യഹസ്കേൽ 6:1-14
6 യഹോവയിൽനിന്ന് എനിക്കു വീണ്ടും സന്ദേശം കിട്ടി:
2 “മനുഷ്യപുത്രാ, ഇസ്രായേൽമലകൾക്കു നേരെ മുഖം തിരിച്ച് അവയ്ക്കെതിരെ പ്രവചിക്കൂ!
3 നീ പറയണം: ‘ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ: പരമാധികാരിയാം കർത്താവായ യഹോവ മലകളോടും കുന്നുകളോടും അരുവികളോടും താഴ്വരകളോടും പറയുന്നത് ഇതാണ്: “ഞാൻ നിങ്ങൾക്കെതിരെ ഒരു വാൾ അയയ്ക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* നശിപ്പിക്കും.
4 നിങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുകളയും. സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള നിങ്ങളുടെ പീഠങ്ങൾ തകർക്കും.+ നിങ്ങളുടെ ആളുകളിൽ കൊല്ലപ്പെട്ടവരെ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* മുന്നിലേക്കു ഞാൻ വലിച്ചെറിയും.+
5 ഇസ്രായേൽ ജനത്തിന്റെ ശവശരീരങ്ങൾ ഞാൻ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ മുന്നിലേക്ക് എറിയും. ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ യാഗപീഠങ്ങൾക്കു ചുറ്റും ചിതറിച്ചിടും.+
6 നിങ്ങൾ താമസിക്കുന്നിടത്തെ നഗരങ്ങളെല്ലാം നശിപ്പിക്കും,+ ആരാധനാസ്ഥലങ്ങൾ* തകർക്കും.+ അവയെല്ലാം ശൂന്യമായിക്കിടക്കും. നിങ്ങളുടെ യാഗപീഠങ്ങളെല്ലാം തവിടുപൊടിയാക്കും. നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ നശിപ്പിക്കും, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്ത്തും. നിങ്ങളുടെ പണികൾ തുടച്ചുനീക്കും.
7 കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യേ വീഴും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
8 “‘“പക്ഷേ, കുറച്ചുപേർ അവശേഷിക്കാൻ ഞാൻ അനുവദിക്കും. കാരണം, പല ദേശങ്ങളിലേക്കു നിങ്ങൾ ചിതറിപ്പോകുമ്പോൾ ജനതകളുടെ ഇടയിൽ വാളിൽനിന്ന് രക്ഷപ്പെടുന്ന ചിലരുണ്ടാകും.+
9 അങ്ങനെ, രക്ഷപ്പെടുന്നവർ അടിമകളായി ജനതകളുടെ ഇടയിൽ കഴിയുമ്പോൾ എന്നെ ഓർക്കും.+ എന്നിൽനിന്ന് അകന്നുപോയ അവരുടെ അവിശ്വസ്തഹൃദയം* കാരണവും മ്ലേച്ഛവിഗ്രഹങ്ങളെ കാമാവേശത്തോടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്+ അവർ മനസ്സിലാക്കും. തങ്ങൾ ചെയ്തുകൂട്ടിയ എല്ലാ ദുഷ്പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത് അവർ ലജ്ജിക്കും. അവർക്ക് അവയോടെല്ലാം വെറുപ്പു തോന്നും.+
10 ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും. അവരുടെ മേൽ ഇങ്ങനെയൊരു ദുരന്തം വരുത്തുമെന്നുള്ള എന്റെ മുന്നറിയിപ്പുകൾ ഒരു തമാശയല്ലായിരുന്നെന്നും അവർ തിരിച്ചറിയും.”’+
11 “പരമാധികാരിയായ യഹോവ പറയുന്നു: ‘കൈ കൊട്ടൂ! കാലുകൾ അമർത്തിച്ചവിട്ടൂ! ഇസ്രായേൽഗൃഹം ചെയ്തുകൂട്ടിയ എല്ലാ ദുഷ്പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത് വിലപിക്കൂ! അവർ വാളിന് ഇരയാകും; ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും അവർ ചത്തൊടുങ്ങും.+
12 ദൂരെയുള്ളവൻ മാരകമായ പകർച്ചവ്യാധിയാൽ ചാകും; അടുത്തുള്ളവൻ വാളിന് ഇരയാകും. ഇവയിൽനിന്ന് രക്ഷപ്പെടുന്നവർ ക്ഷാമം കാരണം മരിക്കും. ഒട്ടും ബാക്കി വെക്കാതെ ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരിയും.+
13 അവരിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾ, അവർ മ്ലേച്ഛവിഗ്രഹങ്ങളെ പ്രസാദിപ്പിക്കാൻവേണ്ടി സൗരഭ്യയാഗങ്ങൾ* അർപ്പിച്ച വൻവൃക്ഷങ്ങളുടെ ശിഖരങ്ങൾക്കു കീഴെയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ ഇടയിലും+ യാഗപീഠങ്ങൾക്കു ചുറ്റിലും+ ഉയരമുള്ള സകല കുന്നുകളിലും എല്ലാ മലമുകളിലും ഇലത്തഴപ്പുള്ള മരങ്ങളുടെ ചുവട്ടിലും ചിതറിക്കിടക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
14 ഞാൻ അവരുടെ നേരെ കൈ നീട്ടി ആ ദേശത്തെ ഒരു പാഴ്നിലമാക്കും. അവരുടെ താമസസ്ഥലങ്ങളെല്ലാം ദിബ്ലയ്ക്കടുത്തുള്ള വിജനഭൂമിയെക്കാൾ* ശൂന്യമാകും. അപ്പോൾ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.’”
അടിക്കുറിപ്പുകള്
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അഥവാ “അസാന്മാർഗികമായി പിന്തുടരുന്ന.”
^ അഥവാ “അസാന്മാർഗികഹൃദയം.”
^ അഥവാ “പ്രീതിപ്പെടുത്തുന്ന സുഗന്ധം.”