യിരെമ്യ 32:1-44
32 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 10-ാം വർഷം, അതായത് നെബൂഖദ്നേസറിന്റെ* വാഴ്ചയുടെ 18-ാം വർഷം, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.+
2 ആ സമയത്ത് ബാബിലോൺരാജാവിന്റെ സൈന്യം യരുശലേമിനെ ഉപരോധിച്ചിരുന്നു. യിരെമ്യ പ്രവാചകനോ യഹൂദാരാജാവിന്റെ ഭവനത്തിൽ* കാവൽക്കാരുടെ മുറ്റത്ത് തടവിലുമായിരുന്നു.+
3 യിരെമ്യയെ തടവിലാക്കിയത് യഹൂദയിലെ സിദെക്കിയ രാജാവായിരുന്നു.+ സിദെക്കിയ പറഞ്ഞു: “നീ എന്തിനാണ് ഇങ്ങനെയൊക്കെ പ്രവചിക്കുന്നത്? നീ ഇങ്ങനെ പറഞ്ഞില്ലേ: ‘യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ നഗരം പിടിച്ചടക്കും.+
4 യഹൂദയിലെ സിദെക്കിയ രാജാവ് കൽദയരുടെ കൈയിൽനിന്ന് രക്ഷപ്പെടില്ല. അവനെ ഉറപ്പായും ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവനോടു മുഖാമുഖം സംസാരിക്കും, അവനെ നേർക്കുനേർ കാണും.”’+
5 ‘അവൻ സിദെക്കിയയെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാൻ അവനിലേക്കു ശ്രദ്ധ തിരിക്കുന്നതുവരെ അവൻ അവിടെ കഴിയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കൽദയരോട് എത്ര പോരാടിയാലും നീ വിജയിക്കാൻപോകുന്നില്ല.’”+
6 യിരെമ്യ പറഞ്ഞു: “യഹോവ എന്നോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു:
7 ‘നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുത്ത് വന്ന് ഇങ്ങനെ പറയും: “നീ അനാഥോത്തിലെ+ എന്റെ നിലം വാങ്ങണം. കാരണം, അതു വീണ്ടെടുക്കാൻ മറ്റാരെക്കാളും അവകാശമുള്ളതു നിനക്കാണ്.”’”+
8 യഹോവ പറഞ്ഞതുപോലെതന്നെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേൽ കാവൽക്കാരുടെ മുറ്റത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു: “ബന്യാമീൻ ദേശത്തെ അനാഥോത്തിലുള്ള എന്റെ നിലം ദയവായി വാങ്ങണം. അതു വീണ്ടെടുത്ത് കൈവശം വെക്കാനുള്ള അവകാശം നിനക്കാണല്ലോ. അതുകൊണ്ട് നീതന്നെ അതു വാങ്ങണം.” ഇത് യഹോവ പറഞ്ഞതനുസരിച്ചാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി.
9 അങ്ങനെ, എന്റെ പിതൃസഹോദരപുത്രനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം ഞാൻ വാങ്ങി. വിലയായി ഏഴു ശേക്കെലും* പത്തു വെള്ളിക്കാശും തൂക്കിക്കൊടുത്തു.+
10 എന്നിട്ട് ഞാൻ ആധാരം എഴുതിയുണ്ടാക്കി+ മുദ്രവെച്ചു; സാക്ഷികളെയും വരുത്തി.+ കൊടുക്കാനുള്ള പണം ഞാൻ ത്രാസ്സിൽവെച്ച് തൂക്കി.
11 മുദ്രവെക്കാത്ത ആധാരവും ചട്ടത്തിനും നിയമവ്യവസ്ഥകൾക്കും അനുസൃതമായി മുദ്രവെച്ച തീറാധാരവും ഞാൻ എടുത്തു.
12 എന്നിട്ട് തീറാധാരം ഞാൻ മഹസേയയുടെ മകനായ നേരിയയുടെ മകൻ+ ബാരൂക്കിനു+ കൊടുത്തു. എന്റെ പിതൃസഹോദരപുത്രനായ ഹനമെയേലിന്റെയും തീറാധാരത്തിൽ ഒപ്പുവെച്ച സാക്ഷികളുടെയും കാവൽക്കാരുടെ മുറ്റത്ത്+ ഇരുന്ന എല്ലാ ജൂതന്മാരുടെയും സാന്നിധ്യത്തിലാണു ഞാൻ ഇതു ചെയ്തത്.
13 പിന്നെ അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇങ്ങനെ ആജ്ഞാപിച്ചു:
14 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘മുദ്രവെച്ച തീറാധാരവും മുദ്രവെക്കാത്ത ആധാരവും എടുത്ത് ഒരു മൺപാത്രത്തിൽ സൂക്ഷിച്ചുവെക്കുക. അങ്ങനെ അതു ദീർഘകാലം ഭദ്രമായിരിക്കും.’
15 കാരണം, ‘ഈ ദേശത്ത് ആളുകൾ വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വാങ്ങുന്ന ഒരു കാലം വീണ്ടും വരും’ എന്ന് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു.”+
16 നേരിയയുടെ മകനായ ബാരൂക്കിനെ ആ തീറാധാരം ഏൽപ്പിച്ചശേഷം ഞാൻ യഹോവയോടു പ്രാർഥിച്ചു:
17 “പരമാധികാരിയായ യഹോവേ, മഹാശക്തികൊണ്ടും+ നീട്ടിയ കരംകൊണ്ടും അങ്ങ് ആകാശവും ഭൂമിയും ഉണ്ടാക്കിയല്ലോ. അങ്ങയ്ക്ക് അസാധ്യമായി ഒന്നുമില്ല.
18 അങ്ങ് ആയിരങ്ങളോട് അചഞ്ചലസ്നേഹം കാണിക്കുന്നു. പക്ഷേ അപ്പന്മാരുടെ തെറ്റുകൾക്കു പിന്നീട് അവരുടെ മക്കളോട് അങ്ങ് പകരം ചെയ്യുന്നു.*+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള അങ്ങ് സത്യദൈവമാണ്; മഹാനും ശക്തനും ആയ ദൈവം.
19 അങ്ങ് മഹത്തായ ഉദ്ദേശ്യമുള്ള,* പ്രവൃത്തിയിൽ ശക്തനായ ദൈവമാണല്ലോ.+ ഓരോരുത്തരുടെയും വഴികൾക്കും ചെയ്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കാൻ+ അങ്ങയുടെ കണ്ണുകൾ മനുഷ്യന്റെ വഴികളെല്ലാം നിരീക്ഷിക്കുന്നു.+
20 അങ്ങ് ഈജിപ്ത് ദേശത്ത് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ചു. അക്കാര്യം ഇന്നും ആളുകൾക്ക് അറിയാം. അങ്ങനെ ഇസ്രായേലിൽ മാത്രമല്ല എല്ലാ മനുഷ്യരുടെ ഇടയിലും അങ്ങ് ഇന്നുള്ളതുപോലെ കീർത്തി നേടിയിരിക്കുന്നു.+
21 അങ്ങ് അടയാളങ്ങളും അത്ഭുതങ്ങളും കാണിച്ച് ബലമുള്ള കൈയാലും നീട്ടിയ കരത്താലും ഭയാനകമായ പ്രവൃത്തികളാലും അങ്ങയുടെ ജനമായ ഇസ്രായേലിനെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുവന്നു.+
22 “പിന്നീട്, അവരുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്ത+ ദേശം, പാലും തേനും ഒഴുകുന്ന ഈ ദേശം,+ അങ്ങ് അവർക്കു നൽകി.
23 അവർ വന്ന് ദേശം സ്വന്തമാക്കി. പക്ഷേ അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അങ്ങയുടെ നിയമം അനുസരിച്ച് നടക്കുകയോ ചെയ്തില്ല. അങ്ങ് ചെയ്യാൻ കല്പിച്ചതൊന്നും ചെയ്യാഞ്ഞതുകൊണ്ട് അങ്ങ് ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തി.+
24 ആളുകൾ ഇതാ, നഗരം പിടിച്ചടക്കാൻ ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുന്നു.+ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും+ അവർക്കെതിരെ വരും. അങ്ങനെ, ആ നഗരത്തോടു പോരാടുന്ന കൽദയർ അതു പിടിച്ചെടുക്കും. അങ്ങയ്ക്കു കാണാനാകുന്നതുപോലെ അങ്ങ് പറഞ്ഞതെല്ലാം അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു.
25 പക്ഷേ പരമാധികാരിയായ യഹോവേ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കുമെന്ന് ഉറപ്പായിരിക്കെ, ‘നിലം വിലയ്ക്കു വാങ്ങ്! സാക്ഷികളെ വരുത്ത്!’ എന്ന് എന്തിനാണ് എന്നോടു പറഞ്ഞത്?”
26 അപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി:
27 “ഇതു ഞാനാണ്, എല്ലാ മനുഷ്യരുടെയും ദൈവമായ യഹോവ! എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?
28 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഇതാ, ഈ നഗരം കൽദയരുടെ കൈയിലും ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും ഏൽപ്പിക്കുന്നു; അവൻ അതു പിടിച്ചടക്കും.+
29 ഈ നഗരത്തോടു പോരാടുന്ന കൽദയർ നഗരത്തിൽ കടന്ന് അതിനു തീ വെക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ ഏതെല്ലാം വീടുകളുടെ മുകളിൽവെച്ചാണോ എന്നെ കോപിപ്പിക്കാൻ ബാലിനു ബലികളും മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങളും അർപ്പിച്ചത്,+ ആ വീടുകളും അവർ കത്തിക്കും.’
30 “‘കാരണം, ഇസ്രായേൽ ജനവും യഹൂദാജനവും ചെറുപ്പംമുതലേ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ മാത്രം ചെയ്തിരിക്കുന്നു.+ അവരുടെ പ്രവൃത്തികളിലൂടെ അവർ എന്നെ കോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
31 ‘അവർ നഗരം പണിത നാൾമുതൽ ഇന്നുവരെ ഈ നഗരം എന്റെ കോപവും ക്രോധവും ജ്വലിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.+ അതുകൊണ്ട് എനിക്ക് അതിനെ എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയേണ്ടിവരും.+
32 ഇസ്രായേൽ ജനവും യഹൂദാജനവും ചെയ്ത എല്ലാ ദുഷ്കൃത്യങ്ങളും നിമിത്തമാണ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. അവരും അവരുടെ രാജാക്കന്മാരും+ പ്രഭുക്കന്മാരും+ പുരോഹിതന്മാരും പ്രവാചകന്മാരും+ യഹൂദാപുരുഷന്മാരും യരുശലേമിൽ താമസിക്കുന്നവരും അവരുടെ ചെയ്തികളാൽ എന്നെ കോപിപ്പിച്ചല്ലോ.
33 അവർ എന്റെ നേരെ മുഖമല്ല പുറമാണു തിരിച്ചത്;+ ഇത് ഒരു പതിവായിരുന്നു. അവരെ പഠിപ്പിക്കാൻ ഞാൻ വീണ്ടുംവീണ്ടും* ശ്രമിച്ചെങ്കിലും എന്റെ ശിക്ഷണം സ്വീകരിക്കാൻ ആരും കൂട്ടാക്കിയില്ല.+
34 എന്റെ പേരിലുള്ള ഭവനത്തിൽ അവർ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അത് അശുദ്ധമാക്കി.+
35 സ്വന്തം മക്കളെ തീയിൽ മോലേക്കിന്* അർപ്പിക്കാൻ*+ അവർ ബൻ-ഹിന്നോം താഴ്വരയിൽ*+ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു. ഇങ്ങനെ അവർ യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചല്ലോ. ഇതു ഞാൻ കല്പിച്ചതല്ല;+ ഇങ്ങനെയൊരു മ്ലേച്ഛകാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*
36 “അതുകൊണ്ട്, വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുമെന്ന് നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു:
37 ‘ഞാൻ എന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും കാരണം അവരെ നാനാദേശങ്ങളിലേക്കു ചിതറിച്ചുകളഞ്ഞെങ്കിലും അവിടെനിന്നെല്ലാം ഇതാ അവരെ ഒരുമിച്ചുകൂട്ടാൻപോകുന്നു.+ ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; അവർ ഇവിടെ സുരക്ഷിതരായി താമസിക്കും.+
38 അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.+
39 അവർ എന്നെ എല്ലായ്പോഴും ഭയപ്പെടാൻ ഞാൻ അവർക്കെല്ലാവർക്കും ഒരേ ഹൃദയവും+ ഒരേ വഴിയും കൊടുക്കും. അങ്ങനെ അവർക്കും അവരുടെ മക്കൾക്കും നന്മ വരും.+
40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്ക്കും.+
41 അവർക്കു നന്മ ചെയ്യാൻ എനിക്കു വളരെ സന്തോഷമായിരിക്കും.+ മുഴുഹൃദയത്തോടെയും മുഴുദേഹിയോടെയും* ഞാൻ അവരെ ഈ ദേശത്ത് നട്ടുറപ്പിക്കും.’”+
42 “യഹോവ പറയുന്നത് ഇതാണ്: ‘ഞാൻ ഈ ജനത്തിന്റെ മേൽ വലിയ ദുരന്തങ്ങൾ ചൊരിഞ്ഞതുപോലെതന്നെ അവരോടു വാഗ്ദാനം ചെയ്യുന്ന നന്മകളും* അവരുടെ മേൽ ചൊരിയും.+
43 നിങ്ങൾ ഈ ദേശത്തെക്കുറിച്ച്, “മനുഷ്യനോ മൃഗമോ ഇല്ലാത്ത ഒരു പാഴിടം; ഇതു കൽദയർക്കു കൊടുത്തിരിക്കുകയാണ്” എന്നു പറയുന്നു. പക്ഷേ ഈ ദേശത്ത് ആളുകൾ നിലങ്ങൾ വാങ്ങുന്ന കാലം വീണ്ടും വരും.’+
44 “‘അവർ നിലങ്ങൾ വിലയ്ക്കു വാങ്ങും; ആധാരം എഴുതിയുണ്ടാക്കി മുദ്ര വെക്കും; സാക്ഷികളെ വരുത്തും.+ ബന്യാമീൻ ദേശത്തും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യഹൂദാനഗരങ്ങളിലും+ മലനാട്ടിലെയും താഴ്വാരത്തിലെയും+ നഗരങ്ങളിലും തെക്കുള്ള നഗരങ്ങളിലും ഇത്തരം ഇടപാടുകൾ നടക്കും. കാരണം, അവരുടെ ഇടയിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ ഞാൻ മടക്കിവരുത്തും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്
^ അക്ഷ. “നെബൂഖദ്രേസറിന്റെ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “കൊട്ടാരത്തിൽ.”
^ അക്ഷ. “പുത്രന്മാരുടെ മാർവിടത്തിലേക്ക് അങ്ങ് പകരം കൊടുക്കും.”
^ അക്ഷ. “നിർണയമുള്ള.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അഥവാ “ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അക്ഷ. “മോലേക്കിനു തീയിലൂടെ കടത്തിവിടാൻ.”
^ അഥവാ “നല്ല കാര്യങ്ങളും.”