യിരെമ്യ 8:1-22
8 യഹോവ പ്രഖ്യാപിക്കുന്നു: “ആ സമയത്ത് യഹൂദാരാജാക്കന്മാരുടെയും അവിടത്തെ പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും യരുശലേംനിവാസികളുടെയും അസ്ഥികൾ ശവക്കുഴിയിൽനിന്ന് പുറത്തെടുക്കും.
2 എന്നിട്ട്, അവർ സ്നേഹിക്കുകയും സേവിക്കുകയും അനുഗമിക്കുകയും ഉപദേശം തേടുകയും കുമ്പിടുകയും ചെയ്ത സൂര്യചന്ദ്രന്മാരുടെയും ആകാശത്തിലെ സർവസൈന്യത്തിന്റെയും മുന്നിൽ അവ നിരത്തിയിടും.+ ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ഇല്ല. വളംപോലെ അവ നിലത്ത് ചിതറിക്കിടക്കും.”+
3 “ഞാൻ ഈ ദുഷ്ടവംശത്തിൽ ബാക്കിയുള്ളവരെ ചിതറിക്കുന്നിടത്തെല്ലാം അവർ ജീവനെക്കാൾ മരണത്തെ പ്രിയപ്പെടും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
4 “നീ അവരോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്:
“അവർ വീണാൽ എഴുന്നേൽക്കില്ലേ?
ഒരാൾ തിരിഞ്ഞുവന്നാൽ മറ്റേ ആളും തിരിഞ്ഞ് വരില്ലേ?
5 ഈ യരുശലേംനിവാസികൾ എന്നോട് ഇങ്ങനെ അവിശ്വസ്തത കാണിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?അവർ വഞ്ചന മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു;
തിരിഞ്ഞുവരാൻ അവർക്കു മനസ്സില്ല.+
6 ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു; പക്ഷേ അവരുടെ സംസാരം അത്ര ശരിയല്ലായിരുന്നു.
ഒറ്റ ഒരുത്തൻപോലും തന്റെ ദുഷ്ടതയെക്കുറിച്ച് പശ്ചാത്തപിക്കുകയോ ‘ഞാൻ എന്താണ് ഈ ചെയ്തത്’ എന്നു ചോദിക്കുകയോ ചെയ്തില്ല.+
യുദ്ധക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും ഭൂരിപക്ഷത്തിന്റെ പിന്നാലെ പായുന്നു.
7 ആകാശത്തിലെ കൊക്കുകൾപോലും അവയുടെ കാലം* അറിയുന്നു;ചെങ്ങാലിപ്രാവും ശരപ്പക്ഷിയും മറ്റു പല പക്ഷികളും, മടങ്ങിവരാനുള്ള* സമയം കൃത്യമായി പാലിക്കുന്നു.
പക്ഷേ എന്റെ സ്വന്തം ജനം യഹോവയുടെ ന്യായവിധി വരുന്നതു തിരിച്ചറിയുന്നില്ലല്ലോ.”’+
8 ‘“ഞങ്ങൾ ജ്ഞാനികളാണ്; യഹോവയുടെ നിയമം* ഞങ്ങൾക്കുണ്ടല്ലോ” എന്നു നിങ്ങൾക്ക് എങ്ങനെ പറയാനാകും?
വാസ്തവത്തിൽ, ശാസ്ത്രിമാരുടെ* കള്ളയെഴുത്തുകോൽ*+ നുണകൾ എഴുതാൻ മാത്രമല്ലേ ഉപയോഗിച്ചിട്ടുള്ളൂ?
9 ബുദ്ധിമാന്മാർ നാണംകെട്ടുപോയിരിക്കുന്നു.+
അവർ പരിഭ്രാന്തരായിരിക്കുന്നു; അവർ പിടിയിലാകും.
കണ്ടില്ലേ! അവർ യഹോവയുടെ സന്ദേശം തള്ളിക്കളഞ്ഞിരിക്കുന്നു;എന്തു ജ്ഞാനമാണ് അവർക്കുള്ളത്?
10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ മറ്റു പുരുഷന്മാർക്കു കൊടുക്കും;അവരുടെ നിലങ്ങളുടെ ഉടമസ്ഥാവകാശം അന്യർക്കും;+കാരണം, ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും അന്യായമായി ലാഭമുണ്ടാക്കുന്നു;+പ്രവാചകൻമുതൽ പുരോഹിതൻവരെ എല്ലാവരും വഞ്ചന കാണിക്കുന്നു.+
11 സമാധാനമില്ലാത്തപ്പോൾ“സമാധാനം! സമാധാനം!”
എന്നു പറഞ്ഞ്+ അവർ എന്റെ ജനത്തിൻപുത്രിയുടെ മുറിവുകൾ* ലാഘവത്തോടെ* ചികിത്സിക്കുന്നു.
12 അവർ കാണിച്ച വൃത്തികേടുകൾ കാരണം അവർക്കു നാണം തോന്നുന്നുണ്ടോ?
ഇല്ല, ഒട്ടുമില്ല!
നാണം എന്തെന്നുപോലും അവർക്ക് അറിയില്ല!+
അതുകൊണ്ട്, വീണുപോയവരുടെ ഇടയിലേക്ക് അവരും വീഴും.
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർക്കു കാലിടറും’+ എന്ന് യഹോവ പറയുന്നു.
13 ‘വിളവെടുപ്പിൽ ഞാൻ അവരെ ശേഖരിച്ച് പൂർണമായി നശിപ്പിച്ചുകളയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മുന്തിരിവള്ളിയിൽ മുന്തിരിപ്പഴമോ അത്തി മരത്തിൽ അത്തിപ്പഴമോ ബാക്കിയുണ്ടാകില്ല; ഇലകളെല്ലാം വാടിപ്പോകും.
ഞാൻ കൊടുത്തതെല്ലാം അവർക്കു നഷ്ടമാകും.’”
14 “നമ്മൾ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്?
നമുക്കെല്ലാം ഒത്തുകൂടി കോട്ടമതിലുള്ള നഗരങ്ങളിലേക്കു പോകാം;+ അവിടെവെച്ച് നശിക്കാം.
എന്തായാലും, നമ്മുടെ ദൈവമായ യഹോവ നമ്മളെ സംഹരിക്കും;ദൈവം നമുക്കു വിഷം കലർത്തിയ വെള്ളം കുടിക്കാൻ തരുന്നു;+കാരണം, നാമെല്ലാം യഹോവയ്ക്കെതിരെ പാപം ചെയ്തു.
15 സമാധാനമുണ്ടാകുമെന്നു നമ്മൾ പ്രതീക്ഷിച്ചു; പക്ഷേ ഒരു ഗുണവുമുണ്ടായില്ല;രോഗശമനത്തിനുവേണ്ടി കാത്തിരുന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+
16 ദാനിൽനിന്ന് അവന്റെ കുതിരകളുടെ ചീറ്റൽ കേൾക്കുന്നു.
അവന്റെ വിത്തുകുതിരകൾ ചിനയ്ക്കുന്ന ശബ്ദം കേട്ട്നാടു മുഴുവൻ നടുങ്ങുന്നു.
അവർ വന്ന് ദേശത്തെയും അതിലുള്ള സർവതിനെയും,നഗരത്തെയും നഗരവാസികളെയും, വിഴുങ്ങുന്നു.”
17 “ഞാൻ ഇതാ, നിങ്ങളുടെ ഇടയിലേക്കു സർപ്പങ്ങളെ,മയക്കുമന്ത്രം ഫലിക്കാത്ത വിഷപ്പാമ്പുകളെ, അയയ്ക്കുന്നു;അവ നിങ്ങളെ കടിക്കുമെന്ന കാര്യം ഉറപ്പാണ്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 എന്റെ മനോവേദന ശമിപ്പിക്കാവുന്നതല്ല;എന്റെ ഹൃദയം രോഗബാധിതമാണ്.
19 “യഹോവ സീയോനിലില്ലേ?അവളുടെ രാജാവ് അവളിലില്ലേ?”
എന്നൊരു നിലവിളി ദൂരദേശത്തുനിന്ന് കേൾക്കുന്നു;
അതു സഹായത്തിനായുള്ള എന്റെ ജനത്തിൻപുത്രിയുടെ നിലവിളിയാണ്.
“കൊത്തിയുണ്ടാക്കിയ രൂപങ്ങൾകൊണ്ടുംഒരു ഗുണവുമില്ലാത്ത അന്യദൈവങ്ങളെക്കൊണ്ടും അവർ എന്നെ കോപിപ്പിച്ചത് എന്തിന്?”
20 “കൊയ്ത്തു കഴിഞ്ഞു; വേനൽ അവസാനിച്ചു;എന്നിട്ടും ഞങ്ങൾ രക്ഷപ്പെട്ടില്ല!”
21 എന്റെ ജനത്തിൻപുത്രിക്ക് ഉണ്ടായ മുറിവ് കാരണം ഞാൻ ആകെ തകർന്നിരിക്കുന്നു;+ഞാൻ കടുത്ത നിരാശയിലാണ്.
കൊടുംഭീതി എന്നെ പിടികൂടിയിരിക്കുന്നു.
22 ഗിലെയാദിൽ ഔഷധതൈലമില്ലേ?*+
അവിടെ വൈദ്യന്മാർ ആരുമില്ലേ?+
പിന്നെ എന്താണ് എന്റെ ജനത്തിൻപുത്രിയുടെ അസുഖം ഭേദമാകാത്തത്?+
അടിക്കുറിപ്പുകള്
^ അഥവാ “നിയമിതസമയം.”
^ അഥവാ “ദേശാടനത്തിനുള്ള.”
^ അഥവാ “ഉപദേശം.”
^ അഥവാ “സെക്രട്ടറിമാരുടെ.”
^ അഥവാ “കള്ളപ്പേന.”
^ അഥവാ “ഒടിവ്.”
^ അഥവാ “പുറമേ.”
^ അഥവാ “ആശ്വാസദായകമായ ലേപമില്ലേ; സുഗന്ധക്കറയില്ലേ?”