യോഹന്നാൻ എഴുതിയത് 17:1-26
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
എല്ലാ മനുഷ്യരും: അക്ഷ. “എല്ലാ മാംസവും.” ഇതേ പദപ്രയോഗം ലൂക്ക 3:6-ലും ഉണ്ട്. അതാകട്ടെ യശ 40:5-ൽനിന്നുള്ള ഉദ്ധരണിയാണ്. യശ 40:5-ന്റെ എബ്രായപാഠത്തിലും ഇതേ അർഥമുള്ള ഒരു എബ്രായപദപ്രയോഗം കാണാം.—യോഹ 1:14-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
അങ്ങയെ . . . അവർ അറിയുന്നതാണ്: അഥവാ “അങ്ങയെക്കുറിച്ച് . . . അവർ അറിവ് നേടുന്നതാണ്;” “അങ്ങയെക്കുറിച്ച് . . . അവർ കൂടുതൽക്കൂടുതൽ അറിയുന്നതാണ്.” ഈ വാക്യത്തിൽ കാണുന്ന ഗിനോസ്കൊ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “അറിയുക” എന്നാണ്. ഇവിടെ ആ ക്രിയ വർത്തമാനകാലത്തിൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് തുടർച്ചയായ ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നു. “ഒരാളെക്കുറിച്ച് അറിവ് നേടിക്കൊണ്ടിരിക്കുക; ഒരാളെ കൂടുതൽക്കൂടുതൽ മനസ്സിലാക്കുക; ഒരാളെ അടുത്ത് പരിചയപ്പെടുക” എന്നൊക്കെ അതിന് അർഥംവരാം. ഇപ്പോൾത്തന്നെ നമുക്ക് അറിയാവുന്ന ഒരാളെ കൂടുതൽ അടുത്ത് പരിചയപ്പെടാൻ തുടർച്ചയായ ശ്രമം നടത്തുക എന്നൊരു ആശയവും അതിൽ അടങ്ങിയിട്ടുണ്ടാകാം. ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും കൂടുതൽക്കൂടുതൽ അറിവ് നേടുകയും അവരിലുള്ള ആശ്രയം ശക്തമാകുകയും ചെയ്യുമ്പോൾ ദൈവവുമായി നമുക്ക് ഓരോരുത്തർക്കുമുള്ള ബന്ധം കൂടുതൽ ബലിഷ്ഠമായിത്തീരും. അത്തരത്തിൽ ദൈവവുമായുള്ള ബന്ധം ബലിഷ്ഠമാക്കുന്നതിനെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്. എന്നാൽ അതിന് ഒരു വ്യക്തി ആരാണെന്നോ അദ്ദേഹത്തിന്റെ പേര് എന്താണെന്നോ അറിയുന്നതു മാത്രം മതിയാകുന്നില്ല. ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും മൂല്യങ്ങളും നിലവാരങ്ങളും മനസ്സിലാക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.—1യോഹ 2:3; 4:8.
ലോകം: “ലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം സാധ്യതയനുസരിച്ച് ഇവിടെ മനുഷ്യകുലത്തെയാണു കുറിക്കുന്നത്.—യോഹ 17:24-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
ലോകം: സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ കോസ്മൊസ് എന്ന ഗ്രീക്കുപദം അർഥമാക്കുന്നത്, ദൈവത്തിൽനിന്ന് അകന്ന മനുഷ്യസമൂഹത്തെയാണ്. ക്രിസ്തീയസഭയിലെ അംഗങ്ങൾ അഥവാ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ അല്ലാത്ത എല്ലാ മനുഷ്യരെയുമായിരിക്കാം ഈ പദം കുറിക്കുന്നത്.—യോഹ 15:19-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു: യേശുവിന്റെ അനുഗാമികൾക്ക് അതിനോടകം ദൈവത്തിന്റെ പേര് അറിയാമായിരുന്നു. അവർ അപ്പോൾത്തന്നെ അത് ഉപയോഗിച്ചിരുന്നതുമാണ്. അവരുടെ സിനഗോഗുകളിൽ ലഭ്യമായിരുന്ന എബ്രായതിരുവെഴുത്തുകളുടെ ചുരുളുകളിൽ അവർ അതു കണ്ടിട്ടുണ്ട്, അതിൽനിന്ന് ആ പേര് അവർ വായിച്ചിട്ടുമുണ്ട്. ആളുകളെ പഠിപ്പിക്കാൻ അന്ന് ഉപയോഗിച്ചിരുന്ന സെപ്റ്റുവജിന്റിലും (എബ്രായതിരുവെഴുത്തുകളുടെ ഒരു ഗ്രീക്കുപരിഭാഷ.) അവർ അതു കണ്ടിട്ടുണ്ടാകണം. (അനു. എ5-ഉം അനു. സി-യും കാണുക.) ബൈബിളിൽ “പേര്” എന്ന പദം, ആ പേര് വഹിക്കുന്ന വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള സത്പേരിനെയോ കുറിക്കാറുണ്ട്. ഇനി ആ പദത്തിന്, ആ വ്യക്തി തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിക്കാനാകും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക; വെളി 3:4, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.) യേശു ദൈവത്തിന്റെ പേര് വെളിപ്പെടുത്തിയതു ദൈവനാമം ഉപയോഗിച്ചതിലൂടെ മാത്രമല്ല, ആ പേരിന്റെ ഉടമയായ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടും കൂടിയായിരുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ, പ്രവർത്തനങ്ങൾ, ഗുണങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾക്കു പറഞ്ഞുകൊടുത്തുകൊണ്ടാണു യേശു അതു ചെയ്തത്. യേശു ‘പിതാവിന്റെ അരികിലുള്ളവനായിരുന്നതുകൊണ്ട്’ പിതാവിനെക്കുറിച്ച് മറ്റാരെക്കാളും നന്നായി പറഞ്ഞുകൊടുക്കാൻ യേശുവിനാകുമായിരുന്നു. (യോഹ 1:18; മത്ത 11:27) യേശുവിന്റെ ആദ്യകാല അനുഗാമികളുടെ കാര്യത്തിൽ അങ്ങനെ ദൈവത്തിന്റെ ‘പേരിനു’ പുതിയൊരു മാനം കൈവന്നു.
അനുസരിച്ചിരിക്കുന്നു: ഈ വാക്യത്തിലെ പ്രയോഗരീതിവെച്ച് നോക്കുമ്പോൾ, റ്റേറേഓ എന്ന ഗ്രീക്കുപദത്തെ “എപ്പോഴും അനുസരിക്കുക; ചെവികൊടുക്കുക” എന്നൊക്കെയും നിർവചിക്കാം.
പരിശുദ്ധപിതാവേ: ഈ പദപ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. യഹോവയെ അഭിസംബോധന ചെയ്യുന്ന ഒരു പദപ്രയോഗമാണ് ഇത്. മനുഷ്യരെ ആരെയും ഇങ്ങനെ അഭിസംബോധന ചെയ്തതായി ബൈബിളിലില്ല.—മത്ത 23:9 താരതമ്യം ചെയ്യുക.
ഒന്നായിരിക്കുക: അഥവാ “ഐക്യത്തിലായിരിക്കുക.” താനും പിതാവും “ഒന്നായിരിക്കുന്നതുപോലെ” തന്റെ യഥാർഥ അനുഗാമികളും ‘ഒന്നായിരിക്കേണ്ടതിനെക്കുറിച്ച്’ യേശു പ്രാർഥിച്ചു. യേശുവും പിതാവും ‘ഒന്നായിരിക്കുന്നത്’ അവരുടെ ഇടയിലെ സഹകരണത്തെയും അവരുടെ ചിന്തകളിലെ ഐക്യത്തെയും സൂചിപ്പിച്ചതുപോലെ, യേശുവിന്റെ അനുഗാമികൾ ‘ഒന്നായിരിക്കേണ്ടതും’ അവർ ഒരേ ലക്ഷ്യത്തിൽ, ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന അർഥത്തിലാണ്. ഈ പ്രാർഥനയിലെ അതേ ആശയംതന്നെയാണു യോഹ 10:30-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിലും കാണുന്നത്. പിതാവ് തനിക്കു നൽകിയ ‘ആടുകളോട്’ (അഥവാ തന്റെ അനുഗാമികളോട്) ഇടപെടുന്ന കാര്യത്തിൽ താനും പിതാവും ‘ഒന്നാണ്’ എന്ന അർഥത്തിലാണു തങ്ങൾ “ഒന്നാണ്” എന്നു യേശു അവിടെ പറഞ്ഞത്. (യോഹ 10:25-30; 17:2, 9) ഈ വാക്യത്തിൽ, “ഒന്നാണ്” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലാണ് (നപുംസകലിംഗത്തിലാണെങ്കിൽ ആ പദം “ഒരു കാര്യത്തെ” കുറിക്കുന്നു.), അല്ലാതെ പുല്ലിംഗത്തിലല്ല (പുല്ലിംഗത്തിലാണെങ്കിൽ ആ പദം “ഒരു വ്യക്തിയെ” ആണ് കുറിക്കുന്നത്.).— യോഹ 10:30-ന്റെ പഠനക്കുറിപ്പു കാണുക.
അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര്: യേശു എന്ന പേരിനു തത്തുല്യമായ എബ്രായപേര് യേശുവ (യഹോശുവ എന്നു പൂർണരൂപം.) എന്നാണ്. “യഹോവ രക്ഷയാണ്” എന്നാണ് അതിന്റെ അർഥം. അതുകൊണ്ടുതന്നെ താൻ യഹോവയുടെ പേര് മറ്റുള്ളവരെ അറിയിച്ചിരിക്കുന്നു എന്നു യേശുവിനു പറയാൻ കഴിഞ്ഞു. ഈ അധ്യായത്തിൽത്തന്നെ രണ്ടു പ്രാവശ്യം യേശു അങ്ങനെ പറയുന്നതായി കാണാം. (യോഹ 17:6, 26) എന്നാൽ ബൈബിളിൽ “പേര്” എന്ന പദം, ആ പേര് വഹിക്കുന്ന വ്യക്തിയെത്തന്നെയോ അദ്ദേഹത്തിന്റെ ഗുണങ്ങളെയോ സമൂഹത്തിൽ അയാൾക്കുള്ള സത്പേരിനെയോ കുറിക്കാറുണ്ട്. ഇനി ആ പദത്തിന്, ആ വ്യക്തി തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിക്കാനാകും. (മത്ത 6:9; യോഹ 17:6 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അതുകൊണ്ട് യേശുവിന് യഹോവയുടെ പേര് ലഭിച്ചു എന്നു പറയുന്നത്, യേശുവിന്റെ പേരിൽ യഹോവയുടെ നാമം അടങ്ങിയിരുന്നതുകൊണ്ട് മാത്രമായിരിക്കില്ല. സാധ്യതയനുസരിച്ച് അതിനു മറ്റു കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന്, തന്റെ പിതാവിന്റെ വ്യക്തിത്വം അതേപടി പ്രതിഫലിപ്പിച്ചവനായിരുന്നു യേശു. (യോഹ 14:9) ഇനി, യേശു പിതാവിന്റെ പേരിൽ വന്നവനും ആ പേരിൽ അനേകം അത്ഭുതങ്ങൾ ചെയ്തവനും ആയിരുന്നു.—യോഹ 5:43; 10:25.
നാശപുത്രൻ: യൂദാസ് ഈസ്കര്യോത്തിനെയാണ് ഇവിടെ “നാശപുത്രൻ” എന്നു വിളിച്ചിരിക്കുന്നത്. ദൈവപുത്രനെ മനഃപൂർവം ഒറ്റിക്കൊടുത്തതുകൊണ്ട് യൂദാസ് നിത്യനാശത്തിന് അർഹനായി. അയാൾക്കു മേലാൽ പുനരുത്ഥാനത്തിനു യോഗ്യതയില്ല. 2തെസ്സ 2:3-ൽ ‘നിയമനിഷേധിയെക്കുറിച്ച്’ പറയുന്നിടത്തും ഇതേ പദപ്രയോഗം കാണാം. ബൈബിൾ ആദ്യം എഴുതിയ ഭാഷകളിൽ, “പുത്രൻ,” “പുത്രന്മാർ” (അഥവാ “മക്കൾ,” “സന്തതി”) എന്നീ പദപ്രയോഗങ്ങൾ, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തവരെയോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളവരെയോ കുറിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ്, ‘അത്യുന്നതന്റെ പുത്രന്മാർ,’ ‘വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ,’ “ദൈവരാജ്യത്തിന്റെ പുത്രന്മാർ,” “ദുഷ്ടന്റെ പുത്രന്മാർ,” “പിശാചിന്റെ സന്തതി,” ‘അനുസരണക്കേടിന്റെ മക്കൾ’ എന്നീ പദപ്രയോഗങ്ങൾ. (ലൂക്ക 6:35; 1തെസ്സ 5:5; മത്ത 13:38; പ്രവൃ 13:10; എഫ 2:2) സമാനമായി, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തതുകൊണ്ടോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളതുകൊണ്ടോ ഒരാൾക്കു ലഭിക്കുന്ന ന്യായവിധിയെയോ അയാൾക്കു നേരിട്ടേക്കാവുന്ന ഭവിഷ്യത്തുകളെയോ കുറിക്കാനും “പുത്രൻ” എന്ന പദത്തിനാകും. ഉദാഹരണത്തിന്, 2ശമു 12:5-ൽ “മരിക്കണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “മരണപുത്രനാണ്” എന്നാണ്. ഇനി മത്ത 23:15-ന്റെ മൂലപാഠത്തിൽ, ഒരാൾ നിത്യനാശത്തിന് അർഹനാണെന്ന അർഥത്തിൽ “ഗീഹെന്നയുടെ പുത്രൻ” എന്നു പറഞ്ഞിരിക്കുന്നതായും കാണാം. യൂദാസ് ഈസ്കര്യോത്തിനെ “നാശപുത്രൻ” എന്നു വിളിച്ചപ്പോൾ യേശു ഉദ്ദേശിച്ചതും ഇതുതന്നെയായിരിക്കാം.—മത്ത 23:15-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ഗീഹെന്ന” എന്നതും കാണുക.
വിശുദ്ധീകരിക്കേണമേ: അഥവാ “വേർതിരിക്കേണമേ.” അതായത്, ദൈവത്തിനു വിശുദ്ധസേവനം ചെയ്യാൻ വേർതിരിക്കേണമേ എന്ന് അർഥം. യേശുവിന്റെ അനുഗാമികൾ ദൈവവചനത്തിലെ സത്യം അനുസരിക്കുമ്പോഴാണ് അവർ വിശുദ്ധീകരിക്കപ്പെടുന്നത്, അഥവാ ശുദ്ധീകരിക്കപ്പെടുന്നത്. (1പത്ര 1:22) എന്നാൽ ഈ ലോകം ദൈവത്തിൽനിന്നുള്ള സത്യത്തോടു പറ്റിനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ യേശുവിന്റെ അനുഗാമികൾ ഈ ‘ലോകത്തിന്റെ ഭാഗമല്ലാതെ’ വ്യത്യസ്തരായി നിൽക്കുന്നു.—യോഹ 17:16.
അങ്ങയുടെ വചനം സത്യമാണ്: യഹോവയുടെ വചനം എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായാണ് അവതരിപ്പിച്ചിരിക്കുന്നത്. യഹോവയുടെ ഗുണങ്ങൾ, ഉദ്ദേശ്യങ്ങൾ, കല്പനകൾ എന്നിവയും മനുഷ്യകുലത്തിന്റെ യഥാർഥ അവസ്ഥയും അതു വെളിപ്പെടുത്തുന്നു. യഹോവ ഒരാളെ തന്റെ സേവനത്തിനായി വിശുദ്ധീകരിക്കണമെങ്കിൽ അഥവാ വേർതിരിക്കണമെങ്കിൽ അയാൾ എന്തു ചെയ്യണമെന്നും ആ നിലയിൽത്തന്നെ തുടരാൻ അയാൾക്ക് എങ്ങനെ സാധിക്കുമെന്നും ദൈവത്തിന്റെ സത്യവചനത്തിലുണ്ട്. യേശുവിന്റെ പ്രാർഥന അതാണു സൂചിപ്പിച്ചത്.
എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു: അഥവാ “എന്നെത്തന്നെ വേർതിരിക്കുന്നു.” മനുഷ്യനായി ജനിച്ചപ്പോൾത്തന്നെ യേശു വിശുദ്ധനായിരുന്നു. (ലൂക്ക 1:35) തന്റെ ഭൗമിക ജീവിതത്തിലുടനീളം യേശു ആ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തു. (പ്രവൃ 4:27; എബ്ര 7:26) യേശു മോചനവിലയായി അർപ്പിച്ച ബലി ഉൾപ്പെടെയുള്ള യേശുവിന്റെ കറയറ്റ ജീവിതമാണു തന്റെ അനുഗാമികളെ ദൈവസേവനത്തിനായി വിശുദ്ധീകരിക്കാൻ അഥവാ വേർതിരിക്കാൻ വഴിയൊരുക്കിയത്. അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നെന്നു യേശുവിനു പിതാവിനോടു പ്രാർഥിക്കാനായത് അതുകൊണ്ടാണ്. യേശുവിന്റെ അനുഗാമികൾ സത്യത്താൽ വിശുദ്ധീകരിക്കപ്പെടുന്നതോ? യേശുവിന്റെ കാൽച്ചുവടുകൾക്കു തൊട്ടുപിന്നാലെ ചെല്ലുകയും യേശു പഠിപ്പിച്ച സത്യങ്ങളും ദൈവവചനമായ ബൈബിളിലെ സത്യങ്ങളും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നെങ്കിൽ അവർ വിശുദ്ധീകരിക്കപ്പെടുമായിരുന്നു. (യോഹ 17:17; 2തിമ 2:20, 21; എബ്ര 12:14) എങ്കിൽപ്പോലും സ്വതവേ അർഹതയുള്ളതുകൊണ്ടല്ല, യേശുക്രിസ്തുവിലൂടെയാണ് അവർ വിശുദ്ധീകരിക്കപ്പെടുന്നത്.—റോമ 3:23-26; എബ്ര 10:10.
ഒന്നായിരിക്കാൻ: അഥവാ “ഐക്യത്തിലായിരിക്കാൻ.” താനും പിതാവും “ഒന്നായിരിക്കുന്നതുപോലെ” തന്റെ യഥാർഥ അനുഗാമികൾ ‘ഒന്നായിരിക്കണം’ എന്നു പ്രാർഥിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? (യോഹ 17:22) യേശുവും പിതാവും ഒരേ മനസ്സോടെയും സഹകരണത്തോടെയും കാര്യങ്ങൾ ചെയ്യുന്നതുപോലെ തന്റെ അനുഗാമികളും ഒരേ ലക്ഷ്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരായിരിക്കാൻ ഇടയാകേണമേ എന്നാണു യേശു അപേക്ഷിച്ചത്. ക്രിസ്തീയശുശ്രൂഷകർ മറ്റു ക്രിസ്തീയശുശ്രൂഷകരോടും ദൈവത്തോടും ചേർന്ന് പ്രവർത്തിക്കുമ്പോൾ അവർക്കിടയിൽ ഇത്തരമൊരു ഐക്യബന്ധമുണ്ടായിരിക്കുമെന്ന് 1കൊ 3:6-9-ൽ പൗലോസ് പറയുന്നുണ്ട്.—1കൊ 3:8-ഉം യോഹ 10:30; 17:11 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
ഒന്നായിത്തീരും: അഥവാ “സമ്പൂർണമായി യോജിപ്പിലാകും.” തന്റെ അനുഗാമികളുടെ ഇടയിലെ സമ്പൂർണമായ ഐക്യത്തെ, പിതാവിന് അവരോടുള്ള സ്നേഹവുമായി യേശു ബന്ധിപ്പിച്ചിരിക്കുന്നു. സ്നേഹത്തിന് ‘ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുണ്ട്’ എന്നു പറയുന്ന കൊലോ 3:14-ലും ഇതേ ആശയമാണു കാണുന്നത്. എന്നാൽ സമ്പൂർണമായ ഈ ഐക്യം ആപേക്ഷികമാണെന്ന് ഓർക്കുക. കാരണം ആളുകളുടെ പ്രാപ്തികളും ശീലങ്ങളും മനസ്സാക്ഷിയും ഒക്കെ വ്യത്യസ്തമായതുകൊണ്ട് എല്ലാവരുടെയും വ്യക്തിത്വങ്ങൾ ഒരുപോലെയായിരിക്കില്ല. അപ്പോൾപ്പിന്നെ ആ വാക്കുകളുടെ അർഥം എന്താണ്? യേശുവിന്റെ അനുഗാമികൾക്ക് അവരുടെ പ്രവർത്തനങ്ങളിലും വിശ്വാസങ്ങളിലും ഒരുമ കാണുമെന്നും അവർ പഠിപ്പിക്കുന്നത് ഒരേ കാര്യങ്ങളായിരിക്കുമെന്നും ആണ് അതു സൂചിപ്പിച്ചത്.—റോമ 15:5, 6; 1കൊ 1:10; എഫ 4:3; ഫിലി 1:27.
ലോകാരംഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കുപദം എബ്ര 11:11-ൽ “ഗർഭിണിയാകുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ ‘ലോകാരംഭം’ എന്ന പദം, ആദാമിനും ഹവ്വയ്ക്കും മക്കൾ ജനിച്ചതിനെയാണു കുറിക്കുന്നത്. യേശു ‘ലോകാരംഭത്തെ’ ഹാബേലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗലോകത്തിലെ ആദ്യമനുഷ്യനും ‘ലോകാരംഭംമുതൽ ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെട്ടവരിൽ’ ആദ്യത്തെയാളും ആണ് ഹാബേൽ. (ലൂക്ക 11:50, 51; വെളി 17:8) യേശു പ്രാർഥനയിൽ പിതാവിനോടു പറഞ്ഞ ഈ വാക്കുകൾ മറ്റൊരു കാര്യവും തെളിയിക്കുന്നു: ദൈവത്തിനു തന്റെ ഏകജാതനായ മകനുമായുള്ള സ്നേഹബന്ധം കാലങ്ങൾക്കു മുമ്പേ, അതായത് ആദാമിനും ഹവ്വയ്ക്കും മക്കൾ ജനിക്കുന്നതിനും മുമ്പേ, തുടങ്ങിയതാണ്.
ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു: യേശു തന്റെ പ്രാർഥനയുടെ ഈ അവസാനഭാഗത്ത്, യോഹ 17:6-ൽ പറഞ്ഞ അതേ ആശയം ആവർത്തിക്കുന്നതായി കാണാം. (യോഹ 17:6-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യോഹ 17:6-ലെ ഗ്രീക്കുക്രിയയല്ല (ഫനേറൊഓ, “വെളിപ്പെടുത്തുക.”) ഇവിടെ കാണുന്നത്. ഗ്നോറിസോ (“അറിയിക്കുക”) എന്ന മറ്റൊരു ക്രിയയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. യോഹ 17:6-ലെ ക്രിയയോട് അർഥസമാനതയുള്ള ഒരു പദംതന്നെയാണ് ഇതും. ഫനേറൊഓ എന്ന ആ ക്രിയയെയും “അറിയിക്കുക” എന്നു പരിഭാഷപ്പെടുത്താം. (യോഹ 17:6-ന്റെ അടിക്കുറിപ്പ് കാണുക.) ബൈബിളിൽ, ഒരാളുടെ പേര് അറിയിക്കുക എന്നാൽ ആ പേര് എന്താണെന്നു വെളിപ്പെടുത്തുക എന്നു മാത്രമല്ല അർഥം. അദ്ദേഹത്തിന്റെ പേര് പ്രതിനിധാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും—അതായത്, ആ വ്യക്തിയുടെ സത്പേരിനെക്കുറിച്ചും അദ്ദേഹം തന്നെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും—അറിയിക്കുന്നതും അതിൽപ്പെടും. (മത്ത 6:9-ന്റെ പഠനക്കുറിപ്പു കാണുക; വെളി 3:4, അടിക്കുറിപ്പ് താരതമ്യം ചെയ്യുക.) യേശു ദൈവത്തിന്റെ പേര് വെളിപ്പെടുത്തിയതു ദൈവനാമം ഉപയോഗിച്ചതിലൂടെ മാത്രമല്ല, ആ പേരിന്റെ ഉടമയായ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുംകൂടെയായിരുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ, പ്രവർത്തനങ്ങൾ, ഗുണങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾക്കു പറഞ്ഞുകൊടുത്തുകൊണ്ടാണു യേശു അതു ചെയ്തത്. ദൈവത്തിന്റെ പേര് താൻ ഇനിയും അറിയിക്കും എന്നുംകൂടെ യേശു ഇവിടെ പറയുന്നുണ്ട്. “ഇനിയും അറിയിക്കും” എന്ന പദപ്രയോഗത്തെ “തുടർന്നും അറിയിച്ചുകൊണ്ടിരിക്കും” എന്നും പരിഭാഷപ്പെടുത്താം. അങ്ങനെ യേശുവിന്റെ അനുഗാമികൾക്കു ക്രമേണ ദൈവനാമത്തിന്റെ അർഥതലങ്ങളെക്കുറിച്ച് കൂടുതലായി മനസ്സിലാകുമായിരുന്നു.