യഹസ്കേൽ 20:1-49
20 ഏഴാം വർഷം അഞ്ചാം മാസം പത്താം ദിവസം യഹോവയുടെ ഉപദേശം ആരായാൻ ഇസ്രായേൽമൂപ്പന്മാരിൽ ചിലർ വന്ന് എന്റെ മുന്നിൽ ഇരുന്നു.
2 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
3 “മനുഷ്യപുത്രാ, ഇസ്രായേൽമൂപ്പന്മാരോടു സംസാരിക്കൂ! അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “എന്നോട് ഉപദേശം ചോദിക്കാനാണോ നിങ്ങളുടെ വരവ്? ‘ഞാനാണെ, നിങ്ങളുടെ ചോദ്യത്തിനു ഞാൻ ഉത്തരം തരില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”’
4 “നീ അവരെ വിധിക്കാൻ* തയ്യാറാണോ? മനുഷ്യപുത്രാ, അവരെ വിധിക്കാൻ നീ തയ്യാറാണോ? അവരുടെ പൂർവികർ എന്തെല്ലാം വൃത്തികേടുകളാണു ചെയ്തുകൂട്ടിയതെന്ന്+ അവരെ അറിയിക്കൂ!
5 അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഇസ്രായേലിനെ തിരഞ്ഞെടുത്ത ദിവസം+ ഞാൻ യാക്കോബുഗൃഹത്തിന്റെ സന്തതിയോട്* ഒരു സത്യവും* ചെയ്തു. ഈജിപ്ത് ദേശത്തുവെച്ച് ഞാൻ എന്നെ അവർക്കു വെളിപ്പെടുത്തി.+ അതെ, ഞാൻ അവരോട്, ‘നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ’ എന്നു സത്യം ചെയ്ത് പറഞ്ഞു.
6 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് അവർക്കായി കണ്ടുവെച്ച* ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുവരുമെന്ന്+ അന്നേ ദിവസം സത്യം ചെയ്തു. എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ ദേശമായിരുന്നു അത്.*
7 പിന്നെ, ഞാൻ അവരോടു പറഞ്ഞു: ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൺമുന്നിലുള്ള വൃത്തികെട്ട വസ്തുക്കളെല്ലാം വലിച്ചെറിയൂ! ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട്* നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.+ നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ.’+
8 “‘“പക്ഷേ അവർ എന്നെ ധിക്കരിച്ചു. എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയതുമില്ല. തങ്ങളുടെ കൺമുന്നിലുണ്ടായിരുന്ന വൃത്തികെട്ട വസ്തുക്കൾ അവർ വലിച്ചെറിഞ്ഞില്ല. ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു.+ അതുകൊണ്ട്, ഈജിപ്തിൽവെച്ചുതന്നെ എന്റെ ക്രോധം അവരുടെ മേൽ ചൊരിയുമെന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചുവിടുമെന്നും ഞാൻ പ്രഖ്യാപിച്ചു.
9 പക്ഷേ അവരുടെ ചുറ്റുമുള്ള ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+ ഞാൻ അവരെ* ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നപ്പോൾ ആ ജനതകളുടെ മുന്നിൽവെച്ച് ഞാൻ എന്നെത്തന്നെ അവർക്കു* വെളിപ്പെടുത്തിയതാണല്ലോ.+
10 അങ്ങനെ, ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് വിജനഭൂമിയിലേക്കു നയിച്ചു.+
11 “‘“പിന്നെ, ഞാൻ എന്റെ നിയമങ്ങൾ അവർക്കു കൊടുത്തു, എന്റെ ന്യായത്തീർപ്പുകൾ അവരെ അറിയിച്ചു.+ അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കുമായിരുന്നു.+
12 കൂടാതെ, എനിക്കും അവർക്കും ഇടയിൽ ഒരു അടയാളമായിരിക്കാൻവേണ്ടി ഞാൻ എന്റെ ശബത്തുകളും അവർക്കു കൊടുത്തു.+ അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണെന്ന് അവർ അറിയാൻവേണ്ടിയാണു ഞാൻ അതു ചെയ്തത്.
13 “‘“പക്ഷേ ഇസ്രായേൽഗൃഹം വിജനഭൂമിയിൽവെച്ച് എന്നെ ധിക്കരിച്ചു.+ അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. എന്റെ ന്യായത്തീർപ്പുകൾ അവർ തള്ളിക്കളഞ്ഞു. അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിച്ചിരിക്കുമായിരുന്നു. അവർ എന്റെ ശബത്തുകൾ അങ്ങേയറ്റം അശുദ്ധമാക്കി. അതുകൊണ്ട് അവരെ പാടേ നശിപ്പിക്കാൻ വിജനഭൂമിയിൽവെച്ച് അവരുടെ മേൽ ക്രോധം ചൊരിയുമെന്നു ഞാൻ പ്രഖ്യാപിച്ചു.+
14 പക്ഷേ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+
15 പക്ഷേ, ഞാൻ അവർക്കു കൊടുത്ത പാലും തേനും ഒഴുകുന്ന ദേശത്തേക്ക്,+ എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ* ദേശത്തേക്ക്, അവരെ കൊണ്ടുവരില്ലെന്നു വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്ത് പറഞ്ഞു.+
16 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ തള്ളിക്കളഞ്ഞു. അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ ഹൃദയം അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെയായിരുന്നല്ലോ.+
17 “‘“പക്ഷേ, എനിക്ക്* അവരോടു കനിവ് തോന്നി. അവരെ ഞാൻ നശിപ്പിച്ചില്ല. ഞാൻ അവരെ വിജനഭൂമിയിൽവെച്ച് ഇല്ലായ്മ ചെയ്തില്ല.
18 അവിടെവെച്ച് ഞാൻ അവരുടെ മക്കളോടു പറഞ്ഞു:+ ‘നിങ്ങളുടെ പൂർവികരുടെ ചട്ടങ്ങളനുസരിച്ച്+ നടക്കുകയോ അവരുടെ ന്യായത്തീർപ്പുകൾ പിൻപറ്റുകയോ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ അശുദ്ധരാകുകയോ അരുത്.
19 നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ. എന്റെ നിയമങ്ങളനുസരിച്ച് നടക്കൂ! എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റി അവ നടപ്പിലാക്കൂ!+
20 എന്റെ ശബത്തുകൾ വിശുദ്ധീകരിക്കുക.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയാൻ അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാളമായിരിക്കും.’+
21 “‘“പക്ഷേ ആ മക്കൾ എന്നെ ധിക്കരിച്ചുതുടങ്ങി.+ അവർ എന്റെ നിയമങ്ങളനുസരിച്ച് നടന്നില്ല. എന്റെ ന്യായത്തീർപ്പുകൾ അവർ പാലിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്ന മനുഷ്യൻ അവയാൽ ജീവിച്ചിരിക്കുമായിരുന്നു. എന്റെ ശബത്തുകൾ അവർ അശുദ്ധമാക്കി. അതുകൊണ്ട്, വിജനഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെ മേൽ ചൊരിയുമെന്നും എന്റെ കോപം മുഴുവൻ അവരുടെ നേരെ അഴിച്ചുവിടുമെന്നും ഞാൻ പ്രഖ്യാപിച്ചു.+
22 പക്ഷേ, ഞാൻ അതിൽനിന്ന് പിന്തിരിഞ്ഞു.+ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ ഞാൻ എന്റെ സ്വന്തം പേരിനെ കരുതി പ്രവർത്തിക്കുകയായിരുന്നു.+
23 അവരെ ജനതകളുടെ ഇടയിൽ ചിതറിക്കുമെന്നും പല ദേശങ്ങളിലേക്ക് ഓടിച്ചുകളയുമെന്നും വിജനഭൂമിയിൽവെച്ച് ഞാൻ അവരോടു സത്യം ചെയ്ത് പറയുകയും ചെയ്തു.+
24 കാരണം എന്റെ ന്യായത്തീർപ്പുകൾ അവർ പിൻപറ്റിയില്ല. എന്റെ നിയമങ്ങൾ അവർ തള്ളിക്കളഞ്ഞു.+ അവർ എന്റെ ശബത്തുകൾ അശുദ്ധമാക്കി. അവരുടെ പൂർവികരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ പുറകേയായിരുന്നു അവർ.*+
25 ഗുണകരമല്ലാത്ത ചട്ടങ്ങളും ജീവൻ നേടാൻ സഹായിക്കാത്ത ന്യായത്തീർപ്പുകളും പിൻപറ്റാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്തു.+
26 സ്വന്തം ബലികളാൽ അശുദ്ധരാകാൻ ഞാൻ അവരെ അനുവദിച്ചു. അവരുടെ മൂത്ത ആൺമക്കളെയെല്ലാം അവർ തീയിൽ ദഹിപ്പിച്ചല്ലോ.*+ അവരെ ഇല്ലാതാക്കാനും അങ്ങനെ ഞാൻ യഹോവയാണെന്ന് അവർ അറിയാനും വേണ്ടിയായിരുന്നു ഞാൻ ഇത് അനുവദിച്ചത്.”’
27 “അതുകൊണ്ട് മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോടു സംസാരിക്കൂ! അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ രീതിയിലും നിങ്ങളുടെ പൂർവികർ എന്നോട് അവിശ്വസ്തത കാട്ടി എന്നെ അവഹേളിച്ചു.
28 അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നു.+ ഉയർന്ന കുന്നുകളും ഇലത്തഴപ്പുള്ള മരങ്ങളും+ ഒക്കെ കണ്ടപ്പോൾ എന്നെ പ്രകോപിപ്പിക്കുന്ന യാഗങ്ങളും ബലികളും അവർ അർപ്പിച്ചുതുടങ്ങി. പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അവർ അവരുടെ ബലികൾ അവിടെ അർപ്പിച്ചു. പാനീയയാഗങ്ങളും അവിടെ ഒഴിച്ചു.
29 അതുകൊണ്ട്, ഞാൻ അവരോട്, ‘നിങ്ങൾ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലത്തേക്കു പോകുന്നത് എന്തിനാണ്’ എന്നു ചോദിച്ചു. (ഇന്നുവരെയും ഉയർന്ന സ്ഥലം എന്നാണ് അത് അറിയപ്പെടുന്നത്.)”’+
30 “അതുകൊണ്ട്, ഇപ്പോൾ ഇസ്രായേൽഗൃഹത്തോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി അവയുമായി ആത്മീയവേശ്യാവൃത്തി ചെയ്ത് അശുദ്ധരായ നിങ്ങളുടെ പൂർവികരെപ്പോലെ നടന്ന് നിങ്ങളും അശുദ്ധരാകുകയാണോ?+
31 നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾക്കെല്ലാം ബലിയായി സ്വന്തം പുത്രന്മാരെ തീയിൽ ദഹിപ്പിച്ച്*+ നിങ്ങൾ ഇന്നും നിങ്ങളെത്തന്നെ അശുദ്ധരാക്കുകയാണോ? ഇസ്രായേൽഗൃഹമേ, ഇങ്ങനെയിരിക്കെ നിങ്ങൾ ഉപദേശം ആരായുമ്പോഴെല്ലാം ഞാൻ മറുപടി പറയണമെന്നാണോ?”’+
“പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ഞാൻ നിങ്ങൾക്ക് ഉത്തരം തരില്ല.+
32 “നമുക്കു മറ്റു ദേശങ്ങളിലെ ആളുകളെപ്പോലെ, മരത്തെയും കല്ലിനെയും ആരാധിക്കുന്ന* ജനതകളെപ്പോലെ, ആകാം”+ എന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലിരുപ്പ്* എന്താണോ അതൊന്നും ഒരിക്കലും നടക്കാൻപോകുന്നില്ല.’”
33 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഉഗ്രകോപം ചൊരിഞ്ഞുകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും.+
34 ഞാൻ എന്റെ ഉഗ്രകോപത്തിൽ എന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവിടെനിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവരും; ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.+
35 ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു* കൊണ്ടുവന്ന് അവിടെവെച്ച് നിങ്ങളോടു മുഖാമുഖം വാദിച്ച് നിങ്ങളെ വിസ്തരിക്കും.+
36 “‘ഈജിപ്ത് ദേശത്തെ വിജനഭൂമിയിൽവെച്ച് നിങ്ങളുടെ പൂർവികരെ ഞാൻ വിസ്തരിച്ചതുപോലെ നിങ്ങളെയും ഞാൻ വിസ്തരിക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
37 ‘ഞാൻ നിങ്ങളെ ഇടയന്റെ കോലിനു കീഴിലൂടെ കടത്തിവിടും.+ നിങ്ങളെ ഞാൻ ഉടമ്പടിയിൻകീഴിലാക്കും.*
38 പക്ഷേ, ധിക്കാരികളെയും എന്റെ നിയമം ലംഘിക്കുന്നവരെയും നിങ്ങളുടെ ഇടയിൽനിന്ന് ഞാൻ നീക്കിക്കളയും.+ അവർ വിദേശികളായി കഴിഞ്ഞിരുന്ന നാട്ടിൽനിന്ന് ഞാൻ അവരെ പുറത്ത് കൊണ്ടുവരും. പക്ഷേ, ഇസ്രായേൽ ദേശത്ത് അവർ പ്രവേശിക്കില്ല.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’
39 “ഇസ്രായേൽഗൃഹമേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ പോയി സ്വന്തം മ്ലേച്ഛവിഗ്രഹങ്ങളെ സേവിക്കൂ!+ എന്നാൽ, അതിനു ശേഷം നിങ്ങൾ ഞാൻ പറയുന്നതു ശ്രദ്ധിച്ചില്ലെങ്കിലും, നിങ്ങളുടെ ബലികളാലോ മ്ലേച്ഛവിഗ്രഹങ്ങളാലോ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാൻ നിങ്ങൾക്കു കഴിയില്ല!’+
40 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ദേശത്ത് എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിലെ ഒരു ഉയർന്ന പർവതത്തിൽ,+ ആയിരിക്കും ഇസ്രായേൽഗൃഹം മുഴുവൻ ഒന്നൊഴിയാതെ എന്നെ സേവിക്കുന്നത്.+ അവരോട് എനിക്കു പ്രീതി തോന്നും. നിങ്ങളുടെ വിശുദ്ധവസ്തുക്കളായ സംഭാവനകളും യാഗങ്ങളുടെ ആദ്യഫലങ്ങളും മുഴുവൻ ഞാൻ പ്രതീക്ഷിക്കും.+
41 ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവരുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ പുറത്ത് കൊണ്ടുവരുകയും നിങ്ങൾ ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോൾ,+ പ്രസാദിപ്പിക്കുന്ന* സുഗന്ധം നിമിത്തം എനിക്കു നിങ്ങളോടു പ്രീതി തോന്നും. ജനതകൾ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ വിശുദ്ധീകരിക്കപ്പെടും.’+
42 “‘ഞാൻ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ഇസ്രായേൽ ദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ+ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
43 നിങ്ങളെ അശുദ്ധരാക്കിയ നിങ്ങളുടെ ജീവിതരീതിയും സകല പ്രവൃത്തികളും അവിടെവെച്ച് നിങ്ങൾ ഓർക്കും.+ നിങ്ങൾ ചെയ്തുകൂട്ടിയ മോശമായ എല്ലാ കാര്യങ്ങളും ഓർത്ത് നിങ്ങൾക്കു നിങ്ങളോടുതന്നെ* അറപ്പു തോന്നും.+
44 ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളോടു നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കോ നിങ്ങളുടെ വഷളത്തത്തിനോ അനുസൃതമായി ഇടപെടാതെ എന്റെ പേരിനെ ഓർത്ത് ഇടപെടുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
45 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
46 “മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് തെക്കേ ദിക്കിനോടു ഘോഷിക്കൂ! തെക്കുള്ള വനപ്രദേശത്തോടു പ്രവചിക്കൂ!
47 തെക്കുള്ള വനത്തോട് ഇങ്ങനെ പറയണം: ‘യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഇതാ, നിന്റെ നേരെ ഒരു തീ അയയ്ക്കുന്നു.+ നിന്റെ എല്ലാ പച്ചമരങ്ങളെയും ഉണക്കമരങ്ങളെയും അതു ചുട്ടുചാമ്പലാക്കും. ആ തീജ്വാല ആരും കെടുത്തില്ല.+ തെക്കുമുതൽ വടക്കുവരെ എല്ലാ മുഖങ്ങളും അതിന്റെ ചൂടേറ്റ് പൊള്ളിപ്പോകും.
48 യഹോവ എന്ന ഞാനാണ് ആ തീ അയച്ചതെന്നു സകല ആളുകളും മനസ്സിലാക്കും. അതുകൊണ്ടുതന്നെ അത് ആരും കെടുത്തില്ല.”’”+
49 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, പരമാധികാരിയായ യഹോവേ, അവർ എന്നെക്കുറിച്ച്, ‘അവൻ പറയുന്നതൊക്കെ വെറും കടങ്കഥകളാണ്’* എന്നു പറയുന്നു.”
അടിക്കുറിപ്പുകള്
^ അഥവാ “അവരുടെ വിധി പ്രഖ്യാപിക്കാൻ.”
^ അക്ഷ. “വിത്തിനോട്.”
^ അക്ഷ. “കൈ ഉയർത്തുകയും.”
^ അഥവാ “ഒറ്റുനോക്കിയ.”
^ അഥവാ “എല്ലാ ദേശങ്ങളുടെയും അലങ്കാരമായിരുന്നു അത്.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അതായത്, ഇസ്രായേല്യരെ.
^ അതായത്, ഇസ്രായേല്യർക്ക്.
^ അതായത്, ഇസ്രായേല്യരെ.
^ അഥവാ “എല്ലാ ദേശങ്ങളുടെയും അലങ്കാരമായ.”
^ അക്ഷ. “എന്റെ കണ്ണിന്.”
^ അതായത്, ഇസ്രായേല്യരെ.
^ അക്ഷ. “അവരുടെ കണ്ണുകൾ.”
^ അക്ഷ. “തീയിലൂടെ കടത്തിവിട്ടല്ലോ.”
^ അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
^ അക്ഷ. “തീയിലൂടെ കടത്തിവിട്ട്.”
^ അഥവാ “ശുശ്രൂഷ ചെയ്യുന്ന; സേവിക്കുന്ന.”
^ അക്ഷ. “ആത്മാവിൽ.”
^ അക്ഷ. “ഉടമ്പടിയുടെ ബന്ധനത്തിലാക്കും.”
^ അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
^ അക്ഷ. “സ്വന്തം മുഖത്തോട്.”
^ അഥവാ “ദൃഷ്ടാന്തകഥകളാണ്.”