യിരെമ്യ 21:1-14
21 സിദെക്കിയ+ രാജാവ് മൽക്കീയയുടെ മകനായ പശ്ഹൂരിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യയുടെ അടുത്ത് ഇങ്ങനെയൊരു അപേക്ഷയുമായി അയച്ചു:
2 “ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്.+ അതുകൊണ്ട് ദയവായി ഞങ്ങൾക്കുവേണ്ടി യഹോവയുടെ ഇഷ്ടം ചോദിച്ചറിയുക. ചിലപ്പോൾ, ഞങ്ങളുടെ കാര്യത്തിൽ യഹോവ എന്തെങ്കിലും ഒരു അത്ഭുതം ചെയ്തിട്ട് അയാൾ ഞങ്ങളെ വിട്ട് പിൻവാങ്ങിയാലോ.”+ അപ്പോൾ, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.
3 യിരെമ്യ അവരോടു പറഞ്ഞു: “സിദെക്കിയയോടു നിങ്ങൾ പറയേണ്ടത് ഇതാണ്:
4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “നിങ്ങളെ ഉപരോധിച്ചുകൊണ്ട് മതിലിനു പുറത്ത് നിൽക്കുന്ന ബാബിലോൺരാജാവിനോടും+ കൽദയരോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ എടുത്തിരിക്കുന്ന ആയുധങ്ങൾതന്നെ ഇതാ ഞാൻ നിങ്ങൾക്കെതിരെ തിരിക്കുന്നു. ഞാൻ അവ നഗരമധ്യത്തിൽ ഒന്നിച്ചുകൂട്ടും.
5 നീട്ടിയ കരംകൊണ്ടും ബലമുള്ള കൈകൊണ്ടും ഞാൻതന്നെ+ കോപത്തോടെ, ക്രോധത്തോടെ, കടുത്ത ധാർമികരോഷത്തോടെ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും.+
6 ഈ നഗരത്തിൽ താമസിക്കുന്നവരെ ഞാൻ പ്രഹരിക്കും. മാരകമായ പകർച്ചവ്യാധിയാൽ മനുഷ്യനും മൃഗവും ഒരുപോലെ ചത്തൊടുങ്ങും.”’+
7 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതിനു ശേഷം, യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ ദാസന്മാരെയും, മാരകമായ പകർച്ചവ്യാധിയാലും വാളിനാലും ക്ഷാമത്താലും നശിച്ചുപോകാതെ നഗരത്തിൽ ബാക്കിയുള്ള എല്ലാവരെയും ഞാൻ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും.+ അവൻ അവരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തും. അവരോട് അവന് ഒരു കനിവും തോന്നില്ല; അവൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല.”’+
8 “ജനത്തോടു നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും വെക്കുന്നു.
9 ഈ നഗരത്തിൽത്തന്നെ കഴിയുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. പക്ഷേ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അവർക്കു കീഴടങ്ങുന്നവൻ ജീവിക്കും; അവന്റെ ജീവൻ അവനു കൊള്ളമുതൽപോലെ കിട്ടും.”’*+
10 “‘“ഞാൻ ഈ നഗരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നതു നന്മയ്ക്കായിട്ടല്ല ദുരന്തത്തിനായിട്ടാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും;+ അവൻ ഇതു ചുട്ടെരിക്കും.”+
11 “‘യഹൂദാരാജാവിന്റെ വീട്ടിലുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ.
12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്:
“രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+എന്റെ ക്രോധം തീപോലെ ആളിക്കത്തും;+അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’
13 ‘താഴ്വരയിൽ താമസിക്കുന്നവളേ, സമഭൂമിയിലെ പാറയേ,ഇതാ ഞാൻ നിനക്ക് എതിരാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘“ആരാണു ഞങ്ങളുടെ നേർക്ക് ഇറങ്ങിവരുക?
ആരാണു ഞങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കടന്നുവരുക” എന്നു ചോദിക്കുന്നവരേ,
14 നിങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച്ഞാൻ നിങ്ങളോടു കണക്കു ചോദിക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഞാൻ അവളുടെ വനത്തിനു തീയിടും;ആ തീ അവളുടെ ചുറ്റുമുള്ളതെല്ലാം ചുട്ടെരിക്കും.’”+
അടിക്കുറിപ്പുകള്
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “അവൻ ജീവനുംകൊണ്ട് രക്ഷപ്പെടും.”