്?”
^ മറ്റൊരു സാധ്യത “തൊഴിലാളികളും.”
^ മറ്റൊരു സാധ്യത “വ്യാപാരികളും.”
^ മറ്റൊരു സാധ്യത “ശൂന്യമായി കിടക്കാൻ.”
^ അക്ഷ. “വിത്തിനോട്.”
^ അക്ഷ. “വിത്തുകളെല്ലാം.”