യഹസ്കേൽ 28:1-26
28 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
2 “മനുഷ്യപുത്രാ, സോരിന്റെ നേതാവിനോടു പറയൂ: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
“ഹൃദയം ധാർഷ്ട്യമുള്ളതായി മാറിയിട്ട്+ നീ,
‘സമുദ്രത്തിന്റെ ഹൃദയഭാഗത്ത്+ ദേവസിംഹാസനത്തിൽ ഇരിക്കുന്ന ഞാൻ ഒരു ദൈവമാണ്’ എന്നു വീണ്ടുംവീണ്ടും പറയുന്നു.
നീ ഒരു ദൈവമാണെന്നു നിനക്കു ഹൃദയത്തിൽ തോന്നുന്നെങ്കിലുംനീ ഒരു മനുഷ്യൻ മാത്രമാണ്, ദൈവമല്ല.
3 ദാനിയേലിനെക്കാൾ ബുദ്ധിയുള്ളവനാണെന്നാണല്ലോ+ നിന്റെ ഭാവം.
നിനക്ക് അറിയാത്ത ഒരു രഹസ്യവുമില്ലെന്നാണു നിന്റെ വിചാരം.
4 ജ്ഞാനംകൊണ്ടും വകതിരിവുകൊണ്ടും നീ സമ്പത്തുണ്ടാക്കി.നീ നിന്റെ ഖജനാവിൽ സ്വർണവും വെള്ളിയും കുന്നുകൂട്ടുകയാണ്.+
5 കച്ചവടത്തിലെ നിന്റെ സാമർഥ്യം നിന്നെ അതിസമ്പന്നനാക്കി.+നിന്റെ സമ്പത്തു നിന്റെ ഹൃദയത്തിൽ ധാർഷ്ട്യം വളർത്തി.”’
6 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു:
“നീ ഒരു ദൈവമാണെന്നു നിനക്കു ഹൃദയത്തിൽ തോന്നുന്നതുകൊണ്ട്
7 എല്ലാ ജനതകളിലുംവെച്ച് ഏറ്റവും ക്രൂരന്മാരായ വിദേശികളെ ഞാൻ നിന്റെ നേരെ വരുത്തുന്നു.+നിന്റെ ജ്ഞാനത്തിന്റെ സൗന്ദര്യത്തിനു നേരെ അവർ വാൾ പ്രയോഗിക്കും.നിന്റെ മഹനീയപ്രൗഢിക്ക് അവർ കളങ്കമേൽപ്പിക്കും.+
8 അവർ നിന്നെ കുഴിയിലേക്ക്* ഇറക്കും.നടുക്കടലിൽവെച്ച് നീ അതിദാരുണമായി കൊല്ലപ്പെടും.+
9 നിന്നെ കൊല്ലുന്നവനോട്, ‘ഞാൻ ഒരു ദൈവമാണ്’ എന്ന് അപ്പോഴും നീ പറയുമോ?
നിന്നെ കളങ്കപ്പെടുത്തുന്നവരുടെ കൈയിൽ നീ വെറുമൊരു മനുഷ്യനായിരിക്കും, ദൈവമായിരിക്കില്ല.”’
10 ‘അഗ്രചർമികളെപ്പോലെ നീ വിദേശികളുടെ കൈയാൽ മരിക്കും.കാരണം, ഞാനാണ് ഇതു പറയുന്നത്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
11 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു:
“പരിപൂർണതയുടെ ഉത്തമ ഉദാഹരണമായിരുന്നു നീ.*ജ്ഞാനത്തിന്റെ നിറകുടം;+ സൗന്ദര്യസമ്പൂർണൻ.+
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിലായിരുന്നു.
മാണിക്യം, ഗോമേദകം, സൂര്യകാന്തം, പീതരത്നം, നഖവർണി, പച്ചക്കല്ല്, ഇന്ദ്രനീലം, നീലഹരിതക്കല്ല്,+ മരതകം എന്നിങ്ങനെഎല്ലാ തരം രത്നങ്ങളാലും നീ അലങ്കൃതനായിരുന്നു.സ്വർണത്തടങ്ങളിലായിരുന്നു അവയെല്ലാം പതിച്ചിരുന്നത്.
നിന്നെ സൃഷ്ടിച്ച ദിവസംതന്നെ അവയെല്ലാം ഒരുക്കിവെച്ചിരുന്നു.
14 മറയ്ക്കാൻ നിൽക്കുന്ന അഭിഷിക്തകെരൂബായി ഞാൻ നിന്നെ നിയമിച്ചു.
നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിലായിരുന്നു.+ അഗ്നിശിലകൾക്കിടയിലൂടെ നീ ചുറ്റിനടന്നു.
15 നിന്നെ സൃഷ്ടിച്ച നാൾമുതൽനിന്നിൽ അനീതി കണ്ടതുവരെ നിന്റെ വഴികൾ കുറ്റമറ്റതായിരുന്നു.+
16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പം+ കാരണംനിന്നിൽ അക്രമം നിറഞ്ഞു. നീ പാപം ചെയ്തുതുടങ്ങി.+
അതുകൊണ്ട്, നിന്നെ ഞാൻ അശുദ്ധനെന്നു കണക്കാക്കി ദൈവത്തിന്റെ പർവതത്തിൽനിന്ന് പുറന്തള്ളും; നിന്നെ ഇല്ലാതാക്കും.+മറയ്ക്കുന്ന കെരൂബേ, അഗ്നിശിലകളുടെ ഇടയിൽനിന്ന് നിന്നെ ഞാൻ പുറത്താക്കും.
17 സൗന്ദര്യത്താൽ+ നിന്റെ ഹൃദയത്തിൽ ധാർഷ്ട്യം നിറഞ്ഞു.
നിന്റെ മഹനീയപ്രൗഢികൊണ്ട്+ നീ നിന്റെ ജ്ഞാനം ദുഷിപ്പിച്ചു.
ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളയും.+
രാജാക്കന്മാരുടെ മുന്നിൽ ഞാൻ നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
18 നിന്റെ തെറ്റുകളുടെ പെരുപ്പത്താലും സത്യസന്ധമല്ലാത്ത വ്യാപാരത്താലും നീ നിന്റെ വിശുദ്ധമന്ദിരങ്ങൾ അശുദ്ധമാക്കി.
നിന്റെ മധ്യേ തീ ആളിപ്പടരാൻ ഞാൻ ഇടയാക്കും. അതു നിന്നെ വിഴുങ്ങിക്കളയും.+
നിന്നെ നോക്കിക്കൊണ്ടിരിക്കുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ച് ഞാൻ നിന്നെ നിലത്തെ ചാരമാക്കിക്കളയും.
19 ജനതകളിൽ നിന്നെ അറിയുന്നവരെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ച് നോക്കും.+
നിന്റെ അന്ത്യം പെട്ടെന്നുള്ളതും ഭയാനകവും ആയിരിക്കും.നീ എന്നേക്കുമായി ഇല്ലാതാകും.”’”+
20 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
21 “മനുഷ്യപുത്രാ, സീദോന്+ എതിരെ മുഖം തിരിച്ച് അവൾക്കെതിരെ പ്രവചിക്കൂ!
22 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
“സീദോനേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിയുന്നു. നിന്റെ മധ്യേ എനിക്കു മഹത്ത്വം ലഭിക്കും.ഞാൻ അവൾക്കെതിരെ വിധി നടപ്പാക്കുകയും അവൾ മുഖേന എന്നെ വിശുദ്ധീകരിക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.
23 ഞാൻ അവളുടെ ഇടയിലേക്കു മാരകമായ പകർച്ചവ്യാധി അയയ്ക്കും. അവളുടെ തെരുവുകളിൽ രക്തം ഒഴുകും.
നാലുപാടുനിന്നും വാൾ അവൾക്കെതിരെ വരുമ്പോൾ ആളുകൾ അവളുടെ നടുവിൽ ചത്തുവീഴും.അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.+
24 “‘“ഇസ്രായേൽഗൃഹത്തോടു നിന്ദയോടെ പെരുമാറുന്ന ആരും, അവളെ കുത്തിനോവിക്കുന്ന മുൾച്ചെടികളായോ തുളച്ചുകയറുന്ന മുള്ളുകളായോ+ മേലാൽ അവർക്കു ചുറ്റുമുണ്ടായിരിക്കില്ല. ഞാൻ പരമാധികാരിയായ യഹോവയാണെന്ന് ആളുകൾ അറിയേണ്ടിവരും.”’
25 “‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഇസ്രായേൽഗൃഹത്തെ ഞാൻ കൂട്ടിച്ചേർക്കുമ്പോൾ+ ജനതകൾ കാൺകെ ഞാൻ അവരുടെ ഇടയിൽ വിശുദ്ധീകരിക്കപ്പെടും.+ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, സ്വന്തം മണ്ണിൽ, അവർ താമസിക്കും.+
26 അവർ സുരക്ഷിതരായി കഴിയും.+ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും.+ അവരോടു നിന്ദയോടെ പെരുമാറുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരുടെയും മേൽ ഞാൻ വിധി നടപ്പാക്കുമ്പോൾ+ അവർ സുരക്ഷിതരായി താമസിക്കും. അങ്ങനെ, അവരുടെ ദൈവമായ യഹോവയാണു ഞാൻ എന്ന് അവർ അറിയേണ്ടിവരും.”’”
അടിക്കുറിപ്പുകള്
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അക്ഷ. “നീ ഒരു മാതൃകയ്ക്കു മുദ്ര വെക്കുകയായിരുന്നു.”