യോവേൽ 2:1-32
2 “സീയോനിൽ കൊമ്പു വിളിക്കുക!+
എന്റെ വിശുദ്ധപർവതത്തിൽ പോർവിളി മുഴക്കുക.
ദേശവാസികളെല്ലാം* വിറയ്ക്കട്ടെ;യഹോവയുടെ ദിവസം വരുന്നു,+ അത് അടുത്ത് എത്തിയിരിക്കുന്നു!
2 അത് ഇരുട്ടിന്റെയും മൂടലിന്റെയും ദിവസമായിരിക്കും;+മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+അതു പർവതങ്ങളിൽ പരക്കുന്ന പ്രഭാതവെളിച്ചംപോലെയായിരിക്കും.
ആൾപ്പെരുപ്പവും ശക്തിയും ഉള്ള ഒരു ജനമുണ്ട്;+അതുപോലൊന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല;തലമുറകൾ എത്ര കഴിഞ്ഞാലും
അതുപോലൊന്ന് ഇനി ഉണ്ടാകുകയുമില്ല.
3 വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകുന്നു;അതിനു പിന്നിൽ ദഹിപ്പിക്കുന്ന ഒരു ജ്വാലയുണ്ട്.+
അതിന്റെ മുന്നിലുള്ള ദേശം ഏദെൻ തോട്ടംപോലെ;+എന്നാൽ അതിനു പിന്നിൽ ശൂന്യമായ ഒരു മരുഭൂമി.*അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഒന്നിനുമാകില്ല.
4 അതിന്റെ രൂപം കുതിരകളുടേതുപോലെ;അവർ പടക്കുതിരകളെപ്പോലെ+ ഓടുന്നു.
5 മലമുകളിൽ കുതിച്ചുചാടുന്ന അവരുടെ ശബ്ദം രഥങ്ങളുടെ ശബ്ദംപോലെ;+വയ്ക്കോൽ ആളിക്കത്തുമ്പോഴുള്ള കിരുകിര ശബ്ദംപോലെ.
യുദ്ധത്തിന് അണിനിരന്ന കരുത്തരായ ഒരു ജനത്തെപ്പോലെയാണ് അവർ.+
6 അവർ നിമിത്തം ജനങ്ങൾ ഭയപ്പെടും.
പേടികൊണ്ട് എല്ലാവരുടെയും മുഖം ചുവക്കും.
7 അവർ യോദ്ധാക്കളെപ്പോലെ പാഞ്ഞടുക്കുന്നു;പടയാളികളെപ്പോലെ മതിലിൽ കയറുന്നു.അവർ നിര തെറ്റാതെ നടക്കുന്നു;അവർ അവരുടെ വഴിയിലൂടെതന്നെ പോകുന്നു.
8 അവർ പരസ്പരം തിക്കിഞെരുക്കുന്നില്ല;ഓരോരുത്തരും അവരവരുടെ വഴിയിൽത്തന്നെ മുന്നേറുന്നു.
ആയുധങ്ങൾ ചിലരെ വീഴിച്ചാലുംമറ്റുള്ളവർ അണി തെറ്റാതെ നീങ്ങുന്നു.
9 നഗരത്തിലേക്ക് അവർ പാഞ്ഞുകയറുന്നു, മതിലിനു മുകളിലൂടെ ഓടുന്നു.
അവർ വീടുകളിലേക്കു കയറുന്നു, കള്ളന്മാരെപ്പോലെ ജനലിലൂടെ അകത്ത് കടക്കുന്നു.
10 അവരുടെ മുന്നിൽ ഭൂമി വിറയ്ക്കുന്നു, ആകാശം കുലുങ്ങുന്നു.
സൂര്യനും ചന്ദ്രനും ഇരുണ്ടുപോയി;+നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതായി.
11 യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന് ശബ്ദം ഉയർത്തുന്നു;ദൈവത്തിന്റെ സൈന്യം വളരെ വലുതാണല്ലോ.+
തന്റെ വാക്കു നിറവേറ്റുന്നവൻ വീരനാണ്;
യഹോവയുടെ ദിവസം ഭയങ്കരവും ഭയാനകവും ആണ്.+
സഹിച്ചുനിൽക്കാൻ ആർക്കു കഴിയും?”+
12 യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട് ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ;+ഉപവാസത്തോടും+ വിലാപത്തോടും കരച്ചിലോടും കൂടെ എന്റെ അടുത്തേക്കു വരൂ.
13 നിങ്ങളുടെ വസ്ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്;+നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.ദൈവം അനുകമ്പയുള്ളവൻ,* കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹം നിറഞ്ഞവൻ.+ദുരന്തത്തെക്കുറിച്ച് ദൈവം പുനരാലോചിക്കും.*
14 ദൈവം ഇതെക്കുറിച്ച് പുനരാലോചിച്ച്* മനസ്സു മാറ്റുമോ+ എന്നുംനിങ്ങളുടെ ദൈവമായ യഹോവയ്ക്കു ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാനായി എന്തെങ്കിലും ബാക്കി വെച്ച്നിങ്ങളെ അനുഗ്രഹിക്കുമോ എന്നും ആർക്ക് അറിയാം?
15 സീയോനിൽ കൊമ്പു വിളിക്കുക!
ഒരു ഉപവാസം പ്രഖ്യാപിക്കുക,* പവിത്രമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുക.+
16 ജനത്തെ കൂട്ടിവരുത്തുക, സഭയെ വിശുദ്ധീകരിക്കുക.+
പ്രായമുള്ളവരെ* വിളിച്ചുചേർക്കുക, കുട്ടികളെയും മുല കുടിക്കുന്ന കുഞ്ഞുങ്ങളെയും കൊണ്ടുവരുക.+
മണവാളൻ ഉള്ളറയിൽനിന്നും മണവാട്ടി മണിയറയിൽനിന്നും പുറത്ത് വരട്ടെ.
17 മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ ഇങ്ങനെ വിലപിക്കട്ടെ:
‘യഹോവേ, അങ്ങയുടെ ജനത്തോടു കനിവ് തോന്നേണമേ;ജനതകൾ അങ്ങയുടെ അവകാശത്തെ ഭരിക്കാനുംഅവരെ പരിഹാസപാത്രമാക്കാനും അനുവദിക്കരുതേ.
“അവരുടെ ദൈവം എവിടെപ്പോയി”+ എന്നു ജനങ്ങൾ ചോദിക്കാൻ സമ്മതിക്കരുതേ.’
18 അപ്പോൾ യഹോവ തന്റെ ദേശത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കും;തന്റെ ജനത്തോടു കരുണ കാണിക്കും.+
19 യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറയും:
‘ഞാൻ ഇതാ, നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും തരുന്നു,നിങ്ങൾക്കു തൃപ്തിയാകുവോളം തരുന്നു.+ജനതകൾ നിങ്ങളെ പരിഹസിക്കാൻ ഇനി ഞാൻ സമ്മതിക്കില്ല.+
20 ഞാൻ വടക്കുള്ളവനെ ദൂരേക്ക് ഓടിക്കും;അവനെ വിജനമായ, വരണ്ട പാഴ്നിലങ്ങളിലേക്കു തുരത്തും.അവന്റെ മുൻപടയെ* കിഴക്കേ കടലിനു* നേരെയുംപിൻപടയെ പടിഞ്ഞാറേ കടലിനു* നേരെയും അയയ്ക്കും.
അവനിൽനിന്ന് ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും;അവന്റെ നാറ്റം മുകളിലേക്ക് ഉയരും.+ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യും.’
21 ദേശമേ, പേടിക്കേണ്ടാ. ആനന്ദിച്ചാഹ്ലാദിക്കുക!
യഹോവ മഹത്തായ കാര്യങ്ങൾ ചെയ്യുമല്ലോ.
22 വയലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ;വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളിൽ വീണ്ടും പച്ചപ്പു നിറയും;+മരങ്ങൾ കായ്ക്കും;+അത്തി മരവും മുന്തിരിവള്ളിയും നല്ല വിളവ് തരും.+
23 സീയോൻപുത്രന്മാരേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;+ശരത്കാലത്ത് ദൈവം നിങ്ങൾക്ക് ആവശ്യത്തിനു മഴ തരും;നിങ്ങളുടെ മേൽ മഴ കോരിച്ചൊരിയും;
മുമ്പെന്നപോലെ ശരത്കാലത്തും വസന്തകാലത്തും ദൈവം നിങ്ങൾക്കു മഴ തരും.+
24 മെതിക്കളങ്ങളിൽ ധാന്യം നിറയും;ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.+
25 കൂട്ടമായി വന്ന വെട്ടുക്കിളികളും ചിറകു വരാത്ത വെട്ടുക്കിളികളുംകൊതിമൂത്ത വെട്ടുക്കിളികളും ആർത്തിപൂണ്ട വെട്ടുക്കിളികളും തിന്നുമുടിച്ച വർഷങ്ങൾക്ക്,എന്റെ ആ വലിയ സൈന്യത്തെ നിങ്ങൾക്കിടയിലേക്ക് അയച്ച വർഷങ്ങൾക്ക്, ഞാൻ നഷ്ടപരിഹാരം തരും.+
26 നിങ്ങൾ തിന്ന് തൃപ്തരാകും;+നിങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്ത നിങ്ങളുടെ ദൈവമായ യഹോവയുടെ പേര് നിങ്ങൾ സ്തുതിക്കും.+ഇനി ഒരിക്കലും എന്റെ ജനത്തിന് അപമാനം സഹിക്കേണ്ടിവരില്ല.+
27 ഞാൻ ഇസ്രായേലിനു നടുവിലുണ്ടെന്നും+നിങ്ങളുടെ ദൈവമായ യഹോവയാണു ഞാനെന്നും+ നിങ്ങൾ അറിയേണ്ടിവരും—ഞാനല്ലാതെ മറ്റൊരു ദൈവമില്ല!
ഇനി ഒരിക്കലും എന്റെ ജനത്തിന് അപമാനം സഹിക്കേണ്ടിവരില്ല.
28 അതിനു ശേഷം ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും;+നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും,നിങ്ങൾക്കിടയിലെ പ്രായമായവർ സ്വപ്നങ്ങളുംചെറുപ്പക്കാർ ദിവ്യദർശനങ്ങളും കാണും.+
29 അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലുംഞാൻ എന്റെ ആത്മാവിനെ പകരും.
30 ഞാൻ ആകാശത്തും ഭൂമിയിലും അത്ഭുതങ്ങൾ ചെയ്യും;രക്തവും തീയും പുകത്തൂണുകളും കാണിക്കും.+
31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+
32 യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+യഹോവ പറഞ്ഞതുപോലെതന്നെ, രക്ഷപ്പെടുന്ന എല്ലാവരും സീയോൻ പർവതത്തിലും യരുശലേമിലും ഉണ്ടായിരിക്കും.+യഹോവ വിളിക്കുന്ന അതിജീവകരെല്ലാം അവിടെയുണ്ടായിരിക്കും.”
അടിക്കുറിപ്പുകള്
^ അഥവാ “ഭൂവാസികളെല്ലാം.”
^ അഥവാ “കൃപയുള്ളവൻ.”
^ അഥവാ “ഖേദിക്കും.”
^ അഥവാ “ഖേദിച്ച്.”
^ അക്ഷ. “വിശുദ്ധീകരിക്കുക.”
^ അഥവാ “മൂപ്പന്മാരെ.”
^ അക്ഷ. “മുഖത്തെ.”
^ അതായത്, ചാവുകടൽ.
^ അതായത്, മെഡിറ്ററേനിയൻ കടൽ.