യോശുവ 13:1-33
13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്.*
2 കൈവശമാക്കാൻ ബാക്കിയുള്ള ഭാഗം ഇതാണ്:+ ഫെലിസ്ത്യരുടെയും ഗശൂര്യരുടെയും പ്രദേശം+ മുഴുവൻ.
3 (ഈജിപ്തിനു കിഴക്കുള്ള* നൈലിന്റെ ശാഖമുതൽ* വടക്കോട്ട് എക്രോന്റെ അതിർത്തിവരെ; ഇതു കനാന്യരുടെ പ്രദേശമായി കണക്കാക്കിയിരുന്നു.)+ ഇതിൽ ഗസ്സ്യർ, അസ്തോദ്യർ,+ അസ്കലോന്യർ,+ ഗിത്ത്യർ,+ എക്രോന്യർ+ എന്നീ അഞ്ചു ഫെലിസ്‌ത്യപ്രഭുക്കന്മാരുടെ+ പ്രദേശം ഉൾപ്പെടും. കൂടാതെ, തെക്ക് അവ്യരുടെ+ പ്രദേശവും
4 കനാന്യരുടെ ദേശം മുഴുവനും സീദോന്യരുടെ+ മെയാരയും അഫേക്ക് വരെ, അമോര്യരുടെ അതിർത്തിവരെ, ഉള്ള പ്രദേശവും
5 ഗബാല്യരുടെ+ ദേശവും കിഴക്ക് ഹെർമോൻ പർവതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ് മുതൽ ലബോ-ഹമാത്ത്*+ വരെ ലബാനോൻ മുഴുവനും
6 ലബാനോൻ മുതൽ+ മിസ്രെഫോത്ത്-മയീം+ വരെയുള്ള മലനാട്ടിൽ താമസിക്കുന്നവരും എല്ലാ സീദോന്യരും+ അതിൽപ്പെടുന്നു. ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഞാൻ അവരെ ഓടിച്ചുകളയും.*+ ഞാൻ കല്പിച്ചതുപോലെ നീ അത് ഇസ്രായേലിന് അവകാശമായി നിയമിച്ചുകൊടുത്താൽ മാത്രം മതി.+
7 ഇപ്പോൾ, നീ ഈ ദേശം ഒൻപതു ഗോത്രത്തിനും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി വിഭാഗിക്കണം.”+
8 മറ്റേ പാതി ഗോത്രവും രൂബേന്യരും ഗാദ്യരും, യഹോവയുടെ ദാസനായ മോശ യോർദാന്റെ കിഴക്ക് അവർക്കു കൊടുത്ത അവകാശം സ്വന്തമാക്കി. മോശ നിയമിച്ചുകൊടുത്തതുപോലെതന്നെ അവർ അത് എടുത്തു.+
9 അത് അർന്നോൻ താഴ്‌വരയോടു*+ ചേർന്നുകിടക്കുന്ന അരോവേർ+ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും ദീബോൻ വരെ മെദബപീഠഭൂമി മുഴുവനും
10 ഹെശ്‌ബോനിൽനിന്ന് ഭരിച്ച അമോര്യരാജാവായ സീഹോന് അമ്മോന്യരുടെ അതിർത്തിവരെയുള്ള എല്ലാ നഗരങ്ങളും+
11 ഗിലെയാദും ഗശൂര്യരുടെയും മാഖാത്യരുടെയും+ പ്രദേശവും ഹെർമോൻ പർവതം മുഴുവനും സൽക്ക+ വരെ ബാശാൻ+ മുഴുവനും
12 അസ്‌താരോത്തിലും എദ്രെയിലും ഭരിച്ച ബാശാനിലെ ഓഗിന്റെ (അവൻ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.) ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ അവരെ തോൽപ്പിച്ച് അവിടെനിന്ന് ഓടിച്ചുകളഞ്ഞു.+
13 പക്ഷേ, ഗശൂര്യരെയും മാഖാത്യരെയും ഇസ്രായേല്യർ ഓടിച്ചുകളഞ്ഞില്ല.+ അവർ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ താമസിക്കുന്നുണ്ടല്ലോ.
14 ലേവ്യഗോത്രത്തിനു മാത്രമാണു മോശ അവകാശം കൊടുക്കാതിരുന്നത്.+ ഇസ്രായേലിന്റെ ദൈവമായ യഹോവ അവരോടു വാഗ്‌ദാനം ചെയ്‌തതുപോലെ+ ദൈവത്തിനു തീയിലർപ്പിക്കുന്ന യാഗങ്ങളാണ് അവരുടെ അവകാശം.+
15 തുടർന്ന്, മോശ രൂബേൻഗോത്രത്തിന് അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു.
16 അവരുടെ പ്രദേശം അർന്നോൻ താഴ്‌വരയോടു ചേർന്നുകിടക്കുന്ന അരോവേർ മുതൽ താഴ്വരയുടെ മധ്യത്തിലുള്ള നഗരവും മെദബയ്ക്കു സമീപമുള്ള പീഠഭൂമി മുഴുവനും
17 ഹെശ്‌ബോനും പീഠഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും+ ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും+
18 യാഹാസും+ കെദേമോത്തും+ മേഫാത്തും+
19 കിര്യത്തയീമും സിബ്‌മയും+ താഴ്വരയിലെ മലയിലുള്ള സേരെത്ത്-ശഹരും
20 ബേത്ത്-പെയോരും പിസ്‌ഗച്ചെരിവുകളും+ ബേത്ത്-യശീമോത്തും+
21 പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഹെശ്‌ബോനിൽനിന്ന്+ ഭരിച്ച അമോര്യരാജാവായ സീഹോന്റെ ഭരണപ്രദേശം മുഴുവനും ആയിരുന്നു. മോശ സീഹോനെയും ദേശത്ത് താമസിച്ചിരുന്ന സീഹോന്റെ ആശ്രിതരും* മിദ്യാന്യതലവന്മാരും ആയ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിവരെയും തോൽപ്പിച്ചു.+
22 കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഇസ്രായേല്യർ വാളാൽ സംഹരിച്ച, ബയോരിന്റെ മകനും ഭാവിഫലം പറയുന്നവനും+ ആയ ബിലെയാമുമുണ്ടായിരുന്നു.+
23 യോർദാനായിരുന്നു രൂബേന്യരുടെ അതിർത്തി. ഈ പ്രദേശമായിരുന്നു നഗരങ്ങളും അവയുടെ ഗ്രാമങ്ങളും സഹിതം രൂബേന്യർക്ക് അവരുടെ കുലമനുസരിച്ചുള്ള അവകാശം.
24 കൂടാതെ, മോശ ഗാദ്ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു.
25 അവരുടെ പ്രദേശം യസേരും+ ഗിലെയാദിലെ എല്ലാ നഗരങ്ങളും രബ്ബയ്‌ക്ക്+ അഭിമുഖമായുള്ള അരോവേർ വരെ അമ്മോന്യരുടെ+ ദേശത്തിന്റെ പകുതിയും
26 ഹെശ്‌ബോൻ+ മുതൽ രാമത്ത്-മിസ്‌പെ, ബതോനീം എന്നിവ വരെയും മഹനയീം+ മുതൽ ദബീരിന്റെ അതിർത്തി വരെയും
27 താഴ്‌വരയിലുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്ര,+ സുക്കോത്ത്,+ സാഫോൻ എന്നിങ്ങനെ ഹെശ്‌ബോൻരാജാവായ+ സീഹോന്റെ ഭരണപ്രദേശത്തെ ബാക്കി പ്രദേശങ്ങളും ആയിരുന്നു. അവരുടെ പ്രദേശം കിന്നേരെത്ത് കടലിന്റെ*+ താഴത്തെ അറ്റംമുതൽ യോർദാൻ അതിരായി യോർദാന്റെ കിഴക്കുവശത്തായിരുന്നു.
28 ഇതായിരുന്നു നഗരങ്ങളും അവയുടെ ഗ്രാമങ്ങളും സഹിതം ഗാദ്യർക്ക് അവരുടെ കുലമനുസരിച്ചുള്ള അവകാശം.
29 കൂടാതെ, മോശ മനശ്ശെയുടെ പാതി ഗോത്രത്തിനും അവരുടെ കുലമനുസരിച്ച് അവകാശം കൊടുത്തു.+
30 അവരുടെ പ്രദേശം മഹനയീം+ മുതൽ ബാശാൻ മുഴുവനും, അതായത് ബാശാൻരാജാവായ ഓഗിന്റെ ഭരണപ്രദേശം മുഴുവനും, ബാശാനിലെ യായീരിന്റെ ചെറുപട്ടണങ്ങൾ+ മുഴുവനും ആയിരുന്നു; ആകെ 60 പട്ടണങ്ങൾ.
31 ഗിലെയാദിന്റെ പകുതിയും ബാശാനിലെ ഓഗിന്റെ ഭരണപ്രദേശത്തെ അസ്താരോത്ത്, എദ്രെ+ എന്നീ നഗരങ്ങളും മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാരിൽ+ പകുതിപ്പേർക്ക് അവരുടെ കുലമനുസരിച്ച് കിട്ടി.
32 ഇവയായിരുന്നു മോവാബ് മരുപ്രദേശത്തായിരിക്കുമ്പോൾ മോശ യരീഹൊയ്ക്കു കിഴക്ക്, യോർദാന്റെ മറുകരയിൽ അവർക്കു കൊടുത്ത അവകാശങ്ങൾ.+
33 പക്ഷേ, ലേവ്യഗോത്രത്തിനു മോശ അവകാശം കൊടുത്തില്ല.+ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഗ്‌ദാനം+ ചെയ്‌തതുപോലെ, ദൈവമായിരുന്നു അവരുടെ അവകാശം.
അടിക്കുറിപ്പുകള്‍
^ അഥവാ “കീഴടക്കാനുണ്ട്.”
^ അഥവാ “കിഴക്കുള്ള ശീഹോർ മുതൽ.”
^ അക്ഷ. “മുന്നിലുള്ള.”
^ അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
^ അഥവാ “കുടിയിറക്കും.”
^ അഥവാ “നീർച്ചാലിനോട്.”
^ അതായത്, സീഹോനു കീഴ്പെട്ടിരുന്ന രാജാക്കന്മാർ.
^ അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).