യോശുവ 3:1-17
3 യോശുവ അതിരാവിലെ എഴുന്നേറ്റു. അവനും എല്ലാ ഇസ്രായേല്യരും ശിത്തീമിൽനിന്ന്+ പുറപ്പെട്ട് യോർദാന്റെ അടുത്ത് എത്തി. അക്കര കടക്കുന്നതിനു മുമ്പ് ആ രാത്രി അവർ അവിടെ തങ്ങി.
2 മൂന്നു ദിവസം കഴിഞ്ഞ് അധികാരികൾ+ പാളയത്തിലെല്ലായിടത്തും ചെന്ന്
3 ജനത്തോട് ഇങ്ങനെ കല്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകവും എടുത്ത് ലേവ്യപുരോഹിതന്മാർ+ പോകുന്നതു കണ്ടാൽ ഉടൻ നിങ്ങൾ അതിനെ അനുഗമിച്ച് നിങ്ങളുടെ സ്ഥലത്തുനിന്ന് യാത്ര പുറപ്പെടണം.
4 ഏതു വഴിക്കു പോകണമെന്ന് അങ്ങനെ നിങ്ങൾക്ക് അറിയാനാകും. കാരണം, നിങ്ങൾ ഇതിനു മുമ്പ് ഈ വഴിക്കു സഞ്ചരിച്ചിട്ടില്ലല്ലോ. പക്ഷേ, അതിൽനിന്ന് 2,000 മുഴം* അകലം പാലിക്കണം; അതിലും അടുത്ത് ചെല്ലരുത്.”
5 യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക.+ കാരണം, നാളെ യഹോവ നിങ്ങളുടെ ഇടയിൽ അത്ഭുതകാര്യങ്ങൾ ചെയ്യാനിരിക്കുകയാണ്.”+
6 പിന്നെ, യോശുവ പുരോഹിതന്മാരോടു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുത്ത്+ ജനത്തിനു മുന്നിലായി പോകുക.” അങ്ങനെ, അവർ ഉടമ്പടിപ്പെട്ടകം എടുത്ത് ജനത്തിനു മുന്നിലായി നടന്നു.
7 യഹോവ യോശുവയോടു പറഞ്ഞു: “ഇന്നുമുതൽ എല്ലാ ഇസ്രായേല്യരുടെയും മുന്നിൽ ഞാൻ നിന്നെ ഉന്നതനാക്കും.+ അങ്ങനെ, ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ+ നിന്റെകൂടെയും ഉണ്ടായിരിക്കുമെന്ന്+ അവർ അറിയട്ടെ.
8 ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർക്കു നീ ഈ കല്‌പന കൊടുക്കുക: ‘നിങ്ങൾ യോർദാന്റെ ഓരത്ത് എത്തുമ്പോൾ നദിയിൽ നിശ്ചലരായി നിൽക്കണം.’”+
9 യോശുവ ഇസ്രായേല്യരോടു പറഞ്ഞു: “ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കൂ.”
10 യോശുവ തുടർന്നു: “ജീവനുള്ള ഒരു ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നും+ ആ ദൈവം കനാന്യരെയും ഹിത്യരെയും ഹിവ്യരെയും പെരിസ്യരെയും ഗിർഗശ്യരെയും അമോര്യരെയും യബൂസ്യരെയും നിങ്ങളുടെ മുന്നിൽനിന്ന് നിശ്ചയമായും ഓടിച്ചുകളയുമെന്നും+ ഇപ്പോൾ നിങ്ങൾ അറിയും.
11 ഇതാ! മുഴുഭൂമിയുടെയും നാഥനായവന്റെ ഉടമ്പടിപ്പെട്ടകം നിങ്ങൾക്കു മുന്നിലായി യോർദാനിലേക്കു കടക്കുന്നു.
12 ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽനിന്ന്, ഓരോ ഗോത്രത്തിനുംവേണ്ടി ഓരോ ആൾ വീതം, 12 പുരുഷന്മാരെ എടുക്കുക.+
13 മുഴുഭൂമിയുടെയും നാഥനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദാനിലെ വെള്ളത്തിൽ സ്‌പർശിച്ചാൽ* ഉടൻ യോർദാനിലെ വെള്ളത്തിന്റെ, മുകളിൽനിന്നുള്ള ഒഴുക്കു നിലയ്‌ക്കും. അത് അണകെട്ടിയതുപോലെ* നിശ്ചലമായി നിൽക്കും.”+
14 അങ്ങനെ, യോർദാൻ കടക്കുന്നതിനു തൊട്ടുമുമ്പ് ജനം തങ്ങളുടെ കൂടാരങ്ങൾ വിട്ട് പുറപ്പെട്ടപ്പോൾ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന+ പുരോഹിതന്മാർ ജനത്തിനു മുന്നിൽ നടന്നു.
15 പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദാൻ നദിക്കരികെ എത്തി വെള്ളത്തിലേക്കു കാലെടുത്ത് വെച്ച ഉടൻ (കൊയ്ത്തുകാലത്തെല്ലാം യോർദാൻ കരകവിഞ്ഞ് ഒഴുകാറുണ്ട്.)+
16 മുകളിൽനിന്ന് ഒഴുകിവന്നിരുന്ന വെള്ളം അങ്ങ് അകലെ, സാരെഥാന് അടുത്തുള്ള ആദാം നഗരത്തിന് അരികെ അണകെട്ടിയതുപോലെ പൊങ്ങി നിശ്ചലമായി നിന്നു. പക്ഷേ, താഴേക്ക് ഒഴുകിക്കൊണ്ടിരുന്ന വെള്ളം ഉപ്പുകടൽ* എന്നു വിളിക്കുന്ന അരാബ കടലിലേക്കു വാർന്നുപോയി. അങ്ങനെ, നദിയുടെ ഒഴുക്കു നിലച്ചു. ജനം യരീഹൊയുടെ നേർക്കു മറുകര കടന്നു.
17 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ യോർദാനു നടുവിൽ ഉണങ്ങിയ നിലത്ത് നിശ്ചലരായി നിൽക്കുമ്പോൾ+ എല്ലാ ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ അങ്ങനെ, ആ ജനത മുഴുവൻ യോർദാൻ കടന്നു.