യാക്കോബ് എഴുതിയ കത്ത് 3:1-18
3 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ അധികം പേർ പഠിപ്പിക്കുന്നവരാകരുത്. അവരെ കൂടുതൽ കർശനമായി ന്യായം വിധിക്കും* എന്ന് അറിഞ്ഞുകൊള്ളൂ.+
2 നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.*+ വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്.
3 കുതിരയെ അനുസരിപ്പിക്കാൻ അതിന്റെ വായിൽ കടിഞ്ഞാണിടുമ്പോൾ അതിന്റെ ശരീരം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലാകുന്നു.
4 കപ്പലിന്റെ കാര്യവുമെടുക്കുക. അതു വളരെ വലുപ്പമുള്ളതും ശക്തമായ കാറ്റിന്റെ സഹായത്താൽ ഓടുന്നതും ആണെങ്കിലും അമരക്കാരൻ ചെറിയൊരു ചുക്കാൻകൊണ്ട് അതിന്റെ ദിശ മാറ്റി ആഗ്രഹിക്കുന്നിടത്തേക്കു കൊണ്ടുപോകുന്നു.
5 നാവും ശരീരത്തിലെ ചെറിയൊരു അവയവമാണ്. പക്ഷേ അതു വലിയ വീരവാദങ്ങൾ മുഴക്കുന്നു. ചെറിയൊരു തീപ്പൊരി മതി വലിയൊരു കാടു കത്തിനശിക്കാൻ!
6 നാവും ഒരു തീയാണ്.+ നമ്മുടെ അവയവങ്ങളിൽ നാവ് അനീതിയുടെ ഒരു ലോകത്തെയാണ് അർഥമാക്കുന്നത്. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ ഗീഹെന്നയിലെ* തീകൊണ്ട് കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു.
7 എല്ലാ തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും* സമുദ്രജീവികളെയും മനുഷ്യനു മെരുക്കാം; മെരുക്കിയിട്ടുമുണ്ട്.
8 എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത് അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്.+
9 ഒരേ നാവുകൊണ്ട് നമ്മൾ പിതാവായ യഹോവയെ* സ്തുതിക്കുകയും “ദൈവത്തിന്റെ സാദൃശ്യത്തിൽ”+ സൃഷ്ടിച്ച മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.
10 ഒരേ വായിൽനിന്നുതന്നെ അനുഗ്രഹവും ശാപവും വരുന്നു.
എന്റെ സഹോദരങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കുന്നതു ശരിയല്ല.+
11 ഒരേ ഉറവയിൽനിന്ന് ശുദ്ധജലവും* കയ്പുള്ള ജലവും പുറപ്പെടുമോ?
12 എന്റെ സഹോദരങ്ങളേ, അത്തി മരത്തിൽ ഒലിവുകായും മുന്തിരിവള്ളിയിൽ അത്തിക്കായും കായ്ക്കുമോ?+ ഉപ്പുറവയിൽനിന്ന് ഒരിക്കലും ശുദ്ധജലം പുറപ്പെടില്ല.
13 നിങ്ങളിൽ ജ്ഞാനവും വകതിരിവും ഉള്ളത് ആർക്കാണ്? അയാൾ നല്ല പെരുമാറ്റത്തിലൂടെ, ജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്ന സൗമ്യതയോടെയുള്ള പ്രവൃത്തികളിലൂടെ, അതു തെളിയിക്കട്ടെ.
14 എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കടുത്ത അസൂയയും+ വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തിനു വിരുദ്ധമായി നുണ പറയുകയോ വീമ്പിളക്കുകയോ അരുത്.+
15 ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല; ഭൗമികവും+ മൃഗീയവും പൈശാചികവും ആണ്.
16 അസൂയയും വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും* ഉള്ളിടത്ത് എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരിക്കും; അവിടെ എല്ലാ തരം തിന്മകളുമുണ്ട്.+
17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+
18 മാത്രമല്ല, സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.+
അടിക്കുറിപ്പുകള്
^ അഥവാ “അവരുടെ ന്യായവിധി കടുത്തതായിരിക്കും.”
^ അഥവാ “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.”
^ അക്ഷ. “ജനനചക്രത്തെ.”
^ അഥവാ “ഇഴജന്തുക്കളെയും.”
^ അക്ഷ. “മധുരമുള്ള ജലവും.”
^ മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
^ മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
^ അഥവാ “ന്യായബോധമുള്ളതും; വഴക്കമുള്ളതും.”
^ മറ്റൊരു സാധ്യത “ഉണ്ടാക്കുന്നവർ.”