യോഹന്നാൻ എഴുതിയത് 15:1-27
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
വെട്ടിവെടിപ്പാക്കി: “വെട്ടിവെടിപ്പാക്കി” എന്നതിന്റെ ഗ്രീക്കുപദം, യോഹ 15:3-ൽ “വെടിപ്പുള്ളവരാണ്” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദത്തിന്റെ ക്രിയാരൂപമാണ്.
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അത് ഒരാളുടെ ജീവനെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല: “അടിമ” എന്നതിന്റെ ഗ്രീക്കുപദം ഡൂലൊസ് ആണ്. ഇതു പൊതുവേ ഒരാളുടെ ഉടമസ്ഥതയിലുള്ള ആരെയെങ്കിലും കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. (മത്ത 8:9; 10:24, 25; 13:27) ദൈവത്തിന്റെയും ദൈവപുത്രനായ യേശുക്രിസ്തുവിന്റെയും വിശ്വസ്തദാസന്മാരായ മനുഷ്യരെയോ (പ്രവൃ 2:18; 4:29; റോമ 1:1; ഗല 1:10) ദൈവദൂതന്മാരെയോ [വെളി 19:10, ഇവിടെ സുൻഡൂലൊസ് (ഒപ്പം പ്രവർത്തിക്കുന്ന അടിമ) എന്ന പദമാണു കാണുന്നത്.] കുറിക്കാൻ ആലങ്കാരികമായും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഇനി, പാപത്തിന്റെയും (യോഹ 8:34; റോമ 6:16-20) ജീർണതയുടെയും (2പത്ര 2:19) അടിമത്തത്തിൽ കഴിയുന്നവരെ കുറിക്കാനും ഇതേ പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. തന്റെ പൂർണതയുള്ള ജീവൻ ബലിയർപ്പിച്ച യേശു, ആ രക്തത്തിന്റെ മൂല്യംകൊണ്ട് തന്റെ എല്ലാ അനുഗാമികളുടെയും ജീവൻ വിലയ്ക്കു വാങ്ങി. അതുകൊണ്ട് ക്രിസ്ത്യാനികൾ തങ്ങളുടെ സ്വന്തമല്ല, ‘ക്രിസ്തുവിന്റെ അടിമകളാണ്.’ (എഫ 6:6; 1കൊ 6:19, 20; 7:23; ഗല 3:13) അപ്പോസ്തലന്മാരെ യേശു സ്നേഹിതന്മാർ എന്നു വിളിച്ചെങ്കിലും, യേശു അവരെ പാപത്തിൽനിന്ന് വീണ്ടെടുത്തതുകൊണ്ട് അവർ യേശുവിന്റെ അടിമകളുംകൂടെയാണ്. തന്റെ അനുഗാമികളെ കുറിക്കാൻ യേശുതന്നെ ചിലപ്പോഴൊക്കെ “അടിമ” എന്ന പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്.—യോഹ 15:20.
ലോകം: കോസ്മൊസ് എന്ന ഗ്രീക്കുപദം ഇവിടെ അർഥമാക്കുന്നതു ദൈവസേവകർ ഒഴികെയുള്ള എല്ലാ മനുഷ്യരെയുമാണ്. ദൈവത്തിൽനിന്ന് അകന്ന, നീതികെട്ട മനുഷ്യസമൂഹമാണ് അത്. തന്റെ ശിഷ്യന്മാർ ലോകത്തിന്റെ ഭാഗമല്ല അഥവാ ഈ ലോകത്തിന്റെ സ്വന്തമല്ല എന്നു യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ യോഹന്നാനാണ്. വിശ്വസ്തരായ അപ്പോസ്തലന്മാരോടൊപ്പം യേശു നടത്തിയ അവസാനത്തെ പ്രാർഥനയിലും ഇതേ കാര്യം രണ്ടു തവണ പറഞ്ഞിരിക്കുന്നതായി കാണാം.—യോഹ 17:14, 16.
എന്റെ പേര് നിമിത്തം: ബൈബിളിൽ “പേര്” എന്ന പദം, ആ പേര് വഹിക്കുന്ന വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള സത്പേരിനെയോ കുറിക്കാറുണ്ട്. ഇനി ആ പദത്തിന്, ആ വ്യക്തി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നോ അതിനെയും കുറിക്കാനാകും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യേശുവിന്റെ കാര്യത്തിൽ ആ പേര്, പിതാവിൽനിന്ന് യേശുവിനു ലഭിച്ച അധികാരത്തെയും സ്ഥാനത്തെയും കൂടെ കുറിക്കുന്നു. (മത്ത 28:18; ഫിലി 2:9, 10; എബ്ര 1:3, 4) ലോകത്തിലെ ആളുകൾ തന്റെ അനുഗാമികൾക്കെതിരെ തിരിയുമെന്നും അവർ അങ്ങനെ ചെയ്യുന്നതു തന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ടായിരിക്കുമെന്നും യേശു ഈ വാക്യത്തിൽ പറയുന്നുണ്ട്. അവർക്കു ദൈവത്തെ അറിയാമായിരുന്നെങ്കിൽ യേശുവിന്റെ പേര് എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നെന്ന് അവർ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്തേനേ. (പ്രവൃ 4:12) യഥാർഥത്തിൽ, ദൈവത്തിന്റെ നിയമിതഭരണാധികാരിയും രാജാക്കന്മാരുടെ രാജാവും ആണ് യേശു, ജീവൻ നേടാൻ എല്ലാവരും കീഴ്പെട്ട് വണങ്ങേണ്ട ഒരാൾ!—യോഹ 17:3; വെളി 19:11-16; സങ്ക 2:7-12 താരതമ്യം ചെയ്യുക.
അവരുടെ നിയമത്തിൽ: എബ്രായതിരുവെഴുത്തുകളെ മൊത്തത്തിലാണ് ഇവിടെ ‘നിയമം’ എന്നു വിളിച്ചിരിക്കുന്നത്. ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 35:19; 69:4 എന്നീ വാക്യങ്ങളിൽനിന്നുള്ളതാണ്. യോഹ 10:34; 12:34 എന്നീ വാക്യങ്ങളിൽ ‘നിയമം’ എന്നു പറഞ്ഞിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.
സഹായി: യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.