യോശുവ 17:1-18
17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+
2 പിന്നെ, മനശ്ശെയുടെ വംശജരിൽ ബാക്കിയുള്ളവർക്കു കുലമനുസരിച്ച് നറുക്കു വീണു. അബിയേസരിന്റെ+ പുത്രന്മാർ, ഹേലെക്കിന്റെ പുത്രന്മാർ, അസ്രിയേലിന്റെ പുത്രന്മാർ, ശെഖേമിന്റെ പുത്രന്മാർ, ഹേഫെരിന്റെ പുത്രന്മാർ, ശെമീദയുടെ പുത്രന്മാർ എന്നിവരായിരുന്നു അവർ. ഇവരായിരുന്നു യോസേഫിന്റെ മകനായ മനശ്ശെയുടെ വംശജർ, അവരുടെ കുലമനുസരിച്ചുള്ള ആണുങ്ങൾ.+
3 മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിനു പക്ഷേ, പെൺമക്കളല്ലാതെ ആൺമക്കളുണ്ടായിരുന്നില്ല. സെലോഫഹാദിന്റെ+ പെൺമക്കളുടെ പേരുകൾ ഇവയായിരുന്നു: മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ.
4 അതുകൊണ്ട്, അവർ പുരോഹിതനായ എലെയാസരിന്റെയും+ നൂന്റെ മകനായ യോശുവയുടെയും തലവന്മാരുടെയും അടുത്ത് വന്ന് പറഞ്ഞു: “യഹോവയാണു ഞങ്ങളുടെ സഹോദരന്മാർക്കിടയിൽ ഞങ്ങൾക്ക് അവകാശം നൽകണമെന്നു+ മോശയോടു കല്പിച്ചത്.” അങ്ങനെ, യഹോവയുടെ ആജ്ഞപോലെ, അവരുടെ അപ്പന്റെ സഹോദരന്മാർക്കിടയിൽ യോശുവ അവർക്ക് അവകാശം കൊടുത്തു.+
5 യോർദാനു മറുകരയുള്ള* ഗിലെയാദും ബാശാനും കൂടാതെ പത്തു പങ്കുകൂടെ മനശ്ശെക്കു കിട്ടി.+
6 കാരണം, മനശ്ശെയുടെ ആൺമക്കളുടെകൂടെ പെൺമക്കൾക്കും അവകാശം കിട്ടിയിരുന്നു. ഗിലെയാദ് ദേശം മനശ്ശെയുടെ വംശജരിൽ ബാക്കിയുള്ളവരുടെ അവകാശമായി.
7 മനശ്ശെയുടെ അതിർത്തി ആശേർ മുതൽ ശെഖേമിന്+ അഭിമുഖമായുള്ള മിഖ്‌മെഥാത്ത്+ വരെ എത്തി. അതു തെക്കോട്ട്* ഏൻ-തപ്പൂഹനിവാസികളുടെ ദേശംവരെ ചെന്നു.
8 തപ്പൂഹ ദേശം+ മനശ്ശെക്കു കിട്ടി. പക്ഷേ, മനശ്ശെയുടെ അതിർത്തിയിലുള്ള തപ്പൂഹ നഗരം എഫ്രയീമ്യരുടേതായിരുന്നു.
9 അതിർത്തി അവിടെനിന്ന് തെക്കോട്ട് ഇറങ്ങി കാനെ നീർച്ചാലിലേക്കു ചെന്നു. മനശ്ശെയുടെ നഗരങ്ങൾക്കിടയിൽ എഫ്രയീമിനു നഗരങ്ങളുണ്ടായിരുന്നു.+ മനശ്ശെയുടെ അതിർത്തി നീർച്ചാലിന്റെ വടക്കായിരുന്നു. ഒടുവിൽ അതു കടലിൽ ചെന്ന് അവസാനിച്ചു.+
10 തെക്കോട്ടുള്ള ഭാഗം എഫ്രയീമിന്റേതും വടക്കോട്ടുള്ള ഭാഗം മനശ്ശെയുടേതും ആയിരുന്നു. മനശ്ശെയുടെ അതിർത്തി കടലായിരുന്നു.+ അവർ* വടക്ക് ആശേർ വരെയും കിഴക്ക് യിസ്സാഖാർ വരെയും എത്തി.
11 യിസ്സാഖാരിന്റെയും ആശേരിന്റെയും പ്രദേശങ്ങളിൽ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* യിബ്ലെയാമും+ അതിന്റെ ആശ്രിതപട്ടണങ്ങളും ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും ഏൻ-ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും താനാക്കിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മെഗിദ്ദോയിലെ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മനശ്ശെയുടേതായി. അവർക്കു മൂന്നു കുന്നിൻപ്രദേശങ്ങൾ കിട്ടി.
12 പക്ഷേ, മനശ്ശെയുടെ വംശജർക്ക് ഈ നഗരങ്ങൾ കൈവശമാക്കാൻ സാധിച്ചില്ല. കനാന്യർ അവിടം വിട്ട് പോകാൻ കൂട്ടാക്കാതെ അവിടെത്തന്നെ കഴിഞ്ഞു.+
13 ഇസ്രായേല്യർ ശക്തരായപ്പോൾ കനാന്യരെക്കൊണ്ട് നിർബന്ധിതജോലി ചെയ്യിച്ചു.+ പക്ഷേ, അവർ അവരെ പരിപൂർണമായി നീക്കിക്കളഞ്ഞില്ല.*+
14 യോസേഫിന്റെ വംശജർ യോശുവയോടു പറഞ്ഞു: “എന്തുകൊണ്ടാണ് അങ്ങ് ഞങ്ങൾക്ക്* അവകാശമായി ഒരു വീതവും ഒരു പങ്കും മാത്രം തന്നത്?+ യഹോവ ഞങ്ങളെ ഇതുവരെ അനുഗ്രഹിച്ചിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ ആളുകൾ അസംഖ്യമാണ്.”+
15 അപ്പോൾ യോശുവ പറഞ്ഞു: “നിങ്ങളുടെ ആളുകൾ അത്ര അധികമുണ്ടെങ്കിൽ പെരിസ്യരുടെയും+ രഫായീമ്യരുടെയും+ ദേശത്തെ വനത്തിൽ ചെന്ന് നിങ്ങൾ സ്ഥലം വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക. എഫ്രയീംമലനാടിനു+ നിങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിസ്തൃതിയില്ലല്ലോ.”
16 അപ്പോൾ യോസേഫിന്റെ വംശജർ പറഞ്ഞു: “മലനാടു ഞങ്ങൾക്കു പോരാ. ഇനി, ബേത്ത്-ശെയാനിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും ജസ്രീൽ താഴ്‌വരയിലും+ താമസിക്കുന്ന, താഴ്വാരപ്രദേശത്തെ കനാന്യരുടെ കാര്യത്തിലാണെങ്കിൽ, ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങൾ* അവർക്കെല്ലാമുണ്ട്.”+
17 അതുകൊണ്ട്, യോശുവ യോസേഫിന്റെ ഭവനത്തോട്, എഫ്രയീമിനോടും മനശ്ശെയോടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുകളുണ്ട്. നിങ്ങൾക്കു മഹാശക്തിയുമുണ്ട്. നിങ്ങൾക്കു കിട്ടുന്നതു വെറും ഒരു പങ്കായിരിക്കില്ല.+
18 മലനാടും നിങ്ങൾക്കുള്ളതാണ്.+ അതു വനമാണെങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കും. അതു നിങ്ങളുടെ പ്രദേശത്തിന്റെ അറ്റമായിരിക്കും. കനാന്യർ ശക്തരും ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങളുള്ളവരും ആണെങ്കിലും നിങ്ങൾ അവരെ തുരത്തിയോടിക്കും.”+
അടിക്കുറിപ്പുകള്‍
^ അതായത്, കിഴക്കുവശത്ത്.
^ അക്ഷ. “വലതുവശത്തേക്ക്.”
^ അതായത്, മനശ്ശെഗോത്രക്കാരോ മനശ്ശെയുടെ പ്രദേശമോ.
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
^ അഥവാ “അവരെ കുടിയിറക്കിയില്ല.”
^ അക്ഷ. “എനിക്ക്.”
^ അക്ഷ. “ഇരുമ്പുരഥങ്ങൾ.”