യഹസ്കേൽ 42:1-20
42 പിന്നെ, വടക്കുള്ള പുറത്തെ മുറ്റത്തേക്ക് എന്നെ കൊണ്ടുപോയി.+ എന്നിട്ട്, എന്നെ തുറസ്സായ സ്ഥലത്തിന് അടുത്തുള്ള കെട്ടിടസമുച്ചയത്തിലേക്കു കൊണ്ടുചെന്നു;+ അവിടെ ഊണുമുറികളായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിന്റെ വടക്കുഭാഗത്തായിരുന്നു ആ കെട്ടിടസമുച്ചയം.+
2 വടക്കേ പ്രവേശനകവാടമുള്ള വശത്ത് അതിന്റെ നീളം 100 മുഴം;* വീതി 50 മുഴം.
3 പുറത്തെ മുറ്റത്തിന്റെ കൽത്തളത്തിനും 20 മുഴം വീതിയുള്ള അകത്തെ മുറ്റത്തിനും+ ഇടയിലായിരുന്നു അതിന്റെ സ്ഥാനം. ഊണുമുറികൾ മൂന്നു നിലയായിട്ടായിരുന്നു. പരസ്പരം അഭിമുഖമായുള്ള വരാന്തകൾ അവയ്ക്കുണ്ടായിരുന്നു.
4 ഊണുമുറികളുടെ* മുന്നിൽ ഉള്ളിലായി 10 മുഴം വീതിയുള്ള ഒരു നടപ്പാതയുണ്ടായിരുന്നു.+ അതിന്റെ നീളം 100 മുഴമായിരുന്നു.* അവയുടെ പ്രവേശനകവാടങ്ങളുടെ ദർശനം വടക്കോട്ടായിരുന്നു.
5 വരാന്തകൾ കൂടുതൽ സ്ഥലം എടുത്തതുകൊണ്ട് മുകളിലത്തെ നിലയിലെ ഊണുമുറികൾ താഴത്തെയും നടുവിലത്തെയും നിലകളിലെ ഊണുമുറികളെ അപേക്ഷിച്ച് ഇടുങ്ങിയതായിരുന്നു.
6 മൂന്നു നിലയുണ്ടായിരുന്നെങ്കിലും മുറ്റത്തുള്ളതുപോലുള്ള തൂണുകൾ അവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ്, താഴത്തേതിന്റെയും നടുവിലത്തേതിന്റെയും അത്ര തറവിസ്തീർണമില്ലാതെ മുകളിലത്തെ നില പണിതത്.
7 പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ സമീപത്തെ, കല്ലുകൊണ്ടുള്ള പുറമതിലിന്റെ നീളം 50 മുഴമായിരുന്നു. മറ്റുള്ള ഊണുമുറികൾക്ക് അഭിമുഖമായിരുന്നു അത്.
8 പുറത്തെ മുറ്റത്തിനു നേർക്കുള്ള ഊണുമുറികളുടെ നീളം 50 മുഴമായിരുന്നു. പക്ഷേ, വിശുദ്ധമന്ദിരത്തിന് അഭിമുഖമായുള്ളവയുടെ നീളം 100 മുഴം.
9 പുറത്തെ മുറ്റത്തുനിന്ന് ഊണുമുറികളിലേക്കു വരാൻ അവയുടെ കിഴക്കുവശത്ത് ഒരു പ്രവേശനമാർഗമുണ്ടായിരുന്നു.
10 മുറ്റത്തുള്ള, കിഴക്കുവശത്തെ കൻമതിലിന്റെ ഉള്ളിലും* ഊണുമുറികളുണ്ടായിരുന്നു. തുറസ്സായ സ്ഥലത്തിനും കെട്ടിടത്തിനും അടുത്തായിരുന്നു അത്.+
11 വടക്കുള്ള ഊണുമുറികളുടേതുപോലെ ഇവയുടെ മുന്നിലും നടപ്പാതയുണ്ടായിരുന്നു.+ ഇവയ്ക്കും അതേ നീളവും വീതിയും ആയിരുന്നു. ഇവയുടെ പുറത്തേക്കുള്ള വഴികളും രൂപമാതൃകയും അവയുടേതുപോലെതന്നെയായിരുന്നു. പ്രവേശനകവാടങ്ങൾ
12 തെക്കോട്ടുള്ള ഊണുമുറികളുടെ പ്രവേശനകവാടങ്ങൾപോലെയായിരുന്നു. ആളുകൾക്കു പ്രവേശിക്കാൻ നടപ്പാത തുടങ്ങുന്നിടത്ത് ഒരു പ്രവേശനകവാടമുണ്ടായിരുന്നു.+ അതു കിഴക്കുവശത്ത്, തൊട്ടടുത്തുതന്നെയുള്ള കൻമതിലിന്റെ മുന്നിലായിരുന്നു.
13 അപ്പോൾ, അദ്ദേഹം എന്നോടു പറഞ്ഞു: “തുറസ്സായ സ്ഥലത്തിന് അടുത്തുള്ള+ വടക്കുവശത്തെ ഊണുമുറികളും തെക്കുവശത്തെ ഊണുമുറികളും വിശുദ്ധമാണ്. ഇവിടെവെച്ചാണ് യഹോവയെ സമീപിക്കുന്ന പുരോഹിതന്മാർ അതിവിശുദ്ധമായ യാഗവസ്തുക്കൾ കഴിക്കുന്നത്.+ ഈ സ്ഥലം വിശുദ്ധമായതുകൊണ്ട് അതിവിശുദ്ധമായ യാഗവസ്തുക്കൾ, ധാന്യയാഗത്തിന്റെയും പാപയാഗത്തിന്റെയും അപരാധയാഗത്തിന്റെയും വസ്തുക്കൾ, അവർ ഇവിടെയാണു വെക്കാറുള്ളത്.+
14 ഒരിക്കൽ പുരോഹിതന്മാർ അകത്ത് പ്രവേശിച്ചാൽ, ശുശ്രൂഷ ചെയ്യാൻ ധരിച്ച വസ്ത്രങ്ങൾ ഊരിമാറ്റാതെ അവർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തെ മുറ്റത്തേക്കു പോകരുതായിരുന്നു.+ കാരണം, അവ വിശുദ്ധമാണ്. പൊതുജനത്തിനു വരാൻ അനുമതിയുള്ള സ്ഥലത്ത് ചെല്ലുമ്പോൾ അവർ വേറെ വസ്ത്രങ്ങൾ ധരിക്കണമായിരുന്നു.”
15 അദ്ദേഹം ദേവാലയപരിസരത്തിന്റെ അകത്തെ ഭാഗം* അളന്നശേഷം കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ+ എന്നെ പുറത്തേക്കു കൊണ്ടുപോയിട്ട് അവിടം മുഴുവനും അളന്നു.
16 മുഴക്കോലുകൊണ്ട്* അദ്ദേഹം കിഴക്കുവശം അളന്നു. ഒരറ്റംമുതൽ മറ്റേ അറ്റംവരെ അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
17 അദ്ദേഹം മുഴക്കോലുകൊണ്ട് വടക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
18 അദ്ദേഹം മുഴക്കോലുകൊണ്ട് തെക്കുവശം അളന്നു. അതിന്റെ നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
19 എന്നിട്ട്, ചുറ്റി പടിഞ്ഞാറുവശത്തേക്കു പോയ അദ്ദേഹം മുഴക്കോലുകൊണ്ട് അവിടം അളന്നു, നീളം ആ മുഴക്കോലിന് 500 മുഴക്കോൽ.
20 നാലു വശവും അദ്ദേഹം അളന്നു. ചുറ്റും 500 മുഴക്കോൽ നീളവും 500 മുഴക്കോൽ വീതിയും ഉള്ള+ ഒരു മതിലുണ്ടായിരുന്നു.+ വിശുദ്ധമായതും പൊതുവായ ഉപയോഗത്തിനുള്ളതും തമ്മിൽ വേർതിരിക്കാനായിരുന്നു ഈ മതിൽ.+
അടിക്കുറിപ്പുകള്
^ അഥവാ “അറകളുടെ.”
^ ഗ്രീക്ക് സെപ്റ്റുവജിന്റ് അനുസരിച്ച് “നീളം 100 മുഴമായിരുന്നു.” എബ്രായ മൂലപാഠമനുസരിച്ച് “ഒരു മുഴമുള്ള ഒരു വഴിയുണ്ടായിരുന്നു.” അനു. ബി14 കാണുക.
^ അക്ഷ. “വീതിയിൽ.”
^ അക്ഷ. “അകത്തെ ഭവനം.”