യിരെമ്യ 46:1-28
46 ജനതകളെക്കുറിച്ച് യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:+
2 ഈജിപ്തിനെക്കുറിച്ചുള്ള,+ അതായത് യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ വാഴ്ചയുടെ നാലാം വർഷത്തിൽ യൂഫ്രട്ടീസ് നദിയുടെ സമീപത്തുള്ള കർക്കെമീശിൽവെച്ച് ബാബിലോൺരാജാവായ നെബൂഖദ്നേസർ* തോൽപ്പിച്ച ഈജിപ്തുരാജാവായ ഫറവോൻ നെഖോയുടെ+ സൈന്യത്തെക്കുറിച്ചുള്ള, സന്ദേശം:
3 “നിങ്ങളുടെ ചെറുപരിചകളും* വൻപരിചകളും ഒരുക്കിയുദ്ധഭൂമിയിലേക്കു നീങ്ങുക.
4 കുതിരപ്പടയാളികളേ, കുതിരയ്ക്കു കോപ്പിട്ട് അതിന്മേൽ കയറൂ.
പടത്തൊപ്പി അണിഞ്ഞ് അണിനിരക്കൂ.
കുന്തങ്ങൾ മിനുക്കി പടച്ചട്ട അണിയൂ.
5 ‘ഞാൻ എന്താണ് ഈ കാണുന്നത്? അവർ ആകെ പരിഭ്രാന്തരാണല്ലോ.
അവർ പിൻവാങ്ങുകയാണ്. അവരുടെ വീരയോദ്ധാക്കൾ ചതഞ്ഞരഞ്ഞിരിക്കുന്നു.
അവർ പരിഭ്രമിച്ച് ഓടുകയാണ്; യുദ്ധവീരന്മാർ തിരിഞ്ഞുനോക്കാതെ പായുന്നു.
എങ്ങും ഭീതി മാത്രം’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
6 ‘വേഗമേറിയവന് ഓടിയകലാനോ യുദ്ധവീരനു രക്ഷപ്പെടാനോ കഴിയുന്നില്ല.
വടക്ക്, യൂഫ്രട്ടീസ് നദിയുടെ തീരത്ത്,അവർ ഇടറിവീണിരിക്കുന്നു.’+
7 നൈൽ നദിപോലെ,ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നത് ആരാണ്?
8 ഈജിപ്ത് നൈൽ നദിപോലെ,+ആർത്തലച്ച് വരുന്ന നദിപോലെ, ഇരമ്പിക്കയറുന്നു.അതു പറയുന്നു: ‘ഞാൻ കരകവിഞ്ഞ് ഒഴുകി ഭൂമിയെ മൂടും.
ഞാൻ നഗരത്തെയും നഗരവാസികളെയും സംഹരിക്കും.’
9 കുതിരകളേ, മുന്നോട്ടു കുതിക്കൂ!
യുദ്ധരഥങ്ങളേ, ചീറിപ്പായൂ!
യുദ്ധവീരന്മാർ മുന്നോട്ടു നീങ്ങട്ടെ.പരിച ഏന്തുന്ന കൂശ്യരും പൂത്യരും+വില്ലു വളച്ച് കെട്ടുന്ന* വില്ലാളികളായ+ ലൂദ്യരും+ മുന്നേറട്ടെ.
10 “ആ ദിവസം പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവയുടെ ദിവസമാണ്; ശത്രുക്കളോടു പകരം വീട്ടാനുള്ള പ്രതികാരദിനം. വാൾ അവരെ തിന്ന് തൃപ്തിയടയും; മതിവരുവോളം അവരുടെ രക്തം കുടിക്കും. കാരണം, പരമാധികാരിയായ കർത്താവ്, സൈന്യങ്ങളുടെ ദൈവമായ യഹോവ, വടക്കുള്ള ദേശത്ത്, യൂഫ്രട്ടീസ് നദീതീരത്ത്,+ ഒരു ബലി അർപ്പിക്കുന്നുണ്ട്.*
11 കന്യകയായ ഈജിപ്ത് പുത്രിയേ,ഗിലെയാദിൽ ചെന്ന് മരുന്നു* വാങ്ങൂ.+
നീ ഇത്രയേറെ ചികിത്സകൾ പരീക്ഷിച്ചതു വെറുതേയാണ്.നിന്റെ രോഗത്തിനു ശമനമില്ല.+
12 ജനതകൾ നിനക്കു വന്ന അപമാനത്തെക്കുറിച്ച് കേട്ടിരിക്കുന്നു.+നിന്റെ നിലവിളി ദേശം മുഴുവൻ മുഴങ്ങുന്നു.
യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു;അവർ ഒരുമിച്ച് നിലത്ത് വീഴുന്നു.”
13 ഈജിപ്തിനെ നശിപ്പിക്കാൻ ബാബിലോൺരാജാവായ നെബൂഖദ്നേസർ വരുന്നതിനെക്കുറിച്ച് യഹോവയിൽനിന്ന് യിരെമ്യ പ്രവാചകനു കിട്ടിയ സന്ദേശം:+
14 “ഈജിപ്തിൽ അതു പ്രഖ്യാപിക്കൂ. മിഗ്ദോലിൽ+ അതു ഘോഷിക്കൂ.
നോഫിലും* തഹ്പനേസിലും+ അതു വിളിച്ചുപറയൂ:
‘വാൾ നിന്റെ ചുറ്റുമുള്ളതെല്ലാം വിഴുങ്ങിക്കളയും.അതുകൊണ്ട് അണിനിരക്കൂ, ഒരുങ്ങിനിൽക്കൂ.
15 നിന്റെ ബലവാന്മാർക്ക് എന്തു പറ്റി? അവരെ തൂത്തെറിഞ്ഞല്ലോ.
അവർക്കു പിടിച്ചുനിൽക്കാനായില്ല.യഹോവ അവരെ തള്ളി താഴെയിട്ടിരിക്കുന്നു.
16 അനേകരാണ് ഇടറിവീഴുന്നത്.
അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നു:
“എഴുന്നേൽക്കൂ! നമുക്കു നമ്മുടെ സ്വദേശത്തേക്ക്, നമ്മുടെ ജനത്തിന്റെ അടുത്തേക്ക്, മടങ്ങിപ്പോകാം.ഈ ക്രൂരമായ വാളിൽനിന്ന് നമുക്കു രക്ഷപ്പെടാം.”’
17 അവിടെ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു:‘ഈജിപ്തുരാജാവായ ഫറവോനു വെറുതേ വീമ്പിളക്കാനേ അറിയൂ.കിട്ടിയ അവസരം* അവൻ പാഴാക്കിയില്ലേ?’+
18 സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു:‘ഞാനാണെ, പർവതങ്ങളുടെ ഇടയിൽ താബോരും+ കടൽത്തീരത്തെ കർമേലും+ എന്നപോലെ അവൻ* വരും.
19 ഈജിപ്തിൽ താമസിക്കുന്ന മകളേ,പ്രവാസത്തിലേക്കു* പോകാൻ ഭാണ്ഡം ഒരുക്കിക്കൊള്ളൂ.
കാരണം, നോഫ്* പേടിപ്പെടുത്തുന്ന ഒരിടമാകും.അതിനു തീയിടും.* അത് ആൾത്താമസമില്ലാതെ കിടക്കും.+
20 ഈജിപ്ത് നല്ല അഴകുള്ള പശുക്കിടാവാണ്.പക്ഷേ കുത്തിനോവിക്കുന്ന ഈച്ചകൾ വടക്കുനിന്ന് അവളുടെ നേരെ വരും.
21 അവൾ കൂലിക്കെടുത്ത പടയാളികൾപോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്.പക്ഷേ അവരും കൂട്ടത്തോടെ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു.
അവരുടെ വിനാശനാളുംഅവരോടു കണക്കു ചോദിക്കുന്ന സമയവും വന്നതുകൊണ്ട്അവർക്കു പിടിച്ചുനിൽക്കാനായില്ല.’+
22 ‘ഇഴഞ്ഞകലുന്ന സർപ്പത്തിന്റേതുപോലെയാണ് അവളുടെ ശബ്ദം.മരംവെട്ടുകാർ* വരുന്നതുപോലെ അവർകോടാലികളുമായി ശൗര്യത്തോടെ അവളുടെ പിന്നാലെ ചെല്ലുന്നു.
23 അവളുടെ വനം കടന്നുചെല്ലാൻ പറ്റാത്തത്ര നിബിഡമായി തോന്നിയാലും അവർ അതു വെട്ടിനശിപ്പിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘കാരണം, അവർ എണ്ണത്തിൽ വെട്ടുക്കിളികളെക്കാൾ അധികമാണ്. അവരെ എണ്ണിത്തീർക്കാനാകില്ല.
24 ഈജിപ്ത് പുത്രി നാണംകെടും.
അവളെ വടക്കുനിന്നുള്ള ജനത്തിനു കൈമാറും.’+
25 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: ‘ഇപ്പോൾ, ഞാൻ നോയിലെ*+ ആമോന്റെയും+ ഫറവോന്റെയും ഈജിപ്തിന്റെയും അവളുടെ ദൈവങ്ങളുടെയും+ അവളുടെ രാജാക്കന്മാരുടെയും നേരെ എന്റെ ശ്രദ്ധ തിരിക്കുകയാണ്. അതെ, ഫറവോന്റെയും അവനെ ആശ്രയിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ശ്രദ്ധ തിരിക്കുന്നു.’+
26 “‘ഞാൻ അവരെ അവരുടെ ജീവനെടുക്കാൻ നോക്കുന്ന ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെയും+ ദാസന്മാരുടെയും കൈയിൽ ഏൽപ്പിക്കും. പക്ഷേ പിന്നീട് അവിടെ മുമ്പത്തെപ്പോലെ ആൾത്താമസമുണ്ടാകും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
27 ‘പക്ഷേ എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, പേടിക്കേണ്ടാ.+
ദൂരത്തുനിന്ന് ഞാൻ നിന്നെ രക്ഷിക്കും.ബന്ദികളായി കഴിയുന്ന ദേശത്തുനിന്ന് നിന്റെ സന്തതിയെ* മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല.+
28 അതുകൊണ്ട് എന്റെ ദാസനായ യാക്കോബേ, പേടിക്കേണ്ടാ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കാരണം, ഞാൻ നിന്റെകൂടെയുണ്ട്.
ഏതു ജനതകളുടെ ഇടയിലേക്കാണോ ഞാൻ നിന്നെ ചിതറിച്ചത് അവയെയെല്ലാം ഞാൻ നിശ്ശേഷം നശിപ്പിക്കും.+പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കില്ല.+
നിനക്കു ഞാൻ ന്യായമായ തോതിൽ ശിക്ഷണം തരും;*+പക്ഷേ ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല.’”
അടിക്കുറിപ്പുകള്
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
^ അക്ഷ. “വില്ലു ചവിട്ടുന്ന.”
^ അഥവാ “ഒരു സംഹാരം നടത്തും.”
^ അഥവാ “സുഗന്ധക്കറ.”
^ അഥവാ “മെംഫിസിലും.”
^ അക്ഷ. “നിയമിതസമയം.”
^ അതായത്, ഈജിപ്തിനെ കീഴടക്കുന്നവൻ.
^ അഥവാ “മെംഫിസ്.”
^ മറ്റൊരു സാധ്യത “അതൊരു പാഴിടമാകും.”
^ അഥവാ “വിറകു ശേഖരിക്കുന്നവർ.”
^ അതായത്, തീബ്സ്.
^ അക്ഷ. “വിത്തിനെ.”
^ അഥവാ “തിരുത്തൽ തരും.”