യിരെമ്യ 22:1-30
22 യഹോവ പറയുന്നത് ഇതാണ്: “യഹൂദാരാജാവിന്റെ ഭവനത്തിൽ* ചെന്ന് ഈ സന്ദേശം അറിയിക്കുക.
2 നീ ഇങ്ങനെ പറയണം: ‘ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യഹൂദാരാജാവേ, അങ്ങും ഈ കവാടങ്ങളിലൂടെ അകത്ത് വരുന്ന അങ്ങയുടെ ദാസന്മാരും ജനവും യഹോവയുടെ സന്ദേശം കേൾക്കുക.
3 യഹോവ പറയുന്നത് ഇതാണ്: “നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിൽക്കുക. വഞ്ചിച്ച് തട്ടിയെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക. നിങ്ങളുടെ ഇടയിൽ താമസമാക്കിയ വിദേശിയെ ദ്രോഹിക്കരുത്. അനാഥനെയോ* വിധവയെയോ ഉപദ്രവിക്കരുത്.+ ഇവിടെ നിരപരാധികളുടെ രക്തം വീഴിക്കരുത്.+
4 നിങ്ങൾ എന്റെ ഈ വാക്കുകൾ ശ്രദ്ധാപൂർവം പിൻപറ്റിയാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന+ രാജാക്കന്മാർ രഥങ്ങളിലും കുതിരകളിലും സവാരി ചെയ്ത് ഈ ഭവനത്തിന്റെ കവാടങ്ങളിലൂടെ അകത്ത് വരും; അവരുടെ ദാസന്മാരും ജനവും അവരോടൊപ്പം വരും.”’+
5 “‘പക്ഷേ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കാതിരുന്നാൽ ഈ ഭവനം, നശിച്ചുകിടക്കുന്ന ഒരു സ്ഥലമായി മാറുമെന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
6 “യഹൂദാരാജാവിന്റെ ഭവനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്:‘നീ എനിക്കു ഗിലെയാദുപോലെയുംലബാനോൻകൊടുമുടിപോലെയും ആണ്.
പക്ഷേ ഞാൻ നിന്നെ ഒരു വിജനഭൂമിയാക്കും;നിന്റെ ഒരൊറ്റ നഗരത്തിൽപ്പോലും ആൾത്താമസമുണ്ടാകില്ല.+
7 ഞാൻ നിനക്ക് എതിരെ സംഹാരകരെ നിയമിക്കും.*അവർ ആയുധങ്ങളുമായി നിന്റെ നേരെ വരും.+
അവർ നിന്റെ അതിവിശിഷ്ടദേവദാരുക്കൾ വെട്ടി തീയിലിടും.+
8 “‘ഈ നഗരത്തിന് അടുത്തുകൂടെ അനേകം ജനതകൾ കടന്നുപോകും. അവർ പരസ്പരം ചോദിക്കും: “ഈ മഹാനഗരത്തോട് യഹോവ എന്തിനാണ് ഇങ്ങനെ ചെയ്തത്?”+
9 അപ്പോൾ അവർ പറയും: “അവർ അവരുടെ ദൈവമായ യഹോവയുടെ ഉടമ്പടി ഉപേക്ഷിച്ച് അന്യദൈവങ്ങളെ കുമ്പിട്ട് അവയെ സേവിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.”’+
10 മരിച്ചവനെ ഓർത്ത് കരയരുത്;അവനുവേണ്ടി വിലപിക്കുകയുമരുത്.
പകരം, ബന്ദിയായി പോകുന്നവനെ ഓർത്ത് അലമുറയിട്ട് കരയൂ;കാരണം, ജന്മദേശം കാണാൻ അവൻ ഇനി ഒരിക്കലും മടങ്ങിവരില്ലല്ലോ.
11 “യോശിയയുടെ മകനും തന്റെ അപ്പനായ യോശിയയ്ക്കു+ പകരം യഹൂദയിൽ രാജാവായി ഭരിക്കുന്നവനും ഈ സ്ഥലത്തുനിന്ന് പോയവനും ആയ ശല്ലൂമിനെക്കുറിച്ച്*+ യഹോവ പറയുന്നത് ഇതാണ്: ‘അവൻ ഒരിക്കലും മടങ്ങിവരില്ല.
12 കാരണം, അവനെ ബന്ദിയായി കൊണ്ടുചെന്ന സ്ഥലത്തുവെച്ച് അവൻ മരിക്കും; ഇനി ഒരിക്കലും അവൻ ഈ ദേശം കാണില്ല.’+
13 അന്യായംകൊണ്ട് വീടു പണിയുകയുംഅനീതികൊണ്ട് മേൽമുറികൾ ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യം കഷ്ടം!അവൻ ഒന്നും കൊടുക്കാതെ സഹമനുഷ്യനെക്കൊണ്ട് പണിയെടുപ്പിക്കുന്നു;കൂലി കൊടുക്കാൻ അവൻ കൂട്ടാക്കുന്നില്ല.+
14 അവൻ പറയുന്നു: ‘വിശാലമായ മേൽമുറികളുള്ളഒരു വലിയ വീടു ഞാൻ പണിയും.
ഞാൻ അതിനു ജനാലകൾ പിടിപ്പിക്കും.അതിന്റെ ചുവരുകളിൽ ദേവദാരുപ്പലകകൾ പതിപ്പിച്ച് വീടിനു സിന്ദൂരവർണം* പൂശും.’
15 ദേവദാരു ഉപയോഗിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെ കടത്തിവെട്ടുന്നതുകൊണ്ട് മാത്രം എന്നും ഇങ്ങനെ രാജാവായി വാഴാമെന്നാണോ നിന്റെ വിചാരം?
നിന്റെ അപ്പനും തിന്നുകുടിച്ചിരുന്നു;പക്ഷേ അവൻ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നിന്നു.+അത് അവന്റെ നന്മയിൽ കലാശിച്ചു.
16 ക്ലേശിതരുടെയും പാവങ്ങളുടെയും നിയമപരമായ അവകാശങ്ങൾക്കുവേണ്ടി അവൻ നിലകൊണ്ടു;അതു ശുഭമായി ഭവിച്ചു.
‘എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ’ എന്ന് യഹോവ ചോദിക്കുന്നു.
17 ‘പക്ഷേ നിന്റെ കണ്ണും ഹൃദയവും നോട്ടമിട്ടിരിക്കുന്നത് അന്യായമായി നേട്ടമുണ്ടാക്കുന്നതിലുംനിരപരാധികളുടെ രക്തം ചൊരിയുന്നതിലുംചതിക്കുന്നതിലും പിടിച്ചുപറിക്കുന്നതിലും മാത്രമാണ്.’
18 “അതുകൊണ്ട് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിനെക്കുറിച്ച്+ യഹോവ പറയുന്നത് ഇതാണ്:‘അവനെക്കുറിച്ച്, “അയ്യോ, എന്റെ സഹോദരാ! അയ്യോ, എന്റെ സഹോദരീ!”
എന്നു പറഞ്ഞ് അവർ വിലപിക്കില്ല.
അവനെക്കുറിച്ച്, “അയ്യോ, എന്റെ യജമാനനേ! അയ്യോ, എന്റെ തിരുമനസ്സേ!”
എന്നു പറഞ്ഞും അവർ വിലപിക്കില്ല.
19 അവനെ വലിച്ചിഴച്ച്യരുശലേംകവാടങ്ങൾക്കു വെളിയിൽ എറിഞ്ഞുകളയും.’+അവന്റെ ശവസംസ്കാരം ഒരു കഴുതയുടേതുപോലെയായിരിക്കും.+
20 ലബാനോനിലേക്കു ചെന്ന് നിലവിളിക്കുക;ബാശാനിൽനിന്ന് ശബ്ദമുയർത്തുക.അബാരീമിൽനിന്ന്+ നിലവിളിക്കുക.നിന്റെ കാമുകന്മാരെയെല്ലാം തകർത്തുകളഞ്ഞല്ലോ.+
21 നീ ഉത്കണ്ഠകളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കാലത്ത് ഞാൻ നിന്നോടു സംസാരിച്ചു.
പക്ഷേ ‘ഞാൻ അനുസരിക്കില്ല’ എന്നാണു നീ പറഞ്ഞത്.+
ചെറുപ്പംമുതലേ നീ ഇങ്ങനെയാണ്,എന്റെ വാക്കു കേട്ടനുസരിക്കാറില്ല.+
22 നിന്റെ ഇടയന്മാരെയെല്ലാം ഒരു കാറ്റു മേയ്ക്കും.+നിന്റെ കാമുകന്മാരെയെല്ലാം ബന്ദികളായി പിടിച്ചുകൊണ്ടുപോകും.
അപ്പോൾ, നിനക്കു വന്ന ദുരന്തങ്ങളെല്ലാം കാരണം നീ നാണംകെട്ട് തല താഴ്ത്തും.
23 ലബാനോനിൽ+ താമസിക്കുന്നവളേ,ദേവദാരുക്കൾക്കിടയിൽ കൂടു കൂട്ടിയവളേ,+പ്രസവവേദനപോലുള്ള കഠോരവേദന നിന്നെ പിടികൂടുമ്പോൾനിന്റെ ഞരക്കം എത്ര ദയനീയമായിരിക്കും!”+
24 “യഹോവ പ്രഖ്യാപിക്കുന്നു: ‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ കൊന്യ*+ എന്റെ വലങ്കൈയിലെ മുദ്രമോതിരമാണെങ്കിൽപ്പോലും ഞാനാണെ, ഞാൻ അവനെ കൈയിൽനിന്ന് ഊരിയെറിയും!
25 “ഞാൻ നിന്നെ നിന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നീ പേടിക്കുന്നവരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെയും കൽദയരുടെയും+ കൈയിലും ഏൽപ്പിക്കും.
26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച നിന്റെ അമ്മയെയും നിന്റെ ജന്മദേശമല്ലാത്ത മറ്റൊരു ദേശത്തേക്കു വലിച്ചെറിയും. അവിടെയായിരിക്കും നിന്റെ മരണം.”
27 അവരുടെ മനസ്സു കൊതിക്കുന്ന ദേശത്തേക്ക് അവർ ഒരിക്കലും മടങ്ങിവരില്ല.+
28 കൊന്യ എന്ന ഈ മനുഷ്യൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടക്കലമാണോ?ആർക്കും വേണ്ടാത്ത ഒരു പാത്രമാണോ?
അവനെയും അവന്റെ വംശജരെയുംഅവർക്ക് അറിയാത്ത ഒരു ദേശത്തേക്കു വലിച്ചെറിഞ്ഞത് എന്താണ്?’+
29 ഭൂമിയേ,* ഭൂമിയേ, ഭൂമിയേ, യഹോവയുടെ സന്ദേശം കേൾക്കൂ.
30 യഹോവ പറയുന്നത് ഇതാണ്:
‘എഴുതിവെക്കുക: ഈ മനുഷ്യൻ മക്കളില്ലാത്തവനായിരിക്കും;ആയുഷ്കാലത്ത് ഒരിക്കലും അവൻ വിജയം വരിക്കില്ല.കാരണം, അവന്റെ വംശത്തിൽപ്പെട്ട ആർക്കുംവീണ്ടും ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന് യഹൂദയെ ഭരിക്കാനാകില്ല.’”+
അടിക്കുറിപ്പുകള്
^ അഥവാ “കൊട്ടാരത്തിൽ.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
^ അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കും.”
^ മറ്റൊരു പേര്: യഹോവാഹാസ്.
^ അഥവാ “ചുവപ്പ്.”
^ മറ്റു പേരുകൾ: യഹോയാഖീൻ, യഖൊന്യ.
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “ദേശമേ.”