യോഹന്നാൻ എഴുതിയത് 1:1-51
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
യോഹന്നാൻ: യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിന്റെ മലയാളരൂപം. അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു.” ഈ സുവിശേഷം എഴുതിയത് ആരാണെന്ന് ഇതിൽ പറയുന്നില്ല. എന്നാൽ ഇത് എഴുതിയത് അപ്പോസ്തലനായ യോഹന്നാൻ ആണെന്ന് എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളായപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ സുവിശേഷത്തിൽ യോഹന്നാൻ എന്നു പറഞ്ഞിരിക്കുന്നത് എല്ലായ്പോഴും സ്നാപകയോഹന്നാനെ ഉദ്ദേശിച്ചാണ്. അപ്പോസ്തലനായ യോഹന്നാന്റെ പേര് ഇതിൽ ഒരിടത്തും കാണുന്നില്ലെങ്കിലും അദ്ദേഹത്തെയും സഹോദരനായ യാക്കോബിനെയും ഇതിൽ ‘സെബെദിപുത്രന്മാർ’ എന്നു വിളിച്ചിട്ടുണ്ട്. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കുറിപ്പു കാണുക.) സുവിശേഷത്തിന്റെ അവസാനവാക്യങ്ങളിൽ എഴുത്തുകാരൻ തന്നെക്കുറിച്ച് “യേശു സ്നേഹിക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞിരിക്കുന്നതായി കാണാം. (യോഹ 21:20-24) ഈ പദപ്രയോഗം അപ്പോസ്തലനായ യോഹന്നാനെക്കുറിച്ചുതന്നെയാണെന്നു ചിന്തിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.—യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.
യോഹന്നാൻ എഴുതിയത്: സുവിശേഷങ്ങൾ എഴുതിയവർ ആരും അവരാണ് അത് എഴുതിയതെന്ന് അതിൽ വെളിപ്പെടുത്തിയിട്ടില്ല. തെളിവനുസരിച്ച് മൂലകൃതികളിൽ തലക്കെട്ടുകളും ഉണ്ടായിരുന്നില്ല. യോഹന്നാന്റെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ “യോഹന്നാൻ എഴുതിയ സുവിശേഷം (അഥവാ “സന്തോഷവാർത്ത”)” (യുഅംഗേലിഓൻ കറ്റാ യൊവാനെൻ) എന്ന തലക്കെട്ടും മറ്റു ചിലതിൽ “യോഹന്നാൻ എഴുതിയത്” (കറ്റാ യൊവാനെൻ) എന്ന ചെറിയ തലക്കെട്ടും കാണുന്നുണ്ട്. അത്തരം തലക്കെട്ടുകൾ എപ്പോഴാണു കൂട്ടിച്ചേർത്തതെന്നോ ഉപയോഗിച്ചുതുടങ്ങിയതെന്നോ വ്യക്തമല്ല. അവ ഉപയോഗിച്ചുതുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണെന്നാണു ചിലരുടെ അഭിപ്രായം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയതെന്നു കരുതപ്പെടുന്ന ചില സുവിശേഷ കൈയെഴുത്തുപ്രതികളിൽ നീളം കൂടിയ തലക്കെട്ടു കാണുന്നുണ്ട്. സുവിശേഷവിവരണങ്ങൾ “സുവിശേഷം” (അക്ഷ. “സന്തോഷവാർത്ത”) എന്ന് അറിയപ്പെടാനുള്ള കാരണം മർക്കോസിന്റെ പുസ്തകത്തിലെ പ്രാരംഭവാക്കുകളായിരിക്കാം (“ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു.”) എന്നു ചില പണ്ഡിതന്മാർ പറയുന്നു. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്.
വചനം: ഗ്രീക്കിൽ, ലോഗൊസ്. ഇവിടെ ഒരു പദവിനാമമായി ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം യോഹ 1:14-ലും വെളി 19:13-ലും കാണാം. ഈ പദവിനാമം യേശുവിന്റേതാണെന്നു യോഹന്നാൻതന്നെ വെളിപ്പെടുത്തുന്നുണ്ട്. യേശു മനുഷ്യനായി വരുന്നതിനു മുമ്പ് ഒരു ആത്മവ്യക്തിയായിരുന്ന സമയത്തും ഒരു പൂർണമനുഷ്യനായി ഭൂമിയിൽ ശുശ്രൂഷ നടത്തിയ കാലത്തും സ്വർഗാരോഹണത്തിനു ശേഷമുള്ള സമയത്തും യേശുവിനെ വിശേഷിപ്പിക്കാൻ ഈ പദവിനാമം ഉപയോഗിച്ചിരിക്കുന്നതായി കാണാം. സ്രഷ്ടാവായ ദൈവത്തിന്റെ മറ്റ് ആത്മപുത്രന്മാർക്കും മനുഷ്യർക്കും ദൈവത്തിൽനിന്നുള്ള നിർദേശങ്ങളും വിവരങ്ങളും നൽകുന്ന, ദൈവത്തിന്റെ വക്താവായിരുന്നു യേശു. അതുകൊണ്ടുതന്നെ യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പുള്ള കാലത്ത് മനുഷ്യരുമായി ആശയവിനിമയം ചെയ്യാൻ യഹോവ പലപ്പോഴും ‘വചനം’ എന്ന ഈ ദൂതവക്താവിനെ ഉപയോഗിച്ചിട്ടുണ്ടെന്നു ന്യായമായും നിഗമനം ചെയ്യാം.—ഉൽ 16:7-11; 22:11; 31:11; പുറ 3:2-5; ന്യായ 2:1-4; 6:11, 12; 13:3.
കൂടെയായിരുന്നു: അക്ഷ. “നേർക്കായിരുന്നു.” ഈ വാക്യത്തിൽ പ്രോസ് എന്ന ഗ്രീക്കുപ്രത്യയം (Greek preposition), തൊട്ടടുത്തായിരിക്കുന്നതിനെയോ അടുത്ത കൂട്ടാളിയായിരിക്കുന്നതിനെയോ ആണ് സൂചിപ്പിക്കുന്നത്. ഇനി, വചനവും ഏകസത്യദൈവവും ഒന്നല്ല, രണ്ടു വ്യക്തികളാണെന്ന സൂചനയും ഈ ഗ്രീക്കുപദം തരുന്നുണ്ട്.
വചനം ഒരു ദൈവമായിരുന്നു: അഥവാ “വചനം ദിവ്യനായിരുന്നു (അല്ലെങ്കിൽ “ദൈവത്തെപ്പോലുള്ളവനായിരുന്നു”).” യോഹന്നാന്റെ ഈ പ്രസ്താവന, ‘വചനത്തിന്റെ’ (ഗ്രീക്കിൽ, ലോഗൊസ്; ഈ വാക്യത്തിലെ വചനം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അഥവാ യേശുക്രിസ്തുവിന്റെ ഒരു സവിശേഷതയെയാണു വർണിക്കുന്നത്. മറ്റെല്ലാം സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച ആദ്യജാതപുത്രൻ എന്ന അതുല്യസ്ഥാനമുള്ളതുകൊണ്ട് ‘വചനത്തിന്,’ “ഒരു ദൈവം; ദൈവത്തെപ്പോലുള്ളവൻ; ദിവ്യൻ” എന്നീ വിശേഷണങ്ങൾ ചേരും. എന്നാൽ പല പരിഭാഷകരും ഈ ഭാഗത്തെ, “വചനം ദൈവമായിരുന്നു” എന്നു പരിഭാഷപ്പെടുത്തണമെന്നു വാദിക്കുന്നവരാണ്. പക്ഷേ അതിലൂടെ അവർ ‘വചനത്തെ’ സർവശക്തനായ ദൈവത്തിനു തുല്യനാക്കുകയാണ്. എന്നാൽ ‘വചനവും’ സർവശക്തനായ ദൈവവും ഒന്നാണെന്നു സൂചിപ്പിക്കാൻ യോഹന്നാൻ ഉദ്ദേശിച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, ഈ പ്രസ്താവനയ്ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങളിൽ “വചനം ദൈവത്തിന്റെകൂടെയായിരുന്നു” എന്നു വ്യക്തമാക്കുന്നുണ്ട്. ഇനി, 1-ഉം 2-ഉം വാക്യങ്ങളിൽ തെയോസ് എന്ന പദം മൂന്നു പ്രാവശ്യം കാണുന്നുണ്ടെങ്കിലും അതിൽ ഒന്നാമത്തെയും മൂന്നാമത്തെയും സ്ഥലങ്ങളിൽ മാത്രമേ തെയോസ് എന്ന പദത്തിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണുന്നുള്ളൂ; രണ്ടാമത്തേതിനു മുമ്പ് ഉപപദങ്ങളൊന്നും കാണുന്നില്ല. ഇതിൽ രണ്ടാമത്തെ തെയോസിനു മുമ്പ് നിശ്ചായക ഉപപദം കാണുന്നില്ലാത്തതു പ്രത്യേകം കണക്കിലെടുക്കണമെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. തെയോസ് എന്ന പദത്തിനു മുമ്പ് ഉപപദം ഉപയോഗിച്ചാൽ അതു സർവശക്തനായ ദൈവത്തെയാണു കുറിക്കുന്നത്. അതേസമയം, ഈ വ്യാകരണഘടനയിൽ തെയോസ് എന്ന പദത്തിനു മുമ്പ് ഒരു ഉപപദം ഉപയോഗിച്ചിട്ടില്ലെങ്കിൽ, അത് ‘വചനത്തിന്റെ’ പ്രകൃതിയെ അഥവാ ഒരു സവിശേഷതയെ മാത്രമാണു കുറിക്കുന്നത്. അതുകൊണ്ടാണ് ബൈബിളിന്റെ പല ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ പരിഭാഷകളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാന്തരത്തിലെപ്പോലെ, “ഒരു ദൈവം; ദിവ്യൻ; ദൈവത്വമുള്ളവൻ; ദൈവത്തെപ്പോലുള്ളവൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് എ.ഡി. മൂന്ന്, നാല് നൂറ്റാണ്ടുകളിൽ പുറത്തിറക്കിയ, യോഹന്നാന്റെ സുവിശേഷത്തിന്റെ സഹിദിക്ക്, ബൊഹൈറിക്ക് തർജമകളും (കോപ്ടിക് ഭാഷയുടെ പ്രാദേശികരൂപങ്ങളാണ് ഇവ രണ്ടും.) ഇതിനോടു യോജിക്കുന്നു. കാരണം, ആ പരിഭാഷകളും യോഹ 1:1-ൽ തെയോസ് എന്ന പദം, ഒന്നാമത്തെ സ്ഥലത്ത് പരിഭാഷ ചെയ്തിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായാണു രണ്ടാമത്തെ സ്ഥലത്ത് ചെയ്തിരിക്കുന്നത്. ‘വചനത്തിന്റെ’ പ്രകൃതി ദൈവത്തെപ്പോലെയാണ് എന്നു സൂചിപ്പിക്കുന്ന ഈ പരിഭാഷകൾ ‘വചനത്തിന്റെ’ ഒരു സവിശേഷത എടുത്തുകാട്ടുക മാത്രമാണു ചെയ്യുന്നത്. അല്ലാതെ “വചനം” പിതാവിനോട്, അഥവാ സർവശക്തനായ ദൈവത്തോട്, തുല്യനാണെന്നു പറയുന്നില്ല. “ക്രിസ്തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവുമായി യോജിക്കുന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്തുവിന്റെ കൂട്ടവകാശികളെക്കുറിച്ചുപോലും പറയുന്നത് അവർ ‘ദൈവപ്രകൃതിയിൽ പങ്കാളികളാകും’ എന്നാണ്. സെപ്റ്റുവജിന്റ് പരിഭാഷയിൽ, പൊതുവേ തെയോസ് എന്നു തർജമ ചെയ്തിരിക്കുന്നത് ഏൽ, ഏലോഹീം എന്നീ എബ്രായപദങ്ങളെയാണ് എന്നതും ശ്രദ്ധിക്കുക. സാധാരണയായി “ദൈവം” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദങ്ങളുടെ അടിസ്ഥാനാർഥം “ശക്തനായവൻ; ബലവാൻ” എന്നൊക്കെ മാത്രമാണ്. ഈ എബ്രായപദങ്ങൾ സർവശക്തനായ ദൈവത്തെ മാത്രമല്ല മറ്റു ദൈവങ്ങളെയും മനുഷ്യരെയും കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. (യോഹ 10:34-ന്റെ പഠനക്കുറിപ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനായവൻ” എന്നോ വിളിക്കുന്നത് യശ 9:6-ലെ പ്രവചനവുമായും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന് (“സർവശക്തനാം ദൈവം” എന്നല്ല.) വിളിക്കപ്പെടുമെന്നും തന്റെ പ്രജകളായിരിക്കാൻ പദവി ലഭിക്കുന്നവരുടെ “നിത്യപിതാവ്” ആയിരിക്കുമെന്നും ആണ് അവിടെ പറയുന്നത്. അതു സാധ്യമാക്കുന്നതാകട്ടെ, മിശിഹയുടെ പിതാവായ, “സൈന്യങ്ങളുടെ അധിപനായ യഹോവയുടെ” തീക്ഷ്ണതയാണ്.—യശ 9:7.
വചനം മുഖാന്തരം ഉണ്ടായതു ജീവനാണ്: ഏറ്റവും പഴയ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ 3-ഉം 4-ഉം വാക്യങ്ങളിൽ ഒരിടത്തും ചിഹ്നങ്ങളില്ല. അതുകൊണ്ടുതന്നെ വെസ്റ്റ്കോട്ടിന്റെയും ഹോർട്ടിന്റെയും ഗ്രീക്കുപാഠം, യുണൈറ്റഡ് ബൈബിൾ സൊസൈറ്റികളുടെ ഗ്രീക്കുപാഠം, നെസ്ലെയുടെയും അലൻഡിന്റെയും ഗ്രീക്കുപാഠം എന്നിവയിൽ ചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നതു നോക്കിയാണു പുതിയ ലോക ഭാഷാന്തരത്തിൽ ഈ വാക്യങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ജീവനും വെളിച്ചവും ഉണ്ടായതു വചനം മുഖാന്തരമാണ് എന്നൊരു ആശയമാണ് അതു ധ്വനിപ്പിക്കുന്നത്. (കൊലോ 1:15, 16) എന്നാൽ മറ്റു ചില ഭാഷാന്തരങ്ങൾ ഗ്രീക്കുപാഠത്തെ വേറൊരു രീതിയിലാണു മനസ്സിലാക്കിയിരിക്കുന്നത്. അവർ 3-ാം വാക്യത്തിന്റെ അവസാനഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഉണ്ടായതൊന്നും വചനത്തെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു.” എന്നാൽ പല പണ്ഡിതന്മാരും ഇക്കാര്യത്തിൽ പുതിയ ലോക ഭാഷാന്തരത്തോടാണു യോജിക്കുന്നത്.
ജീവൻ . . . വെളിച്ചം: യോഹന്നാന്റെ ദൈവപ്രചോദിതമായ സുവിശേഷവിവരണത്തിൽ ഇഴുകിച്ചേർന്നിരിക്കുന്ന രണ്ടു വിഷയങ്ങളാണ് ഇവ. ജീവന്റെ ഉറവ് ദൈവമാണെങ്കിലും വചനമായ യേശു മുഖാന്തരം ആണ് മറ്റെല്ലാ ജീവരൂപങ്ങളും ‘ഉണ്ടായത്.’ (യോഹ 1:3) അതുകൊണ്ട് യേശുക്രിസ്തുവിലൂടെയാണു ജീവൻ ഉണ്ടായതെന്നു പറയാം. ഇതിനു പുറമേ, മരണത്തിന് അധീനരായ, പാപികളായ മനുഷ്യർക്കു ദൈവം നിത്യജീവനിലേക്കുള്ള വഴി തുറന്നതും യേശുവിലൂടെയാണ്. ഈ അർഥത്തിൽ യേശു മനുഷ്യരുടെ വെളിച്ചമായ ജീവൻ ആണെന്നു പറയാനാകും. യോഹ 1:9-ൽ വചനത്തെ വിളിച്ചിരിക്കുന്നത് “എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെളിച്ചം” എന്നാണ്. ‘ലോകത്തിന്റെ വെളിച്ചമായ’ യേശുവിനെ അനുഗമിക്കുന്ന മനുഷ്യർക്കു “ജീവന്റെ വെളിച്ചമുണ്ടായിരിക്കും” എന്നും ബൈബിൾ പറയുന്നു. (യോഹ 8:12) നിത്യജീവനിലേക്കുള്ള വഴിയിൽ മനുഷ്യകുലത്തിനു വെളിച്ചമേകാൻ ദൈവം നിയോഗിച്ചിരിക്കുന്ന ‘ജീവനായകനാണു’ വചനം.—പ്രവൃ 3:15.
യോഹന്നാൻ: യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിന്റെ മലയാളരൂപം. അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു.” ഈ സുവിശേഷം എഴുതിയത് ആരാണെന്ന് ഇതിൽ പറയുന്നില്ല. എന്നാൽ ഇത് എഴുതിയത് അപ്പോസ്തലനായ യോഹന്നാൻ ആണെന്ന് എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളായപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ സുവിശേഷത്തിൽ യോഹന്നാൻ എന്നു പറഞ്ഞിരിക്കുന്നത് എല്ലായ്പോഴും സ്നാപകയോഹന്നാനെ ഉദ്ദേശിച്ചാണ്. അപ്പോസ്തലനായ യോഹന്നാന്റെ പേര് ഇതിൽ ഒരിടത്തും കാണുന്നില്ലെങ്കിലും അദ്ദേഹത്തെയും സഹോദരനായ യാക്കോബിനെയും ഇതിൽ ‘സെബെദിപുത്രന്മാർ’ എന്നു വിളിച്ചിട്ടുണ്ട്. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കുറിപ്പു കാണുക.) സുവിശേഷത്തിന്റെ അവസാനവാക്യങ്ങളിൽ എഴുത്തുകാരൻ തന്നെക്കുറിച്ച് “യേശു സ്നേഹിക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞിരിക്കുന്നതായി കാണാം. (യോഹ 21:20-24) ഈ പദപ്രയോഗം അപ്പോസ്തലനായ യോഹന്നാനെക്കുറിച്ചുതന്നെയാണെന്നു ചിന്തിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.—യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തിന്റെ പ്രതിനിധിയായി അയച്ച: അഥവാ “ദൈവം നിയോഗിച്ച.” സ്നാപകയോഹന്നാനു തന്റെ നിയോഗം ലഭിച്ചതു ദൈവത്തിൽനിന്നാണ്. (ലൂക്ക 3:2) പരസ്യമായി ആളുകളെ ചില കാര്യങ്ങൾ അറിയിക്കുക എന്നതായിരുന്നു ആ ദൗത്യം. തന്റെ അടുത്തേക്കു വന്ന ജൂതന്മാരോടു മിശിഹയുടെയും ദൈവരാജ്യത്തിന്റെയും വരവിനെക്കുറിച്ച് പ്രഖ്യാപിച്ച യോഹന്നാൻ, മാനസാന്തരപ്പെടാനും അവരെ പ്രോത്സാഹിപ്പിച്ചു. (മത്ത 3:1-3, 11, 12; മർ 1:1-4; ലൂക്ക 3:7-9) സ്നാപകയോഹന്നാൻ ഒരു പ്രവാചകനും ഗുരുവും സുവിശേഷകനും ആയിരുന്നു.—ലൂക്ക 1:76, 77; 3:18; 11:1; യോഹ 1:35.
യോഹന്നാൻ: അതായത്, സ്നാപകയോഹന്നാൻ. ഈ സുവിശേഷത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്നാപകയോഹന്നാനെക്കുറിച്ച് 19 തവണ പറയുന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തുകാരനായ യോഹന്നാൻ അപ്പോസ്തലൻ ഒരിക്കൽപ്പോലും അദ്ദേഹത്തെ “സ്നാപകൻ” എന്നു വിശേഷിപ്പിച്ചിട്ടില്ല. എന്നാൽ മറ്റു സുവിശേഷയെഴുത്തുകാർ അദ്ദേഹത്തെ “സ്നാപകയോഹന്നാൻ” എന്നും “യോഹന്നാൻ സ്നാപകൻ” എന്നും വിളിച്ചിട്ടുണ്ട്. (മത്ത 3:1; മർ 1:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യോഹന്നാൻ അപ്പോസ്തലൻ തന്റെ സുവിശേഷത്തിൽ മൂന്നു മറിയമാരെ വേർതിരിച്ചുകാണിച്ചിട്ടുണ്ടെങ്കിലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹത്തിന് ഒരിക്കൽപ്പോലും സ്നാപകയോഹന്നാന്റെ കാര്യത്തിൽ ഇങ്ങനെയൊരു വ്യത്യാസം കല്പിക്കേണ്ടിവന്നിട്ടില്ല. കാരണം, അപ്പോസ്തലൻ തന്റെ സ്വന്തം പേര് സുവിശേഷത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഏതു യോഹന്നാനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ആർക്കും സംശയം തോന്നില്ല. യോഹന്നാൻ അപ്പോസ്തലൻതന്നെയാണ് ഈ സുവിശേഷം എഴുതിയത് എന്നതിന്റെ മറ്റൊരു തെളിവാണ് ഇത്.—“യോഹന്നാൻ—ആമുഖം” എന്നതും യോഹന്നാൻ തലക്കെട്ടിന്റെ പഠനക്കുറിപ്പും കാണുക.
ഒരു സാക്ഷിയായി: അഥവാ “സാക്ഷ്യം നൽകാൻ.” ഇവിടെ “സാക്ഷി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുനാമം (മാർട്ടുറീയ) യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. വാസ്തവത്തിൽ മറ്റു മൂന്നു സുവിശേഷങ്ങളിലായി ഈ പദം ഉപയോഗിച്ചിരിക്കുന്നതിന്റെ ഇരട്ടിയോളം വരും അത്. ഇതിനോടു ബന്ധമുള്ള മാർട്ടുറേഓ എന്ന ഗ്രീക്കുക്രിയ (വാക്യത്തിൽ സാക്ഷി പറയുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) യോഹന്നാന്റെ സുവിശേഷത്തിൽ 39 തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മറ്റു സുവിശേഷങ്ങളിൽ 2 തവണ മാത്രമേ കാണുന്നുള്ളൂ. (മത്ത 23:31; ലൂക്ക 4:22) യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്ന സ്ഥലങ്ങളിൽ ഈ ഗ്രീക്കുക്രിയ അനേകം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തെ “സാക്ഷിയായ യോഹന്നാൻ” എന്നുപോലും വിളിക്കാമെന്നു ചിലർ അഭിപ്രായപ്പെടുന്നു. (യോഹ 1:8, 15, 32, 34; 3:26; 5:33; യോഹ 1:20-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ ശുശ്രൂഷയെക്കുറിച്ച് പറയുന്ന ഭാഗങ്ങളിലും ഈ ക്രിയ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. യേശു ‘സാക്ഷി പറയുന്നതിനെക്കുറിച്ചുള്ള’ പരാമർശം ഈ സുവിശേഷത്തിൽ പലയിടത്തും കാണാം. (യോഹ 8:14, 17, 18) അതിൽ ഏറ്റവും ശ്രദ്ധേയമാണു പൊന്തിയൊസ് പീലാത്തൊസിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ: “സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്. ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്.” (യോഹ 18:37) യോഹന്നാനു ലഭിച്ച വെളിപാടിൽ യേശുവിനെ “വിശ്വസ്തസാക്ഷി,” “വിശ്വസ്തനും സത്യവാനും ആയ സാക്ഷി” എന്നൊക്കെ വിളിച്ചിരിക്കുന്നതായും കാണാം.—വെളി 1:5; 3:14.
ലോകം: “ലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം ഇവിടെ മനുഷ്യകുലത്തെയാണു കുറിക്കുന്നത്. സാധ്യതയനുസരിച്ച്, യേശു ലോകത്തേക്കു വരുന്നു എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതു മുഖ്യമായും സ്നാനത്തെത്തുടർന്ന് യേശു മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ്, അല്ലാതെ യേശു മനുഷ്യനായി ജനിക്കുന്നതിനെക്കുറിച്ചല്ല. സ്നാനത്തിനു ശേഷം യേശു തന്റെ ശുശ്രൂഷയിലൂടെ മനുഷ്യകുലമാകുന്ന ലോകത്തിനു വെളിച്ചം പകർന്നു.—യോഹ 3:17, 19; 6:14; 9:39; 10:36; 11:27; 12:46; 1യോഹ 4:9 എന്നിവ താരതമ്യം ചെയ്യുക.
ലോകം ഉണ്ടായതുതന്നെ അദ്ദേഹം മുഖാന്തരമാണ്: “ലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം ഇവിടെ മനുഷ്യകുലത്തെയാണു കുറിക്കുന്നത്. അതുകൊണ്ടാണ്, ലോകം അദ്ദേഹത്തെ അറിഞ്ഞില്ല എന്ന് ഈ വാക്യത്തിന്റെതന്നെ തുടർന്നുള്ള ഭാഗത്ത് പറയുന്നത്. ഗ്രീക്കുഭാഷയിലുള്ള മറ്റു പുസ്തകങ്ങളിൽ കോസ്മൊസ് എന്ന പദം, പ്രപഞ്ചത്തെയും എല്ലാ സൃഷ്ടികളെയും കുറിക്കാൻ ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ഒരു സന്ദർഭത്തിൽ ഗ്രീക്കുകാരായ ആളുകളോടു സംസാരിക്കുമ്പോൾ പൗലോസ് ഈ പദം ഉപയോഗിച്ചതും ഈ അർഥത്തിലായിരിക്കാം. (പ്രവൃ 17:24) എന്നാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെ മൊത്തത്തിലോ അതിന്റെ ഒരു ഭാഗത്തെയോ കുറിക്കാനാണ്. സ്വർഗവും ഭൂമിയും അതിലുള്ള സകലതും സൃഷ്ടിക്കുന്നതിൽ യേശുവും ഉൾപ്പെട്ടിരുന്നെങ്കിലും ഈ വാക്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതു മനുഷ്യകുലത്തിനു തുടക്കമിടുന്നതിൽ യേശുവിനുണ്ടായിരുന്ന പങ്കിലാണ്.—ഉൽ 1:26; യോഹ 1:3; കൊലോ 1:15-17.
മനുഷ്യനായിത്തീർന്നു: അക്ഷ. “മാംസമായിത്തീർന്നു.” സാർക്സ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ജഡശരീരമുള്ള ഒരു വ്യക്തിയെ കുറിക്കാനാണ്. ഒരു മനുഷ്യനായി ജനിച്ച യേശു മേലാൽ ഒരു ആത്മാവ് അല്ലായിരുന്നു. മുൻകാലങ്ങളിൽ ദൈവദൂതന്മാർ ചെയ്തതുപോലെ ഒരു ജഡശരീരം സ്വീകരിക്കുകയായിരുന്നില്ല യേശു. (ഉൽ 18:1-3; 19:1; യോശ 5:13-15) അതുകൊണ്ടുതന്നെ ‘മനുഷ്യപുത്രൻ’ എന്ന വിശേഷണം യേശുവിന് എന്തുകൊണ്ടും ചേരുമായിരുന്നു.—യോഹ 1:51; 3:14; മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
കഴിഞ്ഞു: അക്ഷ. “കൂടാരം അടിച്ചു.” വചനം ‘ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു അഥവാ കൂടാരം അടിച്ചു’ എന്നു പറഞ്ഞിരിക്കുന്നതു യേശു ഒരു അവതാരമായതുകൊണ്ടാണെന്നും അതുകൊണ്ടുതന്നെ യേശു ഒരു യഥാർഥമനുഷ്യനല്ലെന്നും ചിലർ വാദിക്കുന്നു. എന്നാൽ താത്കാലികവാസസ്ഥലമായ തന്റെ ജഡശരീരത്തെക്കുറിച്ച് പറഞ്ഞപ്പോൾ പത്രോസും ഇതിനോടു ബന്ധമുള്ള ഒരു നാമപദം ഉപയോഗിച്ചിട്ടുണ്ട്. ‘കൂടാരം’ എന്നുതന്നെയാണ് ആ പദവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (2പത്ര 1:13) തന്റെ മരണം അടുത്തെന്നും താൻ തന്റെ ഭൗതികശരീരത്തിനു പകരം ഒരു ആത്മീയശരീരത്തിൽ ഉയിർപ്പിക്കപ്പെടുമെന്നും അറിയാമായിരുന്നതുകൊണ്ടാണ് പത്രോസ് സ്വന്തം ശരീരത്തെ ‘കൂടാരം’ എന്നു വിളിച്ചത്. അല്ലാതെ താൻ ഒരു അവതാരമാണന്നു സൂചിപ്പിക്കാനല്ല.—2പത്ര 1:13-15; കൂടാതെ 1കൊ 15:35-38, 42-44; 1യോഹ 3:2 എന്നിവയും കാണുക.
ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു: യഹോവയുടെ ഗുണങ്ങൾ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരാൾക്കു മാത്രമുള്ള ഒരു തേജസ്സ് അഥവാ മഹത്ത്വം യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും കാണാൻ യോഹന്നാനും മറ്റ് അപ്പോസ്തലന്മാർക്കും കഴിഞ്ഞു. ഇനി, അപ്പോസ്തലനായ യോഹന്നാനും യാക്കോബിനും പത്രോസിനും, യേശു രൂപാന്തരപ്പെടുന്നതു നേരിൽ കാണാനുള്ള അവസരവും കിട്ടി. (മത്ത 17:1-9; മർ 9:1-9; ലൂക്ക 9:28-36) അതുകൊണ്ട് “ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു” എന്നു പറഞ്ഞപ്പോൾ യോഹന്നാന്റെ മനസ്സിലുണ്ടായിരുന്നതു യേശു ദൈവികഗുണങ്ങൾ പ്രതിഫലിപ്പിച്ചതു മാത്രമല്ല 60-ലധികം വർഷം മുമ്പ് തങ്ങൾ കണ്ട രൂപാന്തരദർശനവുംകൂടെ ആയിരുന്നിരിക്കാം. ഈ ദർശനം അപ്പോസ്തലനായ പത്രോസിലും ആഴമായ സ്വാധീനം ചെലുത്തി. യോഹന്നാൻ തന്റെ സുവിശേഷം എഴുതി ഏതാണ്ട് 30 വർഷത്തിനു ശേഷം തന്റെ ആദ്യത്തെ കത്ത് എഴുതിയപ്പോൾ പത്രോസും രൂപാന്തരദർശനത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. ‘പ്രവചനത്തിൽ’ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി നടക്കുമെന്ന് ആ സംഭവം തെളിയിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.—2പത്ര 1:17-19.
ഒരേ ഒരു മകൻ: അഥവാ “ഏകജാതൻ.” മൊണൊഗെനെസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. “ഏകജാതൻ; ഒരേ ഒരു മകൻ” എന്നൊക്കെ പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി ഒരു മകനുള്ള ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് മാത്രമല്ല മകളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 7:12; 8:42; 9:38 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അപ്പോസ്തലനായ യോഹന്നാൻ യേശുവിനെക്കുറിച്ച് പറയുമ്പോൾ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ. (യോഹ 3:16, 18; 1യോഹ 4:9) പക്ഷേ മനുഷ്യനായുള്ള യേശുവിന്റെ ജനനത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ പറയുന്ന ഒരിടത്തും യോഹന്നാൻ ഇത് ഉപയോഗിച്ചിട്ടില്ല. പകരം “ലോകം ഉണ്ടാകുന്നതിനു മുമ്പ്,” യേശു ‘ആരംഭത്തിൽ ദൈവത്തിന്റെകൂടെയായിരുന്ന’ സമയത്ത് ലോഗോസ് അഥവാ വചനം ആയിരുന്നതിനെക്കുറിച്ച് പറയുമ്പോൾ മാത്രമാണു യോഹന്നാൻ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. (യോഹ 1:1, 2; 17:5, 24) യേശു ദൈവത്തിന് ആദ്യം ജനിച്ചവനും ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരാളും ആയതുകൊണ്ടാണ് യേശുവിനെ “ഏകജാതൻ” അഥവാ ദൈവത്തിന്റെ “ഒരേ ഒരു മകൻ” എന്നു വിളിച്ചിരിക്കുന്നത്. ബൈബിളിൽ മറ്റ് ആത്മജീവികളെയും സത്യദൈവത്തിന്റെ പുത്രന്മാർ എന്നും “ദൈവപുത്രന്മാർ” എന്നും വിളിച്ചിട്ടുണ്ടെങ്കിലും (ഉൽ 6:2, 4; ഇയ്യ 1:6; 2:1; 38:4-7) യഹോവ ആ പുത്രന്മാരെയെല്ലാം തന്റെ ഏകജാതനായ പുത്രനിലൂടെയാണു സൃഷ്ടിച്ചത്. (കൊലോ 1:15, 16) ചുരുക്കത്തിൽ, യേശു “സമാനതകളില്ലാത്തവൻ; അതുല്യൻ” ആയതുകൊണ്ടും ദൈവം നേരിട്ട്, ഒറ്റയ്ക്കു സൃഷ്ടിച്ച ഒരേ ഒരാൾ ആയതുകൊണ്ടും ആണ് യേശുവിനെ കുറിക്കാൻ മൊണൊഗെനെസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.—1യോഹ 5:18; എബ്ര 11:17-ന്റെ പഠനക്കുറിപ്പു കാണുക.
ദിവ്യപ്രീതി: അഥവാ “അനർഹദയ.” ഇവിടെ കാണുന്ന ഖാരിസ് എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ 150-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. സന്ദർഭത്തിനനുസരിച്ച് അതിന്റെ അർഥത്തിന് അല്പസ്വല്പം വ്യത്യാസം വരും. ദൈവം മനുഷ്യരോടു കാണിക്കുന്ന അനർഹദയയെക്കുറിച്ച് പറയുന്നിടത്ത് ആ പദം കുറിക്കുന്നതു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ഔദാര്യത്തോടെ, സൗജന്യമായി ദൈവം നൽകുന്ന ഒരു സമ്മാനത്തെയാണ്. മനുഷ്യരോടുള്ള ദൈവത്തിന്റെ വലിയ ഉദാരതയുടെയും അളവറ്റ സ്നേഹത്തിന്റെയും ദയയുടെയും തെളിവാണ് ഇതെന്നു പറയാം. ഒരാൾ പ്രത്യേകമായി എന്തെങ്കിലും ചെയ്തതുകൊണ്ടോ ആ വ്യക്തിക്ക് അർഹതയുള്ളതുകൊണ്ടോ ലഭിക്കുന്നതല്ല ഇത്. മറിച്ച് നൽകുന്നയാളുടെ ഔദാര്യം ഒന്നുമാത്രമാണ് ഇതിനു പിന്നിൽ. (റോമ 4:4; 11:6) പക്ഷേ ഇത്തരം ദയയ്ക്കു പാത്രമാകുന്നവർ അതിന് ഒട്ടും അർഹതയില്ലാത്തവരാണെന്ന് എപ്പോഴും വരണമെന്നില്ല. കാരണം യേശുവിനോടുപോലും ദൈവം ഇത്തരം ദയ അഥവാ പ്രീതി കാണിച്ചതായി ഈ വാക്യത്തിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ യേശുവിനെക്കുറിച്ച് പറയുന്നിടത്ത് ഖാരിസ് എന്ന പദം “ദൈവപ്രീതി,” “പ്രീതി” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. (ലൂക്ക 2:40, 52) മറ്റു ചില സ്ഥലങ്ങളിൽ ഈ ഗ്രീക്കുപദത്തെ “പ്രീതി,” “ഉദാരമായി നൽകുന്ന സംഭാവന,” “കാരുണ്യപ്രവർത്തനം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.—ലൂക്ക 1:30; പ്രവൃ 2:47; 7:46; 1കൊ 16:3; 2കൊ 8:19.
ദിവ്യപ്രീതിയും സത്യവും നിറഞ്ഞ: ‘വചനത്തിന്’ അഥവാ യേശുക്രിസ്തുവിന് എപ്പോഴും ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്നു, യേശു എപ്പോഴും സത്യസന്ധനും ആയിരുന്നു. പക്ഷേ “ദിവ്യപ്രീതിയും സത്യവും നിറഞ്ഞ” എന്ന പദപ്രയോഗത്തിന്റെ അർഥം അതു മാത്രമല്ലെന്ന് ഈ വാക്യത്തോടു ചേർന്നുള്ള തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. പിതാവിന്റെ അനർഹദയയെക്കുറിച്ചും പിതാവിൽനിന്നുള്ള സത്യത്തെക്കുറിച്ചും മറ്റുള്ളവരോടു നന്നായി വിശദീകരിക്കാനും അതു ജീവിതത്തിൽ ഏറ്റവും നന്നായി പകർത്തിക്കാണിക്കാനും യഹോവ തന്റെ പുത്രനെ പ്രത്യേകമായി തിരഞ്ഞെടുത്തു എന്നൊരു അർഥവും അതിനുണ്ട്. (യോഹ 1:16, 17) ദൈവത്തിന്റെ അനർഹദയ യേശുക്രിസ്തുവിലൂടെ മറ്റുള്ളവർക്ക് ഏറ്റവും വ്യക്തമായി കാണാനായതുകൊണ്ടും യേശു ദൈവത്തിൽനിന്നുള്ള സത്യം പൂർണമായി വെളിപ്പെടുത്തിയതുകൊണ്ടും ആണ് “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു യേശുവിനു പറയാനായത്. (യോഹ 14:9) ദൈവത്തിൽനിന്നുള്ള അനർഹദയയും സത്യവും സ്വീകരിക്കാൻ മനസ്സു കാട്ടിയവർക്കെല്ലാം അതു ലഭിച്ചതു യേശുവിലൂടെയായിരുന്നു.
എന്റെ പിന്നാലെ വരുന്നയാൾ: യേശു ജനിക്കുന്നതിന് ഏതാണ്ട് ആറു മാസം മുമ്പാണു സ്നാപകയോഹന്നാൻ ജനിച്ചത്. യേശുവിനു മുമ്പേ യോഹന്നാൻ ശുശ്രൂഷയും ആരംഭിച്ചു. അതുകൊണ്ട് യേശു വന്നതു യോഹന്നാന്റെ ‘പിന്നാലെയാണ്’ അഥവാ ശേഷമാണ് എന്നു പറയാം. (ലൂക്ക 1:24, 26; 3:1-20) എന്നാൽ യേശു യോഹന്നാൻ ചെയ്തതിലും വലിയവലിയ കാര്യങ്ങൾ ചെയ്തതുകൊണ്ട് യേശു എല്ലാ അർഥത്തിലും യോഹന്നാന്റെ മുന്നിൽ കയറി അഥവാ യോഹന്നാനെ മറികടന്നു എന്നു പറയാനാകും. ഇനി, എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു എന്ന സ്നാപകയോഹന്നാന്റെ വാക്കുകളോ? ഒരു മനുഷ്യനായി വരുന്നതിനു മുമ്പേ യേശു അസ്തിത്വത്തിൽ ഉണ്ടായിരുന്നു എന്ന വസ്തുത അദ്ദേഹം അംഗീകരിച്ചു എന്നാണ് അതു സൂചിപ്പിക്കുന്നത്.
നിലയ്ക്കാത്ത അനർഹദയ: അക്ഷ. “അനർഹദയയ്ക്കു മേൽ അനർഹദയ.” അനർഹദയ എന്നതിന്റെ ഗ്രീക്കുപദം ഖാരിസ് ആണ്. ദൈവത്തിന്റെ വലിയ ഉദാരത, അളവറ്റ സ്നേഹം, ദയ എന്നിവയെയാണ് ഇവിടെ അതു കുറിക്കുന്നത്. ഒരാൾ പ്രത്യേകമായി എന്തെങ്കിലും ചെയ്തതുകൊണ്ടോ ആ വ്യക്തിക്ക് അർഹതയുള്ളതുകൊണ്ടോ ലഭിക്കുന്നതല്ല ഇത്. മറിച്ച് നൽകുന്നയാളുടെ ഔദാര്യം ഒന്നുമാത്രമാണ് ഇതിനു പിന്നിൽ. (പദാവലിയിൽ “അനർഹദയ” കാണുക.) മൂലപാഠത്തിൽ ഖാരിസ് എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചിരിക്കുന്നതും അവയെ ബന്ധിപ്പിക്കാൻ “മേൽ” എന്ന് അർഥം വരുന്ന ഗ്രീക്കുപദം (ആന്റി) ഉപയോഗിച്ചിരിക്കുന്നതും സൂചിപ്പിക്കുന്നത് അനർഹദയ നിലയ്ക്കാതെ, സമൃദ്ധമായി ഒഴുകിയെത്തുന്നതിനെയാണ്.
പിതാവിന്റെ അരികിലുള്ള: അക്ഷ. “പിതാവിന്റെ മാറോടു ചേർന്നിരിക്കുന്ന.” തനിക്കു പ്രത്യേകമായ ഇഷ്ടമുള്ളവരെയോ തന്റെ അടുത്ത സുഹൃത്തുക്കളെയോ ആണ് ഒരാൾ തന്റെ മാറോടു ചേർത്ത് ഇരുത്തിയിരുന്നത്. പണ്ട് ആളുകൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഉറ്റസുഹൃത്തുക്കളുടെ മാറിലേക്ക് അഥവാ നെഞ്ചിലേക്കു ചാരിക്കിടക്കുമായിരുന്നു. അതിൽനിന്ന് ഉത്ഭവിച്ച ഒരു അലങ്കാരപ്രയോഗമായിരിക്കാം ഇത്. (യോഹ 13:23-25) അതുകൊണ്ട് യേശു പിതാവിന്റെ അരികിൽ അഥവാ മാറോടു ചേർന്ന് ഇരിക്കുന്നു എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതു യേശു ദൈവത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ്. ഇക്കാരണംകൊണ്ടുതന്നെ മറ്റാരെക്കാളും നന്നായി ദൈവത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിയുന്നതും യേശുവിനാണ്.—മത്ത 11:27.
ഏകജാതനായ ദൈവം: ഇവിടെ ഏകജാതനായ ദൈവം എന്നു വിളിച്ചിരിക്കുന്ന വചനത്തെ അഥവാ ‘യേശുക്രിസ്തുവിനെ’ യോഹന്നാൻതന്നെ മുമ്പ് ‘ഒരു ദൈവം’ എന്നു വിളിച്ചിട്ടുണ്ട്. (യോഹ 1:1, 17) യേശു ദൈവത്തിന്റെ ‘ഏകജാതനായ മകനാണെന്നും’ യോഹന്നാൻ പറഞ്ഞിട്ടുണ്ട്. (യോഹ 1:14; 3:16) ഈ വാക്യഭാഗത്ത് യോഹന്നാൻ യേശുവിനെ ‘ഏകജാതനായ ദൈവം’ എന്നു വിളിച്ചിരിക്കുന്നതു ദൈവത്തിന്റെ ക്രമീകരണത്തിൽ യേശുവിനുള്ള അതുല്യമായ സ്ഥാനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ്. ബൈബിളിൽ “ദൈവം” എന്ന പദം ഉപയോഗിച്ചിരിക്കുന്ന രീതിവെച്ച് നോക്കുമ്പോൾ യേശുവിനെ ‘ഒരു ദൈവം’ എന്നു വിളിക്കുന്നതിൽ തെറ്റില്ല. കാരണം ദൈവം എന്ന സ്ഥാനപ്പേരിന്റെ അടിസ്ഥാനാർഥം “ശക്തൻ” എന്നാണ്. തിരുവെഴുത്തുകളിൽ മനുഷ്യരെപ്പോലും ദൈവമെന്നു വിളിച്ചിട്ടുമുണ്ട്. (സങ്ക 82:6; യോഹ 1:1; 10:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശുവിന്റെ പിതാവായ സർവശക്തനായ ദൈവം യേശുവിനു ശക്തിയും അധികാരവും നൽകിയിരിക്കുന്നതുകൊണ്ടാണു ശക്തനായവൻ എന്ന് അർഥമുള്ള ‘ഒരു ദൈവം’ എന്ന വിശേഷണം യേശുവിനു ചേരുന്നത്. (മത്ത 28:18; 1കൊ 8:6; എബ്ര 1:2) ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരാൾ യേശു ആയതുകൊണ്ടും എല്ലാം ‘ഉണ്ടായത്’ (യോഹ 1:3) യേശുവിലൂടെ ആയതുകൊണ്ടും യേശുവിനെ ‘ഏകജാതനായ ദൈവം’ എന്നു വിളിക്കുന്നതും ഉചിതമാണ്. ദൈവത്തിന്റെ മറ്റെല്ലാ ആത്മപുത്രന്മാരോടുമുള്ള താരതമ്യത്തിൽ യേശുവിനു മഹത്ത്വത്തിന്റെയും പ്രാധാന്യത്തിന്റെയും കാര്യത്തിൽ ഒരു അതുല്യസ്ഥാനമുണ്ടെന്ന് ഈ പദപ്രയോഗം സൂചിപ്പിക്കുന്നു. ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ‘ഏകജാതനായ ദൈവം’ എന്നതിന്റെ സ്ഥാനത്ത് “ഏകജാതനായ പുത്രൻ” എന്നു കാണുന്നതുകൊണ്ട് ചില ബൈബിളുകൾ അത് അങ്ങനെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഏറ്റവും പഴക്കമുള്ളതും ഏറെ ആധികാരികവും ആയ കൈയെഴുത്തുപ്രതികളിൽ ഇവിടെ ‘ഏകജാതനായ ദൈവം’ എന്നുതന്നെയാണു കാണുന്നത് (അത്തരം കൈയെഴുത്തുപ്രതികളിലെ ഗ്രീക്കുപാഠത്തിൽ ഇവിടെ ഈ പദപ്രയോഗം, നിശ്ചായക ഉപപദത്തോടൊപ്പവും അല്ലാതെയും കാണുന്നുണ്ട്.).
യോഹന്നാൻ സമ്മതിച്ചുപറഞ്ഞു: അക്ഷ. “യോഹന്നാൻ സമ്മതിച്ച് സാക്ഷി പറഞ്ഞു.” യോഹന്നാൻ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാൻ വന്നതുകൊണ്ട് യോഹ 1:7-ൽ അദ്ദേഹത്തെ “സാക്ഷി” (മാർട്ടുറീയ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപമാണ് ഇത്. അതേ പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.) എന്നു വിളിച്ചിരിക്കുന്നു. എന്നാൽ ഈ വാക്യഭാഗത്ത് അതേ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്, യേശുവിനെക്കുറിച്ച് യോഹന്നാൻ നടത്തിയ പ്രഖ്യാപനത്തെ സൂചിപ്പിക്കാനാണ്. യേശുവിനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ 20-ാം വാക്യംമുതൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏലിയ: മത്ത 11:14-ന്റെ പഠനക്കുറിപ്പു കാണുക.
ആ പ്രവാചകൻ: അതായത് മോശ മുൻകൂട്ടിപ്പറഞ്ഞ പ്രവാചകൻ. ഏറെ നാളുകളായി ആളുകൾ ഈ പ്രവാചകനുവേണ്ടി കാത്തിരിക്കുകയായിരുന്നു.—ആവ 18:18, 19; യോഹ 1:25-27; 6:14; 7:40; പ്രവൃ 3:19-26.
യഹോവ: ഇത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ്. യശ 40:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. (അനു. എ5-ഉം സി-യും കാണുക.) യശയ്യയുടെ ഈ പ്രവചനം സ്നാപകയോഹന്നാനിൽ നിറവേറുന്നതായി സുവിശേഷയെഴുത്തുകാരായ മത്തായിയും മർക്കോസും ലൂക്കോസും പറഞ്ഞിട്ടുണ്ട്. ഈ പ്രവചനം തന്നിൽ നിറവേറിയെന്നു സ്നാപകയോഹന്നാൻതന്നെ പറയുന്നതായി യോഹന്നാന്റെ സുവിശേഷത്തിലും കാണാം. ഇനി സ്നാപകയോഹന്നാൻ യഹോവയുടെ വഴി നേരെയാക്കും എന്ന് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതോ? പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനിരിക്കുന്ന യേശുവിന്റെ വരവ് അറിയിക്കുന്നവനായിരിക്കും അദ്ദേഹം എന്ന അർഥത്തിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്.—യോഹ 5:43; 8:29.
ഞാൻ . . . സ്നാനപ്പെടുത്തുന്നു: അഥവാ “നിമജ്ജനം ചെയ്യുന്നു; മുക്കുന്നു.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നു മറ്റു ബൈബിൾഭാഗങ്ങളും സൂചിപ്പിക്കുന്നു. ഒരിക്കൽ യോർദാൻ താഴ്വരയിലെ ശലേമിന് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെ സ്നാനപ്പെടുത്തിയപ്പോൾ രണ്ടു പേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്റ്റുവജിന്റിൽ കാണുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.
ചെരിപ്പ്: മറ്റൊരാളുടെ ചെരിപ്പിന്റെ കെട്ട് അഴിച്ചുകൊടുക്കുന്നതും (മത്ത 3:11; മർ 1:7; ലൂക്ക 3:16) അത് എടുത്തുകൊണ്ട് നടക്കുന്നതും ഒക്കെ അടിമകൾ ചെയ്യേണ്ട തരംതാഴ്ന്ന പണിയായിട്ടാണു കണക്കാക്കിയിരുന്നത്.
യോർദാന് അക്കരെ . . . ബഥാന്യയിൽ: അതായത് യോർദാനു കിഴക്കുള്ള ബഥാന്യയിൽ. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരിടത്ത് മാത്രം പറഞ്ഞിട്ടുള്ള ഈ ബഥാന്യ, യരുശലേമിന് അടുത്തുള്ള ബഥാന്യ അല്ല. (മത്ത 21:17; മർ 11:1; ലൂക്ക 19:29; യോഹ 11:1) യോർദാനു കിഴക്കുള്ള ഈ ബഥാന്യയുടെ സ്ഥാനം നമുക്കു കൃത്യമായി അറിയില്ല. യേശു സ്നാനമേറ്റതെന്നു പരമ്പരാഗതമായി കരുതിപ്പോരുന്ന ഒരു സ്ഥലം യോർദാന് അക്കരെ, യരീഹൊയ്ക്ക് എതിർവശത്തായി ഉണ്ട്. അതാണ് ഇവിടെ പറയുന്ന ബഥാന്യയെന്ന് ചിലർ കരുതുന്നു. പക്ഷേ യോഹ 1:29, 35, 43; 2:1 എന്നീ വാക്യങ്ങൾ അതിനെ അനുകൂലിക്കുന്നില്ല. കാരണം ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് ബഥാന്യയുടെ സ്ഥാനം യരീഹൊയ്ക്ക് അടുത്തല്ല മറിച്ച് ഗലീലയിലെ കാനായ്ക്ക് അടുത്താണ്. അതുകൊണ്ട് ഈ വാക്യത്തിൽ പറയുന്ന ബഥാന്യ ഗലീലക്കടലിനു തെക്കുവശത്തായിരിക്കാനാണു സാധ്യത. പക്ഷേ അക്കാര്യം തറപ്പിച്ചുപറയാനാകില്ല.—അനു. ബി10 കാണുക.
ബഥാന്യ: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “ബഥാന്യ” എന്നതിനു പകരം “ബത്ബാറ” എന്നു കാണുന്നതുകൊണ്ട് ആ സ്ഥലപ്പേരാണു ചില ബൈബിളുകൾ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഏറ്റവും ആധികാരികമായ കൈയെഴുത്തുപ്രതികളിൽ കാണുന്നതു “ബഥാന്യ” എന്നാണ്.
ലോകം: ഗ്രീക്ക് സാഹിത്യകൃതികളിലും പ്രത്യേകിച്ച് ബൈബിളിലും കോസ്മൊസ് എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെക്കുറിച്ച് പറയുമ്പോഴാണ്. ഈ വാക്യത്തിലും യോഹ 3:16-ലും കോസ്മൊസ് എന്ന പദം മുഴുമാനവകുലത്തെയും കുറിക്കുന്നു. ഇവിടെ ലോകത്തിന്റെ പാപം എന്നു പറഞ്ഞിരിക്കുന്നതു എല്ലാ മനുഷ്യർക്കും ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപത്തെക്കുറിച്ചാണ്.
ദൈവത്തിന്റെ കുഞ്ഞാട്: സ്നാനമേറ്റശേഷം, പിശാചിന്റെ പ്രലോഭനത്തെ ചെറുത്തുനിന്ന് തിരിച്ചെത്തിയ യേശുവിനെ യോഹന്നാൻ സ്നാപകൻ “ദൈവത്തിന്റെ കുഞ്ഞാട്” എന്നു പരിചയപ്പെടുത്തി. ഇവിടെയും യോഹ 1:36-ലും മാത്രമാണ് ഈ പദപ്രയോഗം കാണുന്നത്. (അനു. എ7 കാണുക.) യേശുവിനെ കുഞ്ഞാടിനോട് ഉപമിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ആടുകളെ യാഗം അർപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമർശം ബൈബിളിലുടനീളം കാണാം. താൻ പാപിയാണെന്ന വസ്തുത ഒരാൾ അംഗീകരിക്കുന്നു എന്നതിന്റെ തെളിവായും ദൈവത്തെ സമീപിക്കാനുള്ള അവസരം നേടിയെടുക്കാൻവേണ്ടിയും ആണ് ആടുകളെ അർപ്പിച്ചിരുന്നത്. ഇതാകട്ടെ, മനുഷ്യർക്കുവേണ്ടി യേശു തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലി അർപ്പിക്കാനിരുന്നതിനെ പ്രതീകപ്പെടുത്തി. “ദൈവത്തിന്റെ കുഞ്ഞാട്” എന്ന പദപ്രയോഗത്തിന്, ദൈവപ്രചോദിതമായ തിരുവെഴുത്തുകളിലെ പല ഭാഗങ്ങളോടും ബന്ധമുള്ളതായി കാണാം. യോഹന്നാൻ സ്നാപകന് എബ്രായതിരുവെഴുത്തുകൾ നല്ല പരിചയമുണ്ടായിരുന്നതുകൊണ്ട്, “ദൈവത്തിന്റെ കുഞ്ഞാട്” എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്, അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനു പകരം അർപ്പിച്ച ആൺചെമ്മരിയാടോ (ഉൽ 22:13) അടിമത്തത്തിലായിരുന്ന ഇസ്രായേല്യരുടെ മോചനത്തിനായി ഈജിപ്തിൽവെച്ച് അറുത്ത പെസഹാക്കുഞ്ഞാടോ (പുറ 12:1-13) യരുശലേമിൽ ദൈവത്തിന്റെ യാഗപീഠത്തിൽ രാവിലെയും വൈകിട്ടും മുടങ്ങാതെ അർപ്പിച്ചിരുന്ന ആൺചെമ്മരിയാട്ടിൻകുട്ടിയോ (പുറ 29:38-42) ഒക്കെയായിരിക്കാം. ഇനി, യോഹന്നാന്റെ മനസ്സിലുണ്ടായിരുന്നത്, യഹോവയുടെ ‘ദാസനെ,’ ‘അറുക്കാനുള്ള ആടിനെപ്പോലെ കൊണ്ടുവന്നു’ എന്നു പറയുന്ന യശയ്യ പുസ്തകത്തിലെ പ്രവചനമായിരിക്കാനും സാധ്യതയുണ്ട്. (യശ 52:13; 53:5, 7, 11) കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്തിൽ പൗലോസ് അപ്പോസ്തലൻ യേശുവിനെ ‘നമ്മുടെ പെസഹാക്കുഞ്ഞാട്’ എന്നു വിളിച്ചു. (1കൊ 5:7) ക്രിസ്തുവിന്റെ ‘വിലയേറിയ രക്തം’ “കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള”താണെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1പത്ര 1:19) മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ വെളിപാട് പുസ്തകത്തിൽ 25-ലധികം പ്രാവശ്യം ആലങ്കാരികാർഥത്തിൽ “കുഞ്ഞാട്” എന്നു വിളിച്ചിട്ടുണ്ട്.—ചില ഉദാഹരണങ്ങൾ: വെളി 5:8; 6:1; 7:9; 12:11; 13:8; 14:1; 15:3; 17:14; 19:7; 21:9; 22:1.
പ്രാവുപോലെ: ബലി അർപ്പിക്കുന്നതുപോലുള്ള വിശുദ്ധകാര്യങ്ങൾക്കു പ്രാവുകളെ ഉപയോഗിച്ചിരുന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീകമായും അവയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; നിഷ്കളങ്കതയുടെയും നിർമലതയുടെയും പ്രതീകമായിരുന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ് ഒലിവിലയുമായി പെട്ടകത്തിലേക്കു മടങ്ങിവന്നതു പ്രളയജലം ഇറങ്ങിത്തുടങ്ങിയെന്നും (ഉൽ 8:11) സ്വസ്ഥതയുടെയും സമാധാനത്തിന്റെയും നാളുകൾ സമീപിച്ചിരിക്കുന്നെന്നും (ഉൽ 5:29) സൂചിപ്പിച്ചു. യേശുവിന്റെ സ്നാനസമയത്ത് യഹോവ ഒരു പ്രാവിന്റെ രൂപം ഉപയോഗിച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോകുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനായിരിക്കാം. കാരണം നിർമലനും പാപരഹിതനും ആയ ദൈവപുത്രൻ മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ ബലി അർപ്പിക്കുകയും അങ്ങനെ തന്റെ ഭരണത്തിൻകീഴിൽ സ്വസ്ഥതയും സമാധാനവും നിറഞ്ഞ കാലം വരുന്നതിന് അടിസ്ഥാനമിടുകയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഥവാ ചലനാത്മകശക്തി സ്നാനസമയത്ത് യേശുവിന്റെ മേൽ ഇറങ്ങിയപ്പോൾ, വേഗത്തിൽ ചിറകടിച്ച് കൂടണയുന്ന പ്രാവിനെപ്പോലെ കാണപ്പെട്ടിരിക്കാം.
ദൈവപുത്രൻ: യേശുവിനെ കുറിക്കാനാണു മിക്കപ്പോഴും ബൈബിളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. (യോഹ 1:49; 3:16-18; 5:25; 10:36; 11:4) ദൈവത്തിന് അക്ഷരാർഥത്തിൽ ഒരു ഭാര്യയില്ല; ദൈവം മനുഷ്യപ്രകൃതിയുള്ള ഒരു വ്യക്തിയുമല്ല. അതുകൊണ്ട് ‘ദൈവത്തിന്റെ പുത്രൻ’ എന്നത് ആലങ്കാരികാർഥത്തിലുള്ള ഒരു പ്രയോഗം മാത്രമാണ്. യേശുവും ദൈവവും തമ്മിലുള്ള ബന്ധം, മനുഷ്യർക്കിടയിലെ ഒരു അപ്പനും മകനും തമ്മിലുള്ള ബന്ധംപോലെയാണെന്നു മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കുന്നതിനാണു “ദൈവപുത്രൻ” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. ഇനി, ആ പദപ്രയോഗം യേശു ദൈവത്തിന്റെ സൃഷ്ടിയാണെന്നും (അഥവാ യേശുവിനു ജീവൻ നൽകിയത് യഹോവയാണെന്നു) സൂചിപ്പിക്കുന്നു. ബൈബിളിൽ ആദ്യമനുഷ്യനായ ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നു വിളിച്ചിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.—ലൂക്ക 3:38-ന്റെ പഠനക്കുറിപ്പു കാണുക.
യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരോടൊപ്പം: സ്നാപകയോഹന്നാന്റെ ആ രണ്ടു ശിഷ്യന്മാരിൽ ഒരാൾ ‘ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്’ ആയിരുന്നു.—യോഹ 1:40-ന്റെ പഠനക്കുറിപ്പു കാണുക.
ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു: യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാർ സ്നാപകയോഹന്നാന്റെ ശിഷ്യഗണത്തിൽപ്പെട്ടവരായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു.—യോഹ 1:35, 40 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഏകദേശം പത്താം മണി: അതായത്, വൈകുന്നേരം ഏകദേശം 4 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
രണ്ടു പേരിൽ ഒരാൾ: ഇവിടെ പറഞ്ഞിരിക്കുന്ന ‘രണ്ടു പേർ’ യോഹ 1:35-ലെ രണ്ടു ശിഷ്യന്മാർതന്നെയാണ്. അവരിൽ പേരു പറഞ്ഞിട്ടില്ലാത്ത ശിഷ്യൻ, സെബെദിയുടെ മകനും ഈ സുവിശേഷത്തിന്റെ എഴുത്തുകാരനും ആയ യോഹന്നാൻ അപ്പോസ്തലൻതന്നെയായിരിക്കാം. (മത്ത 4:21; മർ 1:19; ലൂക്ക 5:10) ഇങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണങ്ങൾ ഇവയാണ്: സ്വന്തം പേര് വെളിപ്പെടുത്താതിരിക്കുന്നത് ഈ സുവിശേഷയെഴുത്തുകാരന്റെ ഒരു രീതിയാണ്. ഇനി, അപ്പോസ്തലനായ യോഹന്നാന്റെ പേര് കാണാൻ പ്രതീക്ഷിക്കുന്നിടത്തും അദ്ദേഹം ആ പേര് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, സ്നാപകയോഹന്നാനെ “സ്നാപകൻ” എന്ന വിശേഷണം ഒഴിവാക്കി “യോഹന്നാൻ” എന്നു മാത്രമേ വിളിച്ചിട്ടുമുള്ളൂ.
മിശിഹ: അഥവാ “അഭിഷിക്തൻ.” മെശിയാസ് എന്ന ഗ്രീക്കുപദം (മാഷിയാക് എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം.) ഗ്രീക്കു തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. (യോഹ 4:25 കാണുക.) മാഷിയാക് എന്ന സ്ഥാനപ്പേര് വന്നിരിക്കുന്നതു മാഷഹ് എന്ന എബ്രായക്രിയയിൽനിന്നാണ്. ഈ ക്രിയാപദത്തിന്റെ അർഥം “(ഒരു ദ്രാവകം) പുരട്ടുക അല്ലെങ്കിൽ തേക്കുക,” “അഭിഷേകം ചെയ്യുക” എന്നൊക്കെയാണ്. (പുറ 29:2, 7) ബൈബിൾക്കാലങ്ങളിൽ പുരോഹിതന്മാരെയും ഭരണാധികാരികളെയും പ്രവാചകന്മാരെയും ഒക്കെ ആചാരപരമായി തൈലംകൊണ്ട് അഭിഷേകം ചെയ്യുന്ന രീതിയുണ്ടായിരുന്നു. (ലേവ 4:3; 1ശമു 16:3, 12, 13; 1രാജ 19:16) ഈ വാക്യത്തിൽ “മിശിഹ” എന്ന പദത്തോടൊപ്പം “ക്രിസ്തു” എന്ന് അർഥം എന്ന വിശദീകരണവും കൊടുത്തിട്ടുണ്ട്. “ക്രിസ്തു” (ഗ്രീക്കിൽ, ക്രിസ്തോസ്) എന്ന സ്ഥാനപ്പേര് ഗ്രീക്കുതിരുവെഴുത്തുകളിൽ 500-ലേറെ പ്രാവശ്യം കാണാം. “മിശിഹ” എന്ന സ്ഥാനപ്പേരിനു തുല്യമായ പദമാണ് ഇത്. ഈ രണ്ടു വാക്കുകളുടെയും അർഥം “അഭിഷിക്തൻ” എന്നാണ്.—മത്ത 1:1-ന്റെ പഠനക്കുറിപ്പു കാണുക.
നീ . . . ശിമോനാണല്ലോ: ശിമോന് അഞ്ച് പേരുകൾ ഉള്ളതായി തിരുവെഴുത്തുകളിൽ കാണാം. (മത്ത 4:18; 10:2 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഒരുപക്ഷേ യേശു ഇപ്പോൾ ശിമോനെ ആദ്യമായി കാണുകയാണ്. ഈ അവസരത്തിൽ യേശു അദ്ദേഹത്തിനു കേഫ (കേഫാസ്) എന്ന അരമായപേര് നൽകുന്നു. സാധ്യതയനുസരിച്ച് ഇയ്യ 30:6; യിര 4:29 എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കെഫിം (പാറകൾ) എന്ന എബ്രായപദത്തോടു ബന്ധമുള്ള ഒരു പേരാണ് ഇത്. ഈ സുവിശേഷം എഴുതിയ യോഹന്നാൻ ഇവിടെ, കേഫ എന്ന പേരിനൊപ്പം, പരിഭാഷപ്പെടുത്തുമ്പോൾ “പത്രോസ്” എന്ന വിശദീകരണവും നൽകുന്നു. “പത്രോസ്” എന്ന ഈ ഗ്രീക്കുപേരിന്റെ അർഥവും “പാറക്കഷണം” എന്നാണ്. തിരുവെഴുത്തുകളിൽ ശിമോനല്ലാതെ മറ്റാർക്കും ഈ അരമായപേരോ ഗ്രീക്കുപേരോ ഉള്ളതായി കാണുന്നില്ല. നഥനയേൽ “ഒരു കാപട്യവുമില്ലാത്ത” മനുഷ്യനാണെന്നു തിരിച്ചറിയാൻ കഴിഞ്ഞ യേശുവിനു (യോഹ 1:47; 2:25) പത്രോസിന്റെ പ്രകൃതവും മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, സഭയെ ശക്തിപ്പെടുത്തുകയും ഉറപ്പിച്ചുനിറുത്തുകയും ചെയ്തപ്പോൾ പത്രോസ് പാറപോലുള്ള ഗുണങ്ങൾ പ്രകടിപ്പിച്ചു.—ലൂക്ക 22:32; പ്രവൃ 1:15, 16; 15:6-11.
യോഹന്നാൻ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ പത്രോസ് അപ്പോസ്തലന്റെ അപ്പനെ യോഹന്നാൻ എന്നാണു വിളിച്ചിരിക്കുന്നത്. എന്നാൽ മറ്റു ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ അദ്ദേഹത്തെ യോന എന്നു വിളിച്ചിരിക്കുന്നതായി കാണാം. മത്ത 16:17-ൽ യേശു പത്രോസിനെ ‘യോനയുടെ മകനായ ശിമോൻ’ എന്നാണു വിളിച്ചത്. (മത്ത 16:17-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാൻ എന്നതിന്റെ എബ്രായപേര് ഗ്രീക്കിൽ രണ്ടു രീതിയിൽ എഴുതാം. അതിൽനിന്നായിരിക്കാം യോഹന്നാൻ, യോന എന്നീ രണ്ടു പേരുകൾ വന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
നഥനയേൽ: “ദൈവമാണു തന്നത്” എന്ന് അർഥംവരുന്ന ഒരു എബ്രായപേരിൽനിന്ന് വന്നത്. യേശുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളായ ബർത്തൊലൊമായിയുടെ മറ്റൊരു പേരായിരിക്കാം ഇത്. (മത്ത 10:3) “തൊൽമായിയുടെ മകൻ” എന്ന് അർഥംവരുന്ന ബർത്തൊലൊമായി എന്ന പദം അദ്ദേഹത്തിന്റെ അപ്പന്റെ പേരിൽനിന്ന് വന്ന ഒരു വിളിപ്പേരായിരുന്നു. നഥനയേലിന് അത്തരമൊരു പേരുണ്ടായിരുന്നതിൽ അതിശയിക്കാനില്ല. കാരണം മറ്റുള്ളവർക്കും അത്തരം പേരുകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ബർത്തിമായി എന്ന പേരിന്റെ അർഥം തിമായിയുടെ മകൻ എന്നാണ്. ബൈബിളിൽ അദ്ദേഹത്തിന്റെ മറ്റു പേരുകളൊന്നും കാണുന്നുമില്ല. (മർ 10:46) മത്തായിയും മർക്കോസും ലൂക്കോസും ബർത്തൊലൊമായിയെക്കുറിച്ച് പറയുന്നിടത്തെല്ലാം ഫിലിപ്പോസിനെക്കുറിച്ചും പറയുന്നതായി കാണാം. യോഹന്നാനാകട്ടെ നഥനയേലിനെയാണു ഫിലിപ്പോസുമായി ചേർത്തുപറയുന്നത്. ബർത്തൊലൊമായിയും നഥനയേലും ഒരാൾതന്നെയാണ് എന്നതിന്റെ മറ്റൊരു തെളിവാണ് ഇത്. (മത്ത 10:3; മർ 3:18; ലൂക്ക 6:14; യോഹ 1:45, 46) ഒരാൾക്ക് ഒന്നിലധികം പേരുണ്ടായിരിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു.—യോഹ 1:42.
മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും: സുവിശേഷങ്ങളിൽ പലയിടത്തും കാണുന്ന, ‘നിയമത്തിലും പ്രവാചകവചനങ്ങളിലും’ എന്നതുപോലുള്ള പദപ്രയോഗങ്ങളോട് ഇതിനു സമാനതയുണ്ട്. (മത്ത 5:17; 7:12; 11:13; 22:40; ലൂക്ക 16:16) ഇവിടെ ‘നിയമം’ എന്ന പദം ഉൽപത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്തകങ്ങളെയും ‘പ്രവാചകപുസ്തകങ്ങൾ’ എന്ന പദം എബ്രായതിരുവെഴുത്തുകളിലെ എല്ലാ പ്രവാചകപുസ്തകങ്ങളെയും കുറിക്കുന്നു. എന്നാൽ ഇവ രണ്ടും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ അതു സാധ്യതയനുസരിച്ച് എബ്രായതിരുവെഴുത്തുകളിലെ എല്ലാ പുസ്തകങ്ങളെയുമാണു കുറിക്കുന്നത്. ഈ ശിഷ്യന്മാർ എബ്രായതിരുവെഴുത്തുകൾ നന്നായി പഠിച്ചിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ഫിലിപ്പോസിന്റെ മനസ്സിലുണ്ടായിരുന്നത് ഉൽ 3:15; 22:18; 49:10; ആവ 18:18; യശ 9:6, 7; 11:1; യിര 33:15; യഹ 34:23; മീഖ 5:2; സെഖ 6:12; മല 3:1 എന്നീ തിരുവെഴുത്തുഭാഗങ്ങളായിരിക്കാം. വാസ്തവത്തിൽ, മുഴു എബ്രായതിരുവെഴുത്തുകളും യേശുവിനെക്കുറിച്ച് സാക്ഷിപറയുന്നു എന്നു സൂചിപ്പിക്കുന്ന ധാരാളം ബൈബിൾവാക്യങ്ങളുണ്ട്.—ലൂക്ക 24:27, 44; യോഹ 5:39, 40; പ്രവൃ 10:43; വെളി 19:10.
നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്: നസറെത്ത്, ഗലീലപ്രദേശത്തുതന്നെ താമസിച്ചിരുന്നവർപോലും വലിയ വിലകല്പിക്കാതിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്നതുകൊണ്ടാണ് നഥനയേൽ ഇങ്ങനെ പറഞ്ഞതെന്നു പലരും കരുതുന്നു. (യോഹ 21:2) കാരണം നസറെത്തിനു തൊട്ടടുത്തുള്ള യാഫീയയെക്കുറിച്ച് (നസറെത്തിന് ഏതാണ്ട് 3 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.) യോശ 19:12-ലും ജോസീഫസിന്റെ രേഖകളിലും പറയുന്നുണ്ടെങ്കിലും നസറെത്തിനെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിലോ ജോസീഫസിന്റെ രേഖകളിലോ കാണുന്നില്ല. എന്നാൽ ഗലീലപ്രദേശത്തെ എല്ലാ നഗരങ്ങളെക്കുറിച്ചും എബ്രായതിരുവെഴുത്തുകളിലോ ജോസീഫസിന്റെ രേഖകളിലോ പറയുന്നില്ലെന്ന കാര്യം ഓർക്കുക. ഇനി, സുവിശേഷങ്ങൾ എല്ലായ്പോഴും നസറെത്തിനെ ‘നഗരം’ (ഗ്രീക്കിൽ പൊലിസ്) എന്നാണു വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. (മത്ത 2:23; ലൂക്ക 1:26; 2:4, 39; 4:29) ഗ്രാമത്തെക്കാൾ ജനവാസമുള്ള സ്ഥലങ്ങളെയാണു പൊതുവേ നഗരം എന്നു വിളിച്ചിരുന്നത്. നസറെത്ത് ഒരു മലയടിവാരത്തിലായിരുന്നു. എസ്ഡ്രേലോൺ (ജസ്രീൽ) സമതലത്തിന് അഭിമുഖമായി അൽപ്പം ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ആ നഗരത്തിനു ചുറ്റും കുന്നുകളുണ്ടായിരുന്നു. നല്ല ജനവാസമുണ്ടായിരുന്ന ഈ പ്രദേശത്തിന് അടുത്ത് ധാരാളം നഗരങ്ങളും പട്ടണങ്ങളും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട പല വാണിജ്യപാതകളും നസറെത്തിന് അടുത്തുകൂടെ പോയിരുന്നതുകൊണ്ട് അവിടത്തുകാർക്ക് അക്കാലത്തെ സാമൂഹിക-മത-രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ കിട്ടിയിരുന്നിരിക്കാം. (ലൂക്ക 4:23 താരതമ്യം ചെയ്യുക.) നസറെത്തിൽ ഒരു സിനഗോഗും ഉണ്ടായിരുന്നു. (ലൂക്ക 4:16) നസറെത്ത് അത്ര പ്രാധാന്യമില്ലാത്ത ഗ്രാമമല്ലായിരുന്നെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എങ്കിൽപ്പിന്നെ മിശിഹ നസറെത്തിൽനിന്നുള്ള ഒരാളാണെന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? മിശിഹ യഹൂദയിലെ ഒരു “ഗ്രാമമായ” ബേത്ത്ലെഹെമിൽനിന്നായിരിക്കും വരികയെന്നു തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നതുകൊണ്ട്, ഗലീലയിലെ തങ്ങളുടെ അയൽനഗരമായ നസറെത്തിൽനിന്നുള്ള ഒരാളാണു മിശിഹ എന്നു കേട്ടപ്പോൾ സാധ്യതയനുസരിച്ച് നഥനയേലിന് അത് ഉൾക്കൊള്ളാനായില്ല.—യോഹ 7:42, 52; മീഖ 5:2.
ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ: യാക്കോബിന്റെ പിൻതലമുറക്കാരെല്ലാം ഇസ്രായേല്യരായിരുന്നു. അതുകൊണ്ട് നഥനയേൽ ഇസ്രായേൽവംശത്തിൽപ്പെട്ടവൻ ആണെന്നു സൂചിപ്പിക്കാൻ മാത്രമല്ല യേശു ഇതു പറഞ്ഞതെന്നു വ്യക്തം. “ദൈവത്തോടു പോരാടുന്നവൻ (മടുത്തുപോകാത്തവൻ)” എന്ന് അർഥം വരുന്ന ഇസ്രായേൽ എന്ന പേര് യാക്കോബിനു ലഭിച്ചത് അദ്ദേഹം അനുഗ്രഹത്തിനായി ഒരു ദൂതനോടു മല്പിടിത്തം നടത്തിയശേഷമായിരുന്നു. വിശുദ്ധകാര്യങ്ങളെ വിലമതിച്ചിരുന്നവനും ദൈവത്തിന്റെ പ്രീതി നേടാനായി കഠിനശ്രമം ചെയ്യാൻ ഒരുക്കമുള്ളവനും ആയിരുന്ന യാക്കോബ് തന്റെ സഹോദരനായ ഏശാവിനെപ്പോലെ അല്ലായിരുന്നു. (ഉൽ 32:22-28; എബ്ര 12:16) ചുരുക്കത്തിൽ, യേശു നഥനയേലിനെ ഇസ്രായേല്യൻ എന്നു വിളിച്ചത് അദ്ദേഹം ജനനംകൊണ്ട് ഒരു ഇസ്രായേല്യനായതുകൊണ്ട് മാത്രമല്ല, തന്റെ പൂർവികനായ യാക്കോബിന്റെ അതേ വിശ്വാസവും ദൈവേഷ്ടം ചെയ്യാനുള്ള മനസ്സൊരുക്കവും അദ്ദേഹത്തിന് ഉണ്ടായിരുന്നതുകൊണ്ടുംകൂടിയാണ്. ഇനി നഥനയേലിൽ കാപട്യത്തിന്റെയോ വഞ്ചനയുടെയോ ഒരു കണികപോലും ഇല്ലായിരുന്നെന്ന സൂചനയും യേശുവിന്റെ വാക്കുകളിലുണ്ട് (ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് സങ്ക 32:2-ലെ വാക്കുകളായിരിക്കാം.).
ഇതിനെക്കാളെല്ലാം വലിയ കാര്യങ്ങൾ നീ കാണും: അധികം വൈകാതെ ഈ വാക്കുകൾ നഥനയേലിന്റെ കൺമുന്നിൽ നിറവേറിത്തുടങ്ങി. തന്റെ സ്വദേശമായ ഗലീലയിലെ കാനായിൽവെച്ച് നഥനയേൽ യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിനു സാക്ഷിയായി. അവിടെ ഒരു വിവാഹവിരുന്നിൽവെച്ച് യേശു വെള്ളത്തെ മേത്തരം വീഞ്ഞാക്കിമാറ്റുന്നതു നഥനയേൽ കണ്ടു. (യോഹ 2:1-11; 21:2) പിന്നീട് അപ്പോസ്തലന്മാരായി നിയമിതരായ നഥനയേലും മറ്റു 11 പേരും, യേശു രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും മരിച്ചവരെ ഉയിർപ്പിക്കുന്നതുപോലും നേരിൽ കണ്ടു. എന്നാൽ ഇത്തരം അത്ഭുതങ്ങൾക്കു സാക്ഷികളായതിനു പുറമേ, അത്ഭുതങ്ങൾ ചെയ്യാനും “സ്വർഗരാജ്യം അടുത്തിരിക്കുന്നു” എന്നു പ്രഖ്യാപിക്കാനും അവർക്കുതന്നെയും ശക്തി ലഭിച്ചു.—മത്ത 10:1-8.
ആകാശം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്, ആകാശത്തെയോ ആത്മവ്യക്തികൾ വസിക്കുന്ന സ്വർഗത്തെയോ അർഥമാക്കാനാകും.
ദൈവദൂതന്മാർ: അഥവാ “സന്ദേശവാഹകർ.” ഈ വാക്യത്തിൽ “ദൂതന്മാർ” എന്നതിന്റെ ഗ്രീക്കുപദം ആൻഗലൊസ് ആണ്. ബൈബിളിൽ ഈ ഗ്രീക്കുപദവും അതിനു തത്തുല്യമായ മലാഖ് എന്ന എബ്രായപദവും മൊത്തം 400-ഓളം പ്രാവശ്യം കാണുന്നുണ്ട്. രണ്ടു പദങ്ങളുടെയും അടിസ്ഥാനാർഥം “സന്ദേശവാഹകൻ” എന്നാണ്. ആത്മവ്യക്തികളായ സന്ദേശവാഹകരെക്കുറിച്ച് പറയുന്നിടത്ത് ഈ പദം “ദൈവദൂതന്മാർ,” “ദൂതന്മാർ” എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മനുഷ്യസന്ദേശവാഹകരെക്കുറിച്ച് പറയുന്നിടത്ത് അതു “സന്ദേശവാഹകർ” എന്നും “ദൂതന്മാർ” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സന്ദേശവാഹകർ മനുഷ്യരാണോ ദൈവദൂതന്മാരാണോ എന്നതു സന്ദർഭത്തിൽനിന്ന് വ്യക്തമാകും. എന്നാൽ ഈ രണ്ട് അർഥവും വരാവുന്നിടത്ത് അതിൽ ഒരെണ്ണം മിക്കപ്പോഴും അടിക്കുറിപ്പിൽ കൊടുത്തിട്ടുണ്ടാകും. (ഉൽ 16:7; 32:3; ഇയ്യ 4:18, അടിക്കുറിപ്പ്; 33:23, അടിക്കുറിപ്പ്; സഭ 5:6, അടിക്കുറിപ്പ്; യശ 63:9, അടിക്കുറിപ്പ്; മത്ത 1:20; യാക്ക 2:25; വെളി 22:8; പദാവലിയിൽ “ദൈവദൂതൻ” കാണുക.) ആലങ്കാരികഭാഷയിൽ കാര്യങ്ങൾ വർണിച്ചിരിക്കുന്ന വെളിപാട് പുസ്തകത്തിൽ ദൈവദൂതന്മാരെക്കുറിച്ച് പറയുന്ന ചില ഭാഗങ്ങൾ സാധ്യതയനുസരിച്ച് മനുഷ്യർക്കും ബാധകമാണ്.—വെളി 2:1, 8, 12, 18; 3:1, 7, 14.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രന്റെ അടുത്തേക്ക്: അഥവാ “മനുഷ്യപുത്രനു സേവനം ചെയ്തുകൊടുക്കാൻ.” ദൈവദൂതന്മാർ കയറിപ്പോകുന്നതും . . . ഇറങ്ങിവരുന്നതും കാണും എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, ദൈവദൂതന്മാരെക്കുറിച്ച് യാക്കോബ് കണ്ട ദിവ്യദർശനമായിരിക്കാം. ദൈവദൂതന്മാർ ഒരു ഗോവണിയിൽ (അഥവാ പടികൾ) കയറുകയും ഇറങ്ങുകയും ചെയ്യുന്നതായി യാക്കോബ് അതിൽ കണ്ടു. (ഉൽ 28:12) യഹോവയ്ക്കും യഹോവയുടെ അംഗീകാരമുള്ള മനുഷ്യർക്കും ഇടയിൽ ദൂതന്മാർ പ്രധാനപ്പെട്ട ഒരു വിധത്തിൽ സേവനം അനുഷ്ഠിക്കുന്നു എന്നാണ് അതു സൂചിപ്പിച്ചത്. സമാനമായി തനിക്കും ദൈവദൂതന്മാർ സേവനം ചെയ്തുതരുന്നുണ്ട് എന്നതിന്റെ തെളിവുകൾ തന്നെ അനുഗമിക്കുന്നവർക്കു വ്യക്തമായി കാണാനാകുമെന്നാണു യേശു ഇവിടെ ഉദ്ദേശിച്ചത്. യേശുവിനു പിതാവിന്റെ പ്രത്യേകപരിപാലനവും മാർഗനിർദേശവും ലഭിക്കുന്നുണ്ടെന്ന് ആ തെളിവുകൾ അവരെ ബോധ്യപ്പെടുത്തുമായിരുന്നു.
സത്യം സത്യമായി: ഗ്രീക്കിൽ അമീൻ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണമാണ് അമീൻ എന്ന ഗ്രീക്കുപദം. ഒരു പ്രസ്താവനയോ വാഗ്ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ് യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു അത്. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. (മത്ത 5:18; മർ 3:28; ലൂക്ക 4:24) മൂലഭാഷയിൽ ഈ പദം അടുത്തടുത്ത് ആവർത്തിച്ച് (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്. 25 സ്ഥലങ്ങളിൽ ഈ പദപ്രയോഗം കാണാം. ഈ പരിഭാഷയിൽ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണ് അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ പദപ്രയോഗത്തെ “തീർച്ചയായും,” “ഉറപ്പിച്ച് പറയുന്നു” എന്നൊക്കെയും പരിഭാഷപ്പെടുത്താനാകും. “സത്യമായി (അല്ലെങ്കിൽ “സത്യം സത്യമായി”) ഞാൻ പറയുന്നു” എന്ന പദപ്രയോഗത്തെ “ഞാൻ ഉറപ്പിച്ച് പറയുന്നു” എന്നും പരിഭാഷപ്പെടുത്താം.
ദൃശ്യാവിഷ്കാരം
യോഹന്നാന്റെ സുവിശേഷം അടങ്ങിയ ഈ കൈയെഴുത്തുപ്രതി (ഏതാണ്ട് എ.ഡി. 600-ലേത്.) കോപ്ടിക് ഭാഷയുടെ ഒരു പ്രാദേശിക ഭാഷാരൂപമായ സഹിദിക്കിലുള്ളതാണ്. യേശു ഭൂമിയിൽ ജീവിച്ചിരുന്നതിനു തൊട്ടടുത്തുള്ള നൂറ്റാണ്ടുകളിൽ ഈജിപ്തിൽ സംസാരിച്ചിരുന്ന ഭാഷയാണു കോപ്ടിക്. സുറിയാനിയും ലത്തീനും പോലെ, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകൾ ആദ്യം വിവർത്തനം ചെയ്ത ഭാഷകളിലൊന്നാണ് ഇത്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽത്തന്നെ കോപ്ടിക് പരിഭാഷകൾ ലഭ്യമായിരുന്നു. അതുകൊണ്ട് ആ പരിഭാഷകൾ പരിശോധിച്ചാൽ അക്കാലങ്ങളിൽ ആളുകൾ എങ്ങനെയാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മൂലപാഠം മനസ്സിലാക്കിയിരുന്നതെന്ന് അറിയാനാകും. യോഹ 1:1-ന്റെ അവസാനഭാഗത്തെക്കുറിച്ച് പല തർക്കങ്ങളും നിലവിലുള്ളതുകൊണ്ട് ഈ പരിഭാഷ ശരിക്കും ഒരു സഹായമാണ്. പല പരിഭാഷകളിലും ആ ഭാഗം ഇങ്ങനെയാണു കാണുന്നത്: “വചനം ദൈവത്തിന്റെകൂടെയായിരുന്നു. വചനം ദൈവമായിരുന്നു.” കൊയ്നി ഗ്രീക്കിലും സുറിയാനിയിലും ലത്തീനിലും ഒക്കെ അനിശ്ചായക ഉപപദം (മലയാളത്തിലെ “ഒരു” എന്നതിനോടു ഏതാണ്ട് സമാനമായത്.) ഇല്ലെങ്കിലും സഹിദിക്ക് കോപ്ടിക് ഭാഷയിൽ അതുണ്ട്. ഈ വാക്യത്തിൽ “ദൈവം” എന്നതിന്റെ കോപ്ടിക് പദം കാണുന്ന രണ്ടു സ്ഥലങ്ങളാണു ചിത്രത്തിൽ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നത്. എന്നാൽ അവ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: ആദ്യത്തേതിന്റെകൂടെ (1) നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്നു.) ആണ് കാണുന്നത്. ഈ പ്രയോഗം സർവശക്തനായ ദൈവത്തെ കുറിക്കുന്നു. രണ്ടാമത്തേതിന്റെകൂടെ (2) അനിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്നു.) ആണ് കാണുന്നത്. ഈ പ്രയോഗത്തിനു ദൈവത്വമുള്ള ആരെയും കുറിക്കാനാകും. അതുകൊണ്ട് ആ ഭാഗം അക്ഷരാർഥത്തിൽ മലയാളത്തിലേക്കു പരിഭാഷ ചെയ്താൽ ഇങ്ങനെ വരും: “വചനം (സർവശക്തനായ) ദൈവത്തിന്റെകൂടെയായിരുന്നു. വചനം ഒരു ദൈവമായിരുന്നു.”—“വചനം ഒരു ദൈവമായിരുന്നു” എന്ന പരിഭാഷയെക്കുറിച്ച് കൂടുതൽ അറിയാൻ യോഹ 1:1-ന്റെ പഠനക്കുറിപ്പു കാണുക.
1. നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ)
2. അനിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ)
ബൈബിളിന്റെ ഒരു ആദ്യകാല കൈയെഴുത്തുപ്രതിയുടെ ആദ്യത്തെ പേജാണ് ഇവിടെ കാണിച്ചിരിക്കുന്നത്. പപ്പൈറസ് ബോഡ്മർ 2 (P66) എന്ന് അറിയപ്പെടുന്ന ഈ കൈയെഴുത്തുപ്രതി ഏതാണ്ട് എ.ഡി. 200-ലാണ് പകർത്തിയെഴുതി ഇത്തരത്തിൽ കോഡക്സ് രൂപത്തിലാക്കിയത്. യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ വലിയൊരു ഭാഗം ഈ ഗ്രീക്കു കൈയെഴുത്തുപ്രതിയിൽ കാണാം. ഇതിന്റെ ആദ്യപേജ് തുടങ്ങുന്നത്, യുഅംഗേലിഓൻ കറ്റാ യൊവാനെൻ (“യോഹന്നാൻ എഴുതിയ സുവിശേഷം”) എന്ന ശീർഷകത്തോടെയാണ് (അടയാളപ്പെടുത്തിയിരിക്കുന്നു.). തെളിവനുസരിച്ച് ഇതുപോലുള്ള തലക്കെട്ടുകൾ മൂലകൃതികളിൽ ഉണ്ടായിരുന്നില്ല. അവ പിൽക്കാലത്ത് പകർപ്പെഴുത്തുകാർ കൂട്ടിച്ചേർത്തതാണ്. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്.
സാധിക്കുന്നിടത്തോളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
ഓരോ സുവിശേഷത്തിന്റെയും ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു വ്യത്യസ്തമായ സംഭവപരമ്പരകളാണ്
1. യോർദാന് അക്കരെയുള്ള ബഥാന്യക്ക് അടുത്തുവെച്ച് യോഹന്നാൻ യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” എന്നു വിളിക്കുന്നു (യോഹ 1:29)
2. ഗലീലയിലെ കാനായിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതം (യോഹ 2:3, 7-9, 11)
3. യേശുവിന്റെ ആദ്യത്തെ ദേവാലയശുദ്ധീകരണം (യോഹ 2:13-15)
4. യേശു യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോകുന്നു; യേശുവിന്റെ ശിഷ്യന്മാർ ആളുകളെ സ്നാനപ്പെടുത്തുന്നു; ഐനോനിൽവെച്ച് യോഹന്നാൻ സ്നാനപ്പെടുത്തുന്നു (യോഹ 3:22, 23)
5. സുഖാറിലെ യാക്കോബിന്റെ കിണറിന് അടുത്തുവെച്ച് യേശു ഒരു ശമര്യക്കാരിയോടു സംസാരിക്കുന്നു (യോഹ 4:4-7, 14, 19, 20)
6. അകലെയായിരുന്നിട്ടും യേശു ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്നു, ഗലീലയിലെ കാനായിൽവെച്ച് യേശു കാണിച്ച രണ്ടാമത്തെ അടയാളമായിരുന്നു ഇത് (യോഹ 4:46, 47, 50-54)
7. യരുശലേമിലെ ബേത്സഥ കുളത്തിന് അടുത്തുവെച്ച് യേശു ഒരു രോഗിയെ സുഖപ്പെടുത്തുന്നു (യോഹ 5:2-5, 8, 9)
8. ഗലീലക്കടലിന്റെ വടക്കുകിഴക്കൻ ഭാഗം; 5,000-ത്തോളം പുരുഷന്മാരെ അത്ഭുതകരമായി പോഷിപ്പിച്ച യേശുവിനെ ആളുകൾ രാജാവാക്കാൻ നോക്കുന്നു (മത്ത 14:19-21; യോഹ 6:10, 14, 15)
9. കഫർന്നഹൂമിലെ ഒരു സിനഗോഗിൽവെച്ച് താൻ “ജീവന്റെ അപ്പം” ആണെന്നു യേശു പറയുന്നു; പലർക്കും അത് ഇഷ്ടമായില്ല (യോഹ 6:48, 54, 59, 66)
10. ശിലോഹാം കുളത്തിന് അടുത്തുവെച്ച് യേശു ജന്മനാ അന്ധനായ ഒരാളെ സുഖപ്പെടുത്തുന്നു (യോഹ 9:1-3, 6, 7)
11. ദേവാലയത്തിലെ ശലോമോന്റെ മണ്ഡപത്തിൽവെച്ച് ജൂതന്മാർ യേശുവിനെ കല്ല് എറിയാൻ നോക്കുന്നു (യോഹ 10:22, 23, 31)
12. ജൂതന്മാർ പിടിക്കാൻ ശ്രമിച്ചപ്പോൾ യേശു, യോഹന്നാൻ ആദ്യം സ്നാനപ്പെടുത്തിക്കൊണ്ടിരുന്ന സ്ഥലത്തേക്കു പോകുന്നു; യോർദാന് അക്കരെയുള്ള പലരും യേശുവിൽ വിശ്വസിക്കുന്നു (യോഹ 10:39-42)
13. ബഥാന്യയിൽവെച്ച് യേശു ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ 11:38, 39, 43, 44)
14. യരുശലേമിലെ ജൂതന്മാർ തന്നെ കൊല്ലാൻ ഗൂഢാലോചന തുടങ്ങിയപ്പോൾ യേശു വിജനഭൂമിക്ക് അരികെയുള്ള എഫ്രയീം നഗരത്തിലേക്കു പോകുന്നു (യോഹ 11:53, 54)
15. യേശു കഴുതപ്പുറത്തേറി ബേത്ത്ഫാഗയിൽനിന്ന് വരുന്നു, വിജയശ്രീലാളിതനായി യരുശലേമിൽ പ്രവേശിക്കുന്നു (മത്ത 21:1, 7-10; മർ 11:1, 7-11; ലൂക്ക 19:29, 30, 35, 37, 38; യോഹ 12:12-15)
16. യേശു ശിഷ്യന്മാരോടൊപ്പം കിദ്രോൻ താഴ്വര കടന്ന് ഗത്ത്ശെമനയിലേക്കു പോകുന്നു (മത്ത 26:30; മർ 14:26; ലൂക്ക 22:39; യോഹ 18:1)
17. ഗത്ത്ശെമന തോട്ടത്തിൽവെച്ച് യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു; യേശുവിനെ അറസ്റ്റ് ചെയ്യുന്നു (മത്ത 26:47-50; മർ 14:43-46; ലൂക്ക 22:47, 48, 54; യോഹ 18:2, 3, 12)
18. ഗവർണറുടെ കൊട്ടാരത്തിൽവെച്ച് യേശുവിനെ ചാട്ടയ്ക്ക് അടിപ്പിക്കുന്നു, കളിയാക്കുന്നു (മത്ത 27:26-29; മർ 15:15-20; യോഹ 19:1-3)
19. ഗൊൽഗോഥയിൽവെച്ച് യേശുവിനെ സ്തംഭത്തിൽ തറയ്ക്കുന്നു (മത്ത 27:33-36; മർ 15:22-25; ലൂക്ക 23:33; യോഹ 19:17, 18)
20. പുനരുത്ഥാനപ്പെട്ട യേശു കല്ലറയ്ക്ക് അടുത്തുള്ള തോട്ടത്തിൽവെച്ച് മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷപ്പെടുന്നു (മത്ത 28:1, 5, 6, 8, 9; യോഹ 20:11, 12, 15-17)
21. ഗലീലക്കടൽത്തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു; താൻ യേശുവിനെ സ്നേഹിക്കുന്നെന്നു പത്രോസ് ഉറപ്പു കൊടുക്കുന്നു (യോഹ 21:12-15)