യിരെമ്യ 6:1-30
6 ബന്യാമീന്യരേ, യരുശലേമിൽനിന്ന് ഓടിപ്പോയി മറ്റ് എവിടെയെങ്കിലും അഭയം തേടൂ.
തെക്കോവയിൽ+ കൊമ്പു വിളിക്കൂ.+ബേത്ത്-ഹഖേരെമിൽ തീകൊണ്ട് ഒരു അടയാളം ഉയർത്തൂ!
കാരണം, വടക്കുനിന്ന് ഒരു വിപത്ത്, ഒരു മഹാവിപത്ത്, വരുന്നു.+
2 കൊഞ്ചിച്ച് വഷളാക്കിയ ഒരു സുന്ദരിയാണു സീയോൻപുത്രി.+
3 ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റങ്ങളുമായി വരും.
ഓരോരുത്തരും തങ്ങളുടെ ആടുകളെ മേയ്‌ച്ച്+അവൾക്കു ചുറ്റും കൂടാരം അടിക്കും.+
4 “അവളോടു യുദ്ധം ചെയ്യാൻ ഒരുങ്ങിക്കൊള്ളുക!*
വരൂ! നട്ടുച്ചയ്ക്കുതന്നെ നമുക്ക് അവളെ ആക്രമിക്കാം!”
“എന്തൊരു കഷ്ടം! പകൽ തീരാറായല്ലോ;സായാഹ്നനിഴലിന്റെ നീളം കൂടുന്നു!”
5 “വരൂ! നമുക്കു രാത്രിയിൽ അവളെ ആക്രമിച്ച്‌അവളുടെ കെട്ടുറപ്പുള്ള മണിമേടകൾ നശിപ്പിക്കാം.”+
6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+
അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+
7 ജലസംഭരണി* വെള്ളത്തിന്റെ തണുപ്പു* മാറാതെ സൂക്ഷിക്കുന്നതുപോലെഅവൾ ദുഷ്ടതയുടെ പുതുമ പോകാതെ സൂക്ഷിക്കുന്നു.
അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു;+രോഗവും വ്യാധിയും എപ്പോഴും എന്റെ കൺമുന്നിലുണ്ട്.
8 യരുശലേമേ, മുന്നറിയിപ്പിനു ചെവി കൊടുക്കൂ! അല്ലെങ്കിൽ, വെറുപ്പോടെ ഞാൻ നിന്നെ വിട്ടുമാറും.+ഞാൻ നിന്നെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.”+
9 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“കാലാ പെറുക്കുന്നവർ* അവസാനത്തെ മുന്തിരിയും പറിച്ചെടുക്കുന്നതുപോലെ അവർ ഇസ്രായേല്യരിൽ ബാക്കിയുള്ളവരെ അരിച്ചുപെറുക്കും.
മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ അതിന്റെ ശാഖകളിലേക്കു വീണ്ടും കൈ നീട്ടുക.”
10 “ആരോടാണു ഞാൻ സംസാരിക്കേണ്ടത്? ആർക്കാണു മുന്നറിയിപ്പു നൽകേണ്ടത്?
ആർ എനിക്കു ചെവി തരും?
ഓ! അവരുടെ ചെവി അടഞ്ഞിരിക്കുന്നു;* അവർക്കു ശ്രദ്ധിക്കാനാകുന്നില്ല.+
യഹോവയുടെ സന്ദേശം അവർക്കു പരിഹാസവിഷയമായിരിക്കുന്നു;+അവർക്ക് അത് ഒട്ടും രുചിക്കുന്നില്ല.
11 അതുകൊണ്ട് യഹോവയുടെ കോപം എന്നിൽ നിറഞ്ഞിരിക്കുന്നു;അത് ഉള്ളിലടക്കിപ്പിടിച്ച് ഞാൻ തളർന്നു.”+
“തെരുവിലുള്ള കുട്ടിയുടെ മേലും+കൂട്ടംകൂടിനിൽക്കുന്ന ചെറുപ്പക്കാരുടെ മേലും അതു ചൊരിയുക.
അവർ എല്ലാവരും പിടിയിലാകും; ഭർത്താവും ഭാര്യയുംവൃദ്ധരും പടുവൃദ്ധരും പിടിയിലാകും.+
12 അവരുടെ വീടുകളുംവയലുകളും ഭാര്യമാരും മറ്റുള്ളവരുടേതാകും.+
കാരണം, ആ ദേശത്തുള്ളവർക്കു നേരെ ഞാൻ എന്റെ കൈ നീട്ടും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
13 “ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നല്ലോ;+പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
14 സമാധാനമില്ലാത്തപ്പോൾ‘സമാധാനം! സമാധാനം!’+
എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
15 അവർ കാണിച്ച വൃത്തികേടുകൾ മൂലം അവർക്കു നാണം തോന്നുന്നുണ്ടോ?
ഇല്ല, ഒട്ടുമില്ല!
നാണം എന്തെന്നുപോലും അവർക്ക് അറിയില്ല!+
അതുകൊണ്ട്, വീണുപോയവരുടെ ഇടയിലേക്ക് അവരും വീഴും.
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർക്കു കാലിടറും” എന്ന് യഹോവ പറയുന്നു.
16 യഹോവ ഇങ്ങനെയും പറയുന്നു:
“കവലകളിൽ പോയി നിന്ന് നോക്കൂ.
പുരാതനവഴികളെക്കുറിച്ച് അന്വേഷിക്കൂ;നല്ല വഴി ഏതെന്നു ചോദിച്ചറിഞ്ഞ് അതിലൂടെ നടക്കൂ.+അങ്ങനെ, സ്വസ്ഥത എന്തെന്ന് അനുഭവിച്ചറിയൂ.”
പക്ഷേ, “ഞങ്ങൾ അതിലേ നടക്കില്ല” എന്ന് അവർ പറയുന്നു.+
17 “ഞാൻ നിയമിച്ച കാവൽക്കാർ,+‘കൊമ്പുവിളി ശ്രദ്ധിക്കൂ!’+ എന്നു പറഞ്ഞു.”
പക്ഷേ, “ഇല്ല, ശ്രദ്ധിക്കില്ല” എന്നായിരുന്നു അവരുടെ മറുപടി.+
18 “അതുകൊണ്ട് ജനതകളേ, കേൾക്കൂ!
ജനസമൂഹമേ, അവർക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൊള്ളൂ.
19 ഭൂമിയേ, കേൾക്കൂ!
ഈ ജനം മനഞ്ഞ ഗൂഢതന്ത്രങ്ങൾ കാരണംഞാൻ അവർക്കു ദുരന്തം വരുത്തുന്നു.+അവർ എന്റെ വാക്കുകൾ തെല്ലും ചെവിക്കൊണ്ടില്ലല്ലോ;എന്റെ നിയമം* അവർ തള്ളിക്കളഞ്ഞു.”
20 “നിങ്ങൾ ശേബയിൽനിന്ന് കൊണ്ടുവരുന്ന കുന്തിരിക്കത്തിനുംദൂരദേശത്തുനിന്ന് കൊണ്ടുവരുന്ന ഇഞ്ചിപ്പുല്ലിനും*
ഞാൻ ഒരു വിലയും കല്പിക്കുന്നില്ല.നിങ്ങളുടെ ദഹനയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല;
നിങ്ങളുടെ ബലികളിൽ ഞാൻ പ്രസാദിക്കുന്നുമില്ല.”+
21 അതുകൊണ്ട് യഹോവ പറയുന്നു:
“ഇതാ, ഈ ജനം തട്ടി വീഴാൻഞാൻ അവരുടെ മുന്നിൽ തടസ്സങ്ങൾ വെക്കുന്നു;അപ്പന്മാരോടൊപ്പം മക്കളും വീഴും;അയൽക്കാരനും അയാളുടെ കൂട്ടുകാരനും വീഴും;അങ്ങനെ, എല്ലാവരും നശിച്ചുപോകും.”+
22 യഹോവ പറയുന്നത് ഇതാണ്:
“ഇതാ! വടക്കുള്ള ദേശത്തുനിന്ന് ഒരു ജനം വരുന്നു;ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഒരു മഹാജനതയെ വിളിച്ചുണർത്തും.+
23 അവർ വില്ലും കുന്തവും ഏന്തിയവർ;
ക്രൂരന്മാരായ അവർ ഒട്ടും കരുണ കാണിക്കില്ല.
അവരുടെ ആരവം കടലിന്റെ ഇരമ്പൽപോലെ;അവർ കുതിരപ്പുറത്തേറി വരുന്നു.+
സീയോൻപുത്രീ, വീരന്മാരായ പോരാളികളെപ്പോലെ അവർ നിന്നോടു യുദ്ധം ചെയ്യാൻ അണിനിരക്കുന്നു.”
24 ഞങ്ങൾ ആ വാർത്ത കേട്ടു.
ഞങ്ങളുടെ കൈകൾ തളരുന്നു.+പ്രസവവേദനപോലുള്ളകഠോരവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.+
25 വയലിലേക്കു പോകരുത്;വഴിയിലൂടെ നടക്കുകയുമരുത്.കാരണം, ശത്രുവിന്റെ കൈയിൽ വാളുണ്ട്;എങ്ങും ഭീകരമായ ഒരു അന്തരീക്ഷം!
26 എന്റെ ജനത്തിൻപുത്രീ,വിലാപവസ്ത്രം ധരിച്ച്+ ചാരത്തിൽ കിടന്ന് ഉരുളുക.
ഏകമകനെ ഓർത്ത് ദുഃഖിക്കുന്നതുപോലെ തീവ്രമായി വിലപിക്കുക;+ഉടൻതന്നെ സംഹാരകൻ നമ്മളെ പിടികൂടുമല്ലോ.+
27 “സൂക്ഷ്മപരിശോധന നടത്താൻവേണ്ടിഎന്റെ ജനത്തിന് ഇടയിൽ മാറ്റു നോക്കുന്നവനായി ഞാൻ നിന്നെ* നിയമിച്ചിരിക്കുന്നു.നീ അവരുടെ വഴികൾ ശ്രദ്ധിച്ച് അവ പരിശോധിക്കണം.
28 അവരുടെ അത്രയും ദുശ്ശാഠ്യം മറ്റാർക്കുമില്ല.+അവർ അപവാദം പറഞ്ഞ് നടക്കുന്നു.+
ചെമ്പും ഇരുമ്പും പോലെയാണ് അവർ;ദുഷിച്ചവരാണ് അവരെല്ലാം.
29 ഉലകൾ ഉഗ്രതാപത്താൽ കരിഞ്ഞിരിക്കുന്നു.
ഈയമാണു തീയിൽനിന്ന് പുറത്ത് വരുന്നത്.
ശുദ്ധീകരിക്കാനുള്ള തീവ്രശ്രമം വെറുതേയായിരിക്കുന്നു;+ദുഷിച്ചവർ വേർതിരിഞ്ഞുവരുന്നില്ലല്ലോ.+
30 ‘കൊള്ളില്ലാത്ത വെള്ളി’ എന്ന് ആളുകൾ അവരെ വിളിക്കും;കാരണം, യഹോവ അവരെ തള്ളിക്കളഞ്ഞിരിക്കുന്നു.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “വിശുദ്ധീകരിക്കുക.”
^ അഥവാ “പുതുമ.”
^ അക്ഷ. “ചെവിയുടെ അഗ്രചർമം പരിച്ഛേദന നടത്തിയിട്ടില്ല.”
^ അഥവാ “പുറമേ.”
^ അഥവാ “ഒടിവ്.”
^ അഥവാ “ഉപദേശം.”
^ വാസനയുള്ള ഒരിനം പുല്ല്.
^ അതായത്, യിരെമ്യയെ.