യിരെമ്യ 37:1-21
37 യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+
2 പക്ഷേ സിദെക്കിയയും ദാസന്മാരും ദേശത്തെ ജനവും യഹോവ യിരെമ്യ പ്രവാചകനിലൂടെ അറിയിച്ച സന്ദേശങ്ങൾക്ക് ഒട്ടും ശ്രദ്ധ കൊടുത്തില്ല.
3 സിദെക്കിയ രാജാവ് ശേലെമ്യയുടെ മകൻ യഹൂഖലിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യ പ്രവാചകന്റെ അടുത്ത് അയച്ച് ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി ദയവായി പ്രാർഥിക്കൂ.”
4 യിരെമ്യയെ അപ്പോഴും തടവറയിൽ ഇട്ടിരുന്നില്ല;+ അദ്ദേഹം ജനത്തിന് ഇടയിൽ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു.
5 ആ സമയത്താണു ഫറവോന്റെ സൈന്യം ഈജിപ്തിൽനിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന+ വാർത്ത യരുശലേമിനെ ഉപരോധിച്ചിരുന്ന കൽദയരുടെ കാതിലെത്തുന്നത്. അതുകൊണ്ട് അവർ യരുശലേമിൽനിന്ന് പിൻവാങ്ങി.+
6 അപ്പോൾ യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
7 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘എന്നോട് ആലോചന ചോദിക്കാൻ നിന്നെ എന്റെ അടുത്തേക്ക് അയച്ച യഹൂദാരാജാവിനോടു നീ പറയണം: “ഇതാ, നിന്നെ സഹായിക്കാൻ വരുന്ന ഫറവോന്റെ സൈന്യത്തിനു സ്വദേശമായ ഈജിപ്തിലേക്കു തിരികെ പോകേണ്ടിവരും.+
8 അപ്പോൾ കൽദയർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്യും. എന്നിട്ട് അതിനെ പിടിച്ചടക്കി തീക്കിരയാക്കും.”+
9 യഹോവ പറയുന്നത് ഇതാണ്: “‘ഉറപ്പായും കൽദയർ നമ്മളെ വിട്ട് പോകും’ എന്നു പറഞ്ഞ് നിങ്ങൾ സ്വയം വഞ്ചിക്കരുത്. അവർ നിങ്ങളെ വിട്ട് പോകില്ല.
10 നിങ്ങളോടു യുദ്ധം ചെയ്യുന്ന കൽദയരുടെ സൈന്യത്തെ മുഴുവൻ നിങ്ങൾ തോൽപ്പിച്ചിട്ട് മുറിവേറ്റവർ മാത്രം അവശേഷിച്ചാലും അവർ അവരുടെ കൂടാരങ്ങളിൽനിന്ന് വന്ന് ഈ നഗരം തീക്കിരയാക്കും.”’”+
11 ഫറവോന്റെ സൈന്യം വരുന്നെന്ന് അറിഞ്ഞ് കൽദയസൈന്യം യരുശലേമിൽനിന്ന് പിൻവാങ്ങിയപ്പോൾ,+
12 യിരെമ്യ തന്റെ ജനത്തിന് ഇടയിൽ തനിക്കുള്ള ഓഹരി കൈപ്പറ്റാൻ യരുശലേമിൽനിന്ന് ബന്യാമീൻ ദേശത്തേക്കു പുറപ്പെട്ടു.+
13 പക്ഷേ ബന്യാമീൻ-കവാടത്തിൽ എത്തിയപ്പോൾ കാവൽക്കാരുടെ ചുമതലയുള്ള, ഹനന്യയുടെ മകനായ ശേലെമ്യയുടെ മകൻ യിരീയ യിരെമ്യ പ്രവാചകനെ പിടികൂടി, “നീ കൽദയരുടെ പക്ഷംചേരാൻ പോകുകയാണല്ലേ” എന്നു ചോദിച്ചു.
14 എന്നാൽ യിരെമ്യ പറഞ്ഞു: “അല്ല! ഞാൻ അവരുടെ പക്ഷംചേരാൻ പോകുകയല്ല.” പക്ഷേ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കാതെ യിരീയ യിരെമ്യയെ പിടിച്ച് പ്രഭുക്കന്മാരുടെ അടുത്ത് കൊണ്ടുവന്നു.
15 പ്രഭുക്കന്മാർ യിരെമ്യയോടു കോപിച്ച്+ അദ്ദേഹത്തെ അടിച്ചു. എന്നിട്ട്, സെക്രട്ടറിയായ യഹോനാഥാന്റെ വീട്ടിൽ തടവിലാക്കി;*+ ആ വീട് ഒരു തടവറയാക്കി മാറ്റിയിരുന്നു.
16 അവിടെ ഭൂമിക്കടിയിലുള്ള ഒരു ഇരുട്ടറയിലാണു* യിരെമ്യയെ ഇട്ടത്. കുറെ നാൾ അദ്ദേഹം അവിടെത്തന്നെ കിടന്നു.
17 പിന്നെ സിദെക്കിയ രാജാവ് ആളയച്ച് യിരെമ്യയെ വരുത്തി തന്റെ കൊട്ടാരത്തിൽവെച്ച് രഹസ്യമായി ചോദ്യം ചെയ്തു.+ രാജാവ് യിരെമ്യയോട്, “യഹോവയിൽനിന്ന് എന്തെങ്കിലും സന്ദേശമുണ്ടോ” എന്നു ചോദിച്ചു. അതിന് യിരെമ്യ, “ഉണ്ട്! അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും!”+ എന്നു പറഞ്ഞു.
18 യിരെമ്യ സിദെക്കിയ രാജാവിനോട് ഇങ്ങനെയും പറഞ്ഞു: “അങ്ങ് എന്നെ തടവിലാക്കാൻ മാത്രം ഞാൻ അങ്ങയോടും അങ്ങയുടെ ദാസന്മാരോടും ഈ ജനത്തോടും എന്തു കുറ്റമാണു ചെയ്തത്?
19 ‘ബാബിലോൺരാജാവ് അങ്ങയ്ക്കും അങ്ങയുടെ ദേശത്തിനും നേരെ വരില്ല’ എന്നു പ്രവചിച്ച പ്രവാചകന്മാരൊക്കെ ഇപ്പോൾ എവിടെപ്പോയി?+
20 എന്റെ യജമാനനായ രാജാവേ, ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കേണമേ. പ്രീതിക്കായുള്ള എന്റെ അപേക്ഷ സാധിച്ചുതരേണമേ. സെക്രട്ടറിയായ യഹോനാഥാന്റെ+ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്ക്കരുതേ; ഞാൻ അവിടെ കിടന്ന് മരിച്ചുപോകും.”+
21 അതുകൊണ്ട് യിരെമ്യയെ കാവൽക്കാരുടെ മുറ്റത്ത് സൂക്ഷിക്കാൻ സിദെക്കിയ രാജാവ് കല്പിച്ചു.+ നഗരത്തിലെ അപ്പമെല്ലാം തീരുന്നതുവരെ+ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസേന വട്ടത്തിലുള്ള ഓരോ അപ്പം+ യിരെമ്യക്കു കൊടുത്തുപോന്നു. അങ്ങനെ യിരെമ്യ കാവൽക്കാരുടെ മുറ്റത്ത് കഴിഞ്ഞു.
അടിക്കുറിപ്പുകള്
^ മറ്റു പേരുകൾ: യഹോയാഖീൻ, യഖൊന്യ.
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അക്ഷ. “കാൽവിലങ്ങുഗൃഹത്തിലാക്കി.”
^ അക്ഷ. “ജലസംഭരണിഗൃഹത്തിലാണ്.”