യോഹന്നാൻ എഴുതിയത് 11:1-57
പഠനക്കുറിപ്പുകൾ
ബഥാന്യ: മത്ത 21:17-ന്റെ പഠനക്കുറിപ്പു കാണുക.
ലാസർ: ലൂക്ക 16:20-ന്റെ പഠനക്കുറിപ്പു കാണുക.
യഹൂദ്യയിലുള്ളവർ: അഥവാ “ജൂതന്മാർ.” ഇവിടെ കാണുന്ന ഗ്രീക്കുപദം (യോഹ 10:31-ൽ കാണുന്നതുപോലെ) “ജൂതന്മാർ” എന്നു പരിഭാഷ ചെയ്താലും തെറ്റില്ല. എന്നാൽ യേശു തൊട്ടുമുമ്പാണു തന്റെ ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യഹൂദ്യയിലേക്കു പോകാം” എന്നു പറഞ്ഞത്. അതുകൊണ്ട് യേശുവിനെ കല്ലെറിയാൻ നോക്കിയ ജൂതന്മാർ യഹൂദ്യയിൽനിന്നുള്ളവരാണെന്നു കാണിക്കാനായിരിക്കാം ആ ഗ്രീക്കുപദത്തെ “യഹൂദ്യയിലുള്ളവർ” എന്നു പരിഭാഷ ചെയ്തിരിക്കുന്നത്.—യോഹ 11:7.
ഉറങ്ങുകയാണ്: ബൈബിളിൽ പലപ്പോഴും മരണത്തെ ഉറക്കത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. (സങ്ക 13:3; മർ 5:39; പ്രവൃ 7:60; 1കൊ 7:39; 15:51; 1തെസ്സ 4:13) യേശു ലാസറിനു വീണ്ടും ജീവൻ നൽകാൻപോകുകയായിരുന്നു. അതുകൊണ്ട് മരിച്ച ഒരാളെ ജീവനിലേക്കു കൊണ്ടുവരുന്നത്, ഗാഢനിദ്രയിൽനിന്ന് ഒരാളെ ഉണർത്തുന്നതുപോലെയാണെന്നു സൂചിപ്പിക്കാനായിരിക്കാം “ലാസർ ഉറങ്ങുകയാണ്” എന്നു യേശു പറഞ്ഞത്. ലാസറിനെ ഉയിർപ്പിക്കാനുള്ള ശക്തി യേശുവിനു ലഭിച്ചതാകട്ടെ, “മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും ചെയ്യുന്ന” പിതാവിൽനിന്നാണ്.—റോമ 4:17.
തോമസ്: ഈ ഗ്രീക്കുപേര് “ഇരട്ട” എന്ന് അർഥമുള്ള ഒരു അരമായപദത്തിൽനിന്ന് വന്നതാണ്. അപ്പോസ്തലനായ തോമസിനു ദിദിമോസ് എന്ന മറ്റൊരു ഗ്രീക്കുപേരും ഉണ്ടായിരുന്നു. (ചില മലയാളം ബൈബിളുകളിൽ “ദിദിമൊസ്” എന്നാണു കാണുന്നത്.) അതിന്റെ അർഥവും ഇരട്ട എന്നുതന്നെയാണ്.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
ഏകദേശം മൂന്നു കിലോമീറ്റർ: ഏകദേശം രണ്ടു മൈൽ. അക്ഷ. “ഏകദേശം 15 സ്റ്റേഡിയം.” സ്റ്റേഡിയോൻ (ഇത് ഏകവചനത്തിലാണ്.) എന്ന ഗ്രീക്കുപദം നീളത്തിന്റെ ഒരു അളവാണ്. 185 മീറ്റർ (606.95 അടി) ആണ് ഒരു സ്റ്റേഡിയോൻ. ഒരു റോമൻ മൈലിന്റെ എട്ടിലൊന്നു വരും ഇത്.—പദാവലിയിൽ “മൈൽ” എന്നതും അനു. ബി14-ഉം കാണുക.
ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം: യേശു പറഞ്ഞത് അവസാനനാളിൽ സംഭവിക്കാനിരുന്ന ഒരു ഭാവിപുനരുത്ഥാനത്തെക്കുറിച്ച് ആണെന്നാണു മാർത്ത വിചാരിച്ചത്. (യോഹ 6:39-ന്റെ പഠനക്കുറിപ്പു കാണുക.) എങ്കിലും മാർത്തയ്ക്ക് ആ ഉപദേശത്തിലുണ്ടായിരുന്ന വിശ്വാസം വളരെ ശ്രദ്ധേയമാണ്. പുനരുത്ഥാനത്തെക്കുറിച്ച് ദൈവപ്രചോദിതമായ തിരുവെഴുത്തുകൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെങ്കിലും സദൂക്യർ എന്ന് അറിയപ്പെട്ട അന്നത്തെ ചില മതനേതാക്കന്മാർ പുനരുത്ഥാനമുണ്ടാകില്ല എന്നാണു വാദിച്ചിരുന്നത്. (ദാനി 12:13; മർ 12:18) അതേസമയം ദേഹി അമർത്യമാണെന്ന പക്ഷക്കാരായിരുന്നു പരീശന്മാർ. എന്നാൽ യേശു പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് പഠിപ്പിച്ചിരുന്നെന്നും മരിച്ചുപോയ ചിലരെ ഉയിർപ്പിച്ചിട്ടുണ്ടെന്നുപോലും മാർത്തയ്ക്ക് അറിയാമായിരുന്നു. പക്ഷേ ലാസറിനെപ്പോലെ മരിച്ചിട്ട് ഇത്രയും നേരമായ ഒരാളെ യേശു ഉയിർപ്പിച്ചതിനെക്കുറിച്ച് മാർത്ത കേട്ടിട്ടില്ലായിരുന്നു.
ഞാനാണു പുനരുത്ഥാനവും ജീവനും: യേശുവിന്റെതന്നെ മരണവും പുനരുത്ഥാനവും ആണ് മരിച്ചവർക്കു ജീവനിലേക്കു മടങ്ങിവരാനുള്ള വഴി തുറന്നത്. പുനരുത്ഥാനത്തിനു ശേഷം യേശുവിന്, മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തിക്കു പുറമേ ആളുകൾക്കു നിത്യജീവൻ നൽകാനുള്ള അധികാരവും യഹോവ നൽകി. (യോഹ 5:26-ന്റെ പഠനക്കുറിപ്പു കാണുക.) വെളി 1:18-ൽ യേശു തന്നെത്തന്നെ, ‘ജീവിക്കുന്നവൻ’ എന്നും “മരണത്തിന്റെയും ശവക്കുഴിയുടെയും താക്കോലുകൾ” കൈയിലുള്ളവൻ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പ്രത്യാശാകേന്ദ്രമാണു യേശു. താൻ കല്ലറകൾ തുറന്ന്, മരിച്ചവർക്കു ജീവൻ നൽകുമെന്നു യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽ ചിലർ സ്വർഗത്തിൽ യേശുവിന്റെ സഹഭരണാധികാരികളായി വാഴും. മറ്റുള്ളവർ ആ സ്വർഗീയഗവൺമെന്റിന്റെ ഭരണപ്രദേശമായ പുതിയ ഭൂമിയിൽ ജീവിക്കും.—യോഹ 5:28, 29; 2പത്ര 3:13.
ഒരിക്കലും മരിക്കുകയുമില്ല: ഒരിക്കലും മരിക്കില്ല അഥവാ എന്നെന്നും ജീവിക്കും എന്നു യേശു പറഞ്ഞത് അക്ഷരാർഥത്തിൽ എടുക്കേണ്ടതല്ലെന്നു വ്യക്തം. അന്ന് അവിടെ കൂടിയിരുന്നവർ ഒരിക്കലും മരിക്കില്ല എന്നല്ല, തന്നിൽ വിശ്വസിച്ചാൽ അവർക്കു നിത്യജീവൻ കിട്ടും എന്നാണു യേശു ഉദ്ദേശിച്ചത്. യോഹ 6-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകളും ആ നിഗമനത്തെ പിന്താങ്ങുന്നു. വിശ്വസിക്കുന്നവർക്കു നിത്യജീവൻ കിട്ടുമെന്ന് അവിടെ യേശു പറഞ്ഞിരുന്നു.—യോഹ 6:39-44, 54.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
കരയുന്നത്: “കരയുന്നത്” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, ശബ്ദം പുറത്ത് വരുന്ന രീതിയിൽ കരയുന്നതിനെയാണു പൊതുവേ കുറിക്കുന്നത്. യരുശലേമിനു വരാൻപോകുന്ന നാശത്തെക്കുറിച്ച് പറഞ്ഞപ്പോൾ യേശു കരഞ്ഞതായി പറയുന്നിടത്ത് ഉപയോഗിച്ചിരിക്കുന്നതും ഇതേ ക്രിയയാണ്.—ലൂക്ക 19:41.
മനസ്സ്: അക്ഷ. “ആത്മാവ്.” സാധ്യതയനുസരിച്ച് ഇവിടെ ന്യൂമ എന്ന ഗ്രീക്കുപദം, ഒരാളെക്കൊണ്ട് എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ തോന്നിപ്പിക്കുന്ന പ്രേരകശക്തിയെ ആണ് കുറിക്കുന്നത്. അയാളുടെ ആലങ്കാരികഹൃദയമാണ് അതിന്റെ ഉറവിടം.—പദാവലിയിൽ “ആത്മാവ്” കാണുക.
മനസ്സു നൊന്ത് . . . വല്ലാതെ അസ്വസ്ഥനായി: മൂലഭാഷയിൽ ഈ രണ്ടു പദപ്രയോഗങ്ങൾ ഒന്നിച്ച് ഉപയോഗിച്ചിരിക്കുന്നത്, യേശുവിന്റെ മനസ്സിലെ വികാരവിക്ഷോഭം അപ്പോൾ എത്ര ശക്തമായിരുന്നു എന്നാണു സൂചിപ്പിക്കുന്നത്. ഇവിടെ “മനസ്സു നൊന്ത്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ (എംബ്രിമായോമയ്) പൊതുവേ ഉപയോഗിക്കുന്നത് ഒരാളുടെ മാനസികവികാരങ്ങൾ എത്ര ശക്തമാണെന്നു കാണിക്കാനാണ്. എന്നാൽ ഈ വാക്യത്തിൽ ആ പദം നൽകുന്ന സൂചന, യേശുവിന്റെ മനസ്സിനു തോന്നിയ വിഷമം വളരെ ശക്തമായിത്തീർന്നിട്ട് യേശു ഞരങ്ങുകപോലും ചെയ്തുകാണും എന്നാണ്. ഇനി, “വല്ലാതെ അസ്വസ്ഥനായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (ടറാസ്സോ) അക്ഷരാർഥം “കലങ്ങുക” എന്നാണെങ്കിലും, ഇവിടെ ആ പദത്തിന്റെ അർഥം “മനസ്സ് ഇളകിമറിയുക; വളരെയധികം വേദനയോ സങ്കടമോ തോന്നുക” എന്നൊക്കെയാണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നു ചിന്തിച്ചപ്പോഴത്തെ യേശുവിന്റെ മനോവികാരം വർണിക്കാൻ യോഹ 13:21-ൽ ഉപയോഗിച്ചിരിക്കുന്നതും ഇതേ ക്രിയയാണ്.—യോഹ 11:35-ന്റെ പഠനക്കുറിപ്പു കാണുക.
കണ്ണു നിറഞ്ഞൊഴുകി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡാക്രിയോ എന്ന ഗ്രീക്കുപദം, ലൂക്ക 7:38; പ്രവൃ 20:19, 31; എബ്ര 5:7; വെളി 7:17; 21:4 എന്നതുപോലുള്ള തിരുവെഴുത്തുകളിൽ “കണ്ണീർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപമാണ്. കരയുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെക്കാൾ സാധ്യതയനുസരിച്ച് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നതു കണ്ണു നിറഞ്ഞൊഴുകുന്നതിനാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കുക്രിയ കാണുന്നുള്ളൂ. എന്നാൽ മറിയയും ജൂതന്മാരും കരയുന്നതായി പറയുന്ന യോഹ 11:33-ൽ (പഠനക്കുറിപ്പു കാണുക.) മറ്റൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. താൻ ലാസറിനെ ഉയിർപ്പിക്കാൻപോകുകയാണെന്നു യേശുവിന് അറിയാമായിരുന്നെങ്കിലും തന്റെ പ്രിയസ്നേഹിതരുടെ ദുഃഖം കണ്ടപ്പോൾ യേശുവിന് ആകെ സങ്കടമായി. തന്റെ സുഹൃത്തുക്കളോട് ആഴമായ സ്നേഹവും അനുകമ്പയും തോന്നിയ യേശുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽവെച്ചാണു യേശു കണ്ണീരൊഴുക്കിയത്. ഈ വിവരണം ഒരു കാര്യം വ്യക്തമാക്കുന്നു: ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണം നമ്മുടെ പ്രിയപ്പെട്ടവരെ കവർന്നെടുക്കുമ്പോൾ നമുക്ക് എത്രത്തോളം ദുഃഖം തോന്നുന്നുണ്ടെന്നു യേശുവിനു നന്നായി മനസ്സിലാകും.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
നാലു ദിവസമായല്ലോ: അക്ഷ. “നാലാമത്തേതാണ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം വാസ്തവത്തിൽ ഒരു ക്രമസൂചകസംഖ്യയെ സൂചിപ്പിക്കുന്ന പദമാണ്. എന്നാൽ ആ സംഖ്യ ‘ദിവസത്തെയാണു’ കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നുണ്ട്. സാധ്യതയനുസരിച്ച് അപ്പോഴേക്കും മൂന്നു പൂർണദിവസങ്ങളും നാലാം ദിവസത്തിന്റെ ഒരു ഭാഗവും കഴിഞ്ഞുപോയിരുന്നു.
ദുർഗന്ധം കാണും: മാർത്തയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്, ഒരു മൃതശരീരം വിപുലമായ തോതിൽ സുഗന്ധദ്രവ്യങ്ങളൊക്കെ ഇട്ട്, ദീർഘകാലത്തേക്കു സൂക്ഷിച്ചുവെക്കുന്ന രീതി ജൂതന്മാർക്കില്ലായിരുന്നു എന്നാണ്. അഥവാ ലാസറിന്റെ കാര്യത്തിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ശരീരത്തിൽനിന്ന് ദുർഗന്ധം വരുമെന്നു മാർത്ത പറയില്ലായിരുന്നു. ലാസറിന്റെ കൈകാലുകൾ തുണികൊണ്ട് ചുറ്റുകയും ‘മുഖം ഒരു തുണികൊണ്ട് മൂടുകയും’ ചെയ്തിരുന്നു എന്നതു ശരിയാണ്. അതു പക്ഷേ ശരീരം കേടാകാതെ സൂക്ഷിക്കുന്നതിനായിരിക്കാൻ തീരെ സാധ്യതയില്ല.—യോഹ 11:44.
ലാസർ: ലൂക്ക 16:20-ന്റെ പഠനക്കുറിപ്പു കാണുക.
മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു: ശവസംസ്കാരത്തിനായി, സുഗന്ധദ്രവ്യങ്ങൾ ഇട്ട് ശരീരം വൃത്തിയുള്ള ഒരു ലിനൻ തുണിയിൽ പൊതിയുന്ന രീതി ജൂതന്മാർക്കുണ്ടായിരുന്നു. ഇതു പക്ഷേ ഈജിപ്തുകാർ ചെയ്തിരുന്നതുപോലെ ശവശരീരം അഴുകാതെ സൂക്ഷിക്കാനായിരുന്നില്ല. (ഉൽ 50:3; മത്ത 27:59; മർ 16:1; യോഹ 19:39, 40) ലാസറിന്റെ മുഖം മൂടിയിരുന്ന തുണി, അദ്ദേഹം ഉയിർത്തെഴുന്നേറ്റ് കല്ലറയിൽനിന്ന് പുറത്തുവന്നപ്പോഴും ഉണ്ടായിരുന്നു. ഇവിടെ “തുണി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സൗദാരിയൊൻ എന്ന ഗ്രീക്കുപദം, ഒരു തൂവാലയെയോ മുഖവും ശരീരവും ഒക്കെ തേച്ചുകുളിക്കാൻ ഉപയോഗിക്കുന്ന ചെറിയ തുണിക്കഷണത്തെയോ ആണ് കുറിക്കുന്നത്. യോഹ 20:7-ൽ ‘യേശുവിന്റെ തലയിലുണ്ടായിരുന്ന തുണിയെക്കുറിച്ച്’ പറയുന്നിടത്തും ഇതേ ഗ്രീക്കുപദം കാണാം.
നമ്മുടെ സ്ഥലം: അതായത്, നമ്മുടെ ആരാധനാസ്ഥലം; അഥവാ വിശുദ്ധസ്ഥലം. സാധ്യതയനുസരിച്ച്, യരുശലേമിലെ ദേവാലയത്തെയാണ് ഇതു കുറിക്കുന്നത്.—പ്രവൃ 6:13, 14 താരതമ്യം ചെയ്യുക.
മഹാപുരോഹിതൻ: ഇസ്രായേൽ ഒരു സ്വതന്ത്രജനതയായിരുന്നപ്പോൾ മഹാപുരോഹിതൻ ജീവിതാവസാനംവരെ ആ സ്ഥാനത്ത് തുടർന്നിരുന്നു. (സംഖ 35:25) എന്നാൽ ഇസ്രായേൽ റോമൻ അധീനതയിലായപ്പോൾ അതിനു മാറ്റംവന്നു. റോമാക്കാർ നിയമിച്ച ഭരണാധികാരികൾക്കു മഹാപുരോഹിതനെ നിയമിക്കാനും നീക്കാനും അധികാരമുണ്ടായിരുന്നു. (പദാവലി കാണുക.) ഇത്തരത്തിൽ റോമാക്കാർ നിയമിച്ച മഹാപുരോഹിതനായിരുന്നു കയ്യഫ. വിദഗ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം, തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ അദ്ദേഹം ഏതാണ്ട് എ.ഡി. 36 വരെ ആ സ്ഥാനത്ത് തുടർന്നു. എന്നാൽ കയ്യഫ ആ വർഷത്തെ മഹാപുരോഹിതനായിരുന്നു എന്നു യോഹന്നാൻ പറഞ്ഞത് എന്തുകൊണ്ടാണ്? കയ്യഫ മഹാപുരോഹിതനായിരുന്ന സമയത്ത് നടന്ന വളരെ ശ്രദ്ധേയമായ ഒരു സംഭവം ആയിരുന്നു എ.ഡി. 33-ൽ (അഥവാ ‘ആ വർഷം’) നടന്ന യേശുവിന്റെ മരണം. അതു വളരെയധികം ശ്രദ്ധേയമായ ഒരു വർഷമായതുകൊണ്ടാകാം യോഹന്നാൻ കയ്യഫയെ അത്തരത്തിൽ വിശേഷിപ്പിച്ചത്.—കയ്യഫയുടെ വീടു സ്ഥിതി ചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
എഫ്രയീം: ഇസ്രായേൽരാജാവായ യൊരോബെയാമിൽനിന്ന് യഹൂദാരാജാവായ അബീയ പിടിച്ചെടുത്ത എഫ്രോൻ എന്ന നഗരമായിരിക്കാം ഇത്. (2ദിന 13:19) ഈ നഗരം സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ എറ്റ്-ടായിബ (എറ്റ്-ടായിബെ എന്നും അറിയപ്പെടുന്നു.) ഗ്രാമത്തിന്റെ സ്ഥാനത്താണെന്നു പൊതുവേ കരുതപ്പെടുന്നു. ഈ ഗ്രാമം ബഥേലിന് ഏതാണ്ട് 6 കി.മീ. വടക്കുകിഴക്കും ബാൽഹാസോർ സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന സ്ഥലത്തിനു 3 കി.മീ. തെക്കുകിഴക്കും ആണ്. (2ശമു 13:23) വിജനഭൂമിക്കരികെ, യരീഹൊമരുപ്രദേശത്തിന് അഭിമുഖമായാണ് ഇതിന്റെ സ്ഥാനം. അതിനു തെക്കുകിഴക്കാണു ചാവുകടൽ. റോമൻ സൈന്യാധിപനായ വെസ്പേഷ്യൻ യരുശലേമിനെ ആക്രമിക്കാൻ വന്നപ്പോൾ അദ്ദേഹം എഫ്രയീം പിടിച്ചടക്കിയതായി ജൂതചരിത്രകാരനായ ജോസീഫസ് പറയുന്നുണ്ട്.—ജൂതയുദ്ധം, IV, (ഇംഗ്ലീഷ്) 551, (ix, 9)
പെസഹ: അതായത്, എ.ഡി. 33-ലെ പെസഹ. സാധ്യതയനുസരിച്ച്, യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന നാലാമത്തെ പെസഹയാണ് ഇത്.—യോഹ 2:13; 5:1; 6:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം
മഹാസൻഹെദ്രിൻ എന്ന് അറിയപ്പെട്ടിരുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയിൽ 71 അംഗങ്ങളുണ്ടായിരുന്നു. യരുശലേമിലായിരുന്നു അത്. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) അതിലെ ഇരിപ്പിടങ്ങൾ അർധവൃത്താകൃതിയിൽ, മൂന്നു നിരയായിട്ടാണു ക്രമീകരിച്ചിരുന്നത് എന്നു മിഷ്ന പറയുന്നു. കോടതിവിധികൾ രേഖപ്പെടുത്താൻ രണ്ടു ശാസ്ത്രിമാരും കാണും. ഒന്നാം നൂറ്റാണ്ടിലെ സൻഹെദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടിടത്തിന്റെ (യരുശലേമിൽനിന്ന് കണ്ടെടുത്തത്) വാസ്തുശൈലി അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിലെ ചില ഭാഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.—അനുബന്ധം ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.
1. മഹാപുരോഹിതൻ
2. സൻഹെദ്രിനിലെ അംഗങ്ങൾ
3. പ്രതി
4. ഗുമസ്തന്മാർ