യോഹന്നാൻ എഴുതിയത് 6:1-71
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
തിബെര്യാസ് എന്നും പേരുള്ള ഗലീലക്കടൽ: ഗലീലക്കടലിനെ ചിലപ്പോൾ തിബെര്യാസ് കടൽ എന്നും വിളിച്ചിരുന്നു. റോമൻ ചക്രവർത്തിയായ തിബെര്യൊസ് സീസറിന്റെ പേരിലുള്ള ഒരു നഗരം അതിന്റെ പടിഞ്ഞാറേ തീരത്തുണ്ടായിരുന്നു. അതിൽനിന്നാണ് ഗലീലക്കടലിന് ഈ പേര് കിട്ടിയത്. (യോഹ 6:23) തിബെര്യാസ് കടൽ എന്ന പേര് ഇവിടെയും യോഹ 21:1-ലും മാത്രമേ കാണുന്നുള്ളൂ.—മത്ത 4:18-ന്റെ പഠനക്കുറിപ്പു കാണുക.
പെസഹാപ്പെരുന്നാൾ: തെളിവനുസരിച്ച് എ.ഡി. 32-ലെ പെസഹാപ്പെരുന്നാൾ. യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്തെ മൂന്നാമത്തെ പെസഹയായിരിക്കാം ഇത്.—യോഹ 2:13; 5:1; 11:55 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. എ7-ഉം കാണുക.
ദിനാറെ: പദാവലിയും അനു. ബി14-ഉം കാണുക.
ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ ‘സ്ത്രീകളുടെയും കുട്ടികളുടെയും’ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. (മത്ത 14:21) അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
പ്രവാചകൻ: മോശയെപ്പോലുള്ള പ്രവാചകൻ എന്ന് ആവ 18:15, 18-ൽ പറഞ്ഞിരിക്കുന്നതു മിശിഹയെക്കുറിച്ചാണെന്ന് എ.ഡി. ഒന്നാം നൂറ്റാണ്ടിലെ പല ജൂതന്മാർക്കും അറിയാമായിരുന്നു. ലോകത്തേക്കു വരാനിരുന്ന എന്ന പദപ്രയോഗം സാധ്യതയനുസരിച്ച് ഇവിടെ സൂചിപ്പിക്കുന്നത് ആളുകൾ മിശിഹയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ്. ഈ വാക്യത്തിൽ കാണുന്ന വിവരങ്ങൾ യോഹന്നാൻ മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്.—യോഹ 1:9-ന്റെ പഠനക്കുറിപ്പു കാണുക.
രാജാവാക്കാൻപോകുന്നു: യോഹന്നാൻ മാത്രമേ ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളൂ. സ്വന്തം നാട്ടിലെ രാഷ്ട്രീയകാര്യങ്ങളിൽ യേശുവിനെ ഉൾപ്പെടുത്താൻ ആളുകൾ ശ്രമിച്ചെങ്കിലും യേശു അതിന് ഒട്ടും വഴങ്ങിക്കൊടുത്തില്ല. ദൈവത്തിന്റെ സമയത്ത്, ദൈവം ആഗ്രഹിക്കുന്നതുപോലെ മാത്രമേ യേശു രാജത്വം സ്വീകരിക്കുമായിരുന്നുള്ളൂ. രാഷ്ട്രീയകാര്യങ്ങളിൽ തന്റെ അനുഗാമികളുടെ നിലപാടും അതുതന്നെയായിരിക്കണമെന്നു യേശു പിന്നീടു വ്യക്തമാക്കി.—യോഹ 15:19; 17:14, 16; 18:36.
കടൽ: അതായത്, ഗലീലക്കടൽ.—മത്ത 4:18; യോഹ 6:1 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അഞ്ചോ ആറോ കിലോമീറ്റർ: ഏകദേശം മൂന്നോ നാലോ മൈൽ. അക്ഷ. “ഏകദേശം 25-ഓ 30-ഓ സ്റ്റേഡിയം.” സ്റ്റേഡിയോൻ എന്ന ഗ്രീക്കുപദം നീളത്തിന്റെ ഒരു അളവാണ്. 185 മീറ്റർ (606.95 അടി) ആണ് ഒരു സ്റ്റേഡിയോൻ. ഒരു റോമൻ മൈലിന്റെ എട്ടിലൊന്നു വരും ഇത്. ഗലീലക്കടലിന്റെ വീതി ഏകദേശം 12 കി.മീ. ആയിരുന്നു. അതുകൊണ്ട് ശിഷ്യന്മാർ ഈ സമയത്ത് തടാകത്തിന്റെ ഏതാണ്ട് നടുഭാഗത്ത് ആയിരുന്നിരിക്കണം.—മർ 6:47; മത്ത 4:18-ന്റെ പഠനക്കുറിപ്പും അനു. എ7-ഉം ബി14-ഉം കാണുക.
തിബെര്യാസ്: ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള ഒരു നഗരം. കഫർന്നഹൂമിന് ഏതാണ്ട് 15 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം, പുരാതനകാലത്തെ വളരെ പ്രശസ്തമായ ചില ചൂടു നീരുറവകളുടെ തൊട്ടുവടക്കാണ്. ഏതാണ്ട് എ.ഡി. 18-നും 26-നും ഇടയ്ക്ക് ഹെരോദ് അന്തിപ്പാസ് പണിത ഈ നഗരത്തെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനവും താമസസ്ഥലവും ആക്കി. അന്നത്തെ റോമൻ ചക്രവർത്തിയായ തിബെര്യൊസ് സീസറിന്റെ ബഹുമാനാർഥമാണ് അദ്ദേഹം നഗരത്തിന് ഈ പേര് നൽകിയത്. അതിന്റെ പേര് ഇന്നും തിബെര്യാസ് (എബ്രായയിൽ, തെവെര്യ) എന്നുതന്നെയാണ്. ഇത് ആ പ്രദേശത്തെ ഏറ്റവും വലിയ നഗരമായിരുന്നെങ്കിലും തിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ. യേശു തിബെര്യാസിൽ പോയതായി തിരുവെഴുത്തുകളിൽ എവിടെയും കാണുന്നില്ല. അതു പ്രധാനമായും വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു എന്നതാകാം അതിന്റെ കാരണം. (മത്ത 10:5-7 താരതമ്യം ചെയ്യുക.) ജോസീഫസ് പറയുന്നതനുസരിച്ച്, തിബെര്യാസ് നഗരം പണിതിരുന്നതു മുമ്പ് ശവക്കല്ലറകൾ ധാരാളമുണ്ടായിരുന്ന ഒരിടത്താണ്. അതുകൊണ്ടുതന്നെ ജൂതന്മാർക്കു പൊതുവേ അവിടെ പോയി താമസിക്കാൻ മടിയായിരുന്നു. (സംഖ 19:11-14) എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ജൂതവിപ്ലവത്തിനു ശേഷം, ഈ നഗരത്തെ ശുദ്ധിയുള്ളതായി പ്രഖ്യാപിച്ചു. പിന്നീടു ജൂതന്മാരുടെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായി മാറിയ ഈ നഗരത്തിലാണു പിൽക്കാലത്ത് സൻഹെദ്രിനും സ്ഥിതി ചെയ്തിരുന്നത്. മിഷ്നായും പാലസ്തീനിയൻ (യരുശലേം) താൽമൂദും അതുപോലെ എബ്രായതിരുവെഴുത്തുകൾ പരിഭാഷ ചെയ്യാൻ ഉപയോഗിച്ച മാസൊരിറ്റിക്ക് പാഠങ്ങളും സമാഹരിച്ച് ചിട്ടപ്പെടുത്തിയതും ഇവിടെവെച്ചാണ്.—അനു. ബി10 കാണുക.
നശിച്ചുപോകുന്ന ആഹാരം . . . നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരം: ചില ആളുകൾ തന്റെയും ശിഷ്യന്മാരുടെയും പിന്നാലെ വരുന്നതു ഭൗതികനേട്ടത്തിനുവേണ്ടി മാത്രമാണെന്നു യേശുവിനു മനസ്സിലായി. ജീവൻ നിലനിറുത്താൻ ദിവസവും ആഹാരം കഴിക്കണമെങ്കിലും നിത്യമായി ജീവിക്കണമെങ്കിൽ മനുഷ്യർ ദൈവവചനത്തിൽനിന്നുള്ള ‘ആഹാരം’ കഴിക്കണമായിരുന്നു. ‘നിത്യജീവൻ നേടിത്തരുന്ന ആഹാരത്തിനുവേണ്ടി’ പ്രയത്നിക്കുക എന്നു ജനക്കൂട്ടത്തോടു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്, ആത്മീയദാഹം ശമിപ്പിക്കാനും പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസം വളർത്താനും അവർ കഠിനമായി ശ്രമിക്കണം എന്നായിരുന്നു.—മത്ത 4:4; 5:3; യോഹ 6:28-39.
നമ്മുടെ പൂർവികർ . . . മന്ന കഴിച്ചില്ലേ?: തങ്ങൾക്കു ഭൗതികഭക്ഷണം നൽകുന്ന ഒരു മിശിഹൈകരാജാവിനെയാണ് ആ ജൂതന്മാർക്കു വേണ്ടിയിരുന്നത്. ഇതിന് ഒരു ന്യായീകരണമായി, സീനായ് വിജനഭൂമിയിൽവെച്ച് തങ്ങളുടെ പൂർവികർക്കു ദൈവം മന്ന കൊടുത്ത കാര്യം അവർ യേശുവിനെ ഓർമിപ്പിച്ചു. സങ്ക 78:24 ഉദ്ധരിച്ച് സംസാരിച്ച അവർ, ദൈവം അത്ഭുതകരമായി നൽകിയ മന്നയെ സ്വർഗത്തിൽനിന്നുള്ള അപ്പം (“സ്വർഗീയധാന്യം”) എന്നു വിളിച്ചു. യേശുവിനോട് ഒരു “അടയാളം” ആവശ്യപ്പെട്ടപ്പോൾ (യോഹ 6:30) യേശു തലേദിവസം ചെയ്ത അത്ഭുതമായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. യേശു തലേന്ന് അഞ്ച് ബാർളിയപ്പവും രണ്ടു ചെറിയ മീനും വർധിപ്പിച്ച്, ആയിരങ്ങളെ പോഷിപ്പിച്ചിരുന്നു.—യോഹ 6:9-12.
ലോകം: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ, കോസ്മൊസ് എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെ മൊത്തത്തിലോ അതിന്റെ ഒരു ഭാഗത്തെയോ കുറിക്കാനാണ്. (യോഹ 1:10-ന്റെ പഠനക്കുറിപ്പു കാണുക.) യോഹ 1:29-ൽ ദൈവത്തിന്റെ കുഞ്ഞാടായ യേശു “ലോകത്തിന്റെ പാപം” നീക്കിക്കളയുന്നതായി പറയുന്നു. ഇനി, മനുഷ്യകുലത്തിനു ജീവനും അനുഗ്രഹങ്ങളും ചൊരിയാൻ യഹോവ ഉപയോഗിക്കുന്നതു യേശുവിനെ ആയതുകൊണ്ടാണ്, യോഹ 6:33-ൽ യേശുവിനെ ദൈവത്തിന്റെ അപ്പം എന്നു വിളിച്ചിരിക്കുന്നത്.
ജീവന്റെ അപ്പം: ഈ പദപ്രയോഗം തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. (യോഹ 6:35, 48) ഇവിടെ ജീവൻ എന്നു പറഞ്ഞിരിക്കുന്നതു ‘നിത്യജീവനെക്കുറിച്ചാണ്.’ (യോഹ 6:40, 47, 54) ഈ ചർച്ചയ്ക്കിടയിൽ യേശു തന്നെത്തന്നെ, ‘സ്വർഗത്തിൽനിന്നുള്ള ശരിക്കുള്ള അപ്പം’ (യോഹ 6:32), ‘ദൈവത്തിന്റെ അപ്പം’ (യോഹ 6:33), “ജീവനുള്ള അപ്പം” (യോഹ 6:51) എന്നൊക്കെ വിശേഷിപ്പിച്ചു. വിജനഭൂമിയിൽവെച്ച് ദൈവം ഇസ്രായേല്യർക്കു മന്ന നൽകിയെങ്കിലും (നെഹ 9:20) ആ ഭക്ഷണം അവരുടെ ജീവൻ എന്നേക്കും നിലനിറുത്തിയില്ലെന്നു യേശു പറഞ്ഞു. (യോഹ 6:49) അതേസമയം, ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികൾക്കു ലഭ്യമായിരുന്ന സ്വർഗത്തിൽനിന്നുള്ള മന്ന അഥവാ “ജീവന്റെ അപ്പം” (യോഹ 6:48-51, 58) എന്നെന്നും ജീവിക്കാൻ അവരെ സഹായിക്കുമായിരുന്നു. യേശു ബലിയർപ്പിച്ച മാംസത്തിനും രക്തത്തിനും മനുഷ്യരെ വീണ്ടെടുക്കാനുള്ള ശക്തിയുണ്ട് എന്നു വിശ്വസിക്കുന്നതിലൂടെ അവർക്ക് ‘ഈ അപ്പം തിന്നാമായിരുന്നു.’
അവസാനനാളിൽ അവരെയെല്ലാം ഞാൻ ഉയിർപ്പിക്കണം: അവസാനനാളിൽ താൻ മനുഷ്യരെ ഉയിർപ്പിക്കുമെന്നു യേശു നാലു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ 6:40, 44, 54) യോഹ 11:24-ൽ മാർത്തയും ‘അവസാനനാളിലെ പുനരുത്ഥാനത്തെക്കുറിച്ച്’ പറയുന്നതായി കാണാം. (ദാനി 12:13 താരതമ്യം ചെയ്യുക; യോഹ 11:24-ന്റെ പഠനക്കുറിപ്പു കാണുക.) യോഹ 12:48-ൽ ഈ ‘അവസാനനാളിനെ’ ന്യായവിധിയുടെ ഒരു കാലഘട്ടത്തോടു ബന്ധിപ്പിച്ച് സംസാരിച്ചിട്ടുണ്ട്. സാധ്യതയനുസരിച്ച് ന്യായവിധിയുടെ ആ കാലഘട്ടം എന്നു പറയുന്നത് മരണത്തിൽനിന്ന് പുനരുത്ഥാനപ്പെടുന്നവർ ഉൾപ്പെടെയുള്ള മാനവകുലത്തെ ക്രിസ്തു ന്യായം വിധിക്കുന്ന ആയിരം വർഷവാഴ്ചക്കാലമാണ്.—വെളി 20:4-6.
നിത്യജീവൻ: ഈ സന്ദർഭത്തിൽ യേശു “നിത്യജീവൻ” എന്ന പദപ്രയോഗം നാലു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (യോഹ 6:27, 40, 47, 54) യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും ഇതേ സന്ദർഭത്തിൽ ആ പദപ്രയോഗം ഒരു പ്രാവശ്യം (യോഹ 6:68) ഉപയോഗിച്ചിട്ടുണ്ട്. “നിത്യജീവൻ” എന്ന പദപ്രയോഗം യോഹന്നാന്റെ സുവിശേഷത്തിൽ 17 പ്രാവശ്യം കാണാം. എന്നാൽ മറ്റു മൂന്നു സുവിശേഷങ്ങളിലുംകൂടെ അത് എട്ടു പ്രാവശ്യമേ കാണുന്നുള്ളൂ.
ആകർഷിക്കാതെ: ‘ആകർഷിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയ്ക്ക്, മീൻ നിറഞ്ഞ വല വലിച്ചുകയറ്റുന്നതിനെ കുറിക്കാനാകും. (യോഹ 21:6, 11) എങ്കിലും ഇവിടെ ആ ക്രിയ ഉപയോഗിച്ചിരിക്കുന്നത്, താത്പര്യമില്ലാത്ത ആളുകളെപ്പോലും യഹോവ ബലമായി തന്നിലേക്കു വലിച്ചടുപ്പിക്കുന്നു എന്നു സൂചിപ്പിക്കാനല്ല. കാരണം, ആ ക്രിയയ്ക്ക് “ആകർഷിക്കുക” എന്നൊരു അർഥവുമുണ്ട്. ഈ വാക്കുകൾ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് യിര 31:3-ൽ യഹോവ തന്റെ പുരാതനജനത്തോട്, ‘അചഞ്ചലസ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചു’ എന്നു പറഞ്ഞതായിരിക്കാം. (യിര 31:3-ൽ സെപ്റ്റുവജിന്റ് ഇതേ ഗ്രീക്കുക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്.) യേശുവും എല്ലാ തരം മനുഷ്യരെയും അതുപോലെ ആകർഷിക്കുന്നതായി യോഹ 12:32 പറയുന്നു. യഹോവ മനുഷ്യർക്ക് ഇച്ഛാസ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. യഹോവയെ സേവിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. (ആവ 30:19, 20) യഹോവ തന്നിലേക്ക് ആകർഷിക്കുന്നതു ശരിയായ മനോഭാവം ഉള്ളവരെയാണ്, അതിനായി യഹോവ ബലം പ്രയോഗിക്കില്ല. (സങ്ക 11:5; സുഭ 21:2; പ്രവൃ 13:48) ബൈബിളിലെ സന്ദേശത്തിലൂടെയും തന്റെ പരിശുദ്ധാത്മാവിലൂടെയും ആണ് യഹോവ ആളുകളെ ആകർഷിക്കുന്നത്. യോഹ 6:45-ൽ ഉദ്ധരിച്ചിരിക്കുന്ന യശ 54:13-ലെ പ്രവചനം, പിതാവ് ആകർഷിച്ച അത്തരം വ്യക്തികളെക്കുറിച്ചാണു പറയുന്നത്.—യോഹ 6:65 താരതമ്യം ചെയ്യുക.
യഹോവ: ഇത് യശ 54:13-ൽനിന്നുള്ള ഉദ്ധരണിയാണ്. യശ 54:13-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. പക്ഷേ യോഹന്നാന്റെ സുവിശേഷത്തിന്റെ ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ഇവിടെ തെയോസ് എന്നു കാണുന്നതുകൊണ്ട്, (ഒരുപക്ഷേ സെപ്റ്റുവജിന്റിന്റെ പ്രതികളിൽ യശ 54:13-ൽ തെയോസ് എന്ന പദം കാണുന്നതുകൊണ്ടായിരിക്കാം ഇത്.) മിക്ക ബൈബിൾപരിഭാഷകളും ഇവിടെ “ദൈവം” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. എന്നാൽ യശ 54:13-ന്റെ എബ്രായപാഠഭാഗത്ത് ദൈവനാമം കാണുന്നതുകൊണ്ടാണ് അത് ഉദ്ധരിച്ചിരിക്കുന്ന ഈ വാക്യത്തിൽ ദൈവത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്.
നിങ്ങൾക്കു ജീവൻ കിട്ടില്ല: അക്ഷ. “നിങ്ങൾക്കു നിങ്ങളിൽത്തന്നെ ജീവനുണ്ടായിരിക്കില്ല.” പിതാവിനു “തന്നിൽത്തന്നെ ജീവനുള്ളതുപോലെ” തനിക്കും “തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ” പിതാവ് അനുമതി തന്നതായി യോഹ 5:26-ൽ യേശു പറഞ്ഞിരുന്നു. (യോഹ 5:26-ന്റെ പഠനക്കുറിപ്പു കാണുക.) ഇപ്പോൾ ഏകദേശം ഒരു വർഷത്തിനു ശേഷം തന്റെ അനുഗാമികളെക്കുറിച്ച് പറയുന്നിടത്തും യേശു അതേ പദപ്രയോഗം ഉപയോഗിക്കുന്നതായി കാണാം. ‘നിങ്ങളിൽത്തന്നെ ജീവനുണ്ടായിരിക്കുക’ എന്ന പദപ്രയോഗത്തെ യേശു ഇവിടെ തുലനം ചെയ്തിരിക്കുന്നതു ‘നിത്യജീവൻ’ നേടുന്നതിനോടാണ്. (യോഹ 6:54) അതുകൊണ്ട് ‘ഒരാൾക്ക് അയാളിൽത്തന്നെ ജീവനുണ്ടായിരിക്കുന്നതിനെക്കുറിച്ച്’ പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചതു മറ്റുള്ളവർക്കു ജീവൻ നൽകാനുള്ള ശക്തി അയാൾക്കു ലഭിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് അയാൾ ജീവന്റെ പൂർണത നേടുന്നതിനെക്കുറിച്ചാണ്. അഭിഷിക്തക്രിസ്ത്യാനികൾ ജീവന്റെ പൂർണത നേടുന്നത് അവർ പുനരുത്ഥാനപ്പെടുമ്പോഴാണ്, അഥവാ അവർക്കു സ്വർഗത്തിലെ അമർത്യജീവൻ ലഭിക്കുമ്പോഴാണ്. ഭൗമികപ്രത്യാശയുള്ള വിശ്വസ്തർ ജീവന്റെ പൂർണത നേടുന്നതാകട്ടെ, ക്രിസ്തുവിന്റെ ആയിരം വർഷവാഴ്ചയ്ക്കു ശേഷം ഉടൻതന്നെ നടക്കുന്ന അന്തിമപരിശോധനയിൽ വിജയം നേടിക്കഴിയുമ്പോഴും.—1കൊ 15:52, 53; വെളി 20:5, 7-10.
എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും: യേശുവിന്റെ മാംസം തിന്നാനും രക്തം കുടിക്കാനും പറഞ്ഞത് ഒരു ആലങ്കാരികാർഥത്തിലാണെന്നും അത് അനുസരിക്കാൻ ഒരാൾ യേശുവിൽ വിശ്വാസമർപ്പിച്ചാൽ മതിയായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 6:35, 40) യേശു ഈ പ്രസ്താവന നടത്തിയത് എ.ഡി. 32-ൽ ആയിരുന്നതുകൊണ്ട് യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു കർത്താവിന്റെ അത്താഴമായിരുന്നില്ല. കാരണം, യേശു ആ ആചരണം ഏർപ്പെടുത്തിയത് ഒരു വർഷത്തിനു ശേഷമാണ്. ഈ വാക്കുകൾ യേശു പറഞ്ഞതു ‘ജൂതന്മാരുടെ പെസഹാപ്പെരുന്നാളിനു’ തൊട്ടുമുമ്പ് ആയിരുന്നെന്ന് ഓർക്കുക. (യോഹ 6:4) അതുകൊണ്ടുതന്നെ, ഈ വാക്കുകൾ കേട്ടപ്പോൾ ആളുകളുടെ മനസ്സിലേക്കു വന്നതു തൊട്ടടുത്തെത്തിയ ആ ഉത്സവമായിരിക്കാം. ഇസ്രായേല്യർ ഈജിപ്ത് വിട്ട രാത്രിയിൽ അവരുടെ ജീവൻ രക്ഷിച്ച, കുഞ്ഞാടിന്റെ രക്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ അപ്പോൾ ഓർത്തുകാണും. (പുറ 12:24-27) തന്റെ രക്തവും അതുപോലെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുമെന്നും അതു തന്റെ ശിഷ്യന്മാർക്കു നിത്യജീവൻ നേടിക്കൊടുക്കുമെന്നും വ്യക്തമാക്കുകയായിരുന്നു യേശു ഇവിടെ.
എന്നോടു . . . യോജിപ്പിലായിരിക്കും: അഥവാ “എന്നിൽ . . . ആയിരിക്കും.” ഈ പദപ്രയോഗം, ഉറ്റ ബന്ധത്തെയും ഐക്യത്തെയും ഒരുമയെയും കുറിക്കുന്നു.
സിനഗോഗ്: മറ്റൊരു സാധ്യത, “പൊതുസദസ്സ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന സുനഗോഗേ എന്ന ഗ്രീക്കുനാമത്തിന്റെ അക്ഷരാർഥം “വിളിച്ചുകൂട്ടൽ; കൂടിവരവ്” എന്നൊക്കെയാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ആ പദം കുറിക്കുന്നത്, ജൂതന്മാർ തിരുവെഴുത്തു വായിക്കാനും പഠിപ്പിക്കാനും പ്രസംഗിക്കാനും പ്രാർഥിക്കാനും കൂടിവന്നിരുന്ന കെട്ടിടത്തെയോ സ്ഥലത്തെയോ ആണ്. (പദാവലി കാണുക.) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം, പൊതുജനങ്ങൾക്കു പ്രവേശനമുണ്ടായിരുന്ന എല്ലാ തരം പൊതുസദസ്സുകളെയും കുറിക്കാൻ വിശാലമായ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും, യേശു സംസാരിച്ചുകൊണ്ടിരുന്നതു മോശയുടെ നിയമത്തിൻകീഴിലായിരുന്ന ജൂതന്മാരോടായതുകൊണ്ട് സാധ്യതയനുസരിച്ച് ഇവിടെ അത് ഒരു ‘സിനഗോഗിനെയാണു’ കുറിക്കുന്നത്.
ദൈവാത്മാവ്: “ദൈവാത്മാവാണു ജീവൻ തരുന്നത്” എന്നു പറഞ്ഞശേഷം ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല എന്നും യേശു പറഞ്ഞു. ദൈവം തന്റെ ആത്മാവിലൂടെ തരുന്ന ശക്തിയോടും ജ്ഞാനത്തോടും ഉള്ള താരതമ്യത്തിലാണു യേശു അങ്ങനെ പറഞ്ഞത്. മനുഷ്യന്റെ ശക്തിക്കോ മനുഷ്യരുടെ ഗ്രന്ഥങ്ങളിലും തത്ത്വജ്ഞാനങ്ങളിലും ഉപദേശങ്ങളിലും അടങ്ങിയിരിക്കുന്ന ജ്ഞാനത്തിനോ നിത്യജീവൻ നേടിത്തരാൻ കഴിയില്ല എന്നാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
ശരീരം: സാധ്യതയനുസരിച്ച് ഒരു മനുഷ്യജീവിയുടെ എല്ലാ പരിമിതികളും ഉൾക്കൊള്ളുന്ന, വിശാലമായ അർഥമുള്ള ഒരു പദമാണ് ഇത്. അയാളുടെ ചിന്താപ്രാപ്തിക്കും നേട്ടങ്ങൾക്കും എല്ലാം ഇത്തരം പരിമിതികളുണ്ട്. മനുഷ്യന്റെ അനേകമനേകം ഗ്രന്ഥങ്ങളിലും തത്ത്വജ്ഞാനങ്ങളിലും ഉപദേശങ്ങളിലും അടങ്ങിയിരിക്കുന്ന അനുഭവസമ്പത്തിനോ ജ്ഞാനത്തിനോ ഒന്നും നമുക്കു നിത്യജീവൻ നേടിത്തരാനാകില്ല എന്ന അർഥത്തിലായിരിക്കാം ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല എന്നു പറഞ്ഞിരിക്കുന്നത്.
ആണ് ആത്മാവും ജീവനും: ‘ആണ്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന് (എസ്റ്റിൻ) “അർഥമാക്കുക” എന്നും ഇവിടെ അർഥം വരാം. അതുകൊണ്ട് ഈ പദപ്രയോഗത്തെ, “ആത്മാവിനെയും ജീവനെയും അർഥമാക്കുന്നു” എന്നും പരിഭാഷപ്പെടുത്താം. (മത്ത 12:7; 26:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശുവിന്റെ വചനങ്ങൾ പരിശുദ്ധാത്മാവിനാൽ പ്രചോദിതമായവ ആണെന്നും ആ വചനങ്ങൾ ജീവൻ നൽകുമെന്നും ആയിരിക്കാം യേശു ഉദ്ദേശിച്ചത്.
തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും . . . യേശുവിന് അറിയാമായിരുന്നു: യേശു ഇവിടെ യൂദാസ് ഈസ്കര്യോത്തിനെക്കുറിച്ചാണു പറഞ്ഞത്. ഒരു രാത്രി മുഴുവൻ പിതാവിനോടു പ്രാർഥിച്ചശേഷമാണു യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് തുടക്കത്തിൽ ദൈവത്തോടു വിശ്വസ്തനായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കുമെന്നു യേശു എബ്രായതിരുവെഴുത്തുകളിലെ പ്രവചനങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശുവിനു ഹൃദയവും ചിന്തകളും വായിക്കാനുള്ള കഴിവുണ്ടായിരുന്നതുകൊണ്ട് യൂദാസ് തെറ്റായ ഒരു വഴിയിലേക്കു തിരിയാൻ തുടങ്ങിയപ്പോൾത്തന്നെ യേശു ആ മാറ്റം വായിച്ചെടുത്തു. (മത്ത 9:4) ദൈവത്തിനു ഭാവികാര്യങ്ങൾ അറിയാൻ കഴിവുള്ളതുകൊണ്ട്, ഒരു വിശ്വസ്തസുഹൃത്തുതന്നെ യേശുവിനെ വഞ്ചിക്കുമെന്നു ദൈവം മനസ്സിലാക്കി. എന്നാൽ വഞ്ചകനായിത്തീരുന്നതു യൂദാസ് ആയിരിക്കുമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങളുമായി ഒട്ടും ചേരില്ല. മുൻകാലങ്ങളിൽ ദൈവം മറ്റുള്ളവരോട് ഇടപെട്ട വിധം പരിശോധിച്ചാലും ദൈവത്തിന് അങ്ങനെയൊരു കാര്യം ചെയ്യാനാകില്ല എന്നു വ്യക്തമാകും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂട്ടി വിധിച്ചതായിരുന്നില്ല.
ആദ്യംമുതലേ: അഥവാ “ആരംഭംമുതലേ; തുടക്കംമുതലേ.” ഇവിടെ പറയുന്നതു യൂദാസിന്റെ ജനനത്തെക്കുറിച്ചല്ല; യൂദാസിനെ ഒരു അപ്പോസ്തലനായി തിരഞ്ഞെടുത്ത സമയത്തെക്കുറിച്ചുമല്ല. കാരണം ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷമാണു യേശു അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്. (ലൂക്ക 6:12-16) യൂദാസ് വഞ്ചന കാണിച്ചുതുടങ്ങിയ സമയത്തെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്; യേശു അത് ഉടനടി തിരിച്ചറിയുകയും ചെയ്തു. (യോഹ 2:24, 25; വെളി 1:1; 2:23; യോഹ 6:70; 13:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) മുന്നമേ ആസൂത്രണം ചെയ്ത്, കരുതിക്കൂട്ടിയാണു യൂദാസ് എല്ലാം ചെയ്തതെന്നും അതു പെട്ടെന്നുണ്ടായ ഒരു മനംമാറ്റത്തിന്റെ ഫലമല്ലായിരുന്നെന്നും ഇതു സൂചിപ്പിക്കുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദംകൊണ്ട് (ഗ്രീക്കിൽ, ആർഖീ) ഉദ്ദേശിക്കുന്നത് എന്താണെന്നു സന്ദർഭം നോക്കിയാണു മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, 2പത്ര 3:4-ന്റെ മൂലഭാഷാപ്രതികളിൽ കാണുന്ന “ആരംഭത്തിൽ” എന്ന പദം സൃഷ്ടിയുടെ ആരംഭത്തെയാണു കുറിക്കുന്നത്. എന്നാൽ മറ്റു പല സ്ഥലങ്ങളിലും ഈ പദത്തിന് അതിലും അർഥവ്യാപ്തി കുറവാണ്. ഉദാഹരണത്തിന്, “അന്നു (അക്ഷ. “ആരംഭത്തിൽ”) നമ്മുടെ മേൽ പരിശുദ്ധാത്മാവ് വന്നതുപോലെ” ജനതകളുടെ മേലും വന്നു എന്ന പത്രോസിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കുക. (പ്രവൃ 11:15) “അന്ന്” അഥവാ “ആരംഭത്തിൽ” എന്നു പറഞ്ഞപ്പോൾ പത്രോസ് ഉദ്ദേശിച്ചതു താൻ ജനിച്ച സമയമോ അപ്പോസ്തലനായി തിരഞ്ഞെടുക്കപ്പെട്ട സമയമോ അല്ല, മറിച്ച് എ.ഡി. 33-ലെ പെന്തിക്കോസ്ത് നാളായിരുന്നു. കാരണം ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി പരിശുദ്ധാത്മാവിനെ പകരാൻ ‘ആരംഭിച്ച’ ദിവസമായിരുന്നു അത്. (പ്രവൃ 2:1-4) “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെയുള്ള പദങ്ങളുടെ അർഥം സന്ദർഭമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു തെളിയിക്കുന്ന മറ്റ് ഉദാഹരണങ്ങൾ ലൂക്ക 1:2; യോഹ 15:27; 1യോഹ 2:7 എന്നീ വാക്യങ്ങളിൽ കാണാം.
പരദൂഷണം പറയുന്നവനാണ്: അഥവാ “ഒരു പിശാചാണ്.” ഇവിടെ കാണുന്ന ഡിയാബൊലൊസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “പരദൂഷണക്കാരൻ” എന്നാണ്. മിക്കപ്പോഴും പിശാചിനെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെങ്കിലും, ഈ വാക്യത്തിലും മറ്റു ചില വാക്യങ്ങളിലും കാണുന്നതുപോലെ (2തിമ 3:3; 1തിമ 3:11; തീത്ത 2:3) ‘പരദൂഷണം പറയുന്ന‘ ആളുകളെ കുറിക്കാനും അത് ഉപയോഗിച്ചിട്ടുണ്ട്. ഈ പദം പിശാചിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഏതാണ്ട് എല്ലാ സന്ദർഭങ്ങളിലുംതന്നെ അതിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (മത്ത 4:1-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “നിശ്ചായക ഉപപദം” എന്നതും കാണുക.) ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത്, ഉള്ളിൽ ഒരു ദുർഗുണം വളരാൻ അനുവദിച്ച യൂദാസ് ഈസ്കര്യോത്തിനെ കുറിക്കാനാണ്. യൂദാസ് തെറ്റായ ഒരു വഴിയിലേക്കു നീങ്ങിത്തുടങ്ങിയതു സാധ്യതയനുസരിച്ച് ഈ സമയമായപ്പോഴേക്കും യേശു തിരിച്ചറിഞ്ഞുകാണും. തെറ്റായ വഴിയിലൂടെയുള്ള യൂദാസിന്റെ ഈ പോക്കു പിന്നീടു സാത്താൻ മുതലെടുത്തു. അങ്ങനെ യേശുവിനെ കൊല്ലാനായി സാത്താൻ അയാളെ കൂട്ടുപിടിച്ചു.—യോഹ 13:2, 11.
ദൃശ്യാവിഷ്കാരം
വ്യത്യസ്തതരം കൊട്ടകളെ കുറിക്കാൻ ബൈബിളിൽ വെവ്വേറെ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശു അത്ഭുതകരമായി 5,000 പുരുഷന്മാരെ പോഷിപ്പിച്ചിട്ട് മിച്ചം വന്ന ഭക്ഷണം ശേഖരിക്കാൻ ഉപയോഗിച്ച 12 കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് കാണുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത് അവ നെയ്തുണ്ടാക്കിയ, കൈയിൽ പിടിക്കാവുന്ന തരം ചെറിയ കൊട്ടകളായിരിക്കാം എന്നാണ്. എന്നാൽ യേശു 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുത്തിട്ട് മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (മർ 8:8, 9) അതു താരതമ്യേന വലിയ കൊട്ടകളെ കുറിക്കുന്നു. ദമസ്കൊസിലെ മതിലിന്റെ ദ്വാരത്തിലൂടെ പൗലോസിനെ താഴേക്ക് ഇറക്കാൻ ഉപയോഗിച്ച കൊട്ടയെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദമാണു കാണുന്നത്.—പ്രവൃ 9:25.