യശയ്യ 8:1-22
8 യഹോവ എന്നോടു പറഞ്ഞു: “ഒരു വലിയ എഴുത്തുപലക+ എടുത്ത് അതിൽ ഒരു സാധാരണ എഴുത്തുകോൽ* ഉപയോഗിച്ച് ‘മഹേർ-ശാലാൽ-ഹാശ്-ബസ്’* എന്ന് എഴുതുക.
2 നീ അങ്ങനെ ചെയ്തെന്നു വിശ്വസ്തരായ സാക്ഷികൾ, പുരോഹിതനായ ഊരിയാവും+ യബെരെഖ്യയുടെ മകനായ സെഖര്യയും, എനിക്ക് എഴുതിത്തരട്ടെ.”*
3 പിന്നെ ഞാൻ പ്രവാചികയുമായി* ശാരീരികബന്ധത്തിൽ ഏർപ്പെട്ടു.* അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അവനു മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക.
4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
5 യഹോവ പിന്നെ എന്നോടു പറഞ്ഞു:
6 “മന്ദമായി ഒഴുകുന്ന ശീലോഹയിലെ*+ ജലം ഉപേക്ഷിച്ച്ഈ ജനം രസീനിലും രമല്യയുടെ മകനിലും+ ആഹ്ലാദിക്കുന്നു.
7 അതുകൊണ്ട് ഇതാ, യഹോവ അവർക്കെതിരെയൂഫ്രട്ടീസ് നദിയിലെ നിറഞ്ഞൊഴുകുന്ന ജലപ്രവാഹത്തെ,അസീറിയൻ രാജാവിനെയും+ അയാളുടെ മഹത്ത്വത്തെയും, കൊണ്ടുവരുന്നു.
അയാളുടെ തോടുകൾ നിറഞ്ഞൊഴുകും,അയാൾ കരകവിഞ്ഞൊഴുകും,
8 അയാൾ യഹൂദയെ മൂടും.
അല്ലയോ ഇമ്മാനുവേലേ,*+അയാൾ ദേശം മുഴുവൻ കവിഞ്ഞൊഴുകി കഴുത്തോളം എത്തും;+അയാൾ ചിറകുകൾ വിടർത്തി നിന്റെ ദേശത്തിന്റെ അതിരുകളെയും മൂടും!”
9 ജനങ്ങളേ, ദ്രോഹം ചെയ്തുകൊള്ളൂ. പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും.
ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്നുള്ളവരേ, കേൾക്കൂ!
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ,* പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!+
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ, പക്ഷേ നിങ്ങൾ തകർന്ന് ചിന്നിച്ചിതറും!
10 നിങ്ങൾ പദ്ധതി മനഞ്ഞുകൊള്ളൂ, എന്നാൽ അതു വിഫലമാകും,
നിങ്ങൾക്ക് ഇഷ്ടമുള്ളതു പറഞ്ഞുകൊള്ളൂ, എന്നാൽ അതു പരാജയപ്പെടും,ദൈവം ഞങ്ങളുടെകൂടെയുണ്ട്!*+
11 ഈ ജനത്തിന്റെ വഴികളിൽ ഞാൻ നടക്കാതിരിക്കാൻ യഹോവ തന്റെ ബലമുള്ള കൈ എന്റെ മേൽ വെച്ച് എനിക്ക് ഇങ്ങനെ മുന്നറിയിപ്പു തന്നു:
12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്നതിനെ നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്!
അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടുകയോ,നിങ്ങൾ പേടിച്ചുവിറയ്ക്കുകയോ അരുത്.
13 സൈന്യങ്ങളുടെ അധിപനായ യഹോവ—ആ ദൈവത്തെയാണു നിങ്ങൾ വിശുദ്ധനായി കാണേണ്ടത്,+ആ ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്,ആ ദൈവത്തെ ഓർത്താണു നിങ്ങൾ പേടിച്ചുവിറയ്ക്കേണ്ടത്.”+
14 ദൈവം ഒരു വിശുദ്ധമന്ദിരംപോലെയാകും.എന്നാൽ ദൈവം, ഇസ്രായേലിന്റെ ഇരുഭവനങ്ങളും തട്ടിവീഴുന്നഒരു കല്ലായിരിക്കും,ഇടറിവീഴാൻ ഇടയാക്കുന്ന ഒരു പാറ!+ദൈവം യരുശലേംനിവാസികൾക്ക് ഒരു കെണിയും ഒരു കുടുക്കും ആയിരിക്കും.
15 അതിൽ തട്ടിവീണ് അവരിൽ പലർക്കും പരിക്കേൽക്കും,അനേകരും കെണിയിൽ അകപ്പെടും; അവർ പിടിക്കപ്പെടും.
16 എഴുതിക്കിട്ടിയ ഈ സാക്ഷ്യപത്രം ചുരുട്ടിയെടുക്കുക,എന്റെ ശിഷ്യന്മാർക്കിടയിൽ ഈ നിയമത്തിനു* മുദ്ര വെക്കുക!
17 യാക്കോബുഗൃഹത്തിൽനിന്ന്+ മുഖം മറച്ചിരിക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;*+ ദൈവത്തിലാണ് എന്റെ പ്രത്യാശ.
18 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിൽ വസിക്കുന്നു. ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും+ ഇസ്രായേലിൽ ദൈവത്തിൽനിന്നുള്ള അടയാളങ്ങളും+ അത്ഭുതങ്ങളും പോലെയായിരിക്കുന്നു.
19 “നിങ്ങൾ ചെന്ന്, ചിലച്ചുകൊണ്ടും മന്ത്രിച്ചുകൊണ്ടും ആത്മാക്കളുടെ ഉപദേശം തേടുന്നവരോടും* ഭാവി പറയുന്നവരോടും ചോദിക്കുക” എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിലോ? തങ്ങളുടെ ദൈവത്തോടല്ലേ ഒരു ജനം ഉപദേശം തേടേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോടാണോ അവർ ഉപദേശം ചോദിക്കേണ്ടത്?+
20 അല്ല! അവർ നിയമത്തിലും എഴുതപ്പെട്ട സാക്ഷ്യപത്രത്തിലും ആണ് ഉപദേശം തേടേണ്ടത്.
ഈ വാക്കുകൾക്കു ചേർച്ചയിൽ സംസാരിക്കാത്തപ്പോൾ അവർക്കു വെളിച്ചമുണ്ടായിരിക്കില്ല.*+
21 പട്ടിണിയും കഷ്ടപ്പാടും കൊണ്ട് വലഞ്ഞ് ഓരോരുത്തരും ദേശത്തുകൂടി അലഞ്ഞുനടക്കും.+ വിശപ്പും അമർഷവും കാരണം അവർ മുകളിലേക്കു നോക്കി തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കും.
22 താഴേക്കു നോക്കുമ്പോൾ അവർ കാണുന്നതു ദുരിതവും അന്ധകാരവും, ഇരുട്ടും ക്ലേശങ്ങളും മാത്രമായിരിക്കും; എങ്ങും മൂടലല്ലാതെ തെളിച്ചമുണ്ടായിരിക്കില്ല.
അടിക്കുറിപ്പുകള്
^ “കൊള്ളയ്ക്കായി ഓടുന്ന, കൊള്ളവസ്തുക്കളുടെ അടുത്തേക്കു പെട്ടെന്നു വരുന്ന” എന്നൊക്കെയായിരിക്കാം അർഥം.
^ അക്ഷ. “മർത്യന്റെ എഴുത്തുകോൽ.”
^ അഥവാ “സാക്ഷ്യം വഹിക്കട്ടെ; സാക്ഷ്യപ്പെടുത്തട്ടെ.”
^ അതായത്, യശയ്യ തന്റെ ഭാര്യയുമായി.
^ അക്ഷ. “പ്രവാചികയുടെ അടുത്ത് ചെന്നു.”
^ ഒരു കനാലിന്റെ പേരാണു ശീലോഹ.
^ അഥവാ “അര കെട്ടിക്കൊള്ളൂ.”
^ അഥവാ “ഉപദേശത്തിന്.”
^ അഥവാ “ആകാംക്ഷയോടെ കാത്തിരിക്കും.”
^ അക്ഷ. “പ്രഭാതമുണ്ടായിരിക്കില്ല.”