യിരെമ്യ 3:1-25
3 ജനം ഇങ്ങനെ ചോദിക്കുന്നു: “ഒരാൾ ഭാര്യയെ പറഞ്ഞയയ്ക്കുകയും അവൾ അവനെ വിട്ട് മറ്റൊരുവന്റെ ഭാര്യയാകുകയും ചെയ്യുന്നെന്നിരിക്കട്ടെ. പിന്നെ അവൻ അവളുടെ അടുത്ത് ചെല്ലുന്നതു ശരിയാണോ?”+
ആ ദേശം അങ്ങേയറ്റം മലിനമായിരിക്കുകയല്ലേ?
“അനേകം പങ്കാളികളുമായി വേശ്യാവൃത്തി ചെയ്തിട്ട്+നീ ഇപ്പോൾ എന്റെ അടുത്തേക്കു മടങ്ങിവരുന്നതു ശരിയാണോ” എന്ന് യഹോവ ചോദിക്കുന്നു.
2 “നീ കണ്ണ് ഉയർത്തി മൊട്ടക്കുന്നുകളിലേക്ക് ഒന്നു നോക്കുക.
നീ വേശ്യാവൃത്തി ചെയ്യാത്ത ഏതെങ്കിലും സ്ഥലം അവിടെയുണ്ടോ?
വിജനഭൂമിയിലെ ഒരു നാടോടിയെപ്പോലെ*വഴിവക്കിൽ നീ അവർക്കായി കാത്തിരുന്നു.
നിന്റെ വേശ്യാവൃത്തിയും ദുഷ്ടതയും കൊണ്ട്നീ ദേശത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.+
3 അതുകൊണ്ട് മഴ നിന്നുപോയി.+വസന്തത്തിലും മഴ പെയ്യുന്നില്ല.
വേശ്യയായ ഒരു ഭാര്യയുടെ കൂസലില്ലായ്മ നിന്റെ മുഖത്തുണ്ട്;*നിനക്ക് ഒട്ടും നാണക്കേടു തോന്നുന്നില്ല.+
4 പക്ഷേ ഇപ്പോൾ നീ എന്നെ വിളിച്ച് ഇങ്ങനെ പറയുന്നു:‘അപ്പാ, അപ്പൻ എന്റെ യൗവനത്തിലെ കൂട്ടുകാരനല്ലേ?+
5 ഒരാൾ എന്നെന്നും കോപം മനസ്സിൽ സൂക്ഷിക്കുന്നതു ശരിയാണോ?എന്നും പക വെച്ചുകൊണ്ടിരിക്കാമോ?’
ഇങ്ങനെയൊക്കെ പറയുന്നെങ്കിലുംനീ ആവുന്നത്ര വഷളത്തം ചെയ്തുകൂട്ടുന്നു.”+
6 യോശിയ രാജാവിന്റെ കാലത്ത്+ യഹോവ എന്നോടു പറഞ്ഞു: “‘അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതു നീ കണ്ടോ? അവൾ ഉയരമുള്ള ഓരോ മലമുകളിലും തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെ ചുവട്ടിലും ചെന്ന് വേശ്യാവൃത്തി ചെയ്തു.+
7 ഇങ്ങനെയൊക്കെ ചെയ്തിട്ടും എന്റെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ അവളോടു വീണ്ടുംവീണ്ടും പറഞ്ഞു.+ പക്ഷേ അവൾ വന്നില്ല. യഹൂദയാകട്ടെ തന്റെ വഞ്ചകിയായ സഹോദരി ചെയ്യുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.+
8 അവിശ്വസ്തയായ ഇസ്രായേൽ ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവളുടെ വ്യഭിചാരം കാരണം+ മോചനപത്രം കൊടുത്ത് ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോദരിയായ യഹൂദയ്ക്കു പേടി തോന്നിയില്ല. ആ വഞ്ചകിയും പോയി വേശ്യാവൃത്തി ചെയ്തു.+
9 അവളുടെ വേശ്യാവൃത്തിയെ അവൾ നിസ്സാരമായിട്ടാണു കണ്ടത്. അവൾ ദേശത്തെ മലിനമാക്കിക്കൊണ്ടിരുന്നു. കല്ലുകളുമായും മരങ്ങളുമായും അവൾ വ്യഭിചാരം ചെയ്തു.+
10 ഇത്രയൊക്കെയായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യഹൂദ, മുഴുഹൃദയത്തോടെ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല; അവളുടേതു വെറും നാട്യമായിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
11 യഹോവ എന്നോട് ഇങ്ങനെയും പറഞ്ഞു: “അവിശ്വസ്തയായ ഇസ്രായേൽ വഞ്ചകിയായ യഹൂദയെക്കാൾ നീതിയുള്ളവളാണെന്നു വന്നിരിക്കുന്നു.+
12 ചെന്ന് വടക്കേ ദേശത്തോട് ഈ വാക്കുകൾ ഘോഷിക്കുക:+
“‘“വിശ്വാസവഞ്ചന കാണിച്ച ഇസ്രായേലേ, മടങ്ങിവരൂ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’+ ‘“ഞാൻ വിശ്വസ്തനാണല്ലോ. അതുകൊണ്ട് കോപത്തോടെ നിന്നെ നോക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’ ‘“ഞാൻ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കില്ല.
13 നീ നിന്റെ കുറ്റം സമ്മതിച്ചാൽ മാത്രം മതി; കാരണം, നീ നിന്റെ ദൈവമായ യഹോവയെ ധിക്കരിച്ചു. തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെയും ചുവട്ടിൽ നീ അന്യരുമായി* ബന്ധപ്പെട്ടുപോന്നു; എന്റെ സ്വരം കേട്ടനുസരിക്കാൻ തയ്യാറായുമില്ല” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
14 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഇതാ നിങ്ങളുടെ ശരിക്കുള്ള യജമാനനായിരിക്കുന്നു;* ഞാൻ നിങ്ങളെ, ഒരു നഗരത്തിൽനിന്ന് ഒരാളെ വീതവും ഒരു കുലത്തിൽനിന്ന് രണ്ടാളെ വീതവും എടുത്ത് സീയോനിലേക്കു കൊണ്ടുവരും.+
15 എന്റെ മനസ്സിന് ഇണങ്ങിയ ഇടയന്മാരെ ഞാൻ നിങ്ങൾക്കു തരും;+ അറിവും ഉൾക്കാഴ്ചയും തന്ന് അവർ നിങ്ങളെ പോഷിപ്പിക്കും.
16 അക്കാലത്ത് നിങ്ങൾ ദേശത്ത് പെരുകി ഫലം കായ്ക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “‘യഹോവയുടെ ഉടമ്പടിപ്പെട്ടകം!’ എന്ന് അവർ മേലാൽ പറയില്ല. അത് അവരുടെ മനസ്സിലേക്കു വരില്ല. അതെക്കുറിച്ച് അവർ ഓർക്കുകയോ അതിന്റെ കുറവ് അവർക്ക് അനുഭവപ്പെടുകയോ ഇല്ല. അതു പിന്നെ ഒരിക്കലും ഉണ്ടാക്കുകയുമില്ല.
17 അന്ന് അവർ യരുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും.+ യഹോവയുടെ പേരിനെ സ്തുതിക്കാൻ എല്ലാ ജനതകളെയും യരുശലേമിൽ വിളിച്ചുകൂട്ടും.+ അവർ മേലാൽ ശാഠ്യത്തോടെ തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടക്കില്ല.”
18 “അക്കാലത്ത് യഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേർന്നുനടക്കും.+ അവർ വടക്കുള്ള ദേശത്തുനിന്ന്, ഞാൻ നിങ്ങളുടെ പൂർവികർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് ഒരുമിച്ച് വരും.+
19 ‘എത്ര സന്തോഷത്തോടെയാണു ഞാൻ നിന്നെ എന്റെ മക്കളുടെകൂടെ ആക്കി ആരും മോഹിക്കുന്ന ആ ദേശം, ഏറ്റവും സുന്ദരമായ അവകാശം, ജനതകളുടെ ഇടയിൽ*+ നിനക്കു തന്നത്’ എന്നു ഞാൻ ഓർത്തു. നീ എന്നെ, ‘അപ്പാ!’ എന്നു വിളിക്കുമെന്നും എന്നെ അനുഗമിക്കുന്നതു നിറുത്തിക്കളയില്ലെന്നും ഞാൻ വിചാരിച്ചു.
20 ‘പക്ഷേ ഒരു ഭാര്യ ഭർത്താവിനെ വഞ്ചിച്ച് അവനെ ഉപേക്ഷിച്ച് പോകുന്നതുപോലെ ഇസ്രായേൽഗൃഹമേ, നീ എന്നോടു വഞ്ചന കാണിച്ചു’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
21 മൊട്ടക്കുന്നുകളിൽ ഒരു ശബ്ദം കേൾക്കുന്നു;അത് ഇസ്രായേൽ ജനത്തിന്റെ കരച്ചിലും യാചനയും ആണ്.അവർ വഴിപിഴച്ച് നടന്നല്ലോ;തങ്ങളുടെ ദൈവമായ യഹോവയെ അവർ മറന്നു.+
22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ.
നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+
“ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+
23 യഥാർഥത്തിൽ, കുന്നുകളും മലമുകളിലെ ആരവവും വെറും മായയാണ്.+
വാസ്തവത്തിൽ, ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ യഹോവയിലാണ്.+
24 പക്ഷേ, ഞങ്ങളുടെ പൂർവികർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ആ നാണംകെട്ട വസ്തു* തിന്നുകയാണ്;+അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയുംപുത്രീപുത്രന്മാരെയും എല്ലാം ഞങ്ങളുടെ ചെറുപ്പംമുതലേ അതു തിന്നുന്നു.
25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ;ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ.കാരണം, ഞങ്ങളും ഞങ്ങളുടെ അപ്പന്മാരും ഞങ്ങളുടെ ചെറുപ്പംമുതൽ ഇന്നുവരെ+ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു;+ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.”
അടിക്കുറിപ്പുകള്
^ അക്ഷ. “ഒരു അറബിയെപ്പോലെ.”
^ അക്ഷ. “ഭാര്യയുടെ നെറ്റിയാണു നിനക്ക്.”
^ അഥവാ “അന്യദൈവങ്ങളുമായി.”
^ മറ്റൊരു സാധ്യത “ഭർത്താവായിരിക്കുന്നു.”
^ അക്ഷ. “ജനതകളുടെ സൈന്യങ്ങളുടെ അവകാശം.”
^ അഥവാ “നാണംകെട്ട ദൈവം.”