യോഹന്നാൻ എഴുതിയത് 13:1-38
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പെസഹാപ്പെരുന്നാൾ: അതായത്, എ.ഡി. 33-ലെ പെസഹ.—യോഹ 2:13-ന്റെ പഠനക്കുറിപ്പു കാണുക.
സ്നേഹിച്ചു: യോഹന്നാന്റെ സുവിശേഷത്തിലെ തുടർന്നുള്ള അധ്യായങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ഒരു വിഷയം സ്നേഹമാണ്. ആദ്യത്തെ 12 അധ്യായങ്ങളിലുംകൂടെ അഗപാഓ (സ്നേഹിക്കുക) എന്ന ഗ്രീക്കു ക്രിയാപദവും അഗാപേ (സ്നേഹം) എന്ന നാമപദവും ആകെ 8 തവണയേ കാണുന്നുള്ളൂ എങ്കിലും 13 മുതൽ 21 വരെയുള്ള അധ്യായങ്ങളിൽ ഈ പദങ്ങൾ 36 തവണ ഉപയോഗിച്ചിരിക്കുന്നതായി കാണാം. വാസ്തവത്തിൽ, പിതാവിനോടും ശിഷ്യന്മാരോടും യേശുവിനുണ്ടായിരുന്ന ആഴമായ സ്നേഹം ഇത്ര വ്യക്തമായി വരച്ചുകാട്ടുന്ന മറ്റു ബൈബിൾഭാഗങ്ങളില്ല. ഉദാഹരണത്തിന്, യഹോവയോടു യേശുവിനുള്ള സ്നേഹത്തെക്കുറിച്ച് നാലു സുവിശേഷവിവരണങ്ങളിലും പറയുന്നുണ്ടെങ്കിലും, ‘ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ട്’ എന്നു യേശു വ്യക്തമായി പ്രസ്താവിച്ചതിനെക്കുറിച്ച് യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (യോഹ 14:31) ഇനി, യഹോവ തന്നെ സ്നേഹിക്കുന്നെന്നു പറഞ്ഞിട്ട് യേശു അതിന്റെ കാരണവുംകൂടെ വിശദീകരിക്കുന്നതും യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ, യേശു ശിഷ്യന്മാരെ പിരിയുന്ന സമയത്ത് പറഞ്ഞ വാക്കുകളിലാണു കാണുന്നത്.—യോഹ 15:9, 10.
അവസാനംവരെ സ്നേഹിച്ചു: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദപ്രയോഗം, സാധ്യതയനുസരിച്ച് യേശുവിന്റെ മനുഷ്യജീവിതത്തിന്റെ അവസാനത്തെയാണു കുറിക്കുന്നത്. എന്നാൽ “അവരെ പൂർണമായി (മുഴുവനായി) സ്നേഹിക്കുക; അവരെ തുടർന്നും സ്നേഹിക്കുക” എന്നൊക്കെയാണ് ഇവിടെ ഈ ഗ്രീക്കുപദപ്രയോഗത്തിന്റെ അർഥമെന്നു ചിലർ പറയുന്നു.
അരയിൽ ചുറ്റി: അഥവാ “അര കെട്ടി.” ആരുടെയെങ്കിലും കാൽ കഴുകി തുടയ്ക്കുന്നത് ഒരു അടിമ ചെയ്യുന്ന തരംതാഴ്ന്ന പണിയായിട്ടാണു പൊതുവേ കണ്ടിരുന്നത്. (യോഹ 13:12-17) വാസ്തവത്തിൽ അത്തരമൊരു കാര്യം ചെയ്തതിലൂടെ യേശു തന്റെ ശിഷ്യന്മാരെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. യഹോവ തന്റെ ദാസന്മാരിൽനിന്ന് പ്രതീക്ഷിക്കുന്ന മനോഭാവത്തെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു അത്. യേശു ഇക്കാര്യം പഠിപ്പിച്ച രാത്രിയിൽ പത്രോസ് അപ്പോസ്തലനും അവിടെയുണ്ടായിരുന്നു. “താഴ്മ ധരിച്ച് (അഥവാ “താഴ്മ അരയ്ക്കു കെട്ടി”) വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ” എന്നു പിൽക്കാലത്ത് അദ്ദേഹം സഹവിശ്വാസികളെ ഉപദേശിച്ചത് ഈ സംഭവം മനസ്സിൽവെച്ചായിരിക്കാം.—1പത്ര 5:5.
ശിഷ്യന്മാരുടെ കാലു കഴുകി: പണ്ട് ഇസ്രായേലിൽ ആളുകൾ പൊതുവേ പാദരക്ഷയായി അണിഞ്ഞിരുന്നതു വള്ളിച്ചെരിപ്പുകളാണ്. അത്തരം ചെരിപ്പുകൾക്കു പ്രധാനമായും ഒരു അടിത്തോലും (sole) അതു പാദത്തിലും കാൽക്കുഴയിലും ബന്ധിപ്പിച്ചുനിറുത്താനുള്ള വള്ളികളും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യാത്ര കഴിഞ്ഞ് എത്തുമ്പോഴേക്കും വഴിയിലെയും പറമ്പിലെയും പൊടിയും ചെളിയും ഒക്കെ പറ്റി കാൽ ആകെ അഴുക്കായിട്ടുണ്ടാകും. ഇക്കാരണത്താൽ ആളുകൾ സാധാരണയായി ചെരിപ്പ് ഊരി, കാൽ കഴുകിയിട്ടാണു വീട്ടിൽ കയറിയിരുന്നത്. നല്ലൊരു ആതിഥേയൻ അതിഥികളുടെ കാലു കഴുകാൻ വേണ്ട ക്രമീകരണം ചെയ്യുമായിരുന്നു. ഈ സമ്പ്രദായത്തെക്കുറിച്ച് ബൈബിളിൽ പലയിടത്തും പറയുന്നുണ്ട്. (ഉൽ 18:4, 5; 24:32; 1ശമു 25:41; ലൂക്ക 7:37, 38, 44) യേശു ശിഷ്യന്മാരുടെ കാലു കഴുകിയപ്പോൾ, താഴ്മ കാണിക്കേണ്ടതിന്റെയും പരസ്പരം സേവനങ്ങൾ ചെയ്തുകൊടുക്കേണ്ടതിന്റെയും പ്രാധാന്യം അവരെ പഠിപ്പിക്കുകയായിരുന്നു.
അരയിൽ ചുറ്റിയിരുന്ന: അഥവാ “അരയിൽ കെട്ടിയിരുന്ന.”—യോഹ 13:4-ന്റെ പഠനക്കുറിപ്പു കാണുക.
അറിയാമായിരുന്നതുകൊണ്ട്: മറ്റുള്ളവരുടെ ചിന്തകളും മനോഭാവങ്ങളും മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് യേശുവിനുണ്ടായിരുന്നു. യേശു യൂദാസിനെ അപ്പോസ്തലനായി തിരഞ്ഞെടുത്ത സമയത്ത് അയാളിൽ വഞ്ചനാമനോഭാവം ഇല്ലായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. (മത്ത 9:4; മർ 2:8; യോഹ 2:24, 25) എന്നാൽ പിന്നീട് യൂദാസിൽ മോശമായ മനോഭാവം വളർന്നുതുടങ്ങിയപ്പോൾത്തന്നെ യേശു അതു തിരിച്ചറിഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നത് ആരാണെന്ന് അങ്ങനെ യേശുവിനു മനസ്സിലായി. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്ന് അറിഞ്ഞിട്ടും യേശു ആ വഞ്ചകന്റെ കാലുകൾ കഴുകി.—യോഹ 6:64; 6:70 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
കഴുകണം: അഥവാ “കഴുകാൻ ബാധ്യസ്ഥരാണ്.” ഇവിടെ ബാധ്യസ്ഥതയെ സൂചിപ്പിക്കുന്ന ഗ്രീക്കുക്രിയ, സാമ്പത്തികകാര്യങ്ങളോടു ബന്ധപ്പെട്ടാണു പലപ്പോഴും ഉപയോഗിക്കാറുള്ളത്. അതിന്റെ അടിസ്ഥാനാർഥം “ഒരാൾക്കു കടം കൊടുത്തുതീർക്കാനുണ്ടായിരിക്കുക; ഒരാൾക്ക് എന്തെങ്കിലും കടപ്പെട്ടിരിക്കുക” എന്നൊക്കെയാണ്. (മത്ത 18:28, 30, 34; ലൂക്ക 16:5, 7) എന്നാൽ ഇവിടെയും മറ്റു ചില വാക്യങ്ങളിലും അതു കുറെക്കൂടെ വിശാലമായ അർഥത്തിൽ ബാധ്യസ്ഥതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.—1യോഹ 3:16; 4:11; 3യോഹ 8.
അയയ്ക്കപ്പെട്ടവൻ: അഥവാ “സന്ദേശവാഹകൻ (പ്രതിനിധി); അപ്പോസ്തലൻ.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ അപ്പോസ്തൊലൊസ് (“പറഞ്ഞയയ്ക്കുക” എന്ന് അർഥംവരുന്ന അപ്പോസ്തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്ന് വന്നിരിക്കുന്നത്.) എന്ന ഗ്രീക്കുപദം, 80-ൽ 78 പ്രാവശ്യവും “അപ്പോസ്തലൻ,” “അപ്പോസ്തലന്മാർ” എന്നൊക്കെയാണു പരിഭാഷ ചെയ്തിരിക്കുന്നത്. (ഫിലി 2:25-ൽ ഈ പദം തർജമ ചെയ്തിരിക്കുന്നത് “പ്രതിനിധി” എന്നാണ്.) യോഹന്നാന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കുപദം കാണുന്നുള്ളൂ.—മത്ത 10:5; ലൂക്ക 11:49; 14:32; മത്ത 10:2; മർ 3:14 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “അപ്പോസ്തലൻ” എന്നതും കാണുക.
എന്റെ അപ്പം തിന്നുന്നവൻ: ആരുടെയെങ്കിലും കൂടെയിരുന്ന് അപ്പം തിന്നുന്നത് അഥവാ ഭക്ഷണം കഴിക്കുന്നത് അയാളുമായുള്ള സൗഹൃദത്തിന്റെ ഒരു അടയാളമായിരുന്നു. അതിഥി ആതിഥേയനുമായി സമാധാനത്തിലാണെന്നാണ് അതു സൂചിപ്പിച്ചിരുന്നത്. (ഉൽ 31:54; പുറ 2:20 18:12 എന്നീ വാക്യങ്ങളിൽ “അപ്പം തിന്നുക” എന്ന് അർഥമുള്ള എബ്രായപദപ്രയോഗം “ഭക്ഷണം കഴിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.) കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ട്, ആതിഥേയനെ ദ്രോഹിക്കുന്നത് അയാളോടു ചെയ്യാവുന്നതിലേക്കും ഏറ്റവും വലിയ ചതിയായിട്ടാണു കണക്കാക്കിയിരുന്നത്.—സങ്ക 41:9.
എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു: അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തിയിരിക്കുന്നു.” യേശു ഇവിടെ സങ്ക 41:9-ലെ പ്രാവചനികവാക്കുകൾ ഉദ്ധരിക്കുകയായിരുന്നു. ആ പ്രാവചനികവാക്കുകളുടെ അക്ഷരാർഥപരിഭാഷ, “എനിക്ക് എതിരെ അവൻ ഉപ്പൂറ്റി ഉന്നതമാക്കിയിരിക്കുന്നു” എന്നാണ്. കൂടെ നടന്ന് തന്നെ വഞ്ചിച്ച ഒരാളെക്കുറിച്ച് ദാവീദ് അവിടെ ആലങ്കാരികഭാഷയിൽ സംസാരിക്കുകയായിരുന്നു. ‘ദാവീദിന്റെ ഉപദേഷ്ടാവായിരുന്ന’ അഹിഥോഫെലിനെക്കുറിച്ചായിരിക്കാം ദാവീദ് അങ്ങനെ പറഞ്ഞത്. (2ശമു 15:12) യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ച് പറയാൻ യേശുവും അതേ വാക്കുകൾ ഉപയോഗിച്ചു. ഇവിടെയും, ഒരാൾക്കെതിരെ ഉപ്പൂറ്റി ‘ഉയർത്തുക’ എന്നു പറഞ്ഞിരിക്കുന്നത്, അയാളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തിൽ വഞ്ചകമായി പ്രവർത്തിക്കുക എന്ന അർഥത്തിൽത്തന്നെയാണ്.
യേശു സ്നേഹിച്ച ശിഷ്യൻ: അതായത്, യേശുവിനു പ്രത്യേകസ്നേഹമുണ്ടായിരുന്ന ശിഷ്യൻ. യേശു “സ്നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച് ഈ സുവിശേഷത്തിൽ അഞ്ചിടത്ത് പറയുന്നുണ്ട്. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യത്തേതാണ് ഇത്. ഈ ശിഷ്യൻ സെബെദിയുടെ മകനും യാക്കോബിന്റെ സഹോദരനും ആയ യോഹന്നാൻ അപ്പോസ്തലനാണെന്നു പൊതുവേ കരുതപ്പെടുന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാനുള്ള ഒരു കാരണം, ഈ സുവിശേഷത്തിൽ എവിടെയും അപ്പോസ്തലനായ യോഹന്നാന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല എന്നതാണ്. ആകെക്കൂടെ യോഹ 21:2-ൽ ‘സെബെദിപുത്രന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ശിഷ്യൻ” യോഹന്നാൻ അപ്പോസ്തലൻതന്നെയായിരിക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്നേഹിച്ച ശിഷ്യൻതന്നെയാണ്’ ഈ സുവിശേഷത്തിന്റെ എഴുത്തുകാരൻ എന്ന് അവിടെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആ അപ്പോസ്തലനെക്കുറിച്ച്, “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്” എന്നു യേശു ചോദിക്കുന്നതായും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോസ്തലൻ, പത്രോസിനെക്കാളും മറ്റ് അപ്പോസ്തലന്മാരെക്കാളും എല്ലാം കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നാണ് ഇതു സൂചിപ്പിച്ചത്. അത്തരത്തിൽ ദീർഘകാലം ജീവിച്ചിരുന്ന അപ്പോസ്തലനും യോഹന്നാൻതന്നെയാണ്.—യോഹ തലക്കെട്ടിന്റെയും യോഹ 1:6; 21:20 എന്നിവയുടെയും പഠനക്കുറിപ്പുകൾ കാണുക.
ചേർന്ന്: അക്ഷ. “മാറോടു ചേർന്ന്.” യേശുവിന്റെ കാലത്ത് ആളുകൾ ഭക്ഷണമേശയ്ക്കൽ ഇരുന്നിരുന്ന രീതി വർണിക്കുന്ന ഒരു പദപ്രയോഗമാണ് ഇത്. ഒരു കുഷ്യനിലേക്ക് ഇടങ്കൈമുട്ട് ഊന്നി ചാരിയിരിക്കുന്നതായിരുന്നു അവരുടെ രീതി. അങ്ങനെ ഇരിക്കുമ്പോൾ ഒരാൾക്കു തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്റെ മാറിലേക്ക് അഥവാ നെഞ്ചിലേക്കു ചാരിക്കിടന്ന് സ്വകാര്യസംഭാഷണങ്ങൾ നടത്താമായിരുന്നു. (യോഹ 13:25) ഒരാളോടു ‘ചേർന്ന്’ അഥവാ ഒരാളുടെ ‘മാറോടു ചേർന്ന്’ ഇരിക്കുന്നത്, അയാളോടുള്ള പ്രത്യേകമായ ഇഷ്ടത്തെയോ അടുത്ത സൗഹൃദത്തെയോ ഒക്കെയാണു സൂചിപ്പിച്ചിരുന്നത്. സാധ്യതയനുസരിച്ച് ഈ രീതിയിൽനിന്നാണ്, ലൂക്കോസിന്റെയും യോഹന്നാന്റെയും സുവിശേഷങ്ങളിൽ കാണുന്ന ഈ പദപ്രയോഗം വന്നിരിക്കുന്നത്.—ലൂക്ക 16:22; 23; യോഹ 1:18 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യോഹന്നാൻ: യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിന്റെ മലയാളരൂപം. അർഥം: “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു.” ഈ സുവിശേഷം എഴുതിയത് ആരാണെന്ന് ഇതിൽ പറയുന്നില്ല. എന്നാൽ ഇത് എഴുതിയത് അപ്പോസ്തലനായ യോഹന്നാൻ ആണെന്ന് എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളായപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ സുവിശേഷത്തിൽ യോഹന്നാൻ എന്നു പറഞ്ഞിരിക്കുന്നത് എല്ലായ്പോഴും സ്നാപകയോഹന്നാനെ ഉദ്ദേശിച്ചാണ്. അപ്പോസ്തലനായ യോഹന്നാന്റെ പേര് ഇതിൽ ഒരിടത്തും കാണുന്നില്ലെങ്കിലും അദ്ദേഹത്തെയും സഹോദരനായ യാക്കോബിനെയും ഇതിൽ ‘സെബെദിപുത്രന്മാർ’ എന്നു വിളിച്ചിട്ടുണ്ട്. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കുറിപ്പു കാണുക.) സുവിശേഷത്തിന്റെ അവസാനവാക്യങ്ങളിൽ എഴുത്തുകാരൻ തന്നെക്കുറിച്ച് “യേശു സ്നേഹിക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞിരിക്കുന്നതായി കാണാം. (യോഹ 21:20-24) ഈ പദപ്രയോഗം അപ്പോസ്തലനായ യോഹന്നാനെക്കുറിച്ചുതന്നെയാണെന്നു ചിന്തിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.—യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.
ഉത്സവത്തിന്: സാധ്യതയനുസരിച്ച്, പെസഹയെത്തുടർന്ന് ആരംഭിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ് ഇത്.
കുഞ്ഞുങ്ങളേ: വാത്സല്യം തുളുമ്പുന്ന ഒരു പദപ്രയോഗമാണ് ഇത്. യേശു ശിഷ്യന്മാരെ “കുഞ്ഞുങ്ങളേ” എന്നു വിളിച്ചതായി സുവിശേഷങ്ങളിൽ മുമ്പ് എവിടെയും പറഞ്ഞിട്ടില്ല. “കുഞ്ഞുങ്ങളേ” എന്ന് ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന ടെക്നിയൊൻ എന്ന ഗ്രീക്കുപദം ടെക്നൊൻ (കുട്ടി) എന്ന പദത്തിന്റെ അൽപ്പതാവാചി രൂപമാണ്. ഇഷ്ടത്തെയും അടുപ്പത്തെയും ഒക്കെ സൂചിപ്പിക്കാനാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും അൽപ്പതാവാചി രൂപം ഉപയോഗിച്ചിരിക്കുന്നത്. (പദാവലിയിൽ “അൽപ്പതാവാചി” കാണുക.) അതുകൊണ്ട് ഈ പദപ്രയോഗത്തെ “പ്രിയ കുഞ്ഞുങ്ങളേ” എന്നോ “എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ” എന്നോ പരിഭാഷ ചെയ്താലും തെറ്റില്ല. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഒൻപത് പ്രാവശ്യം കാണാം. അവയെല്ലാം ആലങ്കാരികാർഥത്തിൽ ശിഷ്യന്മാരെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.—ഗല 4:19; 1യോഹ 2:1, 12, 28; 3:7, 18; 4:4; 5:21.
പുതിയ കല്പന: ഒരാൾ തന്നെപ്പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കണമെന്നു മോശയുടെ നിയമം വ്യവസ്ഥ ചെയ്തിരുന്നു. (ലേവ 19:18) ഒരാൾ അയൽക്കാരനെ സ്നേഹിക്കണമായിരുന്നെങ്കിലും സ്വന്തം ജീവൻ കൊടുത്തുപോലും അയൽക്കാരനെ സ്നേഹിക്കണമെന്നൊന്നും ആ നിയമം ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ യേശുവിന്റെ കല്പന, മുമ്പ് നൽകിയിട്ടില്ലാത്ത “പുതിയ” ഒന്നായിരുന്നു. കാരണം യേശു പറഞ്ഞതു ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും സ്നേഹിക്കണം എന്നാണ്. എങ്ങനെ സ്നേഹിക്കണം, മറ്റുള്ളവർക്കുവേണ്ടി എങ്ങനെ നിസ്സ്വാർഥമായി ജീവിക്കണം എന്നെല്ലാം യേശു തന്റെ അനുഗാമികൾക്ക് ഏറ്റവും നന്നായി കാണിച്ചുകൊടുത്തു. മറ്റുള്ളവർക്കുവേണ്ടി മരിക്കാൻപോലും ഒരാളെ പ്രേരിപ്പിക്കുന്ന തരം സ്നേഹമായിരുന്നു അത്. ഈ പുതിയ കല്പന ആവശ്യപ്പെടുന്ന സ്നേഹം യഥാർഥത്തിൽ എന്താണെന്നു യേശുവിന്റെ ജീവിതം മാത്രമല്ല മരണവും നമ്മളെ പഠിപ്പിക്കുന്നു.—യോഹ 15:13.
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അതു പത്രോസിന്റെ ജീവനെ കുറിക്കുന്നു. യേശുവിനുവേണ്ടി ജീവൻപോലും ഉപേക്ഷിക്കാൻ തയ്യാറാണെന്നാണ് ഇവിടെ അദ്ദേഹം പറയുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അതു പത്രോസിന്റെ ജീവനെ കുറിക്കുന്നു.—യോഹ 13:37-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദേഹി” എന്നതും കാണുക.