യോഹന്നാൻ എഴുതിയത് 19:1-42
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ചാട്ടയ്ക്ക് അടിപ്പിച്ചു: ഒരാളെ സ്തംഭത്തിലേറ്റി വധിക്കുന്നതിനു മുമ്പ് ചാട്ടയ്ക്ക് അടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. യേശുവിനെ വധിക്കാനും ബറബ്ബാസിനെ മോചിപ്പിക്കാനും ജൂതന്മാർ മുറവിളികൂട്ടിയപ്പോൾ അതിനു വഴങ്ങിയ പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി ‘ചാട്ടയ്ക്ക് അടിപ്പിച്ചു.’ (മത്ത 20:19; 27:26) കുറ്റവാളികളെ ചാട്ടയ്ക്ക് അടിക്കാൻ ഉപയോഗിച്ചിരുന്ന ഏറ്റവും ഭീകരമായ ഉപകരണം ലത്തീൻ ഭാഷയിൽ ഫ്ലാഗെല്ലും എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ചാട്ടയുടെ പിടിയിൽ നിരവധി വള്ളികളോ തോൽവാറുകളോ പിടിപ്പിച്ചിരുന്നു. ചിലപ്പോഴൊക്കെ വേദനയുടെ കാഠിന്യം കൂട്ടാൻ ആ തോൽവാറുകളിൽ കൂർത്ത എല്ലിൻ കഷണങ്ങളോ ലോഹക്കഷണങ്ങളോ പിടിപ്പിക്കാറുമുണ്ടായിരുന്നു.
പർപ്പിൾ നിറത്തിലുള്ള ഒരു വസ്ത്രവും ധരിപ്പിച്ചു: മർ 15:17-ന്റെ പഠനക്കുറിപ്പു കാണുക.
അഭിവാദ്യങ്ങൾ: മത്ത 27:29-ന്റെ പഠനക്കുറിപ്പു കാണുക.
ഇതാ, ആ മനുഷ്യൻ!: കഠിനമർദനത്തിന്റെ ഫലമായി ആകെ മുറിവേറ്റ നിലയിലായിരുന്നിട്ടും യേശു അന്തസ്സും ശാന്തതയും കൈവിടാതെ നിന്നതു പീലാത്തൊസുപോലും ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ സഹതാപത്തോടൊപ്പം യേശുവിനോടുള്ള ആദരവും ഉണ്ടായിരുന്നിരിക്കാം. വൾഗേറ്റ് പരിഭാഷയിൽ ഇവിടെ കാണുന്ന എക്കേ ഹോമോ എന്ന പദപ്രയോഗം പല കലാസൃഷ്ടികൾക്കും ആധാരവിഷയമായിട്ടുണ്ട്. എബ്രായതിരുവെഴുത്തുകൾ പരിചയമുണ്ടായിരുന്നവർക്കു പീലാത്തൊസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ സെഖ 6:12-ലെ പ്രവചനം മനസ്സിലേക്കു വന്നുകാണും. അവിടെ മിശിഹയെക്കുറിച്ച്, “നാമ്പ് എന്നു പേരുള്ള മനുഷ്യൻ ഇതാ” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.
ഞങ്ങൾക്ക് ഒരു നിയമമുണ്ട്: യേശുവിന് എതിരെ ഒരു രാഷ്ട്രീയാരോപണം ഉന്നയിച്ചിട്ട് ഫലം കാണാതെ വന്നപ്പോൾ ജൂതന്മാരുടെ മനസ്സിലിരുപ്പു പുറത്തുവന്നു. അവർ ഉടനെ മറ്റൊരു ആയുധം പുറത്തെടുത്തു. ദൈവനിന്ദകനാണെന്നു പറഞ്ഞുകൊണ്ട് അവർ ഇപ്പോൾ യേശുവിന് എതിരെ മതപരമായ ഒരു ആരോപണം ഉന്നയിച്ചു. ഏതാനും മണിക്കൂറുകൾക്കു മുമ്പ് അവർ സൻഹെദ്രിനിൽവെച്ച് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പീലാത്തൊസിന്റെ മുന്നിൽ അവർ ഈ കുറ്റം ആദ്യമായാണ് അവതരിപ്പിക്കുന്നത്.
മുകളിൽനിന്ന്: അഥവാ “സ്വർഗത്തിൽനിന്ന്.” ഏനോഥൻ എന്ന ഗ്രീക്കുപദം ഇവിടെയും യാക്ക 1:17; 3:15, 17 എന്നിവിടങ്ങളിലും “മുകളിൽനിന്ന്,” “ഉയരത്തിൽനിന്ന്” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതേ ഗ്രീക്കുപദം യോഹ 3:3, 7-ലും ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടെ ആ പദത്തെ “വീണ്ടും (പുതുതായി)” എന്നോ “മുകളിൽനിന്ന്” എന്നോ പരിഭാഷപ്പെടുത്താം.—യോഹ 3:3-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യൻ: യേശു ഇവിടെ ‘മനുഷ്യൻ’ എന്നു പറഞ്ഞതു യൂദാസ് ഈസ്കര്യോത്തിനെയോ മറ്റ് ഏതെങ്കിലുമൊരു മനുഷ്യനെയോ ഉദ്ദേശിച്ചായിരിക്കില്ല. സാധ്യതയനുസരിച്ച്, തന്റെ കൊലപാതകത്തിനു കൂട്ടുനിന്നുകൊണ്ട് പാപം ചെയ്ത എല്ലാവരെയുംകുറിച്ചാണ് യേശു ഇങ്ങനെ പറഞ്ഞത്. അതിൽ യൂദാസും, “മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും,” മറ്റുള്ളവരുടെ പ്രേരണയ്ക്കു വഴങ്ങി ബറബ്ബാസിനെ വിട്ടുതരാൻ മുറവിളികൂട്ടിയ ‘ജനക്കൂട്ടവുംപോലും’ ഉൾപ്പെടുമായിരുന്നു.—മത്ത 26:59-65; 27:1, 2, 20-22; യോഹ 18:30, 35.
സീസർ: മത്ത 22:17-ന്റെ പഠനക്കുറിപ്പു കാണുക.
സീസറിന്റെ സ്നേഹിതൻ: പൊതുവേ റോമൻ സാമ്രാജ്യത്തിലെ സംസ്ഥാനാധിപതിമാരായിരുന്ന ഗവർണർമാർക്ക് ആദരസൂചകമായി നൽകിയിരുന്ന ഒരു സ്ഥാനപ്പേരായിരുന്നു ഇത്. എന്നാൽ ജൂതനേതാക്കന്മാർ ഇവിടെ ആ പദപ്രയോഗം ഉപയോഗിച്ചത് ഒരു സ്ഥാനപ്പേരായല്ല, മറ്റൊരു അർഥത്തിലായിരുന്നു. പീലാത്തൊസ് കടുത്ത രാജ്യദ്രോഹക്കുറ്റത്തിനു നേരെ കണ്ണടച്ചെന്ന ആരോപണം നേരിടേണ്ടിവരുമെന്നാണു ജൂതന്മാർ അതിലൂടെ സൂചിപ്പിച്ചത്. ആ സമയത്തെ സീസർ തിബെര്യൊസ് ആയിരുന്നു. ആരെങ്കിലും തന്നെ വഞ്ചിച്ചതായി തോന്നിയാൽ അദ്ദേഹം ഒന്നും നോക്കാതെ അവരെ കൊന്നുകളഞ്ഞിരുന്നു. ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥന്മാരെപ്പോലും അദ്ദേഹം വെറുതെ വിട്ടിരുന്നില്ല. അതിന് ഉദാഹരണമാണ്, ചക്രവർത്തിയുടെ അംഗരക്ഷകരുടെ (പ്രത്തോറിയൻ സേന) മേധാവിയായ ലുസ്യസ് ഏലിയസ് സെജനസിന്റെ അനുഭവം. “സീസറിന്റെ സ്നേഹിതൻ” എന്ന സ്ഥാനപ്പേര് ഔദ്യോഗികമായി ലഭിച്ച ആളായിരുന്നു അദ്ദേഹം. തിബെര്യൊസ് കഴിഞ്ഞാൽ ആ സാമ്രാജ്യത്തിൽ ഏറ്റവും അധികാരവും അദ്ദേഹത്തിനായിരുന്നു. വളരെ സ്വാധീനശക്തിയുണ്ടായിരുന്ന സെജനസിന്റെ ഒരു അടുത്ത ആളായിരുന്നു പീലാത്തൊസ്. അധികാരത്തിൽ ഉണ്ടായിരുന്നിടത്തോളം കാലം സെജനസ് പീലാത്തൊസിനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ എ.ഡി. 31-ൽ സാഹചര്യങ്ങൾ മാറി. തിബെര്യൊസ് ചക്രവർത്തി സെജനസിന് എതിരെ തിരിഞ്ഞു. സെജനസ് രാജ്യദ്രോഹിയാണെന്ന് ആരോപിച്ച് അദ്ദേഹം സെജനസിനെയും അദ്ദേഹത്തിന്റെ പല അനുയായികളെയും കൊന്നുകളയാൻ ഉത്തരവിടുകയും ചെയ്തു. ഈ സംഭവം നടന്നിട്ട് അധികം വൈകാതെയാണു യേശുവിനെ പീലാത്തൊസിനു മുന്നിൽ ഹാജരാക്കുന്നത്. അതുകൊണ്ടുതന്നെ സദൂക്യർ പീലാത്തൊസിന് എതിരെ ചക്രവർത്തിക്കു പരാതി കൊടുത്താൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. പ്രത്യേകിച്ച് അവർ ഉന്നയിക്കാൻപോകുന്ന ആരോപണം പീലാത്തൊസ് “സീസറിന്റെ സ്നേഹിതനല്ല” എന്നായതുകൊണ്ട് പ്രശ്നം വളരെ ഗുരുതരമായിരുന്നു. പീലാത്തൊസും ജൂതന്മാരും തമ്മിൽ അപ്പോൾത്തന്നെ അത്ര രസത്തിലല്ലായിരുന്നതുകൊണ്ടും ഇപ്പോൾ ഉയർന്ന ആരോപണത്തിൽ ചക്രവർത്തിയോടുള്ള വിശ്വസ്തത ഉൾപ്പെട്ടിരുന്നതുകൊണ്ടും ജൂതന്മാരുമായി കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി സാഹചര്യം വഷളാക്കാൻ പീലാത്തൊസ് ആഗ്രഹിച്ചില്ല. അതുകൊണ്ട് യേശു നിരപരാധിയാണെന്ന് അറിഞ്ഞിട്ടും പീലാത്തൊസ് യേശുവിനു വധശിക്ഷ വിധിച്ചത്, എതിരാളികളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാത്ത ചക്രവർത്തിയെ ഭയന്നിട്ടായിരിക്കാം.
എബ്രായയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
കൽത്തളം: ഈ സ്ഥലം എബ്രായയിൽ ഗബ്ബഥ എന്നാണ് അറിയപ്പെട്ടിരുന്നത്. സാധ്യതയനുസരിച്ച് “കുന്ന്,” “ഉയർന്ന സ്ഥലം,” “തുറസ്സായ സ്ഥലം” എന്നൊക്കെ അർഥം വരുന്ന ഈ പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നമുക്ക് അറിയില്ല. ഇവിടെ കാണുന്ന ലിതൊസ്ട്രോടൊൻ (കൽത്തളം) എന്ന ഗ്രീക്കുപദത്തിന്, അലങ്കാരപ്പണിയുള്ളതോ അല്ലാത്തതോ ആയ ഒരു കൽത്തളത്തെ സൂചിപ്പിക്കാനാകും. ഇനി, അതു പല വർണത്തിലുള്ള കല്ലുകൾ പാകി നിർമിച്ചതായിരുന്നെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഈ കൽത്തളം, മഹാനായ ഹെരോദിന്റെ കൊട്ടാരത്തിന്റെ മുന്നിലുള്ള തുറസ്സായ ഒരു സ്ഥലത്തായിരുന്നിരിക്കാം. എന്നാൽ ഇതിന്റെ സ്ഥാനത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ മറ്റു ചില അഭിപ്രായങ്ങളുമുണ്ട്. പക്ഷേ കൃത്യമായ സ്ഥാനം ഏതാണെന്നു നമുക്കു തറപ്പിച്ചുപറയാനാകില്ല.
ന്യായാസനം: മത്ത 27:19-ന്റെ പഠനക്കുറിപ്പു കാണുക.
ഒരുക്കനാൾ: ആഴ്ചതോറുമുള്ള ശബത്തിന്റെ തലേ ദിവസത്തെ ഇങ്ങനെയാണു വിളിച്ചിരുന്നത്. ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസമായിരുന്നു ഇത്. (മർ 15:42-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇവിടെ പെസഹയുടെ ഒരുക്കനാൾ എന്നാണു കാണുന്നത്. ഈ തിരുവെഴുത്തുഭാഗത്ത് പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്, യേശുവിന്റെ വിചാരണയും വധവും നടന്ന നീസാൻ 14-ാം തീയതി രാവിലെയാണ്. തലേ വൈകുന്നേരംതന്നെ പെസഹാദിനം തുടങ്ങിയിരുന്നു. യേശുവും അപ്പോസ്തലന്മാരും തലേന്നു രാത്രി പെസഹ ഭക്ഷിച്ചതായി മറ്റു സുവിശേഷവിവരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്. (മത്ത 26:18-20; മർ 14:14-17; ലൂക്ക 22:15) മോശയുടെ നിയമത്തിലെ എല്ലാ ചട്ടങ്ങളും അതേപടി പാലിച്ച ക്രിസ്തു, നീസാൻ 14-ാം തീയതിയിലെ പെസഹയും കൃത്യമായിത്തന്നെ ആഘോഷിച്ചു. (പുറ 12:6; ലേവ 23:5) പെസഹയുടെ തൊട്ടടുത്ത ദിവസമാണ് ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങുന്നത്. എന്നാൽ ആ ഉത്സവത്തിന്റെ ഒരുക്കങ്ങൾ നടത്തുന്ന ദിവസത്തിന്, പെസഹയുടെ ഒരുക്കനാൾ എന്ന പേരു വന്നത് എന്തുകൊണ്ടാണ്? ഈ രണ്ട് ആഘോഷങ്ങളും അടുത്തടുത്ത ദിവസങ്ങളിലായിരുന്നതുകൊണ്ട് പെസഹയെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തെയും ഒരുമിച്ചുചേർത്ത് ചിലപ്പോഴൊക്കെ “പെസഹ” എന്നാണു വിളിച്ചിരുന്നത്. (ലൂക്ക 22:1) ഇനി, നീസാൻ 14-ന്റെ പിറ്റേ ദിവസം ആഴ്ചയുടെ ഏതു ദിവസമായാലും ശരി, ഒരു ശബത്തായിരുന്നു. (ലേവ 23:5-7) എ.ഡി. 33-ൽ, നീസാൻ 15-ഉം പതിവു ശബത്തും ഒരേ ദിവസം വന്നതുകൊണ്ട് അത് ഒരു ‘വലിയ ശബത്ത്,’ അഥവാ ഇരട്ട ശബത്ത് ആയിരുന്നുതാനും.—യോഹ 19:31-ന്റെ പഠനക്കുറിപ്പു കാണുക.
ഏകദേശം ആറാം മണി: അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.—യോഹന്നാന്റെ വിവരണത്തിൽ ഇവിടെ ആറാം മണി എന്നാണു കാണുന്നതെങ്കിലും യേശുവിനെ സ്തംഭത്തിൽ തറച്ചത് ‘മൂന്നാം മണിക്കാണെന്നു’ മർക്കോസ് പറയുന്നു. ഈ രണ്ടു വിവരണങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽ പൊരുത്തക്കേടുള്ളതായി തോന്നിയേക്കാമെങ്കിലും അതെക്കുറിച്ചുള്ള വിശദീകരണത്തിന് മർ 15:25-ന്റെ പഠനക്കുറിപ്പു കാണുക.
യേശു തന്റെ ദണ്ഡനസ്തംഭവും ചുമന്നുകൊണ്ട്: യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്നത്, യേശുതന്നെ ദണ്ഡനസ്തംഭം ചുമന്നു എന്നാണ്. എന്നാൽ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ആ ദണ്ഡനസ്തംഭം ചുമക്കാൻ കുറേനക്കാരനായ ശിമോനെ നിർബന്ധിച്ചതായും അദ്ദേഹം അതു ചുമന്നതായും ആണ് മറ്റു സുവിശേഷവിവരണങ്ങളിൽ കാണുന്നത്. (മത്ത 27:32; മർ 15:21; ലൂക്ക 23:26) യോഹന്നാന്റെ വിവരണത്തിൽ ചിലപ്പോഴൊക്കെ കാര്യങ്ങൾ വളരെ ചുരുക്കിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓർക്കുക. മറ്റു സുവിശേഷവിവരണങ്ങളിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ യോഹന്നാൻ മിക്കപ്പോഴും തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് ശിമോനെക്കൊണ്ട് സ്തംഭം ചുമപ്പിച്ചു എന്ന വിശദാംശം യോഹന്നാൻ ഒഴിവാക്കിയതാകാം.
ദണ്ഡനസ്തംഭം: മത്ത 27:32-ന്റെ പഠനക്കുറിപ്പു കാണുക.
ഗൊൽഗോഥ: “തലയോട്ടി” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്ന് വന്നത്. (ഗുൽഗോലെത് എന്ന എബ്രായപദം “തലയോട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ന്യായ 9:53; 2രാജ 9:35 എന്നിവ താരതമ്യം ചെയ്യുക.) യേശുവിന്റെ കാലത്ത് ഈ സ്ഥലം യരുശലേമിന്റെ നഗരമതിലുകൾക്കു വെളിയിലായിരുന്നു. ഇന്നു തിരുക്കല്ലറപ്പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് ഇതിന്റെ സ്ഥാനമെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു. അതിന്റെ കൃത്യസ്ഥാനം അതാണെന്നു തറപ്പിച്ചുപറയാനാകില്ലെങ്കിലും അത് ആ പള്ളിക്ക് അടുത്തുതന്നെയായിരിക്കാം എന്നാണു ചിലർ കരുതുന്നത്. (അനു. ബി12 കാണുക.) ഗൊൽഗോഥ ഒരു കുന്നിൻമുകളിലായിരുന്നെന്നു ബൈബിൾ പറയുന്നില്ലെങ്കിലും യേശുവിനെ വധിക്കുന്നതു ചിലർ ദൂരെ നിന്ന് കണ്ടതായി ബൈബിളിൽ രേഖയുണ്ട്.—മർ 15:40; ലൂക്ക 23:49.
തലയോടിടം: ഇവിടെ കാണുന്ന ക്രാനീയൗ ടോപൊൻ എന്ന ഗ്രീക്കുപദപ്രയോഗം ഗൊൽഗോഥ എന്ന എബ്രായപേരിന്റെ പരിഭാഷയാണ്. (ഈ വാക്യത്തിലെ ഗൊൽഗോഥ എന്നതിന്റെ പഠനക്കുറിപ്പു കാണുക. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ എബ്രായ എന്ന പദം ഏത് അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.) ബൈബിളിന്റെ ചില ഇംഗ്ലീഷ് പരിഭാഷകൾ ലൂക്ക 23:33-ൽ “കാൽവരി” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു വൾഗേറ്റിൽ കാണുന്ന കൽവേരിയ (തലയോട്ടി) എന്ന ലത്തീൻപദത്തിൽനിന്ന് വന്നിരിക്കുന്നതാണ്.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.”—പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവ കാണുക.
എബ്രായ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
ക്ലോപ്പാസ്: ബൈബിളിൽ ഈ പേര് ഇവിടെ മാത്രമേ കാണുന്നുള്ളൂ. മത്ത 10:3; മർ 3:18; ലൂക്ക 6:15; പ്രവൃ 1:13 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന അൽഫായിതന്നെയാണു ക്ലോപ്പാസ് എന്നു പല പണ്ഡിതന്മാരും കരുതുന്നു. ഒരാൾക്കു രണ്ടു പേരുണ്ടായിരിക്കുന്നതു പണ്ട് സർവസാധാരണമായിരുന്നെന്നു ബൈബിളിലെ മറ്റ് ഉദാഹരണങ്ങളും സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും അവരെക്കുറിച്ച് പറയാൻ ആ പേരുകൾ മാറിമാറി ഉപയോഗിച്ചിരുന്നു.—മത്ത 9:9; 10:2, 3; മർ 2:14 എന്നിവ താരതമ്യം ചെയ്യുക.
താൻ സ്നേഹിച്ച ശിഷ്യൻ: അതായത്, യേശുവിനു പ്രത്യേകസ്നേഹമുണ്ടായിരുന്ന ശിഷ്യൻ. “യേശു സ്നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച് ഈ സുവിശേഷത്തിൽ അഞ്ചിടത്ത് പറയുന്നുണ്ട്. (യോഹ 13:23; 20:2; 21:7, 20) അതിൽ രണ്ടാമത്തേതാണ് ഇത്. ഈ ശിഷ്യൻ യോഹന്നാൻ അപ്പോസ്തലനാണെന്നു പൊതുവേ കരുതപ്പെടുന്നു.—യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.
ശിഷ്യനോട്, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു: തന്റെ അമ്മയായ മറിയയുടെ പരിപാലനം (സാധ്യതയനുസരിച്ച് മറിയ അപ്പോഴേക്കും ഒരു വിധവയായിരുന്നു.) പ്രിയശിഷ്യനായ യോഹന്നാൻ അപ്പോസ്തലനെ ഏൽപ്പിച്ചതിനു പിന്നിൽ യേശുവിന്റെ സ്നേഹവും പരിഗണനയും കാണാം. (യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.) മറിയയുടെ ശാരീരികവും ഭൗതികവും ആയ ആവശ്യങ്ങളെക്കാൾ യേശുവിനു ചിന്തയുണ്ടായിരുന്നതു മറിയയുടെ ആത്മീയക്ഷേമത്തെക്കുറിച്ചാണെന്ന് ഇതു സൂചിപ്പിക്കുന്നു. കാരണം, യോഹന്നാൻ അപ്പോസ്തലൻ അപ്പോഴേക്കും തന്റെ വിശ്വാസം തെളിയിച്ചിരുന്നു. എന്നാൽ യേശുവിന്റെ സ്വന്തം സഹോദരന്മാർ ആ സമയത്ത് വിശ്വാസികളായിത്തീർന്നിരുന്നോ എന്ന കാര്യം സംശയമാണ്.—മത്ത 12:46-50; യോഹ 7:5.
പുളിച്ച വീഞ്ഞ്: മത്ത 27:48-ന്റെ പഠനക്കുറിപ്പു കാണുക.
ജീവൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാഷയിലെ “ആത്മാവ്” എന്ന പദത്തിന് (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസത്തെയോ” “ജീവശക്തിയെയോ” കുറിക്കാനാകും. സമാന്തരവിവരണങ്ങളായ മർ 15:37-ലും ലൂക്ക 23:46-ലും എക്പ്നിയോ (അക്ഷ. “ശ്വാസം പുറത്തേക്കുവിടുക.”) എന്ന ഗ്രീക്കുക്രിയ ഉപയോഗിച്ചിരിക്കുന്നത് ഈ വാദത്തെ പിന്താങ്ങുന്നു. (ആ വാക്യങ്ങളിൽ ഈ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അവയുടെ പഠനക്കുറിപ്പുകളിൽ കാണുന്നതുപോലെ “അന്ത്യശ്വാസം വലിച്ചു” എന്നാണ്.) സംഭവിക്കേണ്ടതെല്ലാം പൂർത്തിയായതുകൊണ്ട് ജീവൻ നിലനിറുത്താനുള്ള പരിശ്രമം യേശു മനഃപൂർവം അവസാനിപ്പിച്ചു എന്ന അർഥത്തിലാകാം മൂലഭാഷയിൽ “ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നത് എന്നാണു ചിലരുടെ അഭിപ്രായം. അതെ, യേശു മനസ്സോടെ ‘മരണത്തോളം തന്റെ ജീവൻ ചൊരിഞ്ഞു.’—യശ 53:12; യോഹ 10:11.
ഒരുക്കനാൾ: ആഴ്ചതോറുമുള്ള ശബത്തിന്റെ തലേനാൾ. ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസമായിരുന്നു ഇത്. ശബത്തുദിവസംകൂടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത് കഴിയുന്നതുവരെ മാറ്റിവെക്കാൻ പറ്റാത്ത ജോലികൾ ചെയ്തുതീർക്കുക എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തവണ നീസാൻ 14 ആയിരുന്നു ആ ഒരുക്കനാൾ. (മർ 15:42; പദാവലിയിൽ “ഒരുക്കനാൾ” കാണുക.) ശവശരീരങ്ങൾ ‘രാത്രി മുഴുവൻ സ്തംഭത്തിൽ കിടക്കാൻ’ അനുവദിക്കാതെ “അന്നേ ദിവസംതന്നെ” അടക്കം ചെയ്യണമെന്നു മോശയുടെ നിയമം ആവശ്യപ്പെട്ടിരുന്നു.—ആവ 21:22, 23; യോശ 8:29-ഉം 10:26, 27-ഉം താരതമ്യം ചെയ്യുക.
അതു വലിയ ശബത്തായിരുന്നു: പെസഹയുടെ പിറ്റേ ദിവസമായ നീസാൻ 15, ആഴ്ചയുടെ ഏതു ദിവസമായാലും ശരി, ഒരു ശബത്തായിരുന്നു. (ലേവ 23:5-7) ഈ പ്രത്യേകശബത്തും പതിവ് ശബത്തും (ജൂതന്മാരുടെ കലണ്ടറനുസരിച്ച് ആഴ്ചയുടെ ഏഴാം ദിവസം ആചരിച്ചിരുന്ന ഈ ശബത്ത്, വെള്ളിയാഴ്ച സൂര്യാസ്തമയംമുതൽ ശനിയാഴ്ച സൂര്യാസ്തമയംവരെ ആയിരുന്നു.) ഒരേ ദിവസം വരുമ്പോഴാണ് അതിനെ ‘വലിയ ശബത്ത്’ എന്നു വിളിക്കുന്നത്. യേശു മരിച്ച വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം അത്തരമൊരു വലിയ ശബത്തായിരുന്നു. എ.ഡി. 31 മുതൽ എ.ഡി. 33 വരെയുള്ള കാലത്ത് നീസാൻ 14 ഒരു വെള്ളിയാഴ്ചയായിരുന്ന ഒരേ ഒരു വർഷം എ.ഡി. 33 ആണ്. യേശു മരിച്ചത് എ.ഡി. 33-ലെ നീസാൻ 14-ാം തീയതി തന്നെയാണെന്ന നിഗമനത്തെ ശക്തമായി പിന്താങ്ങുന്ന ഒരു തെളിവാണ് ഇത്.
കാലുകൾ ഒടിച്ച്: ഈ സമ്പ്രദായത്തെ ലത്തീനിൽ ക്രൂറിഫ്രാഗിയം എന്നാണു വിളിച്ചിരുന്നത്. അതിക്രൂരമായ ഒരു ശിക്ഷാരീതിയായിരുന്നു ഇത്. സ്തംഭത്തിലേറ്റി വധിക്കുന്നവരുടെ മരണം കൂടുതൽ വേഗത്തിലാക്കാനായിരിക്കാം ഇങ്ങനെ ചെയ്തിരുന്നത്. സ്തംഭത്തിൽ കിടക്കുന്ന ഒരാൾക്കു ശ്വാസോച്ഛ്വാസം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അയാൾ കാലിൽ ഊന്നിപ്പൊങ്ങി ശ്വാസം എടുക്കാൻ ശ്രമിക്കും. എന്നാൽ കാലുകൾ ഒടിച്ചാൽപ്പിന്നെ അതിനു പറ്റാതെവരുന്നതുകൊണ്ട് അയാൾ ശ്വാസം കിട്ടാതെ മരിക്കുമായിരുന്നു.
അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിക്കില്ല: ഇത് സങ്ക 34:20-ൽനിന്നുള്ള ഉദ്ധരണിയാണ്. പെസഹയുടെ രാത്രി അറുക്കേണ്ട ചെമ്മരിയാട്ടിൻകുട്ടിയുടെ (അല്ലെങ്കിൽ കോലാടിന്റെ) ‘അസ്ഥിയൊന്നും ഒടിക്കരുത്’ എന്ന് ആ ആചരണം ഏർപ്പെടുത്തിയപ്പോൾ യഹോവ കല്പിച്ചിരുന്നു. (പുറ 12:46; സംഖ 9:12) പൗലോസ് യേശുവിനെ ‘നമ്മുടെ പെസഹാക്കുഞ്ഞാട്’ എന്നു വിളിച്ചു. പെസഹാക്കുഞ്ഞാടിന്റെ പ്രാവചനികമാതൃകയും സങ്ക 34:20-ലെ പ്രവചനവും സൂചിപ്പിച്ചതുപോലെ യേശുവിന്റെ അസ്ഥികളൊന്നും ഒടിക്കപ്പെട്ടില്ല. (1കൊ 5:7; യോഹ 1:29-ന്റെ പഠനക്കുറിപ്പു കാണുക.) ഈ പ്രവചനം അതേപടി നിറവേറിയതു വളരെ ശ്രദ്ധേയമായിരുന്നു. കാരണം, സ്തംഭത്തിലേറ്റി വധിക്കുന്നവരുടെ മരണം കൂടുതൽ വേഗത്തിലാക്കാൻ റോമൻ പടയാളികൾ അവരുടെ കാലുകൾ ഒടിക്കുന്ന രീതി ആ നാളുകളിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. (യോഹ 19:31-ന്റെ പഠനക്കുറിപ്പു കാണുക.) യേശുവിന്റെ അരികിലായി സ്തംഭത്തിലേറ്റിയ രണ്ടു കുറ്റവാളികളുടെയും കാലുകൾ പടയാളികൾ ഒടിച്ചെങ്കിലും യേശു അതിനോടകം മരിച്ചിരുന്നതുകൊണ്ടാകാം അവർ യേശുവിന്റെ കാലുകൾ ഒടിക്കാതിരുന്നത്. അവരിൽ ഒരാൾ ‘കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത് കുത്തി’ എന്നു മാത്രമാണു വിവരണം പറയുന്നത്.—യോഹ 19:33, 34.
ജൂതന്മാർ: ഇതു സാധ്യതയനുസരിച്ച്, അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആണ് കുറിക്കുന്നത്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
അരിമഥ്യ: മത്ത 27:57-ന്റെ പഠനക്കുറിപ്പു കാണുക.
യോസേഫ്: മർ 15:43-ന്റെ പഠനക്കുറിപ്പു കാണുക.
നിക്കോദേമൊസ്: യേശുവിന്റെ ശരീരം ശവസംസ്കാരത്തിനായി ഒരുക്കാൻ അരിമഥ്യക്കാരനായ യോസേഫിന്റെകൂടെ നിക്കോദേമൊസും ഉണ്ടായിരുന്നെന്നു രേഖപ്പെടുത്തിയിരിക്കുന്നതു യോഹന്നാൻ മാത്രമാണ്.—യോഹ 3:1-ന്റെ പഠനക്കുറിപ്പു കാണുക.
മീറ: പദാവലി കാണുക.
അകിൽ: ഈ പേരിലുള്ള മരത്തിൽനിന്ന് കിട്ടുന്ന സൗരഭ്യമുള്ള ഒരു പദാർഥത്തെ ബൈബിൾക്കാലങ്ങളിൽ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. (സങ്ക 45:8; സുഭ 7:17; ഉത്ത 4:14) എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഈ ഉത്പന്നംതന്നെയായിരിക്കാം ഇവിടെ നിക്കോദേമൊസ് കൊണ്ടുവന്നത്. മൃതശരീരം ശവസംസ്കാരത്തിനായി ഒരുക്കുമ്പോൾ, അകിലിന്റെ പൊടി മീറയോടൊപ്പം ചേർത്ത് ഉപയോഗിക്കുമായിരുന്നു. ശവശരീരം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം കുറയ്ക്കാനായിരിക്കാം ഇങ്ങനെ ചെയ്തിരുന്നത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന അകിൽ മരം, അക്വിലേറിയ അഗലോച്ച ആണെന്നു മിക്ക പണ്ഡിതന്മാരും കരുതുന്നു. ഈഗിൾ മരം എന്നും അറിയപ്പെടുന്ന ഈ വൃക്ഷം ഇന്നു പ്രധാനമായും കാണപ്പെടുന്നത് ഇന്ത്യയിലും സമീപപ്രദേശങ്ങളിലും ആണ്. ഇതിനു 30 മീ. (ഏ. 100 അടി) വരെ ഉയരം വരാറുണ്ട്. ഇതിന്റെ തായ്ത്തടിയുടെ അകക്കാമ്പിലും ശിഖരങ്ങളിലും ഉള്ള മരക്കറ, സുഗന്ധമുള്ള എണ്ണ എന്നിവയാണു വളരെ അമൂല്യമായ ഈ സുഗന്ധദ്രവ്യത്തിന്റെ പരിമളത്തിനു കാരണം. ഈ മരത്തടിക്ക് ഏറ്റവും പരിമളമുണ്ടാകുന്നത് അത് അഴുകുമ്പോഴാണ്. അതുകൊണ്ടുതന്നെ അതു വേഗത്തിൽ അഴുകാൻ മരത്തടി ചിലപ്പോഴൊക്കെ മണ്ണിൽ കുഴിച്ചിടാറുണ്ട്. പണ്ട് അകിലിന്റെ തടി നേർത്ത പൊടിയാക്കി “അകിൽ” എന്ന പേരിൽ വിറ്റിരുന്നു. എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “അകിൽ,” ഇന്ന് അലോ വെറാ (കറ്റാർവാഴ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ലില്ലിവർഗത്തിൽപ്പെട്ട ഒരു ചെടിയാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു. പക്ഷേ ആ ചെടി പ്രധാനമായും ഉപയോഗിക്കുന്നതു സുഗന്ധദ്രവ്യമായല്ല മറിച്ച് ആരോഗ്യപരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ്.
റാത്തൽ: ഇവിടെ കാണുന്ന ലീട്രാ (ഇത് ഏകവചനത്തിലാണ്.) എന്ന ഗ്രീക്കുപദം റോമാക്കാരുടെ റാത്തലിനെയാണു (ലത്തീനിൽ, ലിബ്രാ) കുറിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്നു. ഒരു റോമൻ റാത്തൽ ഏകദേശം 327 ഗ്രാം വരും. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന സുഗന്ധക്കൂട്ട് ഏകദേശം 33 കി.ഗ്രാം. ഉണ്ടായിരുന്നിരിക്കണം.—അനു. ബി14 കാണുക.
സുഗന്ധക്കൂട്ട്: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “ഒരു കെട്ട്” എന്നാണു കാണുന്നത്. എന്നാൽ ആധികാരികമായ പല ആദ്യകാലകൈയെഴുത്തുപ്രതികളും “സുഗന്ധക്കൂട്ട്” എന്ന പരിഭാഷയെയാണ് അനുകൂലിക്കുന്നത്.
കല്ലറ: മത്ത 27:60-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇത്. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്. യഥാർഥത്തിലുള്ളതു കണ്ടെത്തിയത് 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്തുശാസ്ത്രജ്ഞർ ഉത്ഖനനം നടത്തിയപ്പോഴാണ്. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്. തടികൊണ്ടുള്ള സ്തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന് ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ് ഇത്. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറയ്ക്കാൻ ഉപയോഗിച്ചത്. ഗവേഷകർക്ക് ഇതു കിട്ടിയത്, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്. സ്തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്കാരം ലഭിച്ചിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പല ബൈബിൾപരിഭാഷകളും “ഈസോപ്പുചെടി” എന്നു തർജമ ചെയ്തിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങൾക്കു (എബ്രായയിൽ ഏസോവ്, ഗ്രീക്കിൽ ഹുസ്സോപൊസ്) പല തരം ചെടികളെ കുറിക്കാനാകും. ഏസോവ് എന്ന എബ്രായപേര് കുറിക്കുന്നത്, ഇവിടെ കാണിച്ചിരിക്കുന്ന മാർജോരം (ഒറിഗാനം മേരു; ഒറിഗാനം സിറിയാക്കം) എന്ന ചെടിയെയാണെന്നു പല പണ്ഡിതന്മാരും കരുതുന്നു. മധ്യപൂർവദേശത്ത് സാധാരണയായി കാണുന്ന ഈ ചെടി പുതിന വർഗത്തിൽപ്പെട്ടതാണ്. അനുകൂലകാലാവസ്ഥയിൽ ഇത് 0.5 മീ. (1.5 അടി) മുതൽ 0.9 മീ. (3 അടി) വരെ ഉയരത്തിൽ വളരും. ബൈബിളിൽ പലപ്പോഴും ഈസോപ്പുചെടിയെ ശുദ്ധിയുമായി ബന്ധപ്പെടുത്തിയാണു പറഞ്ഞിട്ടുള്ളത്. (പുറ 12:21, 22; ലേവ 14:2-7; സംഖ 19:6, 9, 18; സങ്ക 51:7) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ രണ്ടിടത്ത് മാത്രമേ ‘ഈസോപ്പുചെടിയെക്കുറിച്ച്’ പറഞ്ഞിട്ടുള്ളൂ. അതിൽ ഒന്ന് എബ്ര 9:19-ലാണ്. അവിടെ പഴയ ഉടമ്പടി പ്രാബല്യത്തിൽ വന്നതിനെക്കുറിച്ച് പറയുമ്പോഴാണ് ഈ ചെടിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. അതുകൊണ്ട് എബ്ര 9:19-ലേത് എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ‘ഈസോപ്പുചെടിതന്നെ’ ആയിരിക്കാം. ഇനി, യോഹ 19:29-ൽ പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി “ഈസോപ്പുതണ്ടിൽ വെച്ച്” യേശുവിന്റെ വായോട് അടുപ്പിച്ചതായി പറഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ഹുസ്സോപൊസ് എന്ന ഗ്രീക്കുപദം ഏതു ചെടിയെയാണു കുറിക്കുന്നത് എന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. യേശുവിന്റെ വായോട് അടുപ്പിക്കാൻ മാത്രം നീളം മാർജോരത്തിന്റെ തണ്ടിന് ഇല്ലാത്തതുകൊണ്ട് അതിനെക്കാൾ നീണ്ട തണ്ടുള്ള മറ്റൊരു ചെടിയെക്കുറിച്ചായിരിക്കാം ഇവിടെ പറഞ്ഞിരിക്കുന്നതെന്നു ചിലർ കരുതുന്നു. ഒരുപക്ഷേ ഇതു മണിച്ചോളത്തിന്റെ (സോർഗം വൾഗേർ) വർഗത്തിൽപ്പെട്ട ഡ്യൂറ ചെടിയായിരിക്കാം എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ മാർജോരം ചെടിയെക്കുറിച്ചുതന്നെയാണ് ഇവിടെയും പറഞ്ഞിരിക്കുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്. മത്തായിയും മർക്കോസും പറഞ്ഞിരിക്കുന്ന “ഈറ്റത്തണ്ടിൽ,” മാർജോരത്തിന്റെ ഒരു കെട്ട് പിടിപ്പിച്ചിരുന്നിരിക്കാം എന്നാണ് അവർ പറയുന്നത്.—മത്ത 27:48; മർ 15:36.
സാധാരണഗതിയിൽ റോമൻ പടയാളികളുടെ കൈവശം കുത്താനോ എറിഞ്ഞുകൊള്ളിക്കാനോ പറ്റുന്ന തരം നീണ്ട ആയുധങ്ങൾ കാണുമായിരുന്നു. ആഴത്തിൽ തുളച്ചുകയറുന്ന തരം ആയുധമായിരുന്നു പൈലം (1). നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് ഇത് അധികം ദൂരേക്ക് എറിയാൻ പറ്റില്ലായിരുന്നെങ്കിലും ഇതുകൊണ്ട് കുത്തിയാൽ പടച്ചട്ടയും പരിചയും ഒക്കെ തുളഞ്ഞുപോകുമായിരുന്നു. റോമൻ ലഗ്യോനിലെ പടയാളികൾ മിക്കപ്പോഴും പൈലം കൊണ്ടുനടന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. ഇനി, റോമൻ പടയാളികളുടെ കൈവശം താരതമ്യേന ലളിതമായി രൂപകല്പന ചെയ്ത മറ്റൊരു തരം കുന്തവും (2) ഉണ്ടായിരുന്നു. അതിനു തടികൊണ്ടുള്ള നീണ്ട പിടിയും ഇരുമ്പു പഴുപ്പിച്ചുണ്ടാക്കിയ കൂർത്ത മുനയും ആണ് ഉണ്ടായിരുന്നത്. റോമൻ സഹായസേനയിലെ കാലാൾപ്പടയാളികൾ ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ഒന്നോ അതിലധികമോ കുന്തങ്ങൾ കൊണ്ടുനടന്നിരുന്നു. യേശുവിന്റെ വിലാപ്പുറത്ത് കുത്താൻ ഉപയോഗിച്ചത് ഏതുതരം കുന്തമാണെന്നു നമുക്ക് അറിയില്ല.
പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹകളിലോ അറകളിലോ ആണ് ജൂതന്മാർ സാധാരണയായി ശവസംസ്കാരം നടത്തിയിരുന്നത്. രാജാക്കന്മാരുടേത് ഒഴികെയുള്ള കല്ലറകളെല്ലാം പൊതുവേ നഗരങ്ങൾക്കു വെളിയിലായിരുന്നു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ജൂതകല്ലറകളുടെ ഒരു പ്രത്യേകത അവയുടെ ലാളിത്യമാണ്. ജൂതന്മാർ മരിച്ചവരെ ആരാധിക്കാഞ്ഞതായിരിക്കാം ഇതിന്റെ കാരണം. മരണശേഷം ഒരാൾ ഒരു ആത്മലോകത്ത് ജീവിക്കുന്നു എന്ന വിശ്വാസവും ജൂതമതത്തിന്റെ ഭാഗമല്ലായിരുന്നു.