യഹസ്കേൽ 32:1-32
32 12-ാം വർഷം 12-ാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി:
2 “മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപഗീതം പാടൂ! അവനോടു പറയണം:‘ജനതകൾക്കു നീ കരുത്തനായ ഒരു യുവസിംഹമായിരുന്നു.*പക്ഷേ, നീ നിശ്ശബ്ദനായിപ്പോയി.
ഭീമാകാരനായ ഒരു സമുദ്രജീവിയെപ്പോലെ+ നീ നിന്റെ നദികളെ ഇളക്കിമറിച്ചു.നീ കാലുകൊണ്ട് വെള്ളം കലക്കി നദികളെ* മലിനമാക്കി.’
3 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
‘അനേകം ജനതകളുടെ ഒരു സംഘത്തെ ഉപയോഗിച്ച് ഞാൻ നിന്റെ മേൽ എന്റെ വല വീശും.അവർ ആ വലയിൽ നിന്നെ വലിച്ചുകയറ്റും.
4 ഞാൻ നിന്നെ കരയിൽ ഉപേക്ഷിക്കും.തുറസ്സായ സ്ഥലത്തേക്കു ഞാൻ നിന്നെ വലിച്ചെറിയും.
ആകാശത്തിലെ എല്ലാ പക്ഷികളും നിന്റെ മേൽ വന്ന് ഇരിക്കാൻ ഞാൻ ഇടയാക്കും.നിന്നെക്കൊണ്ട് ഞാൻ ഭൂമുഖത്തുള്ള എല്ലാ വന്യമൃഗങ്ങളെയും തൃപ്തരാക്കും.+
5 ഞാൻ നിന്റെ മാംസം മലകളിൽ എറിയും.നിന്റെ അവശിഷ്ടങ്ങൾകൊണ്ട് ഞാൻ താഴ്വരകൾ നിറയ്ക്കും.+
6 നിന്നിൽനിന്ന് ചീറ്റിയൊഴുകുന്ന രക്തംകൊണ്ട് ഞാൻ ദേശം കുതിർക്കും; പർവതങ്ങൾവരെ രക്തത്തിൽ കുതിരും.അത് അരുവികളിൽ നിറയും.’*
7 ‘നീ ഇല്ലാതാകുമ്പോൾ ഞാൻ ആകാശങ്ങളെ മറയ്ക്കും; അതിലെ നക്ഷത്രങ്ങൾ ഇരുണ്ടുപോകാൻ ഇടയാക്കും.
ഞാൻ സൂര്യനെ മേഘംകൊണ്ട് മറയ്ക്കും;ചന്ദ്രൻ വെളിച്ചം തരില്ല.+
8 ആകാശത്തിലെ പ്രകാശഗോളങ്ങളെല്ലാം നീ കാരണം ഇരുണ്ടുപോകാൻ ഞാൻ ഇടയാക്കും;നിന്റെ ദേശം ഞാൻ ഇരുളിലാഴ്ത്തും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
9 ‘മറ്റു ജനതകളുടെ അടുത്തേക്ക്, നിനക്ക് അപരിചിതമായ ദേശങ്ങളിലേക്ക്,+ഞാൻ നിന്റെ ബന്ദികളെ കൊണ്ടുപോകും. അങ്ങനെ, അനേകം ജനതകളെ ഞാൻ ഹൃദയവേദനയിലാഴ്ത്തും.
10 അനേകം ജനതകളെ ഞാൻ സ്തബ്ധരാക്കും.അവരുടെ രാജാക്കന്മാരുടെ മുന്നിൽവെച്ച് ഞാൻ നിന്റെ നേരെ വാൾ വീശുമ്പോൾ ആ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.
നിന്റെ പതനദിവസംഓരോരുത്തരും പ്രാണഭയത്താൽ വിറയ്ക്കും. അവരുടെ വിറയൽ മാറില്ല.’
11 കാരണം, പരമാധികാരിയായ യഹോവ പറയുന്നു:
‘ബാബിലോൺരാജാവിന്റെ വാൾ നിന്റെ മേൽ പതിക്കും.+
12 നിന്റെ ജനസമൂഹത്തെ ഞാൻ യുദ്ധവീരന്മാരുടെ വാളിന് ഇരയാക്കും;അവരെല്ലാം ക്രൂരന്മാരാണ്; മറ്റെല്ലാ ജനതകളെക്കാളും ക്രൂരന്മാർ!+
ഈജിപ്തിന്റെ അഹങ്കാരം അവർ അവസാനിപ്പിക്കും; അവളുടെ ജനസമൂഹം നാമാവശേഷമാകും.+
13 അവളുടെ സമൃദ്ധമായ വെള്ളത്തിന് അരികിലുള്ള മൃഗങ്ങളെയെല്ലാം ഞാൻ നശിപ്പിക്കും.+മനുഷ്യപാദമോ മൃഗക്കുളമ്പോ മേലാൽ ആ വെള്ളം കലക്കില്ല.’+
14 ‘അന്നു ഞാൻ അവരുടെ വെള്ളം തെളിമയുള്ളതാക്കും;അവരുടെ നദികൾ എണ്ണപോലെ ഒഴുകാൻ ഇടയാക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
15 ‘ഒരിക്കൽ സമൃദ്ധമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഒരു പാഴ്നിലമായി ഞാൻ ഈജിപ്തിനെ മാറ്റുമ്പോൾ,+അതിലെ നിവാസികളെയെല്ലാം ഞാൻ കൊന്നൊടുക്കുമ്പോൾ,ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.+
16 ഇത് ഒരു വിലാപഗീതം! ആളുകൾ നിശ്ചയമായും ഇതു പാടും.ജനതകളുടെ പുത്രിമാർ അത് ആലപിക്കും.
ഈജിപ്തിനെയും അതിന്റെ ജനസമൂഹത്തെയും കുറിച്ച് അവർ അതു പാടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
17 12-ാം വർഷം, മാസത്തിന്റെ 15-ാം ദിവസം എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
18 “മനുഷ്യപുത്രാ, ഈജിപ്തിന്റെ ജനസമൂഹത്തെ ഓർത്ത് വിലപിക്കൂ! അവളെയും ശക്തരായ ജനതകളുടെ പുത്രിമാരെയും കുഴിയിലേക്കു* പോകുന്നവരുടെകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കൂ!
19 “‘നീ ആരെക്കാളെങ്കിലും സുന്ദരിയാണോ? കുഴിയിലേക്ക് ഇറങ്ങി അഗ്രചർമികളുടെകൂടെ കിടക്കൂ!’
20 “‘വാളിന് ഇരയായവർക്കിടയിലേക്ക് അവർ വീഴും.+ അവളെ വാളിനു വിട്ടുകൊടുത്തിരിക്കുന്നു. അവളുടെ ജനസമൂഹത്തോടൊപ്പം അവളെ വലിച്ചിഴച്ച് കൊണ്ടുപോകൂ!
21 “‘യോദ്ധാക്കളിൽ ശൂരന്മാർ ശവക്കുഴിയുടെ* ആഴങ്ങളിൽനിന്ന് അവനോടും അവന്റെ സഹായികളോടും സംസാരിക്കും. അവർ വാളിന് ഇരയായി കുഴിയിലേക്ക് ഇറങ്ങും; അഗ്രചർമികളെപ്പോലെ അവിടെ കിടക്കും.
22 അസീറിയയും അവളുടെ ജനസമൂഹം മുഴുവനും അവിടെയുണ്ട്. എല്ലാവരും വാളിന് ഇരയായവർ!+ അവരുടെ ശവക്കുഴികളാണ് അവനു ചുറ്റും.
23 കുഴിയുടെ* ആഴങ്ങളിലാണ് അവളുടെ ശവക്കുഴികൾ. അവളുടെ ജനസമൂഹമോ അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവരെല്ലാം വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.
24 “‘ഏലാമും+ അവിടെയുണ്ട്. അവളുടെ ശവക്കുഴിക്കു ചുറ്റും അവളുടെ ജനസമൂഹം മുഴുവനുമുണ്ട്. അവരെല്ലാം വാളിന് ഇരയായവർ! ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ച അവർ അഗ്രചർമികളായി ഭൂമിയുടെ അധോഭാഗത്തേക്കു പോയിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം സഹിക്കട്ടെ.
25 കൊല്ലപ്പെട്ടവരുടെ ഇടയിൽ അവർ അവൾക്ക് ഒരു കിടക്ക വിരിച്ചു. അവളുടെ ശവക്കുഴികൾക്കു ചുറ്റും അവളുടെ ജനസമൂഹവും കിടക്കുന്നു. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും. കൊല്ലപ്പെട്ടവരുടെ ഇടയിൽ അവനെയും ഇട്ടിരിക്കുന്നു.
26 “‘മേശെക്കും തൂബലും+ അവരുടെ* ജനസമൂഹം മുഴുവനും അവിടെയുണ്ട്. അവരുടെ* ശവക്കുഴികളാണ് അവനു ചുറ്റും. അവരെല്ലാം അഗ്രചർമികളാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവർ വാളുകൊണ്ട് കുത്തേറ്റ് കിടക്കുന്നു.
27 തങ്ങളുടെ യുദ്ധായുധങ്ങളുമായി ശവക്കുഴിയിലേക്ക്* ഇറങ്ങിയ വീരയോദ്ധാക്കളോടൊപ്പം, വീണുപോയ ആ അഗ്രചർമികളോടൊപ്പം, അവരും കിടക്കില്ലേ? അവരുടെ വാളുകൾ അവരുടെ തലയുടെ അടിയിലും* അവരുടെ പാപങ്ങൾ അവരുടെ അസ്ഥികളുടെ മുകളിലും വെക്കും. കാരണം, ഈ യുദ്ധവീരന്മാർ ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചവരായിരുന്നല്ലോ.
28 പക്ഷേ, നീ അഗ്രചർമികളുടെ ഇടയിൽ ഞെരിഞ്ഞമരും. വാളിന് ഇരയായവരുടെകൂടെ നീ കിടക്കും.
29 “‘ഏദോമും+ അവിടെയുണ്ട്. വലിയ പ്രതാപശാലികളായിരുന്നിട്ടും അവളുടെ രാജാക്കന്മാരെയും എല്ലാ തലവന്മാരെയും വാളിന് ഇരയായവരോടൊപ്പം കിടത്തി. അവരും അഗ്രചർമികളുടെകൂടെ,+ കുഴിയിലേക്ക്* ഇറങ്ങുന്നവരുടെകൂടെ, കിടക്കും.
30 “‘വടക്കുള്ള എല്ലാ പ്രഭുക്കന്മാരും* സകല സീദോന്യരും+ അവിടെയുണ്ട്. പ്രതാപത്താൽ ഭീതി വിതച്ചവരെങ്കിലും അവർ കൊല്ലപ്പെട്ടവരുടെകൂടെ അപമാനിതരായി കുഴിയിലേക്ക് ഇറങ്ങിയിരിക്കുന്നു. വാളിന് ഇരയായവരോടൊപ്പം അഗ്രചർമികളായി അവർ കിടക്കും. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും.
31 “‘ഇതെല്ലാം കാണുന്ന ഫറവോനു തന്റെ ജനസമൂഹത്തിനു സംഭവിച്ചതിനെപ്പറ്റി ആശ്വാസം തോന്നും.+ പക്ഷേ, ഫറവോനും അവന്റെ സൈന്യം മുഴുവനും വാളാൽ കൊല്ലപ്പെടും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
32 “‘ഫറവോൻ ജീവനുള്ളവരുടെ ദേശത്ത് ഭീതി വിതച്ചതുകൊണ്ട് അവനും അവന്റെ ജനസമൂഹവും വാളാൽ കൊല്ലപ്പെട്ടവരോടൊപ്പം അന്ത്യവിശ്രമംകൊള്ളും; അവർ അഗ്രചർമികളോടൊപ്പം കിടക്കും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്
^ അക്ഷ. “അവരുടെ നദികളെ.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹമായിരുന്നു.”
^ അക്ഷ. “അരുവിത്തടങ്ങൾ നിന്നിൽനിന്ന് (നിന്നെക്കൊണ്ട്) നിറയും.”
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അഥവാ “ശവക്കുഴിയുടെ.”
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അക്ഷ. “അവളുടെ.”
^ അക്ഷ. “അവളുടെ.”
^ വാൾ സഹിതം സൈനികബഹുമതിയോടെ അടക്കം ചെയ്ത യുദ്ധവീരന്മാരെയായിരിക്കാം ഇതു കുറിക്കുന്നത്.
^ അഥവാ “ശവക്കുഴിയിലേക്ക്.”
^ അഥവാ “നേതാക്കന്മാരും.”
^ അഥവാ “ശവക്കുഴിയിലേക്ക്.”