യിരെമ്യ 41:1-18
41 ഏഴാം മാസം, രാജവംശത്തിൽപ്പെട്ടവനും* രാജാവിന്റെ പ്രധാനികളിൽ ഒരാളും ആയ എലീശാമയുടെ മകനായ നെഥന്യയുടെ മകൻ യിശ്‌മായേൽ+ പത്തു പേരെയും കൂട്ടി മിസ്‌പയിൽ+ അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്ത് വന്നു. അവിടെ അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ
2 നെഥന്യയുടെ മകൻ യിശ്മായേലും ആ പത്തു പേരും എഴുന്നേറ്റ് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗദല്യയെ വാളുകൊണ്ട് വെട്ടിക്കൊന്നു. അങ്ങനെ ബാബിലോൺ രാജാവ് ദേശത്തിനു മേൽ നിയമിച്ച ആളെ യിശ്‌മായേൽ കൊന്നുകളഞ്ഞു.
3 ഗദല്യയോടൊപ്പം മിസ്‌പയിലുണ്ടായിരുന്ന എല്ലാ ജൂതന്മാരെയും കൽദയപടയാളികളെയും യിശ്‌മായേൽ വധിച്ചു.
4 ഗദല്യയെ കൊന്നതിന്റെ പിറ്റേന്ന്, മറ്റാരും അത് അറിയുന്നതിനു മുമ്പ്,
5 ശെഖേം,+ ശീലോ,+ ശമര്യ+ എന്നിവിടങ്ങളിൽനിന്ന് 80 പുരുഷന്മാർ യഹോവയുടെ ഭവനത്തിലേക്കുള്ള ധാന്യയാഗങ്ങളും കുന്തിരിക്കവും+ കൊണ്ട് അവിടേക്കു വന്നു. അവർ താടി വടിക്കുകയും വസ്‌ത്രം കീറുകയും ദേഹത്ത് മുറിവുകളുണ്ടാക്കുകയും ചെയ്തിരുന്നു.+
6 അപ്പോൾ മിസ്പയിൽനിന്ന് നെഥന്യയുടെ മകനായ യിശ്‌മായേൽ കരഞ്ഞുകൊണ്ട് അവരെ എതിരേറ്റ് ചെന്നു. അവരെ കണ്ടപ്പോൾ യിശ്‌മായേൽ, “അഹീക്കാമിന്റെ മകനായ ഗദല്യയുടെ അടുത്തേക്കു വരുക” എന്നു പറഞ്ഞു.
7 പക്ഷേ നഗരത്തിൽ എത്തിയപ്പോൾ നെഥന്യയുടെ മകനായ യിശ്‌മായേൽ അവരെ കൊന്ന് ജലസംഭരണിയിൽ* എറിഞ്ഞു.
8 പക്ഷേ അവരിൽ പത്തു പേർ യിശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ കൊല്ലരുതേ. ഞങ്ങൾ ഗോതമ്പും ബാർളിയും എണ്ണയും തേനും ശേഖരിച്ച് വയലിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.” അതുകൊണ്ട് യിശ്‌മായേൽ അവരെ അവരുടെ സഹോദരന്മാരോടൊപ്പം കൊന്നില്ല.
9 ഇസ്രായേൽരാജാവായ ബയെശയെ+ പേടിച്ച് ആസ രാജാവ് നിർമിച്ച ഒരു വലിയ ജലസംഭരണിയിലാണു യിശ്‌മായേൽ താൻ കൊന്ന പുരുഷന്മാരുടെ ശവങ്ങൾ എറിഞ്ഞത്. ഇതാണു നെഥന്യയുടെ മകനായ യിശ്‌മായേൽ ശവങ്ങൾകൊണ്ട് നിറച്ച ജലസംഭരണി.
10 മിസ്‌പയിലുണ്ടായിരുന്ന+ മറ്റെല്ലാവരെയും യിശ്‌മായേൽ ബന്ദികളാക്കി. അക്കൂട്ടത്തിൽ രാജകുമാരിമാരും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗദല്യയെ+ ഏൽപ്പിച്ചവരിൽ ശേഷിച്ചവരും ഉണ്ടായിരുന്നു. നെഥന്യയുടെ മകനായ യിശ്‌മായേൽ ആ ബന്ദികളെയുംകൊണ്ട് അമ്മോന്യരുടെ അടുത്തേക്കു പുറപ്പെട്ടു.+
11 കാരേഹിന്റെ മകനായ യോഹാനാനും+ ഒപ്പമുള്ള എല്ലാ സൈന്യാധിപന്മാരും നെഥന്യയുടെ മകനായ യിശ്‌മായേൽ ചെയ്തുകൂട്ടിയ ദുഷ്ടതയെക്കുറിച്ചെല്ലാം കേട്ടു.
12 അപ്പോൾ അവർ എല്ലാ പുരുഷന്മാരെയും കൂട്ടി നെഥന്യയുടെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യാൻ പോയി. ഗിബെയോനിലുള്ള ജലാശയത്തിന്* അടുത്തുവെച്ച് അവർ യിശ്മായേലിനെ കണ്ടു.
13 കാരേഹിന്റെ മകനായ യോഹാനാനെയും ഒപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോൾ യിശ്മായേലിന്റെ കൂടെയുണ്ടായിരുന്ന ജനത്തിനു സന്തോഷമായി.
14 യിശ്‌മായേൽ മിസ്പയിൽനിന്ന് ബന്ദികളാക്കി കൊണ്ടുപോന്ന ജനം+ മുഴുവൻ അപ്പോൾ തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുത്തേക്കു ചെന്ന് അയാളുടെകൂടെ പോയി.
15 പക്ഷേ നെഥന്യയുടെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്നവരിൽ എട്ടു പേരും യോഹാനാനു പിടികൊടുക്കാതെ അമ്മോന്യരുടെ അടുത്തേക്കു രക്ഷപ്പെട്ടു.
16 നെഥന്യയുടെ മകനായ യിശ്‌മായേൽ അഹീക്കാമിന്റെ മകനായ ഗദല്യയെ+ കൊന്നിട്ട് ബന്ദികളാക്കിയ, മിസ്പയിൽനിന്നുള്ള ബാക്കി ആളുകളെ കാരേഹിന്റെ മകനായ യോഹാനാനും ഒപ്പമുള്ള സൈന്യാധിപന്മാരും മോചിപ്പിച്ചു. എന്നിട്ട് അവർ ആ പുരുഷന്മാരെയും പടയാളികളെയും സ്ത്രീകളെയും കുട്ടികളെയും കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരെയും ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്നു.
17 ഈജിപ്‌തിലേക്കു+ പോകാനുള്ള ഉദ്ദേശ്യത്തോടെ അവർ ചെന്ന് ബേത്ത്‌ലെഹെമിന്+ അടുത്തുള്ള കിംഹാമിൽ തങ്ങി.
18 കൽദയരെ പേടിച്ചാണ് അവർ ഈജിപ്‌തിലേക്കു പോകാൻ തീരുമാനിച്ചത്. ബാബിലോൺരാജാവ് ദേശത്ത് അധിപതിയായി നിയമിച്ച അഹീക്കാമിന്റെ മകൻ ഗദല്യയെ നെഥന്യയുടെ മകൻ യിശ്‌മായേൽ കൊന്നുകളഞ്ഞതുകൊണ്ടാണ് അവർ കൽദയരെ പേടിച്ചത്.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “രാജത്വത്തിന്റെ വിത്തിൽപ്പെട്ടവനും.”
^ മറ്റൊരു സാധ്യത “വലിയ കുളത്തിന്.”