യോഹന്നാൻ എഴുതിയത് 5:1-47
പഠനക്കുറിപ്പുകൾ
ജൂതന്മാരുടെ ഒരു ഉത്സവം: ഈ ഉത്സവം ഏതാണെന്നു യോഹന്നാൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് എ.ഡി. 31-ലെ പെസഹയാണെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. യോഹന്നാൻ പൊതുവേ സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ‘കൊയ്ത്തിന് ഇനിയും നാലു മാസമുണ്ട്’ എന്നു യേശു പറഞ്ഞിട്ട് അധികം വൈകാതെയാണ് ഈ ഉത്സവം നടന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 4:35) കൊയ്ത്തുകാലം, പ്രത്യേകിച്ച് ബാർളിക്കൊയ്ത്ത്, തുടങ്ങുന്നതു സാധാരണ പെസഹയോട് (നീസാൻ 14) അടുത്തായിരുന്നു. അതുകൊണ്ട് യേശു ഈ വാക്കുകൾ പറഞ്ഞത് അതിനു നാലു മാസം മുമ്പ് കിസ്ലേവ് മാസത്തിൽ (നവംബർ/ഡിസംബർ) ആയിരിക്കാം. കിസ്ലേവിനും നീസാനും ഇടയ്ക്ക് സമർപ്പണോത്സവം, പൂരീം ഉത്സവം എന്നിങ്ങനെ മറ്റു രണ്ട് ഉത്സവങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കായി ഒരു ഇസ്രായേല്യൻ യരുശലേമിലേക്കു പോകേണ്ടതില്ലായിരുന്നു. പക്ഷേ പെസഹയ്ക്ക് ഇസ്രായേല്യർ യരുശലേമിൽ പോകണമെന്നു ദൈവനിയമം ആവശ്യപ്പെട്ടിരുന്നു. (ആവ 16:16) ഇവിടെ പറഞ്ഞിരിക്കുന്ന ‘ജൂതന്മാരുടെ ഉത്സവത്തിനായി’ യേശു യരുശലേമിലേക്കു പോയെന്നു വാക്യത്തിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് അതു സർവസാധ്യതയുമനുസരിച്ച് പെസഹയാണെന്ന് അനുമാനിക്കാം. യോഹന്നാന്റെ വിവരണത്തിൽ, ഈ ഉത്സവത്തിനും അടുത്ത പെസഹയ്ക്കും (യോഹ 6:4) ഇടയിൽ വളരെ കുറച്ച് സംഭവങ്ങൾ നടന്നതായേ കാണുന്നുള്ളൂ എന്നതു ശരിയാണ്. എന്നാൽ യേശുവിന്റെ ആദ്യകാലശുശ്രൂഷയെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണം പൊതുവേ വളരെ ഹ്രസ്വമാണെന്ന് ഓർക്കുക. മാത്രമല്ല അതിനോടകം മറ്റു മൂന്നു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയ പല സംഭവങ്ങളും യോഹന്നാൻ തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അനു. എ7-ലെ ചാർട്ട് അതു വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തിൽ, യോഹ 2:13-ലും യോഹ 6:4-ലും രേഖപ്പെടുത്തിയിരിക്കുന്ന പെസഹകൾക്കിടയിൽ മറ്റൊരു വാർഷിക പെസഹ ഉണ്ടായിരുന്നെന്നുതന്നെയാണു മറ്റു മൂന്നു സുവിശേഷങ്ങളും സൂചിപ്പിക്കുന്നത്. കാരണം അവയിൽ യേശുവിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.—അനു. എ7-ഉം യോഹ 2:13-ന്റെ പഠനക്കുറിപ്പും കാണുക.
എബ്രായ ഭാഷ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ദൈവപ്രചോദിതരായ ബൈബിളെഴുത്തുകാർ, ജൂതന്മാർ സംസാരിച്ചിരുന്ന ഭാഷയെയും (യോഹ 19:13, 17, 20; പ്രവൃ 21:40; 22:2; വെളി 9:11; 16:16) പുനരുത്ഥാനം പ്രാപിച്ച്, മഹത്ത്വീകരിക്കപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ച ഭാഷയെയും (പ്രവൃ 26:14, 15) “എബ്രായ ഭാഷ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഇനി, പ്രവൃ 6:1-ൽ ‘എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ ‘ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാരിൽനിന്ന്’ വേർതിരിച്ചുകാണിച്ചിട്ടുമുണ്ട്. ഈ തിരുവെഴുത്തുഭാഗങ്ങളിൽ കാണുന്ന പദപ്രയോഗത്തെ “എബ്രായ ഭാഷ” എന്നല്ല “അരമായ ഭാഷ” എന്നാണു പരിഭാഷപ്പെടുത്തേണ്ടതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും അതു വാസ്തവത്തിൽ എബ്രായ ഭാഷയെത്തന്നെയാണു കുറിക്കുന്നതെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, യരുശലേംകാരോടു പൗലോസ് “എബ്രായ ഭാഷയിൽ” സംസാരിച്ചതായി വൈദ്യനായ ലൂക്കോസ് പറയുന്ന ഭാഗമെടുക്കുക. ആ യരുശലേംകാർ ഉത്സാഹത്തോടെ പഠിച്ചിരുന്ന മോശൈകനിയമം എബ്രായ ഭാഷയിലുള്ളതായിരുന്നു. ഇനി ചാവുകടൽ ചുരുളുകളുടെ ഭാഗമായ അനേകം ശകലങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഭൂരിഭാഗവും (ഇതിൽ ബൈബിൾഭാഗങ്ങളും അല്ലാത്തവയും ഉണ്ട്.) എബ്രായ ഭാഷയിലാണ്. ആളുകൾ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു ഭാഷയായിരുന്നു എബ്രായയെന്ന് ഇതു സൂചിപ്പിക്കുന്നു. ചാവുകടൽ ചുരുളുകളിൽ അരമായ ഭാഷയിലുള്ള ഏതാനും ചില ശകലങ്ങളുമുണ്ട്. എബ്രായ ഭാഷയ്ക്കു പുറമേ അരമായ ഭാഷയും ആളുകൾ ഉപയോഗിച്ചിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് “എബ്രായ ഭാഷ” എന്നു പറഞ്ഞപ്പോൾ ബൈബിളെഴുത്തുകാർ ഉദ്ദേശിച്ചത് അരമായ ഭാഷ (അഥവാ സിറിയൻ ഭാഷ) ആയിരിക്കാൻ തീരെ സാധ്യതയില്ല. (പ്രവൃ 21:40; 22:2; പ്രവൃ 26:14 താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലും ‘അരമായ ഭാഷയെയും’ ‘ജൂതന്മാരുടെ ഭാഷയെയും’ രണ്ടായി പറഞ്ഞിരിക്കുന്നതായി കാണാം. (2രാജ 18:26) 2രാജ 18-ാം അധ്യായത്തിലെ ആ ബൈബിൾഭാഗത്തെക്കുറിച്ച് വിവരിക്കുമ്പോൾ ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായ ജോസീഫസും “അരമായ,” “എബ്രായ” ഭാഷകളെ രണ്ടായിട്ടാണു പറഞ്ഞിരിക്കുന്നത്. (യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), X, 8 [i, 2]) എബ്രായയിലുള്ള ചില പദങ്ങളോടു സമാനമായ പദങ്ങൾ അരമായയിലുമുണ്ട് എന്നതു ശരിയാണ്. കൂടാതെ, സാധ്യതയനുസരിച്ച് അരമായയിൽനിന്ന് എബ്രായയിലേക്കു കടമെടുത്ത ചില പദങ്ങളുമുണ്ട്. പക്ഷേ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ എഴുത്തുകാർ “എബ്രായ ഭാഷ” എന്നു പറഞ്ഞത് അരമായ ഭാഷയെ ഉദ്ദേശിച്ചാണെന്നു ചിന്തിക്കാൻ ഒരു ന്യായവുമില്ല.
ബേത്സഥ: ഈ എബ്രായപേരിന്റെ അർഥം “ഒലിവിന്റെ (അഥവാ, ഒലിവുകളുടെ) ഗൃഹം” എന്നാണ്. എന്നാൽ ചില കൈയെഴുത്തുപ്രതികളിൽ ഈ കുളത്തെ “ബേഥെസ്ദാ” എന്നാണു വിളിച്ചിരിക്കുന്നത്. “കരുണാഭവനം” എന്നായിരിക്കാം അതിന്റെ അർഥം. ഇനി, “വേട്ടക്കാരന്റെ (അഥവാ മുക്കുവന്റെ) ഗൃഹം” എന്ന് അർഥമുള്ള “ബേത്ത്സയിദ” എന്ന പദം കാണുന്ന കൈയെഴുത്തുപ്രതികളുമുണ്ട്. എങ്കിലും ബേത്സഥ എന്ന പേരിനെയാണ് ഇന്നു മിക്ക പണ്ഡിതന്മാരും അനുകൂലിക്കുന്നത്.
രോഗമുള്ളവർ . . . കിടപ്പുണ്ടായിരുന്നു: കുളത്തിലെ വെള്ളം കലങ്ങുമ്പോൾ അതിൽ ഇറങ്ങിയാൽ ആളുകളുടെ രോഗം മാറുമെന്നു പൊതുവേ ഒരു വിശ്വാസമുണ്ടായിരുന്നു. (യോഹ 5:7) അതുകൊണ്ടുതന്നെ രോഗം മാറിക്കിട്ടാൻ ആഗ്രഹിക്കുന്നവരുടെ നല്ല തിരക്കായിരുന്നു അവിടെ. ബേത്സഥ എന്ന ആ കുളത്തിൽ ഒരു ദൈവദൂതൻ അത്ഭുതങ്ങൾ ചെയ്തതായി ബൈബിൾ പറയുന്നില്ലെങ്കിലും (യോഹ 5:4-ന്റെ പഠനക്കുറിപ്പു കാണുക.) അവിടെവെച്ച് യേശു ഒരു അത്ഭുതം ചെയ്തതിനെക്കുറിച്ച് അതിലുണ്ട്. ഈ ബൈബിൾഭാഗത്ത് പറഞ്ഞിരിക്കുന്ന രോഗിയായ മനുഷ്യൻ വെള്ളത്തിൽ ഇറങ്ങാതെതന്നെ പെട്ടെന്നു സുഖം പ്രാപിക്കുകയായിരുന്നു.
ചില കൈയെഴുത്തുപ്രതികളിൽ 3-ാം വാക്യത്തിന്റെ അവസാനഭാഗത്തും 4-ാം വാക്യത്തിലും പിൻവരുന്ന വാക്കുകൾ മുഴുവനായോ ഭാഗികമായോ ഉൾപ്പെടുത്തിയിട്ടുണ്ട്: “വെള്ളത്തിന്റെ ഇളക്കം കാത്തുകിടക്കുകയായിരുന്നു അവർ. 4 അതതു സമയത്ത് കർത്താവിന്റെ (അഥവാ “യഹോവയുടെ”) ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിക്കഴിഞ്ഞ് ആദ്യം കുളത്തിൽ ഇറങ്ങുന്നവൻ ഏതു രോഗം ബാധിച്ചവനായാലും സൗഖ്യം പ്രാപിക്കും.” എന്നാൽ ഈ വാക്കുകൾ ഏറ്റവും പഴക്കമുള്ളതും ആധികാരികവും ആയ കൈയെഴുത്തുപ്രതികളിൽ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നാണ്. (അനു. എ3 കാണുക.) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായ പരിഭാഷകളിൽ (അനു. സി-യിൽ J9, 22, 23 എന്നു സൂചിപ്പിച്ചിരിക്കുന്നു.) “കർത്താവിന്റെ ദൂതൻ” എന്നതിന്റെ സ്ഥാനത്ത് “യഹോവയുടെ ദൂതൻ” എന്നാണു കാണുന്നത്.
പായ: അഥവാ “കിടക്ക.” ബൈബിൾനാടുകളിൽ, വയ്ക്കോലോ ഞാങ്ങണയോ കൊണ്ട് ഉണ്ടാക്കിയ വെറുമൊരു പായയാണ് ആളുകൾ കിടക്കയായി ഉപയോഗിച്ചിരുന്നത്. കിടപ്പിനു സുഖം കിട്ടാൻ ചിലപ്പോഴൊക്കെ അവർ കനംകുറഞ്ഞ മെത്തകളും മറ്റും അതിന്റെ പുറമേ ഇടാറുണ്ടായിരുന്നു. ഉപയോഗിക്കാത്തപ്പോൾ അവർ ആ പായ ചുരുട്ടി മാറ്റിവെക്കും. “പായ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ക്രാബറ്റൊസ് എന്ന ഗ്രീക്കുപദം ഈ വാക്യത്തിൽ, പാവപ്പെട്ട ഒരാളുടെ കിടക്കയെയാണു കുറിക്കുന്നത്. മർ 2:4-12-ൽ ഇതേ ഗ്രീക്കുപദം കുറിക്കുന്നത്, തളർവാതരോഗിയായ മനുഷ്യനെ ചുമന്നുകൊണ്ടുപോകാൻ ഉപയോഗിച്ച ഒരു പ്രത്യേകതരം കിടക്കയെയാണ്.
ജൂതന്മാർ: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദത്തിനു സന്ദർഭമനുസരിച്ച് അർഥവ്യത്യാസം വരുന്നതായി കാണാം. അതു ജൂതജനതയെ മൊത്തത്തിൽ കുറിക്കാനും യഹൂദ്യയിൽ താമസിച്ചിരുന്നവരെ കുറിക്കാനും യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവരെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അത്, മോശയുടെ നിയമവുമായി ബന്ധപ്പെട്ട മനുഷ്യപാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങുകയും യേശുവിനോടു ശത്രുത പുലർത്തുകയും ചെയ്ത ജൂതന്മാരുമാകാം. ഈ തിരുവെഴുത്തുഭാഗത്ത് “ജൂതന്മാർ” എന്നു പറഞ്ഞിരിക്കുന്നത്, അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ഉദ്ദേശിച്ചായിരിക്കാം. എന്നാൽ ഇവിടെ ഈ പദം ഉപയോഗിച്ചത്, പാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ ചില ജൂതന്മാരെക്കൂടി ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്.
ഇനി പാപം ചെയ്യരുത്: ആ മനുഷ്യനു രോഗം വന്നത് അയാൾ എന്തോ പാപം ചെയ്തിട്ടാണെന്ന അർഥത്തിലല്ല യേശു ഇങ്ങനെ പറഞ്ഞത്. വാസ്തവത്തിൽ, യേശു സൗഖ്യമാക്കിയ ആ മനുഷ്യൻ 38 വർഷമായി രോഗിയായിരുന്നതു കൈമാറിക്കിട്ടിയ അപൂർണതകൊണ്ടായിരുന്നു. (യോഹ 5:5-9; യോഹ 9:1-3 താരതമ്യം ചെയ്യുക.) ഇപ്പോൾ ആ മനുഷ്യനു കരുണ ലഭിക്കുകയും അയാളുടെ രോഗം ഭേദമാകുകയും ചെയ്തതുകൊണ്ട് ഇനി മനഃപൂർവപാപം ചെയ്യാതെ രക്ഷയുടെ മാർഗത്തിൽത്തന്നെ നടക്കാനാണു യേശു അയാളെ പ്രോത്സാഹിപ്പിച്ചത്. മനഃപൂർവപാപം ചെയ്താൽ അതു നിത്യനാശത്തിനു കാരണമാകുമായിരുന്നു. രോഗത്തെക്കാൾ മോശമായത് എന്നു യേശു പറഞ്ഞതു നിത്യമായ ആ നാശത്തെക്കുറിച്ചാണ്.—എബ്ര 10:26, 27.
ദ്രോഹിച്ചിരുന്നത്: മൂലപാഠത്തിൽ ഇവിടെ കാണുന്നതു ഗ്രീക്കിലെ ഒരു അപൂർണക്രിയയാണ്. യേശുവിനെ ജൂതന്മാർ തുടർച്ചയായി ദ്രോഹിച്ചുകൊണ്ടിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. സാധ്യതയനുസരിച്ച് ഈ വാക്യത്തിൽ കാണുന്ന ജൂതന്മാർ എന്ന പദം കുറിക്കുന്നത്, ജൂതനേതാക്കന്മാരെയോ മോശയുടെ നിയമവുമായി ബന്ധപ്പെട്ട മാനുഷികപാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ ചില ജൂതന്മാരെയോ ആണ്.
തന്നെത്തന്നെ ദൈവതുല്യനാക്കുന്നു: യേശു ദൈവത്തെ പിതാവ് എന്നു വിളിച്ചു; അത് ഉചിതവുമായിരുന്നു. എന്നാൽ താനും പിതാവും തുല്യരാണെന്നു യേശു ഒരിക്കലും അവകാശപ്പെട്ടില്ല. (യോഹ 5:17) ദൈവം തന്റെ പിതാവാണെന്നു പറഞ്ഞുകൊണ്ട് യേശു തന്നെത്തന്നെ ദൈവതുല്യനാക്കാൻ നോക്കുന്നു എന്നതു ജൂതന്മാരുടെ ഒരു ആരോപണം മാത്രമായിരുന്നു. യേശു ശബത്ത് ലംഘിക്കുന്നവനാണെന്ന ജൂതന്മാരുടെ ആരോപണം തെറ്റായിരുന്നതുപോലെതന്നെ ഈ ആരോപണവും തികച്ചും അടിസ്ഥാനരഹിതമായിരുന്നു. 19 മുതൽ 24 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ അതു ശരിവെക്കുന്നുണ്ട്. കാരണം താൻ സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യില്ലെന്നു യേശു അവിടെ പറയുന്നതായി കാണാം. താനും ദൈവവും തുല്യരാണെന്നു യേശു അവകാശപ്പെട്ടില്ലെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്.—യോഹ 14:28.
സ്വന്തം ഇഷ്ടമനുസരിച്ച്: അഥവാ “സ്വന്തമായി.” അതായത്, ആരെയും ആശ്രയിക്കാതെ. അക്ഷ. “തന്നിൽനിന്നുതന്നെ.” ദൈവത്തിന്റെ മുഖ്യപ്രതിനിധിയായതുകൊണ്ട് യേശു എപ്പോഴും യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകയും യഹോവ നിർദേശിക്കുന്ന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു.
ന്യായവിധി: ഇവിടെ “ന്യായവിധി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ക്രൈസിസ് എന്ന ഗ്രീക്കുപദത്തിനു പല അർഥങ്ങൾ വരാം. പൊതുവേ സന്ദർഭമാണ് അതിന്റെ അർഥം തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഈ പദത്തിന്, ന്യായം വിധിക്കുന്നതിനെയോ വിലയിരുത്തുന്നതിനെയോ (യോഹ 5:22, 27, 29-ഉം പഠനക്കുറിപ്പും.) നീതി അഥവാ ന്യായം എന്ന ഗുണത്തെയോ (മത്ത 23:23; ലൂക്ക 11:42) ഒരു നീതിപീഠത്തെയോ (മത്ത 5:21) കുറിക്കാനാകും. ഇനി, അനുകൂലമോ പ്രതികൂലമോ ആയ ഒരു വിധിയെ സൂചിപ്പിക്കാനും ഈ പദത്തിനാകും. എന്നാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കയിടങ്ങളിലും ഈ പദം പ്രതികൂലമായൊരു വിധിയെയാണു കുറിക്കുന്നത്. ഈ വാക്യത്തിൽ “ന്യായവിധി” എന്ന പദത്തെ മരണത്തോടു തുലനം ചെയ്തിരിക്കുന്നതുകൊണ്ടും അതിനെ ജീവൻ, നിത്യജീവൻ എന്നിവയ്ക്കു നേർവിപരീതമായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും ഇവിടെ പറഞ്ഞിരിക്കുന്ന “ന്യായവിധി” ഒരാളുടെ മരണവിധിയെയാണു കുറിക്കുന്നതെന്നു മനസ്സിലാക്കാം.—2പത്ര 2:9; 3:7.
മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു: സാധ്യതയനുസരിച്ച് യേശു ഇവിടെ പറഞ്ഞത്, ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നെങ്കിലും തന്റെ വാക്കുകൾ കേട്ട് തന്നിൽ വിശ്വസിക്കുകയും അങ്ങനെ തങ്ങളുടെ പാപപൂർണമായ ജീവിതരീതി ഉപേക്ഷിക്കുകയും ചെയ്തവരെക്കുറിച്ചാണ്. (എഫ 2:1, 2, 4-6) ഒരിക്കൽ അവരെ കാത്തിരുന്നതു മരണവിധിയായിരുന്നെങ്കിലും ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് ആ മരണവിധി നീങ്ങി, നിത്യജീവനുള്ള പ്രത്യാശ അവർക്കു ലഭിച്ചു. അതുകൊണ്ടാണ് അവർ ‘മരണത്തിൽനിന്ന് ജീവനിലേക്കു കടന്നു’ എന്നു യേശു പറഞ്ഞത്. സമാനമായി, തന്റെ അപ്പനെ അടക്കാനായി വീട്ടിലേക്കു പോകാൻ അനുവാദം ചോദിച്ച ഒരു ജൂതനോട് “മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ” എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചതും ആത്മീയമായി മരിച്ചവരെക്കുറിച്ച് ആയിരിക്കാനാണു സാധ്യത.—ലൂക്ക 9:60; ലൂക്ക 9:60; യോഹ 5:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മരിച്ചവർ: മരിച്ചവർ “ദൈവപുത്രന്റെ ശബ്ദം കേൾക്കുന്ന” സമയം ഇപ്പോൾത്തന്നെ വന്നിരിക്കുന്നെന്നു യേശു പറഞ്ഞു. അതുകൊണ്ട് “മരിച്ചവർ” എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്, ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപം നിമിത്തം മരണത്തിനു വിധിക്കപ്പെട്ട ജീവനുള്ള മനുഷ്യരെത്തന്നെയാണെന്നു വ്യക്തം. (റോമ 5:12) ദൈവത്തിന്റെ വീക്ഷണത്തിൽ മനുഷ്യകുലത്തിനു ജീവിക്കാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. കാരണം പാപം അവർക്കു കൊടുക്കുന്ന “ശമ്പളം” മരണമാണ്. (റോമ 6:23) എന്നാൽ യേശുവിന്റെ “വചനം” കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിലൂടെ ആളുകൾക്ക് ആലങ്കാരികാർഥത്തിൽ ‘മരണത്തിൽനിന്ന് ജീവനിലേക്കു കടക്കാനാകുമായിരുന്നു.’ (യോഹ 5:24-ന്റെ പഠനക്കുറിപ്പു കാണുക.) “കേൾക്കുക,” “ശ്രദ്ധിക്കുക” എന്നതുപോലുള്ള പദങ്ങൾ ബൈബിളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് “അനുസരിക്കുക” എന്ന അർഥത്തിലാണ്.
തന്നിൽത്തന്നെ ജീവനുള്ളതുപോലെ: അഥവാ “തന്നിൽത്തന്നെ ജീവൻ എന്ന സമ്മാനം ഉള്ളതുപോലെ.” യേശുവിനു ‘തന്നിൽത്തന്നെ ജീവനുണ്ട്’ എന്നു പറയുന്നത് എന്തുകൊണ്ടാണ്? മനുഷ്യർക്കു ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാനും അങ്ങനെ ജീവൻ നേടാനും ഉള്ള അവസരം നൽകാൻ യേശുവിനു പിതാവിൽനിന്ന് അധികാരം ലഭിച്ചു. ഇനി, മരിച്ചവർക്കു ജീവൻ നൽകി, അവരെ പുനരുത്ഥാനപ്പെടുത്താനുള്ള ശക്തിയും യേശുവിനു ലഭിച്ചിരുന്നു. മുമ്പ് യഹോവയ്ക്കു മാത്രമുണ്ടായിരുന്ന ചില ശക്തികളും അധികാരങ്ങളും ആണ് പിതാവ് ഇത്തരത്തിൽ യേശുവിനു നൽകിയത്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ പറഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ യേശു തന്റെ അനുഗാമികളെക്കുറിച്ചും ഇതുപോലൊരു പ്രസ്താവന നടത്തി.—യേശുവിന്റെ അനുഗാമികൾക്കു ‘ജീവൻ കിട്ടും’ അഥവാ ‘തങ്ങളിൽത്തന്നെ ജീവനുണ്ടായിരിക്കും’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥത്തെക്കുറിച്ച് അറിയാൻ യോഹ 6:53-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
സ്മാരകക്കല്ലറ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന മ്നെമെയോൻ എന്ന ഗ്രീക്കുപദം ഒരു ശവക്കല്ലറയെ അഥവാ ശവക്കുഴിയെ ആണ് കുറിക്കുന്നത്. “ഓർക്കുക; (നമ്മളെത്തന്നെ) ഓർമിപ്പിക്കുക” എന്നൊക്കെ അർഥംവരുന്ന മിമ്നേസ്കൊമായ് എന്ന ക്രിയയിൽനിന്ന് വന്നിരിക്കുന്ന ഒരു പദമാണ് ഇത്. മരണമടഞ്ഞ ഒരാളെക്കുറിച്ചുള്ള ഓർമ നിലനിൽക്കുന്നു എന്ന സൂചനയാണ് അതു തരുന്നത്. മരിച്ചുപോയ ഒരാൾ ദൈവത്തിന്റെ ഓർമയിലുണ്ടെന്നാണ് ഇവിടെ ഈ പദം സൂചിപ്പിക്കുന്നത്. ഇതു മനസ്സിലാക്കുന്നത്, യേശുവിനോടൊപ്പം വധിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകൾക്കു കൂടുതൽ അർഥം പകരുന്നു. കാരണം “അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ” എന്ന ആ വാക്കുകളിൽ, “ഓർക്കേണമേ” എന്ന പദത്തിന്റെ സ്ഥാനത്ത് ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നതും മിമ്നേസ്കൊമായ് എന്ന ക്രിയയുടെ ഒരു രൂപമാണ്.—ലൂക്ക 23:42.
ജീവനായുള്ള പുനരുത്ഥാനം: മരിക്കുന്നതിനു മുമ്പ് ‘നല്ല കാര്യങ്ങൾ ചെയ്തവർക്കായിരിക്കും’ “ജീവനായുള്ള പുനരുത്ഥാനം” ലഭിക്കുന്നത്. വിശ്വസ്തരായ ആളുകളെ പുനരുത്ഥാനപ്പെടുത്തുന്നതിനു മുമ്പും, അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അത്ര ഉറപ്പുള്ളതായതുകൊണ്ട്, “ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” ലോകാരംഭംമുതലുള്ള “ജീവന്റെ പുസ്തകത്തിൽ” അവരുടെ പേരുകൾ ഇപ്പോൾത്തന്നെ എഴുതിയിട്ടുണ്ട്. (ലൂക്ക 20:38-ഉം പഠനക്കുറിപ്പും കാണുക; വെളി 17:8; ഫിലി 4:3-ഉം പഠനക്കുറിപ്പും കൂടെ കാണുക.) സാധ്യതയനുസരിച്ച് ഇവർതന്നെയാണ് പ്രവൃത്തികൾ 24:15-ൽ പുനരുത്ഥാനത്തിൽ വരുമെന്നു പറയുന്ന “നീതിമാന്മാർ.” ഒരാൾ മരിക്കുമ്പോൾ അയാൾ ‘പാപത്തിൽനിന്ന്മോചിതനാകുമെന്നു’ റോമർ 6:7-ൽ പറയുന്നു. നീതിമാന്മാർ ചെയ്ത തെറ്റുകൾ മരണത്തോടെ മാഞ്ഞുപോകുമെങ്കിലും അവർ ചെയ്ത നല്ല കാര്യങ്ങൾ അപ്പോഴും നിലനിൽക്കും. (എബ്ര 6:10) പക്ഷേ, പുനരുത്ഥാനപ്പെട്ടുവരുന്ന ഈ നീതിമാന്മാരും വിശ്വസ്തതയോടെ തുടർന്നാൽ മാത്രമേ അവരുടെ പേരുകൾ എന്നും “ജീവന്റെ പുസ്തകത്തിൽ” ഉണ്ടായിരിക്കുകയും ഒടുവിൽ അവർക്ക് ‘നിത്യജീവൻ’ ലഭിക്കുകയും ചെയ്യുകയുള്ളൂ.—വെളി 20:12; യോഹ 3:36.
ന്യായവിധിക്കായുള്ള പുനരുത്ഥാനം: മരിക്കുന്നതിനു മുമ്പ് “മോശമായ കാര്യങ്ങൾ ചെയ്തവർക്ക്” “ന്യായവിധിക്കായുള്ള പുനരുത്ഥാനം” ലഭിക്കും. “ന്യായവിധി” (ക്രൈസിസ്) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് സന്ദർഭമനുസരിച്ച് വ്യത്യസ്ത അർഥങ്ങൾ വരാം. (യോഹ 5:24-ന്റെ പഠനക്കുറിപ്പ് കാണുക.) ഈ വാക്യത്തിലെ “ന്യായവിധി” എന്ന വാക്ക് ഒരാളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ഒക്കെ ചെയ്യുന്നതിനെ അല്ലെങ്കിൽ ഒരു ഗ്രീക്ക്ബൈബിൾ നിഘണ്ടു പറയുന്നതുപോലെ ഒരാളുടെ “പെരുമാറ്റത്തെ പരിശോധിക്കുന്നതിനെ” ആയിരിക്കാം കുറിക്കുന്നത്. ഇവിടെ “ന്യായവിധിക്കായുള്ള പുനരുത്ഥാനം” ലഭിക്കുമെന്നു പറഞ്ഞിരിക്കുന്നവരെത്തന്നെ ആയിരിക്കണം പ്രവൃത്തികൾ 24:15-ൽ “നീതികെട്ടവർ” എന്നു വിളിക്കുന്നത്. ക്രിസ്തുവും സഹന്യായാധിപന്മാരും ദൈവരാജ്യത്തിൽ ഭരണം നടത്തുമ്പോൾ ഈ നീതികെട്ടവർ അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിക്കപ്പെടും. (ലൂക്ക 22:30; റോമ 6:7) നീതികെട്ടവരെ പരിശോധിക്കുന്ന ആ സമയത്ത്, അവരെ ഓരോരുത്തരെയും ‘അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കും.’ (വെളി 20:12, 13) മുമ്പത്തെ മോശമായ ജീവിതരീതി ഉപേക്ഷിക്കുന്ന നീതികെട്ടവരുടെ പേരുകൾ മാത്രമേ “ജീവന്റെ പുസ്തകത്തിൽ” എഴുതുകയുള്ളൂ. അവർക്കു ‘നിത്യജീവനും’ ലഭിക്കും.—വെളി 20:15; യോഹ 3:36.
പുനരുത്ഥാനം: മത്ത 22:23-ന്റെ പഠനക്കുറിപ്പു കാണുക.
സ്വന്തം ഇഷ്ടമനുസരിച്ച്: അഥവാ “സ്വന്തമായി.” അതായത്, ആരെയും ആശ്രയിക്കാതെ. അക്ഷ. “തന്നിൽനിന്നുതന്നെ.” ദൈവത്തിന്റെ മുഖ്യപ്രതിനിധിയായതുകൊണ്ട് യേശു എപ്പോഴും യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകയും യഹോവ നിർദേശിക്കുന്ന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു.
പിതാവ് പറയുന്നതുപോലെ: അതായത്, പരമോന്നത ന്യായാധിപനായ പിതാവ് പറയുന്നതുപോലെ.
തിരുവെഴുത്തുകൾ: ദൈവപ്രചോദിതമായി എഴുതിയ എബ്രായതിരുവെഴുത്തുകളെ മുഴുവനായി കുറിക്കാനാണ് ഈ പദം മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ജൂതന്മാർ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിച്ചിരുന്നവരായതുകൊണ്ട് യേശുവിന്റെ ജീവിതത്തെയും ഉപദേശങ്ങളെയും തിരുവെഴുത്തുപ്രവചനങ്ങളുമായി താരതമ്യം ചെയ്തുനോക്കിയിരുന്നെങ്കിൽ യേശുവാണു മിശിഹ എന്ന് അവർക്ക് എളുപ്പം മനസ്സിലാക്കാമായിരുന്നു. വാഗ്ദാനം ചെയ്ത മിശിഹ യേശുവാണെന്നു തെളിയിക്കുന്ന ഒട്ടനേകം തിരുവെഴുത്തുകളുണ്ടായിരുന്നെങ്കിലും അവയൊന്നും ആത്മാർഥമായി പരിശോധിച്ചുനോക്കാൻ ആ ജൂതന്മാർ തയ്യാറായില്ല. തിരുവെഴുത്തുകളിലൂടെ നിത്യജീവൻ നേടാനാകുമെന്ന് അവർ കരുതിയെങ്കിലും ആ ജീവൻ നേടുന്നതിനുള്ള യഥാർഥമാർഗമായി തിരുവെഴുത്തുകൾതന്നെ ചൂണ്ടിക്കാണിച്ച യേശുവിനെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു.—ആവ 18:15; ലൂക്ക 11:52; യോഹ 7:47, 48.
അതേ തിരുവെഴുത്തുകൾ: അതായത്, മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങുന്ന തിരുവെഴുത്തുകൾ. അവ യേശുവിലേക്കു വിരൽ ചൂണ്ടി. അതുകൊണ്ട് “നിത്യജീവൻ” നേടാൻ ഒരാൾ യേശുവിനെ ശ്രദ്ധിക്കണമായിരുന്നു.
ഏകദൈവം: ചില ആദ്യകാല കൈയെഴുത്തുപ്രതികളിൽ ഇവിടെ “ദൈവം” എന്ന വാക്കില്ലാത്തതുകൊണ്ട് ഈ ഭാഗം “ഏകൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ “ഏകദൈവം” എന്ന് ഇതു പരിഭാഷപ്പെടുത്തുന്നതിനെയാണ് ആധികാരികമായ മിക്ക ആദ്യകാല കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്.
ദൃശ്യാവിഷ്കാരം
ബേത്സഥ കുളത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. “യരുശലേമിലെ അജകവാടത്തിന് അരികെ” ആയിരുന്നു അതു സ്ഥിതി ചെയ്തിരുന്നത്. (യോഹ 5:2) എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന, നഗരത്തിന്റെ വടക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന അജകവാടംതന്നെ ആയിരിക്കാം ഇത്. (നെഹ 3:1, 32; 12:39) ഇനി, യോഹന്നാൻ പറഞ്ഞിരിക്കുന്ന ‘അജകവാടം’ പിൽക്കാലത്ത് എപ്പോഴെങ്കിലും ഉണ്ടാക്കിയതായിരിക്കാനും സാധ്യതയുണ്ട്. ആലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ വടക്കുനിന്ന് പുരാവസ്തുഗവേഷകർ വലിയൊരു കുളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ നടത്തിയ ഉത്ഖനനങ്ങൾ വെളിപ്പെടുത്തുന്നത്, ആ കുളത്തിന് ഏതാണ്ട് 92 മീ. (300 അടി) നീളവും 46 മീ. (150 അടി) വീതിയും ഉണ്ടായിരുന്നെന്നും അതു രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നെന്നും ആണ്. ബേത്സഥ കുളത്തെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണവുമായി ആ വിശദാംശങ്ങൾ ഏതാണ്ട് യോജിക്കുന്നുമുണ്ട്. കാരണം, ആ കുളത്തിന് ‘അഞ്ചു മണ്ഡപമുണ്ടായിരുന്നെന്നും’ രോഗികളും അംഗവൈകല്യമുള്ളവരും ആയ “ധാരാളം” ആളുകൾക്കു കിടക്കാൻമാത്രം വലുപ്പം അതിനുണ്ടായിരുന്നെന്നും ആണ് വിവരണം സൂചിപ്പിക്കുന്നത്. (യോഹ 5:2, 3) ആ അഞ്ചു മണ്ഡപങ്ങളിൽ ഒരെണ്ണം പണിതിരുന്നത്, കുളത്തിന്റെ വടക്കേ പകുതിയെയും തെക്കേ പകുതിയെയും തമ്മിൽ വേർതിരിക്കുന്നിടത്ത് ആയിരിക്കാം. ബാക്കി നാലും സാധ്യതയനുസരിച്ച് കുളത്തിനു ചുറ്റുമായിരുന്നു.
1. ബേത്സഥ
2. ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം