യോഹന്നാൻ എഴുതിയത് 7:1-52
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ജൂതന്മാർ: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദത്തിനു സന്ദർഭമനുസരിച്ച് അർഥവ്യത്യാസം വരുന്നതായി കാണാം. അതു ജൂതജനതയെ മൊത്തത്തിൽ കുറിക്കാനും യഹൂദ്യയിൽ താമസിച്ചിരുന്നവരെ കുറിക്കാനും യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവരെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ചില സന്ദർഭങ്ങളിൽ അത്, മോശയുടെ നിയമവുമായി ബന്ധപ്പെട്ട മനുഷ്യപാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ ജൂതന്മാരെയാണു കുറിക്കുന്നത്. പലപ്പോഴും അവരുടെ ആ നിലപാട് മോശയുടെ നിയമത്തിന്റെ അന്തസ്സത്തയുമായി ചേരാത്തതായിരുന്നു. (മത്ത 15:3-6) യേശുവിനോടു ശത്രുത പുലർത്തിയിരുന്ന ജൂതമതനേതാക്കന്മാരോ അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ആയിരുന്നു ഈ ‘ജൂതന്മാരിൽ’ പ്രമുഖർ. ഈ തിരുവെഴുത്തുഭാഗത്തും യോഹന്നാൻ 7-ാം അധ്യായത്തിൽത്തന്നെ ഈ പദം കാണുന്ന മറ്റു സ്ഥലങ്ങളിലും അതു കുറിക്കുന്നത്, അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആണെന്നു സന്ദർഭം സൂചിപ്പിക്കുന്നു.—യോഹ 7:13, 15, 35എ.
കൂടാരോത്സവം: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ ഉത്സവത്തെക്കുറിച്ച് ഇവിടെ മാത്രമേ കാണുന്നുള്ളൂ. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്, എ.ഡി. 32-ലെ ശരത്കാലത്തെ (സെപ്റ്റംബറോ ഒക്ടോബറോ) കൂടാരോത്സവത്തെക്കുറിച്ചാണ്.—പദാവലിയും അനു. ബി15-ഉം കാണുക.
ജൂതന്മാർ: കൂടാരോത്സവത്തിനായി യരുശലേമിൽ കൂടിവന്ന ജൂതജനതയെ മൊത്തത്തിലായിരിക്കാം ഇവിടെ “ജൂതന്മാർ” എന്നു വിളിച്ചിരിക്കുന്നത്. എന്നാൽ അതു ജൂതമതനേതാക്കന്മാർ ആയിരിക്കാനും സാധ്യതയുണ്ട്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
ജൂതന്മാർ: സാധ്യതയനുസരിച്ച്, അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ജൂതമതനേതാക്കന്മാരോ ആണ് ഇത്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
ജൂതന്മാർ: അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആണ് ഈ പദം കുറിക്കുന്നതെന്നു തോന്നുന്നു. കാരണം 19-ാം വാക്യത്തിൽ യേശു അവരോടു “നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാണ്” എന്നു ചോദിക്കുന്നതായി കാണാം.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത: അഥവാ “മറ്റൊരാൾ പഠിപ്പിച്ചിട്ടില്ലാത്ത.” അക്ഷ. “പഠിപ്പില്ലാത്ത.” യേശുവിനു വിദ്യാഭ്യാസമില്ലായിരുന്നെന്നല്ല, യേശു റബ്ബിമാരുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിച്ചിരുന്നില്ല എന്നാണ് ഇതിന് അർഥം.
തിരുവെഴുത്തുകൾ: അക്ഷ. “ലിഖിതങ്ങൾ,” അഥവാ “അക്ഷരങ്ങൾ.” അതായത്, അക്ഷരമാലയിലെ അക്ഷരങ്ങൾ. “അക്ഷരങ്ങൾ അറിയുക (അക്ഷരജ്ഞാനം ഉണ്ടായിരിക്കുക)” എന്നത് ഒരു ഭാഷാശൈലിയാണ്. “ലിഖിതങ്ങളിൽ (അതായത്, പുസ്തകങ്ങളിലോ സാഹിത്യകൃതികളിലോ) അറിവുണ്ടായിരിക്കുക” എന്നാണ് അതിന്റെ അർഥം. സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നതു ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളിലുള്ള അറിവിനെയാണ്.
എന്റെ സ്വന്തം ആശയം: അഥവാ “സ്വന്തമായി.” അക്ഷ. “തന്നിൽനിന്നുതന്നെ.” ദൈവത്തിന്റെ മുഖ്യപ്രതിനിധിയായതുകൊണ്ട് യേശു എപ്പോഴും യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുകയും യഹോവ നിർദേശിക്കുന്ന കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു.
ശബത്തിൽ പരിച്ഛേദന: ഇസ്രായേല്യർ നിർബന്ധമായും പരിച്ഛേദന ചെയ്യണമെന്നു മോശയുടെ നിയമത്തിൽ പറഞ്ഞിരുന്നു. (ലേവ 12:2, 3) പരിച്ഛേദന നടത്തേണ്ട എട്ടാം ദിവസം, ആളുകൾ വളരെ പാവനമായി കണ്ടിരുന്ന ഒരു ശബത്തുദിവസം ആയിരുന്നെങ്കിൽപ്പോലും പരിച്ഛേദനയ്ക്കു മുടക്കംവരുത്തിയിരുന്നില്ല. അവർ അതിന് അത്രയ്ക്കു പ്രാധാന്യം കൊടുത്തിരുന്നു.
പ്രമാണിമാർ: ഇവിടെ ഇതു ജൂതപ്രമാണിമാരെയാണു കുറിക്കുന്നത്. യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് ഇസ്രായേൽ ഒരു ഇരട്ടഭരണത്തിൻകീഴിലായിരുന്നു. കാരണം റോമൻ ചക്രവർത്തിയുടെ ഭരണത്തിനു പുറമേ ജൂതപ്രമാണിമാരുടെ ഭരണവും അന്നു നിലവിലിരുന്നു. സൻഹെദ്രിൻ ആയിരുന്നു ആ ജൂതപ്രമാണിമാരുടെ കേന്ദ്രഭരണസമിതി. മഹാപുരോഹിതനും വേറെ 70 മൂപ്പന്മാരും ചേർന്ന ഒരു സമിതിയായിരുന്നു ഇത്. ജൂതന്മാരുടെ കാര്യാദികളിൽ ഒരു പരിധിവരെ ഇടപെടാനുള്ള അധികാരം റോമൻ ഗവൺമെന്റ് സൻഹെദ്രിനു നൽകിയിരുന്നു.—പദാവലിയിൽ “സൻഹെദ്രിൻ” കാണുക.
ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്: അക്ഷ. “ഞാൻ ആ വ്യക്തിയുടെ അരികിലാണ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന പാരാ (അക്ഷ. “അരികിൽ.”) എന്ന ഗ്രീക്കുപദം കുറിക്കുന്നത്, യേശു ദൈവത്തിന്റെ അടുത്തുനിന്ന് വന്നെന്നു മാത്രമല്ല, യഹോവയ്ക്കു യേശുവിനോടു വളരെ അടുപ്പമുണ്ടായിരുന്നു എന്നുകൂടിയാണ്. ആ അർഥത്തിലാണു യേശു ദൈവത്തിന്റെ “പ്രതിനിധി” ആയിരിക്കുന്നത്.
ഭടന്മാർ: അതായത്, യരുശലേമിലെ ദേവാലയത്തിന്റെ കാവൽക്കാർ. സാധ്യതയനുസരിച്ച്, മുഖ്യപുരോഹിതന്മാരുടെ അധികാരത്തിൻകീഴിലായിരുന്ന ഇക്കൂട്ടർ സൻഹെദ്രിൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തിരുന്നു. ഇവർ ഒരർഥത്തിൽ മതപോലീസുകാരായിരുന്നു.
ജൂതന്മാർ: ഇതിനോടു ചേർന്നുള്ള വാക്യങ്ങളിൽ മുഖ്യപുരോഹിതന്മാരെയും പരീശന്മാരെയും കുറിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട് (യോഹ 7:32, 45) ഇവിടെ “ജൂതന്മാർ” എന്ന പദപ്രയോഗം കുറിക്കുന്നത് അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആയിരിക്കാം.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
ചിതറിപ്പാർക്കുന്ന ജൂതന്മാർ: അക്ഷ. “ചിതറിക്കൽ.” ഈ വാക്യത്തിൽ ഡയസ്പൊറ എന്ന ഗ്രീക്കുപദം കുറിക്കുന്നത്, ഇസ്രായേലിനു വെളിയിൽ താമസിച്ചിരുന്ന ജൂതന്മാരെയാണ്. മറ്റു ജനതകൾ ജൂതന്മാരെ ആക്രമിച്ച്, അവരെ മാതൃദേശത്തുനിന്ന് ബന്ദികളായി കൊണ്ടുപോയപ്പോഴാണ് അവർ ചിതറിക്കപ്പെട്ടത്. ആദ്യം ബി.സി. 740-ൽ അസീറിയക്കാർ അവരെ നാടുകടത്തി. ഇനി, ബി.സി. 607-ലും അതിനു മുമ്പും അവരെ ബാബിലോൺകാരും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. (2രാജ 17:22, 23; 24:12-17; യിര 52:28-30) ഇങ്ങനെ പിടിച്ചുകൊണ്ടുപോയവരിൽ ഒരു ചെറിയ കൂട്ടം മാത്രമേ ഇസ്രായേലിലേക്കു തിരിച്ചുവന്നുള്ളൂ. മറ്റുള്ളവരെല്ലാം അവർ ചിതറിപ്പോയ നാടുകളിൽത്തന്നെ കഴിഞ്ഞു. (യശ 10:21, 22) ബി.സി. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും സാധ്യതയനുസരിച്ച് പേർഷ്യൻ സാമ്രാജ്യത്തിന്റെ 127 സംസ്ഥാനങ്ങളിൽ ജൂതന്മാർ ചിതറിപ്പാർക്കുന്നുണ്ടായിരുന്നു. (എസ്ഥ 1:1; 3:8) എന്നാൽ ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരെക്കുറിച്ച് മാത്രമാണു യോഹ 7:35-ൽ പറഞ്ഞിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിനു പുറത്തുള്ള പല സ്ഥലങ്ങളിലും ഗ്രീക്കുഭാഷക്കാർക്കിടയിൽ ജൂതന്മാർ താമസിക്കുന്നുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് സിറിയ, ഏഷ്യാമൈനർ, ഈജിപ്ത് എന്നീ സ്ഥലങ്ങളും ഗ്രീസ്, റോം എന്നിവ ഉൾപ്പെടെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ചില യൂറോപ്യൻ ദേശങ്ങളും. ആളുകളെ ജൂതമതത്തിൽ ചേർക്കാനുള്ള ശ്രമങ്ങൾ വ്യാപകമായിരുന്നതുകൊണ്ട്, ധാരാളം ആളുകൾ യഹോവയെക്കുറിച്ചും യഹോവ ജൂതന്മാർക്കു കൊടുത്ത നിയമത്തെക്കുറിച്ചും അറിയാനിടയായി. (മത്ത 23:15) എ.ഡി. 33-ലെ പെന്തിക്കോസ്ത് ഉത്സവത്തിൽ പങ്കെടുക്കാൻ ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും പല നാടുകളിൽനിന്ന് യരുശലേമിൽ വന്നപ്പോൾ അവർ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയും കേട്ടു. ചുരുക്കത്തിൽ, ജൂതന്മാർ റോമൻ സാമ്രാജ്യത്തിലെങ്ങും ചിതറിക്കപ്പെട്ടതു ക്രിസ്ത്യാനിത്വം വളരെ പെട്ടെന്നു വ്യാപിക്കാൻ അവസരമൊരുക്കി.
അവസാനദിവസം: അതായത്, കൂടാരോത്സവത്തിന്റെ ഏഴാം ദിവസം. അതു തിസ്രി മാസം 21-ാം തീയതി ആയിരുന്നു. ‘ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസം’ എന്നാണ് അതിനെ വിളിച്ചിരുന്നത്.—ആവ 16:13; യോഹ 7:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കൂടാരോത്സവം” എന്നതും അനു. ബി15-ഉം കാണുക.
തിരുവെഴുത്തു പറയുന്നതു സത്യമാകും: സാധ്യതയനുസരിച്ച് യേശു ഇവിടെ ഒരു തിരുവെഴുത്ത് നേരിട്ട് ഉദ്ധരിക്കുകയായിരുന്നില്ല. എന്നാൽ ഇതു പറഞ്ഞപ്പോൾ, യശ 44:3; 58:11; സെഖ 14:8 മുതലായ വാക്യങ്ങൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. ഏതാണ്ട് രണ്ടു വർഷം മുമ്പ് ശമര്യക്കാരി സ്ത്രീയോടു ജീവജലത്തെക്കുറിച്ച് സംസാരിച്ചപ്പോൾ യേശു ഊന്നൽ നൽകിയത് ആ ജലം സ്വീകരിച്ചാലുള്ള പ്രയോജനങ്ങൾക്കാണ്. (യോഹ 4:10, 14) എന്നാൽ തന്നിൽ വിശ്വസിക്കുന്ന തന്റെ അനുഗാമികൾ മറ്റുള്ളവരുമായി ആ ‘ജീവജലം’ പങ്കുവെക്കുമ്പോൾ അത് അവരിൽനിന്ന് ഒഴുകും എന്ന് യേശു ഈ വാക്യത്തിൽ സൂചിപ്പിച്ചു. (യോഹ 7:37-39) യേശുവിന്റെ അനുഗാമികൾക്ക് എ.ഡി. 33-ലെ പെന്തിക്കോസ്തിൽ പരിശുദ്ധാത്മാവ് ലഭിച്ചതോടെ, മറ്റുള്ളവർക്കു ജീവജലം പകർന്നുകൊടുക്കാൻ അവർക്കു പ്രചോദനം തോന്നി. ശ്രദ്ധിക്കാൻ മനസ്സുള്ള എല്ലാവർക്കും അവർ അതു പകർന്നുകൊടുത്തതിനെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പലയിടത്തും പറയുന്നുണ്ട്.—പ്രവൃ 5:28; കൊലോ 1:23.
ജീവജലത്തിന്റെ അരുവികൾ ഒഴുകും: ഇതു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, കൂടാരോത്സവവുമായി ബന്ധപ്പെട്ട ഒരു ആചാരമായിരിക്കാം. ശിലോഹാം കുളത്തിൽനിന്ന് ഒരു സ്വർണപാത്രത്തിൽ വെള്ളം കൊണ്ടുവന്ന്, രാവിലെ ബലിയർപ്പണത്തിന്റെ സമയത്ത് വീഞ്ഞിനോടൊപ്പം യാഗപീഠത്തിൽ ഒഴിക്കുന്നതായിരുന്നു ഈ ആചാരം. (യോഹ 7:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കൂടാരോത്സവം” എന്നതും അനു. ബി15-ഉം കാണുക.) എബ്രായതിരുവെഴുത്തുകളിൽ എവിടെയും പറഞ്ഞിട്ടില്ലാത്ത ഈ അനുഷ്ഠാനം പിൽക്കാലത്ത് കൂട്ടിച്ചേർത്തതായിരുന്നെങ്കിലും കൂടാരോത്സവത്തിന്റെ ഏഴു ദിവസവും ഇതു നടന്നുപോന്നതായി പല പണ്ഡിതന്മാരും പറയുന്നു. എന്നാൽ വിശുദ്ധസമ്മേളനമായി ആചരിച്ചിരുന്ന എട്ടാം ദിവസം ഈ ആചരണം നടത്തിയിരുന്നില്ലത്രേ. ഉത്സവത്തിന്റെ ആദ്യദിവസമായ ശബത്തിൽ പുരോഹിതൻ യാഗപീഠത്തിൽ ഒഴിച്ചിരുന്ന വെള്ളം ശിലോഹാം കുളത്തിൽനിന്ന് തലേദിവസം കൊണ്ടുവന്നുവെച്ചിരുന്ന വെള്ളമാണ്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ പുരോഹിതൻ നേരിട്ട് ശിലോഹാം കുളത്തിൽ ചെന്ന് സ്വർണപാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതായിരുന്നു രീതി. പുരോഹിതന്മാർ ബലിമൃഗത്തെ യാഗപീഠത്തിൽ വെക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം വെള്ളവുമായി അവിടെ എത്തും. അദ്ദേഹം ജലകവാടത്തിലൂടെ പുരോഹിതന്മാരുടെ മുറ്റത്ത് പ്രവേശിക്കുമ്പോൾ, പുരോഹിതന്മാർ അവരുടെ കാഹളം മൂന്നു തവണ ഊതി ആ വരവ് അറിയിക്കും. തുടർന്ന്, പുരോഹിതൻ കൊണ്ടുവരുന്ന ആ വെള്ളം യാഗപീഠത്തിൽ വെച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഒഴിക്കും. ആ സമയത്തുതന്നെ മറ്റൊരു പാത്രത്തിലേക്കു വീഞ്ഞും ഒഴിക്കും. ആ വെള്ളവും വീഞ്ഞും പതിയെ യാഗപീഠത്തിന്റെ ചുവട്ടിലേക്ക് ഒഴുകിയെത്തും. തുടർന്ന്, ആലയസംഗീതത്തിന്റെ അകമ്പടിയോടെ ഹല്ലേൽ സങ്കീർത്തനങ്ങൾ (സങ്ക 113-118) ആലപിക്കും. അപ്പോൾ ആരാധകർ യാഗപീഠത്തിന്റെ നേരെ ഈന്തപ്പനയുടെ ഓലകൾ വീശും. ആളുകൾ സന്തോഷത്തോടെ ഈ ഉത്സവം കൊണ്ടാടുമ്പോൾ, “രക്ഷയുടെ നീരുറവകളിൽനിന്ന് ആഹ്ലാദത്തോടെ നീ വെള്ളം കോരും” എന്ന യശയ്യയുടെ പ്രാവചനികവാക്കുകൾ അവരുടെ മനസ്സിലേക്കു വന്നിട്ടുണ്ടാകണം.—യശ 12:3.
അപ്പോഴും ദൈവാത്മാവ് ലഭിച്ചിരുന്നില്ല: “ആത്മാവ്” എന്നതിന്റെ ഗ്രീക്കുപദമായ ന്യൂമ ഈ വാക്യത്തിൽ രണ്ടു പ്രാവശ്യം കാണുന്നുണ്ട്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അഥവാ ചലനാത്മകശക്തിയെയാണ് അതു കുറിക്കുന്നത്. ദൈവം പണ്ടു മുതലേ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചിട്ടുള്ളതിനെക്കുറിച്ചും (ഉൽ 1:2, അടിക്കുറിപ്പ്; 2ശമു 23:2; പ്രവൃ 28:25) ആ ആത്മാവിനെ ഒത്നീയേൽ, യിഫ്താഹ്, ശിംശോൻ എന്നിവരെപ്പോലുള്ള വിശ്വസ്തദാസന്മാരുടെമേൽ പകർന്നതിനെക്കുറിച്ചും (ന്യായ 3:9, 10; 11:29; 15:14) യേശുവിനും യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നവർക്കും അപ്പോൾത്തന്നെ അറിയാമായിരുന്നു. അതുകൊണ്ട് യോഹന്നാൻ ഇവിടെ പറഞ്ഞത്, ദൈവാത്മാവിലൂടെ അപൂർണമനുഷ്യർക്കു ലഭിക്കുന്ന പുതിയ ഒരു പ്രയോജനത്തെക്കുറിച്ചാണെന്നു വ്യക്തം. ആ മുൻകാലദൈവദാസന്മാർക്കു ദൈവം തന്റെ ആത്മാവിനെ നൽകിയിരുന്നെങ്കിലും അവരെ ആരെയും സ്വർഗീയജീവനിലേക്കു വിളിച്ചിരുന്നില്ല. എന്നാൽ ഒരു ആത്മവ്യക്തിയായി മഹത്ത്വീകരിക്കപ്പെട്ട യേശു തനിക്ക് യഹോവയിൽനിന്ന് ലഭിച്ച പരിശുദ്ധാത്മാവിനെ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ തന്റെ അനുഗാമികൾക്കു പകർന്നുകൊടുത്തപ്പോൾ കാര്യങ്ങൾക്ക് ഒരു മാറ്റമുണ്ടായി. (പ്രവൃ 2:4, 33) അന്ന് ആദ്യമായി അപൂർണമനുഷ്യർക്ക് ആത്മവ്യക്തികളായി സ്വർഗത്തിൽ ജീവിക്കാനുള്ള പ്രത്യാശ ലഭിച്ചു. ഇങ്ങനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ, ക്രിസ്ത്യാനികൾക്ക് അതുവരെ മനസ്സിലാകാതിരുന്ന പലതിന്റെയും അർഥം ഗ്രഹിക്കാനായി.
ജനം ശപിക്കപ്പെട്ടവരാണ്: അഹങ്കാരികളും സ്വയനീതിക്കാരും ആയ പരീശന്മാരും ജൂതനേതാക്കന്മാരും, യേശുവിനെ ശ്രദ്ധിച്ച സാധാരണക്കാരായ ആളുകളെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവർ അവരെ ‘ശപിക്കപ്പെട്ട ജനം’ എന്നു വിളിച്ചിരുന്നു. അവർ ദൈവത്തിന്റെ ശാപത്തിൻകീഴിലാണ് എന്നൊരു ധ്വനിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എപാരറ്റസ് (വെറുപ്പിനെ സൂചിപ്പിക്കുന്നു.) എന്ന ഗ്രീക്കുപദം തരുന്നത്. ഇനി, സാധാരണക്കാരായ ആളുകളോടുള്ള വെറുപ്പിനെ സൂചിപ്പിക്കാൻ ജൂതമതനേതാക്കന്മാർ അംഹാരെറ്റ്സ് (“ദേശത്തെ ആളുകൾ”) എന്നൊരു എബ്രായപദവും ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ ഇത്, ഒരു ദേശത്തെ എല്ലാ പൗരന്മാരെയും കുറിക്കാൻ ആദരവോടെ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു. പാവപ്പെട്ടവരെയും എളിയവരെയും മാത്രമല്ല പ്രമുഖരായ ആളുകളെപ്പോലും അന്ന് അംഹാരെറ്റ്സ് എന്നു വിളിച്ചിരുന്നു. (ഉൽ 23:7; 2രാജ 23:35; യഹ 22:29) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും ഈ പദത്തിന്റെ അർഥം മാറി. മോശയുടെ നിയമം അറിയാത്തവരെന്നു മുദ്രകുത്തിയിരുന്നവരെയും റബ്ബിമാരുടെ പാരമ്പര്യങ്ങളിലെ തീർത്തും നിസ്സാരമായ കാര്യങ്ങൾ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്നവരെയും ഒക്കെ കുറിക്കാൻ ഈ പദം ഉപയോഗിച്ചുതുടങ്ങി. റബ്ബിമാർക്ക് ഇങ്ങനെയൊരു മനോഭാവം ഉണ്ടായിരുന്നതായി പിൽക്കാലത്തെ അവരുടെ പല ലിഖിതങ്ങളും സൂചിപ്പിക്കുന്നുണ്ട്. പല മതനേതാക്കന്മാരും അത്തരം ആളുകളെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അവരോടൊപ്പം ഭക്ഷണം കഴിക്കാനോ അവരിൽനിന്ന് എന്തെങ്കിലും വിലയ്ക്കു വാങ്ങാനോ അവരുമായി ഇടപഴകാനോ അവർ വിസമ്മതിച്ചിരുന്നു.
എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ?: സാധ്യതയനുസരിച്ച്, യഹൂദ്യയിലുള്ളവർക്കു ഗലീലക്കാരോടുണ്ടായിരുന്ന വെറുപ്പാണ് ഈ ചോദ്യത്തിൽ തെളിഞ്ഞുനിൽക്കുന്നത്. നിക്കോദേമൊസ് യേശുവിനെ അനുകൂലിച്ച് സംസാരിച്ചപ്പോൾ (യോഹ 7:51) പരീശന്മാർ തിരിച്ച് ചോദിച്ച ചോദ്യത്തിന്റെ അർഥം ഇതായിരുന്നു: “അയാൾക്കുവേണ്ടി വാദിച്ചുകൊണ്ട് താങ്കളും ഒരു ഗലീലക്കാരന്റെ തട്ടിലേക്കു തരംതാഴുകയാണോ?” സൻഹെദ്രിനും ദേവാലയവും യരുശലേമിലായിരുന്നതുകൊണ്ട്, ദൈവനിയമം പഠിപ്പിക്കുന്ന അധ്യാപകർ ധാരാളമായി അവിടെയുണ്ടായിരുന്നു. “സമ്പത്തിനായി വടക്കോട്ടും (ഗലീലയിലേക്കും) ജ്ഞാനത്തിനായി തെക്കോട്ടും (യഹൂദ്യയിലേക്കും) പോകുക” എന്നൊരു ജൂതപഴമൊഴി ഉണ്ടാകാനുള്ള കാരണംതന്നെ ഇതായിരിക്കാം. എന്നാൽ ഗലീലക്കാർ ദൈവനിയമം അറിയാത്തവരല്ലായിരുന്നെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ഗലീലയിൽ അങ്ങോളമിങ്ങോളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും, ദൈവനിയമം പഠിപ്പിച്ചിരുന്നവരും ജൂതന്മാരുടെ വിദ്യാഭ്യാസകേന്ദ്രങ്ങളായ സിനഗോഗുകളും ഉണ്ടായിരുന്നു. (ലൂക്ക 5:17) ശരിക്കും യേശു ജനിച്ചതു ഗലീലയിലല്ല ബേത്ത്ലെഹെമിലാണെന്നു മനസ്സിലാക്കാൻ പരീശന്മാർ യാതൊരു ശ്രമവും നടത്തിയില്ല എന്നാണ് അവർ നിക്കോദേമൊസിനോടു പറഞ്ഞ ധിക്കാരച്ചുവയുള്ള ഈ മറുപടി സൂചിപ്പിക്കുന്നത്. (മീഖ 5:2; യോഹ 7:42) മിശിഹയുടെ പ്രസംഗപ്രവർത്തനത്തെ ഗലീലയിൽ പ്രകാശിക്കുന്ന ‘വലിയൊരു വെളിച്ചം’ എന്നു വിശേഷിപ്പിച്ച യശയ്യയുടെ പ്രവചനവും അവർക്കു ശരിയായി മനസ്സിലാക്കാനായില്ല.—യശ 9:1, 2; മത്ത 4:13-17.
7:53
ഏറ്റവും പഴക്കമുള്ള, ആധികാരികമായ പല കൈയെഴുത്തുപ്രതികളിലും യോഹ 7:53 മുതൽ 8:11 വരെയുള്ള വാക്യങ്ങൾ കാണുന്നില്ല. ഈ 12 വാക്യങ്ങൾ യോഹന്നാന്റെ സുവിശേഷത്തോടു പിന്നീടു കൂട്ടിച്ചേർത്തതാണെന്നു വ്യക്തം. (അനു. എ3 കാണുക.) ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷം അടങ്ങിയ, വളരെ പഴക്കമുള്ള രണ്ടു കൈയെഴുത്തുപ്രതികളായ പപ്പൈറസ് ബോഡ്മർ 2-ലും (P66)പപ്പൈറസ് ബോഡ്മർ 14, 15-ലും (P75) ഈ ഭാഗം കാണുന്നില്ല. ഇവ രണ്ടും എ.ഡി. രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതികളാണ്. ഇനി, നാലാം നൂറ്റാണ്ടിലെ കോഡക്സ് സൈനാറ്റിക്കസിലും കോഡക്സ് വത്തിക്കാനസിലും ഈ വാക്യങ്ങളില്ല. ആദ്യമായി ഇതു കണ്ടത് എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് കൈയെഴുത്തുപ്രതിയിലാണ്. (കോഡക്സ് ബേസ്സേ) എന്നാൽ തുടർന്ന് എ.ഡി. ഒൻപതാം നൂറ്റാണ്ടുവരെയുള്ള മറ്റു കൈയെഴുത്തുപ്രതികളിലൊന്നും ഇവ കാണുന്നുമില്ല. അതുകൊണ്ടുതന്നെ ആദ്യകാലത്തെ മിക്ക ബൈബിൾപരിഭാഷകളിൽനിന്നും ഇവ ഒഴിവാക്കിയിട്ടുണ്ട്. ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യങ്ങൾ കൊടുത്തിരിക്കുന്നത്, യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനമാണ്. എന്നാൽ മറ്റു ചിലതിലാകട്ടെ, അവ ലൂക്ക 21:38-നെത്തുടർന്നാണു കാണുന്നത്. ഈ ഭാഗം പല കൈയെഴുത്തുപ്രതികളിലും പലയിടത്താണ് കാണുന്നത് എന്ന വസ്തുത, ഇവ കൂട്ടിച്ചേർത്തതാണ് എന്ന നിഗമനത്തെ പിന്താങ്ങുന്നു. യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നെന്നു മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.
ഈ വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ചില ബൈബിൾപരിഭാഷകളിലും അതു കാണുന്നത് (ചിലതിൽ അല്പസ്വല്പം വ്യത്യാസമുണ്ട്.) ഇങ്ങനെയാണ്:
53 അങ്ങനെ, അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
8 യേശുവോ ഒലിവുമലയിലേക്കു പോയി. 2 എന്നാൽ അതിരാവിലെ അവൻ വീണ്ടും ദൈവാലയത്തിൽ ചെന്നു. ജനമൊക്കെയും അവന്റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ പഠിപ്പിക്കാൻ തുടങ്ങി. 3 അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിറുത്തി. 4 അവർ അവനോട്, “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരവൃത്തിയിൽ പിടിച്ചിരിക്കുന്നു. 5 ഇത്തരം സ്ത്രീകളെ കല്ലെറിയണമെന്നു ന്യായപ്രമാണത്തിൽ മോശ ഞങ്ങളോടു നിർദേശിച്ചിരിക്കുന്നു. നീ എന്തു പറയുന്നു?” എന്നു ചോദിച്ചു. 6 അവനിൽ കുറ്റം ചുമത്താൻ കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിക്കാനത്രേ അവർ ഇതു ചോദിച്ചത്. യേശുവോ കുനിഞ്ഞ് വിരലുകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. 7 അവർ അവനോടു വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൻ നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ” എന്നു പറഞ്ഞു. 8 അവൻ പിന്നെയും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. 9 ഇതു കേട്ടപ്പോൾ അവരിൽ മൂപ്പന്മാർ തുടങ്ങി ഓരോരുത്തരായി അവിടെനിന്ന് പോയി; ഒടുവിൽ അവനും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും മാത്രം ശേഷിച്ചു. 10 യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്ക് ശിക്ഷ വിധിച്ചില്ലയോ?” എന്നു ചോദിച്ചു. 11 “ഇല്ല യജമാനനേ” എന്ന് അവൾ പറഞ്ഞതിന് യേശു അവളോട്, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക; ഇനിമേൽ പാപത്തിൽ നടക്കരുത്” എന്നു പറഞ്ഞു.