യോശുവ 23:1-16
23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+
2 എല്ലാ ഇസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും അധികാരികളെയും+ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:+ “ഞാൻ പ്രായം ചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു.
3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ഇക്കണ്ട ജനതകളോടു ചെയ്തതെല്ലാം നിങ്ങൾ കണ്ടല്ലോ. നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങൾക്കുവേണ്ടി പോരാടിയത്.+
4 ഇതാ ഞാൻ, യോർദാൻ മുതൽ പടിഞ്ഞാറ്* മഹാസമുദ്രം* വരെ, ശേഷിച്ചിരിക്കുന്ന ജനതകളുടെ ദേശവും ഞാൻ സംഹരിച്ച ജനതകളുടെ+ ദേശവും നറുക്കിട്ട്+ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നിയമിച്ചുതന്നിരിക്കുന്നു.+
5 നിങ്ങളുടെ ദൈവമായ യഹോവയാണ് അവരെ നിങ്ങളുടെ മുന്നിൽനിന്ന് തുരത്തിയോടിച്ചുകൊണ്ടിരുന്നത്,+ നിങ്ങൾക്കുവേണ്ടി അവരെ നീക്കിക്കളഞ്ഞത്.* അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കി.+
6 “മോശയുടെ നിയമപുസ്തകത്തിൽ+ എഴുതിയിരിക്കുന്നതെല്ലാം അനുസരിക്കാനും പിൻപറ്റാനും നിങ്ങൾ നല്ല ധൈര്യം കാണിക്കണം. ഒരിക്കലും അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+
7 നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളോട് ഇടപഴകുകയുമരുത്.+ നിങ്ങൾ അവരുടെ ദൈവങ്ങളുടെ പേരുകൾ പരാമർശിക്കാൻപോലും പാടില്ല.+ അവയെ ചൊല്ലി സത്യം ചെയ്യുകയോ അവയെ സേവിക്കുകയോ അവയുടെ മുന്നിൽ കുമ്പിടുകയോ അരുത്.+
8 പകരം, ഇന്നോളം ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിനിൽക്കണം.+
9 പ്രബലരായ വലിയ ജനതകളെപ്പോലും യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയും.+ നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരു മനുഷ്യനും സാധിച്ചിട്ടില്ലല്ലോ.+
10 ആയിരം പേരെ തുരത്താൻ നിങ്ങളിൽ ഒരുവൻ മതിയാകും.+ കാരണം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉറപ്പു തന്നതുപോലെ+ ആ ദൈവമാണു നിങ്ങൾക്കുവേണ്ടി പോരാടുന്നത്.+
11 അതുകൊണ്ട്, നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ച്+ എപ്പോഴും ജാഗ്രതയോടെയിരിക്കുക.+
12 “പക്ഷേ, നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളിൽപ്പെട്ടവരോടു പറ്റിച്ചേരുകയും+ അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരുമായോ അവർ നിങ്ങളുമായോ ഇടപഴകുകയും ചെയ്താൽ
13 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയമായും അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുന്നതുവരെ അവർ ഒരു കെണിയും കുടുക്കും നിങ്ങളുടെ മുതുകിന് ഒരു ചാട്ടയും നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും ആയിത്തീരും.+
14 “ഇപ്പോൾ ഇതാ, ഞാൻ മരിക്കാറായി.* നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളിലെയും ഒറ്റ വാക്കുപോലും നിറവേറാതിരുന്നിട്ടില്ല എന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാമല്ലോ. അവയെല്ലാം നിങ്ങളുടെ കാര്യത്തിൽ അങ്ങനെതന്നെ സംഭവിച്ചു, ഒന്നും നിറവേറാതിരുന്നിട്ടില്ല.+
15 പക്ഷേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീർന്നതുപോലെതന്നെ മുൻകൂട്ടിപ്പറഞ്ഞ ആപത്തുകളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീരാൻ യഹോവ ഇടയാക്കും.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നിശ്ശേഷം നശിപ്പിക്കും.+
16 നിങ്ങളോടു കല്പിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി പാലിക്കാതെ, നിങ്ങൾ അതു ലംഘിക്കുകയും നിങ്ങൾ ചെന്ന് അന്യദൈവങ്ങളെ സേവിച്ച് അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ആളിക്കത്തും.+ അങ്ങനെ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.”+
അടിക്കുറിപ്പുകള്
^ അഥവാ “സൂര്യാസ്തമയദിശയിൽ.”
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ അഥവാ “അവരെ കുടിയിറക്കിയത്.”
^ അഥവാ “മിശ്രവിവാഹം ചെയ്യുകയും.”
^ അക്ഷ. “ഇന്നു ഞാൻ മുഴുഭൂമിയുടെയും വഴിക്കു പോകുന്നു.”