യോശുവ 8:1-35
8 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ എല്ലാ യോദ്ധാക്കളെയും കൂട്ടി നീ ഹായിയുടെ നേരെ ചെല്ലുക. ഇതാ, ഹായിയിലെ രാജാവിനെയും അയാളുടെ ജനത്തെയും നഗരത്തെയും ദേശത്തെയും ഞാൻ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+
2 യരീഹൊയോടും അവിടത്തെ രാജാവിനോടും ചെയ്തതുപോലെതന്നെ+ ഹായിയോടും അവിടത്തെ രാജാവിനോടും ചെയ്യുക. പക്ഷേ, ഹായിയിൽനിന്ന് നിങ്ങൾക്കു വസ്തുക്കൾ കൊള്ളയടിക്കാം. മൃഗങ്ങളെയും എടുക്കാം. ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ നഗരത്തിനു പിന്നിൽ യോദ്ധാക്കളെ നിയോഗിക്കണം.”
3 അങ്ങനെ, യോശുവയും എല്ലാ യോദ്ധാക്കളും ഹായിയെ ആക്രമിക്കാൻ പുറപ്പെട്ടു. യോശുവ 30,000 വീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് രാത്രിയിൽ അങ്ങോട്ട് അയച്ചു.
4 യോശുവ അവർക്ക് ഈ കല്പന കൊടുത്തു: “നിങ്ങൾ നഗരത്തിനു പിന്നിൽ ആക്രമിക്കാൻ പതിയിരിക്കണം. നഗരത്തിൽനിന്ന് വളരെ അകലെയായിരിക്കരുത്; എല്ലാവരും തയ്യാറായിരിക്കണം.
5 ഞാനും എന്റെകൂടെയുള്ള എല്ലാ പടയാളികളും നഗരത്തിന് അടുത്തേക്കു ചെല്ലും. മുമ്പത്തെപ്പോലെ അവർ ഞങ്ങളുടെ നേരെ വരുമ്പോൾ+ ഞങ്ങൾ അവരുടെ മുന്നിൽനിന്ന് പിൻവാങ്ങും.
6 അവർ ഞങ്ങളെ പിന്തുടരുമ്പോൾ ഞങ്ങൾ അവരെ നഗരത്തിൽനിന്ന് അകറ്റിക്കൊണ്ടുപോകും.+ ‘അവർ മുമ്പത്തെപ്പോലെതന്നെ നമ്മുടെ മുന്നിൽനിന്ന് പിൻവാങ്ങുകയാണ്’ എന്ന് അവർ പറയും. ഞങ്ങൾ അങ്ങനെ അവരുടെ മുന്നിൽനിന്ന് പിൻവാങ്ങും.
7 അപ്പോൾ, നിങ്ങൾ പതിയിരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് നഗരം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.
8 നഗരം പിടിച്ചെടുത്താൽ ഉടൻ നിങ്ങൾ അതിനു തീ വെക്കണം.+ യഹോവയുടെ വാക്കുപോലെതന്നെ നിങ്ങൾ ചെയ്യണം. ഇത് എന്റെ ആജ്ഞയാണ്.”
9 പിന്നെ, യോശുവ അവരെ അയച്ചു. പതിയിരിക്കേണ്ട സ്ഥലത്തേക്ക് അവർ പോയി. ഹായിക്കു പടിഞ്ഞാറ്, ബഥേലിനും ഹായിക്കും ഇടയിൽ, അവർ ഒളിച്ചിരുന്നു. യോശുവ ആ രാത്രി പടയാളികളുടെകൂടെ തങ്ങി.
10 യോശുവ അതിരാവിലെ എഴുന്നേറ്റ് പടയാളികളെ ഒരുമിച്ചുകൂട്ടി.* യോശുവയും ഇസ്രായേൽമൂപ്പന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു.
11 യോശുവയുടെകൂടെയുണ്ടായിരുന്ന എല്ലാ യോദ്ധാക്കളും+ നഗരത്തിന്റെ മുന്നിലേക്കു നീങ്ങി. അവർ ഹായിക്കു വടക്ക് പാളയമടിച്ചു. അവർക്കും ഹായിക്കും ഇടയിൽ ഒരു താഴ്വരയുണ്ടായിരുന്നു.
12 ഇതിനിടെ, യോശുവ ഏകദേശം 5,000 പുരുഷന്മാരെ നഗരത്തിനു പടിഞ്ഞാറ്, ബഥേലിനും+ ഹായിക്കും ഇടയിൽ, ആക്രമിക്കാൻ പതിയിരുത്തിയിരുന്നു.+
13 അങ്ങനെ, അവരുടെ മുഖ്യസേന നഗരത്തിനു+ വടക്കും പിൻപട+ നഗരത്തിനു പടിഞ്ഞാറും ആയി. യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു ചെന്നു.
14 ഇതു കണ്ട ഉടൻ ഹായിയിലെ രാജാവും നഗരത്തിലെ പുരുഷന്മാരും മരുപ്രദേശത്തിന് അഭിമുഖമായുള്ള ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാൻ അതിരാവിലെതന്നെ അവിടേക്കു കുതിച്ചു. പക്ഷേ, നഗരത്തിനു പിന്നിൽ ശത്രുസൈന്യം ആക്രമിക്കാൻ പതിയിരിക്കുന്നുണ്ടെന്ന കാര്യം അയാൾ അറിഞ്ഞില്ല.
15 ഹായിയിലെ പുരുഷന്മാർ ആക്രമിച്ചപ്പോൾ യോശുവയും എല്ലാ ഇസ്രായേലും വിജനഭൂമിയുടെ നേർക്കുള്ള വഴിയിലൂടെ ഓടി.+
16 അപ്പോൾ, അവരെ പിന്തുടരാൻ നഗരത്തിലുണ്ടായിരുന്നവരെല്ലാം ഒന്നിച്ചുകൂടി. യോശുവയെ പിന്തുടർന്ന് പോയ അവർ നഗരത്തിൽനിന്ന് അകന്നുപോയി.
17 ഇസ്രായേല്യരുടെ പുറകേ പോകാത്തതായി ഒരാൾപ്പോലും ഹായിയിലും ബഥേലിലും ഉണ്ടായിരുന്നില്ല. നഗരം മലർക്കെ തുറന്നിട്ടിട്ടാണ് അവർ ഇസ്രായേലിനെ പിന്തുടർന്ന് പോയത്.
18 യഹോവ യോശുവയോടു പറഞ്ഞു: “നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക.+ കാരണം, അതു ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും.”+ അങ്ങനെ, യോശുവ കുന്തം നഗരത്തിനു നേരെ നീട്ടി.
19 യോശുവ കൈ നീട്ടിയ ആ നിമിഷംതന്നെ, ആക്രമിക്കാൻ പതിയിരിക്കുന്നവർ ചാടിയെഴുന്നേറ്റ് നഗരത്തിലേക്ക് ഓടിച്ചെന്ന് അതു പിടിച്ചടക്കി. അവർ ഉടനടി നഗരത്തിനു തീ വെച്ചു.+
20 ഹായിക്കാർ തിരിഞ്ഞുനോക്കിയപ്പോൾ നഗരത്തിൽനിന്ന് പുക ഉയരുന്നതു കണ്ടു. അപ്പോൾ അവരുടെ ധൈര്യം ചോർന്നുപോയി. അവർക്ക് എങ്ങോട്ടും ഓടിപ്പോകാൻ കഴിഞ്ഞില്ല. ആ സമയം, വിജനഭൂമിയുടെ നേർക്ക് ഓടിക്കൊണ്ടിരുന്ന പടയാളികൾ തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
21 ആക്രമിക്കാൻ പതിയിരുന്നവർ നഗരത്തെ പിടിച്ചടക്കിയെന്നും നഗരത്തിൽനിന്ന് പുക ഉയരുന്നെന്നും കണ്ടപ്പോൾ യോശുവയും എല്ലാ ഇസ്രായേലും തിരിഞ്ഞ് ഹായിക്കാരെ ആക്രമിച്ചു.
22 ഈ സമയം മറ്റുള്ളവർ നഗരത്തിൽനിന്ന് പുറപ്പെട്ട് ഹായിക്കാരുടെ നേരെ വന്നു. അങ്ങനെ, ഇരുവശത്തുനിന്നും വന്ന ഇസ്രായേല്യരുടെ നടുവിൽ ഹായിക്കാർ കുടുങ്ങിപ്പോയി. ഒരുത്തൻപോലും അതിജീവിക്കുകയോ ഓടിരക്ഷപ്പെടുകയോ ചെയ്യാത്ത വിധത്തിൽ ഇസ്രായേല്യർ അവരെയെല്ലാം വെട്ടിവീഴ്ത്തി.+
23 പക്ഷേ, ഹായിയിലെ രാജാവിനെ+ അവർ ജീവനോടെ പിടിച്ച് യോശുവയുടെ മുന്നിൽ കൊണ്ടുവന്നു.
24 ഇസ്രായേല്യരെ വിജനഭൂമിയിലൂടെ പിന്തുടർന്ന ഹായിക്കാരെ മുഴുവൻ അവർ വിജനഭൂമിയിൽവെച്ച് ഒന്നൊഴിയാതെ വാളുകൊണ്ട് വെട്ടിക്കൊന്നു. എന്നിട്ട്, ഹായിയിലേക്കു മടങ്ങിച്ചെന്ന് അതിനെ വാളിന് ഇരയാക്കി.
25 ഹായിയിലെ ജനം മുഴുവൻ ആ ദിവസം മരിച്ചുവീണു; ആകെ 12,000 സ്ത്രീപുരുഷന്മാർ.
26 ഹായിക്കാരെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ+ കുന്തം നീട്ടിപ്പിടിച്ച+ കൈ യോശുവ പിൻവലിച്ചില്ല.
27 പക്ഷേ, യഹോവ യോശുവയ്ക്കു കൊടുത്ത ആജ്ഞയനുസരിച്ച് മൃഗങ്ങളെ ഇസ്രായേൽ എടുത്തു; നഗരം കൊള്ളയടിച്ച് കിട്ടിയതും സ്വന്തമാക്കി.+
28 പിന്നെ, യോശുവ ഹായിയെ തീക്കിരയാക്കി അതിനെ നാശാവശിഷ്ടങ്ങളുടെ ഒരു ശാശ്വതകൂമ്പാരമാക്കി+ മാറ്റി. ഈ ദിവസംവരെ അത് അങ്ങനെതന്നെ കിടക്കുന്നു.
29 യോശുവ ഹായിയിലെ രാജാവിനെ വൈകുന്നേരംവരെ സ്തംഭത്തിൽ* തൂക്കി. സൂര്യൻ അസ്തമിക്കാറായപ്പോൾ, ശവശരീരം സ്തംഭത്തിൽനിന്ന് ഇറക്കാൻ+ യോശുവ ആജ്ഞ കൊടുത്തു. അവർ അതു കൊണ്ടുപോയി നഗരകവാടത്തിന്റെ മുന്നിൽ ഇട്ട് അതിന്റെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെ അവിടെയുണ്ട്.
30 ഈ സമയത്താണു യോശുവ ഏബാൽ പർവതത്തിൽ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു യാഗപീഠം പണിതത്.
31 “ചെത്തിയൊരുക്കുകയോ ഇരുമ്പായുധം തൊടുവിക്കുകയോ ചെയ്യാത്ത കല്ലുകൾകൊണ്ടുള്ള+ ഒരു യാഗപീഠം” എന്നു മോശയുടെ നിയമപുസ്തകത്തിൽ+ എഴുതിയതുപോലെയും യഹോവയുടെ ദാസനായ മോശ ഇസ്രായേല്യരോടു കല്പിച്ചതുപോലെയും ആണ് അതു പണിതത്. അതിൽ അവർ യഹോവയ്ക്കുള്ള ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+
32 പിന്നെ, മോശ മുമ്പ് ഇസ്രായേല്യരുടെ മുന്നിൽവെച്ച് എഴുതിയ+ നിയമത്തിന്റെ ഒരു പകർപ്പു യോശുവ അവിടെ കല്ലുകളിൽ എഴുതി.+
33 എല്ലാ ഇസ്രായേലും അവരുടെ മൂപ്പന്മാരും അധികാരികളും ന്യായാധിപന്മാരും യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരുടെ മുന്നിൽ, പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്നുണ്ടായിരുന്നു. സ്വദേശികൾ മാത്രമല്ല അവരുടെ ഇടയിൽ വന്നുതാമസമാക്കിയ വിദേശികളും അവിടെയുണ്ടായിരുന്നു.+ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാൻവേണ്ടി അവരിൽ പകുതി പേർ ഗരിസീം പർവതത്തിന്റെ മുന്നിലും പകുതി പേർ ഏബാൽ പർവതത്തിന്റെ+ മുന്നിലും നിന്നു. (യഹോവയുടെ ദാസനായ മോശ മുമ്പ് കല്പിച്ചിരുന്നതുപോലെതന്നെ.)+
34 അതിനു ശേഷം യോശുവ, നിയമപുസ്തകത്തിൽ എഴുതിയിട്ടുള്ളതുപോലെ നിയമത്തിലെ എല്ലാ വാക്കുകളും, അനുഗ്രഹങ്ങളും+ ശാപങ്ങളും,+ ഉച്ചത്തിൽ വായിച്ചു.+
35 സ്ത്രീകളും കുട്ടികളും ഇസ്രായേല്യരുടെ ഇടയിൽ വന്നുതാമസമാക്കിയ* വിദേശികളും+ ഉൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയുടെയും+ മുന്നിൽ യോശുവ, മോശ കല്പിച്ച ഒരു വാക്കുപോലും വിട്ടുകളയാതെ+ എല്ലാം ഉച്ചത്തിൽ വായിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “സൈന്യപരിശോധനയ്ക്കു വിളിച്ചുകൂട്ടി.”
^ അഥവാ “മരത്തിൽ.”
^ അക്ഷ. “നടന്ന.”