യഹസ്കേൽ 29:1-21
29 പത്താം വർഷം പത്താം മാസം 12-ാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനു നേരെ മുഖം തിരിച്ച് അവനും അവന്റെ ഈജിപ്തിനും എതിരെ പ്രവചിക്കൂ!+
3 നീ ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു:
“ഫറവോനേ, ഈജിപ്തുരാജാവേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.+നൈലിന്റെ* തോടുകൾക്കു മധ്യേ കിടക്കുന്ന ഭീമാകാരനായ സമുദ്രജീവിയേ,+‘ഈ നൈൽ നദി എന്റെ സ്വന്തമാണ്.
ഞാൻ ഇത് എനിക്കായി ഉണ്ടാക്കിയതാണ്’ എന്നു നീ പറഞ്ഞല്ലോ.+
4 പക്ഷേ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ട കൊളുത്തും. നിന്റെ നൈലിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിക്കാൻ ഞാൻ ഇടയാക്കും.
ഞാൻ നിന്നെയും നിന്റെ ചെതുമ്പലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ മത്സ്യങ്ങളെയും നിന്റെ നൈലിൽനിന്ന് വലിച്ചുകയറ്റും.
5 നിന്നെയും നിന്റെ നൈലിലെ എല്ലാ മത്സ്യങ്ങളെയും ഞാൻ മരുഭൂമിയിൽ ഉപേക്ഷിക്കും.
നീ തുറസ്സായ സ്ഥലത്ത് വീഴും. ചിതറിക്കിടക്കുന്ന നിന്റെ ശരീരഭാഗങ്ങൾ ആരും പെറുക്കിക്കൂട്ടില്ല.+
ഞാൻ നിന്നെ ഭൂമിയിലെ വന്യമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ആഹാരമായി കൊടുക്കും.+
6 അപ്പോൾ ഈജിപ്തിൽ താമസിക്കുന്ന എല്ലാവരും ഞാൻ യഹോവയാണെന്ന് അറിയേണ്ടിവരും.കാരണം, അവരെക്കൊണ്ട് ഇസ്രായേൽഗൃഹത്തിന് ഒരു പ്രയോജനവുമുണ്ടായില്ല. താങ്ങേകാൻ കഴിവില്ലാത്ത വെറുമൊരു വയ്ക്കോൽകഷണമായിരുന്നു* അവർ.+
7 അവർ കൈയിൽ പിടിച്ചപ്പോൾ നീ തകർന്നുപോയി.
നീ കാരണം അവരുടെ തോൾ കീറിപ്പോയി.
അവർ നിന്നെ ചാരിയപ്പോൾ നീ ഒടിഞ്ഞുപോയി;അങ്ങനെ, അവരുടെ കാലുകൾ* ആടിയുലഞ്ഞു.”+
8 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക് എതിരെ ഒരു വാൾ അയയ്ക്കുന്നു.+ നിന്നിലുള്ള മനുഷ്യരെയും മൃഗങ്ങളെയും ഞാൻ നിഗ്രഹിക്കും.
9 ഈജിപ്ത് ഒരു പാഴിടമാകും. അതു നശിച്ചുകിടക്കും.+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും; കാരണം, ‘നൈൽ നദി എന്റെ സ്വന്തമാണ്; ഞാനാണ് ഇത് ഉണ്ടാക്കിയത്’ എന്നല്ലേ നീ* പറഞ്ഞത്?+
10 അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നൈലിനും എതിരാണ്. ഞാൻ ഈജിപ്ത് ദേശത്തെ നശിച്ചുകിടക്കുന്ന ഒരു പാഴിടമാക്കും.+ മിഗ്ദോൽ+ മുതൽ സെവേനെ+ വരെ, എത്യോപ്യയുടെ അതിർത്തിവരെ, അത് ഉണങ്ങിവരണ്ടുകിടക്കും.
11 മനുഷ്യരോ മൃഗങ്ങളോ അതുവഴി നടക്കില്ല.+ 40 വർഷം ആരും അവിടെ താമസിക്കില്ല.
12 ഈജിപ്തിനെ ഞാൻ പാഴായിക്കിടക്കുന്ന ഒരു ദേശമാക്കും. അത്രയും പാഴായിക്കിടക്കുന്ന മറ്റൊരു ദേശവുമുണ്ടായിരിക്കില്ല. അതിലെ നഗരങ്ങളുടെയത്രയും വിജനമായിക്കിടക്കുന്ന മറ്റൊരു നഗരവുമുണ്ടായിരിക്കില്ല. 40 വർഷത്തേക്ക് അവ അങ്ങനെ കിടക്കും.+ ഈജിപ്തുകാരെ ഞാൻ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്കു ഞാൻ അവരെ ഓടിച്ചുകളയും.”+
13 “‘പരമാധികാരിയായ യഹോവ പറയുന്നു: “ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ഈജിപ്തുകാരെ 40 വർഷം കഴിയുമ്പോൾ ഞാൻ കൂട്ടിവരുത്തും.+
14 ഈജിപ്തിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ ഞാൻ അവരുടെ ജന്മദേശമായ പത്രോസിലേക്കു+ മടക്കിക്കൊണ്ടുവരും. അവർ പിന്നീട് ഒരു എളിയ രാജ്യമായിരിക്കും.
15 ഈജിപ്ത് മറ്റെല്ലാ രാജ്യങ്ങളെക്കാളും താണുപോകും. മേലാൽ അതു മറ്റു ജനതകളെ അടക്കി ഭരിക്കില്ല.+ മറ്റു ജനതകളെ കീഴടക്കാൻ കഴിയാത്ത വിധം ഞാൻ അവരെ തീരെ ചെറുതാക്കും.+
16 പിന്നെ ഒരിക്കലും ഈജിപ്ത് ഇസ്രായേൽഗൃഹത്തിന് ഒരു ആശ്രയമായിരിക്കില്ല.+ മറിച്ച്, സഹായത്തിനുവേണ്ടി ഈജിപ്തിലേക്കു നോക്കിയത് എത്ര തെറ്റായിപ്പോയി എന്നതിന്റെ ഓർമിപ്പിക്കൽ മാത്രമായിരിക്കും അത്. ഞാൻ പരമാധികാരിയായ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”’”
17 27-ാം വർഷം ഒന്നാം മാസം ഒന്നാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
18 “മനുഷ്യപുത്രാ, സോരിന് എതിരെ പ്രവർത്തിക്കാൻ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ്+ തന്റെ സൈന്യത്തെ നിയോഗിച്ചു;+ അവൻ അവരെക്കൊണ്ട് കഠിനമായി വേല ചെയ്യിച്ചു. എല്ലാ തലയും കഷണ്ടിയായി. എല്ലാവരുടെയും തോളിലെ തൊലി പോയി. പക്ഷേ, സോരിലെ ആ അധ്വാനത്തിന് അവനും അവന്റെ സൈന്യത്തിനും കൂലിയൊന്നും കിട്ടിയില്ല.
19 “അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ബാബിലോൺരാജാവായ നെബൂഖദ്നേസറിന്+ ഈജിപ്ത് ദേശം കൊടുക്കുകയാണ്. അവൻ അതിനെ കൊള്ളയടിച്ച് കവർച്ച ചെയ്ത് അവളുടെ സമ്പത്തെല്ലാം കൊണ്ടുപോകും. അതായിരിക്കും അവന്റെ സൈന്യത്തിനുള്ള കൂലി.’
20 “‘അവൾക്കെതിരെ* അവൻ ചെയ്ത അധ്വാനത്തിനു പ്രതിഫലമായി ഞാൻ ഈജിപ്ത് ദേശം അവനു കൊടുക്കും. കാരണം, എനിക്കുവേണ്ടിയാണല്ലോ അവർ അതു ചെയ്തത്’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
21 “അന്ന് ഇസ്രായേൽഗൃഹത്തിനുവേണ്ടി ഞാൻ ഒരു കൊമ്പു മുളപ്പിക്കും.*+ അവരോടു സംസാരിക്കാൻ ഞാൻ നിനക്ക് അവസരം തരും. ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”
അടിക്കുറിപ്പുകള്
^ ഇവിടെയും താഴോട്ടും “നൈൽ” എന്നതു നദിയെയും ജലസേചനത്തിനുള്ള അതിന്റെ കനാലുകളെയും കുറിക്കുന്നു.
^ അക്ഷ. “ഈറ്റയായിരുന്നു.”
^ അക്ഷ. “ഇടുപ്പുകൾ.”
^ അക്ഷ. “അവൻ.”
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അതായത്, സോരിന് എതിരെ.
^ അഥവാ “ഇസ്രായേൽഗൃഹത്തിനു ഞാൻ ശക്തി കൊടുക്കും.”