യോഹന്നാൻ എഴുതിയത് 14:1-31
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
താമസസ്ഥലങ്ങൾ: മൊനീ എന്ന ഗ്രീക്കുപദം ഇവിടെയും യോഹ 14:23-ലും മാത്രമേ കാണുന്നുള്ളൂ. ആ വാക്യത്തിലാകട്ടെ അതു “താമസമാക്കും” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പല ഗ്രീക്കുപ്രസിദ്ധീകരണങ്ങളിലും ഈ പദം, യാത്രയ്ക്കിടെ സഞ്ചാരികൾ വിശ്രമിച്ചിരുന്ന സ്ഥലങ്ങളെ കുറിക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ യേശു ഇവിടെ മറ്റൊരർഥത്തിലാണ് ഈ പദം ഉപയോഗിച്ചതെന്നു മിക്ക പണ്ഡിതന്മാരും പറയുന്നു. താൻ പോകാനിരിക്കുന്ന, പിതാവിന്റെ ഭവനമായ സ്വർഗത്തിൽ സ്ഥിരമായ താമസസ്ഥലങ്ങൾ യേശു വാഗ്ദാനം ചെയ്യുകയായിരുന്നെന്നാണ് അവരുടെ അഭിപ്രായം. ശിഷ്യന്മാർക്കുവേണ്ടി സ്ഥലം ഒരുക്കാൻ യേശു ദൈവത്തിന്റെ അടുത്ത് ചെന്ന്, തന്റെ രക്തത്തിന്റെ മൂല്യം ദൈവമുമ്പാകെ സമർപ്പിക്കണമായിരുന്നു. (എബ്ര 9:12, 24-28) അതിനു ശേഷം മാത്രമേ മനുഷ്യർക്കു സ്വർഗത്തിലേക്കു പോകാനാകുമായിരുന്നുള്ളൂ.—ഫിലി 3:20, 21.
നിങ്ങൾക്കു സ്ഥലം ഒരുക്കാനാണ്: ഇത്തരത്തിൽ സ്ഥലം ഒരുക്കാൻ, യേശു ദൈവസന്നിധിയിൽ ചെന്ന് തന്റെ രക്തത്തിന്റെ മൂല്യം ദൈവത്തിനു സമർപ്പിക്കണമായിരുന്നു. പുതിയ ഉടമ്പടിക്കു നിയമസാധുത നൽകുമായിരുന്ന ഒരു നടപടിയായിരുന്നു അത്. ഇനി, യേശുവിനു രാജാധികാരം ലഭിക്കുന്നതും സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു. അതിനും ശേഷമേ യേശുവിന്റെ അഭിഷിക്താനുഗാമികളുടെ സ്വർഗീയപുനരുത്ഥാനം ആരംഭിക്കുമായിരുന്നുള്ളൂ.—1തെസ്സ 4:14-17; എബ്ര 9:12, 24-28; 1പത്ര 1:19; വെളി 11:15.
ഞാൻതന്നെയാണു വഴിയും സത്യവും ജീവനും: യേശുവാണു വഴി എന്നു പറയാനുള്ള ഒരു കാരണം യേശുവിലൂടെ മാത്രമേ നമുക്കു ദൈവത്തോടു പ്രാർഥിക്കാൻ കഴിയൂ എന്നതാണ്. ഇനി, മനുഷ്യർക്കു ദൈവവുമായി അനുരഞ്ജനത്തിലാകാനുള്ള ‘വഴിയും’ യേശുവാണ്. (യോഹ 16:23; റോമ 5:8) യേശുവാണു സത്യം എന്നു പറയാനുള്ള ഒരു കാരണം യേശുവിന്റെ സംസാരവും ജീവിതവും സത്യത്തിനു ചേർച്ചയിലായിരുന്നു എന്നതാണ്. ഇനി, ദൈവോദ്ദേശ്യം നടപ്പാകുന്നതിൽ യേശുവിന് അതുല്യസ്ഥാനമുണ്ടെന്നു തെളിയിക്കുന്ന ധാരാളം പ്രവചനങ്ങൾ യേശുവിൽ നിറവേറുകയും ചെയ്തു. (യോഹ 1:14; വെളി 19:10) അതെ, ആ പ്രവചനങ്ങളെല്ലാം ‘“ഉവ്വ്” എന്നായിരിക്കുന്നതു (അഥവാ, നിറവേറിയിരിക്കുന്നത്) യേശുവിലൂടെയാണ്.’ (2കൊ 1:20) യേശുവാണു ജീവൻ എന്നു പറയാനുള്ള കാരണം മാനവകുലത്തിന് ‘യഥാർഥജീവൻ,’ അതായത് ‘നിത്യജീവൻ’ ലഭിക്കാൻ വഴി തുറന്നതു യേശു നൽകിയ മോചനവിലയായിരുന്നു എന്നതാണ്. (1തിമ 6:12, 19; എഫ 1:7; 1യോഹ 1:7) പറുദീസാഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയോടെ പുനരുത്ഥാനപ്പെടുന്ന ദശലക്ഷങ്ങൾക്കും യേശു ‘ജീവനാണെന്നു’ തെളിയും.—യോഹ 5:28, 29.
സ്വന്തമായി: അഥവാ “സ്വയമായി.” അക്ഷ. “തന്നിൽനിന്നുതന്നെ.” ദൈവത്തിന്റെ മുഖ്യപ്രതിനിധിയായതുകൊണ്ട് യേശു എപ്പോഴും യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകയും യഹോവ നിർദേശിക്കുന്ന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു.
അതിലും വലിയതും: തന്റെ ശിഷ്യന്മാർ താൻ ചെയ്തതിനെക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. മറിച്ച് താൻ ചെയ്തതിനെക്കാൾ വിപുലമായി അവർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്നു താഴ്മയോടെ അംഗീകരിക്കുകയായിരുന്നു യേശു. യേശുവിന്റെ അനുഗാമികൾ യേശുവിനെക്കാൾ കൂടുതൽ പ്രദേശം പ്രവർത്തിച്ചുതീർക്കുകയും കൂടുതൽ ആളുകളോടു സംസാരിക്കുകയും കൂടുതൽ കാലം പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു. താൻ തുടങ്ങിവെച്ച പ്രവർത്തനം ശിഷ്യന്മാർ തുടർന്നും ചെയ്യാൻ യേശു പ്രതീക്ഷിച്ചിരുന്നെന്നാണ് ആ വാക്കുകൾ തെളിയിക്കുന്നത്.
ചോദിക്കുന്നത്: ചില പുരാതന കൈയെഴുത്തുപ്രതികൾ ഈ പരിഭാഷയെയാണു പിന്താങ്ങുന്നത്. മാത്രമല്ല യോഹ 15:16; 16:23 എന്നിവയിലെ വാക്കുകളുമായും ഇതു യോജിക്കുന്നു. എന്നാൽ മറ്റു ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് “എന്നോടു ചോദിക്കുന്നത്” എന്നാണു കാണുന്നത്.
മറ്റൊരു സഹായി: ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്, ശിഷ്യന്മാർക്ക് അപ്പോൾത്തന്നെ ഒരു ‘സഹായിയായി’ യേശു ഉണ്ടായിരുന്നെന്നാണ്. വാസ്തവത്തിൽ യേശുവിനെ “സഹായി” (പരാക്ലേറ്റൊസ്) എന്നു വിളിച്ചിരിക്കുന്ന 1യോഹ 2:1-ലും ഇതേ ഗ്രീക്കുപദമാണു കാണുന്നത്. എന്നാൽ താൻ ഭൂമിയിൽനിന്ന് പോയശേഷം ദൈവാത്മാവ് അഥവാ ദൈവത്തിന്റെ ചലനാത്മകശക്തി ശിഷ്യന്മാർക്കു കൂടുതലായ സഹായം നൽകുമെന്നാണു യേശു ഈ വാക്യത്തിൽ വാഗ്ദാനം ചെയ്യുന്നത്.
സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.” “സഹായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പരാക്ലേറ്റൊസ് എന്ന പദം ബൈബിളിൽ പരിശുദ്ധാത്മാവിനെയും (യോഹ 14:16, 26; 15:26; 16:7) യേശുവിനെയും (1യോഹ 2:1) കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ പദത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ, സഹായത്തിനായി “ഒരാളുടെ അരികിലേക്കു വിളിക്കപ്പെട്ടയാൾ” എന്നാണ്. ഒരു ശക്തി മാത്രമായ പരിശുദ്ധാത്മാവിനെയാണു യേശു ഇവിടെ ആളത്വം കല്പിച്ച് “സഹായി” എന്നു വിളിച്ചത്. ഇനി, ഈ സഹായി ‘പഠിപ്പിക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാരിക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞപ്പോഴും അത് ഒരു വ്യക്തിയാണെന്നപോലെയാണു യേശു സംസാരിച്ചത്. പക്ഷേ, വ്യക്തികളല്ലാത്തവയ്ക്കോ ജീവനില്ലാത്തവയ്ക്കോ ഇത്തരത്തിൽ ആളത്വം കല്പിച്ച് സംസാരിക്കുന്നത് ഒരു അലങ്കാരപ്രയോഗമാണ്. ഈ അലങ്കാരപ്രയോഗം തിരുവെഴുത്തുകളിൽ പലയിടത്തും കാണാം. ഉദാഹരണത്തിന്, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവയെക്കുറിച്ചെല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞവയിൽ ഒന്നുപോലും വ്യക്തികളല്ല. ഇനി, ദൈവാത്മാവിനെ പലപ്പോഴും വ്യക്തികളല്ലാത്ത കാര്യങ്ങൾക്കൊപ്പമാണു പട്ടികപ്പെടുത്തിയിരിക്കുന്നത് എന്നതും, അത് ഒരു വ്യക്തിയല്ല എന്ന വസ്തുതയെ പിന്താങ്ങുന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായിയെ’ കുറിക്കാൻ ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നു ചിലർ വാദിക്കുന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കുപദം പുല്ലിംഗരൂപത്തിലായതുകൊണ്ടാണു ‘സഹായിയുടെ’ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നിടത്തും പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വ്യാകരണനിയമമനുസരിച്ച് അങ്ങനെയാണു വേണ്ടത്. (യോഹ 16:7, 8, 13, 14) ഇനി, പരിശുദ്ധാത്മാവിനെ കുറിക്കാൻ ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭമെടുക്കുക. അതിനെ കുറിക്കാൻ ഗ്രീക്കിൽ നപുംസകസർവനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) നപുംസകലിംഗത്തിലാണ്.—യോഹ 14:17-ന്റെ പഠനക്കുറിപ്പു കാണുക.
ആത്മാവ്: അഥവാ “ചലനാത്മകശക്തി.” “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ന്യൂമ എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലായതുകൊണ്ട് അതിനെ കുറിക്കാൻ നപുംസകസർവനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഗ്രീക്കുപദത്തിനു പല അർഥങ്ങളുണ്ട്. എന്നാൽ അവയെല്ലാം മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ഒന്നിനെയാണു കുറിക്കുന്നത്. അതിനെ കാണാൻ കഴിയില്ലെങ്കിലും അതിന്റെ ശക്തിയുടെ ചലനം മിക്കപ്പോഴും തെളിവുകളിലൂടെ മനസ്സിലാക്കാനാകും. (പദാവലി കാണുക.) ഇവിടെ “ആത്മാവ്” എന്നു പറഞ്ഞിരിക്കുന്നതു പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. ഈ വാക്യത്തിൽ സത്യത്തിന്റെ ആത്മാവ് എന്നാണ് അതിനെ വിളിച്ചിരിക്കുന്നത്. ഇതേ പദപ്രയോഗം യോഹ 15:26-ലും 16:13-ലും കാണാം. “സഹായി,” (യോഹ 16:7) അതായത് “സത്യത്തിന്റെ ആത്മാവ്,” തന്റെ ശിഷ്യന്മാരെ ‘നയിക്കുമ്പോൾ’ അവർക്കു “സത്യം മുഴുവനായി” മനസ്സിലാക്കാനാകും എന്നു യേശു യോഹ 16:13-ൽ പറയുന്നതായും കാണാം.
അതിനെ കാണുകയോ . . . നിങ്ങൾക്ക് അതിനെ അറിയാം: ഈ വാക്യത്തിൽ രണ്ടു തവണ “അതിനെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഓട്ടോ എന്ന ഗ്രീക്കുസർവനാമം നപുംസകലിംഗത്തിലുള്ളതാണ്. ആ സർവനാമം ആത്മാവിനെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ആത്മാവിന്റെ’ ഗ്രീക്കുപദമായ ന്യൂമയും നപുംസകലിംഗത്തിൽത്തന്നെയാണ്.—യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.
അനാഥർ: “അനാഥൻ” എന്നതിന്റെ ഗ്രീക്കുപദം ഒർഫനൊസ് ആണ്. യാക്ക 1:27-ൽ അതു മാതാപിതാക്കളില്ലാത്തവരെ കുറിക്കാൻ അക്ഷരാർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അതിന് ഒരു ആലങ്കാരികാർഥമാണുള്ളത്. ഒരു സ്നേഹിതന്റെയോ പരിപാലകന്റെയോ യജമാനന്റെയോ പിന്തുണയും സംരക്ഷണവും ഒന്നുമില്ലാത്തയാളെയാണ് അതു കുറിക്കുന്നത്. സഹായിക്കാനോ സംരക്ഷിക്കാനോ ആരുമില്ലാത്ത നിലയിൽ ശിഷ്യന്മാരെ താൻ ഉപേക്ഷിക്കില്ലെന്നാണു യേശു ഇവിടെ വാഗ്ദാനം ചെയ്തത്.
യൂദാസ് ഈസ്കര്യോത്ത് അല്ലാത്ത മറ്റേ യൂദാസ്: തദ്ദായി എന്നും വിളിച്ചിരുന്ന അപ്പോസ്തലനായ യൂദാസ് ആണ് ഇത്.—മത്ത 10:3-ന്റെ പഠനക്കുറിപ്പു കാണുക.
താമസമാക്കും: യോഹ 14:2-ന്റെ പഠനക്കുറിപ്പു കാണുക.
സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.”—യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.
അയാൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല: അഥവാ “അയാൾക്ക് എന്റെ മേൽ ഒരു നിയന്ത്രണവുമില്ല.” അക്ഷ. “അയാൾക്ക് എന്നിൽ ഒന്നുമില്ല.” യേശുവിൽ അപൂർണതയോ തെറ്റായ ആഗ്രഹങ്ങളോ ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അതൊന്നും മുതലെടുത്ത് യേശുവിനെ ദൈവസേവനത്തിൽനിന്ന് അകറ്റിക്കളയാൻ സാത്താനു കഴിയുമായിരുന്നില്ല. “എന്റെ മേൽ ഒരു അധികാരവുമില്ല” എന്നതിന്റെ ഗ്രീക്കുപദപ്രയോഗം സാധ്യതയനുസരിച്ച് നിയമകാര്യങ്ങളോടു ബന്ധപ്പെട്ട ഒരു എബ്രായശൈലിയിൽനിന്ന് വന്നിട്ടുള്ളതാണ്. “അയാൾക്ക് എന്റെ മേൽ ഒരു അവകാശവാദവും ഉന്നയിക്കാനില്ല” എന്നാണ് അതിന്റെ അർഥം. എന്നാൽ യൂദാസിന്റെ കാര്യത്തിൽ, പിശാചിന് അയാളിൽ പ്രവേശിക്കാനും അയാളുടെമേൽ അധികാരം പ്രയോഗിക്കാനും കഴിഞ്ഞു.—യോഹ 13:27.