യിരെമ്യ 12:1-17
12 യഹോവേ, ഞാൻ അങ്ങയോടു പരാതി ബോധിപ്പിക്കുമ്പോഴുംനീതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴും നീതിയോടെയാണല്ലോ അങ്ങ് കാര്യങ്ങൾ ചെയ്യുന്നത്.+
പിന്നെ എന്താണു ദുഷ്ടന്മാരുടെ വഴി സഫലമാകുന്നത്?+എന്തുകൊണ്ടാണു വഞ്ചകന്മാർക്ക് ഉത്കണ്ഠയില്ലാത്തത്?
2 അങ്ങ് അവരെ നട്ടു; അവർ വേരുപിടിച്ചു.
അവർ വളർന്ന് ഫലം കായ്‌ച്ചു.
അങ്ങ് അവരുടെ ചുണ്ടുകളിലുണ്ട്; പക്ഷേ, അവരുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകളിൽ* അങ്ങയ്‌ക്ക് ഒരു സ്ഥാനവുമില്ല.+
3 പക്ഷേ യഹോവേ, അങ്ങ് എന്നെ നന്നായി അറിയുന്നു,+ എന്നെ കാണുന്നു.അങ്ങ് എന്റെ ഹൃദയത്തെ പരിശോധിച്ച് അത് അങ്ങയോടു പറ്റിച്ചേർന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നല്ലോ.+
കശാപ്പു ചെയ്യാനുള്ള ചെമ്മരിയാടിനെപ്പോലെ അവരെ വേർതിരിച്ച്അറുക്കാനുള്ള ദിവസത്തേക്കു മാറ്റിനിറുത്തേണമേ.
4 എത്ര കാലംകൂടെ ദേശം ഇങ്ങനെ നശിച്ചുകിടക്കും?എത്ര കാലം നിലത്തെ സസ്യജാലങ്ങളെല്ലാം ഉണങ്ങിക്കിടക്കും?+
അവിടെ താമസിക്കുന്നവരുടെ ദുഷ്ടത കാരണംമൃഗങ്ങളും പക്ഷികളും അപ്പാടേ ഇല്ലാതായിരിക്കുന്നു.
“നമുക്ക് എന്തു സംഭവിക്കുമെന്ന് അവൻ കാണില്ല” എന്നാണല്ലോ അവർ പറഞ്ഞത്.
5 നീ മനുഷ്യരോടൊപ്പം ഓടിയിട്ട് തളരുന്നെങ്കിൽകുതിരകളോടൊപ്പം എങ്ങനെ മത്സരിച്ച് ഓടും?+
സമാധാനമുള്ള ദേശത്ത് നീ നിർഭയനായി താമസിച്ചേക്കാം;പക്ഷേ, യോർദാൻതീരത്തുള്ള ഇടതൂർന്ന കുറ്റിക്കാടുകളിൽ നീ എന്തു ചെയ്യും?
6 നിന്റെ അപ്പന്റെ വീട്ടിലുള്ളവർ, നിന്റെ സ്വന്തം സഹോദരന്മാർപോലും,നിന്നോടു വഞ്ചന കാണിച്ചിരിക്കുന്നു.+
അവർ നിനക്ക് എതിരെ ശബ്ദമുയർത്തിയിരിക്കുന്നു.
അവർ നിന്നോടു ചക്കരവാക്കുകൾ പറഞ്ഞാലുംഅവരെ വിശ്വസിക്കരുത്.
7 “എന്റെ ഭവനം ഞാൻ ഉപേക്ഷിച്ചു;+ എന്റെ അവകാശം ഞാൻ തള്ളിക്കളഞ്ഞു.+
ഞാൻ പൊന്നുപോലെ കരുതിയവളെ അവളുടെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു.+
8 എനിക്ക് അവകാശപ്പെട്ടവൾ കാട്ടിലെ സിംഹത്തെപ്പോലെ എന്നോടു പെരുമാറുന്നു.
അവൾ എന്നെ നോക്കി ഗർജിച്ചു.
അതുകൊണ്ട് ഞാൻ അവളെ വെറുക്കുന്നു.
9 എന്റെ അവകാശമായവൾ നിറപ്പകിട്ടുള്ള* ഒരു ഇരപിടിയൻ പക്ഷിയെപ്പോലെയാണ്.മറ്റ് ഇരപിടിയൻ പക്ഷികൾ അതിനെ വളഞ്ഞ് ആക്രമിക്കുന്നു.+
മൃഗങ്ങളേ, നിങ്ങളെല്ലാം വരൂ! ഒന്നിച്ചുകൂടിവരൂ!വന്ന് തിന്നൂ!+
10 അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചുകളഞ്ഞു.+എനിക്ക് ഓഹരി കിട്ടിയ നിലം അവർ ചവിട്ടിമെതിച്ചുകളഞ്ഞു.+
ആ മനോഹരമായ ഓഹരി അവർ ഒന്നിനും കൊള്ളാത്ത ഒരു വിജനഭൂമിയാക്കി.
11 അത് ഒരു പാഴ്നിലമായിരിക്കുന്നു.
അതു നശിച്ചുപോയി.*അത് എന്റെ മുന്നിൽ വിജനമായി കിടക്കുന്നു.+
ദേശം മുഴുവനും വിജനമായി കിടക്കുന്നു.പക്ഷേ ആരും ഇതൊന്നും കാര്യമായെടുക്കുന്നില്ല.+
12 വിജനഭൂമിയിലെ നടപ്പാതകളിലൂടെയെല്ലാം വിനാശകർ വന്നിരിക്കുന്നു;യഹോവയുടെ വാൾ ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ ആളുകളെ സംഹരിക്കുകയാണ്.+
ആർക്കും ഒരു സമാധാനവുമില്ല.
13 അവർ ഗോതമ്പു വിതച്ചു; പക്ഷേ, കൊയ്‌തതു മുള്ളുകളായിരുന്നു.+
അവർ എല്ലു മുറിയെ പണിയെടുത്തു; ഒരു ഗുണവുമുണ്ടായില്ല.
യഹോവയുടെ ഉഗ്രകോപം കാരണം,അവർക്കു കിട്ടിയ വിളവ് കണ്ട് അവർ നാണംകെടും.”
14 യഹോവ പറയുന്നത് ഇതാണ്: “എന്റെ ജനമായ ഇസ്രായേലിനു ഞാൻ കൊടുത്ത അവകാശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും+ ഇതാ, ഞാൻ ദേശത്തുനിന്ന് പിഴുതുകളയുന്നു.+ അവരുടെ ഇടയിൽനിന്ന് യഹൂദാഗൃഹത്തെയും ഞാൻ പിഴുതുകളയും.
15 പക്ഷേ അതിനു ശേഷം എനിക്കു വീണ്ടും അവരോടു കരുണ തോന്നിയിട്ട് അവരെയെല്ലാം അവരവരുടെ അവകാശത്തിലേക്കും ദേശത്തേക്കും മടക്കിക്കൊണ്ടുവരും.”
16 “ബാലിന്റെ നാമത്തിൽ സത്യം ചെയ്യാൻ അവർ എന്റെ ജനത്തെ പഠിപ്പിക്കാൻ കാണിച്ച ശുഷ്കാന്തി, ‘യഹോവയാണെ!’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ സത്യം ചെയ്യാനും എന്റെ ജനത്തിന്റെ വഴികൾ പഠിക്കാനും കാണിക്കുന്നെങ്കിൽ, എന്റെ ജനത്തിന്റെ ഇടയിൽ അവർക്ക് അഭിവൃദ്ധിയുണ്ടാകും.
17 പക്ഷേ അനുസരിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഞാൻ ആ ജനതയെ പിഴുതുകളയും; അതിനെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളിൽ.” അക്ഷ. “വൃക്കകളിൽ.”
^ അഥവാ “പുള്ളിയുള്ള.”
^ മറ്റൊരു സാധ്യത “അതു വിലപിക്കുന്നു.”