യോഹന്നാൻ എഴുതിയത് 2:1-25
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
കാനാ: സാധ്യതയനുസരിച്ച് “ഈറ്റ” എന്ന് അർഥമുള്ള കാനെഹ് എന്ന എബ്രായപദത്തിൽനിന്ന് വന്നത്. അതുകൊണ്ട് “കാനാ” എന്ന സ്ഥലപ്പേരിന്റെ അർഥം “ഈറ്റകളുടെ നാട്” എന്നായിരിക്കാം. യോഹന്നാൻ മാത്രമേ ഈ പട്ടണത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ. ആശേർഗോത്രത്തിന്റെ പ്രദേശത്തുള്ള സ്ഥലമായ കാനെയിൽനിന്ന് (എബ്രായയിൽ, ഖാനാ) (യോശ 19:24, 28) ഇതിനെ വേർതിരിച്ച് കാണിക്കാനായിരിക്കാം യോഹന്നാൻ എപ്പോഴും ഇതിനെ ഗലീലയിലെ കാനാ എന്നു വിളിച്ചിരിക്കുന്നത്. (യോഹ 2:11; 4:46; 21:2) ഇന്നത്തെ ഖിർബെത് ഖാനാ എന്ന സ്ഥലത്താണു പഴയ കാനാ സ്ഥിതി ചെയ്തിരുന്നതെന്നു പല പണ്ഡിതന്മാരും കരുതുന്നു. അവിടത്തെ ഒരു കുന്നിൽ ഒരു പുരാതനഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബെത് നെതോഫ താഴ്വരയുടെ (എൽ-ബത്തൂഫ് സമതലം) വടക്കേ അറ്റത്തുള്ള ആ സ്ഥലം നസറെത്തിന് ഏതാണ്ട് 13 കി.മീ. വടക്കാണ്. ‘ഗലീലയിലെ കാനാ’ എന്ന് അർഥമുള്ള കാനാ എൽ ജലീൽ എന്നാണ് അറബിയിൽ ഇന്നും ആ സ്ഥലത്തിന്റെ പേര്. അതിന് അടുത്തുള്ള ഒരു ചതുപ്പുനിലത്ത് ഈറ്റകൾ ധാരാളമായി ഉള്ളതുകൊണ്ട് കാനായ്ക്ക് ആ പേര് എന്തുകൊണ്ടും ചേരും. പണ്ടുകാലത്ത് ഉപയോഗത്തിലിരുന്ന ജലസംഭരണികളുടെ നാശാവശിഷ്ടങ്ങളും ഒരു സിനഗോഗിന്റേതെന്നു കരുതുന്ന ഭാഗങ്ങളും (എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ എ.ഡി. രണ്ടാം നൂറ്റാണ്ടിലോ പണിതതെന്നു കരുതപ്പെടുന്നു.) അവിടെ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന കളിമൺപാത്രങ്ങളുടെ കഷണങ്ങളും നാണയങ്ങളും അവിടെനിന്ന് കിട്ടിയിട്ടുണ്ട്. എന്നാൽ നസറെത്തിന് 6.5 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കെഫ്ർ കെന്ന എന്ന സ്ഥലത്താണു പഴയ കാനായുടെ സ്ഥാനമെന്നു ക്രൈസ്തവസഭയുടെ പാരമ്പര്യരേഖകൾ പറയുന്നു. പക്ഷേ തീർത്ഥാടകർക്കു നസറെത്തിൽനിന്ന് കെഫ്ർ കെന്നയിലേക്ക് എളുപ്പം എത്തിച്ചേരാം എന്നതുകൊണ്ടു മാത്രമായിരിക്കാം അവർ അങ്ങനെ പറയുന്നത്. എന്നാൽ കെഫ്ർ കെന്നയ്ക്കു സാധ്യതയനുസരിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്ന (ഗലീലയിലെ) കാനാ എന്ന പേരുമായി ഭാഷാപരമായ ബന്ധമൊന്നുമില്ല.
സ്ത്രീയേ: തന്റെ അമ്മയെ അഭിസംബോധന ചെയ്ത ഇതേ പദം ഉപയോഗിച്ച് യേശു മറ്റു സ്ത്രീകളെയും അഭിസംബോധന ചെയ്തിട്ടുണ്ട്. സാധ്യതയനുസരിച്ച് വളരെ മാന്യമായ ഒരു രീതിയായിത്തന്നെയാണ് അതിനെ മിക്കപ്പോഴും കണക്കാക്കിയിരുന്നത്. അതു മാന്യതയോ ആദരവോ ഇല്ലാത്ത, പരുഷമായ ഒരു പദപ്രയോഗമായി ആരും കണ്ടിരുന്നില്ല. യേശുവിന്റെ കല്ലറയുടെ മുന്നിൽവെച്ച് സങ്കടപ്പെട്ട് കരയുകയായിരുന്ന മഗ്ദലക്കാരി മറിയയോടു സംസാരിച്ചപ്പോൾ ദൈവദൂതന്മാരും പുനരുത്ഥാനപ്പെട്ട യേശുവും ഇതേ പദം ഉപയോഗിച്ചു. ആ അഭിസംബോധനാരീതി പരുഷമോ ആദരവില്ലാത്തതോ ആയിരുന്നെങ്കിൽ യേശു തീർച്ചയായും അത്തരം ഒരു സാഹചര്യത്തിൽ അത് ഉപയോഗിക്കില്ലായിരുന്നു. (യോഹ 20:13, 15) ഇനി, ദണ്ഡനസ്തംഭത്തിൽ കിടക്കുമ്പോൾ യേശു തന്റെ അമ്മയെ, പ്രിയ അപ്പോസ്തലനായ യോഹന്നാനെ ഏൽപ്പിച്ച സന്ദർഭം നോക്കുക. യേശു ഇങ്ങനെയൊരു ക്രമീകരണം ചെയ്തത്, സ്വന്തം അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നു തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നതുകൊണ്ടാണ്. (പുറ 20:12; ആവ 5:16; മത്ത 15:4) അമ്മയെക്കുറിച്ച് അത്രയേറെ ചിന്തയുണ്ടായിരുന്ന ആ സാഹചര്യത്തിലും യേശു ഇതേ പദം ഉപയോഗിച്ചാണ് അമ്മയെ അഭിസംബോധന ചെയ്തത്. (യോഹ 19:26) “സ്ത്രീയേ” എന്ന അഭിസംബോധനയിൽ ആദരവും സ്നേഹവും അടങ്ങിയിട്ടുണ്ട് എന്നതിനോടു പല ആധികാരികഗ്രന്ഥങ്ങളും യോജിക്കുന്നു.
നമുക്ക് ഇതിൽ എന്തു കാര്യം?: “അവർക്കു വീഞ്ഞില്ല” എന്നു മറിയ യേശുവിനോടു പറഞ്ഞത് (യോഹ 2:3) യേശു അവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കണം എന്ന അർഥത്തിലാണ്. യേശു അതേവരെ അത്ഭുതങ്ങളൊന്നും ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് മറിയയുടെ ഈ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. യേശു മറുപടി നൽകിയപ്പോൾ ഉപയോഗിച്ച സെമിറ്റിക്ക് ഭാഷാശൈലിയുടെ അക്ഷരാർഥം “എനിക്കും നിനക്കും എന്ത്” എന്നാണ്. പൊതുവേ കുറച്ചൊക്കെ എതിർപ്പു സൂചിപ്പിക്കുന്ന ഈ ശൈലിയുടെ അർഥം സന്ദർഭമനുസരിച്ചാണു മനസ്സിലാക്കേണ്ടത്. അതിനു ചിലപ്പോഴൊക്കെ വിദ്വേഷത്തെയും പുച്ഛത്തെയും കുറിക്കാനാകുമെങ്കിലും (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28) യേശു ഇവിടെ അത് ഉപയോഗിച്ചതു ചെറിയ തോതിലുള്ള ഒരു എതിർപ്പു കാണിക്കാൻ മാത്രമായിരിക്കാം. (എബ്രായതിരുവെഴുത്തുകളിൽ ഈ ശൈലി മൃദുവായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് 2ശമു 16:9, 10; 1രാജ 17:18 എന്നിവ.) യേശു അപ്പോൾ അൽപ്പം വിമുഖത കാട്ടിയതിന്റെ കാരണം എന്റെ സമയം ഇതുവരെ വന്നിട്ടില്ല എന്ന യേശുവിന്റെ വാക്കുകളിൽനിന്ന് വ്യക്തമാണ്. എങ്കിലും അവർക്കു സഹായം ചെയ്തുകൊടുക്കാൻ തനിക്ക് അപ്പോൾ പറ്റില്ല എന്നൊരു സൂചന മറിയയോടുള്ള യേശുവിന്റെ മറുപടിയിൽ ഇല്ലായിരുന്നു എന്നു വേണം കരുതാൻ. അല്ലാത്തപക്ഷം 5-ാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ മറിയ പറയില്ലായിരുന്നു.
അളവുപാത്രം: ഇവിടെ പറഞ്ഞിരിക്കുന്ന അളവുപാത്രം (ഗ്രീക്കിൽ, മെറ്റ്റേറ്റേസ്) എബ്രായരുടെ ബത്ത് ആണെന്ന് അനേകം പണ്ഡിതന്മാരും കരുതുന്നു. പുരാതന എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് “ബത്ത്” എന്നു രേഖപ്പെടുത്തിയിരിക്കുന്ന ചില ഭരണിക്കഷണങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽനിന്ന്, ഒരു ബത്ത് ഏതാണ്ട് 22 ലി. വരുമായിരുന്നെന്നു ചില പണ്ഡിതന്മാർ കണക്കാക്കുന്നു. (1രാജ 7:26; എസ്ര 7:22; യഹ 45:14) ഇതു സത്യമെങ്കിൽ, അവിടെയുണ്ടായിരുന്ന ഓരോ കൽഭരണിയിലും 44 ലി. മുതൽ 66 ലി. വരെ വെള്ളം നിറയ്ക്കാമായിരുന്നു. അങ്ങനെയെങ്കിൽ ആറു കൽഭരണിയിലുംകൂടെ ഏകദേശം 260 ലിറ്ററിനും 390 ലിറ്ററിനും ഇടയിൽ വെള്ളം കൊള്ളുമായിരുന്നു. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്നത്, ഗ്രീക്കുകാർ ഉപയോഗിച്ചിരുന്ന കുറച്ചുകൂടെ വലിയൊരു അളവുപാത്രമാണെന്നു (40 ലി. വരെ കൊള്ളുന്നത്.) മറ്റു ചില പണ്ഡിതന്മാർ കരുതുന്നു.—അനു. ബി14 കാണുക.
ആദ്യത്തെ അടയാളം: വെള്ളം മേത്തരം വീഞ്ഞാക്കി മാറ്റിയതു യേശുവിന്റെ ആദ്യത്തെ അടയാളം അഥവാ അത്ഭുതം ആയിരുന്നു. ഈ സംഭവം യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
പെസഹ: ഇവിടെ പറഞ്ഞിരിക്കുന്ന പെസഹ ആഘോഷം നടന്നതു യേശുവിന്റെ ശുശ്രൂഷയുടെ ആദ്യഭാഗത്ത് ആയിരുന്നതുകൊണ്ട് അത് എ.ഡി. 30-ലെ വസന്തകാലത്ത് (അതായത്, മാർച്ചിലോ ഏപ്രിലിലോ) ആയിരിക്കാം നടന്നത്. കാരണം എ.ഡി. 29-ലെ ശരത്കാലത്ത് (അതായത്, സെപ്റ്റംബറിലോ ഒക്ടോബറിലോ) സ്നാനമേറ്റ യേശു തന്റെ പ്രസംഗപ്രവർത്തനം തുടങ്ങിയത് അതിനു ശേഷമാണ്. (ലൂക്ക 3:1-ന്റെ പഠനക്കുറിപ്പും അനു. എ7-ഉം കാണുക.) നാലു സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്താൽ യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് നാലു പെസഹ ആഘോഷങ്ങൾ നടന്നെന്നു മനസ്സിലാക്കാം. യേശുവിന്റെ ശുശ്രൂഷയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷത്തിൽ യേശു മരിച്ച അവസാനത്തെ പെസഹാദിനത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നു പെസഹകളെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. (യോഹ 2:13; 6:4; 11:55) ഇനി, നാലാമത്തേതിനെയാണു സർവസാധ്യതയുമനുസരിച്ച് യോഹ 5:1-ൽ ‘ജൂതന്മാരുടെ ഉത്സവം’ എന്നു വിളിച്ചിരിക്കുന്നത്. യേശുവിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം കിട്ടാൻ സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഇത് എടുത്തുകാട്ടുന്നത്.—യോഹ 5:1; 6:4; 11:55 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദേവാലയം: സാധ്യതയനുസരിച്ച് ജനതകളുടെ മുറ്റം എന്ന് അറിയപ്പെടുന്ന ദേവാലയഭാഗമായിരിക്കാം ഇത്.—അനു. ബി11 കാണുക.
ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെ: ഇസ്രായേൽജനം ബലി അർപ്പിക്കാൻ ദേവാലയത്തിൽ വരണമെന്നു ദൈവനിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. അതിനായി യരുശലേമിലേക്കു വരുന്നവർക്ക് അവിടെ താമസിക്കുന്ന സമയത്ത് ആഹാരവും വേണ്ടിവരും. പക്ഷേ ചിലർ വരുന്നതു വളരെ ദൂരെനിന്നായതുകൊണ്ട് ഇതെല്ലാം സ്വന്തം നാട്ടിൽനിന്ന് കൊണ്ടുവരാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തങ്ങളുടെ ധാന്യവിളകളും തങ്ങളുടെ മൃഗങ്ങളെയും വിറ്റ് ആ പണവുമായി യരുശലേമിലേക്കു വരാനും യാഗാർപ്പണത്തിനു വേണ്ട ആടുമാടുകളെയും പ്രാവുകളെയും യരുശലേമിൽനിന്നുതന്നെ വാങ്ങാനും നിയമം അനുവദിച്ചിരുന്നു. യരുശലേമിൽ തങ്ങുമ്പോൾ അവർക്കു വേണ്ടിവരുന്ന സാധനങ്ങളും ഈ പണംകൊണ്ട് വാങ്ങാമായിരുന്നു. (ആവ 14:23-26) എന്നാൽ കുറെക്കാലം കഴിഞ്ഞപ്പോൾ കച്ചവടക്കാർ ബലിക്കുള്ള മൃഗങ്ങളെയും പക്ഷികളെയും ദേവാലയസമുച്ചയത്തിന് ഉള്ളിൽവെച്ചുതന്നെ വിൽക്കാൻതുടങ്ങി. (ഈ വാക്യത്തിലെ ദേവാലയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) സാധ്യതയനുസരിച്ച് അവരിൽ ചിലർ ആളുകളിൽനിന്ന് അന്യായവില ഈടാക്കിക്കൊണ്ട് അവരെ വഞ്ചിക്കുകയും ചെയ്തിരുന്നു.
ചാട്ട: “ചാട്ട” എന്നതിന്റെ ഗ്രീക്കുപദം (സ്ഖോയ്നീഓൺ) കുറിക്കുന്നത് ഈറ്റയോ ഞാങ്ങണയോ മറ്റേതെങ്കിലും വസ്തുവോ കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം കയറിനെയാണ്. സാധ്യതയനുസരിച്ച് ‘ദേവാലയത്തിൽനിന്ന് ആടുമാടുകളെ പുറത്താക്കാനാണ്’ യേശു ചാട്ട ഉപയോഗിച്ചത്. അപ്പോൾ സ്വാഭാവികമായും അവയെ വിറ്റിരുന്നവരും അവയുടെ പുറകേ ആലയവളപ്പിനു വെളിയിലേക്കു പോയിക്കാണും. ഇനി, പ്രാവുകളെ വിൽക്കുന്നവരെ യേശു വഴക്കു പറഞ്ഞ് പുറത്താക്കിയെന്നാണു തൊട്ടടുത്ത വാക്യത്തിൽ കാണുന്നത്. അവിടെയാകട്ടെ ചാട്ടയെക്കുറിച്ച് ഒന്നും പറയുന്നുമില്ല. അതു കാണിക്കുന്നതു യേശു കച്ചവടക്കാർക്കു നേരെ ചാട്ട പ്രയോഗിച്ചില്ല എന്നാണ്. എന്തായാലും സത്യാരാധനയെ കച്ചവടച്ചരക്കാക്കിയവർ ഒടുവിൽ ദേവാലയവളപ്പിൽനിന്ന് പുറത്തുപോകാൻ നിർബന്ധിതരായി.
ആടുമാടുകളെയും അവരെയെല്ലാവരെയും ദേവാലയത്തിനു പുറത്താക്കി: യേശു ഭൂമിയിലായിരുന്നപ്പോൾ, യരുശലേമിലെ ദേവാലയത്തിൽ കച്ചവടം നടത്തിയിരുന്നവരെ രണ്ടു തവണ പുറത്താക്കി. അങ്ങനെ ചെയ്ത ആദ്യസന്ദർഭത്തെക്കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. എ.ഡി. 30-ലെ പെസഹയോട് അനുബന്ധിച്ച് ദൈവത്തിന്റെ അഭിഷിക്തപുത്രനായി യേശു യരുശലേമിലേക്ക് ആദ്യമായി വന്ന സമയമായിരുന്നു അത്. (അനു. എ7 കാണുക.) എ.ഡി. 33, നീസാൻ 10-ന് യേശു രണ്ടാമതും ആലയം ശുദ്ധീകരിച്ചു. ഇതെക്കുറിച്ചാണ് മത്തായിയുടെയും (21:12, 13) മർക്കോസിന്റെയും (11:15-18) ലൂക്കോസിന്റെയും (19:45, 46) സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നത്.—അനു. എ7 കാണുക.
നാണയം മാറ്റിക്കൊടുക്കുന്നവർ: മത്ത 21:12-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു കച്ചവടസ്ഥലം: അഥവാ “ഒരു ചന്ത; ഒരു വ്യാപാരസ്ഥാപനം.” ഇവിടെ “കച്ചവടസ്ഥലം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഓയ്ക്കോൻ എംപോറിയൗ എന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അർഥം, “വ്യാപാരം നടക്കുന്ന സ്ഥലം; ചന്ത” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഇവിടെ മാത്രമേ കാണുന്നുള്ളൂ. ദേവാലയവളപ്പിനുള്ളിലെ ബലിമൃഗങ്ങളുടെ വിൽപ്പന മുഖ്യപുരോഹിതനായ അന്നാസിന്റെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായിരുന്നു. വളരെയധികം സ്വാധീനശക്തിയുള്ള ഒരു സമ്പന്നകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി: “ശുഷ്കാന്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം (സീലൊസ്) ഇവിടെ കുറിക്കുന്നത്, അർപ്പണമനോഭാവമുള്ള ഒരാൾക്കു തോന്നുന്ന ശക്തവും തീവ്രവും ആയ താത്പര്യത്തെയാണ്. ഈ സന്ദർഭത്തിൽ ശിഷ്യന്മാരുടെ മനസ്സിലേക്കു വന്ന തിരുവെഴുത്ത് സങ്ക 69:9 ആയിരുന്നു. അവിടെ “ശുഷ്കാന്തി” എന്ന പദത്തിന്റെ സ്ഥാനത്ത് കാണുന്ന എബ്രായനാമപദത്തിന് (കിനാഹ്) “സമ്പൂർണഭക്തി നിഷ്കർഷിക്കുക; യാതൊരു മത്സരവും വെച്ചുപൊറുപ്പിക്കാതിരിക്കുക” എന്നൊക്കെ അർഥം വരാം. ദേവാലയപരിസരത്ത് കച്ചവടം നടക്കുന്നതു കണ്ടപ്പോൾ യേശുവിനു രോഷം തോന്നിയതു തികച്ചും ന്യായമായിരുന്നു. തന്റെ ശുഷ്കാന്തി, അപ്പോൾ നടപടിയെടുക്കാൻ യേശുവിനെ പ്രേരിപ്പിക്കുകയും ചെയ്തു.
ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും: യേശുവിന്റെ ഈ വാക്കുകൾ യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഹെരോദ് പണിത ദേവാലയത്തെക്കുറിച്ചാണു യേശു പറയുന്നതെന്നു ജൂതന്മാർ വിചാരിച്ചു. യേശുവിന്റെ വിചാരണസമയത്ത്, ശത്രുക്കൾ ഈ വാക്കുകൾ ഉദ്ധരിക്കുകയും അതു വളച്ചൊടിക്കുകയും ചെയ്യുന്നതായി കാണാം. (മത്ത 26:61; 27:40; മർ 14:58) എന്നാൽ യോഹ 2:21 സൂചിപ്പിക്കുന്നതനുസരിച്ച് യേശു ഇവിടെ ആലങ്കാരികഭാഷ ഉപയോഗിക്കുകയായിരുന്നു. ആലയം പൊളിക്കുമെന്നും പുനർനിർമിക്കുമെന്നും പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്, തന്റെ മരണവും പുനരുത്ഥാനവും ആയിരുന്നു. “ഞാൻ ഇതു പണിയും” എന്നു യേശു പറഞ്ഞെങ്കിലും യേശുവിനെ പുനരുത്ഥാനപ്പെടുത്തിയതു ദൈവമാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. (പ്രവൃ 10:40; റോമ 8:11; എബ്ര 13:20) മരിച്ച് മൂന്നാം ദിവസം പുനരുത്ഥാനപ്പെട്ടപ്പോൾ (മത്ത 16:21; ലൂക്ക 24:7, 21, 46) യേശുവിനു മറ്റൊരു ശരീരം ലഭിച്ചു. അത് യരുശലേമിലെ ദേവാലയംപോലെ കൈകൊണ്ട് പണിതതായിരുന്നില്ല, മറിച്ച് പിതാവ് രൂപംകൊടുത്ത ഒരു ആത്മശരീരം ആയിരുന്നു. (പ്രവൃ 2:24; 1പത്ര 3:18) തിരുവെഴുത്തിൽ പലയിടത്തും വ്യക്തികളെ ആലങ്കാരികമായി ദേവാലയത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മിശിഹ ‘മുഖ്യ മൂലക്കല്ലായിരിക്കുമെന്നു’ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞു. (സങ്ക 118:22; യശ 28:16, 17; പ്രവൃ 4:10, 11) ഇനി, 1കൊ 3:16, 17; 6:19; എഫ 2:20; 1പത്ര 2:6, 7 എന്നീ വാക്യങ്ങളിൽ പൗലോസും പത്രോസും യേശുവിനെയും അനുഗാമികളെയും കുറിച്ച് പറഞ്ഞപ്പോഴും സമാനമായ താരതമ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
46 വർഷംകൊണ്ട് പണിത ഈ ദേവാലയം: ഹെരോദ് രാജാവിന്റെ ദേവാലയ പുനർനിർമാണത്തെക്കുറിച്ചാണു ജൂതന്മാർ ഇവിടെ പറഞ്ഞത്. യരുശലേമിൽ ശലോമോൻ പണിത ആദ്യത്തെ ദേവാലയം ബി.സി. 607-ൽ ബാബിലോൺകാർ നശിപ്പിച്ചിരുന്നു. ബാബിലോണിലെ അടിമത്തത്തിനു ശേഷം സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ അതു പുതുക്കിപ്പണിതു. (എസ്ര 6:13-15; ഹഗ്ഗ 2:2-4) ഹെരോദ് തന്റെ പുനർനിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതു ഭരണത്തിന്റെ 18-ാം വർഷത്തിലാണെന്നു ജോസീഫസ് [യഹൂദപുരാവൃത്തങ്ങൾ, XV, (ഇംഗ്ലീഷ്) 380 (xi, 1)] പറയുന്നു. ജൂതന്മാർ തങ്ങളുടെ രാജാക്കന്മാരുടെ ഭരണവർഷങ്ങൾ കണക്കാക്കുന്ന രീതിയനുസരിച്ച് നോക്കിയാൽ അതു ബി.സി. 18/17 ആണ്. വാസ്തവത്തിൽ എ.ഡി. 70-ൽ ദേവാലയം നശിപ്പിക്കുന്നതിന് ആറു വർഷം മുമ്പുവരെ അതിൽ ചെറിയ ചില നിർമാണപ്രവർത്തനങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു.
തന്റെ ശരീരം എന്ന ആലയം: യേശു ആലങ്കാരികഭാഷ ഉപയോഗിക്കുകയായിരുന്നെന്നാണ് അപ്പോസ്തലനായ യോഹന്നാന്റെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. യേശു തന്റെ മരണത്തെയും പുനരുത്ഥാനത്തെയും, ഒരു കെട്ടിടം പൊളിക്കുന്നതിനോടും പുനർനിർമിക്കുന്നതിനോടും താരതമ്യപ്പെടുത്തുകയായിരുന്നു.
മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നു: യേശുവിനു മനുഷ്യരുടെ ചിന്തയും മനസ്സിലിരിപ്പും ഉദ്ദേശ്യവും മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. ഇക്കാര്യം യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. ‘യഹോവയുടെ ആത്മാവ് അവന്റെ മേൽ വസിക്കുന്നതുകൊണ്ട്’ ‘അവൻ കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് വിധി കല്പിക്കില്ല’ എന്ന് അദ്ദേഹം മിശിഹയെക്കുറിച്ച് പ്രവചിച്ചിരുന്നു.—യശ 11:2, 3; മത്ത 9:4; മർ 2:8; മർ 2:8-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഒന്നാം നൂറ്റാണ്ടിൽ യരുശലേമിൽ ഉണ്ടായിരുന്ന കൽഭരണികളാണ് ഇവിടെ കാണിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഭരണിയും കുടവും ഒക്കെ കളിമണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നതെങ്കിലും (യശ 30:14; വില 4:2) കാനായിലെ കല്യാണത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് കല്ലുകൊണ്ടുള്ള ഭരണിയെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. (യോഹ 2:6) കല്ലുകൊണ്ടുള്ള കുറെ പാത്രങ്ങൾ യരുശലേമിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന പാത്രങ്ങൾ ആചാരപരമായി അശുദ്ധമാകുമായിരുന്നെങ്കിലും കൽപ്പാത്രങ്ങൾക്ക് അത്തരം അശുദ്ധി വരില്ലെന്നൊരു വിശ്വാസം ആളുകൾക്ക് ഉണ്ടായിരുന്നതായി തോന്നുന്നു. (ലേവ 11:33) അതുകൊണ്ടായിരിക്കാം, അന്ന് കൽപ്പാത്രങ്ങൾ സർവസാധാരണമായി ഉപയോഗിച്ചിരുന്നത്. വെള്ളം വെക്കുന്ന കൽഭരണിയെ യോഹന്നാൻ ‘ജൂതന്മാരുടെ ശുദ്ധീകരണനിയമവുമായി’ ബന്ധിപ്പിച്ചിരിക്കുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കാം.