യിരെമ്യ 34:1-22
34 ബാബിലോണിലെ നെബൂഖദ്നേസർ* രാജാവും അയാളുടെ സർവസൈന്യവും അയാളുടെ അധീനതയിൽ ഭൂമിയിലുള്ള എല്ലാ രാജ്യങ്ങളും ജനങ്ങളും യരുശലേമിനോടും അവളുടെ നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ അടുത്ത് ചെന്ന് ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അവൻ അതിനെ ചുട്ടെരിക്കും.+
3 നീ അവന്റെ കൈയിൽനിന്ന് രക്ഷപ്പെടില്ല. നീ ഉറപ്പായും പിടിയിലാകും; നിന്നെ അവനു കൈമാറുകയും ചെയ്യും.+ നീ ബാബിലോൺരാജാവിനെ നേർക്കുനേർ കാണും, അവനോടു മുഖാമുഖം സംസാരിക്കും. നിനക്കു ബാബിലോണിലേക്കു പോകേണ്ടിവരും.’+
4 പക്ഷേ യഹൂദയിലെ സിദെക്കിയ രാജാവേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘അങ്ങയെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്: “വാൾ നിന്റെ ജീവനെടുക്കില്ല.
5 നീ സമാധാനത്തോടെ മരിക്കും.+ നിനക്കു മുമ്പ് രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെതന്നെ അവർ നിനക്കുവേണ്ടിയും സുഗന്ധക്കൂട്ടു പുകയ്ക്കുന്ന ചടങ്ങു നടത്തും. ‘അയ്യോ യജമാനനേ!’ എന്നു പറഞ്ഞ് അവർ നിന്നെക്കുറിച്ച് വിലപിക്കും. ‘ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”’”
6 യിരെമ്യ പ്രവാചകൻ ഇക്കാര്യങ്ങളെല്ലാം യരുശലേമിൽവെച്ച് യഹൂദയിലെ സിദെക്കിയ രാജാവിനോടു പറഞ്ഞു.
7 അപ്പോൾ, ബാബിലോൺരാജാവിന്റെ സൈന്യങ്ങൾ യരുശലേമിനോടും യഹൂദാനഗരങ്ങളിൽ+ ബാക്കിയുള്ള ലാഖീശിനോടും+ അസേക്കയോടും+ യുദ്ധം ചെയ്യുകയായിരുന്നു. കാരണം, യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിൽ പിടിച്ചടക്കപ്പെടാതെ ബാക്കിയുണ്ടായിരുന്നത് ഇവ മാത്രമാണ്.
8 യരുശലേമിലെ ജനങ്ങൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ+ സിദെക്കിയ രാജാവ് അവരോട് ഒരു ഉടമ്പടി ചെയ്തതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.
9 ആ ഉടമ്പടിയനുസരിച്ച്, എല്ലാവരും എബ്രായരായ അടിമകളെയെല്ലാം മോചിപ്പിക്കണമായിരുന്നു. ജൂതസഹോദരങ്ങളായ പുരുഷന്മാരെയോ സ്ത്രീകളെയോ ആരും അടിമകളായി വെക്കരുതായിരുന്നു.
10 എല്ലാ പ്രഭുക്കന്മാരും ജനവും അത് അനുസരിച്ചു. തങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരെ സ്വതന്ത്രരാക്കാനും അവരെ മേലാൽ അടിമകളായി വെക്കാതിരിക്കാനും ആ ഉടമ്പടിയനുസരിച്ച് എല്ലാവരും ബാധ്യസ്ഥരായിരുന്നതുകൊണ്ട് അവർ അവരെ പോകാൻ അനുവദിച്ചു.
11 പക്ഷേ സ്വതന്ത്രരാക്കിയ ആ അടിമകളെ അവർ പിന്നീട് തിരികെ കൊണ്ടുവരുകയും വീണ്ടും അവരെക്കൊണ്ട് നിർബന്ധമായി അടിമപ്പണി ചെയ്യിക്കുകയും ചെയ്തു.
12 അതുകൊണ്ട് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി. യഹോവ പറഞ്ഞു:
13 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന്, അടിമത്തത്തിന്റെ വീട്ടിൽനിന്ന്,+ വിടുവിച്ച് കൊണ്ടുവന്ന അന്നു ഞാൻ അവരോട് ഇങ്ങനെ ഒരു ഉടമ്പടി ചെയ്തിരുന്നു:+
14 “നീ വില കൊടുത്ത് വാങ്ങിയ ഒരു എബ്രായസഹോദരൻ ആറു വർഷം നിന്നെ സേവിച്ചാൽ ഏഴാം വർഷത്തിന്റെ അവസാനം അവനെ മോചിപ്പിക്കണം. നീ അവനെ സ്വതന്ത്രനായി വിടണം.”+ പക്ഷേ നിങ്ങളുടെ പൂർവികർ എന്നെ ശ്രദ്ധിക്കുകയോ എന്റെ നേരെ ചെവി ചായിക്കുകയോ ചെയ്തില്ല.
15 പക്ഷേ ഈ അടുത്ത കാലത്ത്* നിങ്ങൾ മനസ്സു മാറ്റി നിങ്ങളുടെ സഹമനുഷ്യർക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് എന്റെ മുമ്പാകെ ശരിയായതു ചെയ്തു. എന്റെ പേരിലുള്ള ഭവനത്തിൽവെച്ച്, എന്റെ സാന്നിധ്യത്തിൽ, നിങ്ങൾ ഒരു ഉടമ്പടിയും ഉണ്ടാക്കി.
16 അങ്ങനെ, അടിമകളായ സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ ഇഷ്ടമനുസരിച്ച് നിങ്ങൾ സ്വതന്ത്രരാക്കി. പക്ഷേ പിന്നീടു മനസ്സു മാറ്റിയ നിങ്ങൾ അവരെ മടക്കിക്കൊണ്ടുവന്ന് നിർബന്ധമായി അടിമപ്പണി ചെയ്യിച്ചു. അങ്ങനെ എന്റെ പേര് നിങ്ങൾ അശുദ്ധമാക്കി.’+
17 “അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങളുടെ സഹോദരനും സഹമനുഷ്യനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ+ നിങ്ങൾ എന്നെ അനുസരിച്ചില്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കും, വാളിനും മാരകമായ പകർച്ചവ്യാധിക്കും ക്ഷാമത്തിനും+ ഇരയാകാനുള്ള സ്വാതന്ത്ര്യം. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഭീതികാരണമാക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 ‘കാളക്കുട്ടിയെ രണ്ടായി മുറിച്ച് ആ കഷണങ്ങൾക്കിടയിലൂടെ കടന്നുപോയി എന്റെ മുന്നിൽവെച്ച് അവർ ഉടമ്പടി ചെയ്തല്ലോ.+ പക്ഷേ എന്റെ ആ ഉടമ്പടിയിലെ വാക്കുകൾ പാലിക്കാതെ അതു ലംഘിച്ച പുരുഷന്മാർക്ക്,
19 അതായത് കാളക്കുട്ടിയുടെ ആ രണ്ടു കഷണങ്ങൾക്കിടയിലൂടെ കടന്നുപോയ യഹൂദാപ്രഭുക്കന്മാർക്കും യരുശലേംപ്രഭുക്കന്മാർക്കും കൊട്ടാരോദ്യോഗസ്ഥന്മാർക്കും പുരോഹിതന്മാർക്കും ദേശത്തെ എല്ലാ ജനങ്ങൾക്കും വരാൻപോകുന്നത് ഇതാണ്:
20 ഞാൻ അവരെ അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമാകും.+
21 ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ പ്രഭുക്കന്മാരെയും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ട് പിൻവാങ്ങുന്ന+ ബാബിലോൺരാജാവിന്റെ സൈന്യങ്ങളുടെ കൈയിലും ഏൽപ്പിക്കും.’+
22 “‘ഞാൻ ഇതാ, അതിനുള്ള ആജ്ഞ കൊടുക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ അവരെ ഈ നഗരത്തിലേക്കു തിരികെ വരുത്തും. അവർ അതിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീക്കിരയാക്കും.+ യഹൂദാനഗരങ്ങളെ ഞാൻ ആൾപ്പാർപ്പില്ലാത്ത ഒരു പാഴിടമാക്കും.’”+