യോഹന്നാൻ എഴുതിയത് 4:1-54
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ശമര്യ: യേശുവിന്റെ കാലത്തെ ഒരു റോമൻ ജില്ലയുടെ പേര്. യേശു ഇടയ്ക്കൊക്കെ ആ പ്രദേശത്തുകൂടെ യാത്ര ചെയ്തിരുന്നു. പിൽക്കാലത്ത് യേശുവിന്റെ ശിഷ്യന്മാർ അവിടെ ക്രിസ്ത്യാനിത്വം വ്യാപിപ്പിച്ചു. ശമര്യയുടെ അതിർത്തികൾ ഇന്നു കൃത്യമായി അറിയില്ലെങ്കിലും, വടക്ക് ഗലീലയ്ക്കും തെക്ക് യഹൂദ്യയ്ക്കും ഇടയിലായിരുന്നു അതിന്റെ സ്ഥാനം. കിഴക്ക് യോർദാൻ നദിമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള സമതലപ്രദേശംവരെ അതു വ്യാപിച്ചുകിടന്നു. ശമര്യയുടെ ഏറിയ ഭാഗവും, മുമ്പ് എഫ്രയീം ഗോത്രത്തിന്റെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും (യോർദാനു പടിഞ്ഞാറ്) പ്രദേശങ്ങളായിരുന്നു. യരുശലേമിൽ വന്നുപോകുമ്പോൾ യേശു പലപ്പോഴും ശമര്യയിലൂടെ കടന്നുപോയിരുന്നെങ്കിലും (യോഹ 4:3-6; ലൂക്ക 9:51, 52; 17:11) ശമര്യനഗരങ്ങളിൽ പ്രസംഗിക്കേണ്ടെന്നു യേശു തന്റെ അപ്പോസ്തലന്മാരോടു പറഞ്ഞു. കാരണം ആ സമയത്ത് അവരുടെ മുഖ്യനിയമനം “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ” അടുത്ത്, അതായത് ജൂതന്മാരുടെ അടുത്ത്, പോയി പ്രസംഗിക്കുക എന്നതായിരുന്നു. (മത്ത 10:5, 6) എന്നാൽ കുറച്ച് കാലത്തേക്കു മാത്രമുള്ള ഒരു നിർദേശമായിരുന്നു ഇത്. കാരണം “ശമര്യയിലും” അതുപോലെ “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സന്തോഷവാർത്ത പ്രസംഗിക്കണമെന്നു സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ് യേശു ശിഷ്യന്മാരോടു പറഞ്ഞതായി കാണാം. (പ്രവൃ 1:8, 9) യരുശലേമിൽ ക്രിസ്ത്യാനികൾക്ക് ഉപദ്രവം നേരിട്ടപ്പോൾ ശിഷ്യന്മാരിൽ ചിലർ, പ്രത്യേകിച്ച് ഫിലിപ്പോസ്, ശമര്യയിലേക്കു പോയി അവിടെയെങ്ങും സന്തോഷവാർത്ത പ്രസംഗിച്ചു. ശമര്യക്കാർക്കു പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടി പിന്നീടു പത്രോസിനെയും യോഹന്നാനെയും അങ്ങോട്ട് അയയ്ക്കുകയും ചെയ്തു.—പ്രവൃ 8:1-17, 25; 9:31; 15:3.
സുഖാർ: ശമര്യയിലെ ഒരു നഗരം. അത് ആധുനിക നാബ്ലസിന് അടുത്തുള്ള അസ്കർ എന്ന ഗ്രാമമാണെന്നു പൊതുവേ കരുതിപ്പോരുന്നു. ശെഖേമിന് ഏതാണ്ട് 1 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ സ്ഥാനം യാക്കോബിന്റെ കിണറിന് 0.7 കി.മീ. വടക്കുകിഴക്കാണ്. (അനു. ബി6-ഉം ബി10-ഉം കാണുക.) സുഖാറും ശെഖേമും ഒന്നാണെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. പണ്ടുള്ള ബൈബിളെഴുത്തുകാരല്ലാത്ത ചിലരുടെ എഴുത്തുകളും കോഡക്സ് സിറിയാക്ക് സൈനാറ്റിക്കസിൽ ഈ ഭാഗത്ത് “സുഖേം” എന്ന് എഴുതിയിരിക്കുന്നതും വെച്ചാണ് ചിലർ അങ്ങനെ പറയുന്നത്. എന്നാൽ കൂടുതൽ ആധികാരികതയുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ കാണുന്നതു “സുഖാർ” എന്നുതന്നെയാണ്. മാത്രമല്ല ഈ വിവരണത്തിൽ പറഞ്ഞിരിക്കുന്ന സംഭവം നടന്ന സമയത്ത് ശെഖേമിൽ (തേൽ-ബാലാത്ത) ആൾത്താമസം ഇല്ലായിരുന്നെന്നു പുരാവസ്തുശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്.
യാക്കോബിന്റെ കിണർ: ഇത് ഇന്നത്തെ നാബ്ലസിന് 2.5 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബിർ യാക്കൂബ് (ബീർ യാക്കോവ്) ആണെന്നു പൊതുവേ കരുതുന്നു. ഇന്ന് തേൽ-ബാലാത്ത എന്ന് അറിയപ്പെടുന്ന പണ്ടത്തെ ശെഖേം ഇതിന് അടുത്താണ്. നല്ല ആഴമുള്ള ഈ കിണർ ഒരിക്കലും നിറയാറില്ല. 19-ാം നൂറ്റാണ്ടിൽ ഈ കിണറിന്റെ ആഴം അളന്നപ്പോൾ അത് ഏതാണ്ട് 23 മീ. (75 അടി) ആയിരുന്നു. അതിന്റെ അടിത്തട്ടിൽ ഇപ്പോൾ ധാരാളം മണ്ണും ചെളിയും ഒക്കെ അടിഞ്ഞുകൂടിയിട്ടുണ്ട്. അതുകൊണ്ട് പണ്ട് ഇതിന് ഇതിലും ആഴമുണ്ടായിരുന്നെന്ന് ഊഹിക്കാം. (യോഹ 4:11) ഏതാണ്ട് മെയ് അവസാനംമുതൽ ശരത്കാലത്ത് (ഒക്ടോബറിനോട് അടുത്ത്) മഴ തുടങ്ങുന്നതുവരെ ഇതിൽ വെള്ളമില്ലാത്തതുകൊണ്ട് മഴവെള്ളമോ മഴക്കാലത്ത് ഊറിവരുന്ന വെള്ളമോ ആണ് ഇതിന്റെ ജലസ്രോതസ്സെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ കിണറ്റിൽ ഉറവയുണ്ടെന്നും അഭിപ്രായമുണ്ട്. (ഈ വാക്യത്തിലെ കിണർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) യാക്കോബ് ആണ് ഈ കിണർ കുഴിച്ചതെന്നു ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെങ്കിലും യാക്കോബിന് ഈ പ്രദേശത്ത് ഭൂസ്വത്ത് ഉണ്ടായിരുന്നതായി ബൈബിളിൽ സൂചനയുണ്ട്. (ഉൽ 33:18-20; യോശ 24:32) തന്റെ വലിയ കുടുംബത്തിനും ആടുമാടുകൾക്കും ആവശ്യമായ വെള്ളത്തിനുവേണ്ടിയായിരിക്കാം യാക്കോബ് ഇവിടെ ഈ കിണർ കുഴിച്ചത്. യാക്കോബ് അതു മറ്റ് ആരെക്കൊണ്ടെങ്കിലും കുഴിപ്പിച്ചതാകാനും സാധ്യതയുണ്ട്. ആ പ്രദേശത്തെ ജലസ്രോതസ്സുകളെല്ലാം അതിനോടകം മറ്റുള്ളവരുടെ കൈവശമായിരുന്നതുകൊണ്ട് തന്റെ ആ അയൽക്കാരുമായി ഒരു വഴക്കുണ്ടാകേണ്ടാ എന്നു കരുതിയായിരിക്കാം യാക്കോബ് അങ്ങനെ ചെയ്തത്. അതല്ലെങ്കിൽ ആ പ്രദേശത്തെ മറ്റു കിണറുകളെല്ലാം വറ്റിയപ്പോൾ യാക്കോബ് ഇതു കുഴിച്ചതുമാകാം.
ക്ഷീണിച്ച യേശു: യേശുവിനു ‘ക്ഷീണം’ തോന്നിയതായി തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ഒരേ ഒരു ഭാഗമാണ് ഇത്. ഉച്ചയ്ക്ക് ഏതാണ്ട് 12 മണിയോട് അടുത്ത സമയമായിരുന്നു അത്. സാധ്യതയനുസരിച്ച് യേശു അപ്പോൾ യഹൂദ്യയിലെ യോർദാൻ താഴ്വരയിൽനിന്ന് ശമര്യയിലെ സുഖാറിലേക്ക് യാത്ര ചെയ്ത് എത്തിയതായിരുന്നു. യോർദാൻ താഴ്വരയെക്കാൾ 900 മീറ്ററോ (3,000 അടി) അതിൽ അധികമോ ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന സുഖാറിലെത്താൻ കുത്തനെയുള്ള കയറ്റം കയറണമായിരുന്നു.—യോഹ 4:3-5; അനു. എ7 കാണുക.
കിണർ: അഥവാ “നീരുറവ.” സുഖാറിലെ യാക്കോബിന്റെ കിണറിനെക്കുറിച്ച് പറയുന്ന ഈ വിവരണത്തിൽ രണ്ടു ഗ്രീക്കുപദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഒന്ന്, പീഗീ എന്ന പദമാണ്. ആ പദം മിക്കപ്പോഴും ഒരു നീരുറവയെയാണു കുറിക്കുന്നത്. ഈ വാക്യത്തിൽ രണ്ടു തവണ ആ പദത്തെ “കിണർ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സാധ്യതയനുസരിച്ച് യാക്കോബിന്റെ കിണറ്റിലെ വെള്ളത്തിന്റെ സ്രോതസ്സ് ഒരു നീരുറവയായിരുന്നു. ഇതേ ഗ്രീക്കുപദം യാക്ക 3:11-ൽ കിണറിനെയല്ല ഒരു ‘ഉറവയെ’ത്തന്നെയാണു കുറിക്കുന്നത്. എന്നാൽ യോഹ 4:14-ൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത് (“ഉറവ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) ആലങ്കാരികാർഥത്തിലാണ്. ഇനി, യോഹ 4:12-ൽ യാക്കോബിന്റെ കിണറിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നതു ഫ്രെയർ എന്ന ഗ്രീക്കുപദമാണ്. ആ പദത്തിനു കിണർ, ജലസംഭരണി, കുഴി എന്നൊക്കെ അർഥംവരാം. (1ശമു 19:22, സെപ്റ്റുവജിന്റ്; ലൂക്ക 14:5; വെളി 9:1, അടിക്കുറിപ്പ്) കിണറുകളുടെ പ്രധാന ജലസ്രോതസ്സ് നീരുറവകളായിരുന്നു. ഇനി, ഉറവയുള്ളിടത്ത് അതിന്റെ വിസ്താരവും ആഴവും കൂട്ടി, ഒരു കിണർപോലെയാക്കുന്ന രീതിയുമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഈ വിവരണത്തിൽ ഒരേ ജലസ്രോതസ്സിനെത്തന്നെ “കിണർ” എന്നും “ഉറവ” എന്നും മാറിമാറി വിളിച്ചിരിക്കുന്നത്.—ഈ വാക്യത്തിലെ യാക്കോബിന്റെ കിണർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
ഏകദേശം ആറാം മണി: അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ജൂതന്മാർക്കു ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു: ബൈബിളിൽ “ശമര്യക്കാർ” എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്, അസീറിയക്കാരുടെ അധിനിവേശത്തിനു മുമ്പ് പത്തു-ഗോത്ര ഇസ്രായേലിൽ താമസിച്ചിരുന്ന ജൂതന്മാരെ കുറിക്കാനാണ്. (2രാജ 17:29) പത്തു-ഗോത്ര രാജ്യത്ത് യൊരോബെയാം വിഗ്രഹാരാധന ആരംഭിച്ച കാലത്തുതന്നെ ശമര്യക്കാരും ബാക്കി ജൂതന്മാരും തമ്മിലുള്ള വേർതിരിവ് തുടങ്ങിയിരുന്നു. (1രാജ 12:26-30) എന്നാൽ അസീറിയക്കാർ ശമര്യയെ കീഴടക്കിയതിനു ശേഷം ‘ശമര്യക്കാർ’ എന്ന പദത്തിനു മറ്റൊരു അർഥം കൈവന്നു. കാരണം പിൽക്കാലത്ത് ആ പ്രദേശത്ത്, അസീറിയക്കാർ അവശേഷിപ്പിച്ചിരുന്നവരുടെ പിൻതലമുറക്കാർക്കു പുറമേ അസീറിയക്കാർ അവിടേക്കു കൊണ്ടുവന്ന വിദേശികളും താമസമുണ്ടായിരുന്നു. മനശ്ശെയുടെയും എഫ്രയീമിന്റെയും ഗോത്രത്തിൽപ്പെട്ടവരാണു തങ്ങളെന്നു ശമര്യക്കാർ അവകാശപ്പെട്ടെങ്കിലും അവരിൽ ചിലർ വിദേശികളെ വിവാഹം കഴിച്ചിരുന്നു. അങ്ങനെയുണ്ടായ സമ്മിശ്രജനത ശമര്യയിലെ സത്യാരാധനയെ കൂടുതൽ ദുഷിപ്പിച്ചതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (2രാജ 17:24-41) തങ്ങൾ യഹോവയെയാണ് ആരാധിക്കുന്നതെന്നു ശമര്യക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും ജൂതന്മാർ ബാബിലോണിലെ അടിമത്തത്തിൽനിന്ന് മടങ്ങിവന്ന് യരുശലേമിലെ ദേവാലയവും നഗരമതിലുകളും പുതുക്കിപ്പണിയാൻ തുടങ്ങിയപ്പോൾ അവർ അതിനെ എതിർത്തു. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ അവർ ഗരിസീം പർവതത്തിൽ സ്വന്തമായി ഒരു ദേവാലയവും പണിതു. പിന്നീട്, ബി.സി. 128-ൽ ജൂതന്മാർ അതു നശിപ്പിച്ചുകളഞ്ഞെങ്കിലും ശമര്യക്കാർ ആ പർവതത്തിൽത്തന്നെ തങ്ങളുടെ ആരാധന തുടർന്നു. ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയ്ക്കും ഗലീലയ്ക്കും ഇടയിലുള്ള ശമര്യ എന്ന റോമൻ ജില്ലയിൽ താമസിച്ചിരുന്നത് അവരാണ്. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളും ഒരുപക്ഷേ യോശുവയുടെ പുസ്തകവും മാത്രമേ അവർ അംഗീകരിച്ചിരുന്നുള്ളൂ. എന്നാൽ അവരുടെ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തിരുവെഴുത്തുകളുടെ പിന്തുണയുണ്ടെന്നു വരുത്താൻ ചില വാക്യങ്ങളിൽ അവർ മാറ്റം വരുത്തി. യേശുവിന്റെ കാലമായപ്പോഴേക്കും, ശമര്യക്കാരെ ഒരു വംശം എന്നതിനു പുറമേ ഒരു മതമായും ആളുകൾ കണ്ടിരുന്നു. ജൂതന്മാർ ശമര്യക്കാരോടു പുച്ഛത്തോടെയാണു പെരുമാറിയിരുന്നത്.—യോഹ 8:48.
. . . ഒരു സമ്പർക്കവുമില്ലായിരുന്നു: ഈ വാക്യത്തിൽ വലയങ്ങളിൽ കൊടുത്തിരിക്കുന്ന ഭാഗം ചില കൈയെഴുത്തുപ്രതികളിൽ കാണുന്നില്ലെങ്കിലും ആധികാരികമായ പല ആദ്യകാല കൈയെഴുത്തുപ്രതികളും അത് ഉൾപ്പെടുത്തുന്നതിനെയാണു പിന്താങ്ങുന്നത്.
ജീവജലം: ഈ ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഒഴുക്കുവെള്ളം; ഉറവജലം; കിണറ്റിലെ ശുദ്ധമായ ഉറവജലം” എന്നൊക്കെയാണ്. ജലസംഭരണിയിലെ കെട്ടിക്കിടക്കുന്ന വെള്ളത്തെ കുറിക്കാൻ ഈ പദം ഉപയോഗിക്കാറില്ല. ലേവ 14:5-ൽ “ഒഴുക്കുവെള്ളം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “ജീവജലം” എന്നാണ്. യിര 2:13-ലും 17:13-ലും യഹോവയെ ‘ജീവജലത്തിന്റെ ഉറവായി (അഥവാ “ഉറവയായി”)’ വർണിച്ചിട്ടുണ്ട്. ആ ജലം, ആളുകൾക്കു ജീവൻ നൽകുന്ന ആലങ്കാരികജലമാണ്. ശമര്യക്കാരിയോടു സംസാരിച്ചപ്പോൾ യേശു “ജീവജലം” എന്നു പറഞ്ഞത് ആലങ്കാരികമായിട്ടാണെങ്കിലും ആ സ്ത്രീ ആദ്യം അതു മനസ്സിലാക്കിയത് അക്ഷരാർഥത്തിലാണെന്നു തോന്നുന്നു.—യോഹ 4:11; യോഹ 4:14-ന്റെ പഠനക്കുറിപ്പു കാണുക.
കിണറാണെങ്കിൽ ആഴമുള്ളതും: യോഹ 4:6-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങളുടെ പൂർവികനായ യാക്കോബ്: തങ്ങൾ യോസേഫിന്റെ പിൻതലമുറയിൽപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ യാക്കോബ് തങ്ങളുടെ പൂർവികനാണെന്നും ശമര്യക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും അക്കാലത്തെ ജൂതന്മാരിൽ പലരും സാധ്യതയനുസരിച്ച് ആ അവകാശവാദത്തെ എതിർത്തിരുന്നു. ശമര്യക്കാർ വിദേശജനതകളുടെ പിൻഗാമികളാണെന്നു സ്ഥാപിക്കാൻ ചില ജൂതന്മാർ അവരെ “കൂഥീം,” “കൂഥ്യർ” എന്നതുപോലുള്ള എബ്രായവാക്കുകൾ (കൂഥ്, കൂഥ എന്നിവിടങ്ങളിലെ ജനങ്ങൾ എന്ന് അർഥം.) ഉപയോഗിച്ചാണു വിളിച്ചിരുന്നത്. ബി.സി. 740-ൽ ഇസ്രായേൽ ജനത്തെ ബന്ദികളായി കൊണ്ടുപോയശേഷം അസീറിയൻ രാജാവ് ശമര്യനഗരങ്ങളിൽ കൊണ്ടുവന്ന് താമസിപ്പിച്ച ആളുകളുടെ ജന്മനാടാണു കൂഥും കൂഥയും. ബാബിലോണിന് ഏതാണ്ട് 50 കി.മീ. വടക്കുകിഴക്ക് ആയിരുന്നു ഈ സ്ഥലങ്ങളെന്നു കരുതപ്പെടുന്നു.—2രാജ 17:23, 24, 30.
ഞാൻ കൊടുക്കുന്ന വെള്ളം: “വെള്ളം,” “ഉറവ” എന്നീ പദങ്ങൾ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ആലങ്കാരികാർഥത്തിലാണ്. ഈ ശമര്യക്കാരിയോടുതന്നെ യേശു കുറച്ചുമുമ്പ് ജീവജലത്തെക്കുറിച്ച് പറഞ്ഞിരുന്നു. (യോഹ 4:10-ന്റെ പഠനക്കുറിപ്പു കാണുക.) താൻ കൊടുക്കുന്ന വെള്ളം സ്വീകരിക്കുന്നവർക്കെല്ലാം അതു നിത്യജീവനേകുന്ന ഒരു ഉറവയായി മാറും എന്നു യേശു തുടർന്ന് വിശദീകരിച്ചു. മനുഷ്യകുലത്തിനു വീണ്ടും പൂർണതയുള്ള ജീവൻ നൽകാനായി ദൈവം ചെയ്തിരിക്കുന്ന കരുതലുകളെ ബൈബിളിൽ വെള്ളം എന്നു വിളിച്ചിട്ടുണ്ട്. ഈ ആലങ്കാരികജലത്തിന്റെ ഒരു പ്രധാനഘടകം യേശുവിന്റെ മോചനവിലയാണ്. തന്റെ വാക്കുകൾ ശ്രദ്ധിക്കുകയും തന്റെ ശിഷ്യന്മാരാകുകയും ചെയ്യുന്നവർക്കു ലഭിക്കുന്ന ആത്മീയ പ്രയോജനങ്ങളിലാണു യേശു ഇവിടെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ ദൈവമായ യഹോവയെയും യേശുക്രിസ്തുവിനെയും ‘അറിയുകയും’ വിശ്വാസത്തോടെ ആ അറിവിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അവർക്കു നിത്യജീവനിലേക്കുള്ള വഴി തുറക്കുമായിരുന്നു. (യോഹ 17:3) ഇനി, ഈ ആലങ്കാരികജലം സ്വീകരിക്കുന്ന ഒരാൾക്ക് ആ “ജീവജലം” മറ്റുള്ളവരുമായി പങ്കുവെക്കാൻ പ്രേരണ തോന്നും എന്നതുകൊണ്ടുംകൂടെ ആയിരിക്കാം അത് അയാളിൽ “ഒരു ഉറവയായി മാറും” എന്നു യേശു പറഞ്ഞത്.—വെളി 21:6; 22:1, 17; യോഹ 7:38-ന്റെ പഠനക്കുറിപ്പു കാണുക.
ഈ മല: അതായത്, ഗരിസീം പർവതം. (അനു. ബി10 കാണുക.) എബ്രായതിരുവെഴുത്തുകളിൽ ഈ പർവതത്തെക്കുറിച്ച് നാലിടത്ത് പറയുന്നുണ്ട്. (ആവ 11:29; 27:12; യോശ 8:33; ന്യായ 9:7) യരുശലേമിൽ ദേവാലയം പണിതതിനുള്ള മറുപടിയെന്നോണം ശമര്യക്കാർ ഗരിസീം പർവതത്തിൽ ഒരു ദേവാലയം പണികഴിപ്പിച്ചു. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ പണിത ആ ആലയം ബി.സി. 128-ൽ ജൂതന്മാർ നശിപ്പിച്ചു. ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളും, സാധ്യതയനുസരിച്ച് യോശുവയുടെ പുസ്തകവും മാത്രമാണു ശമര്യക്കാർ അംഗീകരിച്ചിരുന്നത്. പക്ഷേ അവർ അതിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. ശമര്യ പഞ്ചഗ്രന്ഥി എന്ന് അറിയപ്പെട്ടിരുന്ന ഈ പുസ്തകം അവർ അവരുടെ സ്വന്തം ലിപിയിലാണ് (പുരാതന എബ്രായലിപിയിൽനിന്ന് രൂപംകൊണ്ടത്.) എഴുതിയിരുന്നത്. എബ്രായബൈബിളിന്റെ മാസൊരിറ്റിക്ക് പാഠവുമായി ഇതിന് 6,000-ത്തോളം സ്ഥലങ്ങളിൽ വ്യത്യാസമുണ്ട്. ഇതിൽ മിക്കതും തീരെ നിസ്സാരമാണെങ്കിലും വളരെ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളും അവയിൽ കാണാം. മോശയുടെ നിയമം രേഖപ്പെടുത്താനുള്ള കല്ലുകൾ നാട്ടേണ്ട സ്ഥലത്തെക്കുറിച്ച് പറയുന്ന ആവ 27:4 അതിന് ഉദാഹരണമാണ്. ആ വാക്യത്തിൽ “ഏബാൽ പർവതം” എന്ന പദപ്രയോഗം ശമര്യ പഞ്ചഗ്രന്ഥിയിൽ “ഗരിസീം പർവതം” എന്നു മാറ്റിയെഴുതിയിരിക്കുന്നു. (ആവ 27:8) ദൈവത്തിന്റെ വിശുദ്ധപർവതം ഗരിസീം ആണെന്ന ശമര്യക്കാരുടെ വിശ്വാസത്തിനു പിൻബലമേകാനാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്നു വ്യക്തം.
ജൂതന്മാരിൽനിന്നാണു രക്ഷ തുടങ്ങുന്നത്: അഥവാ “രക്ഷ ഉത്ഭവിക്കുന്നതു ജൂതന്മാരിൽനിന്നാണ്.” ആളുകളെ രക്ഷയിലേക്കു നയിക്കുന്ന ദൈവവചനവും ശുദ്ധാരാധനയും സത്യവും ജൂതജനതയെയാണ് ഏൽപ്പിച്ചിരുന്നത് എന്ന അർഥത്തിലാണ് യേശു ഇതു പറഞ്ഞത്. (റോമ 3:1, 2) ഇനി, ദൈവം വാഗ്ദാനം ചെയ്ത മിശിഹ, അതായത് അബ്രാഹാമിന്റെ “സന്തതി” വരുന്നത് അവരിലൂടെയായിരിക്കുമെന്നും ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഉൽ 22:18; ഗല 3:16) യേശു ശമര്യക്കാരിയോടു സംസാരിച്ച സമയത്ത്, ദൈവത്തെക്കുറിച്ചുള്ള സത്യം ഗ്രഹിക്കാനും ദൈവം നമ്മളിൽനിന്ന് ആവശ്യപ്പെടുന്നത് എന്തെല്ലാമാണെന്ന് അറിയാനും മിശിഹയെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കാനും ഉള്ള ഒരേ ഒരു ഉപാധി ജൂതന്മാരായിരുന്നു. ഇസ്രായേൽ അപ്പോഴും ദൈവത്തിന്റെ സരണിയായിരുന്നതുകൊണ്ട് യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ദൈവം തിരഞ്ഞെടുത്ത ആ ജനതയോടൊപ്പം ചേരണമായിരുന്നു.
ദൈവം ഒരു ആത്മവ്യക്തിയാണ്: ഇവിടെ കാണുന്ന “ആത്മവ്യക്തി” എന്നതിന്റെ ഗ്രീക്കുപദം ന്യൂമ ആണ്. (പദാവലിയിൽ “ആത്മാവ്” കാണുക.) ദൈവവും മഹത്ത്വീകരിക്കപ്പെട്ട യേശുവും ദൈവദൂതന്മാരും ആത്മവ്യക്തികളാണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (1കൊ 15:45; 2കൊ 3:17; എബ്ര 1:14) ആത്മവ്യക്തികളുടെ ജീവരൂപം മനുഷ്യരുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. അതു മനുഷ്യനേത്രങ്ങൾക്കു കാണാനാകില്ല. ആത്മവ്യക്തികൾക്കു ‘ഭൗതികശരീരത്തെക്കാൾ’ വളരെവളരെ ശ്രേഷ്ഠമായ ഒരു ‘ആത്മീയശരീരമാണുള്ളത്.’ (1കൊ 15:44; യോഹ 1:18) ദൈവത്തിനു മുഖവും കണ്ണും ചെവിയും കൈയും ഒക്കെയുള്ളതായി ബൈബിളെഴുത്തുകാർ വർണിക്കുന്നുണ്ടെങ്കിലും അതെല്ലാം ദൈവത്തെക്കുറിച്ച് മനസ്സിലാക്കാൻ മനുഷ്യരെ സഹായിക്കുന്ന അലങ്കാരപ്രയോഗങ്ങൾ മാത്രമാണ്. എന്നാൽ ദൈവത്തിന് ഒരു വ്യക്തിത്വമുണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. ഇനി, ദൈവം സ്ഥിതി ചെയ്യുന്നതു ഭൗതികമണ്ഡലത്തിനു വെളിയിലുള്ള ഒരു സ്ഥലത്താണ്. അതുകൊണ്ടാണ് താൻ “പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്” എന്നു ക്രിസ്തു പറഞ്ഞത്. (യോഹ 16:28) ഇനി “നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ” ക്രിസ്തു ‘സ്വർഗത്തിലേക്കു പ്രവേശിച്ചെന്ന്’ എബ്ര 9:24-ഉം പറയുന്നു.
ദൈവാത്മാവോടെ . . . ആരാധിക്കണം: ന്യൂമ എന്ന ഗ്രീക്കുപദത്തിനു പല അർഥങ്ങൾ വരാം. പദാവലിയിൽ “ആത്മാവ്” എന്നതിനു കീഴിൽ അതെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ന്യൂമ എന്ന പദം ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവ്, ഒരാളെ പ്രചോദിപ്പിക്കുന്ന ശക്തി അഥവാ അയാളുടെ മാനസികഭാവം എന്നിവയെയൊക്കെ കുറിക്കുന്നെന്ന് അതിൽ പറയുന്നു. “ആത്മാവ്” എന്ന പദത്തിന്റെ വിവിധ അർഥങ്ങളെടുത്താൽ അതിലെല്ലാം പൊതുവായ ഒരു കാര്യമുണ്ടെന്നു മനസ്സിലാകും. അവയെല്ലാം മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ഒന്നിനെയാണു കുറിക്കുന്നത്. ശമര്യയിലെ ഗരിസീം പർവതമോ യരുശലേമിലെ ദേവാലയമോ പോലെ അക്ഷരീയമായ ഒരു സ്ഥലത്തെ കേന്ദ്രീകരിച്ച് തന്റെ പിതാവിനെ ആരാധിക്കുന്ന രീതിക്കു മാറ്റം വരുമെന്നു യോഹ 4:21-ൽ യേശു പറഞ്ഞിരുന്നു. ദൈവത്തിന് ഒരു ഭൗതികശരീരം ഇല്ലാത്തതുകൊണ്ടും ദൈവത്തെ കാണാനോ സ്പർശിക്കാനോ കഴിയാത്തതുകൊണ്ടും മേലാൽ ഭൂമിയിലെ ഒരു കെട്ടിടത്തെയോ (അതായത്, ദേവാലയത്തെയോ) ഒരു പർവതത്തെയോ കേന്ദ്രീകരിച്ച് ദൈവത്തെ ആരാധിക്കേണ്ടതില്ലായിരുന്നു. ദൈവം ഒരാളുടെ ആരാധന സ്വീകരിക്കണമെങ്കിൽ അയാൾ ദൈവത്തിന്റെ അദൃശ്യമായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണമെന്നു മറ്റു ബൈബിൾവാക്യങ്ങളിൽ യേശു വ്യക്തമാക്കുന്നുണ്ട്. പരിശുദ്ധാത്മാവിനെ യേശു “സഹായി” എന്നും വിളിച്ചു. (യോഹ 14:16, 17; 16:13) അതുകൊണ്ട് ‘ദൈവാത്മാവോടെ ആരാധിക്കുക’ എന്ന പദപ്രയോഗത്തിന്റെ അർഥം ദൈവാത്മാവ് നയിക്കുന്ന രീതിയിൽ ആരാധിക്കുക എന്നായിരിക്കാനാണു സാധ്യത. അത്തരത്തിൽ ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരാൾ ദൈവവചനം പഠിക്കുകയും അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്യുമ്പോൾ തന്റെ ചിന്തകളെ ദൈവത്തിന്റേതുപോലെയാക്കാൻ ദൈവാത്മാവ് അയാളെ സഹായിക്കും. ചുരുക്കത്തിൽ, ദൈവത്തെ ആരാധിക്കുക എന്നാൽ ആത്മാർഥതയോടെയും തീക്ഷ്ണതയോടെയും ദൈവസേവനം ചെയ്യുക എന്നു മാത്രമല്ല അർഥം.
സത്യത്തോടെ ആരാധിക്കണം: വെറും ഭാവനാസൃഷ്ടികളെയോ കെട്ടുകഥകളെയോ നുണകളെയോ അടിസ്ഥാനമാക്കിയുള്ള ആരാധന ദൈവം ഒരിക്കലും സ്വീകരിക്കില്ല. പകരം അതു വസ്തുതകൾക്കു നിരക്കുന്നതും ദൈവം തന്നെക്കുറിച്ചും തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ‘സത്യങ്ങളോടു’ ചേരുന്നതും ആയിരിക്കണം. (യോഹ 17:17) ഇനി, ദൈവവചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന, ‘കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങൾക്കു’ ചേർച്ചയിലുള്ളതും ആയിരിക്കണം അത്തരം ആരാധന.—എബ്ര 9:24; 11:1; ഈ വാക്യത്തിലെ ദൈവാത്മാവോടെ . . . ആരാധിക്കണം എന്നതിന്റെ പഠനക്കുറിപ്പു കാണുക.
മിശിഹ: മെശിയാസ് എന്ന ഗ്രീക്കുപദം (മാഷിയാക് എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം.) ഗ്രീക്കു തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. (ഇവിടെയും യോഹ 1:41-ലും.) മാഷിയാക് എന്ന സ്ഥാനപ്പേര് വന്നിരിക്കുന്നതു മാഷഹ് എന്ന എബ്രായക്രിയയിൽനിന്നാണ്. ഈ ക്രിയാപദത്തിന്റെ അർഥം “(ഒരു ദ്രാവകം) പുരട്ടുക അല്ലെങ്കിൽ തേക്കുക,” “അഭിഷേകം ചെയ്യുക” എന്നൊക്കെയാണ്. (പുറ 29:2, 7) ബൈബിൾക്കാലങ്ങളിൽ പുരോഹിതന്മാരെയും ഭരണാധികാരികളെയും പ്രവാചകന്മാരെയും ഒക്കെ ആചാരപരമായി തൈലംകൊണ്ട് അഭിഷേകം ചെയ്യുന്ന രീതിയുണ്ടായിരുന്നു. (ലേവ 4:3; 1ശമു 16:3, 12, 13; 1രാജ 19:16) “മിശിഹ” എന്നതിനു തത്തുല്യമായ ക്രിസ്തു (ഗ്രീക്കിൽ, ക്രിസ്തോസ്) എന്ന സ്ഥാനപ്പേര് ഗ്രീക്കുതിരുവെഴുത്തുകളിൽ 500-ലേറെ പ്രാവശ്യം കാണാം. ഈ രണ്ടു വാക്കുകളുടെയും അർഥം “അഭിഷിക്തൻ” എന്നാണ്.—മത്ത 1:1-ന്റെ പഠനക്കുറിപ്പു കാണുക.
മിശിഹ വരുമെന്ന് എനിക്ക് അറിയാം: ഇന്ന് പഞ്ചഗ്രന്ഥികൾ എന്ന് അറിയപ്പെടുന്ന, മോശയുടെ അഞ്ച് പുസ്തകങ്ങളും സാധ്യതയനുസരിച്ച് യോശുവയുടെ പുസ്തകവും മാത്രമേ ശമര്യക്കാർ അംഗീകരിച്ചിരുന്നുള്ളൂ. എബ്രായതിരുവെഴുത്തുകളിലെ ബാക്കി പുസ്തകങ്ങളെല്ലാം അവർ തള്ളിക്കളഞ്ഞു. എങ്കിലും ശമര്യക്കാർ മോശയുടെ പുസ്തകങ്ങൾ അംഗീകരിച്ചിരുന്നതുകൊണ്ട് മോശയെക്കാൾ വലിയ പ്രവാചകനായ മിശിഹയുടെ വരവിനുവേണ്ടി അവർ കാത്തിരുന്നു.—ആവ 18:18, 19.
നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ് അത്: സാധ്യതയനുസരിച്ച്, താൻ മിശിഹ അഥവാ ക്രിസ്തു ആണെന്നു യേശു തുറന്നുപറയുന്ന ആദ്യസന്ദർഭമാണ് ഇത്. അതു പറയുന്നതാകട്ടെ ഒരു ജൂതവംശജപോലുമല്ലാത്ത ഒരു ശമര്യക്കാരി സ്ത്രീയോടും. (യോഹ 4:9, 25) ജൂതന്മാർക്കു പൊതുവേ ശമര്യക്കാരോടു പുച്ഛമായിരുന്നു. അവരെ അഭിവാദനം ചെയ്യാൻപോലും അവർ വിസമ്മതിച്ചിരുന്നു. മിക്ക ജൂതന്മാരും അവജ്ഞയോടെയാണു സ്ത്രീകളെ കണ്ടിരുന്നത്. എന്നാൽ യേശു അങ്ങനെയല്ലായിരുന്നു. ശമര്യക്കാരിയോട് ആദരവ് കാണിച്ച യേശു അതുപോലെ മറ്റു സ്ത്രീകളെയും ആദരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പുനരുത്ഥാനപ്പെട്ട തന്നെ ആദ്യമായി കാണാനുള്ള പദവി യേശു നൽകിയതു സ്ത്രീകൾക്കായിരുന്നു.—മത്ത 28:9, 10.
ഞാൻതന്നെയാണ് അത്: അക്ഷ. “ഞാൻ ആകുന്നു.” ഗ്രീക്കിൽ, എഗോ എയ്മി. ഈ ഗ്രീക്കുപദപ്രയോഗത്തിനു പുറ 3:14-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയുമായി ബന്ധമുണ്ടെന്നു ചിലർ പറയുന്നു. അതുകൊണ്ടുതന്നെ യേശു ദൈവമാണെന്നു സ്ഥാപിക്കാൻ അവർ ഈ വാക്യഭാഗം ഉപയോഗിക്കാറുണ്ട്. എന്നാൽ പുറ 3:14-ൽ കാണുന്ന പദപ്രയോഗമല്ല (“ഞാനാണ് (അസ്തിത്വത്തിൽ) ഉള്ളവൻ” എന്ന് അർഥമുള്ള എഗോ എയ്മി ഹൊ ഓൺ.), യോഹ 4:26-ൽ കാണുന്നത്. ഇനി സെപ്റ്റുവജിന്റിൽ, അബ്രാഹാമിന്റെയും എലെയാസരിന്റെയും യാക്കോബിന്റെയും ദാവീദിന്റെയും മറ്റും വാക്കുകൾ വരുന്നിടത്തും എഗോ എയ്മി എന്ന പദപ്രയോഗം കാണാം. (ഉൽ 23:4; 24:34; 30:2; 1ദിന 21:17) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ ഗ്രീക്ക് പദപ്രയോഗം കാണുന്നതു യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്ത് മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, യേശു സുഖപ്പെടുത്തിയ ഒരാളുടെ വാക്കുകൾ കാണുന്ന യോഹ 9:9-ൽ ഇതേ പദപ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. “അതു ഞാനാണ്” എന്നൊരു അർഥം മാത്രമേ അയാളുടെ ആ വാക്കുകൾക്കുള്ളൂ. ഇനി, ഗബ്രിയേൽ ദൂതനും പത്രോസും പൗലോസും മറ്റുള്ളവരും ഒക്കെ ഇതേ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 1:19; പ്രവൃ 10:21; 22:3) എന്തായാലും ഈ പദപ്രയോഗം ഉപയോഗിച്ചപ്പോൾ അവരുടെയൊന്നും മനസ്സിലുണ്ടായിരുന്നത് പുറ 3:14 അല്ലെന്നു വ്യക്തം. എഗോ എയ്മി എന്ന അതേ പദപ്രയോഗം മത്ത 24:5-ലും മർ 13:6-ലും ലൂക്ക 21:8-ലും ഉള്ള യേശുവിന്റെ വാക്കുകളിലുമുണ്ട്. അവിടങ്ങളിൽ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ഞാൻ ക്രിസ്തുവാണ്,” “ഞാനാണ് ക്രിസ്തു” എന്നൊക്കെയാണ്.
ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട്: മോശയുടെ നിയമം സ്ത്രീകൾക്ക് ആദരവും പരിഗണനയും നൽകിയിരുന്നു. പക്ഷേ പുരുഷന്മാർ പൊതുസ്ഥലത്തുവെച്ച് സ്ത്രീകളോടു സംസാരിക്കുന്നതിനെ ജൂതപാരമ്പര്യം നിരുത്സാഹപ്പെടുത്തുകയാണു ചെയ്തത്. യേശുവിന്റെ കാലമായപ്പോഴേക്കും ഈ ചിന്താഗതി വളരെ പ്രചാരം നേടിയിരുന്നെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കാം, യേശു ശമര്യക്കാരി സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് ശിഷ്യന്മാർക്കുപോലും ‘അതിശയം തോന്നിയത്.’ ഒരു പണ്ഡിതൻ “വഴിയോരത്തുവെച്ച് ഒരു സ്ത്രീയോടു സംസാരിക്കരുത്” എന്നു പുരാതന റബ്ബിമാർ പഠിപ്പിച്ചിരുന്നതായി താൽമൂദിൽ പറയുന്നു. ഇനി, ഒരു റബ്ബി ഇങ്ങനെ പറഞ്ഞതായി മിഷ്നാ പറയുന്നു: “സ്ത്രീജനവുമായി അധികം സംസാരത്തിനു പോകരുത്. . . . അവരുമായി അധികം സംസാരിക്കുന്നവൻ തന്റെമേൽത്തന്നെ ശാപം വരുത്തിവെക്കുകയും മോശയുടെ നിയമത്തെ അവഗണിക്കുകയും ആണ്. അയാൾക്ക് ഒടുവിൽ ലഭിക്കുന്നതു ഗീഹെന്ന ആയിരിക്കും.”—അബോത്ത് 1:5.
കൊയ്ത്തിന് ഇനിയും നാലു മാസമുണ്ട്: ജൂതമാസമായ നീസാനിൽ (മാർച്ച്/ഏപ്രിൽ), ഏതാണ്ട് പെസഹയോട് അടുത്താണു ബാർളിക്കൊയ്ത്ത് തുടങ്ങുന്നത്. (അനു. ബി15 കാണുക.) അവിടെനിന്ന് പുറകോട്ടു നാലു മാസം എണ്ണിയാൽ കിസ്ലേവ് മാസത്തിലെത്തും (നവംബർ/ഡിസംബർ). അതുകൊണ്ട് യേശു ഈ വാക്കുകൾ പറഞ്ഞതു കിസ്ലേവ് മാസമായിരിക്കാം. മഴയും തണുപ്പും കൂടിക്കൂടിവരുന്ന ഒരു സമയമായിരുന്നു അത്. അതുകൊണ്ട് ‘കൊയ്ത്ത് തുടങ്ങിക്കഴിഞ്ഞു’ എന്നു പറഞ്ഞപ്പോൾ സാധ്യതയനുസരിച്ച് യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, അക്ഷരാർഥത്തിലുള്ള കൊയ്ത്തല്ല, പകരം ആളുകളെ ശേഖരിക്കുന്ന ആലങ്കാരിക കൊയ്ത്താണ്.—യോഹ 4:36.
പാകമായിരിക്കുന്നു: അക്ഷ. “വെളുത്തിരിക്കുന്നു.” ഇവിടെ കാണുന്ന ല്യൂകോസ് എന്ന ഗ്രീക്കുപദം വെള്ള നിറത്തെയും ഇളം മഞ്ഞ പോലുള്ള ഇളം നിറങ്ങളെയും ആണ് കുറിക്കുന്നത്. ധാന്യം വിളഞ്ഞ്, കൊയ്ത്തിനു പാകമായിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന നിറങ്ങളാണ് അവ. എന്നാൽ കൊയ്ത്തിന് ഇനിയും നാലു മാസമുണ്ടെന്നു യേശു പറഞ്ഞതുകൊണ്ട് അതു ബാർളി കിളിർത്തുവരുന്ന, വയലുകളെല്ലാം പച്ച പുതച്ചുകിടക്കുന്ന, സമയമായിരുന്നിരിക്കണം. അതുകൊണ്ട് വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, അക്ഷരാർഥത്തിലുള്ള കൊയ്ത്തല്ല, ആത്മീയകൊയ്ത്ത് ആയിരുന്നെന്നു വ്യക്തം. വയലിലേക്കു നോക്കുക എന്നു യേശു തന്റെ കേൾവിക്കാരോടു പറഞ്ഞത്, അവിടേക്കു വരുകയായിരുന്ന ശമര്യക്കാരുടെ ഒരു കൂട്ടത്തെ നോക്കുക എന്ന അർഥത്തിലാണെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. “വെളുത്തിരിക്കുന്നു” എന്നു പറഞ്ഞത്, അവർ ധരിച്ചിരുന്ന വെള്ള ഉടുപ്പുകളെ ഉദ്ദേശിച്ചായിരിക്കാമെന്നും അവർ പറയുന്നു. ഇനി, തന്റെ സന്ദേശം സ്വീകരിക്കാൻ ശമര്യക്കാർ ‘പാകമായിരിക്കുന്നു’ എന്ന അർഥത്തിൽ യേശു അത് ഒരു അലങ്കാരപ്രയോഗമായി പറഞ്ഞതായിരിക്കാനും സാധ്യതയുണ്ട്.—യോഹ 4:28-30.
ലോകരക്ഷകൻ: ഈ പദപ്രയോഗം ഇവിടെയും 1യോഹ 4:14-ലും (‘ലോകത്തിന്റെ രക്ഷകൻ’) മാത്രമേ കാണുന്നുള്ളൂ. ഇവിടെ ‘ലോകം’ എന്നു പറഞ്ഞിരിക്കുന്നതു മനുഷ്യകുലത്തെക്കുറിച്ചാണ്. അതുകൊണ്ട് “ലോകരക്ഷകൻ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്, വിശ്വാസം പ്രകടിപ്പിക്കുന്ന മനുഷ്യരെ യേശു പാപത്തിൽനിന്ന് രക്ഷിക്കും എന്നാണ്.—യോഹ 1:29; 3:17 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സ്വന്തം നാട്ടിൽ: അക്ഷ. “തന്റെ പിതാവിന്റെ ദേശത്ത്.” ഇവിടെ കാണുന്ന ഗ്രീക്കുപദം മത്ത 13:54; മർ 6:1; ലൂക്ക 4:24 എന്നീ വാക്യങ്ങളിലും ‘സ്വന്തം നാട്’ എന്നുതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. യേശു വളർന്നുവന്ന നസറെത്തിനെയാണ് ആ വാക്യങ്ങളിൽ അതു കുറിക്കുന്നത്. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ അതു ഗലീലപ്രദേശത്തെ മുഴുവനും കുറിക്കുന്നു.—യോഹ 4:43.
ഗലീലയിലെ കാനാ . . . കഫർന്നഹൂം: കാനായിൽനിന്ന് (ഖിർബെത് ഖാനാ) കഫർന്നഹൂമിലേക്കു റോഡുമാർഗമുള്ള ദൂരം ഏതാണ്ട് 40 കി.മീ. വരും.—യോഹ 2:1-ന്റെ പഠനക്കുറിപ്പു കാണുക.
രാജാവിന്റെ ഉദ്യോഗസ്ഥൻ: അഥവാ “രാജാവിന്റെ ഭൃത്യൻ.” ഇവിടെ കാണുന്ന ബസിലികോസ് എന്ന ഗ്രീക്കുപദത്തിന്, രാജാവുമായി (ബസില്യൂസ്) രക്തബന്ധമുള്ളവരെയോ രാജാവിന്റെ കീഴിൽ ജോലി ചെയ്യുന്നവരെയോ കുറിക്കാനാകും. സാധ്യതയനുസരിച്ച് ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു ഗലീലയുടെ ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസിന്റെ ഒരു ഭൃത്യനെയോ അദ്ദേഹത്തിന്റെ രാജസദസ്സിലെ ഒരു അംഗത്തെയോ കുറിക്കാനാണ്. ഹെരോദ് അന്തിപ്പാസിനെ “രാജാവ്” എന്നാണു പൊതുവേ വിളിച്ചിരുന്നത്.—മത്ത 14:9; മർ 6:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വന്ന്: അതായത്, കഫർന്നഹൂമിലേക്കു വന്ന്. താരതമ്യേന ഉയർന്ന സ്ഥലമായ ഖിർബെത് ഖാനായിൽനിന്ന് (സാധ്യതയനുസരിച്ച് ബൈബിളിലെ കാനാതന്നെയാണ് ഇത്; യോഹ 2:1-ന്റെ പഠനക്കുറിപ്പു കാണുക.) ഗലീലക്കടലിന്റെ തീരപ്രദേശത്തുകൂടെ കഫർന്നഹൂമിലേക്കു പോകുന്ന ഒരു റോഡ് പണ്ടുണ്ടായിരുന്നു. സമുദ്രനിരപ്പിന് 200 മീ. (650 അടി) താഴെയായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമായിരുന്നു കഫർന്നഹൂം. അതുകൊണ്ടുതന്നെ ഗ്രീക്കുപാഠത്തിൽ ഈ ഭാഗത്ത് കാണുന്നത് “ഇറങ്ങിവന്ന്” എന്നാണ്.
ഏഴാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 1 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
രണ്ടാമത്തെ അടയാളം: യഹൂദ്യയിൽനിന്ന് ഗലീലയിൽ മടങ്ങിയെത്തിയപ്പോൾ യേശു ചെയ്ത രണ്ട് അത്ഭുതങ്ങളിൽ രണ്ടാമത്തേതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതിൽ ആദ്യത്തേതാണു യോഹ 2:11-ൽ കാണുന്നത്. എന്നാൽ ഗലീലയിൽവെച്ച് ഈ രണ്ടാമത്തെ അടയാളം കാണിക്കുന്നതിനു മുമ്പ് യേശു യരുശലേമിൽവെച്ച് മറ്റ് അത്ഭുതങ്ങൾ ചെയ്തിരുന്നു.—യോഹ 2:23.
ദൃശ്യാവിഷ്കാരം
ഈ വീഡിയോയിൽ ഗരിസീം പർവതവും (1) അതിന് അടുത്തായി യാക്കോബിന്റെ കിണർ സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്ന സ്ഥലവും (2) കാണാം. ആ കിണറിന് അടുത്തുവെച്ചാണ് യേശു ശമര്യക്കാരി സ്ത്രീയോടു സംസാരിച്ചത്. (യോഹ 4:6, 7) ഏബാൽ പർവതവും (3) ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ശമര്യ ജില്ലയുടെ ഹൃദയഭാഗത്താണു ഗരിസീം പർവതം സ്ഥിതി ചെയ്യുന്നത്. അതിന്റെ അഗ്രഭാഗം മെഡിറ്ററേനിയൻ കടലിൽനിന്ന് ഏതാണ്ട് 850 മീറ്റർ (2,800 അടി) ഉയരത്തിലാണ്. ഗരിസീം, ഏബാൽ എന്നീ പർവതങ്ങൾക്കിടയിലുള്ള ഫലഭൂയിഷ്ഠമായ ശെഖേം താഴ്വരയിലാണ് ഇന്നത്തെ നാബ്ലസ് നഗരം. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ, ശമര്യക്കാർ ഗരിസീം പർവതത്തിൽ ഒരു ദേവാലയം പണിതു. എന്നാൽ അതു ബി.സി. 128-ൽ നശിപ്പിക്കപ്പെട്ടു. തെളിവനുസരിച്ച് ഗരിസീം പർവതത്തെ ഉദ്ദേശിച്ചായിരിക്കാം ശമര്യക്കാരി സ്ത്രീ യേശുവിനോട് ഇങ്ങനെ പറഞ്ഞത്: “ഞങ്ങളുടെ പൂർവികർ ആരാധന നടത്തിപ്പോന്നത് ഈ മലയിലാണ്. എന്നാൽ ആരാധനയ്ക്കുള്ള സ്ഥലം യരുശലേമാണെന്നു നിങ്ങൾ പറയുന്നു.” എന്നാൽ ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചല്ല ദൈവത്തെ ആരാധിക്കേണ്ടതെന്നു സൂചിപ്പിക്കാൻ യേശു പറഞ്ഞു: “നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു.”—യോഹ 4:20, 21.
ബൈബിൾക്കാലങ്ങളിൽ ചിലപ്പോഴൊക്കെ കൊയ്ത്തുകാർ ധാന്യക്കതിരുകൾ ചെടിയോടെ പിഴുതെടുക്കാറുണ്ടായിരുന്നു. എങ്കിലും ധാന്യക്കതിരുകൾ അരിവാൾകൊണ്ട് അരിഞ്ഞെടുക്കുന്നതായിരുന്നു സാധാരണരീതി. (ആവ 16:9; മർ 4:29) വിളഞ്ഞുകിടക്കുന്ന ധാന്യം കൊയ്യുന്നതു പൊതുവേ പലർ ചേർന്ന് ചെയ്യുന്ന പണിയായിരുന്നു. (രൂത്ത് 2:3; 2രാജ 4:18) ശലോമോൻ രാജാവ്, ഹോശേയ പ്രവാചകൻ, പൗലോസ് അപ്പോസ്തലൻ എന്നിങ്ങനെ ധാരാളം ബൈബിളെഴുത്തുകാർ പ്രാധാന്യമേറിയ സത്യങ്ങൾ പഠിപ്പിക്കാൻ കൊയ്ത്തിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചിട്ടുണ്ട്. (സുഭ 22:8; ഹോശ 8:7; ഗല 6:7-9) ശിഷ്യരാക്കൽവേലയിൽ തന്റെ ശിഷ്യന്മാർക്കും ദൂതന്മാർക്കും ഉള്ള പങ്കിനെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവും, ആളുകൾക്കു സുപരിചിതമായ ഈ തൊഴിൽ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചു.—മത്ത 13:24-30, 39; യോഹ 4:35-38.