യഹസ്കേൽ 8:1-18
8 ആറാം വർഷം ആറാം മാസം അഞ്ചാം ദിവസം ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. യഹൂദാമൂപ്പന്മാരും എന്റെ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ, പരമാധികാരിയായ യഹോവയുടെ കൈ എന്റെ മേൽ വന്നു.
2 ഞാൻ നോക്കിയപ്പോൾ അതാ, കാഴ്ചയ്ക്കു തീപോലിരിക്കുന്ന ഒരു രൂപം! ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗംമുതൽ കീഴ്പോട്ടു തീയുണ്ടായിരുന്നു.+ അരയ്ക്കു മേൽപ്പോട്ടോ രജതസ്വർണത്തിന്റെ* തിളക്കംപോലെ ഉജ്ജ്വലമായ ഒരു ശോഭയും.+
3 അപ്പോൾ ദൈവം കൈപോലിരിക്കുന്ന ഭാഗം എന്റെ നേരെ നീട്ടി എന്റെ മുടിയിൽ പിടിച്ച് എന്നെ എടുത്തു. ഒരു ആത്മാവ്* എന്നെ ദിവ്യദർശനത്തിൽ ആകാശത്തിനും ഭൂമിക്കും നടുവിലൂടെ യരുശലേമിലേക്ക്, വടക്കോട്ട് അഭിമുഖമായുള്ള അകത്തെ കവാടത്തിന്റെ+ മുന്നിലേക്ക്, കൊണ്ടുപോയി. രോഷം ജനിപ്പിക്കുന്ന, രോഷത്തിന്റെ ഒരു വിഗ്രഹപ്രതീകം*+ അവിടെയുണ്ടായിരുന്നു.
4 അതാ, അവിടെ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ്!+ താഴ്വരയിൽ ഞാൻ കണ്ടതുപോലുള്ള ഒരു തേജസ്സായിരുന്നു അത്.+
5 അപ്പോൾ ദൈവം എന്നോട്, “മനുഷ്യപുത്രാ, തല ഉയർത്തി വടക്കോട്ടു നോക്കാമോ” എന്നു ചോദിച്ചു. ഞാൻ തല ഉയർത്തി വടക്കോട്ടു നോക്കി. അപ്പോൾ അതാ, അവിടെ യാഗപീഠത്തിന്റെ കവാടത്തിനു വടക്ക് വാതിൽക്കലായി രോഷത്തിന്റെ ആ പ്രതീകം!*
6 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, എത്ര ഭയങ്കരമായ വൃത്തികേടുകളാണ് ഇസ്രായേൽഗൃഹം ഇവിടെ ചെയ്തുകൂട്ടുന്നതെന്നു+ നീ കണ്ടോ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ട് അകന്നുപോകാൻ ഇടയാക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.+ പക്ഷേ, ഇതിലും ഭയങ്കരമായ വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”
7 എന്നിട്ട്, ദൈവം എന്നെ മുറ്റത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
8 ദൈവം എന്നോട്, “മനുഷ്യപുത്രാ, ദയവായി ചുവർ കുത്തിത്തുരക്കുക” എന്നു പറഞ്ഞു. ഞാൻ അതു കുത്തിത്തുരന്നു. അപ്പോൾ അതാ, ഒരു പ്രവേശനമാർഗം.
9 ദൈവം എന്നോടു പറഞ്ഞു: “അകത്തേക്കു ചെന്ന് അവർ അവിടെ എന്തൊക്കെ ദുഷ്പ്രവൃത്തികളും വൃത്തികേടുകളും ആണ് ചെയ്തുകൂട്ടുന്നതെന്നു കാണൂ!”
10 ഞാൻ അകത്ത് ചെന്ന് നോക്കി. അവിടെ എല്ലാ തരം ഇഴജന്തുക്കളുടെയും അറപ്പു തോന്നുന്ന മൃഗങ്ങളുടെയും രൂപങ്ങൾ ഞാൻ കണ്ടു.+ കൂടാതെ, ഇസ്രായേൽഗൃഹത്തിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ അവിടെയുണ്ടായിരുന്നു. അവ ചുറ്റുമുള്ള ചുവരിലെല്ലാം കൊത്തിവെച്ചിരുന്നു.
11 അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ് അവരെല്ലാം നിന്നിരുന്നത്. സുഗന്ധക്കൂട്ടിൽനിന്ന് സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.+
12 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിലെ മൂപ്പന്മാർ അവരുടെ വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന ഉൾമുറികളിൽ ഇരുട്ടത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നീ കണ്ടോ? ‘യഹോവ നമ്മളെ കാണുന്നില്ല. യഹോവ ദേശം വിട്ട് പോയി’ എന്നാണ് അവർ പറയുന്നത്.”+
13 ദൈവം എന്നോട് ഇങ്ങനെയും പറഞ്ഞു: “അവർ ഇതിലും ഭയങ്കരമായ വൃത്തികേടുകൾ ചെയ്തുകൂട്ടുന്നതു നീ കാണാനിരിക്കുന്നതേ ഉള്ളൂ.”
14 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ വടക്കേ കവാടത്തിന്റെ മുന്നിൽ കൊണ്ടുവന്നു. അവിടെ അതാ, സ്ത്രീകൾ ഇരുന്ന് തമ്മൂസ് ദേവനെച്ചൊല്ലി വിലപിക്കുന്നു!
15 ദൈവം ഇങ്ങനെയും എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ഇവയെക്കാൾ മോശമായ ഭയങ്കര വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”+
16 അങ്ങനെ ദൈവം എന്നെ യഹോവയുടെ ഭവനത്തിന്റെ അകത്തെ മുറ്റത്തേക്കു+ കൊണ്ടുവന്നു. അവിടെ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും ഇടയിലായി 25-ഓളം പുരുഷന്മാർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞ് കിഴക്കോട്ടു മുഖം തിരിച്ച് നിൽക്കുന്നതായി ഞാൻ കണ്ടു. അവർ കിഴക്കോട്ടു നോക്കി സൂര്യനെ കുമ്പിടുകയായിരുന്നു.+
17 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ദേശം അക്രമംകൊണ്ട് നിറച്ച് യഹൂദാഗൃഹം എന്നെ വീണ്ടുംവീണ്ടും കോപിപ്പിക്കുകയാണ്. എന്തൊക്കെ വൃത്തികേടുകളാണ് അവർ ഈ കാണിക്കുന്നത്?+ ഇതൊക്കെ തീരെ നിസ്സാരമാണെന്നാണോ അവരുടെ വിചാരം? ഇതാ, എന്റെ മൂക്കിനു നേരെ അവർ മരക്കമ്പു* നീട്ടുന്നു!
18 അതുകൊണ്ട് ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും. എനിക്ക് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവർ എന്നെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞാലും ഞാൻ അതു കേൾക്കില്ല.”+
അടിക്കുറിപ്പുകള്
^ സ്വർണവും വെള്ളിയും ചേർന്ന നല്ല തിളക്കമുള്ള സങ്കരലോഹം.
^ ദൈവാത്മാവിനെയോ ഒരു ആത്മവ്യക്തിയെയോ ആയിരിക്കാം കുറിക്കുന്നത്.
^ അഥവാ “വിഗ്രഹപ്രതിരൂപം.”
^ അഥവാ “പ്രതിരൂപം.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ വിഗ്രഹാരാധനയിൽ ഉപയോഗിച്ചിരുന്ന മരക്കമ്പായിരിക്കാനാണു സാധ്യത.