യിരെമ്യ 52:1-34
52 രാജാവാകുമ്പോൾ സിദെക്കിയയ്ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ സിദെക്കിയയുടെ അമ്മ.
2 യഹോയാക്കീം ചെയ്തതുപോലെതന്നെ സിദെക്കിയയും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു.+
3 യഹൂദയിലും യരുശലേമിലും നടന്ന കാര്യങ്ങൾ കാരണം യഹോവയുടെ കോപം ജ്വലിച്ചു. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ പക്ഷേ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+
4 സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്നേസർ* അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു. അവർ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+
5 സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 11-ാം വർഷംവരെ അവർ നഗരം ഉപരോധിച്ചു.
6 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും+ നഗരത്തിൽ ക്ഷാമം രൂക്ഷമായി. ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+
7 ഒടുവിൽ കൽദയർ നഗരമതിൽ തകർത്തു. അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ+ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ നഗരത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. അവർ അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.
8 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി.+ സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി.
9 കൽദയസൈന്യം സിദെക്കിയയെ പിടിച്ച് ഹമാത്ത് ദേശത്തെ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അദ്ദേഹം സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു.
10 ബാബിലോൺരാജാവ് സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. എല്ലാ യഹൂദാപ്രഭുക്കന്മാരെയും അദ്ദേഹം അവിടെവെച്ച് കൊന്നു.
11 പിന്നെ ബാബിലോൺരാജാവ് സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച്+ കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. എന്നിട്ട് മരണംവരെ അദ്ദേഹത്തെ അവിടെ തടവിലാക്കി.
12 അഞ്ചാം മാസം പത്താം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ യരുശലേമിലെത്തി.+
13 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും രാജകൊട്ടാരത്തിനും യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ വലിയ വീടുകളെല്ലാം ചുട്ടുചാമ്പലാക്കി.
14 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
15 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിലെ സാധുക്കളായ ചിലരെയും അവിടെ ബാക്കിയുണ്ടായിരുന്നവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ബാക്കിയുള്ള വിദഗ്ധശില്പികളെയും അദ്ദേഹം കൊണ്ടുപോയി.+
16 പക്ഷേ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കാനും അടിമപ്പണി ചെയ്യാനും ദരിദ്രരായ ചിലരെ നെബൂസരദാൻ ദേശത്ത് വിട്ടിട്ട് പോയി.+
17 കൽദയർ യഹോവയുടെ ഭവനത്തിലെ ചെമ്പുതൂണുകളും+ ഉന്തുവണ്ടികളും+ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള കടലും+ തകർത്ത് കഷണങ്ങളാക്കി. ആ ചെമ്പു മുഴുവൻ അവർ ബാബിലോണിലേക്കു കൊണ്ടുപോയി.+
18 കൂടാതെ വീപ്പകളും കോരികകളും തിരി കെടുത്താനുള്ള കത്രികകളും കുഴിയൻപാത്രങ്ങളും+ പാനപാത്രങ്ങളും+ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പുകൊണ്ടുള്ള എല്ലാ ഉപകരണങ്ങളും കൊണ്ടുപോയി.
19 തനിത്തങ്കവും വെള്ളിയും കൊണ്ടുള്ള കുഴിയൻപാത്രങ്ങളും+ ചരുവങ്ങളും+ കത്തിയ തിരി ഇടുന്ന പാത്രങ്ങളും മറ്റു കുഴിയൻപാത്രങ്ങളും വീപ്പകളും തണ്ടുവിളക്കുകളും+ പാനപാത്രങ്ങളും കാവൽക്കാരുടെ മേധാവി കൊണ്ടുപോയി.
20 ശലോമോൻ രാജാവ് യഹോവയുടെ ഭവനത്തിനുവേണ്ടി ഉണ്ടാക്കിയ ഉന്തുവണ്ടികളിലും രണ്ടു തൂണുകളിലും കടലിലും കടലിന്റെ കീഴെയുണ്ടായിരുന്ന 12 ചെമ്പുകാളകളിലും+ ഉപയോഗിച്ച ചെമ്പിന്റെ തൂക്കം, അളക്കാൻ കഴിയാത്തത്ര അധികമായിരുന്നു.
21 ഓരോ തൂണിനും 18 മുഴം* ഉയരമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് അളവുനൂൽകൊണ്ട് അളക്കുമ്പോൾ 12 മുഴം.+ നാലു വിരൽ കനത്തിൽ* അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്.
22 അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം അഞ്ചു മുഴമായിരുന്നു.+ മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു. രണ്ടാമത്തെ തൂണും അതിലെ മാതളപ്പഴങ്ങളും അതുപോലെതന്നെയായിരുന്നു.
23 വശങ്ങളിലായി 96 മാതളപ്പഴങ്ങളുണ്ടായിരുന്നു; വലപ്പണിക്കു ചുറ്റും മൊത്തം 100 മാതളപ്പഴങ്ങൾ.+
24 കാവൽക്കാരുടെ മേധാവി മുഖ്യപുരോഹിതനായ സെരായയെയും+ രണ്ടാം പുരോഹിതനായ സെഫന്യയെയും+ മൂന്നു വാതിൽക്കാവൽക്കാരെയും കൂടെ പിടിച്ചുകൊണ്ടുപോയി.+
25 കാവൽക്കാരുടെ മേധാവി നഗരത്തിലുണ്ടായിരുന്ന സേനാപതിയായ ഒരു കൊട്ടാരോദ്യോഗസ്ഥനെയും രാജാവിന്റെ അടുത്ത സഹകാരികളിൽ ഏഴു പേരെയും ആളുകളെ വിളിച്ചുകൂട്ടുന്ന, സൈന്യാധിപന്റെ സെക്രട്ടറിയെയും അവിടെ കണ്ട സാധാരണക്കാരായ 60 ആളുകളെയും പിടികൂടി.
26 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ അവരെ രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുത്തേക്കു കൊണ്ടുപോയി.
27 ബാബിലോൺരാജാവ് ഹമാത്ത് ദേശത്തെ രിബ്ലയിൽവെച്ച്+ അവരെയെല്ലാം വെട്ടിക്കൊന്നു. അങ്ങനെ യഹൂദയ്ക്കു സ്വദേശം വിട്ട് ബന്ദിയായി പോകേണ്ടിവന്നു.+
28 നെബൂഖദ്നേസർ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ആളുകളുടെ എണ്ണം: ഏഴാം വർഷത്തിൽ 3,023 ജൂതന്മാർ.+
29 നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 18-ാം വർഷം+ 832 പേരെ യരുശലേമിൽനിന്ന് കൊണ്ടുപോയി.
30 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 23-ാം വർഷം 745 ജൂതന്മാരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+
മൊത്തം 4,600 പേരെയാണു പ്രവാസികളായി പിടിച്ചുകൊണ്ടുപോയത്.
31 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 25-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+
32 എവീൽ-മെരോദക്ക് യഹോയാഖീനോടു ദയയോടെ സംസാരിച്ചു; യഹോയാഖീന്റെ സിംഹാസനത്തെ ബാബിലോണിൽ യഹോയാഖീനോടൊപ്പമുണ്ടായിരുന്ന മറ്റു രാജാക്കന്മാരുടെ സിംഹാസനത്തെക്കാൾ ഉയർത്തി.
33 അങ്ങനെ യഹോയാഖീൻ താൻ തടവറയിൽ ധരിച്ചിരുന്ന വസ്ത്രം മാറി. ജീവിതകാലം മുഴുവൻ യഹോയാഖീൻ പതിവായി ബാബിലോൺരാജാവിന്റെ സന്നിധിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.
34 യഹോയാഖീനു മരണംവരെ എല്ലാ ദിവസവും ബാബിലോൺരാജാവിൽനിന്ന് ഭക്ഷണവിഹിതം കിട്ടിയിരുന്നു.
അടിക്കുറിപ്പുകള്
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അക്ഷ. “യഹോയാഖീന്റെ തല ഉയർത്തി.”