യിരെമ്യ 29:1-32
29 യരുശലേമിൽനിന്ന് ബാബിലോണിലേക്കു നെബൂഖദ്നേസർ ബന്ദികളായി കൊണ്ടുപോയവരിൽപ്പെട്ട മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും സർവജനത്തിനും യിരെമ്യ പ്രവാചകൻ യരുശലേമിൽനിന്ന് അയച്ച കത്തിലെ വാക്കുകൾ.
2 യഖൊന്യ രാജാവും+ അമ്മമഹാറാണിയും*+ കൊട്ടാരോദ്യോഗസ്ഥന്മാരും യഹൂദയിലെയും യരുശലേമിലെയും പ്രഭുക്കന്മാരും ശില്പികളും ലോഹപ്പണിക്കാരും* യരുശലേമിൽനിന്ന് പോയതിനു ശേഷമാണ് അത് അയച്ചത്.+
3 യഹൂദാരാജാവായ സിദെക്കിയ+ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ അടുത്തേക്ക് അയച്ച ശാഫാന്റെ മകനായ+ എലാസയുടെയും ഹിൽക്കിയയുടെ മകനായ ഗമര്യയുടെയും കൈയിലാണു യിരെമ്യ അതു കൊടുത്തയച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
4 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ എന്ന ഞാൻ, യരുശലേമിൽനിന്ന് ബാബിലോണിലേക്കു നാടു കടത്തിയ ജനത്തോടു മുഴുവൻ പറയുന്നു:
5 ‘നിങ്ങൾ വീടുകൾ പണിത് അവയിൽ താമസിക്കൂ! തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കൂ!
6 നിങ്ങൾ വിവാഹം കഴിച്ച് മക്കളെ ജനിപ്പിക്കണം. നിങ്ങളുടെ ആൺമക്കൾക്കു ഭാര്യമാരെ കണ്ടെത്തുകയും പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കുകയും വേണം. അവർക്കും മക്കൾ ഉണ്ടാകട്ടെ. അങ്ങനെ, നിങ്ങൾ അവിടെ പെരുകണം; നിങ്ങളുടെ എണ്ണം കുറഞ്ഞുപോകരുത്.
7 ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാനം നിലനിറുത്താൻ ശ്രദ്ധിക്കണം. ആ നഗരത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക.+ കാരണം, അവിടെ സമാധാനമുണ്ടെങ്കിൽ നിങ്ങൾക്കും സമാധാനമുണ്ടാകും.
8 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ ഇടയിലെ പ്രവാചകന്മാരും ഭാവിഫലം പറയുന്നവരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്.+ അവർ കാണുന്ന സ്വപ്നങ്ങൾക്കു ശ്രദ്ധ കൊടുക്കരുത്.
9 കാരണം, ‘അവർ എന്റെ നാമത്തിൽ നിങ്ങളോടു പ്രവചിക്കുന്നതു നുണകളാണ്. അവരെ ഞാൻ അയച്ചതല്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
10 “യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും.+ നിങ്ങളെ ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.’+
11 “‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്;+ നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 ‘നിങ്ങൾ എന്നെ വിളിക്കും; വന്ന് എന്നോടു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.’+
13 “‘നിങ്ങൾ എന്നെ അന്വേഷിക്കും;+ മുഴുഹൃദയത്തോടെ അന്വേഷിക്കുന്നതുകൊണ്ട് കണ്ടെത്തുകയും ചെയ്യും.+
14 അതെ, നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടവരുത്തും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിങ്ങളിലെ ബന്ദികളെ ഒരുമിച്ചുകൂട്ടും; നിങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ ജനതകളിൽനിന്നും സ്ഥലങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശേഖരിക്കും. എവിടെനിന്നാണോ നിങ്ങളെ നാടു കടത്തിയത് അവിടേക്കുതന്നെ തിരികെ കൊണ്ടുവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
15 “പക്ഷേ, ‘യഹോവ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു’ എന്നു നിങ്ങൾ പറയുന്നു.
16 “ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനോടും+ നിങ്ങളോടൊപ്പം ബന്ദികളായി പോകാതെ ഈ നഗരത്തിൽ താമസിക്കുന്ന നിങ്ങളുടെ സഹോദരങ്ങളായ ജനത്തോടും യഹോവ പറയുന്നത് ഇതാണ്.
17 ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരുടെ നേരെ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും അയയ്ക്കുന്നു.+ അവരെ ഞാൻ, വായിൽ വെക്കാൻ കൊള്ളാത്തത്ര ചീഞ്ഞ* അത്തിപ്പഴങ്ങൾപോലെയാക്കും.”’+
18 “‘വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ഞാൻ അവരെ പിന്തുടരും. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും അവരെ ഒരു ഭീതികാരണവും ശാപവും ആക്കും.+ അവരെ കണ്ട് എല്ലാവരും ആശ്ചര്യപ്പെടും, അതിശയത്തോടെ തല കുലുക്കും.*+ അവരെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽ അവർ ഒരു നിന്ദാപാത്രമാകും.+
19 കാരണം, എന്റെ ദാസരായ പ്രവാചകന്മാരിലൂടെ ഞാൻ അറിയിച്ച സന്ദേശങ്ങൾക്ക് അവർ ശ്രദ്ധ കൊടുത്തില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അവരെ ഞാൻ വീണ്ടുംവീണ്ടും* അയച്ചു.’+
“‘എന്നിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല’+ എന്നും യഹോവ പ്രഖ്യാപിക്കുന്നു.
20 “അതുകൊണ്ട് ഞാൻ യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി അയച്ച ജനമേ, നിങ്ങൾ യഹോവയുടെ സന്ദേശം കേട്ടുകൊള്ളൂ.
21 എന്റെ നാമത്തിൽ നിങ്ങളോടു നുണകൾ പ്രവചിക്കുന്ന+ കോലായയുടെ മകൻ ആഹാബിനെക്കുറിച്ചും മയസേയയുടെ മകൻ സിദെക്കിയയെക്കുറിച്ചും ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇതാ, ഞാൻ അവരെ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അവൻ അവരെ നിങ്ങളുടെ കൺമുന്നിൽവെച്ച് കൊന്നുകളയും.
22 അവർക്കു സംഭവിക്കുന്നത് യഹൂദയിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ എല്ലാവരുടെയും ഇടയിൽ ഒരു ശാപവചനമായി മാറും. “യഹോവ നിന്നെ, ബാബിലോൺരാജാവ് ചുട്ടെരിച്ച സിദെക്കിയയെയും ആഹാബിനെയും പോലെയാക്കട്ടെ!” എന്ന് അവർ പറയും.
23 കാരണം, അവർ ഇസ്രായേലിൽ നിന്ദ്യമായതു ചെയ്തിരിക്കുന്നു.+ അവർ അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും ഞാൻ കല്പിക്കാത്ത, വ്യാജമായ സന്ദേശങ്ങൾ എന്റെ നാമത്തിൽ പറയുകയും ചെയ്യുന്നു.+
“‘“ഞാൻ ഇതെല്ലാം അറിയുന്നു. ഞാൻ അതിനു സാക്ഷി”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
24 “നെഹലാംകാരനായ ശെമയ്യയോടു+ നീ പറയണം:
25 ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നീ നിന്റെ പേരിൽ യരുശലേമിലുള്ള മുഴുവൻ ജനങ്ങൾക്കും പുരോഹിതനായ മയസേയയുടെ മകൻ സെഫന്യക്കും+ എല്ലാ പുരോഹിതന്മാർക്കും കത്തുകൾ അയച്ചില്ലേ? നീ ഇങ്ങനെ എഴുതി:
26 ‘പുരോഹിതനായ യഹോയാദയ്ക്കു പകരം യഹോവ അങ്ങയെ പുരോഹിതനാക്കിയത് യഹോവയുടെ ഭവനത്തിന്റെ മേൽവിചാരകനായിരിക്കാനല്ലേ? വല്ല ഭ്രാന്തന്മാരും പ്രവാചകനെപ്പോലെ പെരുമാറുന്നെങ്കിൽ അവരെ പിടിച്ച് തടിവിലങ്ങിലും*+ ആമത്തിലും* ഇടേണ്ടത് അങ്ങല്ലേ?
27 പിന്നെ എന്താണ് നിങ്ങളുടെ മുന്നിൽ പ്രവാചകനെപ്പോലെ പെരുമാറുന്ന+ അനാഥോത്തുകാരനായ യിരെമ്യയെ+ അങ്ങ് ശിക്ഷിക്കാത്തത്?
28 അവൻ ബാബിലോണിലുള്ള ഞങ്ങൾക്കുപോലും സന്ദേശം അയച്ചു. അവൻ പറഞ്ഞു: “ഇനിയും കാലം കുറെയുണ്ട്! വീടുകൾ പണിത് താമസിക്കുക. തോട്ടങ്ങൾ നട്ടുണ്ടാക്കി അവിടെ വിളയുന്നതു കഴിക്കുക,+—”’”’”
29 യിരെമ്യ പ്രവാചകൻ കേൾക്കെ സെഫന്യ പുരോഹിതൻ+ ഈ കത്തു വായിച്ചപ്പോൾ
30 യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി:
31 “ബന്ദികളായി കൊണ്ടുപോയ ജനത്തെ മുഴുവൻ ഈ വിവരം അറിയിക്കുക: ‘നെഹലാംകാരനായ ശെമയ്യയെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “ഞാൻ അയയ്ക്കാതെതന്നെ ശെമയ്യ നിങ്ങളോടു പ്രവചിക്കുകയും നിങ്ങളെ നുണകൾ വിശ്വസിപ്പിക്കാൻ നോക്കുകയും ചെയ്തതുകൊണ്ട്+
32 യഹോവ പറയുന്നു: ‘ഇതാ, ഞാൻ നെഹലാംകാരനായ ശെമയ്യയ്ക്കും അവന്റെ പിൻതലമുറക്കാർക്കും എതിരെ തിരിയുന്നു. അവന്റെ ആളുകളിൽ ഒരാൾപ്പോലും ഈ ജനത്തിന് ഇടയിൽ ബാക്കിയുണ്ടാകില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല. കാരണം, യഹോവയെ ധിക്കരിക്കാൻ അവൻ ആളുകളെ പ്രേരിപ്പിച്ചു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “പ്രതിരോധമതിൽ പണിയുന്നവരും.”
^ അഥവാ “കുലീനവനിതയും.”
^ മറ്റൊരു സാധ്യത “പഴുത്ത് പൊട്ടിയ.”
^ അക്ഷ. “എല്ലാവരും ആശ്ചര്യപ്പെടും, ചൂളമടിക്കും.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “അവരുടെ കഴുത്ത് ഇരുമ്പുബന്ധനത്തിലും.”