യിരെമ്യ 36:1-32
36 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ+ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “നീ ഒരു ചുരുൾ* എടുക്കുക. എന്നിട്ട് ഞാൻ നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ, അതായത് യോശിയയുടെ കാലംമുതൽ,+ ഇന്നുവരെ ഇസ്രായേലിനും യഹൂദയ്ക്കും+ എല്ലാ ജനതകൾക്കും+ എതിരായി ഞാൻ നിന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം അതിൽ എഴുതുക.
3 യഹൂദാഗൃഹത്തിലുള്ളവർ ഞാൻ അവരുടെ മേൽ വരുത്താൻ ഉദ്ദേശിക്കുന്ന ദുരന്തങ്ങളെക്കുറിച്ചൊക്കെ കേൾക്കുമ്പോൾ ഒരുപക്ഷേ തങ്ങളുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ അവരുടെ തെറ്റുകളും പാപവും എനിക്കു ക്ഷമിക്കാനാകുമല്ലോ.”+
4 യിരെമ്യ നേരിയയുടെ മകൻ ബാരൂക്കിനെ+ വിളിച്ച് യഹോവയിൽനിന്ന് തനിക്കു കിട്ടിയ സന്ദേശങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവ ചുരുളിൽ* എഴുതുകയും ചെയ്തു.+
5 പിന്നെ യിരെമ്യ ബാരൂക്കിന് ഈ ആജ്ഞ കൊടുത്തു: “ഞാൻ ഇപ്പോൾ തടവിലായതുകൊണ്ട് എനിക്ക് യഹോവയുടെ ഭവനത്തിലേക്കു പോകാനാകില്ല.
6 അതുകൊണ്ട് നീ വേണം അങ്ങോട്ടു പോകാൻ. എന്നിട്ട്, ഞാൻ പറഞ്ഞുതന്ന് ചുരുളിൽ എഴുതിച്ച യഹോവയുടെ സന്ദേശങ്ങൾ യഹോവയുടെ ഭവനത്തിൽവെച്ച് ജനം കേൾക്കെ ഉറക്കെ വായിക്കണം; ഒരു ഉപവാസദിവസം വേണം അതു ചെയ്യാൻ. അങ്ങനെ, നഗരങ്ങളിൽനിന്ന് വരുന്ന യഹൂദാജനം മുഴുവനും അവ കേൾക്കാൻ ഇടയാകും.
7 ഒരുപക്ഷേ, പ്രീതിക്കായുള്ള അവരുടെ യാചന യഹോവയുടെ അടുത്ത് എത്തുകയും അവരെല്ലാം അവരുടെ ദുഷിച്ച വഴികൾ വിട്ടുമാറുകയും ചെയ്താലോ? കാരണം, അത്ര വലുതാണ് ഈ ജനത്തിനു മേൽ ചൊരിയുമെന്ന് യഹോവ പ്രഖ്യാപിച്ചിരിക്കുന്ന കോപവും ക്രോധവും.”
8 അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് യിരെമ്യ പ്രവാചകൻ കല്പിച്ചതെല്ലാം ചെയ്തു. ബാരൂക്ക് യഹോവയുടെ ഭവനത്തിൽവെച്ച് ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ ഉറക്കെ വായിച്ചു.+
9 അങ്ങനെയിരിക്കെ, യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ അഞ്ചാം വർഷം ഒൻപതാം മാസം യരുശലേമിലെ മുഴുവൻ ജനവും അതുപോലെ, യഹൂദാനഗരങ്ങളിൽനിന്ന് യരുശലേമിൽ എത്തിയ ജനവും യഹോവയുടെ സന്നിധിയിൽ ഒരു ഉപവാസം പ്രഖ്യാപിച്ചു.+
10 ബാരൂക്ക് അപ്പോൾ ചുരുളിൽനിന്ന് യിരെമ്യയുടെ വാക്കുകൾ യഹോവയുടെ ഭവനത്തിൽവെച്ച്, പകർപ്പെഴുത്തുകാരനായ* ശാഫാന്റെ+ മകൻ ഗമര്യയുടെ+ മുറിയിൽനിന്ന്,* ജനങ്ങളെയെല്ലാം ഉറക്കെ വായിച്ചുകേൾപ്പിച്ചു. യഹോവയുടെ ഭവനത്തിലെ പുതിയ കവാടത്തിനു മുന്നിലുള്ള മുകളിലത്തെ മുറ്റത്തായിരുന്നു ആ മുറി.+
11 ചുരുളിൽനിന്ന്* യഹോവയുടെ സന്ദേശങ്ങൾ വായിച്ചുകേട്ട ശാഫാന്റെ മകനായ ഗമര്യയുടെ മകൻ മീഖായ
12 രാജഭവനത്തിൽ* സെക്രട്ടറിയുടെ മുറിയിലേക്കു ചെന്നു. എല്ലാ പ്രഭുക്കന്മാരും* അവിടെ ഇരിപ്പുണ്ടായിരുന്നു. സെക്രട്ടറിയായ എലീശാമ,+ ശെമയ്യയുടെ മകൻ ദലായ, അക്ബോരിന്റെ മകൻ+ എൽനാഥാൻ,+ ശാഫാന്റെ മകൻ ഗമര്യ, ഹനന്യയുടെ മകൻ സിദെക്കിയ എന്നിവരും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെയുണ്ടായിരുന്നു.
13 ജനം മുഴുവനും കേൾക്കെ ബാരൂക്ക് ചുരുളിൽനിന്ന് വായിച്ച കാര്യങ്ങളെല്ലാം മീഖായ അവരോടു പറഞ്ഞു.
14 അപ്പോൾ പ്രഭുക്കന്മാരെല്ലാംകൂടെ കൂശിയുടെ മകനായ ശേലെമ്യയുടെ മകനായ നെഥന്യയുടെ മകൻ യഹൂദിയെ ബാരൂക്കിന്റെ അടുത്തേക്ക് ഈ സന്ദേശവുമായി അയച്ചു: “താങ്കൾ ജനത്തെ വായിച്ചുകേൾപ്പിച്ച ആ ചുരുളുമായി ഇങ്ങോട്ടു വരുക.” അങ്ങനെ, നേരിയയുടെ മകനായ ബാരൂക്ക് ചുരുളും എടുത്ത് അവരുടെ അടുത്ത് ചെന്നു.
15 അവർ ബാരൂക്കിനോടു പറഞ്ഞു: “ദയവായി ഇവിടെ ഇരുന്ന് അത് ഉറക്കെ വായിച്ചുകേൾപ്പിക്ക്.” അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു.
16 ഇതെല്ലാം കേട്ട ഉടൻ അവർ പേടിച്ച് പരസ്പരം നോക്കി. അവർ ബാരൂക്കിനോടു പറഞ്ഞു: “എന്തായാലും ഇക്കാര്യങ്ങൾ രാജാവിനോടു പറയണം.”
17 അവർ ബാരൂക്കിനോടു ചോദിച്ചു: “ഇതെല്ലാം എങ്ങനെയാണു താങ്കൾ എഴുതിയത്? യിരെമ്യ പറഞ്ഞുതന്നതാണോ?”
18 അപ്പോൾ, ബാരൂക്ക് അവരോടു പറഞ്ഞു: “എല്ലാം യിരെമ്യ പറഞ്ഞുതന്നതാണ്. ഞാൻ അതു മഷികൊണ്ട് ഈ ചുരുളിൽ* എഴുതുകയും ചെയ്തു.”
19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു പറഞ്ഞു: “പോകൂ. താങ്കളും യിരെമ്യയും എവിടെയെങ്കിലും പോയി ഒളിക്കൂ. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്.”+
20 പിന്നെ അവർ രാജാവിനെ കാണാൻ മുറ്റത്തേക്കു ചെന്നു. ചുരുൾ കൊണ്ടുപോയി സെക്രട്ടറിയായ എലീശാമയുടെ മുറിയിൽ വെച്ചിട്ട്, കേട്ട കാര്യങ്ങളെല്ലാം അവർ രാജാവിനോടു പറഞ്ഞു.
21 അപ്പോൾ രാജാവ് ചുരുൾ കൊണ്ടുവരാൻ യഹൂദിയെ+ അയച്ചു. അയാൾ അതു സെക്രട്ടറിയായ എലീശാമയുടെ മുറിയിൽനിന്ന് എടുത്തുകൊണ്ടുവന്നു. രാജാവും രാജാവിന്റെ അടുത്ത് നിന്നിരുന്ന എല്ലാ പ്രഭുക്കന്മാരും കേൾക്കെ യഹൂദി അതിൽനിന്ന് വായിക്കാൻതുടങ്ങി.
22 അത് ഒൻപതാം മാസമായിരുന്നു.* രാജാവ് ശീതകാലവസതിയിൽ ഇരിക്കുകയാണ്. രാജാവിന്റെ മുന്നിലായി നെരിപ്പോടിൽ തീ എരിയുന്നുമുണ്ട്.
23 യഹൂദി മൂന്നോ നാലോ ഭാഗം വായിച്ചുകഴിയുമ്പോൾ രാജാവ് അതു സെക്രട്ടറിയുടെ കത്തികൊണ്ട് മുറിച്ചെടുത്ത് നെരിപ്പോടിലെ തീയിലേക്ക് ഇടും. ചുരുൾ മുഴുവൻ തീരുന്നതുവരെ രാജാവ് ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു.
24 അവർക്കൊന്നും ഒരു പേടിയും തോന്നിയില്ല. രാജാവും ഇക്കാര്യങ്ങളെല്ലാം കേട്ട രാജദാസന്മാരും അവരുടെ വസ്ത്രം കീറിയുമില്ല.
25 ‘ചുരുൾ കത്തിച്ചുകളയരുതേ’ എന്ന് എൽനാഥാനും+ ദലായയും+ ഗമര്യയും+ കേണപേക്ഷിച്ചെങ്കിലും രാജാവ് അതു വകവെച്ചില്ല.
26 പിന്നെ രാജാവ് സെക്രട്ടറിയായ ബാരൂക്കിനെയും പ്രവാചകനായ യിരെമ്യയെയും പിടിച്ചുകൊണ്ടുവരാൻ രാജകുമാരനായ യരഹ്മെയേലിനോടും അസ്രിയേലിന്റെ മകനായ സെരായയോടും അബ്ദേലിന്റെ മകനായ ശേലെമ്യയോടും കല്പിച്ചു. പക്ഷേ യഹോവ അവരെ ഒളിപ്പിച്ചു.+
27 യിരെമ്യ പറഞ്ഞുകൊടുത്ത് ബാരൂക്ക് എഴുതിയ അരുളപ്പാടുകളുടെ ചുരുൾ രാജാവ് കത്തിച്ചുകളഞ്ഞശേഷം യിരെമ്യക്കു വീണ്ടും യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:+
28 “നീ മറ്റൊരു ചുരുൾ എടുത്ത് യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ+ ആദ്യത്തെ ചുരുളിലുണ്ടായിരുന്ന അതേ വാക്കുകൾ അതിൽ എഴുതുക.
29 പിന്നെ യഹൂദയിലെ യഹോയാക്കീം രാജാവിനോടു നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “നീ ഈ ചുരുൾ കത്തിച്ചുകളഞ്ഞില്ലേ? ‘“ബാബിലോൺരാജാവ് ഉറപ്പായും വന്ന് ഈ ദേശം നശിപ്പിച്ച് ഇവിടെയുള്ള മനുഷ്യനെയും മൃഗത്തെയും ഇല്ലാതാക്കും” എന്ന് എന്തിനു നീ ഈ ചുരുളിൽ എഴുതി’ എന്നു ചോദിച്ചില്ലേ?+
30 അതുകൊണ്ട് യഹൂദയിലെ യഹോയാക്കീം രാജാവിനോട് യഹോവ പറയുന്നത് ഇതാണ്: ‘ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ആരുമുണ്ടായിരിക്കില്ല.+ അവന്റെ ശവം പകൽ ചൂടും രാത്രിയിൽ തണുപ്പും ഏറ്റ് കിടക്കും.+
31 ഞാൻ അവനോടും അവന്റെ പിന്മുറക്കാരോടും* അവന്റെ ദാസന്മാരോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും. ഞാൻ അവരുടെ മേലും യരുശലേമിലുള്ളവരുടെ മേലും യഹൂദാപുരുഷന്മാരുടെ മേലും വരുത്തുമെന്നു പറഞ്ഞിട്ടും അവർ ഗൗനിക്കാതിരുന്ന+ എല്ലാ ദുരന്തങ്ങളും ഞാൻ അവരുടെ മേൽ വരുത്തും.’”’”+
32 അപ്പോൾ യിരെമ്യ മറ്റൊരു ചുരുൾ എടുത്ത് നേരിയയുടെ മകനും സെക്രട്ടറിയും+ ആയ ബാരൂക്കിനു കൊടുത്തു. യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിലുണ്ടായിരുന്ന*+ എല്ലാ കാര്യങ്ങളും യിരെമ്യ പറഞ്ഞുകൊടുത്തതനുസരിച്ച് ബാരൂക്ക് അതിൽ എഴുതി; അതുപോലുള്ള മറ്റ് അനേകം കാര്യങ്ങളും അതിൽ കൂട്ടിച്ചേർത്തു.
അടിക്കുറിപ്പുകള്
^ അക്ഷ. “ഒരു പുസ്തകച്ചുരുൾ.”
^ അക്ഷ. “ഒരു പുസ്തകച്ചുരുളിൽ.”
^ അഥവാ “പുസ്തകത്തിൽനിന്ന്.”
^ അഥവാ “ശാസ്ത്രിയായ.”
^ അഥവാ “ഊണുമുറിയിൽനിന്ന്.”
^ അഥവാ “പുസ്തകത്തിൽനിന്ന്.”
^ അഥവാ “കൊട്ടാരോദ്യോഗസ്ഥന്മാരും.”
^ അഥവാ “രാജകൊട്ടാരത്തിൽ.”
^ അഥവാ “പുസ്തകത്തിൽ.”
^ അക്ഷ. “വിത്തിനോടും.”
^ അഥവാ “പുസ്തകത്തിലുണ്ടായിരുന്ന.”