യോഹന്നാൻ എഴുതിയത് 18:1-40
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കിദ്രോൻ താഴ്വര: അഥവാ “കിദ്രോൻ ശൈത്യകാല ജലപ്രവാഹം.” യരുശലേമിനെയും ഒലിവുമലയെയും തമ്മിൽ വേർതിരിക്കുന്ന ഈ താഴ്വരയെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. നഗരത്തിന്റെ കിഴക്കേ വശത്ത്, തെക്കുവടക്കായി നീണ്ടുകിടന്ന ഒരു താഴ്വരയാണ് ഇത്. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളൊഴിച്ചാൽ ശൈത്യകാലത്തുപോലും പൊതുവേ ഈ താഴ്വരയിൽ നീരൊഴുക്ക് ഉണ്ടാകുമായിരുന്നില്ല. “താഴ്വര” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖെയ്മറോസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ശൈത്യകാല ജലപ്രവാഹം” എന്നാണ്. ശൈത്യകാലത്ത് വലിയ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന ശക്തമായ നീരൊഴുക്കിനെയാണു “ശൈത്യകാല ജലപ്രവാഹം” എന്നു വിളിക്കുന്നത്. സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ഈ ഗ്രീക്കുപദം 80-ലധികം പ്രാവശ്യം കാണാം. “താഴ്വര” എന്ന് അർഥമുള്ള നഹൽ എന്ന എബ്രായപദത്തെ പരിഭാഷപ്പെടുത്താനാണ് അതിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. എബ്രായതിരുവെഴുത്തുകളിൽ കിദ്രോൻ താഴ്വരയെക്കുറിച്ച് പറയുന്നിടത്തും നഹൽ എന്ന പദമാണു കാണുന്നത്. (2ശമു 15:23; 1രാജ 2:37) “താഴ്വര” എന്നതിന്റെ ഈ എബ്രായപദത്തിനും ഗ്രീക്കുപദത്തിനും ഒരു ജലപ്രവാഹത്തെയോ അരുവിയെയോ കുറിക്കാനുമാകും. (ആവ 10:7; ഇയ്യ 6:15; യശ 66:12; യഹ 47:5) എന്നാൽ മിക്കപ്പോഴും ഈ പദങ്ങൾ കുറിക്കുന്നത്, ശൈത്യകാലത്തെ ശക്തമായ ജലപ്രവാഹത്തിൽ രൂപംകൊള്ളുന്ന താഴ്വരകളെയാണ്. ശൈത്യകാലത്ത് മഴ പെയ്യുമ്പോൾ മാത്രം അതിലൂടെ അരുവികൾ ഒഴുകും. (സംഖ 34:5; യോശ 13:9; 17:9; 1ശമു 17:40; 1രാജ 15:13; 2ദിന 33:14; നെഹ 2:15; ഉത്ത 6:11) ഈ രണ്ടു വാക്കുകളെയും “നീർച്ചാൽ” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.—പദാവലിയിൽ “നീർച്ചാൽ” കാണുക.
ഒരു കൂട്ടം പടയാളികൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പൈറ എന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത് ഇതു റോമൻ പടയാളികളാണെന്നാണ്. യേശുവിനെ അറസ്റ്റ് ചെയ്ത സമയത്ത് റോമൻ പടയാളികൾ ഉണ്ടായിരുന്നെന്ന കാര്യം നാലു സുവിശേഷയെഴുത്തുകാരിൽ യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.—യോഹ 18:12.
മഹാപുരോഹിതന്റെ അടിമയെ വെട്ടി: നാലു സുവിശേഷയെഴുത്തുകാരും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ വിവരണങ്ങൾ പരസ്പരപൂരകങ്ങളുമാണ്. (മത്ത 26:51; മർ 14:47; ലൂക്ക 22:50) ഉദാഹരണത്തിന്, “പ്രിയപ്പെട്ട വൈദ്യനായ” ലൂക്കോസ് മാത്രമേ (കൊലോ 4:14) യേശു ആ അടിമയുടെ ‘ചെവിയിൽ തൊട്ട് സുഖപ്പെടുത്തിയ’ കാര്യം പറഞ്ഞിട്ടുള്ളൂ. (ലൂക്ക 22:51) ഇനി, വാൾ ഊരി വെട്ടിയത് ശിമോൻ പത്രോസ് ആണെന്നും ചെവി അറ്റുപോയ അടിമയുടെ പേര് മൽക്കൊസ് എന്നായിരുന്നെന്നും രേഖപ്പെടുത്തിയിരിക്കുന്നതു യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്. തെളിവനുസരിച്ച്, യോഹന്നാൻ ‘മഹാപുരോഹിതന്റെയും’ അദ്ദേഹത്തിന്റെ വീട്ടുകാരുടെയും ‘പരിചയക്കാരനായിരുന്നു.’ (യോഹ 18:15, 16) അതുകൊണ്ടായിരിക്കാം മുറിവേറ്റയാളുടെ പേര് തന്റെ സുവിശേഷത്തിൽ അദ്ദേഹത്തിനു രേഖപ്പെടുത്താനായത്. ഇനി, മഹാപുരോഹിതന്റെ വീട്ടുകാരുമായി യോഹന്നാനു പരിചയമുണ്ടായിരുന്നു എന്നതിന്റെ മറ്റൊരു തെളിവ് യോഹ 18:26-ൽ കാണാം. കാരണം, പത്രോസ് യേശുവിന്റെ ശിഷ്യനാണെന്ന് ആരോപിച്ച അടിമ, ‘പത്രോസ് ചെവി മുറിച്ചവന്റെ ബന്ധുവാണെന്ന്’ യോഹന്നാൻ അവിടെ പറഞ്ഞിട്ടുണ്ട്.
പാനപാത്രം . . . കുടിക്കേണ്ടതല്ലേ?: ബൈബിളിൽ “പാനപാത്രം” എന്ന പദം പലപ്പോഴും ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരി”യെ ആണ് അവിടങ്ങളിൽ അതു സൂചിപ്പിക്കുന്നത്. ഇവിടെ, ‘പാനപാത്രം കുടിക്കുക’ എന്നാൽ ദൈവത്തിന്റെ ഇഷ്ടത്തിനു കീഴ്പെടുക എന്നാണ് അർഥം. യേശുവിന്റെ കാര്യത്തിൽ “പാനപാത്രം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവനിന്ദകനെന്ന വ്യാജാരോപണത്തിന്റെ പേരിൽ യേശു അനുഭവിക്കേണ്ടിയിരുന്ന കഷ്ടപ്പാടും മരണവും മാത്രമല്ല, സ്വർഗത്തിലെ അമർത്യജീവനിലേക്കുള്ള പുനരുത്ഥാനവുംകൂടെയാണ്.—മത്ത 20:22; 26:39 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സൈന്യാധിപൻ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. ഒരു റോമൻ ലഗ്യോനിൽ അത്തരം ആറു സൈന്യാധിപന്മാർ ഉണ്ടായിരുന്നു. എന്നാൽ ഒരു റോമൻ ലഗ്യോനിലെ ആറു സൈനികഗണങ്ങൾ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാധിപൻ ഊഴംവെച്ച് നിശ്ചിതകാലത്തേക്ക് ഒരു ലഗ്യോനെ മുഴുവനും നിയന്ത്രിക്കുന്നതായിരുന്നു രീതി. ഈ കാലയളവ് ആറു സൈന്യാധിപന്മാർക്കും തുല്യമായാണു വീതിച്ചിരുന്നത്. ഇത്തരം ഒരു സൈന്യാധിപന്, ശതാധിപന്മാരെ നാമനിർദേശം ചെയ്യുന്നതും നിയമിക്കുന്നതും പോലുള്ള വലിയ അധികാരങ്ങളുണ്ടായിരുന്നു. ഇനി ഈ പദം, ഉന്നതപദവിയിലുള്ള മറ്റു സൈനികോദ്യോഗസ്ഥരെ കുറിക്കാനും പൊതുവേ ഉപയോഗിച്ചിരുന്നു. യേശുവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പടയാളികളോടൊപ്പം ഒരു റോമൻ സൈന്യാധിപനുമുണ്ടായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജൂതന്മാർ: സാധ്യതയനുസരിച്ച്, അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ജൂതമതനേതാക്കന്മാരോ ആണ് ഇത്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ ആദ്യം അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോയി: യേശുവിനെ അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോയ കാര്യം യോഹന്നാൻ മാത്രമേ എടുത്തുപറഞ്ഞിട്ടുള്ളൂ. സിറിയയിലെ റോമൻ ഗവർണറായിരുന്ന കുറേന്യൊസ് ഏതാണ്ട് എ.ഡി. 6-ലോ 7-ലോ ആണ് അന്നാസിനെ മഹാപുരോഹിതനായി നിയമിക്കുന്നത്. ഏകദേശം എ.ഡി. 15 വരെ അന്നാസ് ആ സ്ഥാനത്ത് തുടർന്നു. റോമാക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയതോടെ അദ്ദേഹത്തിനു മഹാപുരോഹിതൻ എന്ന ഔദ്യോഗികസ്ഥാനപ്പേര് നഷ്ടമായെങ്കിലും മുൻമഹാപുരോഹിതനും ജൂതപുരോഹിതന്മാരുടെ മുഖ്യവക്താവും എന്ന നിലയിൽ അദ്ദേഹം തുടർന്നും വലിയ അധികാരവും സ്വാധീനവും ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കൾ മഹാപുരോഹിതന്മാരായി സേവിച്ചിട്ടുണ്ട്. മരുമകനായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ ഏകദേശം എ.ഡി. 36 വരെയുള്ള കാലത്ത് മഹാപുരോഹിതനായിരുന്നു. കയ്യഫ മഹാപുരോഹിതനായിരുന്ന സമയത്ത് നടന്ന വളരെ ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു എ.ഡി. 33-ൽ (അഥവാ ആ വർഷം) നടന്ന യേശുവിന്റെ മരണം.—ലൂക്ക 3:2-ന്റെ പഠനക്കുറിപ്പു കാണുക.
മറ്റൊരു ശിഷ്യൻ: സാധ്യതയനുസരിച്ച് ഇത് അപ്പോസ്തലനായ യോഹന്നാനാണ്. കാരണം തന്റെ സുവിശേഷത്തിൽ എവിടെയും സ്വന്തം പേര് പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. (യോഹ 13:23; 19:26; 20:2; 21:7; 21:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇനി, യോഹ 20:2-8-ൽ യേശുവിന്റെ പുനരുത്ഥാനത്തെ തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്നിടത്തും പത്രോസിന്റെയും യോഹന്നാന്റെയും കാര്യം ഒരുമിച്ചാണു പറഞ്ഞിരിക്കുന്നത്. ഗലീലക്കാരനായ യോഹന്നാൻ എങ്ങനെയാണു മഹാപുരോഹിതന്റെ പരിചയക്കാരനായത് എന്നു ബൈബിളിൽ പറയുന്നില്ല. എന്തായാലും മഹാപുരോഹിതന്റെ വീട്ടുകാരുമായി പരിചയമുള്ളതുകൊണ്ടാണ് കാവൽക്കാരനുണ്ടായിരുന്നിട്ടും ആ വീടിന്റെ നടുമുറ്റത്ത് കയറാൻ യോഹന്നാനു കഴിഞ്ഞത്. പത്രോസിന് അവിടെ പ്രവേശിക്കാനുള്ള അനുവാദം നേടിയെടുക്കാനും അതുകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു.—യോഹ 18:16.
കനൽ: അഥവാ “മരക്കരിയുടെ കനൽ.” കാർബൺ എന്ന മൂലകത്തിന്റെ ഒരു രൂപമാണു മരക്കരി. കറുത്ത നിറത്തിലുള്ള, സൂക്ഷ്മമായ സുഷിരങ്ങളോടുകൂടിയ ഈ പദാർഥത്തെ എളുപ്പം പൊട്ടിക്കാനാകും. മരത്തടി നിയന്ത്രിതമായി കത്തിച്ചാണ് ഇത് ഉണ്ടാക്കുന്നത്. പുരാതനകാലത്ത് ഇത്തരം കരിയുണ്ടാക്കുന്നതിനു തടിക്കഷണങ്ങൾ കൂനകൂട്ടിയിട്ടിട്ട്, അധികം വായു കടക്കാത്ത രീതിയിൽ അതിന്റെ മുകളിൽ മണ്ണിട്ട് മൂടും. എന്നിട്ട് കുറെ ദിവസംകൊണ്ട് ആ തടിക്കഷണങ്ങൾ മെല്ലെ കത്തിക്കും. തടി അധികം കത്താതെ അതിലെ ജലാംശവും മറ്റു വാതകങ്ങളും നീക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന മരക്കരി കാർബണിന്റെ താരതമ്യേന ശുദ്ധമായ ഒരു രൂപമായിരിക്കും. വളരെ ശ്രദ്ധയോടെ, സമയമെടുത്ത് ചെയ്യേണ്ട ഒരു പരിപാടിയായിരുന്നു ഇതെങ്കിലും ചില പ്രത്യേകസാഹചര്യങ്ങളിൽ മരക്കരി ഇന്ധനമായി ഉപയോഗിക്കാൻ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു. കാരണം, മരക്കരി കത്തിക്കുമ്പോൾ പുകയുണ്ടാകില്ല; അതിൽനിന്ന് ഒരേ അളവിൽ, കുറെ നേരത്തേക്കു നല്ല ചൂടു കിട്ടുകയും ചെയ്യും. തണുപ്പത്ത് ചൂടു കിട്ടാനായി തീ കൂട്ടുമ്പോഴും നെരിപ്പോടിലും ഒക്കെ ഇത് ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. (യശ 47:14; യിര 36:22) അതിൽനിന്ന് ഒരേ അളവിൽ, കുറെ നേരത്തേക്കു ചൂടു കിട്ടുന്നതുകൊണ്ടും തീജ്വാലയും പുകയും ഉയരാത്തതുകൊണ്ടും അതു പാചകാവശ്യത്തിന് ഏറ്റവും ഇണങ്ങിയ ഇന്ധനവുമായിരുന്നു.—യോഹ 21:9.
മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക്: കയ്യഫയുടെ വീടു സ്ഥിതി ചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
അതിരാവിലെ: അതായത്, യേശുവിന്റെ വിചാരണയും വധവും നടന്ന നീസാൻ 14-ാം തീയതി രാവിലെ. തലേ വൈകുന്നേരംതന്നെ പെസഹാദിനം തുടങ്ങിയിരുന്നു. യേശുവും അപ്പോസ്തലന്മാരും തലേന്നു രാത്രി പെസഹ ഭക്ഷിച്ചതായി മറ്റു സുവിശേഷവിവരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്. (മത്ത 26:18-20; മർ 14:14-17; ലൂക്ക 22:15) അതുകൊണ്ടുതന്നെ പെസഹ ഭക്ഷിക്കുന്നതിനെക്കുറിച്ച് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു തലേന്ന് കഴിഞ്ഞുപോയ പെസഹാഭക്ഷണത്തെക്കുറിച്ചല്ല, പകരം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങുന്ന നീസാൻ 15-ാം തീയതിയിലെ ഭക്ഷണത്തെക്കുറിച്ചായിരിക്കണം. യേശുവിന്റെ കാലമായപ്പോഴേക്കും, പെസഹയെയും (നീസാൻ 14) അതിനെത്തുടർന്ന് വരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തെയും (നീസാൻ 15-21) ഒരുമിച്ചുചേർത്ത് ചിലപ്പോഴൊക്കെ “പെസഹ” എന്നു വിളിച്ചിരുന്നു.—ലൂക്ക 22:1.
ഗവർണറുടെ വസതി: മത്ത 27:27-ന്റെ പഠനക്കുറിപ്പു കാണുക.
നീ ജൂതന്മാരുടെ രാജാവാണോ?: മത്ത 27:11-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ ഒരു രാജാവാണെന്ന് അങ്ങുതന്നെ പറയുന്നല്ലോ: താൻ ഒരു രാജാവാണെന്ന് യേശു ഈ മറുപടിയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. (മത്ത 27:11; മത്ത 26:25, 64 എന്നിവയുടെ പഠനക്കുറിപ്പുകൾ താരതമ്യം ചെയ്യുക.) എന്നാൽ പീലാത്തൊസ് ഉദ്ദേശിച്ചതുപോലുള്ള ഒരു രാജാവായിരുന്നില്ല യേശു. കാരണം യേശുവിന്റെ രാജ്യം ‘ഈ ലോകത്തിന്റെ ഭാഗമായിരുന്നില്ല.’ അതുകൊണ്ടുതന്നെ അതു റോമിന് ഒരു ഭീഷണിയുമല്ലായിരുന്നു.—യോഹ 18:33-36.
സത്യത്തിന്: യേശു ഇവിടെ പറഞ്ഞതു പൊതുവിലുള്ള സത്യത്തെക്കുറിച്ചല്ല, മറിച്ച് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട സത്യത്തെക്കുറിച്ചാണ്. ദൈവോദ്ദേശ്യത്തിന്റെ ഒരു പ്രധാനഘടകംതന്നെ “ദാവീദിന്റെ മകനായ” യേശു മഹാപുരോഹിതനായും ദൈവരാജ്യത്തിന്റെ ഭരണാധികാരിയായും സേവിക്കുക എന്നുള്ളതായിരുന്നു. (മത്ത 1:1) താൻ ഭൂമിയിൽ മനുഷ്യരുടെ ഇടയിലേക്കു വന്ന്, ഇവിടെ ജീവിച്ച്, ശുശ്രൂഷ നടത്തിയതിന്റെ ഒരു പ്രധാനകാരണം ആ രാജ്യത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നെന്നു യേശുതന്നെ വിശദീകരിച്ചിട്ടുണ്ട്. ദാവീദിന്റെ ജന്മനഗരമായ യഹൂദ്യയിലെ ബേത്ത്ലെഹെമിൽ യേശു പിറന്നപ്പോഴും അതിനു മുമ്പും ദൈവദൂതന്മാർ ഇതുപോലൊരു സന്ദേശം അറിയിച്ചതായി നമ്മൾ വായിക്കുന്നു.—ലൂക്ക 1:32, 33; 2:10-14.
സാക്ഷിയായി നിൽക്കാൻ: “സാക്ഷി നിൽക്കുക,” (മാർട്ടുറേഓ) “സാക്ഷ്യം; സാക്ഷി” (മാർട്ടുറീയ; മാർട്ടുസ്) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദങ്ങൾ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പദങ്ങളുടെയും അടിസ്ഥാനാർഥം, നേരിട്ട് അറിയാവുന്ന വസ്തുതകളെപ്പറ്റി സാക്ഷി പറയുക എന്നാണെങ്കിലും ആ പദങ്ങൾക്ക് “ഒരു കാര്യം പരസ്യമായി അറിയിക്കുക; സ്ഥിരീകരിക്കുക; എന്തിനെയെങ്കിലും കുറിച്ച് നല്ലതു പറയുക” എന്നീ അർഥങ്ങളും വരാം. അങ്ങനെതന്നെ യേശുവും, തനിക്കു ബോധ്യമുണ്ടായിരുന്ന സത്യങ്ങളെക്കുറിച്ച് സാക്ഷി പറയുകയും അതു മറ്റുള്ളവരെ അറിയിക്കുകയും ചെയ്തതിനു പുറമേ തന്റെ പിതാവിന്റെ പ്രാവചനികവചനവും വാഗ്ദാനങ്ങളും സത്യമാണെന്നു തെളിയിക്കുന്ന രീതിയിൽ ജീവിക്കുകയും ചെയ്തു. (2കൊ 1:20) ദൈവരാജ്യത്തെക്കുറിച്ചും അതിന്റെ മിശിഹൈകഭരണാധികാരിയെക്കുറിച്ചും ഉള്ള തന്റെ ഉദ്ദേശ്യം എന്താണെന്നു ദൈവം വളരെ വിശദമായിത്തന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. യേശുവിന്റെ ഭൗമികജീവിതവും ഒടുവിൽ യേശു വരിച്ച ബലിമരണവും മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം നിറവേറ്റി. നിയമയുടമ്പടിയിൽ മിശിഹയെ മുൻനിഴലാക്കിയ എല്ലാ മാതൃകകളും അതിൽ ഉൾപ്പെടുമായിരുന്നു. (കൊലോ 2:16, 17; എബ്ര 10:1) ചുരുക്കത്തിൽ, തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു ‘സത്യത്തിനു സാക്ഷിയായി നിന്നു’ എന്നു പറയാം.
എന്താണു സത്യം: സാധ്യതയനുസരിച്ച് പീലാത്തൊസിന്റെ ഈ ചോദ്യം പൊതുവിലുള്ള സത്യത്തെക്കുറിച്ചായിരുന്നു അല്ലാതെ തൊട്ടുമുമ്പ് യേശു സംസാരിച്ച ‘സത്യത്തെക്കുറിച്ച്’ ആയിരുന്നില്ല. (യോഹ 18:37) പീലാത്തൊസിന്റെ ചോദ്യം ആത്മാർഥമായിരുന്നെങ്കിൽ യേശു തീർച്ചയായും അതിന് ഉത്തരം കൊടുത്തേനേ. എന്നാൽ പീലാത്തൊസിന്റേതു പുച്ഛവും സംശയവും കലർന്ന ഒരു ചോദ്യമായിരുന്നിരിക്കാനാണു സാധ്യത. മറ്റു വാക്കുകളിൽ പറഞ്ഞാൽ പീലാത്തൊസിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: “സത്യമോ? എന്താണത്? അങ്ങനെയൊരു കാര്യമേ ഇല്ല!” പീലാത്തൊസ് അതിന് ഉത്തരവും പ്രതീക്ഷിച്ചുകാണില്ല. കാരണം ഒരു മറുപടിക്കുപോലും കാത്തുനിൽക്കാതെ അദ്ദേഹം പുറത്ത് ജൂതന്മാരുടെ അടുത്തേക്കു പോകുന്നതായാണു നമ്മൾ വായിക്കുന്നത്.
ഞാൻ നിങ്ങൾക്കൊരു തടവുകാരനെ വിട്ടുതരുന്ന പതിവുണ്ടല്ലോ: അക്ഷ. “നിങ്ങളുടെ സമ്പ്രദായമനുസരിച്ച് ഞാൻ ഒരു തടവുകാരനെ വിട്ടുതരണമല്ലോ.” ഇങ്ങനെ ഒരു തടവുകാരനെ വിട്ടുകൊടുക്കുന്ന പതിവിനെക്കുറിച്ച് മത്ത 27:15-ലും മർ 15:6-ലും പറഞ്ഞിട്ടുണ്ട്. സാധ്യതയനുസരിച്ച് ഇതു ജൂതന്മാർ തുടങ്ങിവെച്ച ഒരു രീതിയായിരുന്നു. കാരണം പീലാത്തൊസ് അവരോട്, “നിങ്ങളുടെ സമ്പ്രദായമനുസരിച്ച്” എന്നു പറയുന്നതായാണു മൂലഭാഷയിൽ കാണുന്നത്. ഇങ്ങനെയൊരു പതിവ് നിലവിൽ വന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ ഇത്തരമൊരു കീഴ്വഴക്കത്തെക്കുറിച്ചോ എബ്രായതിരുവെഴുത്തുകളിൽ എങ്ങും കാണുന്നില്ല. അതുകൊണ്ട് യേശുവിന്റെ കാലത്തിനു മുമ്പ് എപ്പോഴോ ജൂതന്മാർ തുടങ്ങിയതായിരിക്കാം ഈ രീതി. പക്ഷേ ഈ ആചാരം റോമാക്കാർക്ക് ഒരു പുതുമയല്ലായിരുന്നിരിക്കണം. കാരണം ജനക്കൂട്ടത്തെ പ്രീതിപ്പെടുത്താൻ തടവുകാരെ മോചിപ്പിക്കുന്ന ഒരു രീതി റോമാക്കാർക്കുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.
ദൃശ്യാവിഷ്കാരം
യരുശലേമിനെയും ഒലിവുമലയെയും തമ്മിൽ വേർതിരിക്കുന്ന കിദ്രോൻ താഴ്വര (നഹൽ കിദ്രോൻ), യരുശലേം നഗരത്തിന്റെ കിഴക്ക്, ഏതാണ്ട് തെക്കുവടക്കായി നീണ്ടുകിടക്കുന്നു. നഗരമതിലുകൾക്ക് അൽപ്പം വടക്കുമാറിയാണ് ഈ താഴ്വര തുടങ്ങുന്നത്. തുടക്കഭാഗത്ത് അതിനു വീതി കൂടുതലും, ആഴം കുറവും ആണ്. എന്നാൽ പിന്നീടു വീതി കുറഞ്ഞ്, ആഴം കൂടിവരുന്നു. മുമ്പ് ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ തെക്കേ അറ്റത്തോട് അടുത്ത് ഈ താഴ്വരയ്ക്ക് ഏതാണ്ട് 30 മീ. (100 അടി) ആഴവും 120 മീ. (390 അടി) വീതിയും ഉണ്ട്. എന്നാൽ യേശുവിന്റെ നാളിൽ ഇതിന് ഇതിലും ആഴം ഉണ്ടായിരുന്നിരിക്കാം. ഈ താഴ്വര യഹൂദ്യ വിജനഭൂമിയിലൂടെ ചാവുകടൽവരെ നീണ്ടുകിടക്കുന്നു. എ.ഡി. 33 നീസാൻ 14-ന് ‘കർത്താവിന്റെ അത്താഴം’ ഏർപ്പെടുത്തിയിട്ട് യേശു ഗത്ത്ശെമന തോട്ടത്തിലേക്കു പോയത് ഈ താഴ്വര കുറുകെ കടന്നാണ്.—യോഹ 18:1.
1. കിദ്രോൻ താഴ്വര
2. ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം
3. ഒലിവുമല (ഇവിടെ കാണിച്ചിരിക്കുന്ന ഭാഗത്ത് നിറയെ ശവക്കല്ലറകളാണ്)
പപ്പൈറസ് റൈലൻഡ്സ് 457 (P52) ശകലത്തിന്റെ ഇരുപുറവുമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു ആദ്യകാലപകർപ്പിൽനിന്നുള്ള ഭാഗമാണ് ഇത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ജോൺ റൈലൻഡ്സ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശകലം, 1920-ൽ ഈജിപ്തിൽനിന്ന് ലഭിച്ചതാണ്. അതിന്റെ ഒരു വശത്ത് യോഹ 18:31-33-ന്റെ ഒരു ഭാഗവും മറുവശത്ത് യോഹ 18:37, 38-ന്റെ ഒരു ഭാഗവും ആണ് കാണുന്നത്. ഈ ശകലത്തിന്റെ ഇരുവശങ്ങളിലും എഴുത്തുള്ളതുകൊണ്ട് ഇത് മുമ്പ് ഒരു കോഡക്സിന്റെ (അഥവാ പുസ്തകത്തിന്റെ) ഭാഗമായിരുന്നെന്നു വ്യക്തം. ഈ ശകലത്തിന് 9 സെ.മീ. (3.5 ഇഞ്ച്) നീളവും 6 സെ.മീ. (2.4 ഇഞ്ച്) വീതിയും ആണുള്ളത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഇപ്പോഴുള്ളതിലേക്കും ഏറ്റവും പഴക്കമുള്ള ഗ്രീക്കു കൈയെഴുത്തുപ്രതിയാണ് ഇതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇത് എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ ഏതാണ്ട് ആദ്യപകുതിയിലേതാണ് എന്നാണ് അവരുടെ പക്ഷം. യോഹന്നാന്റെ സുവിശേഷം എഴുതിയത് ഏതാണ്ട് എ.ഡി. 98-ലാണ്. അതുകൊണ്ട് ഈ പകർപ്പ് ഉണ്ടാക്കിയത്, യോഹന്നാന്റെ സുവിശേഷത്തിന്റെ എഴുത്ത് പൂർത്തിയായി ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽത്തന്നെ ആയിരിക്കാം. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ആധുനികകാല പരിഭാഷകൾക്ക് ആധാരമായി ഉപയോഗിക്കുന്ന, കുറെക്കൂടെ പൂർണരൂപത്തിലുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളുമായി ഈ ശകലത്തിലെ പാഠം നന്നായി യോജിക്കുന്നു.