യോവേൽ 1:1-20
1 പെഥൂവേലിന്റെ മകനായ യോവേലിന്* യഹോവ നൽകിയ സന്ദേശം:
2 “മൂപ്പന്മാരേ,* ഇതു കേൾക്കൂ.ദേശവാസികളേ,* ഇതു ശ്രദ്ധിക്കൂ.
നിങ്ങളുടെ കാലത്തോ നിങ്ങളുടെ പൂർവികരുടെ കാലത്തോഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?+
3 ഇതു നിങ്ങളുടെ മക്കളോടു പറയുക.നിങ്ങളുടെ മക്കൾ അവരുടെ മക്കളോടുംഅവർ അടുത്ത തലമുറയോടും പറയട്ടെ.
4 ആർത്തിപൂണ്ട വെട്ടുക്കിളികൾ ബാക്കി വെച്ചതു കൂട്ടമായി വന്ന വെട്ടുക്കിളികൾ തിന്നു;+കൂട്ടമായി വന്ന വെട്ടുക്കിളികൾ ബാക്കി വെച്ചതു ചിറകു വരാത്ത വെട്ടുക്കിളികൾ തിന്നു;ചിറകു വരാത്ത വെട്ടുക്കിളികൾ ബാക്കി വെച്ചതു കൊതിമൂത്ത വെട്ടുക്കിളികൾ തിന്നു.+
5 മുഴുക്കുടിയന്മാരേ,+ എഴുന്നേറ്റ് കരയുക!
വീഞ്ഞുകുടിയന്മാരേ, അലമുറയിട്ട് കരയുക!മധുരമുള്ള വീഞ്ഞു നിങ്ങളുടെ വായിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നല്ലോ.+
6 ഇതാ, ശക്തരായ ഒരു ജനത എന്റെ ദേശത്തേക്കു വന്നിരിക്കുന്നു, എണ്ണാൻ കഴിയാത്തത്ര വലിയ ഒരു ജനത!+
അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ!+ അതിന്റെ താടിയെല്ലുകൾ സിംഹത്തിന്റെ താടിയെല്ലുകൾ!
7 അത് എന്റെ മുന്തിരിവള്ളികൾ നശിപ്പിച്ചു, എന്റെ അത്തി മരത്തെ ഒരു കുറ്റി മാത്രമാക്കി.അത് അവയുടെ തൊലിയുരിഞ്ഞ് അവയെ വലിച്ചെറിഞ്ഞു,അവയുടെ കൊമ്പുകൾ വെളുപ്പിച്ചു.
8 ചെറുപ്രായത്തിൽത്തന്നെ മണവാളനെ* നഷ്ടപ്പെട്ടിട്ട്വിലാപവസ്ത്രം ധരിച്ച് വിലപിക്കുന്ന കന്യകയെപ്പോലെ* വിലപിക്കുക.
9 യഹോവയുടെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിന്നുപോയിരിക്കുന്നു;യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ വിലപിക്കുന്നു.
10 വയലുകൾ നശിച്ചുപോയി, നിലം ദുഃഖിച്ചുകരയുന്നു;+ധാന്യമെല്ലാം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, എണ്ണ തീർന്നുപോയി.+
11 മുന്തിരിത്തോട്ടത്തിലെ പണിക്കാർ പൊട്ടിക്കരയുന്നു,ഗോതമ്പിനെയും ബാർളിയെയും ഓർത്ത് കർഷകർ ദുഃഖിക്കുന്നു.വയലിലെ വിളവെല്ലാം നശിച്ചുപോയല്ലോ.
12 മുന്തിരിവള്ളി കരിഞ്ഞുപോയി;അത്തിമരം ഉണങ്ങിപ്പോയി.
മാതളനാരകവും ഈന്തപ്പനയും ആപ്പിൾമരവുംതോട്ടത്തിലെ എല്ലാ മരങ്ങളും ഉണങ്ങിപ്പോയി.+ജനത്തിന്റെ ആഹ്ലാദം ലജ്ജയ്ക്കു വഴിമാറിയിരിക്കുന്നു.
13 പുരോഹിതന്മാരേ, വിലാപവസ്ത്രം ധരിച്ച്* വിലപിക്കുക;*യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, പൊട്ടിക്കരയുക.
എന്റെ ദൈവത്തിന്റെ ശുശ്രൂഷകരേ,+ വന്ന് വിലാപവസ്ത്രം ധരിച്ച് രാത്രി കഴിച്ചുകൂട്ടുക.നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിറുത്തലാക്കിയല്ലോ.
14 ഒരു ഉപവാസം പ്രഖ്യാപിക്കുക,* പവിത്രമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുക;+
മൂപ്പന്മാരെയും എല്ലാ ദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവനത്തിൽ+ വിളിച്ചുചേർക്കുക;അവർ വന്ന് സഹായത്തിനായി യഹോവയോടു കരഞ്ഞപേക്ഷിക്കട്ടെ.
15 അയ്യോ! ആ ദിവസം വരുന്നു!
യഹോവയുടെ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+അതു സർവശക്തനിൽനിന്നുള്ള വിനാശംപോലെ വരും.
16 നമ്മുടെ കൺമുന്നിൽനിന്ന് ഭക്ഷണം എടുത്തുകൊണ്ടുപോയി;നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽനിന്ന് സന്തോഷവും ആനന്ദവും ഇല്ലാതാക്കി.
17 അവരുടെ കോരികകൾക്കു കീഴെ വിത്തുകൾ* ചീത്തയായിപ്പോയി.
സംഭരണശാലകൾ കാലിയായിക്കിടക്കുന്നു.
ധാന്യമില്ലാത്തതുകൊണ്ട് ധാന്യപ്പുരകൾ പൊളിച്ചുകളഞ്ഞിരിക്കുന്നു.
18 വളർത്തുമൃഗങ്ങൾപോലും ഞരങ്ങുന്നു!
മേച്ചിൽപ്പുറമില്ലാത്തതുകൊണ്ട് കന്നുകാലിക്കൂട്ടങ്ങൾ അലഞ്ഞുതിരിയുന്നു.
ആട്ടിൻപറ്റങ്ങൾ ശിക്ഷ അനുഭവിക്കുന്നു.
19 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും;+വിജനഭൂമിയിലെ* മേച്ചിൽപ്പുറങ്ങളെ തീ വിഴുങ്ങിയിരിക്കുന്നല്ലോ;ദേശത്തെ മരങ്ങളെയെല്ലാം ഒരു ജ്വാല ദഹിപ്പിച്ചിരിക്കുന്നു.
20 അരുവികൾ വറ്റിപ്പോയതിനാലും
വിജനഭൂമിയിലെ പുൽമേടുകൾ തീക്കിരയായതിനാലുംവന്യമൃഗങ്ങൾപോലും അങ്ങയ്ക്കായി കാത്തിരിക്കുന്നു.”
അടിക്കുറിപ്പുകള്
^ അർഥം: “യഹോവയാണു ദൈവം.”
^ അഥവാ “ഭൂവാസികളേ.”
^ അഥവാ “ഭർത്താവിനെ.”
^ അഥവാ “ചെറുപ്പക്കാരിയെപ്പോലെ.”
^ അക്ഷ. “അര കെട്ടി.”
^ അഥവാ “നെഞ്ചത്ത് അടിക്കുക.”
^ അക്ഷ. “വിശുദ്ധീകരിക്കുക.”
^ മറ്റൊരു സാധ്യത “ഉണക്കിയ അത്തിപ്പഴങ്ങൾ.”