യാക്കോബ് എഴുതിയ കത്ത് 2:1-26
2 എന്റെ സഹോദരങ്ങളേ, യേശുക്രിസ്തു എന്ന നമ്മുടെ ശ്രേഷ്ഠനായ കർത്താവിൽ വിശ്വസിക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണിക്കാൻ കഴിയുന്നത് എങ്ങനെ?+
2 നിങ്ങളുടെ യോഗത്തിലേക്കു സ്വർണമോതിരങ്ങളും മനോഹരമായ വസ്ത്രങ്ങളും അണിഞ്ഞ ഒരാളും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും കടന്നുവരുമ്പോൾ,
3 മനോഹരമായ വസ്ത്രം ധരിച്ചയാൾക്കു പ്രത്യേകപരിഗണന നൽകി അയാളോട്, “ഇതാ, ഇവിടെ സുഖമായിരുന്നാലും” എന്നും ദരിദ്രനോട്, “നീ അവിടെ നിൽക്ക്” അല്ലെങ്കിൽ, “അവിടെ നിലത്ത്* ഇരിക്ക്” എന്നും നിങ്ങൾ പറയാറുണ്ടോ?+
4 ഉണ്ടെങ്കിൽ, നിങ്ങൾ ഈ രീതിയിൽ ആളുകളെ തരം തിരിച്ച് കാണുന്നെന്നും+ നിങ്ങൾ ദുഷ്ടമായ വിധികൾ പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരാണെന്നും അല്ലേ അതിന് അർഥം?+
5 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, കേൾക്കുക: ലോകത്തിന്റെ വീക്ഷണത്തിൽ ദരിദ്രരായവരെ, വിശ്വാസത്തിൽ സമ്പന്നരാകാനും+ തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത രാജ്യത്തിന്റെ അവകാശികളാകാനും വേണ്ടി ദൈവം തിരഞ്ഞെടുത്തില്ലേ?+
6 എന്നാൽ നിങ്ങൾ ദരിദ്രരെ അപമാനിച്ചിരിക്കുന്നു. വാസ്തവത്തിൽ, പണക്കാരല്ലേ നിങ്ങളെ ഉപദ്രവിക്കുന്നത്?+ അവരല്ലേ നിങ്ങളെ കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നത്?
7 നിങ്ങൾക്കു ലഭിച്ച ശ്രേഷ്ഠനാമത്തെ നിന്ദിക്കുന്നതും അവരല്ലേ?
8 തിരുവെഴുത്തിലുള്ള, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്ന രാജകീയനിയമം അനുസരിക്കുന്നെങ്കിൽ നിങ്ങൾ ശരിയായ കാര്യമാണു ചെയ്യുന്നത്.
9 എന്നാൽ ഇനിയും ഇങ്ങനെ പക്ഷപാതം കാണിക്കുകയാണെങ്കിൽ+ നിങ്ങൾ പാപം ചെയ്യുകയാണ്; നിയമം നിങ്ങളെ കുറ്റക്കാരെന്നു വിധിക്കും.*+
10 നിയമത്തിലുള്ളതെല്ലാം അനുസരിക്കുന്ന ഒരാൾ അതിലെ ഒരു കാര്യത്തിൽ തെറ്റിപ്പോയാൽ അയാൾ എല്ലാത്തിലും കുറ്റക്കാരനായിത്തീരുന്നു.+
11 “വ്യഭിചാരം ചെയ്യരുത്”+ എന്നു കല്പിച്ചവൻ, “കൊല ചെയ്യരുത്”+ എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു.
12 സ്വതന്ത്രമായൊരു ജനതയുടെ* നിയമത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കപ്പെടാനുള്ളവരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക.+
13 കരുണ കാണിക്കാത്തയാൾക്കു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.+ കരുണ ന്യായവിധിയുടെ മേൽ ജയം നേടുന്നു.
14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും എന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം?+ ആ വിശ്വാസംകൊണ്ട് അയാൾക്കു രക്ഷപ്പെടാനാകുമോ?+
15 ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത സഹോദരന്മാരോ സഹോദരിമാരോ നിങ്ങൾക്കിടയിലുണ്ടെന്നു കരുതുക.
16 നിങ്ങളിൽ ഒരാൾ അവരോട്, “സമാധാനത്തോടെ പോകുക; ചെന്ന് തീ കായുക; വയറു നിറച്ച് ആഹാരം കഴിക്കുക” എന്നെല്ലാം പറയുന്നതല്ലാതെ അവർക്കു ജീവിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു ഗുണം?+
17 അതെ, പ്രവൃത്തികളില്ലെങ്കിൽ വിശ്വാസം ചത്തതാണ്.+
18 എന്നാൽ ഒരാൾ, “നിനക്കു വിശ്വാസമുണ്ട്; എനിക്കു പ്രവൃത്തികളുണ്ട്. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിക്കുക; എന്റെ വിശ്വാസം പ്രവൃത്തികളിലൂടെ ഞാൻ കാണിക്കാം” എന്നു പറഞ്ഞേക്കാം.
19 ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വസിക്കുന്നുണ്ടല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങളും അതു വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.+
20 അറിവില്ലാത്തവനേ, പ്രവൃത്തികളില്ലാത്ത വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതിനു നിനക്കു തെളിവ് വേണോ?
21 തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിൽ അർപ്പിച്ചതുകൊണ്ട്, പ്രവൃത്തികളാലല്ലേ നമ്മുടെ പിതാവായ അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചത്?+
22 അബ്രാഹാം വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് തന്റെ വിശ്വാസം ജീവനുള്ളതാണെന്നു കാണിച്ചെന്നും പ്രവൃത്തികളാൽ അബ്രാഹാമിന്റെ വിശ്വാസം പൂർത്തിയായി എന്നും നിനക്ക് അറിയില്ലേ?+
23 “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറി. അബ്രാഹാമിനെ യഹോവയുടെ* സ്നേഹിതൻ എന്നു വിളിക്കുകയും ചെയ്തു.+
24 അതുകൊണ്ട്, ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നത് അയാളുടെ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാലുമാണ് എന്നു മനസ്സിലായില്ലേ?
25 രാഹാബ് എന്ന വേശ്യയെയും പ്രവൃത്തികളാലല്ലേ നീതിയുള്ളവളായി പ്രഖ്യാപിച്ചത്? രാഹാബ് സന്ദേശവാഹകർക്ക് ആതിഥ്യമരുളുകയും അവരെ മറ്റൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തല്ലോ.+
26 അങ്ങനെ, ശ്വാസമില്ലാത്ത* ശരീരം ചത്തതായിരിക്കുന്നതുപോലെ+ പ്രവൃത്തിയില്ലാത്ത വിശ്വാസവും ചത്തതാണ്.+
അടിക്കുറിപ്പുകള്
^ അക്ഷ. “എന്റെ പാദപീഠത്തിനു താഴെ.”
^ അഥവാ “കുറ്റക്കാരെന്ന നിലയിൽ ശകാരിക്കും.”
^ അക്ഷ. “സ്വാതന്ത്ര്യത്തിന്റെ.”
^ അഥവാ “ആത്മാവില്ലാത്ത.”