യിരെമ്യ 48:1-47
48 മോവാബിനെക്കുറിച്ച്+ ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“നെബോയുടെ+ കാര്യം കഷ്ടം; അവളെ സംഹരിച്ചിരിക്കുന്നു!
കിര്യത്തയീമിനെ+ നാണംകെടുത്തിയിരിക്കുന്നു; അവളെ പിടിച്ചടക്കിയിരിക്കുന്നു.
സുരക്ഷിതസങ്കേതം നാണംകെട്ടുപോയിരിക്കുന്നു; അതിനെ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു.+
2 അവർ മേലാൽ മോവാബിനെ പുകഴ്ത്തുന്നില്ല.
‘വരൂ, നമുക്ക് അവളെ ഒരു ജനതയല്ലാതാക്കാം’ എന്നു പറഞ്ഞ്
അവളെ വീഴിക്കാൻ ഹെശ്ബോനിൽവെച്ച്+ അവർ പദ്ധതി മനഞ്ഞു.
മദ്മേനേ, നീയും മിണ്ടരുത്.കാരണം, നിന്റെ പുറകേയും വാളുണ്ട്.
3 ഹോരോനയീമിൽനിന്ന്+ ഒരു നിലവിളി കേൾക്കുന്നു;സംഹാരത്തിന്റെയും മഹാനാശത്തിന്റെയും നിലവിളി.
4 മോവാബ് തകർന്ന് വീണിരിക്കുന്നു.
അവളുടെ കുഞ്ഞുങ്ങൾ വാവിട്ട് കരയുന്നു.
5 അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു.
ഹോരോനയീമിൽനിന്നുള്ള ഇറക്കത്തിൽ ദുരന്തത്തെച്ചൊല്ലിയുള്ള ദീനരോദനം കേൾക്കാം.+
6 ജീവനുംകൊണ്ട് ഓടിരക്ഷപ്പെടൂ!
നീ വിജനഭൂമിയിലെ ജൂനിപ്പർ മരംപോലെയാകട്ടെ.
7 നിന്റെ വിലപിടിപ്പുള്ള വസ്തുക്കളിലും നേട്ടങ്ങളിലും അല്ലേ നിന്റെ ആശ്രയം?നീയും പിടിക്കപ്പെടും.
കെമോശിനെ*+ ബന്ദിയായി പിടിച്ചുകൊണ്ടുപോകും.അവന്റെ പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും കൊണ്ടുപോകും.
8 സംഹാരകൻ എല്ലാ നഗരങ്ങളിലും എത്തും.ഒന്നുപോലും രക്ഷപ്പെടില്ല.+
യഹോവ പറഞ്ഞതുപോലെതന്നെ താഴ്വര നശിക്കും,സമഭൂമിയും* നാശത്തിന് ഇരയാകും.
9 മോവാബിനുവേണ്ടി വഴിയടയാളം സ്ഥാപിക്കൂ.കാരണം, തകർന്നുവീഴുമ്പോൾ അവൾ എഴുന്നേറ്റ് ഓടും.അവളുടെ നഗരങ്ങൾ ആൾപ്പാർപ്പില്ലാതെ കിടക്കും.+അവ പേടിപ്പെടുത്തുന്ന ഒരിടമാകും.
10 യഹോവ ഏൽപ്പിച്ച ദൗത്യം അലസമായി ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ!
രക്തം ചൊരിയാതെ വാൾ പിടിച്ചിരിക്കുന്നവൻ ശപിക്കപ്പെട്ടവൻ!
11 മോവാബ്യർ മട്ട് അടിഞ്ഞ തെളിവീഞ്ഞുപോലെയാണ്;ചെറുപ്പംമുതലേ ആരും അവരെ ശല്യപ്പെടുത്തിയിട്ടില്ല.
ഒരു പാത്രത്തിൽനിന്ന് മറ്റൊന്നിലേക്ക് അവരെ പകർന്നിട്ടില്ല;ഇതുവരെ ആരും അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയിട്ടില്ല.
അതുകൊണ്ട് അവരുടെ രുചി മാറിയിട്ടില്ല,അവരുടെ സുഗന്ധത്തിനു മാറ്റം വന്നിട്ടില്ല.
12 “‘അതുകൊണ്ട് അവരെ മറിച്ചിടാൻ ഞാൻ ആളെ അയയ്ക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അവർ അവരെ മറിച്ചിടും; അവരുടെ പാത്രങ്ങൾ കാലിയാക്കും. അവരുടെ വലിയ ഭരണികൾ ഉടച്ചുകളയും.
13 തങ്ങൾ ആശ്രയം വെച്ചിരുന്ന ബഥേലിനെ ഓർത്ത് ഇസ്രായേൽഗൃഹം നാണിക്കുന്നതുപോലെ മോവാബ്യർ കെമോശിനെ ഓർത്ത് നാണിക്കും.+
14 “ഞങ്ങൾ യുദ്ധസജ്ജരായ വീരയോദ്ധാക്കളാണ്” എന്നു പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’+
15 ‘മോവാബിനെ നശിപ്പിച്ചുകളഞ്ഞു.അവളുടെ നഗരങ്ങളെ കീഴടക്കി.+അവളുടെ മിടുമിടുക്കരായ യുവാക്കളെ കശാപ്പു ചെയ്തു’+ എന്ന്
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.+
16 മോവാബ്യരുടെ വിനാശം ഇതാ, അടുത്തെത്തിയിരിക്കുന്നു.അവരുടെ വീഴ്ച പാഞ്ഞടുക്കുന്നു.+
17 അവരുടെ ചുറ്റുമുള്ളവർക്കെല്ലാം,അവരുടെ പേര് അറിയാവുന്നവർക്കെല്ലാം, അവരോടു സഹതപിക്കേണ്ടിവരും.
‘ബലമുള്ള ദണ്ഡ്, മനോഹരമായ വടി ഒടിഞ്ഞുപോയല്ലോ! ഭയങ്കരം!’ എന്ന് അവരോടു പറയുക.
18 ദീബോനിൽ താമസിക്കുന്ന പുത്രിയേ,+നിന്റെ മഹത്ത്വത്തിൽനിന്ന് താഴെ ഇറങ്ങൂ; ദാഹിച്ചുവലഞ്ഞ് നിലത്ത് ഇരിക്കൂ.*കാരണം, മോവാബിന്റെ വിനാശകൻ നിനക്ക് എതിരെ വന്നിരിക്കുന്നു.അവൻ നിന്റെ കോട്ടകൾ തകർത്തുകളയും.+
19 അരോവേരിൽ+ താമസിക്കുന്നവനേ, വഴിയരികെ നോക്കിനിൽക്കൂ.
പേടിച്ചോടുന്ന പുരുഷനോടും ഓടിരക്ഷപ്പെടുന്ന സ്ത്രീയോടും ‘എന്തു പറ്റി’ എന്നു ചോദിക്കൂ.
20 മോവാബിനെ നാണംകെടുത്തിയിരിക്കുന്നു. അവൾ ഭയപരവശയായിരിക്കുന്നു.
അലമുറയിട്ട് കരയൂ.
മോവാബ് നശിച്ചുപോയി എന്ന് അർന്നോനിൽ+ വിളിച്ചുപറയൂ.
21 “സമഭൂമിയിൽ* ന്യായവിധി എത്തിയിരിക്കുന്നു.+ ഹോലോനും യാഹാസിനും+ മേഫാത്തിനും+ എതിരെ,
22 ദീബോനും+ നെബോയ്ക്കും+ ബേത്ത്-ദിബ്ലാത്തയീമിനും എതിരെ,
23 കിര്യത്തയീമിനും+ ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും+ എതിരെ,
24 കെരീയോത്തിനും+ ബൊസ്രയ്ക്കും എതിരെ, മോവാബ് ദേശത്തെ അടുത്തും അകലെയും ഉള്ള എല്ലാ നഗരങ്ങൾക്കും എതിരെ, ന്യായവിധി വന്നിരിക്കുന്നു.
25 ‘മോവാബിന്റെ കൊമ്പു* വെട്ടിക്കളഞ്ഞിരിക്കുന്നു.അവന്റെ കൈ ഒടിച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
26 ‘അവൻ യഹോവയ്ക്കെതിരെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട്+ അവനെ കുടിപ്പിച്ച് മത്തനാക്കുക.+
മോവാബ് സ്വന്തം ഛർദിയിൽ കിടന്ന് ഉരുളട്ടെ.അവൻ ഒരു പരിഹാസപാത്രമാകട്ടെ.
27 അല്ല, നിന്റെ കണ്ണിൽ ഇസ്രായേൽ ഒരു പരിഹാസപാത്രമായിരുന്നില്ലേ?+
അവനെ നോക്കി തല കുലുക്കി അവന് എതിരെ സംസാരിക്കാൻനീ എന്താ അവനെ കള്ളന്മാരുടെ കൂട്ടത്തിൽ കണ്ടോ?
28 മോവാബിൽ താമസിക്കുന്നവരേ, നഗരങ്ങൾ ഉപേക്ഷിച്ച് പാറക്കെട്ടിൽ താമസമാക്കൂ,മലയിടുക്കിൽ കൂടു കൂട്ടിയിരിക്കുന്ന പ്രാവിനെപ്പോലെ കഴിയൂ.’”
29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+
30 “‘അവന്റെ ക്രോധം ഞാൻ അറിയുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.‘പക്ഷേ അവന്റെ വീരവാദമെല്ലാം വെറുതേയാകും.
അവർക്ക് ഒന്നും ചെയ്യാനാകില്ല.
31 അതുകൊണ്ട് ഞാൻ മോവാബിനെപ്രതി വിലപിക്കും.എല്ലാ മോവാബ്യർക്കുംവേണ്ടി ഞാൻ കരയുകയുംകീർഹേരെസുകാർക്കുവേണ്ടി മുറയിടുകയും ചെയ്യും.+
32 സിബ്മയിലെ+ മുന്തിരിവള്ളിയേ,യസേരിനെ+ ഓർത്ത് കരഞ്ഞതിനെക്കാൾ ഞാൻ നിനക്കുവേണ്ടി കണ്ണീർ പൊഴിക്കും.
തഴച്ചുവളരുന്ന നിന്റെ ശിഖരങ്ങൾ കടലോളം, യസേരോളം, എത്തിയിരിക്കുന്നു;
അവ കടൽ കടന്നിരിക്കുന്നു.
നിന്റെ വേനൽക്കാലപഴങ്ങളിന്മേലും മുന്തിരിവിളവിന്മേലുംസംഹാരകൻ ഇറങ്ങിയിരിക്കുന്നു.+
33 ഫലവൃക്ഷത്തോപ്പിൽനിന്നും മോവാബ് ദേശത്തുനിന്നുംസന്തോഷവും ഉല്ലാസവും പൊയ്പോയിരിക്കുന്നു.+
മുന്തിരിച്ചക്കിൽനിന്ന്* വീഞ്ഞ് ഒഴുകുന്നതു ഞാൻ നിറുത്തിച്ചിരിക്കുന്നു.
ഇനി ആരും ആനന്ദഘോഷത്തോടെ ചക്കു ചവിട്ടില്ല.
അവിടെ മുഴങ്ങുന്നതു മറ്റൊരു തരം ഘോഷമായിരിക്കും.’”+
34 “‘ഹെശ്ബോനിൽനിന്ന്+ നിലവിളി ഉയരുന്നു. അത് എലെയാലെ+ വരെ കേൾക്കാം.
അവരുടെ കരച്ചിലിന്റെ ശബ്ദം യാഹാസ്+ വരെപ്പോലും കേൾക്കുന്നു.സോവരിൽനിന്ന് അതു ഹോരോനയീമും+ എഗ്ലത്ത്-ശെലീശിയയും വരെ എത്തുന്നു.
നിമ്രീമിലെ നീരുറവും ശൂന്യമാകും.+
35 ആരാധനാസ്ഥലത്ത്* യാഗവസ്തു കൊണ്ടുവരുന്നവനെയുംതന്റെ ദൈവത്തിനു ബലി അർപ്പിക്കുന്നവനെയുംഞാൻ മോവാബ് ദേശത്തുനിന്ന് ഇല്ലാതാക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
36 ‘അതുകൊണ്ട് എന്റെ ഹൃദയം കുഴൽവാദ്യംപോലെ* മോവാബിനെ ഓർത്ത് ദീനസ്വരം ഉതിർക്കും;*+എന്റെ ഹൃദയം കുഴൽപോലെ* കീർഹേരെസുകാരെ ഓർത്തും വിലപിക്കും.*
അവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നശിച്ചുപോകുമല്ലോ.
37 എല്ലാ തലയും കഷണ്ടിയാണ്.+എല്ലാ താടിയും വടിച്ചിരിക്കുന്നു.
എല്ലാ കൈകളിലും മുറിവ് ഉണ്ടാക്കിയിട്ടുണ്ട്.+എല്ലാവരും അരയിൽ വിലാപവസ്ത്രം ചുറ്റിയിരിക്കുന്നു!’”+
38 “‘മോവാബിലെ എല്ലാ പുരമുകളിലുംഅവളുടെ എല്ലാ പൊതുസ്ഥലങ്ങളിലും*വിലാപസ്വരം മാത്രമേ കേൾക്കാനുള്ളൂ.
കാരണം, ആർക്കും വേണ്ടാത്ത ഒരു ഭരണിപോലെഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
39 ‘കണ്ടോ! മോവാബ് വല്ലാതെ പേടിച്ചുപോയി! വിലപിക്കൂ!
അവൾ നാണിച്ച് പുറംതിരിഞ്ഞിരിക്കുന്നതു കണ്ടോ!
മോവാബ് ഒരു പരിഹാസപാത്രമായിരിക്കുന്നു.ചുറ്റുമുള്ളവരെല്ലാം അവനെ കണ്ട് പേടിക്കുന്നു.’”
40 “യഹോവ പറയുന്നത് ഇതാണ്:
‘ഇതാ, ഇരയെ റാഞ്ചാൻ വരുന്ന ഒരു കഴുകനെപ്പോലെ+അവൻ മോവാബിന്മേൽ ചിറകു വിരിക്കും.+
41 അവൻ പട്ടണങ്ങൾ പിടിച്ചടക്കും;അവളുടെ രക്ഷാസങ്കേതങ്ങൾ കീഴടക്കും.
അന്നു മോവാബിലെ വീരയോദ്ധാക്കളുടെ ഹൃദയംപ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.’”
42 “‘മോവാബിനെ നിശ്ശേഷം നശിപ്പിക്കും; മോവാബ് ഒരു ജനതയല്ലാതാകും.+കാരണം, അവൻ തന്നെത്തന്നെ ഉയർത്തിയത് യഹോവയ്ക്കെതിരെയാണ്.+
43 മോവാബിൽ വസിക്കുന്നവനേ,ഭീതിയും കുഴിയും കെണിയും നിന്റെ മുന്നിലുണ്ട്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
44 ‘ഭീതിയിൽനിന്ന് ഓടിരക്ഷപ്പെടുന്നവർ കുഴിയിൽ വീഴും.കുഴിയിൽനിന്ന് വലിഞ്ഞുകയറുന്നവർ കെണിയിൽപ്പെടും.’
‘കാരണം, ഞാൻ മോവാബിനെ ശിക്ഷിക്കുന്ന വർഷം വരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
45 ‘ഭയപ്പെട്ട് ഓടുന്നവർ ഹെശ്ബോന്റെ നിഴലിൽ, പേടിച്ച് ശക്തി ക്ഷയിച്ചവരായി നിൽക്കും.
കാരണം, ഹെശ്ബോനിൽനിന്ന് തീയുംസീഹോനിൽനിന്ന് തീജ്വാലയും വരും.+
അതു മോവാബിന്റെ നെറ്റിയുംകലാപസന്തതികളുടെ തലയോട്ടിയും ദഹിപ്പിക്കും.’+
46 ‘മോവാബേ, നിന്റെ കാര്യം കഷ്ടം!
കെമോശിന്റെ ആളുകൾ+ നശിച്ച് ഇല്ലാതായിരിക്കുന്നു.
നിന്റെ ആൺമക്കളെ ബന്ദികളായി പിടിച്ചിരിക്കുന്നു.നിന്റെ പെൺമക്കളെ പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.+
47 പക്ഷേ മോവാബിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ അവസാനനാളുകളിൽ ഞാൻ കൂട്ടിച്ചേർക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഇത്രയുമാണു മോവാബിനെക്കുറിച്ചുള്ള ന്യായവിധിസന്ദേശം.’”+
അടിക്കുറിപ്പുകള്
^ അഥവാ “പീഠഭൂമിയും.”
^ മറ്റൊരു സാധ്യത “ഉണങ്ങിയ നിലത്ത് ഇരിക്കൂ.”
^ അഥവാ “പീഠഭൂമിയിൽ.”
^ അഥവാ “കരുത്ത്.”
^ അക്ഷ. “ഉയർന്ന സ്ഥലത്ത്.”
^ അതായത്, ശവസംസ്കാരവേളയിൽ വായിക്കുന്ന കുഴൽവാദ്യം.
^ അഥവാ “ബഹളംവെക്കും.”
^ അതായത്, ശവസംസ്കാരവേളയിൽ വായിക്കുന്ന കുഴൽവാദ്യം.
^ അഥവാ “ബഹളംവെക്കും.”
^ അഥവാ “പൊതുചത്വരങ്ങളിലും.”