റോമിലുള്ളവർക്ക് എഴുതിയ കത്ത് 1:1-32
1 ക്രിസ്തുയേശുവിന്റെ അടിമയും അപ്പോസ്തലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്തയ്ക്കുവേണ്ടി വേർതിരിക്കപ്പെട്ടവനും ആയ പൗലോസാണ്+ ഇത് എഴുതുന്നത്.
2 ദൈവം തന്റെ പ്രവാചകന്മാരിലൂടെ വിശുദ്ധതിരുവെഴുത്തുകളിൽ നേരത്തേതന്നെ വാഗ്ദാനം ചെയ്തിട്ടുള്ള ഈ സന്തോഷവാർത്ത
3 ദൈവത്തിന്റെ പുത്രനെക്കുറിച്ചുള്ളതാണ്. ദാവീദിന്റെ സന്തതിപരമ്പരയിൽ* മനുഷ്യനായി ജനിച്ച ഈ പുത്രൻ+
4 മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ+ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവപുത്രനാണെന്നു+ തെളിഞ്ഞ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്.
5 എല്ലാ ജനതകളും+ വിശ്വാസവും അനുസരണവും കാണിച്ചുകൊണ്ട് യേശുവിന്റെ പേര് മഹത്ത്വപ്പെടുത്താൻവേണ്ടി, യേശുവിലൂടെ ദൈവം ഞങ്ങളോട് അനർഹദയ കാട്ടി അപ്പോസ്തലന്മാരായിരിക്കാനുള്ള+ പദവി ഞങ്ങൾക്കു തന്നു.
6 ആ ജനതകളിൽ, യേശുക്രിസ്തുവിനുവേണ്ടി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെടുന്നു.
7 അതുകൊണ്ട് ദൈവത്തിനു പ്രിയപ്പെട്ടവരും വിശുദ്ധരായി വിളിക്കപ്പെട്ടവരും ആയ റോമിലുള്ള നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി ഞാൻ എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ഉണ്ടാകട്ടെ.
8 ആദ്യംതന്നെ നിങ്ങളെപ്രതി യേശുക്രിസ്തുവിലൂടെ ഞാൻ എന്റെ ദൈവത്തിനു നന്ദി പറയുന്നു. കാരണം നിങ്ങളുടെ വിശ്വാസം ലോകം മുഴുവൻ പ്രസിദ്ധമാണ്.
9 ഞാൻ എപ്പോഴും നിങ്ങളെ എന്റെ പ്രാർഥനയിൽ ഓർക്കുന്നു+ എന്നതിന്, ദൈവപുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിച്ചുകൊണ്ട് ഞാൻ മുഴുഹൃദയത്തോടെ* ഏതു ദൈവത്തെ സേവിക്കുന്നോ* ആ ദൈവംതന്നെ സാക്ഷി.
10 ദൈവഹിതമെങ്കിൽ ഇത്തവണയെങ്കിലും നിങ്ങളുടെ അടുത്ത് വരാൻ വഴി തുറന്നുകിട്ടണമെന്നാണു ഞാൻ യാചിക്കാറുള്ളത്.
11 കാരണം നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. അങ്ങനെയാകുമ്പോൾ എന്തെങ്കിലും ആത്മീയസമ്മാനം നൽകി എനിക്കു നിങ്ങളെ ബലപ്പെടുത്താമല്ലോ.
12 ശരിക്കും പറഞ്ഞാൽ എന്റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്പരം പ്രോത്സാഹനം+ ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
13 സഹോദരങ്ങളേ, മറ്റു ജനതകൾക്കിടയിൽനിന്ന് കിട്ടിയതുപോലെ നിങ്ങൾക്കിടയിൽനിന്നും ഫലം കിട്ടേണ്ടതിനു ഞാൻ പലവട്ടം നിങ്ങളുടെ അടുത്ത് വരാൻ ഒരുങ്ങിയതാണ്. പക്ഷേ ഓരോരോ തടസ്സങ്ങൾ കാരണം ഇതുവരെയും എനിക്ക് അതിനു കഴിഞ്ഞിട്ടില്ല. ഇക്കാര്യം നിങ്ങൾ അറിയാതെപോകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.
14 ഗ്രീക്കുകാരെന്നോ വിദേശികളെന്നോ,* ബുദ്ധിമാന്മാരെന്നോ ബുദ്ധിയില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ ഞാൻ കടപ്പെട്ടവനാണ്.
15 അതുകൊണ്ട് അവിടെ റോമിലുള്ള+ നിങ്ങളെയും സന്തോഷവാർത്ത അറിയിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.
16 ആ സന്തോഷവാർത്തയെക്കുറിച്ച് എനിക്കു നാണക്കേടു തോന്നുന്നില്ല.+ ആദ്യം ജൂതനെയും+ പിന്നെ ഗ്രീക്കുകാരനെയും,+ അങ്ങനെ വിശ്വസിക്കുന്ന+ എല്ലാവരെയും രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാണ് അത്.
17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
18 നീതികെട്ട വഴികളിലൂടെ സത്യത്തെ അടിച്ചമർത്തുന്ന+ മനുഷ്യരുടെ എല്ലാവിധത്തിലുമുള്ള ദൈവനിഷേധത്തിനും നീതികേടിനും എതിരെ ദൈവക്രോധം+ സ്വർഗത്തിൽനിന്ന് വെളിപ്പെടുന്നു.
19 കാരണം, ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതെല്ലാം അവരുടെ മുന്നിൽ വ്യക്തമായി കിടക്കുന്നു. ദൈവം അത് അവർക്കു വ്യക്തമാക്കിക്കൊടുത്തിട്ടുണ്ടല്ലോ.+
20 ദൈവത്തിന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും+ ദിവ്യത്വവും+ ലോകാരംഭംമുതൽ* ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നതുകൊണ്ട്+ അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.
21 അവർക്കു ദൈവത്തെ അറിയാമായിരുന്നിട്ടും ദൈവമെന്ന നിലയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുകയോ ദൈവത്തോടു നന്ദി പറയുകയോ ചെയ്തില്ല. പകരം അവരുടെ ന്യായവാദങ്ങൾ കഴമ്പില്ലാത്തതും അവരുടെ മൂഢഹൃദയം ഇരുളടഞ്ഞതും ആയി.+
22 ബുദ്ധിമാന്മാരെന്ന് അവകാശപ്പെട്ടെങ്കിലും അവർ വിഡ്ഢികളായിപ്പോയി.
23 അനശ്വരനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ നശ്വരനായ മനുഷ്യന്റെയും പക്ഷിയുടെയും നാൽക്കാലിയുടെയും ഇഴജന്തുവിന്റെയും രൂപംപോലെയാക്കി.+
24 അതുകൊണ്ട് ദൈവം അവരെ അവരുടെ ഹൃദയത്തിലെ മോഹങ്ങൾക്കനുസരിച്ച് അശുദ്ധിക്കു വിട്ടുകൊടുത്തുകൊണ്ട് അവരുടെ ശരീരങ്ങളെ അവർതന്നെ അപമാനിക്കാൻ അനുവദിച്ചു.
25 അവർ വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു. സ്രഷ്ടാവിനു പകരം സൃഷ്ടിയെ സേവിച്ച് പൂജിച്ചു.* സ്രഷ്ടാവോ എന്നെന്നും വാഴ്ത്തപ്പെടുന്നവൻ. ആമേൻ.
26 അതുകൊണ്ടാണ് ദൈവം അവരെ നിന്ദ്യമായ കാമവികാരങ്ങൾക്കു+ വിട്ടുകൊടുത്തത്. അവരുടെ സ്ത്രീകൾ സ്വാഭാവികവേഴ്ച വിട്ട് പ്രകൃതിവിരുദ്ധമായതിൽ+ ഏർപ്പെട്ടു.
27 അതുപോലെതന്നെ പുരുഷന്മാരും, സ്ത്രീകളുമായുള്ള സ്വാഭാവികവേഴ്ച* വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണും ആണും തമ്മിൽ മ്ലേച്ഛമായതു പ്രവർത്തിച്ചു.+ അവരുടെ തെറ്റിനുള്ള ശിക്ഷ അവർ മുഴുവനായി ഏറ്റുവാങ്ങി.+
28 ദൈവത്തെ അംഗീകരിക്കാൻ* മനസ്സില്ലാതിരുന്ന അവരെ ദൈവാംഗീകാരമില്ലാത്ത ഒരു മാനസികാവസ്ഥയിലേക്കു ദൈവം കയ്യൊഴിഞ്ഞു. അങ്ങനെ, ദൈവം അവരെ അവിഹിതമായ കാര്യങ്ങൾ ചെയ്യാൻ വിട്ടു.+
29 അവർ എല്ലാ തരം അനീതിയും+ ദുഷ്ടതയും അത്യാഗ്രഹവും*+ വഷളത്തവും നിറഞ്ഞവരാണ്. അസൂയ,+ കൊലപാതകം,+ ശണ്ഠ, വഞ്ചന,+ ദ്രോഹചിന്ത+ എന്നിവയിൽ മുഴുകി ജീവിക്കുന്നവർ. അവർ കുശുകുശുപ്പുകാരും*
30 ഏഷണി പറയുന്നവരും+ ദൈവത്തെ വെറുക്കുന്നവരും ധിക്കാരികളും ധാർഷ്ട്യക്കാരും വീമ്പിളക്കുന്നവരും കുടിലപദ്ധതികൾ മനയുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും+
31 വകതിരിവില്ലാത്തവരും*+ വാക്കു പാലിക്കാത്തവരും സഹജസ്നേഹമില്ലാത്തവരും കരുണയില്ലാത്തവരും ആണ്.
32 ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നവർ മരണയോഗ്യരാണെന്ന+ നീതിയുള്ള ദൈവകല്പന നന്നായി അറിയാമായിരുന്നിട്ടും അവർ വീണ്ടുംവീണ്ടും ഇക്കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവർ അതു ചെയ്യുമ്പോൾ ശരിവെക്കുകയും ചെയ്യുന്നു.
അടിക്കുറിപ്പുകള്
^ അക്ഷ. “വിത്തിൽനിന്ന്.”
^ അക്ഷ. “എന്റെ ആത്മാവോടെ.”
^ അഥവാ “ദൈവത്തിനു വിശുദ്ധസേവനം ചെയ്യുന്നോ.”
^ അഥവാ “ഗ്രീക്കുകാരല്ലാത്തവരെന്നോ.” അക്ഷ. “ബർബരന്മാരെന്നോ.”
^ അക്ഷ. “ലോകസൃഷ്ടിമുതൽ.”
^ അഥവാ “ആരാധിച്ചു.”
^ അഥവാ “സ്വാഭാവികലൈംഗികബന്ധം.”
^ അഥവാ “ദൈവത്തെക്കുറിച്ച് സൂക്ഷ്മമായി അറിയാൻ.”
^ അഥവാ “പരകാര്യങ്ങൾ പറഞ്ഞുപരത്തുന്നവരും.”
^ അഥവാ “അർഹിക്കാത്തതിനോടുള്ള മോഹവും.”
^ അഥവാ “ഗ്രഹണശക്തിയില്ലാത്തവരും.”