യിരെമ്യ 23:1-40
23 “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ കൊല്ലുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാരുടെ കാര്യം കഷ്ടം!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
2 അതുകൊണ്ട് തന്റെ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: “നിങ്ങൾ എന്റെ ആടുകളെ ചിതറിച്ചു; അവയെ ഓടിച്ചുകളഞ്ഞു; അവയ്ക്ക് ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല.”+
“അതുകൊണ്ട് ഞാൻ നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കും; നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം ഞാൻ നിങ്ങൾക്കെതിരെ തിരിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
4 അവയെ നന്നായി മേയ്ക്കുന്ന ഇടയന്മാരെ ഞാൻ എഴുന്നേൽപ്പിക്കും.+ അവ മേലാൽ പേടിക്കുകയോ സംഭ്രമിക്കുകയോ ഇല്ല. അവയിൽ ഒന്നിനെപ്പോലും കാണാതെപോകുകയുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
5 “ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഒരു രാജാവ് ഉൾക്കാഴ്ചയോടെ ഭരിക്കും;+ ദേശത്ത് നീതിയും ന്യായവും നടപ്പാക്കും.+
6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+
7 “പക്ഷേ ‘ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
8 “പകരം, ‘ഇസ്രായേൽഗൃഹത്തിലെ പിൻതലമുറക്കാരെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് തിരികെ കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത് താമസിക്കും.”+
9 പ്രവാചകന്മാരെക്കുറിച്ച്:
എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു.
എന്റെ അസ്ഥികളെല്ലാം വിറയ്ക്കുന്നു.
യഹോവ കാരണം, ദൈവത്തിന്റെ വിശുദ്ധമായ സന്ദേശങ്ങൾ കാരണം,ഞാൻ കുടിച്ച് മത്തനായ ഒരു മനുഷ്യനെപ്പോലെയുംവീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുന്ന ഒരാളെപ്പോലെയും ആയിരിക്കുന്നു.
10 ദേശം മുഴുവനും വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ.+ശാപം കാരണം ദേശം വിലപിക്കുന്നു.+വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു.+
അവരുടെ വഴികളിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു; അവരുടെ അധികാരം അവർ ദുരുപയോഗപ്പെടുത്തുന്നു.
11 “പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ കളങ്കിതരാണ്.*+
എന്റെ സ്വന്തഭവനത്തിൽപ്പോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “അതുകൊണ്ട്, അവരുടെ പാത വഴുവഴുപ്പുള്ളതും ഇരുട്ടു നിറഞ്ഞതും ആകും.+അവരെ പിടിച്ച് തള്ളും; അപ്പോൾ അവർ വീഴും.
കണക്കുതീർപ്പിന്റെ നാളിൽഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു.
ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു.
14 യരുശലേമിലെ പ്രവാചകന്മാർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഞാൻ ഞെട്ടിപ്പോയി.
അവർ വ്യഭിചാരം ചെയ്യുന്നു,+ വ്യാജത്തിൽ നടക്കുന്നു;+ദുഷ്പ്രവൃത്തിക്കാർക്ക് ഒത്താശ ചെയ്യുന്നു.*ദുഷ്ടതയിൽനിന്ന് അവർ പിന്മാറുന്നുമില്ല.
എനിക്ക് അവർ സൊദോംപോലെയും+അവളുടെ നിവാസികൾ ഗൊമോറപോലെയും ആണ്.”+
15 അതുകൊണ്ട്, പ്രവാചകന്മാർക്കെതിരെ സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“ഞാൻ ഇതാ അവരെ കാഞ്ഞിരം തീറ്റുന്നു;വിഷം കലർത്തിയ വെള്ളം അവർക്കു കുടിക്കാൻ കൊടുക്കുന്നു.+
കാരണം, യരുശലേമിലെ പ്രവാചകന്മാരിൽനിന്ന് വിശ്വാസത്യാഗം ദേശം മുഴുവൻ പടർന്നിരിക്കുന്നു.”
16 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്.+
അവർ നിങ്ങളെ വഞ്ചിക്കുകയാണ്.*
യഹോവയുടെ വായിൽനിന്നുള്ളതല്ല,+സ്വന്തം ഹൃദയത്തിൽനിന്നുള്ള ദർശനമാണ് അവർ സംസാരിക്കുന്നത്.+
17 എന്നെ ആദരിക്കാത്തവരോട് അവർ,‘“നിങ്ങൾക്കു സമാധാനം ഉണ്ടാകും”+ എന്ന് യഹോവ പറഞ്ഞു’ എന്നു വീണ്ടുംവീണ്ടും പറയുന്നു.
ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുന്ന എല്ലാവരോടും,‘നിങ്ങൾക്ക് ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു.
18 യഹോവയുടെ സന്ദേശം കാണാനും കേൾക്കാനും വേണ്ടിദൈവത്തോട് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ നിന്നിട്ടുള്ള ആരുണ്ട്?
ദൈവത്തിന്റെ സന്ദേശം കേൾക്കാൻ ചെവി ചായിച്ച ആരുണ്ട്?
19 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.+
20 തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാതെ, അവ പൂർത്തിയാക്കാതെ,യഹോവയുടെ കോപം പിന്തിരിയില്ല.
അവസാനനാളുകളിൽ നിങ്ങൾക്ക് അതു നന്നായി മനസ്സിലാകും.
21 ആ പ്രവാചകന്മാരെ ഞാൻ അയച്ചതല്ല; എന്നിട്ടും അവർ ഓടി.
ഞാൻ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവർ പ്രവചിച്ചു.+
22 പക്ഷേ എനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ കൂട്ടത്തിൽ അവർ നിന്നിരുന്നെങ്കിൽ,അവർ എന്റെ ജനത്തിന് എന്റെ സന്ദേശങ്ങൾ പറഞ്ഞുകൊടുത്ത്മോശമായ വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.”+
23 “അടുത്തുള്ള ഒരു ദൈവം മാത്രമാണോ ഞാൻ, ദൂരെയായിരിക്കുമ്പോഴും ഞാൻ ദൈവമല്ലേ” എന്ന് യഹോവ ചോദിക്കുന്നു.
24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു.
“ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.
25 “‘ഞാൻ ഒരു സ്വപ്നം കണ്ടു! ഞാൻ ഒരു സ്വപ്നം കണ്ടു!’ എന്നു പറഞ്ഞ് പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകൾ പ്രവചിക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.+
26 നുണകൾ പ്രവചിക്കാനുള്ള ഈ പ്രവാചകന്മാരുടെ താത്പര്യം അവരുടെ ഹൃദയത്തിൽ എത്ര കാലംകൂടെ തുടരും? സ്വന്തഹൃദയത്തിലെ വഞ്ചന പ്രവചിക്കുന്ന പ്രവാചകന്മാരാണ് അവർ.+
27 ബാൽ കാരണം എന്റെ ഈ ജനത്തിന്റെ പൂർവികർ എന്റെ പേര് മറന്നതുപോലെ ഇവരും എന്റെ പേര് മറക്കണമെന്നാണ് അവരുടെ ഉദ്ദേശ്യം.+ അതിനുവേണ്ടി അവർ പരസ്പരം തങ്ങളുടെ സ്വപ്നങ്ങൾ വിവരിക്കുന്നു.
28 സ്വപ്നം കണ്ട പ്രവാചകൻ ആ സ്വപ്നം വിവരിക്കട്ടെ. പക്ഷേ, എന്റെ സന്ദേശം കിട്ടിയവൻ അതു സത്യസന്ധമായി വിവരിക്കണം.”
“വയ്ക്കോലും ധാന്യവും തമ്മിൽ എന്തു സമാനതയാണുള്ളത്” എന്ന് യഹോവ ചോദിക്കുന്നു.
29 “എന്റെ സന്ദേശം തീപോലെയും+ പാറ അടിച്ചുതകർക്കുന്ന കൂടംപോലെയും* അല്ലേ”+ എന്ന് യഹോവ ചോദിക്കുന്നു.
30 “അതുകൊണ്ട്, എന്റെ സന്ദേശങ്ങൾ പരസ്പരം മോഷ്ടിക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
31 “‘ദൈവം പ്രഖ്യാപിക്കുന്നു!’ എന്നു പറയാൻ നാവെടുക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
32 “കള്ളസ്വപ്നങ്ങൾ വിവരിക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അവർ അവരുടെ നുണകളാലും പൊങ്ങച്ചത്താലും എന്റെ ജനത്തെ വഴിതെറ്റിക്കുകയാണ്.”+
“പക്ഷേ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്, ഈ ജനത്തിന് അവരെക്കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
33 “ഈ ജനമോ ഒരു പ്രവാചകനോ ഒരു പുരോഹിതനോ ‘എന്താണ് യഹോവയുടെ ഭാരം’* എന്നു ചോദിച്ചാൽ നീ അവരോട്, ‘“നിങ്ങൾതന്നെയാണു ഭാരം! ഞാൻ നിങ്ങളെ വലിച്ചെറിഞ്ഞുകളയും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു’ എന്നു പറയണം.
34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ ‘ഇതാണ് യഹോവയുടെ ഭാരം!’* എന്നു പറഞ്ഞാൽ ഞാൻ ആ മനുഷ്യന്റെയും അവന്റെ വീട്ടിലുള്ളവരുടെയും നേർക്കു തിരിയും.
35 നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ സ്നേഹിതനോടും സഹോദരനോടും, ‘യഹോവയുടെ ഉത്തരം എന്തായിരുന്നു, യഹോവ എന്താണു പറഞ്ഞത്’ എന്നു ചോദിക്കുന്നു.
36 പക്ഷേ യഹോവയുടെ ഭാരം* എന്നു നിങ്ങൾ ഇനി മിണ്ടരുത്. കാരണം, നിങ്ങൾ ഓരോരുത്തരുടെയും സന്ദേശങ്ങളാണു നിങ്ങളുടെ ഭാരം. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, നമ്മുടെ ജീവനുള്ള ദൈവത്തിന്റെ, അരുളപ്പാടുകൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.
37 “പ്രവാചകനോടു നീ പറയേണ്ടത് ഇതാണ്: ‘എന്ത് ഉത്തരമാണ് യഹോവ നിനക്കു തന്നത്? എന്താണ് യഹോവ പറഞ്ഞത്?
38 “യഹോവയുടെ ഭാരം!”* എന്നു നിങ്ങൾ ഇനിയും പറയുന്നെങ്കിലോ? യഹോവ പറയുന്നത് ഇതാണ്: “‘“യഹോവയുടെ ഭാരം!”* എന്നു പറയരുത്’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടും ‘ഈ സന്ദേശമാണ് യഹോവയുടെ ഭാരം!’* എന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ
39 ഞാൻ നിങ്ങളെ പൊക്കിയെടുത്ത് എന്റെ സന്നിധിയിൽനിന്ന് എറിഞ്ഞുകളയും. നിങ്ങളോടും നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന നഗരത്തോടും ഞാൻ അങ്ങനെതന്നെ ചെയ്യും.
40 ഞാൻ നിങ്ങൾക്കു നിത്യമായ നിന്ദയും അപമാനവും വരുത്തും; അത് ഒരിക്കലും വിസ്മരിക്കപ്പെടില്ല.”’”+
അടിക്കുറിപ്പുകള്
^ അഥവാ “ഒരു അവകാശിയെ എഴുന്നേൽപ്പിക്കുന്ന.”
^ അഥവാ “വിശ്വാസത്യാഗികളാണ്.”
^ അക്ഷ. “ദുഷ്പ്രവൃത്തിക്കാരുടെ കൈകളെ അവർ ബലപ്പെടുത്തുന്നു.”
^ അഥവാ “പൊള്ളയായ പ്രതീക്ഷകൾകൊണ്ട് നിങ്ങളെ നിറയ്ക്കുന്നു.”
^ അതായത്, വലിയ ചുറ്റിക.
^ അഥവാ “ഭാരമുള്ള സന്ദേശം.” ഈ എബ്രായപദത്തിന് “ഘനമേറിയ ദൈവിക അരുളപ്പാട്” അഥവാ “ഭാരപ്പെടുത്തുന്നത്” എന്നിങ്ങനെ രണ്ട് അർഥങ്ങളുണ്ട്.
^ അഥവാ “ഭാരമുള്ള സന്ദേശം.”
^ അഥവാ “ഭാരമുള്ള സന്ദേശം.”
^ അഥവാ “ഭാരമുള്ള സന്ദേശം.”
^ അഥവാ “ഭാരമുള്ള സന്ദേശം.”
^ അഥവാ “ഭാരമുള്ള സന്ദേശം.”