യോഹന്നാൻ എഴുതിയത് 3:1-36
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
നിക്കോദേമൊസ്: ഇദ്ദേഹം ഒരു പരീശനും ജൂതപ്രമാണിയും (അതായത്, സൻഹെദ്രിനിലെ ഒരു അംഗം) ആയിരുന്നു. (പദാവലിയിൽ “സൻഹെദ്രിൻ” കാണുക.) നിക്കോദേമൊസ് എന്ന പേരിന്റെ അർഥം “ജനതകളെ ജയിച്ചടക്കുന്നവൻ” എന്നാണ്. ഗ്രീക്കുകാരുടെ ഇടയിൽ സർവസാധാരണമായിരുന്ന ഈ പേര് ചില ജൂതന്മാരും സ്വീകരിച്ചിരുന്നു. നിക്കോദേമൊസിനെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളൂ. (യോഹ 3:4, 9; 7:50; 19:39) യോഹ 3:10-ൽ യേശു അദ്ദേഹത്തെ “ഇസ്രായേലിന്റെ ഒരു ഗുരു” എന്നു വിളിച്ചിരിക്കുന്നതായി കാണാം.—യോഹ 19:39-ന്റെ പഠനക്കുറിപ്പു കാണുക.
വീണ്ടും ജനിക്കുക: നിക്കോദേമൊസിനോടുള്ള യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതു ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ഒരാൾ രണ്ടാമതു ജനിക്കണമെന്നാണ്. യേശുവിന്റെ ആ വാക്കുകളുടെ ശരിയായ അർഥം നിക്കോദേമൊസിനു മനസ്സിലായില്ലെന്നാണ് 4-ാം വാക്യത്തിലെ അദ്ദേഹത്തിന്റെ മറുപടി കാണിക്കുന്നത്. ഒരാൾ മനുഷ്യനായിത്തന്നെ രണ്ടാമതും ജനിക്കണം എന്നാണു യേശു പറഞ്ഞതെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാൽ രണ്ടാമത്തെ ഈ ജനനം ‘ദൈവാത്മാവിൽനിന്നുള്ളതാണെന്ന്’ യേശുതന്നെ വിശദീകരിക്കുന്നുണ്ട്. (യോഹ 3:5) ‘ദൈവമക്കളാകുന്നവർ’ ജനിക്കുന്നതു ‘രക്തത്താലോ ശരീരത്തിന്റെ ഇഷ്ടത്താലോ പുരുഷന്റെ ഇഷ്ടത്താലോ അല്ല,’ മറിച്ച് “ദൈവത്തിൽനിന്നാണ്.” (യോഹ 1:12, 13) 1പത്ര 1:3, 23-ൽ സമാനമായ ഒരു പദപ്രയോഗം പത്രോസും ഉപയോഗിക്കുന്നുണ്ട്. അഭിഷിക്തക്രിസ്ത്യാനികൾക്കു “പുതുജനനം” ലഭിച്ചിരിക്കുന്നു എന്ന് അദ്ദേഹം അവിടെ പറയുന്നു. മിക്ക ബൈബിളുകളും “വീണ്ടും ജനിക്കുക” എന്ന പദപ്രയോഗമാണു ലൂക്ക 3:3-ൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചില ബൈബിളുകളിൽ “ഉന്നതങ്ങളിൽനിന്ന് ജനിക്കുക” എന്നാണു കാണുന്നത്. അതിൽ തെറ്റില്ലതാനും. കാരണം ഏനോഥൻ എന്ന ഗ്രീക്കുവാക്കിന്റെ അർഥം പൊതുവേ “ഉന്നതങ്ങളിൽനിന്ന്” എന്നാണ്. (യോഹ 3:31; 19:11; യാക്ക 1:17; 3:15, 17) ഈ രണ്ടു പദപ്രയോഗവും സൂചിപ്പിക്കുന്ന ആശയം ഒന്നുതന്നെയാണ്: രാജ്യത്തിൽ പ്രവേശിക്കാനിരിക്കുന്നവർക്കു “ദൈവത്തിൽനിന്ന്” അഥവാ ഉന്നതങ്ങളിൽനിന്ന് ഒരു പുതുജനനം ലഭിക്കും. (1യോഹ 3:9) എന്നാൽ നിക്കോദേമൊസിന്റെ മറുപടി കണക്കിലെടുക്കുമ്പോൾ, ഏനോഥൻ എന്ന ഗ്രീക്കുവാക്കിനെ ഇവിടെ “വീണ്ടും; പുതുതായി” എന്നൊക്കെ പരിഭാഷപ്പെടുത്തുന്നതിലും തെറ്റില്ല.
ദൈവരാജ്യം: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദപ്രയോഗം രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ.—യോഹ 3:5; മത്ത 3:2; മർ 1:15 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുക: യോഹന്നാൻ സ്നാപകൻ നടത്തിയിരുന്ന സ്നാനത്തെക്കുറിച്ച് സാധ്യതയനുസരിച്ച് നിക്കോദേമൊസിന് അറിയാമായിരുന്നു. (മർ 1:4-8; ലൂക്ക 3:16; യോഹ 1:31-34) അതുകൊണ്ട് വെള്ളത്തെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, ആളുകൾ സ്നാനമേൽക്കുന്ന വെള്ളമാണെന്നു നിക്കോദേമൊസ് ന്യായമായും മനസ്സിലാക്കിയിട്ടുണ്ടാകും. ഇനി, എബ്രായതിരുവെഴുത്തുകളിൽ ‘ദൈവാത്മാവിനെക്കുറിച്ച്,’ അതായത് ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതും നിക്കോദേമൊസിനു പരിചിതമായിരുന്നിരിക്കണം. (ഉൽ 41:38; പുറ 31:3; സംഖ 11:17; ന്യായ 3:10; 1ശമു 10:6; യശ 63:11) അതുകൊണ്ട് ‘ദൈവാത്മാവ്’ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചതു പരിശുദ്ധാത്മാവിനെയാണെന്ന് അദ്ദേഹത്തിനു മനസ്സിലായിക്കാണും. വാസ്തവത്തിൽ ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുന്നതിനെക്കുറിച്ച്’ യേശു പറഞ്ഞ കാര്യം, യേശുവിന്റെ ജീവിതത്തിൽത്തന്നെ സംഭവിച്ചിരുന്നു. വെള്ളത്തിൽ സ്നാനമേറ്റപ്പോൾ പരിശുദ്ധാത്മാവ് യേശുവിന്റെ മേൽ ഇറങ്ങി. അങ്ങനെ യേശു ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിച്ചു.’ (മത്ത 3:16, 17; ലൂക്ക 3:21, 22) യേശു തന്റെ മകനാണെന്നു ദൈവം ആ സന്ദർഭത്തിൽ പ്രഖ്യാപിച്ചത്, താൻ യേശുവിനെ ഒരു ആത്മപുത്രനായി ജനിപ്പിച്ചിരിക്കുന്നെന്നു സൂചിപ്പിക്കാനായിരിക്കാം. അതു യേശുവിനു സ്വർഗത്തിലേക്കു മടങ്ങിച്ചെല്ലാനുള്ള വഴി തുറക്കുകയും ചെയ്തു. ഒരാൾ തന്റെ മുൻകാലജീവിതം ഉപേക്ഷിക്കുകയും തന്റെ പാപങ്ങളെക്കുറിച്ച് ഓർത്ത് പശ്ചാത്തപിച്ച്, വെള്ളത്തിൽ സ്നാനമേൽക്കുകയും ചെയ്യുന്നെങ്കിൽ ആ ക്രിസ്തുശിഷ്യൻ ‘വെള്ളത്തിൽനിന്ന് ജനിച്ചെന്നു’ പറയാം. ഇനി “വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും” ജനിക്കുന്നവരുടെ കാര്യമോ? ദൈവം അവരെ തന്റെ പുത്രന്മാരായി ജനിപ്പിക്കുകയാണ്. സ്വർഗത്തിൽ ആത്മവ്യക്തികളായി ജീവിക്കാൻ പ്രത്യാശയുള്ള അവർ ദൈവരാജ്യത്തിൽ രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.—ലൂക്ക 22:30; റോമ 8:14-17, 23; തീത്ത 3:5; എബ്ര 6:4, 5.
ദൈവാത്മാവ്: അഥവാ “ചലനാത്മകശക്തി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ന്യൂമ എന്ന ഗ്രീക്കുപദം കുറിക്കുന്നത്, ദൈവത്തിന്റെ ചലനാത്മകശക്തിയെയാണ്.—പദാവലിയിൽ “ആത്മാവ്” കാണുക.
ജഡത്തിൽനിന്ന് ജനിക്കുന്നതു ജഡം: “ജഡം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം (സാർക്സ്) ഇവിടെ കുറിക്കുന്നത്, ഒരു മനുഷ്യനിൽനിന്ന് (അഥവാ, ജഡത്തിൽനിന്ന്) ജനിക്കുന്ന ജീവനുള്ള ഒരു വ്യക്തിയെയാണ്. സ്വാഭാവികമായും അത്തരം ഒരു ശരീരത്തിന് അതിന്റേതായ പരിമിതികളും കാണും.—യോഹ 17:2-ന്റെ പഠനക്കുറിപ്പു കാണുക.
ആത്മാവ്: സാധ്യതയനുസരിച്ച് ദൈവാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട, ദൈവത്തിന്റെ ഒരു ആത്മപുത്രനെ കുറിക്കുന്നു.
കാറ്റ് . . . ദൈവാത്മാവ്: പൊതുവേ “ദൈവാത്മാവ്,” “ആത്മാവ്” എന്നെല്ലാം പരിഭാഷപ്പെടുത്തുന്ന ന്യൂമ എന്ന ഗ്രീക്കുപദം ഈ വാക്യത്തിൽ രണ്ടു തവണ കാണാം. അതിൽ ആദ്യത്തേത് “കാറ്റ്” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ആ പദത്തെ “കാറ്റ്” എന്നു തർജമ ചെയ്തിട്ടുള്ളൂ. എന്നാൽ അതിന്റെ തത്തുല്യ എബ്രായപദമായ റുവാക്ക് 100-ഓളം പ്രാവശ്യം “കാറ്റ്” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഉൽ 8:1; പുറ 10:13; 1രാജ 18:45; ഇയ്യ 21:18; സെഖ 2:6, അടിക്കുറിപ്പ്; പദാവലിയിൽ “ആത്മാവ്” കാണുക.) ഈ രണ്ടു പദങ്ങളും മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ഒന്നിനെയാണു പൊതുവേ കുറിക്കുന്നത്. അതിനെ കാണാൻ കഴിയില്ലെങ്കിലും അതിന്റെ ശക്തിയുടെ ചലനം മിക്കപ്പോഴും തെളിവുകളിലൂടെ മനസ്സിലാക്കാനാകും. ആഴമേറിയ ഒരു ആത്മീയസത്യം പഠിപ്പിക്കാനാണു യേശു ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചത്. ഈ വാക്യത്തിന്റെ ഒടുവിൽ കാണുന്ന ദൈവാത്മാവിൽനിന്ന് ജനിക്കുന്നവർ എന്ന പദപ്രയോഗത്തിലും ന്യൂമ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിലൂടെ ദൈവം ജനിപ്പിക്കുന്നവരെക്കുറിച്ചാണ് അവിടെ പറയുന്നത്. (യോഹ 3:5-ന്റെ പഠനക്കുറിപ്പു കാണുക.) ‘ദൈവാത്മാവിൽനിന്ന് ജനിക്കുന്നതിനെ’ കാറ്റ് വീശുന്നതിനോടു താരതമ്യപ്പെടുത്താമെന്നു യേശു നിക്കോദേമൊസിനോടു പറഞ്ഞു. കാറ്റു വീശുന്നതിന്റെ തെളിവുകൾ കാണാനും കേൾക്കാനും അറിയാനും നിക്കോദേമൊസിനു കഴിയുമായിരുന്നെങ്കിലും അത് എവിടെനിന്ന് വന്നെന്നോ എവിടേക്കു പോകുന്നെന്നോ അദ്ദേഹത്തിന് അറിയാനാകില്ലായിരുന്നു. സമാനമായി, യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് ഒരു മനുഷ്യനെ വീണ്ടും ജനിപ്പിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ തിരുവെഴുത്തുഗ്രാഹ്യം ഇല്ലാത്തവർക്കു ബുദ്ധിമുട്ടായിരിക്കും. അത്തരത്തിൽ വീണ്ടും ജനിക്കുന്നവരെ കാത്തിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങൾ ഉൾക്കൊള്ളാനും അവർക്കാകില്ല.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്: തന്നെ സ്തംഭത്തിലേറ്റി വധിക്കുന്നതിനെ, പണ്ട് വിജനഭൂമിയിൽവെച്ച് താമ്ര സർപ്പത്തെ സ്തംഭത്തിൽ സ്ഥാപിച്ചതിനോടു യേശു താരതമ്യപ്പെടുത്തുകയായിരുന്നു. വിഷപ്പാമ്പിന്റെ കടിയേറ്റാലും മരിക്കാതിരിക്കണമെങ്കിൽ ഇസ്രായേല്യർ മോശ സ്ഥാപിച്ച താമ്രസർപ്പത്തെ നോക്കേണ്ടിയിരുന്നു. സമാനമായി, പാപികളായ മനുഷ്യർക്കു നിത്യജീവൻ ലഭിക്കണമെങ്കിൽ അവർ യേശുവിലേക്കുതന്നെ നോക്കണം; അതായത്, അവർ യേശുവിൽ വിശ്വാസം അർപ്പിക്കണം. (സംഖ 21:4-9; എബ്ര 12:2) യേശുവിനെ ഒരു സ്തംഭത്തിലേറ്റി വധിച്ചതുകൊണ്ട് പലരുടെയും നോട്ടത്തിൽ യേശു ഒരു ദുഷ്പ്രവൃത്തിക്കാരനും പാപിയും ഒക്കെയായി. ഒരാളെ സ്തംഭത്തിൽ തൂക്കിയാൽ മോശയുടെ നിയമം അയാളെ ശപിക്കപ്പെട്ടവനായാണു കണക്കാക്കിയിരുന്നത്. (ആവ 21:22, 23) യേശുവിനെ സ്തംഭത്തിലേറ്റിയതിനെക്കുറിച്ച് പറഞ്ഞപ്പോൾ പൗലോസും നിയമത്തിലെ ഈ ഭാഗം ഉദ്ധരിച്ചു. ‘നിയമത്തിന്റെ ശാപത്തിൽനിന്ന് ജൂതന്മാരെ വിടുവിക്കാൻവേണ്ടിയാണ്’ യേശുവിനു സ്തംഭത്തിലേറേണ്ടിവന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ‘ക്രിസ്തു അവർക്കു പകരം ഒരു ശാപമായി.’—ഗല 3:13; 1പത്ര 2:24.
മകനിൽ വിശ്വസിക്കുന്ന: ഇവിടെ കാണുന്ന പിസ്റ്റ്യൂവോ (“വിശ്വാസം” എന്നു പരിഭാഷപ്പെടുത്താറുള്ള പീസ്റ്റിസ് എന്ന ഗ്രീക്കുനാമവുമായി ഇതിനു ബന്ധമുണ്ട്.) എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “വിശ്വസിക്കുക; വിശ്വാസമുണ്ടായിരിക്കുക” എന്നൊക്കെയാണ്. എന്നാൽ സന്ദർഭം, വ്യാകരണഘടന എന്നിവയനുസരിച്ച് ഇതിന്റെ അർഥത്തിന് അൽപ്പമൊക്കെ വ്യത്യാസം വന്നേക്കാം. ഒരാൾ അസ്തിത്വത്തിലുണ്ട് എന്നു വിശ്വസിക്കുന്നതിനെയോ അംഗീകരിക്കുന്നതിനെയോ മാത്രമല്ല ഈ പദം കുറിക്കുന്നത്. (യാക്ക 2:19) ഒരാളിൽ ശക്തമായ വിശ്വാസവും ആശ്രയവും ഉള്ളതുകൊണ്ട് അയാളെ അനുസരിക്കുക എന്നൊരു അർഥവും അതിനുണ്ട്. യോഹ 3:16-ൽ പിസ്റ്റ്യൂവോ എന്ന ക്രിയയോടൊപ്പം ഒരു പ്രത്യയവുംകൂടെ ചേർത്തിട്ടുണ്ട്. ആ പദപ്രയോഗത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നത് ഇതാണ്: “വിശ്വാസം എന്നത് ഇവിടെ ഒരു പ്രവൃത്തിയായിട്ടാണു കണക്കാക്കുന്നത്, ആരെങ്കിലും ചെയ്യുന്ന ഒരു കാര്യമായിട്ട്. അതായത് ആരിലെങ്കിലും വിശ്വാസം അർപ്പിക്കുക എന്നതുപോലെ.” [പുതിയനിയമ ഗ്രീക്കിന്റെ അടിസ്ഥാനവ്യാകരണം (ഇംഗ്ലീഷ്), പോൾ എൽ. കോഫ്മൻ, 1982, പേ. 46] യേശു ഇവിടെ സംസാരിച്ചതു വിശ്വാസത്തിന്റെ ഒരൊറ്റ പ്രവൃത്തിയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തിലുടനീളം വിശ്വാസം തെളിയിക്കുന്നതിനെക്കുറിച്ചാണെന്നു വ്യക്തം. യോഹ 3:36-ൽ സമാനമായ ഒരു പദപ്രയോഗം കാണാം. അവിടെ ‘പുത്രനിൽ വിശ്വസിക്കുക’ എന്നതിനു നേർവിപരീതമായി പറഞ്ഞിരിക്കുന്നതു ‘പുത്രനെ അനുസരിക്കാതിരിക്കുക’ എന്നാണ്. അതുകൊണ്ട് ‘വിശ്വസിക്കുക’ എന്ന് അവിടെ പറഞ്ഞിരിക്കുന്നതിന്റെ അർഥവും ഒരാളുടെ ശക്തമായ വിശ്വാസത്തിനു തെളിവേകാൻ അനുസരണം കാണിക്കുക എന്നുതന്നെയാണ്.
ലോകം: ഗ്രീക്ക് സാഹിത്യകൃതികളിലും പ്രത്യേകിച്ച് ബൈബിളിലും കോസ്മൊസ് എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെക്കുറിച്ച് പറയുമ്പോഴാണ്. (യോഹ 1:10-ന്റെ പഠനക്കുറിപ്പു കാണുക.) ഇവിടെ കോസ്മൊസ് എന്ന പദം, വീണ്ടെടുക്കപ്പെടാവുന്ന മാനവകുലത്തെ മുഴുവനും കുറിക്കുന്നു. യോഹ 1:29-ൽ അവരുടെ “പാപം” എന്നു പറഞ്ഞിരിക്കുന്നത് എല്ലാ മനുഷ്യർക്കും ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപത്തെക്കുറിച്ചാണ്.
സ്നേഹം: ഗ്രീക്കുപാഠത്തിൽ ഇവിടെ അഗപാഓ (“സ്നേഹിക്കുക”) എന്ന ക്രിയയാണു കാണുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദം ആദ്യമായി കാണുന്നത് ഇവിടെയാണ്. ഈ ഗ്രീക്ക് ക്രിയാപദവും ഇതിനോടു ബന്ധമുള്ള അഗാപേ എന്ന നാമപദവും ഈ സുവിശേഷത്തിൽ 44 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റു മൂന്നു സുവിശേഷങ്ങളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതിന്റെ മൊത്തം എണ്ണമെടുത്താലും ഇത്രയും വരില്ല. ബൈബിളിൽ അഗപാഓ, അഗാപേ എന്നീ പദങ്ങൾ, തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന നിസ്സ്വാർഥസ്നേഹത്തെയാണു മിക്കപ്പോഴും കുറിക്കുന്നത്. ഈ വാക്യത്തിലും അത് ആ അർഥത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ലോകത്തെ, അഥവാ പാപത്തിന്റെ അടിമത്തത്തിൽനിന്ന് വീണ്ടെടുക്കേണ്ട മനുഷ്യരെ, ദൈവം സ്നേഹിക്കുന്നതിനെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. (യോഹ 1:29) “ദൈവം സ്നേഹമാണ്” എന്നു പറയുന്ന 1യോഹ 4:8-ലും ഈ നാമപദം കാണാം. ‘ദൈവാത്മാവിന്റെ ഫലത്തിൽ’ (ഗല 5:22) ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്ന സ്നേഹത്തെക്കുറിച്ച് (അഗാപേ) 1കൊ 13:4-7-ൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. തിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന രീതി നോക്കിയാൽ, ഇത്തരം സ്നേഹം വികാരത്തിന്റെ പുറത്ത് പെട്ടെന്നുണ്ടാകുന്ന ഒരു തോന്നൽ മാത്രമല്ലെന്നു മനസ്സിലാകും. മിക്കപ്പോഴും ഈ പദത്തിന് അതിനെക്കാൾ അർഥവ്യാപ്തിയുണ്ട്. ഇത്തരം സ്നേഹം കാണിക്കാൻ പലപ്പോഴും ബോധപൂർവം ശ്രമം ചെയ്യേണ്ടിവരും. (മത്ത 5:44; എഫ 5:25) ചുരുക്കത്തിൽ, ക്രിസ്ത്യാനികൾ കടമയുടെയും തത്ത്വങ്ങളുടെയും ഔചിത്യത്തിന്റെയും പേരിൽ സ്നേഹിക്കാനും പരിശീലിക്കണം. എന്നുവെച്ച് ഇതു തണുപ്പൻ മട്ടിലുള്ള ഒരു സ്നേഹമല്ല, മിക്കപ്പോഴും ഒരാളോടുള്ള ആത്മാർഥമായ ഇഷ്ടമാണ് ഇത്തരം സ്നേഹത്തിനു പിന്നിൽ. (1പത്ര 1:22) യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന ചില ഭാഗങ്ങൾ നോക്കിയാൽ ഇതു വ്യക്തമാകും. കാരണം “പിതാവ് പുത്രനെ സ്നേഹിക്കുന്നു” എന്നു പറഞ്ഞപ്പോൾ (യോഹ 3:35) അഗപാഓ എന്ന പദത്തിന്റെ ഒരു രൂപം ഉപയോഗിച്ച യോഹന്നാൻ അതേ ബന്ധത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ ഫിലീയോ (“ഇഷ്ടം തോന്നുക”) എന്ന ഗ്രീക്കുക്രിയയുടെ ഒരു രൂപമാണ് ഉപയോഗിച്ചത്.—യോഹ 5:20.
വിധിക്കുക: അഥവാ “കുറ്റം വിധിക്കുക.” യഹോവ തന്റെ മകനെ അയച്ചതു ലോകത്തെ അഥവാ മനുഷ്യകുലത്തെ കുറ്റം വിധിക്കാനല്ല പകരം വിശ്വസിക്കുന്നവരെ സ്നേഹപൂർവം രക്ഷിക്കാനാണ്.—യോഹ 3:16; 2പത്ര 3:9.
ന്യായം വിധിക്കുകയില്ല: അഥവാ “കുറ്റം വിധിക്കുകയില്ല.”—യോഹ 3:17-ന്റെ പഠനക്കുറിപ്പു കാണുക.
വെളിച്ചം: “വെളിച്ചം” എന്ന പദം ഈ വാക്യത്തിൽ ആദ്യമായി വരുന്നിടത്ത് അതിന് ആളത്വം കല്പിച്ചിരിക്കുന്നതായി കാണാം. അതു യേശുവിനെയാണു കുറിക്കുന്നത്. കാരണം യേശു തന്റെ ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും വെളിച്ചം പ്രകാശിപ്പിച്ചു. ദൈവമായ യഹോവയിൽനിന്നുള്ള അറിവും ഗ്രാഹ്യവും ആണ് യേശു ഇത്തരത്തിൽ പ്രതിഫലിപ്പിച്ചത്. യോഹ 1:7-9-ലും യേശുവിനെ ആലങ്കാരികമായി “വെളിച്ചം” എന്നു വിളിച്ചിട്ടുണ്ട്.—ലോകത്തേക്കു വന്ന എന്ന പദപ്രയോഗത്തെക്കുറിച്ച് മനസ്സിലാക്കാൻ യോഹ 1:9-ന്റെ പഠനക്കുറിപ്പു കാണുക.
യേശു . . . ആളുകളെ സ്നാനപ്പെടുത്തി: സാധ്യതയനുസരിച്ച് ഇവിടെ യേശുവിന്റെ നിർദേശപ്രകാരം മറ്റുള്ളവരാണു സ്നാനപ്പെടുത്തിയത്. കാരണം “യേശുവല്ല, ശിഷ്യന്മാരാണു സ്നാനപ്പെടുത്തിയത്” എന്നു യോഹ 4:2 പറയുന്നു.
ഐനോൻ: ധാരാളം വെള്ളമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. ശലേമിന് അടുത്തുള്ള സ്ഥലം എന്ന് ഇതിനെ വിളിച്ചിരിക്കുന്നത്, ശലേം കൂടുതൽ പ്രശസ്തമായിരുന്നതുകൊണ്ടാകാം. ഈ രണ്ടു സ്ഥലങ്ങളുടെയും കൃത്യസ്ഥാനം നമുക്ക് അറിയില്ല. എന്നാൽ ശകപ്പൊളിസിന് (ബേത്ത്-ശെയാൻ) ഏതാണ്ട് 12 കി.മീ. (ഏതാണ്ട് 8 റോമൻ മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന യോർദാൻ താഴ്വരയിലായിരുന്നു ഇവയുടെ സ്ഥാനമെന്നു യൂസേബിയസ് പറയുന്നു. ആ പ്രദേശത്തുള്ള ടെൽ റിഡ്ഗ (ടെൽ ഷാലേം) ആണ് ശലേം എന്നു കരുതപ്പെടുന്നു. അതിന് അടുത്തായി ധാരാളം നീരുറവകൾ കാണപ്പെടുന്നു എന്ന വസ്തുത, ഐനോനെക്കുറിച്ച് യൂസേബിയസ് നൽകുന്ന വിവരണവുമായി ചേരുന്നുണ്ട്. ബൈബിളിൽ ഐനോൻ, ശലേം എന്നീ രണ്ടു സ്ഥലപ്പേരുകളും ഇവിടെ മാത്രമേ കാണുന്നുള്ളൂ.
സ്നാനപ്പെടുത്തുന്നു: അഥവാ “നിമജ്ജനം ചെയ്യുന്നു.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നാണു ബൈബിൾ സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തുവെച്ച് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു വിവരണം പറയുന്നു. (ഈ വാക്യത്തിലെ ഐനോൻ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെ സ്നാനപ്പെടുത്തിയപ്പോൾ രണ്ടുപേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്റ്റുവജിന്റിൽ കാണുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.
യോർദാന് അക്കരെ: അഥവാ “യോർദാനു കിഴക്ക്.” യോഹ 3:23-ൽ പറഞ്ഞിരിക്കുന്ന ഐനോനും ശലേമും യോർദാന്റെ പടിഞ്ഞാറായിരുന്നു. എന്നാൽ യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയത് “യോർദാന് അക്കരെ,” അതായത് യോർദാനു കിഴക്ക് “ബഥാന്യയിൽവെച്ചാണ്.”—യോഹ 1:28-ന്റെ പഠനക്കുറിപ്പും അനു. ബി10-ഉം കാണുക.
മണവാളന്റെ തോഴൻ: ബൈബിൾക്കാലങ്ങളിൽ മണവാളന്റെ വളരെ അടുത്ത ഒരു പരിചയക്കാരൻ വിവാഹസമയത്ത് അദ്ദേഹത്തിന്റെ ഔദ്യോഗികപ്രതിനിധിയായി അവിടെ കാണുമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ അദ്ദേഹത്തിനു വലിയൊരു പങ്കുണ്ടായിരുന്നു. മണവാളനെയും മണവാട്ടിയെയും ഒരുമിപ്പിക്കുന്ന വ്യക്തിയായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്. വിവാഹദിവസം മണവാട്ടിയെയുംകൊണ്ടുള്ള ഘോഷയാത്ര മണവാളന്റെയോ മണവാളന്റെ അപ്പന്റെയോ വീട്ടിൽ എത്തിച്ചേരും. തുടർന്ന് അവിടെവെച്ച് വിവാഹസദ്യ നടക്കും. വിവാഹവിരുന്നിന്റെ സമയത്ത് മണവാളൻ മണവാട്ടിയോടു സംസാരിക്കുന്ന സ്വരം കേൾക്കുമ്പോൾ തോഴനു സന്തോഷമാകും. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നന്നായി നിറവേറ്റിയതിന്റെ ചാരിതാർഥ്യമായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ. ‘മണവാളന്റെ തോഴനോടാണ്’ യോഹന്നാൻ സ്നാപകൻ തന്നെത്തന്നെ ഉപമിച്ചത്. യേശുവായിരുന്നു മണവാളൻ; ഒരു കൂട്ടമെന്ന നിലയിൽ യേശുവിന്റെ ശിഷ്യന്മാർ ആലങ്കാരികമണവാട്ടിയും. മിശിഹയ്ക്കു വഴിയൊരുക്കിക്കൊണ്ട് യോഹന്നാൻ സ്നാപകൻ “മണവാട്ടി”വർഗത്തിലെ ആദ്യത്തെ അംഗങ്ങളെ യേശുവിനു പരിചയപ്പെടുത്തിക്കൊടുത്തു. (യോഹ 1:29, 35; 2കൊ 11:2; എഫ 5:22-27; വെളി 21:2, 9) രണ്ടു വ്യക്തികളെ തമ്മിൽ പരിചയപ്പെടുത്തിക്കൊടുക്കുന്നതോടെ, ‘തോഴനു’ തന്റെ ഉത്തരവാദിത്വം നിറവേറ്റിയതായി ചിന്തിക്കാമായിരുന്നു. അതു കഴിഞ്ഞാൽപ്പിന്നെ അദ്ദേഹം ഒരു മുഖ്യകഥാപാത്രമായിരിക്കില്ല. യേശുവിനോടുള്ള ബന്ധത്തിൽ തന്റെ സ്ഥാനത്തെക്കുറിച്ച് യോഹന്നാനും അതുപോലൊരു കാര്യം പറഞ്ഞു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”—യോഹ 3:30.
മുകളിൽനിന്ന് വരുന്നയാൾ: ഇതിനു മുമ്പുള്ള വാക്യങ്ങളിൽ കാണുന്നതു സ്നാപകയോഹന്നാന്റെ വാക്കുകളാണെങ്കിലും യോഹ 3:31-36-ലേത് അദ്ദേഹത്തിന്റെ വാക്കുകളല്ല; അതു യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നതുമല്ല. സാധ്യതയനുസരിച്ച് അത് ഈ സുവിശേഷം എഴുതിയ യോഹന്നാൻ അപ്പോസ്തലന്റെതന്നെ വാക്കുകളാണ്. കാരണം നിക്കോദേമൊസിനോടുള്ള യേശുവിന്റെ വാക്കുകൾ യോഹ 3:21-ൽ അവസാനിക്കുന്നതായി സന്ദർഭം സൂചിപ്പിക്കുന്നു. തുടർന്ന് യോഹ 3:25 വരെ, അപ്പോസ്തലനായ യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന സംഭവവിവരണമാണു കാണുന്നത്. യോഹ 3:26 മുതലുള്ള വാക്യങ്ങളിലേതു സ്നാപകയോഹന്നാനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാണ്. അതു യോഹ 3:30-ൽ അവസാനിക്കുകയും ചെയ്യുന്നു. യോഹ 3:31-36-ലെ വാക്കുകൾ യേശുവിന്റേതായിട്ടല്ല രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അതിൽ അടങ്ങിയിരിക്കുന്നതു യേശു അപ്പോസ്തലനായ യോഹന്നാനെ പഠിപ്പിച്ച സത്യങ്ങൾതന്നെയാണ്.
ദൈവം സത്യവാനാണെന്നു സ്ഥിരീകരിക്കുന്നു: അക്ഷ. “ദൈവം സത്യവാനാണെന്നതിനു മുദ്ര പതിക്കുന്നു.” “മുദ്ര പതിക്കുക” എന്നതിന്റെ ഗ്രീക്കുപദം ഇവിടെ ആലങ്കാരികമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു രേഖയിൽ മുദ്ര വെച്ചാൽ അത് ആധികാരികമാകും. സമാനമായി ഒരു പ്രസ്താവന തികച്ചും സത്യമാണെന്നു സൂചിപ്പിക്കാനാണ് ഈ ആലങ്കാരികഭാഷ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മിശിഹയുടെ സാക്ഷിമൊഴി അംഗീകരിക്കുന്ന ഒരാൾ മിശിഹയെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനങ്ങൾ സത്യമായിത്തീർന്നെന്ന് അംഗീകരിക്കുകയാണ്. അതിലൂടെ അയാൾ ദൈവം സത്യവാനാണെന്നു സമ്മതിക്കുകയുമാണ്.—റോമ 3:4 താരതമ്യം ചെയ്യുക.
വിശ്വസിക്കുന്നവന് . . . അനുസരിക്കാത്തവന്: യോഹ 3:16-ന്റെ പഠനക്കുറിപ്പു കാണുക.